എവരിതിങ് ഈസ് സിനിമ ഗൊദാർദ് ഈസ് സിനിമ

എവരിതിങ് ഈസ് സിനിമ 
ഗൊദാർദ് ഈസ് സിനിമ

2020-ൽ, കോവിഡ് ലോക്ക്ഡൗണിൻ്റെ തുടക്കത്തിൽ, സിനിമ എന്ന മാധ്യമത്തെക്കുറിച്ചു തന്നെയുണ്ടായ ഒരു ചിന്തയെ സിനിമയാക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായിരുന്ന ഏറ്റവും ശക്തമായ പ്രചോദനങ്ങളിൽ ഒന്ന് ഗൊദാർദിൻ്റെ സിനിമകളും ജീവിതവുമൊക്കെ ആയിരുന്നു. അതുകൊണ്ട് ആ സിനിമയ്ക്ക് പേരിട്ടത് അദ്ദേഹത്തിൻ്റെ ജീവിതത്തെക്കുറിച്ച് റിച്ചാർഡ് ബ്രോഡി എഴുതിയ 'എവരിതിങ് ഈസ് സിനിമ' എന്ന പുസ്തകത്തിൻ്റെ പേരുതന്നെ.

പതിനായിരക്കണക്കിനു സിനിമകൾ ഓരോ വർഷവും നിർമ്മിക്കപ്പെടുന്നിടത്ത് എന്താണൊരാളെ ഒരു മഹാനായ സംവിധായകൻ ആക്കുന്നത്? അടുത്ത കാലം വരെയെങ്കിലും ഒരു ആസ്വാദകൻ എന്ന നിലയിൽ സംവിധായകരിൽ ഞാൻ നോക്കിയിരുന്ന ഏറ്റവും വലിയ ഗുണം സ്ഥിരത ആയിരുന്നു. ആവരുടെ ക്രാഫ്റ്റിലും പറയുന്ന കാര്യങ്ങളിലും. ആ ചിന്തയെ മാറ്റിമറിച്ച രണ്ട് സംഭവങ്ങൾ എന്നാൽ ഈ കാലയളവിൽ നടന്നു. 1. പ്രിയപ്പെട്ട ഹംഗേറിയൻ സംവിധായകൻ ബെലാ താർ ഫീച്ചർ സിനിമയിൽ നിന്ന് വിരമിച്ചു. 2. ഫിലിം സ്കോളർ ആയ ഒലാഫ് മൊള്ളറോട് സിനിമയെപ്പറ്റി സംസാരിക്കാൻ സാധിച്ചു.

സിനിമ ചെയ്യുന്നതിൽ നിന്ന് വിരമിക്കാനുള്ള കാരണമായി ബെലാ താർ പറഞ്ഞത്, തനിക്ക് സ്വയം ആവർത്തിച്ചുകൊണ്ടിരിക്കാൻ താത്പര്യമില്ല എന്നാണ്. ഒലാഫ് മൊള്ളർ പറയുന്നു, ഹനെക്കെയെക്കാൾ തനിക്കിഷ്ടം സ്വയം ആവർത്തിക്കാത്ത ഏതെങ്കിലും ഒരു സംവിധായകനെ ആണെന്ന്. സ്വയം ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുന്നതിൽ ഗൊദാർദിനെക്കാൾ നല്ല എക്സാമ്പിൾ ആരായിരിക്കും ലോകസിനിമയിൽ ഉണ്ടാവുക? സ്വയം ആവർത്തിക്കാതിരിക്കുക എന്നതിൽ അത്രയും സ്ഥിരത കൊണ്ടുവരാനും.

കേരളത്തിൽ ഒരു മികച്ച സിനിമാസംവിധായകൻ എന്നാൽ സാംസ്കാരികനായകൻ, സത്സ്വഭാവി, മനുഷ്യസ്നേഹി, ശരിയായ പൊളിറ്റിക്സിൽ വിശ്വസിക്കുന്നവൻ തുടങ്ങി ഒരുപാട് പ്രതീക്ഷകൾ ചുമലിലേറ്റുന്ന ഒരു അതിമാനുഷികൻ ആവേണ്ടതുണ്ട്. ഭാഗ്യവശാൽ ഒരു കള്ളനും മാനസികസ്ഥിരത ഇല്ലാത്തവനും ആളുകളോട് നന്നായി പെരുമാറാൻ അറിയാത്തവനും കൂട്ടുകാരെപ്പോലും വെറുപ്പിക്കുന്നവനും ഒക്കെയായിട്ടും ഗൊദാർദിനു മികച്ച സിനിമാക്കാരൻ ആകാൻ കഴിഞ്ഞു. മലയാളസിനിമയിൽ കണ്ടുവരുന്ന വളരെ കൗതുകകരമായ ഒരു പ്രവണത, സിനിമയിൽ പ്രവർത്തിക്കുന്ന ഒരാളും മറ്റാരുടെയും സിനിമകളെ വിമർശിക്കുകയില്ല എന്നതാണ്. എല്ലാം ഇഷ്ടപ്പെടാൻ സാധിക്കുന്ന അതിമാനുഷികർ ആണു തങ്ങൾ എന്ന് അഭിനയിച്ച് ജീവിക്കുകയാണ് നമ്മളെല്ലാം.

