മുരളിയും ന്യൂറോസയൻസും

മുരളിയും ന്യൂറോസയൻസും

മുരളിയെപ്പറ്റി ഓർക്കുമ്പോഴൊക്കെ ഇപ്പോഴും കൂടെയുണ്ടാവേണ്ടതായിരുന്നു എന്ന തോന്നലാണ് എൻ്റെ മനസ്സിലേക്ക് വരിക. ഞാൻ മുരളിച്ചേട്ടൻ എന്ന് വിളിച്ചിരുന്ന നടൻ മുരളി. അശ്രദ്ധ കൊണ്ട് അല്പായുസ്സായിപ്പോയി എന്ന് പറയുന്നതിൽ എനിക്ക് ഒട്ടും മടിയില്ല. കാരണം അതദ്ദേഹത്തിനും അറിയാമായിരുന്നു. ഞങ്ങൾ ഇക്കാര്യത്തെപ്പറ്റി തർക്കിച്ചിട്ടുമുണ്ട്. ജീവിതത്തെ തിരിച്ചുപിടിക്കണമെന്ന് ആത്മാർത്ഥമായി അദ്ദേഹം അക്കാലത്ത് ആഗ്രഹിച്ചിരുന്നു. ശരീരം അതിൻ്റെ വഴിയേ സഞ്ചരിക്കുകയും 2009 ആഗസ്റ്റ് 6 ന് അത് സംഭവിക്കുകയും ചെയ്തു. മുരളിയെ നടനെന്നതിലുപരിയായി ഞാൻ മനസ്സിലാക്കിക്കൊണ്ടിരുന്ന ഒരു കാലത്താണ് അദ്ദേഹം വിട്ടുപോയത്. ആ സങ്കടം വർഷങ്ങൾക്കിപ്പുറവും അവസാനിക്കുന്നില്ല. ഞങ്ങൾ പരിചയപ്പെടാനിടയായ സംഭവം പറയുമ്പോൾ അതിൻ്റെ വ്യാപ്തി മനസ്സിലാകും. മറ്റൊരു മുരളിയെയും നിങ്ങളറിയും.

'എനിക്കെന്നെത്തന്നെയൊന്ന് മാറ്റിപ്പണിയണം. അതിനായി ഒരു പുസ്തകം പറഞ്ഞു തരാമോ'എന്നു ചോദിച്ചാണ് നടൻ മുരളി ആദ്യം എന്റെയടുത്തു വന്നത്. പരസ്പരം അറിയാമെങ്കിലും നേരിട്ട് പരിചയപ്പെടുന്നത് അന്നായിരുന്നു. ഒരു നട്ടുച്ചയ്ക്ക്.

ഞാന്‍ ജോലി ചെയ്തിരുന്ന പുസ്തകശാലയിലേക്ക് ധൃതിയില്‍ കടന്നു വന്ന് സ്വയം പരിചയപ്പെടുത്തി. 'ഞാന്‍ മുരളി, സുധീറിനെ എനിക്കറിയം.'

എനിക്ക് വലിയ സന്തോഷമായി. നെയ്ത്തുകാരൻ എന്ന സിനിമ കണ്ടതോടെ മുരളിയെ പരിചയപ്പെടണമെന്ന മോഹം മനസ്സിലുദിച്ചിരുന്നു. അതാണ് സംഭവിച്ചിരിക്കുന്നത്.

