എം.കെ. സാനു (1928-2025); മാനവികതയുടെ പ്രകാശം

എം.കെ. സാനു (1928-2025); മാനവികതയുടെ പ്രകാശം
Published on
Summary

ജീവിതത്തെ ഏറെ ഇഷ്ടപ്പെട്ട ഒരാളായിരുന്നു എം.കെ.സാനു. അവസാന ദിവസം വരെ ജീവിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തിയ ഒരാള്‍. ആഹ്ലാദം എന്നത് വലിയൊരു മൂല്യമാണെന്ന് വിശ്വസിച്ച ഒരാള്‍. ആഹ്ലാദം എന്ന മൂല്യത്തെപ്പറ്റി ഒരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.

''ലളിതമാണെങ്കിലും അതിശക്തമായ മൂന്ന് അഭിനിവേശങ്ങളാണ് എന്റെ ജീവിതത്തെ ഭരിച്ചത്: സ്‌നേഹത്തിനായുള്ള ദാഹം, അറിവിനായുള്ള അന്വേഷണം, മനുഷ്യരാശിയുടെ കഷ്ടപ്പാടുകളോടുള്ള അസഹനീയമായ സഹതാപം.'' ലോകപ്രശസ്ത ചിന്തകനായ ബര്‍ട്രണ്‍ഡ് റസ്സലിന്റെ ഈ വാചകങ്ങള്‍ സാനുമാഷ് എത്രതവണ പറഞ്ഞിട്ടുണ്ടാവും എന്നെനിക്കറിയില്ല. മാഷിന്റെ എത്രയോ പ്രഭാഷണങ്ങളില്‍ ഞാനിതു കേട്ടിട്ടുണ്ട്. റസ്സല്‍ പറഞ്ഞ ഈ മൂന്ന് കാര്യങ്ങള്‍ തന്നെയാണ് സാനുമാഷിന്റെയും ജീവിതത്തെയും നയിച്ചത്. ഒന്‍പത് പതിറ്റാണ്ടു നീണ്ട ആ ജീവിതത്തിലേക്കു നോക്കിയാല്‍ ഇതിന്റെ സാക്ഷ്യപത്രങ്ങള്‍ എത്ര വേണമെങ്കിലും കാണാന്‍ കഴിയും. ജീവിതത്തെ ഏറെ ഇഷ്ടപ്പെട്ട ഒരാളായിരുന്നു എം.കെ.സാനു. അവസാന ദിവസം വരെ ജീവിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തിയ ഒരാള്‍. ആഹ്ലാദം എന്നത് വലിയൊരു മൂല്യമാണെന്ന് വിശ്വസിച്ച ഒരാള്‍. ആഹ്ലാദം എന്ന മൂല്യത്തെപ്പറ്റി ഒരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ വിദ്യാലയം കേരളീയ സമൂഹമായിരുന്നു. അഥവാ അദ്ദേഹത്തിനു ചുറ്റുമുള്ള ലോകമായിരുന്നു. കൂടെ നടന്നവര്‍ക്കെല്ലാം സാനുമാഷില്‍ അവരുടെ അധ്യാപകനെ കാണാന്‍ കഴിഞ്ഞു.

കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തില്‍ ഉരുത്തിരിഞ്ഞുവന്ന സാമൂഹിക സാഹചര്യങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട സാംസ്‌കാരിക നായകരിലെ അവസാന കണ്ണികളിലൊരാളാണ് എം.കെ. സാനു. കേരളീയ സമൂഹത്തിന്റെ ഒരു തണലെന്ന പോല്‍ മാഷ് ദീര്‍ഘകാലമായി നമ്മുടെ ചുറ്റിനും നിറഞ്ഞു നില്‍ക്കുകയായിരുന്നു, അത്തരം അവകാശവാദങ്ങളൊന്നുമില്ലാതെ. നമുക്കൊക്കെ അറിയാം അദ്ദേഹം മികച്ച അധ്യാപകനായിരുന്നു. എന്നാല്‍ അത് അദ്ദേഹം പഠിപ്പിച്ച സ്ഥാപനത്തിനകത്ത് ഒതുങ്ങി നിന്നില്ല എന്നതാണ് സവിശേഷത. അദ്ദേഹത്തിന്റെ വിദ്യാലയം കേരളീയ സമൂഹമായിരുന്നു. അഥവാ അദ്ദേഹത്തിനു ചുറ്റുമുള്ള ലോകമായിരുന്നു. കൂടെ നടന്നവര്‍ക്കെല്ലാം സാനുമാഷില്‍ അവരുടെ അധ്യാപകനെ കാണാന്‍ കഴിഞ്ഞു.

