റാഫി സാബ്, നിങ്ങളും നിങ്ങളുടെ പാട്ടുകളും ലോകമുള്ള കാലത്തോളം ഞങ്ങളില്‍ മുഴങ്ങിക്കൊണ്ടിരിക്കും

റാഫി സാബ്, നിങ്ങളും നിങ്ങളുടെ പാട്ടുകളും ലോകമുള്ള കാലത്തോളം ഞങ്ങളില്‍ മുഴങ്ങിക്കൊണ്ടിരിക്കും

ഗതകാല ഇന്ത്യന്‍ ഹിന്ദി സിനിമയുടെ ഭൂമികയില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന ഒരു ശബ്ദം ഉണ്ട്. ഏതു ഗാനവും അനായാസേന പാടുന്ന ഹൃദയത്തില്‍ നിന്ന് പെയ്തിറങ്ങുന്ന ഒരു അപൂര്‍വ സുന്ദരസ്വരമാധുരി. വിഷാദവും പ്രണയവും ഭക്തിയും ആ കണ്ഠത്തില്‍ നിന്ന് നിറഞ്ഞൊഴുകി. ഇന്ത്യന്‍ സിനിമാസംഗീതത്തെ വാനോളം ഉയര്‍ത്തിയ നാദധാര. അത് മറ്റാരുടെയുമല്ല മുഹമ്മദ് റാഫിയുടെയാണ്. ആ ദിവ്യശബ്ദം നിലച്ചിട്ട് ഇന്ന് 42 വര്‍ഷങ്ങള്‍ പിന്നിടുന്നു. ആ വലിയ വിയോഗത്തിന് നാലര പതിറ്റാണ്ട് തികഞ്ഞിട്ടും ആ ഓര്‍മ്മകളുടെ തിളക്കം ഒട്ടുമേ മങ്ങിയിട്ടില്ല എന്ന് വേണം പറയാന്‍. ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലുമൊക്കെ സാഹചര്യങ്ങളില്‍ ചേര്‍ത്തുവയ്ക്കാവുന്ന എത്രയെത്ര ഗാനങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്.!

1924 ഡിസംബര്‍ 24-ന് അലി മുഹമ്മദിന്റെ ആറ് മക്കളില്‍ രണ്ടാമത്തെ മകനായി പഞ്ചാബില്‍ ആയിരുന്നു റാഫിയുടെ ജനനം. ഗ്രാമ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ പാട്ടുകള്‍ പാടി നടന്ന ഫക്കീറിന്റെ ഗാനങ്ങള്‍ അനുകരിച്ച് പാട്ടുകള്‍ പാടുമായിരുന്നു ചെറുപ്പകാലത്ത് റാഫി. അതായിരുന്നു റാഫിയുടെ പാട്ടിന്റെ തുടക്കം. പിന്നീട് മുഹമ്മദ് റാഫിയുടെ അച്ഛന്‍ 1935-36 കാലഘട്ടത്തില്‍ ലാഹോറിലേക്ക് സ്ഥലം മാറുകയും റാഫിയും കുടുംബവും അവിടേക്ക് കുടിയേറി പാര്‍ക്കുകയും ചെയ്തു. അവിടെ റാഫിയുടെ അച്ഛന്‍ ഒരു ബാര്‍ബര്‍ ഷോപ്പ് തുറന്നു. കുട്ടിക്കാലം മുതല്‍ക്കേ സംഗീതവാസന കാണിച്ച മകനെ റാഫിയുടെ പിതാവ് നല്ലതുപോലെ പ്രോത്സാഹിപ്പിക്കുകയും ഉസ്താദ് അബ്ദുള്‍ വാഹിദ് ഖാന്റെ അടുത്ത് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കാന്‍ അയക്കുകയും ചെയ്തു. എന്നാല്‍ ആ പഠനം ഒന്നും തന്നെ അധികകാലം നീണ്ടുനിന്നില്ല. ഒരിക്കല്‍ സൈഗാളിന്റെ സംഗീത കച്ചേരി കേള്‍ക്കാന്‍ റാഫി പോയി. വൈദ്യുതി തകരാറു കാരണം പരിപാടി അവതരിപ്പിക്കാന്‍ സൈഗാള്‍ തയ്യാറായില്ല. അക്ഷമരായ സംഗീതാസ്വാദകരെ ആശ്വസിപ്പിക്കാന്‍ റാഫി ഒരു പാട്ടു പാടട്ടെ എന്ന് ചോദിക്കുകയും അവര്‍ അനുവദിക്കുകയും ചെയ്തു. അങ്ങനെ സൈഗാളിന്റെ ഒരു പാട്ട് പാടിക്കൊണ്ട് മുഹമ്മദ് റാഫിയുടെ ആദ്യത്തെ പൊതു സംഗീതപരിപാടി അരങ്ങേറി. അത് അദ്ദേഹത്തിന്റെ പതിമൂന്നാമത്തെ വയസ്സില്‍ ആയിരുന്നു.

