അഭിനയകലയുടെ ആത്മാവ് തൊട്ട പ്രതിഭ

അഭിനയകലയുടെ ആത്മാവ് തൊട്ട പ്രതിഭ
'കൂട്ടുകുടുംബ'ത്തിലെ പുതിയ നടിയെ സന്തോഷത്തോടെ എതിരേറ്റ പ്രേക്ഷകരും നിരൂപകരും, അടുത്തചിത്രമായ 'വാഴ്വേ മായ'ത്തിലെ ഗൗരിയെയും കൂടി കണ്ടതോടെയാണ് ലളിതയുടെ പ്രതിഭ തിരിച്ചറിയുന്നത്.

കെ.പി.എ.സി ലളിതയെക്കുറിച്ച് ബൈജു ചന്ദ്രന്‍ എഴുതുന്നു

വൈക്കം മുഹമ്മദ് ബഷീറിന്റെ ലജന്ററി കഥാപാത്രമായ നാരായണിയെ ശബ്ദത്തിന്റെ സാന്നിദ്ധ്യം കൊണ്ടു മാത്രം അവതരിപ്പിക്കാനായി, കെ.പി.എ.സി ലളിതയെന്ന നടിയെ അടൂര്‍ ഗോപാലകൃഷ്ണന്‍ നിശ്ചയിച്ചപ്പോള്‍ മലയാളികള്‍ക്ക് പൊതുവെ അതൃപ്തിയായിരുന്നു. മതിലിനപ്പുറത്തു നിന്നുകൊണ്ട്, മമ്മൂട്ടിയുടെ ബഷീറിനോട് പ്രണയസല്ലാപം നടത്തുന്ന നാരായണിയ്ക്ക് ബഷീര്‍ കല്‍പ്പിച്ചു നല്‍കിയിരുന്ന ദുരൂഹമായ ആ മാസ്മരികഭാവം അതോടെ എങ്ങോ നഷ്ടപ്പെട്ടുപോയി എന്നതായിരുന്നു മലയാളിപ്രേക്ഷകരുടെ പരാതി.

നാരായണിയുടെ പ്രണയത്തില്‍ കുതിര്‍ന്ന പറച്ചിലുകളും കൊഞ്ചലും പരിഭവവും ഇടക്ക് തുളുമ്പി തൂവുന്ന ചിരിയും അമര്‍ത്തിപ്പിടിക്കുമ്പോഴും അറിയാതെ പൊട്ടിപ്പുറത്തേക്ക് ചാടിപ്പോകുന്ന തേങ്ങലും അവതരിപ്പിക്കാന്‍ ഒരു അജ്ഞാത ശബ്ദമായിരുന്നെങ്കില്‍ എന്നവര്‍ ആഗ്രഹിച്ചതില്‍ തെറ്റു പറയാനാവില്ല. എന്നാല്‍ അടൂരിനെ സംബന്ധിച്ചിടത്തോളം ഇതിനേക്കാള്‍ ഔചിത്യപൂര്‍ണ്ണമായ ഒരു തെരഞ്ഞെടുപ്പ് നടത്താനുണ്ടായിരുന്നില്ല. കാരണം നാരായണിയുടെ ആത്മാവ് കണ്ടറിഞ്ഞഭിനയിക്കാന്‍ കെ.പി.എ.സി ലളിത എന്ന പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയ്ക്ക് മാത്രമേ കഴിയൂ എന്ന് ഉറച്ച വിശ്വാസമാണ് അടൂരിനെക്കൊണ്ട് ആ തീരുമാനമെടുപ്പിച്ചത്. കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും സിനിമ കണ്ടവര്‍ പലരും നാരായണിയുടെ അദൃശ്യസാന്നിദ്ധ്യത്തെ അനശ്വരയാക്കിയ ആ മഹാപ്രതിഭയെ കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്ന കഥ അടൂര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

