യുവതിയോ, അമ്മയോ, വൃദ്ധയോ... സിനിമാലയില്‍ എന്തും സുബിയുടെ കൈകളില്‍ ഭദ്രമായിരുന്നു

യുവതിയോ, അമ്മയോ, വൃദ്ധയോ... സിനിമാലയില്‍ എന്തും സുബിയുടെ കൈകളില്‍ ഭദ്രമായിരുന്നു

അന്തരിച്ച ടെലിവിഷന്‍ - സിനിമ താരം സുബി സുരേഷിനെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയമാക്കിയ സിനിമാലയുടെ സംവിധായികയായ ഡയാന സില്‍വസ്റ്റര്‍ സുബി സുരേഷിനെക്കുറിച്ച് ദ ക്യുവിനോട്

ഏഷ്യാനെറ്റ് തുടങ്ങിയ കാലം മുതല്‍ തന്നെ സിനിമാല എന്ന പരിപാടിയിലൂടെ സുബി നമ്മുടെ കൂടെ ഉണ്ടായിരുന്നു. നിരവധി കഴിവുള്ള ഒരു വ്യക്തിയായിരുന്നു സുബി. തന്റെ തമാശകളിലൂടെ മറ്റുള്ളവരെ ചിരിപ്പിക്കുവാന്‍ സാധിക്കുന്ന കഴിവ് അവര്‍ക്ക് ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതലേ കൂടെ കൂട്ടിയതാണ് ഞങ്ങള്‍ക്കൊപ്പം. അങ്ങനെ സിനിമാല അവസാനിക്കുന്നതുവരെയുള്ള 20 വര്‍ഷ കാലങ്ങള്‍ അവര്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. വളരെ അടുത്ത വ്യക്തിബന്ധമാണ് എനിക്ക് അവരുമായുള്ളത്. പലപ്പോഴും തന്റെ ആരോഗ്യസ്ഥിതിപോലും പോലും നോക്കാതെയുള്ള കഠിനാധ്വാനമാണ് അവര്‍ പെര്‍ഫോമെന്‍സുകളിലൂടെ കാഴ്ചവെച്ചത്. രോഗാവസ്ഥയില്‍ നിന്നും അവര്‍ സുഖം പ്രാപിക്കും എന്ന പ്രതീക്ഷ അവസാന നിമിഷം വരെ എനിക്ക് ഉണ്ടായിരുന്നു.

ടിനി ടോം വഴിയാണ് സുബി സിനിമാലയില്‍ എത്തുന്നത്. രണ്ടായിരമാണ്ടിലാണത്. അന്ന് സിനിമാലയുടെ ഒരു സ്പെഷ്യല്‍ എപ്പിസോഡില്‍ ഒരു ഡാന്‍സര്‍ ആവശ്യമായി വന്നു. അങ്ങനെ ടിനി വഴി സുബി സിനിമാലയുടെ ഭാഗമായി. പക്ഷെ സുബിയിലെ ടാലന്റ് ഒരു ഡാന്‍സര്‍ എന്നതിനപ്പുറത്തേക്ക് ഉണ്ടെന്ന് എനിക്ക് തോന്നി. തമാശ കലര്‍ത്തി സംസാരിക്കുന്ന സുബിക്ക് കോമഡി റോളുകള്‍ വഴങ്ങുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അപ്പോള്‍ തന്നെ സ്‌ക്രീന്‍ ടെസ്റ്റ് എടുത്തു. അങ്ങനെ സുബി സിനിമാലയുടെ സ്ഥിരസാന്നിധ്യമായി മാറി. പൊതുവെ സ്ത്രീകള്‍ കടന്നു വരാന്‍ മടിക്കുന്ന കോമഡി പ്രോഗ്രാമിലേക്ക് ഒരു മടിയും കൂടാതെയാണ് സുബി വന്നത്. ഏത് തരം റോളും സുബി ചെയ്യുമായിരുന്നു. ഇരുപത് വയസ്സുമാത്രമാണ് അന്ന് സുബിക്ക് പ്രായം. പക്ഷെ യുവതിയും അമ്മയും വൃദ്ധയും, എന്തും. എന്തും ആ കൈകളില്‍ ഭദ്രമായിരുന്നു. കലയോട് സുബിക്ക് അത്രക്ക് അഭിനിവേശമായിരുന്നു.

ജീവിതത്തെ പോസിറ്റീവായി സമീപിച്ച സുബി തിരിച്ച് വരും എന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാത്തിലും സുബി ഹ്യൂമര്‍ കണ്ടെത്തി. പ്രശനങ്ങളുണ്ടാകുമ്പോഴും അതിനെ ചിരിച്ചുകൊണ്ട് തന്നെയാണ് നേരിട്ടിരുന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത് മുതല്‍ സുബിയുടെ അമ്മയുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമാണെന്ന് അമ്മ പറയുമ്പോഴും ഞാന്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഇത്രയും പ്ലെസന്റ് ആയ ഒരാള്‍ ഏത് അവസ്ഥയെയും അതിജീവിക്കുമെന്ന് എനിക്ക് തോന്നി. പക്ഷെ പെട്ടെന്ന് കേള്‍ക്കേണ്ടി വന്നത് സുബി പോയെന്നാണ്. ഞെട്ടലോടെയാണ് ഞാനത് കേട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in