നമ്മൾ വീണ്ടും പരാജയപ്പെട്ടിരിക്കുന്നു

നമ്മൾ വീണ്ടും പരാജയപ്പെട്ടിരിക്കുന്നു
Summary

ഛായാ​ഗ്രാഹകനും സംവിധായകനുമായ വേണു, കെ.ജി. ജോർജ്ജിനെക്കുറിച്ച് 2021ൽ ദൃശ്യതാളം സ്പെഷ്യൽ പതിപ്പിന് വേണ്ടി എഴുതിയ ലേഖനം.

കെ.ജി. ജോർജ്ജിന്റെ ഇരകൾ, കഥയ്ക്കു പിന്നിൽ എന്നീ സിനിമകളുടെ ഛായാ​ഗ്രാഹകനും, പഞ്ചവടിപ്പാലം എന്ന സിനിമയുടെ അസിസ്റ്റന്റ് ക്യാമറാമാനുമായിരുന്നു വേണു.

സീൻ ഒന്ന്.

മുറിക്കകം. പകൽ.

ഇംഗ്ലീഷ് സംസാരിച്ച് പരിചയമില്ലാത്ത ഒരു മലയാളി ചെറുപ്പക്കാരൻ, ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഒരു ഇൻ്റർവ്യൂ ബോർഡിൻ്റെ മുന്നിൽ പ്രതീക്ഷയോ, ആത്മവിശ്വാസമോ ഇല്ലാതെ വരണ്ട വായുമായി ഇരിക്കുന്നു.

പേരും താത്പര്യങ്ങളും മറ്റു യോഗ്യതകളും ചോദിച്ചറിഞ്ഞ ശേഷം കാതലായ വിഷയത്തിലേക്ക് ഇൻറർവ്യൂ കടക്കുന്നു.

നിങ്ങൾ സിനിമ കാണാറുണ്ടോ?

ഉണ്ട്.

ഈയിടെ കണ്ട, ഇഷ്ടപ്പെട്ട ഒരു സിനിമയുടെ പേര് പറയൂ.

അതൊരു മലയാളം സിനിമയാണ്.

സാരമില്ല. പേര് പറയൂ.

സ്വപ്നാടനം.

എന്താണതിൻ്റെ അർത്ഥം?

സ്ലീപ് വോക്കിംഗ്.

ആരാണ് സംവിധായകൻ?

കെ.ജി. ജോർജ്. 

എന്താണ് ആ സിനിമ ഇഷ്ടമാകാൻ കാരണം?

ചെറുപ്പക്കാരന് ഉത്തരം മുട്ടുന്നു.

പറഞ്ഞോളൂ.

ചെറുപ്പക്കാരൻ വിഷമിക്കുന്നു.

അതിൽ എന്തെങ്കിലും നല്ല സന്ദേശം ഉള്ളതു കൊണ്ടാണോ?

അല്ല.

നല്ല കഥയായതു കൊണ്ടാണോ?

അതല്ല.

പിന്നെന്താ, കാണാൻ നല്ല ഭംഗിയുള്ളത് കൊണ്ടോ അഭിനയം കൊണ്ടോ ആണോ?

അല്ല.

പിന്നെ?

ചെറുപ്പക്കാരൻ കുടുതൽ പരിഭ്രമിക്കുന്നു.

ചോദ്യകർത്താവ് നോട്ടം മാറ്റാതെ ഇരിക്കുന്നു.

അത് - ഒരു നല്ല സിനിമയായത് കൊണ്ടാണ്, എന്ന് കഷ്ടിച്ച് പറഞ്ഞ് ചെറുപ്പക്കാരൻ ഒരു ദീർഘശ്വാസം വിടുന്നു.

ചോദ്യകർത്താവിൻ്റെ മുഖത്ത് തെളിയുന്ന സഹതാപം മറ്റുള്ളവരുടെ മുഖങ്ങളിലും പടരുന്നു. ചെറുപ്പക്കാരൻ പരാജയം ഉറപ്പിക്കുന്നു.

സീൻ കഴിയുന്നു.

ഫേഡ് ഔട്ട്.

 1978 ൽ, പൂനെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു മേൽപ്പറഞ്ഞ ഇൻ്റർവ്യൂ. ഞാനായിരുന്നു ചെറുപ്പക്കാരൻ. എന്നാൽ എൻ്റെ പ്രതിക്ഷ പോലെ ഞാനന്ന് പരാജയപ്പെട്ടില്ല. ഓഗസ്റ്റ് മാസത്തിലെ ഏതോ ഒരു ദിവസം രാവിലെ ഞാനും ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയായി. ഇതുവരെ തൊട്ടറിഞ്ഞിട്ടില്ലാത്ത, സിനിമയുടേയും അല്ലാത്തതുമായ അനേകം പുതിയ പ്രകാശങ്ങളുടെ പുതിയ പ്രസരിപ്പിൽ, അടുത്ത മൂന്ന് വർഷത്തേക്ക് ഞാൻ മനസ്സിൽ നിന്ന് മലയാള സിനിമ മാറ്റി വെച്ചു. പിന്നീട് ഞാൻ വിണ്ടും മലയാള സിനിമയെക്കുറിച്ച് ആലോചിക്കുന്നത് ജോലി ചെയ്യാൻ പാകമായപ്പോഴാണ്.

