കൈനകരി തങ്കരാജ്; നാടകത്തിന്റെ നേട്ടം,സിനിമയുടെ നഷ്ടം

കൈനകരി തങ്കരാജ്; നാടകത്തിന്റെ നേട്ടം,സിനിമയുടെ നഷ്ടം

കെ പി എ സി നാടകങ്ങളുടെ ചരിത്രത്തിൽ പലതുകൊണ്ടും വേറിട്ടുനിന്ന ഒരു നാടകമായിരുന്നു,1982-ൽ സമിതി അവതരിപ്പിച്ച 'സിംഹം ഉറങ്ങുന്ന കാട്'. കെ.പി.എ.സിയെപ്പോലെ തന്നെ നാടകരംഗത്ത് പേരും പെരുമയുമുള്ള സൂര്യസോമ എന്ന നാടകസംഘം സ്വന്തമായി നടത്തിയിരുന്ന എസ് എൽ പുരം സദാനന്ദൻ ഇതാദ്യമായി കെപിഎസി-ക്കു വേണ്ടി നാടകമെഴുതുന്നു എന്നതായിരുന്നു ആദ്യത്തെ പ്രത്യേകത. അത് സംവിധാനം ചെയ്തതാകട്ടെ കെപി എസി-യുടെ ജീവാത്മാവും പരമാത്മാവുമായ തോപ്പിൽ ഭാസിയും. നാടക, സിനിമാ രംഗങ്ങളിൽ തുല്യ പ്രതിഭകളെന്ന് അറിയപ്പെട്ടിരുന്ന തോപ്പിൽഭാസിയും എസ് എൽ പുരവും ഒരു നാടകത്തിനു വേണ്ടി ഒരുമിച്ചു ചേരുന്നു എന്നതായിരുന്നു എല്ലാറ്റിലും വലിയ സവിശേഷത. ഈ രണ്ടു വിശേഷങ്ങളോട് ചേർത്തു വെക്കാവുന്ന മറ്റൊരു പ്രത്യേകത കൂടി ആ നാടകത്തിനുണ്ടായിരുന്നു. അത് ആ നാടകത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടനായിരുന്നു. കഷ്ടിച്ചു നാൽപ്പത് വയസ്സ് പിന്നിട്ട ആ നടൻ അഭിനയിച്ച വേഷം റിട്ടയർ ചെയ്യാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ള ഒരു പോലീസുകാരന്റേതായിരുന്നു. ഭാര്യയും തൊഴിലില്ലാത്ത രണ്ടാൺമക്കളും മകളും മരുമകളുമെല്ലാമുള്ള കുടുംബത്തിന്റെ പ്രാരാബ്ധം മുഴുവനും തലയിലേറ്റിയ ഒരു പോലീസുകാരൻ. ലോകത്തൊന്നിനെയും കൂസാത്ത മട്ടിൽ ഹാസ്യവും പരിഹാസവും കലർന്ന മർമ്മത്തിൽ ചെന്നുതറയ്ക്കുന്ന സംഭാഷണങ്ങൾ കൊണ്ട് പ്രേക്ഷകരെയാകെ കയ്യിലെടുത്ത ഹെഡ് കോൺസ്റ്റബിൾ ഗോവിന്ദൻ ഇപ്പോഴും കൺമുമ്പിലുണ്ട്. ഭാര്യയെ സദാനേരവും ഓരോന്നു പറഞ്ഞ് കളിയാക്കിയും നർമ്മരസത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന തൊഴിൽരഹിതനായ ഇളയ മകനോട് മത്സരിച്ച് തമാശ പറഞ്ഞും ജോലിയില്ലാത്ത മൂത്ത മകനെ ശകാരിക്കുകയും പരിഹസിക്കുകയും അവനിൽ വല്ലാത്തൊരു കോംപ്ലക്സ് ജനിപ്പിക്കുന്ന രീതിയിൽ മരുമകളോട് വാത്സല്യം കാണിക്കുകയും ഒക്കെ ചെയ്തുകൊണ്ട് നാടകമാകെ നിറഞ്ഞു നിൽക്കുകയാണ് ഹെഡ് കോൺസ്റ്റബിൾ ഗോവിന്ദൻ.