സൈഗാളിന്റെ ഒരു പാട്ട് പാടിക്കൊണ്ട് മുഹമ്മദ് റാഫിയുടെ ആദ്യത്തെ പൊതു സംഗീതപരിപാടി അരങ്ങേറി. അത് അദ്ദേഹത്തിന്റെ പതിമൂന്നാമത്തെ വയസ്സില്‍ ആയിരുന്നു.

പിന്നീട് 1944-ല്‍ മുംബൈയിലേക്ക് കുടിയേറി റാഫി. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നാളുകള്‍. അവസരങ്ങള്‍ അന്വേഷിച്ച് അലഞ്ഞുതിരിഞ്ഞ നിരവധി ദിനരാത്രങ്ങള്‍. ഒടുവില്‍ 1944-ല്‍ ഗാവ് കി ഗോരി എന്ന ചിത്രത്തില്‍ ആജ് ഹോ ദില്‍ കാബു മേം തോ ദില്‍ ദാര്‍ കി ഐസി തൈസി എന്ന ഗാനം പാടി. ഇതാണ് മുഹമ്മദ് ബോളിവുഡിലെ റാഫിയുടെ ആദ്യഗാനമായി കണക്കാക്കുന്നത്.

തൂക്കുകയര്‍ വിധിക്കപ്പെട്ട ഒരു പ്രതിയോട് അയാളുടെ അന്ത്യാഭിലാഷം എന്താണെന്ന് ചോദിച്ചപ്പോള്‍ തികച്ചും അമ്പരപ്പിക്കുന്നതായിരുന്നു അയാളുടെ ഉത്തരം. മരിക്കുന്നതിന് തൊട്ടുമുമ്പ് മുഹമ്മദ് റാഫിയുടെ പാട്ട് കേള്‍ക്കണം എന്നായിരുന്നു അയാള്‍ പറഞ്ഞത്. ബൈജു ബാവറയിലെ ഓ ദുനിയാ കെ രഖ് വാലേ എന്ന മുഹമ്മദ് റാഫി പാടിയ ഗാനം. നൗഷാദിന്റെ സംഗീതത്തില്‍ റാഫിയെ ഒരുപാട് ഉയരങ്ങളില്‍ എത്തിച്ച ഗാനം കൂടിയായിരുന്നു അത്. നൗഷാദിന് പുറമേ എസ്. ഡി ബര്‍മ്മന്‍, ശങ്കര്‍-ജയ്കിഷന്‍, ബോംബെ രവി, ഒ. പി നയ്യാര്‍, മദന്‍ മോഹന്‍, ലക്ഷ്മികാന്ത്, പ്യാരേലാല്‍, കല്യാണ്‍ജി - ആനന്ദ് ജി തുടങ്ങി അനേകം സംഗീതസംവിധായകര്‍ക്കൊപ്പം മികച്ച ഗാനങ്ങള്‍ റാഫിയുടെ സ്വരത്തില്‍ പുറത്തിറങ്ങി. ഉറുദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും ഉറുദു ഹിന്ദി സിനിമകളില്‍ പാടിയ ഗാനങ്ങളിലൂടെയാണ് റാഫി ഓര്‍മ്മിക്കപ്പെടുന്നത്. ഏറ്റവും കൂടുതല്‍ യുഗ്മഗാനങ്ങള്‍ ലതാമങ്കേഷ്‌കരോടൊപ്പം ആലപിച്ചതിന്റെ റെക്കോര്‍ഡ് മുഹമ്മദ് റാഫിയുടെ പേരിലുള്ളതാണ്.

ഭൂമിയില്‍ പകരം വയ്ക്കാനില്ലാത്ത പാട്ടുകാരനായിരുന്നു അദ്ദേഹം. തുടക്കത്തില്‍ വെറും പത്ത് രൂപ മാത്രം പ്രതിഫലമായി ലഭിച്ചു തുടങ്ങിയ ചലച്ചിത്രസപര്യ പിന്നീട് സംഗീതലോകത്തെ ഒരു കാലഘട്ടമായി അടയാളപ്പെടുകയായിരുന്നു. 1945-ല്‍ ലൈലാ മജ്‌നു എന്ന ചിത്രത്തിലെ തേരെ ജല്‍വ ജിസ്‌റേ ദേഖ എന്ന ഗാനത്തിന് വേണ്ടി ക്യാമറയ്ക്ക് മുന്‍പിലും വന്നു. മലയാളത്തിലും അദ്ദേഹം ഒരു ഗാനം ആലപിച്ചിട്ടുണ്ട്. 1980-ല്‍ പുറത്തിറങ്ങിയ തളിരിട്ട കിനാക്കള്‍ എന്ന സിനിമയില്‍ ജിതിന്‍ ശ്യാമിന്റെ സംഗീതസംവിധാനത്തില്‍ മുഹമ്മദ് റാഫി പാടി.