ക്യാമറാമാൻ ഷാജിയുടെ സഹായിയായി ഞാൻ ആദ്യം ജോലി ചെയ്ത രണ്ട് സിനിമകളും ചെറിയ മൂലധനം മുടക്കിയ ചെറിയ സിനിമകളായിരുന്നു. മൂന്നാമത്തെത് അങ്ങനെയായിരുന്നില്ല. വൻ താരസംഘവും വമ്പിച്ച മുതൽ മുടക്കും വിശാലമായ മുന്നൊരുക്കങ്ങളും വിപുലമായ സന്നാഹങ്ങളും ആവശ്യമായി വരുന്ന വളരെ വലിയ ഒന്നായിരുന്നു മൂന്നാമത്തെ സിനിമ. മലയാളത്തിലെ എല്ലാക്കാല സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായ യവനിക ക്ക് ശേഷം കെ.ജി. ജോർജ് സംവിധാനം ചെയ്യാൻ പോകുന്ന, ലേഖയുടെ മരണം - ഒരു ഫ്ലാഷ്ബാക്ക്  എന്ന സിനിമ ആയിരുന്നു അത്. യവനിക യുടെ പശ്ചാത്തലം കേരളത്തിലെ പ്രൊഫഷണൽ നാടകരംഗമായിരുന്നെങ്കിൽ, കോടമ്പാക്കത്തെ വ്യവസായ സിനിമയുടെ പശ്ചാത്തലത്തിലാണ് ലേഖയുടെ മരണം വിഭാവനം ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ മദ്രാസിലായിരുന്നു കൂടുതൽ ഷൂട്ടിംഗ്.

എന്തുകൊണ്ടും അപൂർവമായ വ്യക്തിത്വമുള്ള ഒരാളാണ് കെ.ജി.ജോർജ് എന്ന് അദ്ദേഹത്തിനെ നേരിട്ടറിയാവുവർക്ക് പറയാതറിയാം. അദ്ദേഹത്തിൻ്റെ സംസാരരീതി താളനിബദ്ധവും, ഫലിതങ്ങൾ ആഹ്ലാദഭരിതവും, ശകാരങ്ങൾ ഹ്രസ്വവും, ഗർജനങ്ങൾ നടുക്കുന്നതും, സങ്കടങ്ങൾ മറയില്ലാത്തതും ആണ്.

ഒരു വാക്കിലോ അല്ലെങ്കിൽ ഒരു ചിരിയിലോ വിവരം വ്യക്തമാക്കാനുള്ള അദ്ദേഹത്തിൻ്റെ അസാധാരണമായ കഴിവ് ഞാൻ നേരിട്ടറിഞ്ഞിട്ടുള്ളതാണ്. സിനിമ സെറ്റിൽ ഉയരുന്ന വിവിധ അഭിപ്രായങ്ങളോട്, അവ തനിക്കാവശ്യമില്ലെന്ന് തോന്നിയാൽ, ഇതുപോലെ ശുദ്ധവും മനോഹരവുമായി  'നോ' അല്ലെങ്കിൽ 'വേണ്ട' എന്ന് വിഷമം കൂടാതെ പറയാൻ കഴിയുന്ന വളരെ ചുരുക്കം ആളുകളേ എൻ്റെ അറിവിൽ ഉള്ളൂ. മനുഷ്യമുഖത്തെ എല്ലാ അവയവങ്ങളും ഒന്നിച്ച് പങ്കെടുക്കുന്നതും, ഈ ലോകത്ത് കെ.ജി. ജോർജിൻ്റെ മുഖത്ത് മാത്രം കാണാൻ കഴിയുന്നതുമായ ആ പ്രത്യേകമായ പുഞ്ചിരിയോടൊപ്പം, എന്തിനാ - ?  എന്ന് ഒരു ഗായകൻ പാട്ടവസാനിപ്പിക്കുന്നത് പോലെ പറഞ്ഞിട്ട്, ചൂണ്ടുവിരലും നടുവിരലും ചേർത്ത്  വലത് മീശയിൽ തടവിക്കൊണ്ട് ദൂരേക്ക്  നോട്ടം മാറ്റുന്ന ജോർജ് സാറിൻ്റെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞ് കനം വെയ്‌ക്കുന്നത് ഞാൻ അടുത്ത്  കണ്ടിട്ടുണ്ട്. ആ ചിന്ത മിക്കവാറും അവസാനിക്കുന്നത്  റെഡി - എടുക്കാം, എന്നൊരു മുഴക്കത്തോടെയും  ആയിരിക്കും. 

 ലേഖയുടെ മരണത്തിൻ്റെ ഷൂട്ടിംഗ് സെറ്റിലും, ചിലപ്പോൾ അതിന് ശേഷമുള്ള സായാഹ്ന സന്തോഷങ്ങളിലും, ഒരു സാധാരണ അസിസ്റ്റൻ്റായിരുന്ന എനിക്ക് പ്രതീക്ഷിക്കാവുന്നതിലും അധികം അടുപ്പം അദ്ദേഹം അനുവദിച്ചു തന്നിരുന്നു. ഇതിനൊരു കാരണം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനോട് കെ.ജി. ജോർജിന്

ഉണ്ടായിരുന്ന - ഇപ്പോഴുമുള്ള - കടപ്പാടും വിശ്വാസവുമായിരുന്നു എന്ന് വേണം കരുതാൻ. സിനിമയുടെ ഘടനാപരമായ സാങ്കേതികനിബന്ധനകൾ കൃത്യമായി അറിയുകയും, സ്വന്തം സിനിമകളിൽ അവ വൃത്തിയായി ഉപയോഗിക്കുകയും ചെയ്യുന്ന അപൂർവം സംവിധായകരിൽ ഒരാളാണ് കെ.ജി. ജോർജ്. ഇതിനദ്ദേഹത്തെ പ്രാപ്തനാക്കിയത് പൂനെയിലെ പഠനമാണ് എന്ന് അദ്ദേഹം കരുതുന്നു. അവിടെ നിന്ന് പഠിച്ചിറങ്ങുന്ന മറ്റുള്ളവരിലും അതിൻ്റെ ഒരംശമെങ്കിലും കാണാതിരിക്കില്ല എന്ന വിശ്വാസമായിരിക്കണം അദ്ദേഹം എനിക്ക് അനുവദിച്ചു തന്ന അടുപ്പത്തിൻ്റെ അടിസ്ഥാനം.

