സെറ്റില്‍ പപ്പു ഒരു വല്യേട്ടനായിരുന്നു

സെറ്റില്‍ പപ്പു ഒരു വല്യേട്ടനായിരുന്നു

പപ്പുവിനെ നേരിട്ട് പരിചയമില്ലായിരുന്നു. അദ്ദേഹം ചെയ്ത സിനിമകളിലൂടെയാണ് പരിചയം. പപ്പു ആദ്യമായിട്ട് ഇന്‍ഡിപ്പെന്റന്റായ സെക്കന്റ് ഷോ എനിക്ക് ഭയങ്കര ഫേവറിറ്റ് സിനിമയാണ്. ഈടയും ഞാന്‍ സ്റ്റീവ് ലോപ്പസും പോലുള്ള നിരൂപക പ്രശംസ പിടിച്ച് പറ്റിയ സിനിമകളാണ് പിന്നീട് പപ്പു ചെയ്തിട്ടുള്ളത്. അപ്പനിലേക്ക് വരുമ്പോള്‍ രാജീവ് രവിയാണ് ആദ്യം കാമറ ചെയ്യാം എന്ന് പറഞ്ഞത്. അദ്ദേഹത്തിന് ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന്റെ തീയ്യതി കുറച്ച് നേരത്തെ ആയപ്പോള്‍ ലണ്ടനിലേക്ക് പോകേണ്ട ആവശ്യം വന്നു. അങ്ങനെയാണ് അടുത്ത കാമറമാന്‍ ആരായിരിക്കണം എന്നുള്ള ഒരു ചര്‍ച്ചയിലേക്ക് പോകുന്നത്. അങ്ങനെയാണ് പപ്പുവിയിലേക്ക് വരുന്നത്.

അന്ന് അദ്ദേഹത്തിന് ആരോഗ്യപരമായിട്ട് ചെറിയ ഒരു വയ്യായ്കയുണ്ട് ഉണ്ട്. രാജീവേട്ടന്‍ ഒരിക്കലും എന്നോട് പപ്പുവിനെ കൊണ്ട് ചെയ്യിക്കണം എന്ന് പറഞ്ഞിട്ടില്ല. കാരണം, രാജീവേട്ടന് അറിയാം പപ്പുവിന്റെ വയ്യായ്ക. എനിക്ക് പപ്പുവിന്റെ വര്‍ക്ക് ഇഷ്ടമുള്ളതുകൊണ്ടും, പപ്പുവിനെ കുറിച്ച് പലരും പറഞ്ഞ് അറിയാവുന്നത് കൊണ്ടും, എനിക്ക് അറിയാം ആളുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള സുഖവും കാര്യങ്ങളും. പിന്നെ പപ്പു ഭയങ്കര കാലിബര്‍ ഉള്ള ആളായതുകൊണ്ട് എനിക്ക് പപ്പുവിനെ കിട്ടിയാല്‍ കൊള്ളാമെന്ന് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം അറിയില്ല, ആള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട് എന്നോട് മജു തന്നെ സംസാരിക്കൂ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ അവിടെ പോകുന്നത്.

ഞാനും ഈടയുടെ സംവിധായകന്‍ അജിത് കുമാറും ചേര്‍ന്നാണ് അവിടെ പോകുന്നത്. ഈടയുടെ കാമറയും പപ്പുവാണ് ചെയ്തിരുന്നത്. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ആള്‍ക്ക് കുറച്ച് വയ്യായ്കയൊക്കെ ഉണ്ട്. ആദ്യം എതിര്‍ത്തു എങ്കിലും നിര്‍ബന്ധപൂര്‍വ്വം ചെയ്യണമെന്ന് പറയുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. സെറ്റില്‍ എനിക്ക് വളരെ എളുപ്പം ആയിരുന്നു കാര്യങ്ങള്‍. പതിനാല്, പതിനഞ്ച് ദിവസത്തോളം പപ്പു സെറ്റില്‍ ക്യാമറ ചെയ്തു. അപ്പോഴാണ് ഒരു ചെറിയ വയ്യായ്ക പ്രശ്‌നങ്ങളൊക്കെ ആയിട്ട് അവിടുന്ന് പോരുന്നത്. നമ്മളുടെ മനസില്‍ ഉണ്ടായിരുന്ന സിനിമ ഒരു സിംഗിള്‍ ലൊക്കേഷനിലെ ആയിരുന്നു. അത് എങ്ങനെ നേരിടാന്‍ പറ്റും, ഒറ്റ മുറിയില്‍ ഒരുപാട് സീനുകളുണ്ട്, പല ഷോട്‌സ് വേണ്ടതുണ്ട്, അതൊക്കെ പപ്പുവിന് കൃത്യം ധാരണ ഉണ്ടായിരുന്നു. അതിലെ ക്ലോസ് ഷോട്‌സും കാര്യങ്ങളുമൊക്കെ ആള്‍ വളരെ ഉപയോഗപ്പെടുത്തിയിരുന്നു. അത് എനിക്ക് ഭയങ്കരമായിട്ട് ഹെല്‍പ്പ് ചെയ്തിട്ടുണ്ട്.