പ്രശ്‌നം നമ്മള്‍ മലയാളികളുടേതായിരുന്നു. ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്ക് പോലും ശബ്ദം കൊണ്ട് തിരിച്ചറിയാവുന്ന അപൂര്‍വം ചില താര ശരീരങ്ങള്‍ മാത്രമേ മലയാള സിനിമയിലുണ്ടായിട്ടുള്ളൂ. പ്രത്യേകിച്ച് നടികള്‍ക്കിടയില്‍. അതിലൊന്നാമത്തെ പേര് കെ.പി.എ.സി ലളിതയുടേതാണ്. ആ നടിയുടെ ശരീരഭാഷയിലെ അതിസൂക്ഷ്മമായ ഭാവ/ചലനങ്ങള്‍ ഒരോന്നും നമുക്ക് മനപാഠമാണ്. അവര്‍ കരയുന്നതും ചിരിക്കുന്നതും കരഞ്ഞുകൊണ്ട് ചിരിക്കുന്നതും ദേഷ്യപ്പെടുന്നതും 'കണ്ണുപൊട്ടും' വിധം ശകാരം ചൊരിയുന്നതും നാണം കുണുങ്ങുന്നതും കൊഞ്ചിക്കുഴയുന്നതും ശ്രിംഗരിക്കുന്നതും വാത്സല്യം പകരുന്നതും അനുനയിപ്പിക്കുന്നതും വിതുമ്പുന്നതും അലറിക്കരയുന്നതും..., താന്‍ നിറഞ്ഞാടിയ അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമാചരിത്രത്തിന്റെ തന്നെ അഭിമാനമുഹൂര്‍ത്തങ്ങളാക്കി മാറ്റിയ അപൂര്‍വ പ്രതിഭകളിലൊരാണ് കെ.പി.എ.സി ലളിത.

അഭിനയകലയുടെ ആത്മാവ് തൊട്ട പ്രതിഭ
മരണത്തിന്റെ മതിലിനുമപ്പുറം നില്‍ക്കുന്ന പ്രിയപ്പെട്ട നാരായണിക്ക്, സാഷ്ടാംഗം വിട

ലളിതയിലെ അഭിനേത്രിയെ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ച സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ 'കഥ തുടരുന്നു' എന്ന ചിത്രത്തിലെ ഒരു രംഗം ഓര്‍മ്മയില്ലേ? പ്രത്യേകിച്ച് ഒരു പ്രാധാന്യവുമില്ലാത്ത ലളിതയുടെ അതിലെ കഥാപാത്രം നിമിഷനേരം കൊണ്ട് കരച്ചില്‍ വരുത്തി ജയറാമിന് കാണിച്ചു കൊടുക്കുന്നത്? മറ്റൊരു സിനിമയില്‍ ചിരിച്ചുകൊണ്ട് മുറിക്കകത്ത് കയറി വാതിലടച്ചു കുറ്റിയിട്ടശേഷം ക്യാമറയ്ക്ക് നേരെ തിരിഞ്ഞു നിന്ന് 'എന്റെ ഭഗവതിയേ' എന്നുവിളിച്ച് ചങ്കുപൊട്ടിക്കരയുന്ന ആ സന്ദര്‍ഭം?

''ഗ്ലിസറിന്‍!''എന്ന് മേക്കപ്പ് അസിസ്റ്റന്റിനെ വിളിക്കുന്ന ഉറക്കെയുള്ള ആ വിളി, ആ നടി അഭിനയിക്കുന്ന ലൊക്കേഷനില്‍ മുഴങ്ങിക്കേട്ടിരുന്നില്ല. ഞൊടിയിടയിലുള ഭാവപകര്‍ച്ചകള്‍ അനായാസമായി മുഖാഭിനയത്തിലും ശരീരചലനങ്ങളിലും സന്നിവേശിപ്പിക്കാനുള്ള ആ സിദ്ധി ലളിതയ്ക്ക് ജന്മസിദ്ധമായിരുന്നു. ശേഷിക്കുന്നതൊക്കെ കെ.പി.എ.സി എന്ന നാടകസര്‍വകലാശാലയില്‍ നിന്ന് അഭ്യസിച്ചതും.