ഏറെക്കാലത്തെ പരിചയക്കാരെപ്പോലെ ഞങ്ങൾ സംസാരിച്ചു തുടങ്ങി. തന്റെ ബുദ്ധിയെ പിടിച്ചുകുലുക്കുന്ന ഏതെങ്കിലും ഒരു പുസ്തകം കണ്ടെത്തലായിരുന്നു ആ വരവിൻ്റെ ഉദ്ദേശം. സയന്‍സ് വായിക്കുമെങ്കില്‍ ഞാനൊരു പുസ്തകം തരാം എന്നാണ് ഞാൻ മറുപടിയായി പറഞ്ഞത്. സാമാന്യം മനസ്സിലാവും എന്ന മറുപടി വന്നതോടെ ഞാൻ വി.എസ്. രാമചന്ദ്രൻ എന്ന ന്യൂറോസയൻ്റിസ്റ്റ് രചിച്ച 'ഫാന്റംസ് ഇൻ ദ ബ്രെയിൻ' എന്ന പുസ്തകം എടുത്തു കൊടുത്തു. അദ്ദേഹമത് മറിച്ചു നോക്കി അതുതന്നെ മതിയെന്ന് തീരുമാനിക്കുകയും ചെയ്തു. സമയക്കുറവു കാരണം മറ്റൊന്നും നോക്കാതെ രാമചന്ദ്രന്റെ പുസ്തകവുമായി അന്നദ്ദേഹം മടങ്ങി. പുസ്തകം വായിച്ച ശേഷം അറിയിക്കാമെന്നും പറഞ്ഞു. ഫോൺ നമ്പറുകൾ പരസ്പരം കൈമാറി.

ഒരു രണ്ടാഴ്ച കഴിഞ്ഞുകാണും. ഒരു ദിവസം എന്റെ ഫോണില്‍ മുരളിയുടെ ശബ്ദം. പുസ്തകം വായിച്ചുവെന്നും അതിൻ്റെ വായന തന്നെയാകെ മാറ്റിമറിച്ചെന്നും അങ്ങനെ മാറിയ പുതിയൊരു മുരളിയാണിതെന്നും

അദ്ദേഹം തമാശയായി പറഞ്ഞു. ഏതായാലും ആ പുസ്തകം അദ്ദേഹത്തിന്റെ ചിന്താഗതിയെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. അധികം വൈകാതെ അടുത്ത കിടിലന്‍ പുസ്തകത്തിനായി താൻ വന്നുകൊള്ളാമെന്നും പറഞ്ഞാണ് അന്ന് സംഭാഷണം അവസാനിപ്പിച്ചത്.

വൈകാതെ വാക്ക് പാലിച്ചുകൊണ്ട് അദ്ദേഹം വീണ്ടും എന്നെക്കാണാൻ വന്നു. ആ വരവിൽ ഞങ്ങളൊരുപാട് സംസാരിച്ചു. വിളയന്നൂരിനെപ്പറ്റിയും അദ്ദേഹത്തിന്റെ പുസ്തകത്തെപ്പറ്റിയും. ഈ വായന തൻ്റെ അഭിനയശൈലിയിൽപ്പോലും മാറ്റങ്ങളുണ്ടാക്കും എന്നു വരെ അദ്ദേഹം പറഞ്ഞു. അതിൻ്റെ വായനാനുഭവം മുരളി എനിക്ക് മുന്നിൽ 'അഭിനയിച്ചു' കാണിച്ചു തന്നു എന്നു തന്നെ പറയാം. ആഴത്തിലുള്ള വായന അദ്ദേഹത്തിൻ്റെ ചിന്തയിൽ എന്തെല്ലാമോ മാറ്റങ്ങളുണ്ടാക്കിയിരുന്നു. ഈ ആവേശം കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.

'നമുക്ക് ഇത്തരം മിടുക്കന്മാരെ ഒക്കെ കേരളത്തില്‍ ഒന്നു കൊണ്ടുവന്നു കൂടെ? അവരുടെയൊക്കെ പ്രഭാഷണങ്ങൾ കേൾക്കാൻ അവസരമൊരുക്കിക്കൂടേ?'