1948-ല്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് രാജേന്ദ്ര കൃഷന്‍ എഴുതിയ സുനോ സുനോ ആയേ ദുനിയ വലാണ്‍ ബാപ്പുജി കി അമര്‍ കഹാനി എന്ന ഗാനം റാഫി ആലപിക്കുകയും അത് ലോകശ്രദ്ധ ആകര്‍ഷിക്കുകയും ജവഹര്‍ലാല്‍ നെഹ്‌റു, മുഹമ്മദ് റാഫിയെ അദ്ദേഹത്തിന്റെ വസതിയിലേക്ക് പാടാനായി ക്ഷണിക്കുകയും ചെയ്തു.

35 വര്‍ഷം നീണ്ടുനിന്ന സംഗീതസപര്യയില്‍ എത്രയെത്ര സുവര്‍ണ്ണ സുന്ദരഗാനങ്ങളാണ് ഇന്നും തെളിമ മങ്ങാതെ നിലനില്‍ക്കുന്നത്. ബഹാരോം ഫുല്‍ ബര്‍സാവോ മേരാ മെഹമൂബ് ആയാഹേ, ചൗന്ദിനി ക ചാന്ദ്, സുഹാനി രാത്, ആഖോം കൈസേവാ, തു ഹിന്ദ് ബനെ ഗനെ മുസല്‍, തേരെ മേരെ സപ്‌നെ, മേരാഗി അന്‍ജാ തുടങ്ങി എത്രയോ നിത്യഹരിതഗാനങ്ങള്‍. ആര്‍ക്കു വേണ്ടിയാണോ പാടുന്നത് അതിനനുസരിച്ച് തന്റെ നാദത്തില്‍ സ്വരഭേദങ്ങള്‍ വിന്യസിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. അതുകൊണ്ടുതന്നെ റാഫി ഏത് അഭിനേതാവിന് വേണ്ടിയാണോ പാടുന്നത് ആ പാട്ട് പാടുന്നത് അവര്‍ തന്നെയാണോ എന്ന് നമ്മള്‍ ചിന്തിച്ചുപോകും. ദേശീയ അവാര്‍ഡും ആറ് തവണ ഫിലിം ഫെയര്‍ അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്. 1967-ല്‍ പത്മശ്രീ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

1980 ജൂലൈ 31ന് തന്റെ 55-മത്തെ വയസ്സില്‍ വന്ന ഹൃദയാഘാതം അദ്ദേഹത്തെ എന്നെന്നേക്കുമായി കവര്‍ന്നെടുക്കുകയായിരുന്നു. മുംബൈ നഗരം അന്നോളം കണ്ടതില്‍ വെച്ച് വലിയൊരു ജനസാഗരമായിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴയെ അവഗണിച്ച് ജൂഹു ഖബറിസ്ഥാനില്‍ മുഹമ്മദ് റാഫിയെ കബറടക്കാന്‍ വേണ്ടി ഒഴുകിയെത്തിയത്.

പാട്ട് എഴുതിയവരും പാട്ട് പാടിയവരുമൊക്കെ കാലത്തിന്റെ വിസ്മൃതിയിലേക്ക് പോയി മറഞ്ഞാലും ചില പാട്ടുകള്‍, ചില നാദവിസ്മയങ്ങള്‍ കാലത്തിന്റെ ശബ്ദഘോഷങ്ങളെ അതിജീവിച്ച് നിലനില്‍ക്കും. അതുകൊണ്ടുതന്നെയാവാം അദ്ദേഹത്തിന്റെ ഒരു പാട്ടിലെ വരികള്‍ പോലെ തും മുജെയും ദുലാന പാഓഗെ ജബ് കഭി ഭീ സുനൊകെ ഗീത് മേരെ (എന്റെ ഗാനങ്ങള്‍ കേട്ടുകൊണ്ടിരിക്കുവോളം നിങ്ങള്‍ക്ക് എന്നെ മറക്കാന്‍ കഴിയില്ല) അതേ റാഫി സാബ്, നിങ്ങളെയോ നിങ്ങളുടെ പാട്ടുകളെയോ അത്ര എളുപ്പം മറക്കാനാവില്ല ഞങ്ങള്‍ക്ക്. ലോകമുള്ള കാലത്തോളം അങ്ങയുടെ പാട്ടുകള്‍ ആസ്വാദകമനസ്സുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in