അഭിനയകലയുടെ ആത്മാവ് തൊട്ട പ്രതിഭ
എത്ര അഭിനയിച്ചാലും പോരാ പോരാ എന്ന് തോന്നും, അത് ദൈവം തന്ന വരമാണെന്ന് തോന്നുന്നു...

കെ.പി.എ.സി എന്ന കേരളത്തിലെ ഒന്നാമത്തെ നാടകസംഘം 1952 മുതലുള്ള ഒരു വ്യാഴവട്ടക്കാലം അവതരിപ്പിച്ചു പോന്ന ആറു നാടകങ്ങള്‍ അരങ്ങേറിയ ഒരു നാടകോത്സവത്തില്‍ ഒന്നിനോടൊന്ന് സാദൃശ്യമില്ലാത്ത അഞ്ച് കഥാപാത്രങ്ങളെ, ഓരോ രാത്രികളിലായി ഒന്നിനുപിറകെ ഒന്നായി അവതരിപ്പിച്ചു കൊണ്ടാണ് ലളിത കെ.പി.എ.സിയിലെ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. അതിലൊരു വേഷം ഒരു തനി നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയ്ക്ക് ഒട്ടുമേ പരിചയമില്ലാത്ത, എപ്പോഴും ഇംഗ്ലീഷില്‍ 'കടുക് വറുക്കുന്ന' പൊങ്ങച്ചക്കാരിയായ ഒരു പച്ച പരിഷ്‌കാരി യുവതിയുടെ വേഷമായിരുന്നുവെന്നു കൂടി അറിയുമ്പോള്‍ ലളിത അന്നേറ്റെടുത്ത വെല്ലുവിളിയുടെ കാഠിന്യത്തെ കുറിച്ച് മനസിലാകും.

അടുത്ത ഏഴുനാടകങ്ങളിലൂടെ ഒരു പതിറ്റാണ്ടു കാലത്തോളം ലളിത മലയാളത്തിന്റെ അരങ്ങത്ത് നിറസാന്നിദ്ധ്യമായി തുടര്‍ന്നു. നിഷ്‌കളങ്കയായ കൗമാരപ്രായക്കാരിയുടേത് മുതല്‍ ജീവിതപ്രാരാബ്ധങ്ങളും ദുരിതങ്ങളും ചേര്‍ന്ന് ഭ്രാന്തിന്റെ വക്കത്തെത്തിച്ച വയസിത്തള്ളയുടേത് വരെയുള്ള വൈവിധ്യമാര്‍ന്ന ആ വേഷങ്ങളാണ്, സിനിമയുടെ ലോകം ലളിതയെ ശ്രദ്ധിക്കാന്‍ കാരണം.

'ഈ കാലമാടനെന്നെ തല്ലിക്കൊല്ലുന്നേ'എന്ന അലമുറയുമായി സരസ്വതി എന്ന നാടന്‍ വീട്ടുകാരിയുടെ വേഷത്തിലൂടെ സിനിമയുടെ തറവാട്ടുമുറ്റത്തേക്ക് ഓടിക്കയറിയ ആ നടിയെ കൈപിടിച്ചു കയറ്റിയ സിനിമാലോകം പിന്നെ ഒരിക്കലും അവരെ കൈവിട്ടില്ല.

ലളിതയെന്ന മഹേശ്വരിയമ്മയെ കെ.പി.എ.സി ലളിതയെന്ന നടിയാക്കി മാറ്റിയ തോപ്പില്‍ ഭാസിയുടെ നാടകത്തിന്റെ ചലച്ചിത്ര രൂപാന്തരം. ഉദയാ കുഞ്ചാക്കോ എന്ന പ്രതാപശാലിയായ നിര്‍മ്മാതാവ്. കെ.എസ് സേതുമാധവന്‍ എന്ന സംവിധായക പ്രതിഭയുടെ ശിക്ഷണം. ലളിതയുടെ അനായാസമായ ഭാവപ്രകടനം.