ലേഖയുടെ മരണത്തിൻ്റെ ഷൂട്ടിംഗിൽ എന്നെ ആദ്യം അതിശയിപ്പിച്ചത് സംവിധായകൻ നടി നടന്മാരെ കൈകാര്യം ചെയ്യുന്ന രീതിയിൽ കണ്ട വ്യത്യാസങ്ങളാണ്. മുൻപ് ഞാൻ ജോലി ചെയ്ത സിനിമകൾ രണ്ടും കാവ്യാത്മക സ്വഭാവമുള്ളവയായിരുന്നു. ആ സിനിമകളിൽ സംവിധായകർ ഉപയോഗിച്ചിരുന്ന രീതികളിൽ നിന്ന് വളരെ വിഭിന്നവും സങ്കീർണവുമായിരുന്നു ഇവിടുത്തെ രീതികൾ. ഷോട്ടുകൾ ക്രമപ്പെടുത്തുന്ന രീതിയും വ്യത്യസ്ഥമായിരുന്നു. ഇവിടെ ഷോട്ടുകൾക്ക് എണ്ണം കൂടുതലും, ദൈർഘ്യം കുറവുമായിരുന്നു. തിരക്കഥയിലെ വരികൾ മാത്രമല്ല, മനോധർമവും ഉപയോഗിക്കാൻ നടിനടന്മാരെ സംവിധായകൻ നിരന്തരം പ്രോൽസാഹിപ്പിക്കുന്നു. റിഹേഴ്സലുകൾ ഓരോന്ന് കഴിയുമ്പോഴും പുതിയ പുതിയ ആശയങ്ങൾ ഉണ്ടാകുന്നു. അങ്ങനെ സീൻ ചൂട് പിടിക്കുന്നു. നടീനടന്മാരുടെ സംസാരത്തിലേയും പ്രവർത്തിയിലേയും താളം അഥവാ ടൈമിംഗ്‌ എന്നത് ജോർജ് സാറിന് ഏറ്റവും പ്രധാനമായ കാര്യമാണ്. ടൈമിംഗ് തിരുത്താനാണ് പലപ്പോഴും റീടേക്കുകൾ ആവശ്യമായി വരുന്നത്.  അവടെ ലാഗ് ഒണ്ട് - ഒന്നൂടെ എടുക്കാം -  ഇത് ശരിയായില്ല - ലേറ്റായി, ഒടനേ പറയണം - എന്നെല്ലാമുള്ള  കെ.ജി. ജോർജിൻ്റെ നിർബന്ധങ്ങളാണ് അദ്ദേഹത്തിൻ്റെ എല്ലാ സിനിമകളിലും പ്രകടമായി കാണപ്പെടുന്ന ശില്പസ്വഛതയുടെ പിന്നിലെ രഹസ്യങ്ങളിലൊന്ന്. മറ്റൊന്ന് അദ്ദേഹത്തിൻ്റെ എഡിറ്ററുടെ ബുദ്ധിയാണ്.

പരിസരങ്ങൾക്കനുസരിച്ച് സ്വന്തം ആഴവും വേഗവും പരപ്പും സ്വയം നിശ്ചയിക്കുന്ന, അണക്കെട്ടുകളില്ലാത്ത ഒരു നദി പോലെയായിക്കണം ഒരു സിനിമയുടെ ഒഴുക്ക്, എന്ന് കുറസോവാ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക കഥാസന്ദർഭത്തിൽ, ആഴമാണോ വേഗമാണോ പരപ്പാണോ കഥയ്ക്ക് ഏറ്റവും അനുയോജ്യം എന്നു തീരുമാനിക്കുന്നത് സംവിധായൻ്റെ ഉള്ളിലെ എഡിറ്ററാണ്. തിരക്കഥ എഴുതുമ്പോൾ മുതൽ കെ.ജി. ജോർജിൻ്റെ ബുദ്ധിയിലെ എഡിറ്റർ നന്നായി ജോലിയെടുക്കുന്നുണ്ട് എന്ന് അദ്ദേഹത്തിൻ്റെ സിനിമകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ്  ഇരകൾ എന്ന സിനിമയും അതിൻ്റെ തിരക്കഥയും.

ലേഖയുടെ മരണത്തിന് ശേഷം ഞാൻ ജോർജ് സാറിൻ്റെ കൂടെ വിണ്ടും എത്തുന്നത് പഞ്ചവടിപ്പാലം എന്ന സിനിമയിൽ ഷാജിസാറിൻ്റെ തന്നെ സഹായിയായിട്ടാണ്. ലേഖയുടെ മരണം സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും, അതൊന്നും പഞ്ചവടിപ്പാലത്തിൻ്റെ ബജറ്റിനെ ഒട്ടും തന്നെ ബാധിച്ചില്ല. പഞ്ചവടിപ്പാലവും വളരെ പണച്ചെലവുളള വലിയൊരു  സിനിമയായിരുന്നു. എൻ്റെ നാടായ കോട്ടയത്തായിരുന്നു ഷൂട്ടിംഗ്. ആ സിനിമയുടെ അവസാനം സംഭവിക്കുന്ന,  പാലം ഉദ്ഘാടനം മുതൽ പാലം  തകർന്ന് വീഴുന്നത് വരെയുള്ള ഭാഗങ്ങൾ ചിത്രീകരിക്കുന്നതായിരുന്നു എറ്റവും ശ്രമകരം എന്ന് ഞാനോർക്കുന്നു. പോരാത്തതിന്  നിർത്താതെ  പെയ്യുന്ന മഴയും തുടങ്ങി. ഈ രംഗങ്ങൾക്കായി വലിയ സന്നാഹങ്ങളാണ് ദിവസേന ഒരുക്കേണ്ടി വരുന്നത്. ആനയും താലപ്പൊലിയും നൂറ് കണക്കിന് ആളുകളും ബാൻ്റ് മേളവും പഞ്ചവാദ്യവും എല്ലാം തയാറാക്കി നടീനടന്മാർ റെഡിയാകുമ്പോൾ മഴ തുടങ്ങും. എല്ലാവരും ചിതറിയോടും. മഴ ഒന്നടങ്ങി വിണ്ടും എല്ലാം തയാറാകുമ്പോൾ വീണ്ടും മഴ തുടങ്ങും.