മനുഷ്യനുമായി ബന്ധപ്പെട്ടതെല്ലാം അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. മനുഷ്യനാണ് പരമമായ മൂല്യം എന്ന തിരിച്ചറിവിലാണ് അദ്ദേഹം ഹ്യൂമനിസ്റ്റായത്. ജീവിതത്തിന്റെ നേരെ ഉദാസീനനായി നിലകൊണ്ടാല്‍ അതിന്റെ ആഴങ്ങള്‍ അറിയാന്‍ സാധിക്കുകയില്ലെന്ന് അദ്ദേഹം എപ്പോഴും ഓര്‍മ്മിപ്പിച്ചു.

മലയാളത്തിലെ ആശയലോകത്തെ സജീവമായി നിലനിര്‍ത്തുന്നതില്‍ സാനുമാഷ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സാംസ്‌കാരികമായ ഇടപെടലുകളിലൂടെയും അദ്ദേഹമത് നിരന്തരം നിര്‍വ്വഹിച്ചു പോന്നു.

മനുഷ്യത്വത്തിന്റെ പ്രസരിപ്പാണ് നമ്മള്‍ സാനുമാഷില്‍ കണ്ടത്. മാന്യമായ വാക്കുകളിലൂടെ അദ്ദേഹം മലയാളിയോട് സംവദിച്ചു. ആ ചിന്തയില്‍ തെളിച്ചമുണ്ടായിരുന്നു. ആ വാക്കുകളില്‍ കൃത്യതയുണ്ടായിരുന്നു. അര്‍ത്ഥവത്തായ സംവാദത്തില്‍ മാത്രമേ ആ ശബ്ദം നമ്മള്‍ കേട്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ വിമര്‍ശനത്തില്‍ പോലും ലാളിത്യം നിറഞ്ഞു നിന്നിരുന്നു. അദ്ദേഹത്തിന്റെ വിമര്‍ശന മനസ്സ് സാഹിത്യത്തിലെന്ന പോലെ സമൂഹ വിഷയങ്ങളിലും വ്യാപാരിച്ചു. മനുഷ്യനുമായി ബന്ധപ്പെട്ടതെല്ലാം അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. മനുഷ്യനാണ് പരമമായ മൂല്യം എന്ന തിരിച്ചറിവിലാണ് അദ്ദേഹം ഹ്യൂമനിസ്റ്റായത്. ജീവിതത്തിന്റെ നേരെ ഉദാസീനനായി നിലകൊണ്ടാല്‍ അതിന്റെ ആഴങ്ങള്‍ അറിയാന്‍ സാധിക്കുകയില്ലെന്ന് അദ്ദേഹം എപ്പോഴും ഓര്‍മ്മിപ്പിച്ചു. സദാ ജാഗ്രത്തായ ഒരു മനസ്സ് ജീവതാന്ത്യം വരെ നിലനിര്‍ത്താനും സാനുമാഷിന് സാധിച്ചു.

സാഹിത്യത്തെക്കുറിച്ചുള്ള വീക്ഷണത്തിലും ആ ശബ്ദം വേറിട്ടുനിന്നു. ജീവിതവും അതിന്റെ നിര്‍ദ്ദാക്ഷിണ്യമായ പ്രഹേളികകളുമായിരിക്കണം സാഹിത്യത്തിന്റെ പ്രമേയം എന്നദ്ദേഹം വിശ്വസിച്ചു. അതു കൊണ്ടു തന്നെ ജീവിതത്തിലെ പ്രഹേളികകളെക്കുറിച്ചെല്ലാം അദ്ദേഹം ചിന്തിച്ചിരുന്നു. അഥവാ നിരന്തരം മുല്യവിചാരം ചെയ്തിരുന്നു. സാഹിതീയ മൂല്യങ്ങള്‍ തിരിച്ചറിയുവാന്‍ സമൂഹത്തെ പ്രാപ്തമാക്കുക എന്നത് വിമര്‍ശനത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനായി എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശ്രമിച്ചു. മാനവികതയെ ഉയര്‍ത്തിപ്പിടിച്ച സാഹിത്യ കൃതികളെപ്പറ്റിയാണ് എം.കെ.സാനു എന്ന വിമര്‍ശകന്‍ എഴുതിയത്.

