ആത്മബലം ആയുധമാക്കിയ പോരാളി

ആത്മബലം ആയുധമാക്കിയ പോരാളി

പിറകിലേക്ക് നീട്ടിവളർത്തി സ്റ്റെപ് കട്ട് ചെയ്ത മുടി, ഭംഗിയായി വെട്ടിയൊതുക്കിയ താടി, നല്ല നിറപ്പകിട്ടുള്ള കളങ്ങൾ നിറഞ്ഞ ഷർട്ട്, അപൂർവമായി മാത്രം ചിരി മായുന്ന മുഖം, ഏതാൾക്കൂട്ടത്തിലും തലയെടുപ്പോടെ നിൽക്കുന്ന ദീർഘകായ രൂപം......

ഇരുപതുകളുടെ മദ്ധ്യത്തിലെത്തിയ ആ ജ്യേഷ്ഠസഖാവിനെ ഞങ്ങൾ ഇളമുറക്കാർ അതിശയത്തോടെയാണ് നോക്കി നിൽക്കാറുണ്ടായിരുന്നത്കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിയൂടെ സംസ്ഥാനത്തെ ഏറ്റവും ഉന്നത സമിതിയായ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ അംഗമായിത്തീർന്നിരുന്നു അന്നാ ചെറുപ്പക്കാരൻ. എം എൻ ഗോവിന്ദൻ നായരും കെ സി ജോർജ്ജും സി അച്യുത മേനോനും സി ഉണ്ണി രാജയും പി ആർ നമ്പ്യാരും എൻ ഇ ബാലറാമും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെല്ലാം സജീവമായിരുന്ന കാലത്ത് ഈ ചെറുപ്രായത്തിൽ നേതൃത്വത്തിലെത്തുക എന്നത് നിസ്സാരകാര്യമായിരുന്നില്ല. പക്ഷെ മേൽപ്പറഞ്ഞ നേതാക്കന്മാരെല്ലാം പ്രതീക്ഷയർപ്പിച്ചിരുന്നത് യുവതലമുറയിലായിരുന്നു. അക്കൂട്ടത്തിൽ എറ്റവും മുൻ നിരയിൽ നിലയുറപ്പിച്ച സഖാവായിരുന്നു,1970 ൽ ഇരുപത് വയസ്സ് തികയുന്നതിന് മുമ്പ് അഖിലേന്ത്യാ യുവജന ഫെഡറേഷൻ്റെ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിച്ചേർന്ന കാനം രാജേന്ദ്രൻ.

ഞാൻ ചേട്ടൻ എന്നു വിളിച്ചിരുന്ന രണ്ട് രാജേന്ദ്രന്മാർ ഉണ്ടായിരുന്നു, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ. ഒരാൾ നക്സലിസത്തിൽ നിന്നു മാതൃപ്രസ്ഥാനത്തിലേക്ക് മടങ്ങിയെത്തി യുവജന ഫെഡറേഷന്റെ നേതൃ സ്ഥാനത്തെത്തി, ഉജ്ജ്വലമായ വാഗ് ധോരണി കൊണ്ട് ഞങ്ങളെയെല്ലാം ആവേശം കൊള്ളിച്ച സഖാവ് ഇ രാജേന്ദ്രൻ. ഇ ആറിന് തൊട്ടുമുൻപ് യുവജന ഫെഡറേഷൻ സെക്രട്ടറിയായിരുന്ന സഖാവ് കാനമായിരുന്നു മറ്റേ രാജേന്ദ്രൻ. പി കെ വാസുദേവൻ നായർക്കും സി കെ ചന്ദ്രപ്പനും ആൻ്റണി തോമസിനും പിന്നാലെ കണിയാപുരം രാമചന്ദ്രൻ, തോപ്പിൽ ഗോപാലകൃഷ്ണൻ എന്നിവരോടൊപ്പം കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാനത്തിന്റെ സാരഥ്യ മേറ്റെടുത്ത കാനത്തിന് മുന്നിൽ അന്നൊരുപാട് വെല്ലുവിളികളുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ദുരന്തസമാനമായ പിളർപ്പ് അങ്ങേയറ്റം ദുർബലമാക്കിത്തീർത്ത ഒരു പ്രസ്ഥാനത്തെയാണ് കാനത്തിനും സഖാക്കൾക്കും നയിക്കാനുണ്ടായിരുന്നത്. അവരാ വെല്ലുവിളി സധൈര്യം ഏറ്റെടുത്തു. പിന്നീടുള്ള നാളുകൾ കണ്ടത്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിക്കീഴിലുള്ള യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ വർദ്ധിത വീര്യത്തോടെ മുന്നോട്ടു കുതിക്കുന്നതാണ്.

തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരുന്ന ആ നാളുകളിൽ എത്രയെത്ര പ്രക്ഷോഭങ്ങളാണ് സ. കാനം രാജേന്ദ്രൻ അമരത്തു നിന്നുകൊണ്ട് സംഘടിപ്പിക്കപ്പെട്ടത്. പോരാട്ട ഭൂമിയിൽ മാത്രമായി ഒതുങ്ങി നിന്നില്ല കാനത്തിൻെറ സംഘടനാ പാടവം. കലാപരമായ കാര്യങ്ങളോട് പ്രത്യേക താൽ്പര്യം പുലർത്തിയിരുന്ന കാനവും തോപ്പിൽ ഗോപാലകൃഷ്ണനും കണിയാപുരത്തിനോടൊപ്പം ചേർന്ന് 1972 ൽ ലോക യുവജനോത്സവ ത്തിന് മുന്നോടിയായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച യുവജനോത്സവം ഗംഭീര വിജയമായി മാറി.

സമര രംഗത്തിറങ്ങുന്ന സമയത്ത് അച്യുതമേനോൻ നയിക്കുന്ന ഒരു സർക്കാരാണ് ഭരണത്തിലുള്ളത് എന്ന കാര്യം ആ യുവനേതൃത്വത്തെ അലട്ടിയില്ല. അവർക്ക് പൊരുതാനുണ്ടായിരുന്നത് കേന്ദ്ര ഭരണകൂടത്തിൻ്റെ വികലമായ നയങ്ങളോട് മാത്രമായിരുന്നില്ല. ആജന്മ ശത്രുക്കളെ പ്പോലെ കണ്ടിരുന്ന മാർക്സിസ്റ്റ് സഖാക്കൾ ഒരുഭാഗത്ത്, അന്നൊരു രാഷ്ട്രീയ പാർട്ടിയെ പ്പോലെ തന്നെ ശക്തമായ സാന്നിദ്ധ്യമായിരുന്ന യൂത്ത് കോൺഗ്രസ് മറുഭാഗത്ത്. ഇവർ രണ്ടുകൂട്ടർക്കും ഇടയിലായിരുന്നു ആൾ ബലത്തേക്കാൾ ആത്മബലം കൊണ്ട് പ്രസക്തിയും പ്രാധാന്യവും കൈവരിച്ച കമ്മ്യൂണിസ്റ്റ് യുവജനപ്രസ്ഥാനം. കാനം ഉൾപ്പെടെയുള്ള യുവജന നേതാക്കളുടെ ആർജ്ജവവും സത്യസന്ധതയും ആദർശ ധീരതയും അന്നത്തെ പാർട്ടി നേതൃത്വത്തിന് എളുപ്പം ഉൾക്കൊള്ളാൻ സാധിച്ചു. അതുകൊണ്ടാണ് അന്നു തന്നെ ആ ചെറുപ്പക്കാർ പാർട്ടിയുടെ ഉന്നത സമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റേറ്റ് സെക്രട്ടറിയേറ്റിലേക്ക് കാനത്തെ തിരഞ്ഞെടുക്കുമ്പോൾ ആ ചെറുപ്പക്കാരന്റെ സമരധീരതയെയും ഊർജ്ജസ്വലതയെയും കുറിച്ച് ആർക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. ആ തിരഞ്ഞെടുപ്പ് തീർത്തും ശരിയാണെന്ന് കാലം തെളിയിക്കുകയും ചെയ്തു.