ഇതിങ്ങനെ മൂന്നാല് ദിവസമായി തുടരുകയാണ്. പ്രൊഡ്യൂസറുടെ പണവും പെയ്ത്ത് വെള്ളം പോലെയാണ് ഒഴുകുന്നത്.

നിർത്താതെ പെയ്യുന്ന മഴയെ തുറിച്ച് നോക്കി നിൽക്കുന്ന ജോർജ് സാറിൻ്റെ മുഖം കടുത്ത് കല്ലു പോലെയായിരിക്കുന്നു. അത് കണ്ട് പ്രൊഡ്യൂസർ ഗാന്ധിമതി ബാലൻ അടുത്ത് ചെന്ന് വെറുതേ  ഒന്ന് ചിരിച്ചു.

എന്ത് ചെയ്യും ജോർജ് ചേട്ടാ -? എന്ന് ബാലൻ മയത്തിൽ ചോദിച്ചു.

ഇന്നിനി കാത്തിരുന്നിട്ട് കാര്യമില്ല എന്നാണു്  ബാലന്  തോന്നുന്നതെങ്കിലും  ഡയറക്ടർ വേണം ഔദ്യോഗികമായി തീരുമാനിക്കാൻ. നിർത്താതെ പെയ്യുന്ന മഴയേയും, മഴ നനഞ്ഞും കഷ്ടിച്ച് നനയാതെയും നിശ്ചലരായി നിൽക്കുന്ന ഒരുപാട് മനുഷ്യരേയും ഉപകരണങ്ങളേയും മാറി മാറി നോക്കിയിട്ട്, ഇതിനെല്ലാം ഉത്തരവാദി താനാണെന്ന വിഷാദം മറയ്ക്കാതെ ജോർജ് സാർ ബാലൻ്റെ കണ്ണിൽ നോക്കി മെല്ലെ പറഞ്ഞു,

" ബാലാ - നമ്മൾ വീണ്ടും പരാജയപ്പെട്ടിരിക്കുന്നു .....പോകാം. "

കെ.ജി. ജോർജിന് ജീവിതത്തിൽ ഒന്നും എളുപ്പമായിരുന്നില്ല. തിരിച്ചെടുക്കാൻ സാധ്യമല്ലാത്ത ഓരോ ചുവടും അദ്ദേഹം വെച്ചിട്ടുള്ളത്, അടുത്ത ചുവടിനുള്ള ഇടം ഉണ്ടാകുമോ എന്നറിയാതെയാണ്. ആഡംബരപ്രിയനോ, ധാരാളിയോ, ഭാഗ്യാന്വേഷിയോ, പിശുക്കനോ ആയിരുന്നില്ല അദ്ദേഹം. അദ്ദേഹത്തെ സ്വാധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവരായിരുന്നു കണക്ക്കൂട്ടലുകളും ഗൂഢാലോചനകളും കരുനീക്കങ്ങളും. സ്വന്തമായി ഒരു വീടോ, ഒരു കാറു പോലുമോ ഇല്ലാതെയാണ് തൻ്റെ സിനിമാ ജീവിതത്തിൻ്റെ ഭൂരിഭാഗവും അദ്ദേഹം കഴിഞ്ഞത്. അതാണോ അദ്ദേഹം ആഗ്രഹിച്ചത് എന്നറിയില്ല. ഒരു സാധാരണക്കാരനും കുടുംബത്തിനും മാന്യമായി ജീവിക്കാനുള്ള വക ഇന്നത്തെപ്പോലെ എന്നും സിനിമ തനിക്ക് തരും, എന്നദ്ദേഹം നിഷ്കളങ്കമായി വിശ്വസിച്ചു. അതിനാൽ തന്നെ നിക്ഷേപങ്ങളും സമ്പാദ്യങ്ങളും അപ്രസക്തമായി. സിനിമയും അതിൻ്റെ അനുബന്ധ ലോകവും മാത്രം മതി തനിക്ക് സമാധാനമായി ജിവിക്കാൻ, എന്ന് അദ്ദേഹം തന്നെ പറഞ്ഞതായി അറിയാം. എങ്കിലും ഈ അനുബന്ധ ലോകത്തിൻ്റെ അതിരുകൾ ഏതാണെന്ന് ആലോചിക്കാൻ കെ.ജി. ജോർജ് മെനക്കെട്ടില്ല. അനുബന്ധ ലോകത്തിലെ നിവാസികൾ ആരൊക്കെയാണെന്ന് കൃത്യമായ രേഖകളും അദ്ദേഹം സൂക്ഷിച്ചില്ല.

കഴിഞ്ഞ ക്രിസ്മസിനു എൻ്റെ കൈയിൽ ഒന്നുമില്ലാരുന്നു - കടം വാങ്ങിച്ചാ പിള്ളേർക്കൊരു കേക്ക് വാങ്ങിച്ച് കൊടുത്തത്,  എന്ന് കെ.ജി. ജോർജ് ഒരിക്കൽ പറഞ്ഞത് ഞാനും കേട്ടതാണ്.

