'നാമൊരുമിച്ച് ആകാശത്ത് ഫുട്‌ബോള്‍ കളിക്കും, അന്ന് ഞാൻ നിന്നെ കെട്ടിപ്പിടിച്ച് വായുവിലേക്ക് മുഷ്ടി ഉയർത്തും', മറഡോണയോട് പെലെ

'നാമൊരുമിച്ച് ആകാശത്ത് ഫുട്‌ബോള്‍ കളിക്കും, അന്ന് ഞാൻ നിന്നെ കെട്ടിപ്പിടിച്ച് വായുവിലേക്ക് മുഷ്ടി ഉയർത്തും', മറഡോണയോട് പെലെ

'ഒരിക്കല്‍ നാമൊരുമിച്ച് ആകാശത്ത് ഫുട്‌ബോള്‍ കളിക്കും'.

മറഡോണയുടെ മരണ സമയത്ത് പെലെ എഴുതിയ അനുസ്മരണ സന്ദേശം ഇങ്ങനെയായിരുന്നു. എക്കാലത്തെയും മികച്ച താരങ്ങളായ പെലെയും മറഡോണയും ഊഷ്മളമായ സൗഹൃദം സൂക്ഷിച്ചിരുന്നു. ലോകത്തെ പ്രചോദിപ്പിച്ച ഇരു ഇതിഹാസങ്ങളും രണ്ട് വർഷങ്ങളുടെ ഇടവേളയിലാണ് മൈതാനങ്ങള്‍ ശൂന്യമാക്കി കടന്നുപോയത്. ഇവരില്‍ ആരാണ് മികച്ചതെന്ന തര്‍ക്കം ഒരു ഭാഗത്ത് ഉയരുമ്പോഴും അതിലൊന്നും ഭാഗമാകാതെ പരസ്പരം അംഗീകരിച്ചാണ് ഇരുവരും ബന്ധം സൂക്ഷിച്ചിരുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.57ന് സാവോ പോളോയിലെ ആല്‍ബര്‍ട് ഐന്‍സ്‌റ്റൈന്‍ ആശുപത്രിയിലായിരുന്നു പെലെയുടെ അന്ത്യം.അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. ബ്രസീലില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

2020 ഡിസംബറില്‍ പെലെ മറഡോണക്ക് എഴുതിയ അനുസ്മരണ സന്ദേശം:

നീ പോയിട്ട് ഏഴ് ദിവസങ്ങളായിരിക്കുന്നു. നീ ഈ ലോകത്തെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയാണ്. കാല്‍പന്ത് കൊണ്ട് മായാജാലം കാണിക്കുന്നവനാണ്. ഇതിഹാസമാണ്. അതിനെല്ലാമപ്പുറം, വ്യക്തിപരമായി നീ എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു.

നമ്മള്‍ ഇരുവരെയും ആളുകള്‍ താരതമ്യം ചെയ്യാറുണ്ട്. താരതമ്യങ്ങള്‍ നിര്‍ത്തി പരസ്പരം അംഗീകരിക്കുന്ന അവസ്ഥയിലേക്ക് ഈ ലോകം മാറിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് ഞാന്‍ പറയുന്നു, നീ ഏറെ വ്യത്യസ്തനാണ്. ഒരു താരതമ്യവും സാധ്യമല്ല. നിന്റെ സഞ്ചാരപഥം സത്യസന്ധത കൊണ്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. നീ നിന്റെ വ്യത്യസ്തമായ ശൈലിയോടെ ഞങ്ങളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചു. സ്‌നേഹിക്കുന്നെന്ന് പറയാന്‍ പഠിപ്പിച്ചു. നിന്റെ ഈ പെട്ടെന്നുള്ള പോക്കിൽ എനിക്ക് നിന്നോട് എന്റെ സ്നേഹം പറയാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഞാന്‍ എഴുതുന്നത്. 'ഐ ലവ് യു ഡീഗോ'.

എന്റെ പ്രിയപ്പെട്ട സുഹൃത്തെ. ഈ യാത്രക്ക് നന്ദി. ഒരു ദിവസം ആകാശത്ത് നമ്മളൊരുമിച്ച് ഫുട്‌ബോള്‍ കളിക്കും. നമ്മളന്ന് ഒരു ടീമിലായിരിക്കും. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാന്‍ കഴിഞ്ഞല്ലോ എന്ന ആഹ്ലാദത്തില്‍ ഞാനന്ന് വായുവിലേക്ക് മുഷ്ടി ഉയര്‍ത്തും.

Related Stories

No stories found.
logo
The Cue
www.thecue.in