'കൂട്ടുകുടുംബ'ത്തിലെ പുതിയ നടിയെ സന്തോഷത്തോടെ എതിരേറ്റ പ്രേക്ഷകരും നിരൂപകരും, അടുത്തചിത്രമായ 'വാഴ്വേ മായ'ത്തിലെ ഗൗരിയെയും കൂടി കണ്ടതോടെയാണ് ലളിതയുടെ പ്രതിഭ തിരിച്ചറിയുന്നത്.

ഷീലയും ശാരദയും,പിന്നീട് ജയഭാരതിയും നായികാപദവിയില്‍ നിറഞ്ഞുനിന്ന മലയാള സിനിമയ്ക്ക് അന്ന് അതിനാടകീയതയുടെ സഹായമില്ലാതെ, തികഞ്ഞ സ്വാഭാവികതയോടെ പകര്‍ന്നാടാന്‍ കഴിവുള്ള ഒരു നല്ലനടിയെ ആവശ്യമുണ്ടായിരുന്നു. സേതുമാധവന്റെ തന്നെ ചിത്രമായ 'അനുഭവങ്ങള്‍ പാളിച്ചകള്‍'വിളിച്ചറിയിച്ചത് അങ്ങനെയൊരു നടിയുടെ വരവാണ്. സത്യനും ഷീലയും നസീറും ശങ്കരാടിയും ബഹദൂറും താരപ്പകിട്ടെല്ലാം അഴിച്ചുവെച്ച് കഥാപാത്രങ്ങളുടെ ആത്മാവിലേക്ക് പരകായ പ്രവേശം നടത്തിയ ആ ചിത്രം തീയേറ്ററില്‍ എത്തിയതോടെ ലളിത കയറി ചങ്കും വിരിച്ചു നിന്നത് മലയാളികളുടെ മനസ്സിനുള്ളിലായിരുന്നു.

മലയാളത്തിലേക്ക് രണ്ടാമത്തെ സ്വര്‍ണപ്പതക്കവുമായെത്തിയ 'സ്വയംവര'ത്തിലെ ലൈംഗികത്തൊഴിലാളിയുടെ വേഷം ലളിതയുടെ കഥാപാത്രാവിഷ്‌കാരശൈലിയുടെ അനായസത ഒരിക്കല്‍ കൂടി തെളിയിച്ചു. അടൂരിന്റെ അടുത്ത ചിത്രമായ 'കൊടിയേറ്റ'ത്തിന്റെ അവസാനരംഗത്ത്, ഭര്‍ത്താവില്‍ നിന്ന് രണ്ടാമതും പുടവ കൈകളില്‍ ഏറ്റുവാങ്ങുമ്പോള്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞുപോകുന്ന ആ ഭാര്യ, അഭിനയകലയുടെ അപാരമായ പ്രകടനമായിരുന്നു.

അഭിനയകലയുടെ ആത്മാവ് തൊട്ട പ്രതിഭ
കലയെ സ്മാരകമാക്കിയ ഒരാൾ

ശേഷമുള്ളതെല്ലാം ചരിത്രമാണ്. എത്രയെത്ര ഭാര്യമാര്‍,അമ്മമാര്‍,സഹോദരിമാര്‍,വേശ്യാസ്ത്രീകള്‍,സാമൂഹ്യ സേവകര്‍,വിശുദ്ധിയുടെയും നന്മയുടെയും ആള്‍ രൂപങ്ങള്‍, കണ്ണില്‍ ചോരയില്ലായ്മയുടെയും കപടതയുടെയും മുഖങ്ങള്‍... അക്കൂട്ടത്തില്‍ മനസ്സില്‍നിന്നൊരിക്കലും ഇറങ്ങിപ്പോകാത്ത രണ്ട് ലളിത കഥാപാത്രങ്ങളെ കുറിച്ചുകൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ.