അസംബന്ധമാണെങ്കിലും ചിലപ്പോഴെങ്കിലും ഒരു മാനസികവ്യായാമത്തിന് ഗൊദാർദ് ജീവിച്ചതും വർക്ക് ചെയ്തതും ഇന്നത്തെ മലയാളസിനിമയിൽ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ട്! ഒരുപക്ഷെ അദ്ദേഹത്തെ നമുക്കിടയിൽ ഏറ്റവും സെലിബ്രേറ്റ് ചെയ്യുന്ന ആളുകളും ആൾക്കൂട്ടങ്ങളുമൊക്കെ തന്നെ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ശത്രുക്കളായി മാറിയേനെ! ജോൺ ലുക് ഗൊദാർദ് സിനിമയിൽ കാലെടുത്തു വെയ്ക്കുന്നത് തന്നെ ഒരു ഫിലിം ക്രിട്ടിക്ക് ആയിട്ടാണ്. സിനിമകൾ ചെയ്തു തുടങ്ങിയപ്പോഴാകട്ടെ, ഓരോ സിനിമയുടെയും ഇടയ്ക്ക് 'ഇത് സിനിമയാണ്' എന്നു കാണികളെ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിച്ച് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ആദ്യം ഹോളിവുഡിനു പകരംവെക്കുന്ന തരത്തിലുള്ള, എന്നാൽ സ്കെയിലിൽ അത്ര വലുതല്ലാത്ത സിനിമകൾ ചെയ്തു തുടങ്ങിയെങ്കിൽ, പിന്നെയദ്ദേഹം സിനിമയെ ഒരു പൊളിറ്റിക്കൽ മാധ്യമമായി കാണാൻ തുടങ്ങി. വീണ്ടും ഒരു ദശകം കഴിഞ്ഞപ്പോൾ സിനിമയെന്ന മാധ്യമത്തിൻ്റെ സാധ്യതകളിലായി വീണ്ടും അദ്ദേഹത്തിൻ്റെ ശ്രദ്ധ. ഒരു ദശാബ്ദം കൂടെ കഴിഞ്ഞപ്പോൾ അദ്ദേഹം ക്യാമറയെ തന്നിലേക്കും അതുവഴി അതിലേക്കു തന്നെയും തിരിച്ച് വെക്കാൻ തുടങ്ങി. എൻ്റെ അഭിപ്രായത്തിൽ ആ തരത്തിലുള്ള തികച്ചും വ്യത്യസ്തമായ ഒരു സ്ഥിരത സിനിമയെ സത്യാന്വേഷണത്തിനുള്ള മാർഗ്ഗമായി കാണുന്ന ഒരാളിൽ മാത്രമേ കണ്ടെത്താൻ സാധിക്കൂ.

പലപ്പോഴും അദ്ദേഹത്തിൻ്റെ സിനിമകളെക്കുറിച്ചുണ്ടാകുന്ന വിമർശനം അവയിൽ പലതും സാധാരണക്കാരന് അപ്രാപ്യമാണെന്നാണ്. എൻ്റെ അഭിപ്രായത്തിൽ, ഒരു സാധാരണ ഫിലിം മേക്കർക്ക് ഏറ്റവും പ്രാപ്യമായ ഉദാഹരണങ്ങൾ കാണിച്ചു തന്നത് ഗൊദാർദ് ആണ്. ആ അർത്ഥത്തിൽ ഫിലിം മേക്കേഴ്സിൻ്റെ ഫിലിം മേക്കർ ആണ് ജോൺ ലുക് ഗൊദാർദ്.

ഡോൺ പാലത്തറ
ഡോൺ പാലത്തറ

സിനിമയെന്നാൽ വിലകൂടിയ ക്യാമറയോ വലിയ സന്നാഹങ്ങളോ കഥയോ അഭിനയമോ എന്തിനു ഷൂട്ടിങ്ങ് പോലും അല്ല എന്ന് കൂടെക്കൂടെ സ്വയവും നമ്മളെയും ഓർമ്മിപ്പിച്ച ഒരാൾ.

ഗൊദാർദിൻ്റെ പല മികവുകളും നേട്ടങ്ങളുമെല്ലാം ഇന്ന് പത്രങ്ങളിലെല്ലാം വായിക്കാൻ സാധിക്കും. പക്ഷെ, വ്യക്തിപരമായി എനിക്ക് എറ്റവും അസൂയ ഉണർത്തിയത് അദ്ദേഹത്തിൻ്റെ സിനിമകളിലെ പരീക്ഷണാത്മകത പോലുമല്ല, മറിച്ച് അവയിലെ സത്യസന്ധതയും കൂസലില്ലായ്മയുമാണ്

Related Stories

No stories found.
logo
The Cue
www.thecue.in