മാനവികത ഉയര്‍ത്തിപ്പിടിച്ച വ്യക്തികളെക്കുറിച്ചാണ് അദ്ദേഹം ജീവചരിത്രങ്ങള്‍ തയ്യാറാക്കിയത്. ആ ജീവചരിത്രങ്ങള്‍ ആരെക്കുറിച്ചെല്ലാമായിരുന്നു എന്ന് നോക്കുക: നാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, എം.ഗോവിന്ദന്‍, എം.സി. ജോസഫ്, സി.ജെ. തോമസ്, പി.കെ. ബാലകൃഷ്ണന്‍, ഡോ.പല്‍പ്പു - ഇവരെല്ലാം മാനവികതയുടെ വക്താക്കളായിരുന്നു. അടിസ്ഥാനപരമായി കേരളീയ നവോത്ഥാനത്തിന്റെ ശ്രേണിയില്‍ കണ്ണിചേരുകയാണ് സാനുമാഷും ചെയ്തത്. അതിനായി തനിക്കു പരിചിതമായ വഴികളെല്ലാം അദ്ദേഹം സ്വീകരിച്ചു.

ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കപ്പെടുന്നതിനെപ്പറ്റി അദ്ദേഹം ആത്മകഥയായ 'കര്‍മ്മഗതി' എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: 'വിധി-അങ്ങനെയൊന്ന് മനുഷ്യ ജന്മത്തെ നിയന്ത്രിക്കുന്നുണ്ടോ? ഈ ചോദ്യം ഞാന്‍ എന്നോടു തന്നെ അനേകം പ്രാവശ്യം ചോദിച്ചിട്ടുണ്ട്. അനുഭവങ്ങള്‍ അടുക്കിയും ക്രമീകരിച്ചും നോക്കുമ്പോള്‍ വിധിയുടെ അലംഘനീയമായ നിയമം ജീവിതത്തെ നിയന്ത്രിക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഞാന്‍ എത്തുന്നത്. അനുഭവങ്ങള്‍ എന്ന പ്രയോഗത്തിന് യാദൃശ്ചികമായി വന്നു ചേരുന്ന അനുഭവങ്ങള്‍ എന്ന പരിമിതമായ അര്‍ത്ഥം കല്പിച്ചാല്‍ മതി. അവ നമ്മെ ചില സാഹചര്യങ്ങളിലെത്തിക്കുന്നു. ആ സാഹചര്യങ്ങളും നമ്മുടെ ജന്മസ്വഭാവവും ചേര്‍ന്ന് ജീവിതത്തിന്റെ ഗതി നിശ്ചയിക്കുന്നു.'

തീര്‍ച്ചയായും നമ്മുടെ പൊതുജീവിതത്തിന് വലിയ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. കേരളീയ സമൂഹത്തെ അടുത്തറിയാനും ആവശ്യമായ തിരുത്തുകള്‍ നിര്‍ദ്ദേശിക്കാനും എം.കെ. സാനു ശ്രമിച്ചിട്ടുണ്ട്. അതിലദ്ദേഹത്തിന് പിഴവുകള്‍ പറ്റിയിട്ടുണ്ടാവാം. പക്ഷേ, ആ ശ്രമം ആത്മാര്‍ത്ഥമായിരുന്നു. യുക്ത്യാധിഷ്ഠിതമായ ഒരു സമീപനം - അതും സമചിത്തതയോടെ അദ്ദേഹം അവലംബിച്ചു. സാനുമാഷ് വിടപറയുമ്പോള്‍ അതാണ് കേരളത്തിന് നഷ്ടമാവുന്നത്.