''അയ്യേ,ഒന്നിനോണം പോരാത്ത ഈ നരുന്തു ചെറുക്കനോ"എന്നതിശയം പ്രകടിപ്പിച്ചു കൊണ്ട് മൂക്കത്തു വിരൽ വെച്ച്'' വാണിയന്‍ കുഞ്ചുവിന്റെ മകന്‍ രാമനെ അരിശം പിടിപ്പിക്കുകയും, ഒടുവില്‍ അവന്റെ ഇളം മനസിലെ വ്യഥകളും ആത്മസംഘര്‍ഷങ്ങളും കണ്ടറിഞ്ഞ് ഒരു മൂത്ത സഹോദരിയെപ്പോലെ രാമനെ അണച്ചുപിടിക്കുകയും ചെയ്യുന്ന ദേവയാനി(പെരുവഴിയമ്പലം)യാണ് അതിലാദ്യത്തേത്. പിന്നെ, തന്റെ അനുജത്തിയോട് കാമവെറി കാണിക്കുന്ന ഭര്‍ത്താവിന്റെ മുമ്പില്‍ നിസ്സഹായയായി നില്‍ക്കുന്ന, അവളെ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരന്‍ മല്‍പ്പിടുത്തത്തില്‍ അയാളെ കീഴ്പ്പെടുത്തുമ്പോള്‍, കരഞ്ഞുകൊണ്ട് ഇടയ്ക്ക് ചാടിവീണ്, അപമാനം കൊണ്ട് തല കുനിഞ്ഞുപോയ അയാളെ താങ്ങിപ്പിടിച്ചുകൊണ്ട് വീട്ടിലേക്ക് പതുക്കെനടന്നു പോകുന്ന ആ ഭാര്യ. (പാളങ്ങള്‍) എല്ലാത്തിലും പൊളിറ്റിക്കല്‍ കറക്ടട്‌നെസ് വേണമെന്ന് നിര്‍ബന്ധമുള്ള പുതിയ തലമുറയ്ക്ക് ആ ഭാര്യയെ ഇഷ്ടമായിക്കൊള്ളണമെന്നില്ല! പക്ഷെ മിതാഭിനയത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ഞാന്‍ തൊട്ടുകാണിക്കാന്‍ ഇഷ്ടപ്പെടുന്നത് പാളങ്ങളിലെ ശുദ്ധഹൃദയയായ ആ ചേച്ചിയെ, ഭാര്യയെ ആണ്.

സര്‍ഗപ്രതിഭകള്‍, പ്രത്യേകിച്ച്, അഭിനയരംഗത്തെ പ്രതിഭാധനര്‍ മറ്റുള്ളവരെ അപേക്ഷിച്ച്, എത്രയോ ഭാഗ്യം ചെയ്തവരാണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. മറ്റെല്ലാവരും നശ്വരമായ തങ്ങളുടെ ശരീരത്തോടൊപ്പം സകലതുമുപേക്ഷിച്ച്, ഈ ലോകത്തു നിന്ന് യാത്രയാകുമ്പോള്‍, ഇവര്‍ ഓരോ ദിവസവും, ചിലപ്പോള്‍ ഓരോ നിമിഷവും പുതിയ ജന്മങ്ങളിലൂടെ, പുതിയ പകര്‍ന്നാടലുകളിലൂടെ നമ്മുടെ അനുഭവലോകത്തെ ധന്യമാക്കിക്കൊണ്ടിരിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ നെടുമുടി വേണുവിനെ പോലെ കെ.പി.എ.സി ലളിതയും ചെയ്യാന്‍ ഇനിയും പലതും ബാക്കി വെച്ചിട്ടാണ് പോയതെങ്കിലും, ഞങ്ങള്‍ തൃപ്തരാണ്, എത്രയോ തലമുറകള്‍ക്ക് ആഹ്ലാദിക്കാനും, ആര്‍ത്തുചിരിക്കാനും, നൊമ്പരപ്പെടാനും, പൊട്ടിക്കരയാനും സ്‌നേഹിക്കാനുമെല്ലാം പ്രചോദിപ്പിക്കുന്ന എത്രയെത്ര കഥാപാത്രങ്ങളെ ഞങ്ങള്‍ക്ക് നല്‍കിയിട്ടാണ് ഈ മടക്കയാത്ര.

നന്ദി,

മലയാളത്തിന്റെ മഹാനടിക്ക്.

Related Stories

No stories found.
The Cue
www.thecue.in