പിന്നീട് തോപ്പിൽ ഗോപാലകൃഷ്ണൻ, പന്നിയൻ രവീന്ദ്രൻ,ഇ രാജേന്ദ്രൻ,ബിനോയ്‌ വിശ്വം, കെ പി രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വൈ എഫ് -- എസ് എഫ് സംഘടനകൾ "തൊഴിൽ അല്ലെങ്കിൽ ജയിൽ " സമരം നടത്തി, ഞാനടക്കമുള്ള നിരവധി വിദ്യാർത്ഥി -- യുവജന പ്രവർത്തകർ ജയിലിൽ അടക്കപ്പെട്ടപ്പോൾ പ്രചോദനം പകർന്നുകൊണ്ട് സ. കാനം ഞങ്ങളോടൊപ്പം നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.

1982 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, സഖാക്കൾ പി കെ വിയും പി എസ് ശ്രീനിവാസനും ഇ ചന്ദ്രശേഖരൻ നായരും ഉൾപ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാക്കളെ ല്ലാവരും പരാജയത്തെ നേരിട്ടപ്പോൾ, ഞങ്ങൾക്ക് ആശ്വാസവും ആവേശവും പകർന്നുകൊണ്ട് വാഴൂർ മണ്ഡലത്തിൽ നിന്ന് കാനം വിജയിച്ചു. പുതിയ എം എൽ എ യുടെ എം എൽ എ ഹോസ്റ്റലിലെ റൂമിൽ ഞങ്ങൾ വിദ്യാർത്ഥിപ്രവർത്തകർ പതിവ് സന്ദർശകരായിരുന്നു. മറ്റൊരു റൂമിൽ മറ്റേ 'രാജേട്ടൻ' കൊടുങ്ങല്ലൂർ നിന്ന് ജയിച്ച വി കെ രാജനുമുണ്ടായിരുന്നു. ഞങ്ങൾ ചെറുപ്പക്കാരോട് ഏറ്റവും അടുപ്പം പുലർത്തിയവരായിരുന്നു രണ്ടുപേരും. അവരുടെ അക്കൗണ്ടിൽ ഭക്ഷണവും വാങ്ങിത്തരുമായിരുന്നു. നിയമസഭയിലെ ചില ചർച്ചകളിൽ ഇടപെട്ട് സംസാരിക്കുന്നതിനു മുൻപ് അന്ന് ജേർണലിസം വിദ്യാർത്ഥിയായിരുന്ന ഞാനടക്കമുള്ള വിദ്യാർത്ഥി പ്രവർത്തകരോട് സംശയം തോന്നുന്ന കാര്യങ്ങൾ ചോദിച്ചറിയാൻ കാനം ഒരിക്കലും മടി കാണിച്ചില്ല. ചില കാര്യങ്ങൾ പത്രമാസികകളിൽ നിന്ന് അന്വേഷിച്ചു കണ്ടെത്താൻ ഏൽപ്പിക്കുകയും ചെയ്തിരുന്നു.

സിനിമയോട് അദമ്യമായ ആവേശം പ്രകടിപ്പിച്ചിരുന്ന കാനം അന്ന് കോട്ടയത്തെ ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അന്ന് തിരുവനന്തപുരത്തെ എസ് എഫ് പ്രവർത്തകരായിരുന്ന യു വിക്രമൻ,കെ മോഹൻ കുമാർ, ആർ കെ സുരേഷ് കുമാർ, ആർ അജയൻ, പി എസ് അജിത്, ആർ രമേശ്‌, കരിയം രവി,യു സുരേഷ്, സാജു, ജീവൻ, പിന്നെ ഞാൻ.... ഞങ്ങളെല്ലാവരും നേതാവ് എന്ന ജാഡ ലവലേശമില്ലാത്ത സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞവരാണ്.

പല വഴിക്ക് പിരിഞ്ഞുപോയ ഞങ്ങളുടെ ആ തലമുറ ഏറ്റവും ആഹ്ലാദിച്ചത്, ഞങ്ങളുടെ ആ പഴയ നേതാവ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. ആ പദവിക്ക് തീർച്ചയായും ഏറ്റവും അനുയോജ്യനായ സഖാവ് എന്നു തന്നെയായിരുന്നു കാനം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സഖാക്കൾ അർപ്പിച്ച പ്രതീക്ഷയോട് കാനം നീതി പുലർത്തി എന്നും.

