സഖാവ് കോടിയേരി, അതുല്യനായ സംഘാടകനും പക്വമതിയായ നേതാവും

കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ
Summary

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് കേരളത്തിലെ ജന നേതാവായി വളർന്നതാണ് കോടിയേരിയുടെ ജീവിതകഥ. അടിയന്തിരാവസ്ഥയെ വെല്ലുവിളിച്ച് പ്രകടനം നടത്തുകയും ജയിലിൽ പോവുകയും ചെയ്ത പോരാളി. വിദ്യാർഥി, യുവജന സംഘടനാ പ്രവർത്തനത്തിൽ എനിക്ക് വലിയ ശക്തിയും പിന്തുണയും അദ്ദേഹം നൽകി.

അത്യന്തം ദുഃഖത്തോടെയും ഹൃദയഭാരത്തോടെയുമാണ് ഈ കുറിപ്പ് എഴുതുന്നത്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടു പിരിഞ്ഞു എന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ കഴിയുന്നില്ല.

കാൽ നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയവും സംഘടനാപരവും വ്യക്തിപരവുമായ ബന്ധത്തിൻ്റെ അനേകം ഓർമ്മകൾ ഇപ്പോൾ മനസ്സിലൂടെ കടന്നു പോവുകയാണ്. കഴിഞ്ഞ മാസം ചെന്നൈയിൽ പോയി അദ്ദേഹത്തെ കണ്ടിരുന്നു. പൂർണ ആരോഗ്യത്തോടെ അദ്ദേഹം തിരിച്ചു വരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി സഖാവ് വിട പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ

കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിനായി പൂർണമായി സമർപ്പിച്ച ജീവിതത്തിനാണ് തിരശീല വീണത്. അതുല്യനായ സംഘാടകനും പക്വമതിയായ നേതാവും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നു സ. കോടിയേരി. എത്ര സങ്കീർണമായ പ്രശ്നത്തിലുമുള്ള പാർടി നിലപാടുകൾ അങ്ങേയറ്റം ലളിതമായും യുക്തിഭദ്രമായും, കേൾക്കുന്നവർക്ക് ഒരു സംശയവും ബാക്കിയില്ലാത്ത തരത്തിലും വിശദീകരിക്കാനുള്ള അസാധാരണ വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ വാർത്താ സമ്മേളനങ്ങൾ രാഷ്ട്രീയ പ്രവർത്തകർക്ക് ഒരു പാഠപുസ്തകമായിരുന്നു. ഏറ്റെടുത്ത ഏത് ചുമതലയും അദ്ദേഹത്തിൻ്റേതായ ഒരു ശൈലിയിൽ ഭംഗിയായി നിർവഹിച്ച് അവിസ്മരണീയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. നിയമസഭാ സാമാജികനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ പ്രവർത്തനത്തെക്കുറിച്ച് എല്ലാവരും എപ്പോഴും പറയാറുണ്ട്. എതിർ പക്ഷക്കാർ മാത്രമല്ല, നിയമസഭാ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരും അത് പറഞ്ഞിട്ടുണ്ട്. ചട്ടങ്ങളിൽ അസാധാരണമായ അവഗാഹം കോടിയേരിക്കുണ്ടായിരുന്നു. നിയമസഭാ സാമാജികൻ എന്ന നിലയിൽ അത്യുജ്വല പ്രകടനം നടത്തിയ ആളാണ് കോടിയേരി. മന്ത്രിയെന്ന നിലയിലും മികവുറ്റ പ്രവർത്തനമാണ് നടത്തിയത്. പാർടി സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ സംഘാടകനായും ജനനേതാവായും അതുല്യമായിരുന്നു അദ്ദേഹത്തിൻ്റെ പ്രകടനം. ചുമതല ഏതാണെങ്കിലും അതനുസരിച്ച് ഉയർന്നു പ്രവർത്തിക്കാൻ കോടിയേരിക്ക് കഴിഞ്ഞു. സ്നേഹപൂർണമായ പെരുമാറ്റത്തിലൂടെ രാഷ്ട്രീയ എതിരാളികളുടെയും ആദരവ് പിടിച്ചുപറ്റിയ നേതാവാണ് കോടിയേരി.

കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് കേരളത്തിലെ ജന നേതാവായി വളർന്നതാണ് കോടിയേരിയുടെ ജീവിതകഥ. അടിയന്തിരാവസ്ഥയെ വെല്ലുവിളിച്ച് പ്രകടനം നടത്തുകയും ജയിലിൽ പോവുകയും ചെയ്ത പോരാളി. വിദ്യാർഥി, യുവജന സംഘടനാ പ്രവർത്തനത്തിൽ എനിക്ക് വലിയ ശക്തിയും പിന്തുണയും അദ്ദേഹം നൽകി. വിദ്യാർഥി പ്രസ്ഥാനത്തിൻ്റെ പ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ മാർഗദർശനം തേടുകയും നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു ഞാൻ. ഏറ്റവും ദുഷ്കരമായ കാലത്ത് വിദ്യാർഥി പ്രസ്ഥാനത്തെ നയിച്ച അനുഭവമുള്ള നേതാവായിരുന്നല്ലോ കോടിയേരി. എന്നെപ്പോലെ വിദ്യാർഥി പ്രസ്ഥാനത്തിൽ നിന്നു വന്ന അനേകം കേഡർമാരെ കണ്ടെത്തുന്നതിലും വളർത്തിയെടുക്കുന്നതിലും പാർടിയുടെ മുഴുവൻ സമയ പ്രവർത്തകരാക്കി നിലനിർത്തുന്നതിലും ചുമതലകൾ ഏൽപ്പിക്കുന്നതിലുമെല്ലാം അദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് വളരെ നിർണായകമാണ്. ഏറ്റവും വലിയ ബഹുജന പ്രസ്ഥാനമായി സിപിഐ എമ്മിനെ വളർത്തിയെടുക്കുന്നതിൽ വലിയ സംഭാവന നൽകിയ നേതാക്കളിലൊരാളാണ് നമ്മെ വിട്ടുപിരിഞ്ഞത്.

കേരളത്തിലെ ലക്ഷക്കണക്കായ പാർടി പ്രവർത്തകരുടെയും ഇടതുപക്ഷ അനുഭാവികളുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു. സഖാവ് കോടിയേരിക്ക് റെഡ് സല്യൂട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in