'അത് നല്ല ആശയമാണ് സുധീറേ, നമുക്ക് ശ്രമിക്കാവുന്നതാണ്. ഏതു വഴി ശ്രമിച്ചാൽ അദ്ദേഹത്തെ കിട്ടും?' ഞാനൊരു വ്യക്തിയുടെ പേരു പറഞ്ഞു. അദ്ദേഹം വഴി ശ്രമിച്ചാൽ നടന്നേക്കും എന്നെനിക്കു തോന്നി. ഞാൻ ശ്രമിക്കും എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. മറ്റു ചില പുസ്തകങ്ങൾ കൂടി വാങ്ങി അദ്ദേഹം യാത്ര പറഞ്ഞു. പറഞ്ഞതൊന്നും ഞാനത്ര കാര്യമായി എടുത്തില്ല. ഇങ്ങനെ പല കാര്യങ്ങളും പലരോടും പറയാറുണ്ട്. അവയൊക്കെ അവർ ആ പടിയിറങ്ങുമ്പോഴേ മറക്കാറാണ് പതിവ്. എന്നാല്‍ മുരളിച്ചേട്ടന്‍ (അപ്പോഴേക്കും ഞാന്‍ വിളി അങ്ങനെയാക്കിയിരുന്നു.) ആ പതിവ് തെറ്റിച്ചു. ഒരു മാസത്തിനകം കൊടൈക്കനാലിലെ ഒരു ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നു വീണ്ടും ആ ശബ്ദം എന്റെ ഫോണിലേക്കെത്തി. ആവേശം നിറഞ്ഞ ആ ശബ്ദം ഇപ്പൊഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. 'സുധീര്‍, ഒരു നല്ല വാര്‍ത്തയുണ്ട്. വിളയന്നൂരിനെ ബന്ധപ്പെട്ടു. ഞാൻ കേരളത്തിലേക്കു ക്ഷണിച്ചു. അദ്ദേഹം അടുത്തുതന്നെ വരാമെന്ന് സമ്മതിച്ചിട്ടുണ്ട്.'

ലേഖകനൊപ്പം മുരളി
ലേഖകനൊപ്പം മുരളി

സത്യത്തില്‍ ആ വാക്കുകൾ വിശ്വസിക്കാന്‍ ഞാനേറെ സമയമെടുത്തു. ഞാൻ വന്നിട്ടു കാണാമെന്നും നമുക്കത് ഗംഭീരമായി പ്ലാൻ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചു ദിവസത്തിനു ശേഷം ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് മുരളിച്ചേട്ടൻ എന്നെ കാണാൻ വീണ്ടും വന്നു. വിളയന്നൂർ രാമചന്ദ്രൻ്റെ പരിപാടികൾ പ്ലാൻ ചെയ്യുക എന്നതായിരുന്നു

അടുത്ത പരിപാടി. പിന്നെ ഞങ്ങള്‍ അതിന്റെ തയ്യാറെടുപ്പിലായിരുന്നു. മുരളിച്ചേട്ടന്‍ സമയം കിട്ടുമ്പോഴൊക്കെ എന്റെ ഫ്ലാറ്റിലെത്തും. രാമചന്ദ്രനെപ്പറ്റി

കിട്ടാവുന്ന വിവരങ്ങളൊക്കെ ഞാന്‍ എടുത്തു വെക്കും. ഫ്രണ്ട് ലൈനിൽ വന്ന അഭിമുഖമൊക്കെ ഫോട്ടോസ്റ്റാറ്റെടുത്ത് കൊടുത്തു. ലോകമറിയുന്ന വി.എസ്. രാമചന്ദ്രനെ അറിയുവാനുള്ള തീവ്ര ശ്രമത്തിലായി ഞങ്ങൾ.