പഞ്ചവടിപ്പാലത്തിന് ശേഷം, ഇരകൾ എന്ന സിനിമയിൽ സഹായിയുടെ സ്ഥാനത്ത് നിന്ന് ക്യാമാമാനായി എനിക്ക് പ്രൊമോഷൻ കിട്ടി. ഞാനപ്പോഴേക്കും വേറേ ചില സിനിമകളിൽ സ്വന്തമായി ക്യാമറ കൈകാര്യം ചെയ്തു തുടങ്ങുകയും ചെയ്തിരുന്നു. ലേഖയുടെ മരണവും പഞ്ചവടിപ്പാലവും പോലെയായിരുന്നില്ല ഇരകളുടെ സമയത്തെ കെ.ജി. ജോർജിൻ്റെ കമ്പോള നിലവാരം. സംവിധായകൻ്റെ രണ്ടു വലിയ സിനിമകൾ അടുത്തടുത്ത് പരാജയപ്പെടുമ്പോൾ ഭാവി പദ്ധതികൾക്ക് പണം മുടക്കാൻ പലരും മടിക്കും. അല്ലെങ്കിൽ, തൻ്റെ അടുത്ത സിനിമ ഒരു സ്വർണഖനിയാണെന്നും, പല നിർമാതാക്കളും അതിനായി തന്നെ  സമീപിച്ചിട്ടും താൻ ഒഴിഞ്ഞുമാറി നിൽക്കുകയാണെന്നും, വേണമെങ്കിൽ നിങ്ങൾക്ക് തരാമെന്നും, വലിയ താരങ്ങൾ അതിൽ അഭിനയിക്കാൻ കാത്തിരിക്കുകയാണെന്നും മറ്റും തെളിവുകളും ദൃക്സാക്ഷികളും അടക്കം നിർമാതാക്കളെയും വിതരണക്കാരെയും പറഞ്ഞു വിശ്വസിപ്പിക്കാനുള്ള സാമർത്ഥ്യവും, അതിനാവശ്യമായ സംഘബലവും  സ്വന്തമായി ഉണ്ടായിരിക്കണം. ഇത് രണ്ടും ഇല്ലാത്തത് കൊണ്ടാണ് രണ്ടു സിനിമകൾ പരാജയപ്പെട്ടപ്പോൾത്തന്നെ, അടുത്ത സിനിമ ചെയ്യാനായി കെ.ജി. ജോർജിന് വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നത്. അന്നദ്ദേഹം അനുഭവിച്ച ബുദ്ധിമുട്ടുകളുടെ ഫലമായാണ്, ഇരകൾ എന്ന പേരിൽ ഇന്ന് പലരും ആസ്വദിക്കുന്ന ആ സിനിമ ഉണ്ടായത്.

ഇരകൾ
ഇരകൾ

ഇരകൾ റിലീസായ സമയത്ത് തിയേറ്ററിൽ കണ്ടതിന് ശേഷം, വിണ്ടും ഞാനാ സിനിമ  കാണുന്നത് ഈയടുത്ത ദിവസമാണ്. യൂട്യൂബിൽ കണ്ട കോപ്പി, ആ സിനിമയുടെ ഛായഗ്രാഹകനായ എനിക്ക് ഒട്ടും പരിചിതമായി തോന്നിയില്ല. സംവിധായകൻ്റെ നിർദ്ദേശ പ്രകാരം ഇരുട്ടിൽ ഒളിപ്പിച്ച് വെച്ചിരുന്ന പലതും ഇവിടെ വെളുത്ത് നഗ്നമായി നിൽക്കുന്നു. രാത്രിയും പകലും ഒരു പോലെ തോന്നുന്നു. എനിക്ക് നിരാശ തോന്നി. എന്നാൽ വളരെപ്പെട്ടെന്ന് ഞാനതെല്ലാം മറന്ന് സിനിമ കാണാൻ തുടങ്ങി. ഉടൻ തന്നെ ഛായാഗ്രഹണം അപ്രസക്തമായി. സിനിമയിലെ ചില രംഗങ്ങൾക്ക് എൻ്റെ മനസ്സിലുണ്ടായിരുന്ന രൂപമല്ല ഇപ്പോൾ കാണുന്നത്. നടീനടന്മാരെല്ലാം കൂടുതൽ ചെറുപ്പക്കാരായിരിക്കുന്നു. സീനുകൾ പുരോഗമിക്കുന്ന മുറയ്ക്ക് സിനിമയുടെ സൗന്ദര്യം വർദ്ധിക്കുകയും, കഥപാത്രങ്ങളും സംഭാഷണങ്ങളും സാഹചര്യങ്ങളും കൂടുതൽ അതിശയിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു. അതോടൊപ്പം പുതിയ ആശയങ്ങളും പുതിയ മാനങ്ങളും സിനിമ കൈവരിക്കുന്നു. പിശാചിനെ ചൂണ്ടിക്കാട്ടാൻ ദൈവം മടിക്കുന്നു. പിശാച് ജയിക്കുന്നു. എങ്കിലും അത് ദൈവത്തിൻ്റെ വിജയമാണെന്ന്  വിശ്വാസികൾ തെറ്റിദ്ധരിക്കുന്നു.

സിനിമ തീർന്നപ്പോൾ ടി.വി. ഓഫ് ചെയ്ത് കുറച്ച് നേരം വെറുതേ ഇരുന്നിട്ട്, ഇതു പോലെ സുന്ദരവും സുദൃഢവും, രാഷ്ടീയ സുതാര്യതയുമുള്ള  ഒരു തിരക്കഥ എഴുതാൻ കഴിയുന്ന എത്ര സിനിമ സംവിധായകർ - കേരളത്തിലല്ല, ഇൻഡ്യയിൽ തന്നെ -  ഉണ്ടാവും എന്ന് വെറുതേ ഞാനൊന്നോർത്തു നോക്കി. എണ്ണം വളരെ ചെറുതായിരിക്കും. 

യാത്രയുടെ അന്ത്യം
യാത്രയുടെ അന്ത്യം M3DB

കെ.ജി. ജോർജിൻ്റെ കൂടെ ഞാൻ അവസാനം ചെയ്ത സിനിമയുടെ പേര് യാത്രയുടെ അന്ത്യം എന്നായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി വ്യാപാര സിനിമ അദ്ദേഹത്തിൽ നിന്നും കൂടുതൽ അകന്ന് തുടങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും തൊഴിൽരാഹിത്യവും അദ്ദേഹത്തിൻ്റെ ആത്മവിശ്വാസത്തെ കുറേശ്ശെ ബാധിച്ച് തുടങ്ങി. ഒരുപാട് കാലമായി കൂടെയുള്ള മദ്യപാനം ഇപ്പോൾ കൂടുതൽ അടുപ്പം കാണിക്കാനും തുടങ്ങി.

