പൊള്ളുന്ന ജീവിതാനുഭവങ്ങൾ വരച്ചുകാട്ടിയ ഒരു എഴുത്തുകാരി

പൊള്ളുന്ന ജീവിതാനുഭവങ്ങൾ വരച്ചുകാട്ടിയ ഒരു എഴുത്തുകാരി

പാർവതി നെന്മിനിമംഗലം, ആര്യാ പള്ളം, ദേവകി വാര്യർ തുടങ്ങി സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ച മഹതികൾക്കൊപ്പമാണ് ദേവകി നിലയങ്ങോടും പ്രവർത്തിച്ചത്. വിവാഹിതയാകുന്നതു വരെ തികച്ചും യാഥാസ്ഥിതികമായ അന്തരീക്ഷത്തിലാണ് ദേവകി നിലയങ്ങോട് വളർന്നത്. വിവാഹത്തിനു ശേഷമാണ് ഉല്പതിഷ്ണുവായ ഭർത്താവ് നിലയങ്ങോട് മന രവി നമ്പൂതിരിയുടെ പിന്തുണയോടെ അവർ സമൂഹത്തിന്റെ മുഖ്യധാരയിലേക്കിറങ്ങിയത്. എന്നാൽ എതിർപ്പുകൾ ധാരാളമായിരുന്നു. നിലയങ്ങോട് മനയിലെ പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യിച്ചിരുന്നു. രവി നമ്പൂതിരിപ്പാട് പോകുന്ന സ്ഥലങ്ങളിലൊക്കെ ഭാര്യയേയും ഒപ്പം കൂട്ടിയിരുന്നു. അങ്ങനെയാണ് അവർ സമൂഹത്തിലേക്കിറങ്ങുന്നത്.

നമ്പൂതിരി സമുദായത്തിൽ ജനിച്ച പെൺകുട്ടിയായതിനാൽ കുട്ടിക്കാലത്ത് വിദ്യാഭ്യാസം നേടാനുള്ള അവകാശമുണ്ടായിരുന്നില്ല. എന്നാൽ വീട്ടിൽ വെച്ചു തന്നെ എഴുതാനും വായിക്കാനും പഠിച്ചു. ഉത്പതിഷ്ണുക്കളായ സഹോദരന്മാരുടെ സഹായവും പിന്തുണയും കൊണ്ട് കുട്ടിക്കാലം മുതൽ തന്നെ വായനയുടെ ലോകത്തെത്താൻ അവസരമുണ്ടായി. തങ്ങൾക്ക് വായിക്കാനുള്ള പുസ്തകങ്ങൾ രഹസ്യമായി എത്തിച്ചിരുന്നത് സഹോദരന്മാരാണെന്ന് ദേവകി നിലയങ്ങയോട് പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. ആർത്തവ സമയത്ത് ഒറ്റപ്പെട്ട് കഴിയുന്ന അവസരങ്ങളിൽ സഹോദരന്മാർ എത്തിച്ചിരുന്ന പുസ്തകങ്ങളായിരുന്നു കൂട്ട്. പുസ്തകത്തിൽ തൊടാതിരിക്കാൻ വേണ്ടി, പേജ് മറിച്ചുകൊടുക്കാൻ ഒരു ദാസിയും ഒപ്പമുണ്ടാകും. ആരെങ്കിലും വരുന്നുവെന്നറിഞ്ഞാൽ പുസ്തകം ഒളിപ്പിച്ചുവെക്കും. ഇങ്ങനെയാണ് വിക്ടർ യൂഗോയുടെ 'പാവങ്ങൾ', പേൾ എസ് ബക്കിന്റെ 'ഗുഡ് എർത്ത്', ബംഗാളി നോവലുകളുടെ പരിഭാഷകൾ, ലളിതാംബിക അന്തർജ്ജനത്തിന്റെയും ഉറൂബിന്റെയും കൃതികൾ അടക്കമുള്ള പ്രസിദ്ധമായ ഗ്രന്ഥങ്ങൾ അവർ വായിച്ചിട്ടുള്ളത്.

നാല്പതുകളിൽ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിൽ പങ്കെടുത്തുവെങ്കിലും അതേക്കുറിച്ച് നമ്മൾ വിശദമായി അറിയുന്നത് 75ാം വയസ്സിൽ അവർ തന്റെ ജീവിതാനുഭവങ്ങളെ ആസ്പദിച്ചെഴുതിയ പുസ്തകത്തിലൂടെയാണ്. ആനുകാലിക പ്രസിദ്ധീകരണത്തിലൂടെ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വലിയ സ്വീകാര്യത ലഭിച്ച ഈ രചന പിന്നീട് പുസ്തകമാക്കി. 2003 ൽ 'നഷ്ടബോധങ്ങളില്ലാതെ: ഒരു അന്തർജനത്തിന്റെ ആത്മകഥ' പ്രസിദ്ധീകരിച്ചു. യാത്ര: കാട്ടിലും നാട്ടിലും', വാതിൽപ്പുറപ്പാട്, എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. കാലപ്പകർച്ച എന്ന പേരിൽ സമാഹൃത കൃതിയും പ്രസിദ്ധീകരിച്ചു. 'കാലപ്പകർച്ച' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേരക്കുട്ടി തഥാഗതനോട് പല തവണയായി പറഞ്ഞ ജീവിതാനുഭവങ്ങൾ എഴുതാൻ പ്രചോദനം കൊടുത്തത് ജാമാതാവായ, അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകനും എഴുത്തുകാരനുമായ ചിന്ത രവിയടക്കമുള്ള ബന്ധുക്കളാണ്. പൊള്ളുന്ന ജീവിതാനുഭവങ്ങൾ വരച്ചുകാട്ടിയ ഒരു എഴുത്തുകാരിയെ അങ്ങനെ മലയാളഭാഷയ്ക്ക് ലഭിച്ചു. ദേവകി നിലയങ്ങോടിന്റെ സഹോദരൻ പി ചിത്രൻ നമ്പൂതിരിപ്പാട് കഴിഞ്ഞയാഴ്ചയാണ് അന്തരിച്ചത്. രണ്ടു പേരും കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണ രംഗത്ത് തിളങ്ങിനിന്ന വ്യക്തിത്വങ്ങളാണ്. ദേവകി നിലയങ്ങോടിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in