സാന്തിയാഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ബ്രെയിന്‍ ആന്‍ഡ് കോഗ്നിഷന്‍ ഡയറക്ടറും സൈക്കോളജി ആന്‍ഡ് ന്യൂറോസയന്‍സസ് വകുപ്പിലെ പ്രൊഫസറുമാണ് അന്ന് ഡോ. വിളയന്നൂര്‍ രാമചന്ദ്രന്‍. അഥവാ ഡോ. വി എസ്. രാമചന്ദ്രന്‍. അദ്ദേഹത്തിൻ്റെ അച്ഛന്‍ പാലക്കാട്ടുകാരനാണ്. ജനനം ചെന്നൈയില്‍. നമ്മുടെ ഭരണഘടനാ ശില്‍പ്പികളിലൊരാളായ അല്ലാഡി കൃഷ്ണസ്വാമി അയ്യങ്കാരുടെ കൊച്ചുമകനാണ്. ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍നിന്ന് എം.ഡി. നേടി. കേംബ്രിഡ്ജ് ട്രിനിറ്റി കോളേജില്‍നിന്ന് പി.എച്ച്.ഡി. എടുത്തു. പോപ്പുലർ സയൻസ് വിഷയത്തിലെ ബെസ്റ്റ്സെല്ലറുകളായ ഫാന്റംസ് ഇന്‍ ദ ബ്രെയിന്‍, എമര്‍ജിങ് മൈന്‍ഡ് എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 'എന്‍സൈക്ളോപ്പീഡിയ ഓഫ് ഹ്യൂമന്‍ ബിഹേവിയറി'ന്റെ എഡിറ്റര്‍ ഇന്‍ചീഫാണ്. ന്യൂസ് വീക് മാഗസിന്‍ അടുത്ത നൂറ്റാണ്ടില്‍ ശ്രദ്ധിക്കപ്പെടുന്ന നൂറു പേരില്‍ ഒരാളായി ഈ ഇന്ത്യക്കാരനെ തെരഞ്ഞെടുത്തിട്ടുണ്ട്. മെഡിസിനുള്ള നോബേൽ പുരസ്കാരം നേടാൻ സാധ്യതയുള്ള ഒരാൾ എന്നൊക്കെ ഞങ്ങൾ മനസ്സിലാക്കി.

 ഡോ. വി.എസ്. രാമചന്ദ്രന്‍
ഡോ. വി.എസ്. രാമചന്ദ്രന്‍

ശാസ്ത്രത്തെ ഒരു വശത്തും കല, തത്വശാസ്ത്രം, മാനവികശാസ്ത്രം എന്നിവയെ മറുവശത്തും നിര്‍ത്തുന്നതു ശരിയല്ലെന്നാണ് ഡോ. വി.എസ്. രാമചന്ദ്രന്‍ പറയുന്നത്. ചിത്രം വരയ്ക്കുമ്പോഴോ ശില്‍പ്പമുണ്ടാക്കുമ്പോഴോ കലാകാരന്റെ മസ്തിഷ്കത്തില്‍ സംഭവിക്കുന്നത് എന്താണ്? കാഴ്ചക്കാരനിൽ ഒരു പ്രത്യേക അനുഭൂതി തോന്നത്തക്ക വിധത്തില്‍ ഒരു ചിത്രം ഉണ്ടാകുന്നത് എങ്ങനെയാണ്? സംവേദനത്തിന്റെ വ്യാകരണം കണ്ടുപിടിച്ച് അതിനെ ഉദ്ദീപിപ്പിക്കുകയാണ് കലാകാരന്‍ ചെയ്യുന്നത്. സമാനമായ ഒരു വിഷയമാണ് അദ്ദേഹം തിരുവനന്തപുരത്തും സംസാരിക്കാൻ തിരഞ്ഞെടുത്തത്.

മുരളി അന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാനാണ്. അക്കാദമിയുടെ നേതൃത്വത്തിലാണ് പ്രഭാഷണം പ്ലാൻ ചെയ്തത്. അന്നത്തെ സാംസ്കാരിക വകുപ്പ്മന്ത്രി എം.എ. ബേബിയും അദ്ദേഹത്തിന്റെ സേക്രട്ടറി ബാബുജോണുമൊക്കെ ഇതിനായി ഏറെ സഹകരിച്ചു. ഇതിൻ്റെ നടത്തിപ്പിനായി ഒരു കമ്മിറ്റിയൊക്കെ ഉണ്ടാക്കി. ഞാനതിൽ ചേരാതെ മാറി നിന്നു. എന്നാലും എല്ലാറ്റിനും കൂടെ നിന്നു. അതിനിടയിൽ ചില തടസ്സങ്ങൾ വന്നുപെട്ടു. രാമചന്ദ്രൻ വരാമെന്ന് സമ്മതിച്ചതിന്റെ രണ്ടു ദിവസം മുമ്പ് അദ്ദേഹത്തിന്റെ അമ്മ ചെന്നെയിൽ വെച്ച് മരിച്ചു. അങ്ങനെ പ്രോഗ്രാം മാറ്റിവെക്കേണ്ടി വന്നു. ഒരു മാസം കഴിഞ്ഞാണ് പിന്നീട് അദ്ദേഹത്തിന് വരാൻ കഴിഞ്ഞത്.