യാത്രയുടെ അന്ത്യ ത്തിൻ്റെ കഥയുടെ വലിയൊരു ഭാഗം ഓടിക്കൊണ്ടിരിക്കുന്ന ഒരു കെ.എസ്.ആർ.റ്റി.സി. ഫാസ്റ്റ് പാസഞ്ചർ ബസിനുള്ളിൽ, രാത്രിയിലാണ് നടക്കുന്നത്. യാത്രക്കാരിൽ ഒരാളുടെ മരണമാണ് പ്രധാന സംഭവം.

ആദ്യത്തെ ദിവസം സീറ്റ് നിറയെ യാത്രക്കാരുമായി തയാറായി നിൽക്കുന്ന ബസിൽ ക്യാമറയും സങ്കേതിക പ്രവർത്തകരും കൂടി കയറിയപ്പോൾ ഒന്നിനും സ്ഥലമില്ലാതായി. സംവിധായകൻ ആവശ്യപ്പെടുന്ന ഷോട്ടുകൾ എടുക്കാൻ സാധിക്കുന്നില്ല. വേണ്ട ഇടത്ത് ക്യാമറ വെയ്ക്കാൻ സാധിക്കണമെങ്കിൽ സ്ത്രികളടക്കമുള്ള യാത്രക്കാരിൽ നിന്ന് ആ ഭാഗത്തിരിക്കുന്നവരെ പുറത്തിറക്കി നിർത്തണം. എന്നാൽ അതിനുള്ള സുരക്ഷാസംവിധാനങ്ങളോ വാഹനങ്ങളോ ഇല്ലായിരുന്നു. അതിനാൽത്തന്നെ രാത്രിയിൽ, സ്ഥലം എവിടെയാണെന്ന് പോലും അറിയാത്ത ഏതെങ്കിലും പെരുവഴിയോരത്ത് ആരെയും ഇറക്കി നിർത്തിയിട്ട് ബസിന് പോകാൻ പറ്റില്ല. പോരാത്തതിന് മൊബൈൽ ഫോൺ ഇല്ലാത്ത കാലവും.

ആദ്യത്തെ കുറച്ച് ദിവസം വളരെ കഷ്ടപ്പെട്ടാണ് ഷൂട്ടിംഗ് പുരോഗമിച്ചത്.

വൈകിട്ട് ആറ് മണിയോടെ നിറയെ ആളും ആരവമുമായി ബസ് തിരുവല്ല സ്റ്റാൻഡിൽ നിന്ന് ഇറങ്ങി ഏതെങ്കിലും ഒരു ഹൈവേ പിടിച്ച് ഓടാൻ തുടങ്ങും. അതോടെ ഷൂട്ടിംഗ് തുടങ്ങും. അന്നത്തെ ഓട്ടം കഴിഞ്ഞ് ബസ് തിരിച്ച് വരുമ്പോൾ നേരം വെളുത്തിരിക്കും. എല്ലാവരും പോയിക്കിടന്നുറങ്ങി വൈകിട്ട് വീണ്ടും വരും. ഇങ്ങനെ നാലഞ്ച് ദിവസമായി, നിന്ന്തിരിയാൻ പോലും പറ്റാത്ത അവസ്ഥയിൽ  ഓടുന്ന ബസിനുള്ളിലെ ഷൂട്ടിംഗ് തുടർന്നപ്പോൾ എല്ലാവരും മടുത്തു തുടങ്ങി. അത് കൊണ്ട് അടുത്ത രാത്രി പുറത്തുള്ള ഷോട്ടുകൾ മാത്രം എടുക്കാൻ സംവിധായകൻ തിരുമാനിച്ചു. വിജനമായ രാത്രിയിലെ ഇരുട്ടിലൂടെ ഓടിപ്പോകുന്ന ബസിൻ്റെ ദൂരെക്കാഴ്ചകളാണ് വേണ്ടത്. അതിൻ്റെയർത്ഥം, ഇന്ന് രാത്രി ക്യാമറ ബസിൻ്റെ പുറത്ത് റോഡിലായിരിക്കും എന്നും, അതിനാൽ തന്നെ ഇന്നൊരു രാത്രിയെങ്കിലും ബസിനകത്തെ ഉന്തും തള്ളും ചൂടും വിയർപ്പും നമ്മൾ സഹിക്കേണ്ടി വരില്ല, എന്നുമാണ്.

രാത്രി ഏകദേശം രണ്ടര മൂന്നായപ്പോൾ, കുറച്ച് ഷോട്ടുകൾ തീർത്തിട്ട് പുതിയൊരു സ്ഥലത്ത് ഞങ്ങൾ ചെന്നിറങ്ങി. അതങ്ങനെ കണ്ടിട്ട് കാര്യമായ   പ്രത്യേകതകളൊന്നും ഉള്ള സ്ഥലമായി തോന്നിയില്ല. അടുത്തൊന്നും വീടുകളോ വെളിച്ചമോ കണ്ടില്ല.

ഇവടെ എടുക്കാം - വണ്ടി അവിടുന്ന് വരട്ടെ, എന്ന് പറഞ്ഞിട്ട് അടുത്ത കണ്ട ഒരു മൈൽക്കുറ്റി ചൂണ്ടിക്കാണിച്ച്, അത് ഫോർ ഗ്രൗണ്ടിൽ വരുന്ന പോലെ ക്യാമറാ വെച്ചോ-  എന്നും കൂടി  ജോർജ് സാർ പറഞ്ഞു. ഞാൻ ശരിയെന്ന് പറഞ്ഞ് തിരിഞ്ഞപ്പോൾ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു.

മൈൽക്കുറ്റി പടത്തിൽ കാണുമ്പം  ഒരു മെമ്മോറിയൽ സ്റ്റോൺ പോലെ തോന്നണം, ഈ ശവപ്പറമ്പിലൊക്കെ കാണുന്ന പോലെ, മനസ്സിലായോ - എന്നദ്ദേഹം ചോദിച്ചു. ഞാൻ തലയാട്ടി.