കാനത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം രാഷ്ട്രീയ ചരിത്രത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോയ നാൾ വഴികളെക്കുറിച്ച് അഗാധമായ അറിവുള്ള അപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു കാനം. ബലിഷ്ടമായ ആ ചരിത്രബോധത്തിൻ്റെ അടിത്തറയിൽ നിന്നുകൊണ്ട്, ദീർഘനാളത്തെ ട്രേഡ് യൂണിയൻ അനുഭവങ്ങളിൽ നിന്നാർജ്ജിച്ച പ്രായോഗിക ജ്ഞാനമുപയോഗിച്ചാണ് കാനം രാഷ്ട്രീയ പ്രശ്നങ്ങളെയും പ്രതിസന്ധികളെയുമൊക്കെ അതി സമർത്ഥമായി നേരിട്ടത്. കുറിക്കു കൊള്ളുന്ന കൊച്ചു മറുപടികളിലൂടെ മാധ്യമ പ്രവർത്തകരുടെ വായടച്ചത് . മുന്നണി മര്യാദകൾ പാലിച്ചുകൊണ്ട് തന്നെ പറയേണ്ട കാര്യം ശക്തമായ സ്വരത്തിൽ വിളിച്ചു പറയുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തത്. എന്നാൽ ഇടതു പക്ഷത്തിൻെറ ഏക പച്ചത്തുരുത്തായ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ഒരുമിച്ച് നിൽക്കേണ്ടതിനെക്കുറിച്ച് മറ്റാരേക്കാളും ബോധവാനായിരുന്നുതാനും കാനം . അതൊരുപക്ഷേ പല വിമർശനങ്ങൾക്കും വഴിതെളിയിച്ചിട്ടുണ്ടായിരിക്കാം.

വർഷങ്ങൾക്കു ശേഷം കാണുമ്പോഴും ഏതാണ്ട് നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് കണ്ട കൗമാര പ്രായക്കാരനോടുള്ള അതേ സ്നേഹ വാൽസല്യങ്ങളാണ് എന്നോടെന്നും പ്രകടിപ്പിച്ചിരുന്നത്. ഞാൻ എഴുതാറു ള്ള കമ്മ്യുണിസ്റ്റ് ചരിത്രം സംബന്ധിച്ച കുറിപ്പുകൾ വായിച്ച് അഭിപ്രായം പറയാറുണ്ടായിരുന്നു. ഇടയ്ക്ക് എന്നെ വിളിച്ച് ചില കാര്യങ്ങൾ ചെയ്യാൻ നിയോഗിക്കുകയും ചെയ്തിരുന്നു.

എനിക്ക് സന്തോഷവും പ്രതീക്ഷയുമുള്ള ഒരു നിയോഗവും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കേരള പീപ്പിൾസ് ആർട്ട്സ് ക്ലബ്ബ്‌ എന്ന കേരളത്തിലെ ഏറ്റവും വലിയ ജനകീയ നാടകപ്രസ്ഥാനത്തിൽ കാനം അദ്ധ്യക്ഷനായ ഭരണസമിതിയിലെ ഒരംഗം എന്നതായിരുന്നു അത്. ഞങ്ങളുടെ ആദ്യയോഗത്തിൽ, സുഖമില്ലാത്തതുകൊണ്ട് സഖാവിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. അദ്ദേഹം ആരോഗ്യം വീണ്ടെടുത്തതിനുശേഷമുള്ള അടുത്ത യോഗത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. അത് ഇനിയുണ്ടാകില്ലല്ലോ.

കാനത്തിന്റെ അസാന്നിധ്യം കേരളത്തിൽ ഉണ്ടാക്കുന്ന വിടവിനെ കുറിച്ച് പറയാൻ ഞാനാളല്ല. അതു തീർച്ചയായും പ്രകടമായി ഉണ്ടാകും, സംശയമില്ല. പക്ഷെ എനിക്ക് തീർച്ചയായും നഷ്ടപ്പെട്ടത് ഒരനുജന്റെ അടുപ്പത്തോടെ കാര്യങ്ങൾ പറയാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ജ്യേഷ്ഠ സഖാവിനെയാണ്.

ആ ചേട്ടന്റെ ഓർമ്മകൾക്ക് മുൻപിൽ ഞാൻ മുഷ്ടി ചുരുട്ടി അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in