രാഷ്ട്രീയമായ ശരികള്‍ വച്ചു പുലര്‍ത്തുമ്പോഴും ചില അബദ്ധങ്ങളില്‍ അദ്ദേഹം വീണു പോയിട്ടുണ്ട്. അതെപ്പറ്റി ഞാനൊരിക്കല്‍ ചോദിച്ചപ്പോള്‍ മാഷ് ഇങ്ങനെ പറഞ്ഞു: ''തെറ്റിദ്ധാരണയുണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ക്ക് ഞാന്‍ ഇടയാക്കിയിട്ടുണ്ട്. സ്‌നേഹ വിശ്വാസങ്ങളോടെ ആളുകള്‍ എന്തെങ്കിലുമാവശ്യപ്പെട്ടാല്‍ ആ ആവശ്യത്തിന് ഇഷ്ടമില്ലാതെ തന്നെ വഴങ്ങിപ്പോകുന്നു. അതൊരു നല്ല സ്വഭാവമല്ലെന്നെനിക്കറിയാം. ബുദ്ധിമുട്ടുകളും അപകടങ്ങളും അതുമൂലമുണ്ടായിട്ടുണ്ട്. '

''തെറ്റിദ്ധാരണയുണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ക്ക് ഞാന്‍ ഇടയാക്കിയിട്ടുണ്ട്. സ്‌നേഹ വിശ്വാസങ്ങളോടെ ആളുകള്‍ എന്തെങ്കിലുമാവശ്യപ്പെട്ടാല്‍ ആ ആവശ്യത്തിന് ഇഷ്ടമില്ലാതെ തന്നെ വഴങ്ങിപ്പോകുന്നു. അതൊരു നല്ല സ്വഭാവമല്ലെന്നെനിക്കറിയാം. ബുദ്ധിമുട്ടുകളും അപകടങ്ങളും അതുമൂലമുണ്ടായിട്ടുണ്ട്. '

തീര്‍ച്ചയായും നിലപാടുകളുണ്ടായിരുന്ന ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയായിരുന്നു സാഹിത്യവിമര്‍ശകനായ എം.കെ.സാനു. എഴുത്തിലും വായനയിലും ജീവിതാഹ്ലാദം കണ്ടെത്തിയ, മൂല്യാന്വേഷണത്തില്‍ ബദ്ധശ്രദ്ധനായ ഒരു ആധുനിക മനുഷ്യന്‍. സാഹിത്യത്തിലും മനുഷ്യരിലും അദ്ദേഹം അന്വേഷിച്ചത് നന്മയും മികവുമാണ്. ആധുനിക കേരളം കടപ്പെട്ടിരിക്കുന്ന വലിയ മനുഷ്യരില്‍ ഒരാളായിരുന്നു എം.കെ. സാനു എന്ന് കാലം വിലയിരുത്തുക തന്നെ ചെയ്യും. ആ മനുഷ്യന്റെ സ്‌നേഹവാത്സല്യങ്ങള്‍ കുറച്ചൊക്കെ അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച ഒരാളാണ് ഈ ലേഖകനും. കൊച്ചിയിലെ വൈകുന്നേരങ്ങളില്‍ ഇനി അദ്ദേഹത്തെ കാണാനാവില്ലല്ലോ എന്ന ദുഃഖം എന്നെ വല്ലാതെ അലട്ടുന്നുണ്ട്. കാരക്കാമുറിയിലെ സാനുമാഷിന്റെ വീട് ശൂന്യമാവുന്നു എന്നത് വേദനയുളവാക്കുന്നു. മരണം വന്നില്ലായിരുന്നെങ്കില്‍ മാഷ് ഇനിയും എഴുതുമായിരുന്നു.

'ഞാന്‍ അടുക്കളയിലിരുന്നാണ് എഴുതുന്നത്. രാത്രി പത്തു കഴിയുന്നതോടെ അടുക്കള ഒഴിയും. അപ്പോള്‍ ഞാനവിടം എഴുത്തുമുറിയാക്കും.'

എവിടെയാണ് എഴുത്തുമുറി എന്ന് ഞാനൊരിക്കല്‍ ചോദിച്ചപ്പോള്‍ അടുക്കള കാണിച്ചു തന്നു.

'ഞാന്‍ അടുക്കളയിലിരുന്നാണ് എഴുതുന്നത്. രാത്രി പത്തു കഴിയുന്നതോടെ അടുക്കള ഒഴിയും. അപ്പോള്‍ ഞാനവിടം എഴുത്തുമുറിയാക്കും.'

ആ അടുക്കളയില്‍ നിന്നും വേവിച്ചെടുത്ത ചിന്തകളും അന്വേഷണങ്ങളും മലയാളിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതിനിയും തുടരും. അദ്ദേഹം ചൊരിഞ്ഞ മാനവികതയുടെ ആ പ്രകാശത്തെ കാലം ഓര്‍ത്തുവെക്കുക തന്നെ ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in