എന്നാ ചെല്ല്, അങ്ങനെ ചെയ്യ്, എന്ന് പറഞ്ഞ് അദ്ദേഹം ഒരു  കസേരയിൽ പോയി  ഇരുന്നു. അതെങ്ങനെ ചെയ്യും എന്നറിയാതെ ഞാൻ മൈൽ കുറ്റിയുടെ നേരേ പോയി. ഇന്നിത് അവസാനത്തെ ഷോട്ടാണ്. ഇതും കൂടി കഴിഞ്ഞാൽ എല്ലാവർക്കും മുറിയിൽപ്പോയി ഉറങ്ങാം. അത് കൊണ്ട് തന്നെ പെട്ടെന്ന് എല്ലാം ഇരട്ടി വേഗത്തിലായി. മൈൽക്കുറ്റിക്ക് പിന്നിൽ കുറച്ച് മാറ്റി  ക്യാമറ വെച്ച്, അതിനിപ്പോൾ ഒരു മെമ്മോറിയൽ സ്റ്റോണിൻ്റെ ഛായയുണ്ടെന്ന് എന്ന വിശ്വാസത്തിൽ ഞാൻ പോയി സംവിധായകനോട് റെഡിയാണെന്ന് പറഞ്ഞു. ബസ് ദൂരെ ഒരു വളവിനപ്പുറം യാത്രക്കാരുമായി തയാറായി മറഞ്ഞു നിൽപ്പുണ്ട്. വേണ്ടപ്പോൾ വരാനുള്ള നിർദ്ദേശം കൊടുക്കാനൊരു റിലേ സംവിധാനവുമുണ്ട്. വോക്കി- ടോക്കി തുടങ്ങിയ ഉപകരണങ്ങൾ ഇല്ല.

ബസ് വരാൻ ഒരു സഹസംവിധായകൻ ഉറക്കെ വിളിച്ച് പറഞ്ഞു. ക്യാമറ സ്റ്റാർട്ട് എന്ന് ഓർഡർ വന്നു. ഓടുന്ന ക്യാമറയുടെ വ്യൂ ഫൈൻഡറിൽ ബസ് വരുന്നത് പ്രതീക്ഷിച്ചിരുന്ന ഞാൻ കണ്ടത് വെളുത്ത ഒരു അംബാസിഡർ കാർ വേഗത്തിൽ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നതാണ്.

കട്ട് കട്ട് എന്ന് ജോർജ് സാർ പറഞ്ഞു. കാർ നേരേ ക്യാമറയുടെ മുന്നിൽ വന്ന് നിന്നു.

അതിൽ നിന്നിറങ്ങിയവർ ഇവിടെയെന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ ചുറ്റും നോക്കി. അഞ്ചാറ് പേരുണ്ട്. എല്ലാവരും പരമാവധി മദ്യപിച്ചിട്ടുണ്ട്.

ഇതൊരു സിനിമാ ഷൂട്ടിംഗാ - നിങ്ങടെ വണ്ടിയൊന്ന് മാറ്റിയിടണം,

എന്ന് ജോർജ്സാർ അവരോട് ആവശ്യപ്പെട്ടു.

നിങ്ങള് ഷൂട്ടിംഗ് എടുത്തോ, അതിന് വണ്ടി എന്തിനാ മാറ്റുന്നേ- എന്ന് അധികാര ഭാവത്തിൽ പറഞ്ഞ് ഒരാൾ അവടെത്തന്നെ നിന്നു.

കാറ് മാറ്റാതെങ്ങനെയാ, അത് ഫീൽഡാ - എന്ന് ജോർജ്സാർ ന്യായം പറഞ്ഞു.

കാറ് റോഡിലല്ലെ കെടക്കുന്നത് - അതിന് ഞങ്ങൾ ടാക്സ് കൊടുക്കന്നതാ- മാറ്റാൻ

സൗകര്യം ഇല്ല, എന്ന് പറഞ്ഞ് ഒരാൾ കാറിൻ്റെ ബോണറ്റിൽ ചാരി കൈകെട്ടി നിന്നു. ജോർജ് സാറിൻ്റെ ശരിരത്തിലുള്ള മുഴുവൻ ചോരയും ഒന്നിച്ചിരച്ച് അദ്ദേഹത്തിൻ്റെ

മുഖത്തേക്ക് കയറി വരുന്നത് ആ ഇരുട്ടിലും ഞാൻ കണ്ടു.

ഞങ്ങളും കൊടുക്കുന്നതാ ടാക്സ് - എന്നദ്ദേഹം മുരണ്ടു.

നിങ്ങളെന്നാ ടാക്സാ കൊടുക്കുന്നെ, എന്നൊരാൾ പുച്ഛത്തിൽ ചോദിച്ചു.

ഊമ്പാൻ - എന്ന് അത്യുച്ചത്തിൽ നീണ്ടൊരു ഗർജനമായിരുന്നു അതിൻ്റെ മറുപടി.

ഒരു മനുഷ്യൻ്റെ തൊണ്ടയിൽ നിന്ന് ഉയർന്ന് കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉച്ചത്തിലുള്ളതും, മേഘങ്ങളിലും പർവതശിഖരങ്ങളിലും പലതവണ തട്ടി  പ്രതിഫലിച്ചിട്ടും മുഴക്കം നിലക്കാത്തതും, മഹാധീരന്മാരെപ്പോലും നടുക്കുന്നതുമായ ഒരു മഹാഗർജനമായിരുന്നു അത്. ചുറ്റുമുള്ള  ഇരുട്ടിൽ ഉറങ്ങിക്കിടന്നിരുന്ന വിടുകളിൽ വെളിച്ചം തെളിക്കാൻ ശേഷിയുള്ള ഊർജപ്രവാഹം തുറന്ന് വിട്ട് കൊണ്ട് താൻ വിളിച്ചു പറഞ്ഞ "ഊമ്പാൻ " എന്ന അശ്ലീലപദം അർത്ഥമാക്കുന്ന പ്രവൃത്തി തന്നെയാണ് താനിവിടെ ചെയ്തു കൊണ്ടിരിക്കുന്നത് എങ്കിലും, താനത് ചെയ്യുന്നത് കരമടച്ച് നിയമാനുസരണമായി തന്നെയാണ് എന്നാണ് കെ.ജി. ജോർജ് പറഞ്ഞതിൻ്റെ പരമാർത്ഥം. ഗർജനത്തിൻ്റെ കൊടുങ്കാറ്റിൽ അംബാസിഡർ കാർ പറന്ന് പോയി. പൊടിയടങ്ങിയപ്പോൾ മൈൽക്കുറ്റിക്ക് മെമ്മോറിയൽ സ്റ്റോണിൻ്റെ ഛായ ഉണ്ടോ എന്നൊന്നും ആശങ്കപ്പെടാതെ ഞങ്ങൾ വേഗം ഷോട്ട് എടുത്തു തീർത്തു.