 മുരളി
മുരളി actor murali

അങ്ങനെ ഒരു നാള്‍ ആ ദിവസം വന്നു. വിളയന്നൂര്‍ രാമചന്ദ്രൻ എന്ന ലോകപ്രശസ്ത ന്യൂറോസയൻ്റിസ്റ്റ് തിരുവനന്തപുരത്തെത്തി. സർക്കാർ അതിഥിയായി മസ്ക്കറ്റ് ഹോട്ടലിൽ താമസം. അടുത്ത ദിവസമാണ് പ്രഭാഷണം. അദ്ദേഹത്തെ കാണാന്‍ മസ്ക്കറ്റ് ഹോട്ടലിലേക്ക് പോകുമ്പോള്‍ മുരളിച്ചേട്ടന്‍ എന്നെയും കൂട്ടി. ഞങ്ങൾ രണ്ടു പേരും വിളയന്നൂരിന് സമ്മാനിക്കാനായി ഓരോ പുസ്തകവും കയ്യിൽ കരുതി. അതൊക്കെ കൊടുത്ത് പ്രഭാതഭക്ഷണ സമയത്ത് ഞങ്ങള്‍ കുറച്ചു നേരം അദ്ദേഹവുമായി സംസാരിച്ചിരിക്കുകയും ചെയ്തു. എ.കെ.ജി. ഹാളിലായിരുന്നു പ്രഭാഷണം. ഒരുമിച്ച് അവിടേക്ക് ചെന്നു. ഇനിയാണ് വിസ്മയിപ്പിച്ച പ്രധാന സംഭവം.

ചടങ്ങിൽ ആമുഖപ്രസംഗം മുരളിയുടേതായിരുന്നു. മറ്റൊരു മുരളിയെയാണ് ആ വേദി അന്ന് കണ്ടത്. ഡോക്ടര്‍മാരും കലാകാരന്മാരും പണ്ഡിതരും വിദ്യാര്‍ഥികളും മറ്റ് ബുദ്ധിജീവികളും അടങ്ങുന്ന നിറഞ്ഞ സദസ്സ്. ന്യൂറോ സയൻസിന് വിളയന്നൂർ രാമചന്ദ്രൻ നൽകിയ സംഭാവനകളെപ്പറ്റി അതിഗംഭീരമായ ഒരു പ്രസംഗം. കേട്ടുനിന്ന ആരും മുരളി ഒരു ന്യൂറോളജി പ്രഫസറാണെന്ന് തെറ്റിദ്ധരിച്ചു പോകും. അദ്ദേഹത്തിൻ്റെ വായനയുടെ ആഴം സത്യത്തിൽ അന്നുമാത്രമാണ് പരിചയക്കാരായ ഞങ്ങൾക്കു പോലും മനസ്സിലായത്. ഇപ്പോഴും എൻ്റെ കാതിലത് മുഴങ്ങുന്നുണ്ട്. മുരളി എന്ന അത്ഭുതം എന്നാണ് ഞാനന്ന് വിശേഷിപ്പിച്ചത്. അദ്ദേഹത്തിൻ്റെ ധിഷണയെപ്പറ്റിയുള്ള തിരിച്ചറിവായിരുന്നു അന്ന് നടന്നത്. നിങ്ങളൊരു ശാസ്ത്രജ്ഞനാവേണ്ടയാളായിരുന്നു എന്നാണ് ഞാൻ മുരളിച്ചേട്ടനോട് പറഞ്ഞത്. വല്ല യൂണിവേഴ്സിറ്റിയിലും ചിലവഴിക്കേണ്ട ജീവിതം. അത് കേട്ട് 'ഞാൻ കേരള യൂണിവേഴ്സിറ്റിയിലായിരുന്നല്ലോ' എന്ന മറുപടി. മുരളി കേരള സർവകലാശാലയിലെ ക്ലറിക്കൽ സ്റ്റാഫായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. അവിടെയിരുന്നാണ് കാവാലത്തിൻ്റെ നാടകട്രൂപ്പിലും പിന്നീട് സിനിമയിലും എത്തുന്നത്.