പതിനഞ്ച് ദിവസത്തിന് ശേഷം വയ്യായ്ക വന്നതോടെയാണ് വിനോദ് ഇല്ലംപള്ളി കാമറ ചെയ്യാന്‍ വരുന്നത്. വിനോദേട്ടന്‍ വന്നപ്പോള്‍ ആള്‍ക്കും എളുപ്പമായിരുന്നു. കാരണം, പപ്പു ചെയ്ത് വച്ചിരിക്കുന്ന ഒരു റൂട്ട് ഉണ്ട്. ഒരു പാത വെട്ടിയിരുന്നു പപ്പു. ദുര്‍ഘടം പിടിച്ച എല്ലാം വെട്ടി തെളിച്ച് ഒരു തെളിഞ്ഞ പാത. അതിലൂടെ പിന്നെ മിനുക്ക് പണികളും ടാറിട്ടും അങ്ങ് പോയാല്‍ മതിയായിരുന്നു വിനോദേട്ടന്. അത്തരത്തിലാണ് ഞാന്‍ അതിനെ കാണുന്നത്

അതുകൊണ്ട് തന്നെ എനിക്ക് പപ്പുവിനോട് ഭയങ്കരമായ ഒരിഷ്ടം ഉണ്ട്. നമ്മളെ കെയര്‍ ചെയ്യുന്നത്, ഞാന്‍ പപ്പു എന്നാണ് വിളിക്കുന്നത് എങ്കിലും സെറ്റിലെ എല്ലാവരും ഒരു വല്യേട്ടനെ പോലെയാണ് ആളെ കണ്ടിരുന്നത്. എന്നുവച്ചാല്‍, ഞാന്‍ അവിടെ സെറ്റിലെ എല്ലാവരുമായിട്ട് ചിരിച്ചും കളിച്ചുമാണ് പോവുക, പക്ഷെ, പപ്പു വരുമ്പോഴേക്കും എല്ലാവരും ഒന്ന് നിശബ്ദമാകും. കാരണം, പപ്പുവിനോട് എല്ലാവര്‍ക്കും ബഹുമാനവും സ്‌നേഹവും ഒക്കെ ആയിരുന്നു.

അദ്ദേഹം പോകുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനാരോഗ്യം, പിന്നെ നമ്മുടെ സിനിമയാണ്. അത്യന്തികമായും നമ്മള്‍ സിനിമയുടെ കൂടെ നില്‍ക്കേണ്ടതുണ്ട്. അതിന് പിന്നില്‍ ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ ഷെഡ്യൂള്‍ ബ്രേക്ക് ഒന്നും എടുക്കാതെ മുന്നോട്ട് പോയത്. സിനിമ പൂര്‍ത്തീകരിക്കണമെന്ന് പപ്പുവിനും ആഗ്രഹം ഉണ്ടായിരുന്നു എന്ന് പിന്നീട് എന്നോട് പറഞ്ഞിരുന്നു. സിനിമക്ക് ഒന്നും സംഭവിച്ചുകൂടാ എന്ന് പറഞ്ഞ് പപ്പു തന്നെയാണ് വിനോദേട്ടനെ കൊണ്ടുവരുന്നത്.

എന്നാലും, സിനിമയുടെ ക്ലൈമാക്‌സില്‍ അവസാനത്തെ ഒരു നാല് ദിവസം ഭയങ്കരമായ മഴ കാരണം ഞങ്ങള്‍ കുറച്ച് ദിവസത്തേക്ക് ഒരു ബ്രേക്ക് എടുത്തു. പിന്നെ അത് കഴിഞ്ഞ് വിനോദേട്ടന്‍ വന്നില്ല. മൂന്ന് നാല് ദിവസം വീണ്ടും പപ്പു വന്ന് അത് ഷൂട്ട് ചെയ്തു. ഷൂട്ട് കഴിഞ്ഞ് ആളുടെ ആരോഗ്യം വളരെ മോശമായിരുന്നു. ഞാന്‍ ഫസ്റ്റ് കട്ട് ഒക്കെ കഴിഞ്ഞ് സിനിമ കൊണ്ടുപോയി കാണിച്ചിരുന്നു. പിന്നെയാണ് അദ്ദേഹം ആശുപത്രിയിലാകുന്നത്.

ശരിക്കും സണ്ണി വെയ്‌നിന്റെ ഗുരു കൂടിയാണ് പപ്പു. സണ്ണി വെയ്‌നിന്റെ ആദ്യ സിനിമ സെക്കന്‍ഡ് ഷോ പപ്പുവാണ് കാമറ ചെയ്തത്. സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥിന്റെയും ആദ്യത്തെ സിനിമയായിരുന്നു അത്. ഇവരുടെയെല്ലാം ഗുരു കൂടിയാണ് അദ്ദേഹം. സംസ്‌കാര ചടങ്ങില്‍ എല്ലാവരും തന്നെ വന്നിരുന്നു. എല്ലാവര്‍ക്കും ഒരു സഹോദരനെ നഷ്ടപ്പെട്ട വേദനയായിരുന്നു എല്ലാവര്‍ക്കും.

Related Stories

No stories found.
The Cue
www.thecue.in