അന്നത്തെ  ഷൂട്ടിംഗ് കഴിഞ്ഞ് പായ്ക്ക് അപ്പ്  പറഞ്ഞ ജോർജ് സാറിൻ്റെ ശബ്ദത്തിൽ തളർച്ചയുണ്ടായിരുന്നു. ഗർജനങ്ങൾ പലപ്പോഴും ഊർജ ശോഷകരാണ്. മഹാഗർജനങ്ങൾ ഊർജമഹാശോഷകരും ആണ്.

 എനിക്ക് ഔദ്യോഗികമായി ഒരു അവാർഡ് ആദ്യം കിട്ടുന്നത് ഇരകൾ എന്ന സിനിമയ്ക്കാണ്. എന്നാൽ അതിനൊക്കെ മുൻപ് ഞാൻ സഹായിയായി പ്രവർത്തിക്കുമ്പോൾ തന്നെ എനിക്ക് കിട്ടിയ വലിയ ഒരവാർഡുണ്ട്. അത്  ഊട്ടിയിൽ ലേഖയുടെ മരണത്തിൻ്റെ ഷൂട്ടിംഗ് നടക്കുമ്പോൾ അപ്രതീക്ഷിതമായി കിട്ടിയതാണ്. 

ഷൂട്ടിംഗിനിടയിൽ ഇടക്കിടക്ക് ജോർജ് സാറിന് സ്റ്റീൽ ഗ്ലാസിൽ ബ്രാൻണ്ടി വരും. ആദ്യമൊന്നും എനിക്കിത് മനസ്സിലായില്ല. കാരണം അദ്ദേഹത്തിൻ്റെ പെരുമാറ്റത്തിൽ വ്യത്യാസമൊന്നും എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. ഒരു ദിവസം ഉച്ചക്ക് മഞ്ഞും മഴക്കാറും കാരണം ഷൂട്ടിംഗ് നേരത്തെ നിർത്താൻ തീരുമാനിച്ചു.

നല്ല തണുപ്പുമുണ്ട്. അതിനിടയിൽ പുതിയൊരു സ്റ്റീൽ ഗ്ലാസ് വന്നു. ജോർജ് സാറത് വാങ്ങി ഒന്ന് സംശയിച്ച്‌ ഗ്ലാസ് എൻ്റെ കൈയിൽ പിടിക്കാൻ തന്നിട്ട് ഒരു സിഗററ്റ് കത്തിച്ചു. അത് കഴിഞ്ഞപ്പോൾ ഞാൻ  ഗ്ലാസ് തിരിച്ച് കൊടുക്കാനായി തുടങ്ങി.  പക്ഷേ അദ്ദേഹമത് വാങ്ങിയില്ല.

അത് കുടിക്കാൻ തന്നതാ - കുടിച്ചോ, എന്ന് ജോർജ് സാർ പറഞ്ഞു.

ഞാനൊന്നു പതറി പെട്ടെന്നൊന്ന് ചുറ്റും നോക്കി. എല്ലാവരും ഇത് കാണുന്നുണ്ട്.

ഷൂട്ടിംഗ് കഴിഞ്ഞില്ലേ, കഴിച്ചോ - തണുപ്പല്ലേ, എന്നദ്ദേഹം സ്നേഹപൂർവം വീണ്ടും പറഞ്ഞു. ഇതൊരു അപൂർവ സമ്മാനമാണെന്ന് എനിക്കറിയാം. എങ്കിലും എന്ത് ചെയ്യണമെന്നറിയാതെ ഞാൻ മടിച്ചു നിന്നു. ജോർജ് സാറിൻ്റെ മുഖത്ത് മെല്ലെ ഒരു ചിരി തെളിഞ്ഞു വരാൻ തുടങ്ങി. അതുണ്ടാക്കിയ ധൈര്യത്തിൽ, കൂടുതൽ ആലോചിക്കാതെ ഒറ്റപ്പിടിക്ക് ഞാനാ ഗ്ലാസ് തീർത്തു. ഏതോ ഒരു സരസൻ കൈയടിച്ചു. പൊതു സദസ്സിന് മുന്നിൽ എനിക്ക് കിട്ടിയ ആദ്യത്തെ അംഗീകാരമായിരുന്നു അത്. അതിപ്പോഴും ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.

എനിക്ക് സിനിമ മാത്രം മതി ജീവിക്കാൻ, എന്ന് വിശ്വസിച്ച കെ.ജി. ജോർജ് ഒരു സിനിമ സംവിധാനം ചെയ്തിട്ട് ഏകദേശം കാൽ നൂറ്റാണ്ടാകുന്നു എന്ന് പലരും ഓർക്കാറില്ല. എങ്കിലും അദ്ദേഹം അത് ഓർക്കാറുണ്ട് എന്ന് എനിക്ക് ഉറപ്പാണ്.

എന്താണ് ഉറപ്പിൻ്റെ അടിസ്ഥാനം എന്ന് ചോദിച്ചാൽ, അതെൻ്റെ വിശ്വാസമാണ് എന്നാണ് ഉത്തരം. 

End. 

Related Stories

No stories found.
logo
The Cue
www.thecue.in