 മുരളി
മുരളിactor murali

പിന്നെയും ചില കൂടിക്കാഴ്ചകള്‍, കുറച്ചു ഫോണ്‍വിളികള്‍, വിവിധ വിഷയങ്ങളിലുള്ള സംഭാഷണങ്ങൾ, തർക്കങ്ങൾ. ശാസ്ത്ര വിഷയങ്ങളിലെന്ന പോലെ മാർക്സിസത്തിലും മുരളിച്ചേട്ടന് നല്ല അറിവുണ്ടായിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിലെ വെല്ലുവിളികളെപ്പറ്റിയും യാഥാർത്ഥ്യബോധത്തോടെ അദ്ദേഹം സംസാരിച്ചു. പല പുസ്തകങ്ങൾ കൈമാറി. ഇടയ്ക്ക് ചില ആത്മീയകിറുക്കുകളും ആ മനസ്സിൽ ഇടം നേടി. അതിനിടയില്‍ സിനിമാഷൂട്ടിങ്ങിനായി ഒരു ആഫ്രിക്കന്‍ യാത്ര. വന്നിട്ട് പുതിയ ചില പദ്ധതികള്‍ ഞങ്ങൾ ആലോചിക്കാനിരിക്കുകയായിരുന്നു. പെട്ടെന്നൊരു നാള്‍ എല്ലാം തകിടംമറിച്ചു കൊണ്ട് രോഗത്തിന്റെ താണ്ഡവനൃത്തം. ആഫ്രിക്കയിൽ നിന്നു മടങ്ങുന്നതു തന്നെ അസുഖവുമായിട്ടായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ പി. ആര്‍. എസ്. ആശുപത്രിയില്‍ ചികിത്സ. ഒടുക്കം 2009 ആഗസ്റ്റ് ആറിന് മരണം.

 മുരളി
മുരളിactor murali

അവസാനമായി ആ മുഖത്തേക്ക് നോക്കുമ്പോള്‍ ഒരായുസ്സിന്റെ ബന്ധം മുറിഞ്ഞത് പോലെ എനിക്കു തോന്നി. ഞാൻ കണ്ടത് വെറുമൊരു നടനായ മുരളിയെയല്ല. വിജ്ഞാനകുതുകിയായ ഒരന്വേഷകനെയായിരുന്നു. മരണത്തോട് കടുത്ത അമർഷം തോന്നിയ ഒരു ദിവസമായിരുന്നു അന്ന്. മുരളിച്ചേട്ടന് കുറേക്കൂടി കാലം ജീവിക്കാമായിരുന്നു. എന്തൊരു ഊർജ്ജമായിരുന്നു ആ മനുഷ്യന്. ഒരു ധൈഷണികപ്രഭാവം ആ മനസ്സിലുണ്ടായിരുന്നു. അദ്ദേഹമത് എല്ലാവരിൽ നിന്നും മറച്ചുവെച്ചു എന്നു മാത്രം. നമ്മളറിഞ്ഞത് അദ്ദേഹത്തിൻ്റെ അഭിനയം മാത്രമായിരുന്നു. അഭിനയത്തിലെ പകർന്നാട്ടങ്ങൾ കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിച്ച മുരളി ആ മനസ്സിലെ പകർന്നാട്ടങ്ങൾ കാണിക്കുന്നതിൽ വിമുഖത കാട്ടി.

Related Stories

No stories found.
logo
The Cue
www.thecue.in