തൊഴിലില്ലായ്മ യുവാക്കളിലുണ്ടാക്കുന്ന കടുത്ത നിരാശയും അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളുമായിരുന്നു 'സിംഹം ഉറങ്ങുന്ന കാടി'ന്റെ പ്രമേയം. ഗോവിന്ദന്റെ അവിചാരിതമായ മരണത്തെത്തുടർന്നുള്ള ശോകാന്തരീക്ഷത്തിലേക്കാണ് അവസാനരംഗത്തിന്റെ യവനിക ഉയരുന്നത്. കാണികൾക്ക് അടുത്ത ആഘാതമേല്പിച്ചുകൊണ്ട് ഗോവിന്ദനെ കൊലപ്പെടുത്തിയതിന്റെ പേരിൽ ഇളയ മകനെ പോലീസ് അറസ്റ്റ്‌ ചെയ്യാൻ എത്തുന്നു. സർവീസിലിരിക്കുന്ന അച്ഛൻ മരിച്ചാൽ വിദ്യാഭ്യാസയോഗ്യതയുള്ള മക്കൾക്ക് ജോലി നല്കുന്ന നിയമം ചൂണ്ടിക്കാട്ടി മൂത്തമകനാണ് അനുജനെ ഈ കൊലപാതകം നടത്താൻ പ്രേരിപ്പിച്ചത്. എന്നാൽ പ്രായമധികരിച്ചതുകൊണ്ട് തനിക്ക് ഇനിയൊരു ജോലി കിട്ടാൻ സാധ്യത യില്ലെന്നറിയുന്ന അയാൾ അച്ഛനെ കൊലപ്പെടുത്തിയ അനുജനെ പോലീസിന് ഒറ്റുകൊടുക്കുകയാണ്.

തൊഴിലില്ലായ്മ മനുഷ്യനെ ഏതു കടുംകൃത്യത്തിനും പ്രേരിപ്പിക്കും എന്നു വിളിച്ചുപറഞ്ഞ 'സിംഹം ഉറങ്ങുന്ന കാടി'ലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ മിക്കവരും ഒന്നാന്തരം അഭിനേതാക്കളായിരുന്നു. ഇളയ മകനായി അഭിനയിച്ച ചെറായി സുരേഷിനെ പ്രത്യേകമോർമ്മിക്കുന്നു. ആദ്യം കുറച്ചു നാടകങ്ങളിൽ മൂത്ത മകനായി അഭിനയിച്ച മഹേഷ് എന്ന നടൻ അത്ര നന്നായില്ലെങ്കിലും ഒരിടവേളയ്ക്ക് ശേഷം കെപിഎസി -യിലേക്ക് മടങ്ങിയെത്തിയ വിഖ്യാത നടൻ പ്രേമചന്ദ്രൻ ആ വേഷമേറ്റെടുത്തതോടെ അതിന് ഒരുപാട് മാനങ്ങൾ കൈവന്നു.


കൈനകരി തങ്കരാജ്, മൂലധനം എന്ന നാടകത്തില്‍ നിന്ന്
കൈനകരി തങ്കരാജ്, മൂലധനം എന്ന നാടകത്തില്‍ നിന്ന്

എന്നാൽ ഇവരെയൊക്കെ കടത്തിവെട്ടിക്കൊണ്ട് ആ നാടകത്തിലുടനീളം നിറഞ്ഞാടിയത് കേന്ദ്രകഥാപാത്രമായ ഗോവിന്ദന്റെ വേഷമെടുത്ത ആ നടനാണ്. കൈനകരി തങ്കരാജ്. അനായാസവും അയത്നലളിതവുമായ അഭിനയം കൊണ്ട് പ്രൊഫഷണൽ നാടകവേദിയിൽ കുറച്ചുകാലം കൊണ്ടുതന്നെ ശ്രദ്ധേയനായി മാറിയ ആ നടനെ ആന്നെ ഗോവിന്ദന്റെ വേഷത്തിലഭിനയിപ്പിക്കണമെന്നുള്ളത് എസ്എൽ പുരത്തിന്റെ നിർബന്ധമായിരുന്നു.

തമാശയായിരുന്നു തങ്കരാജിന്റെ തട്ടകം. എന്നാൽ കച്ചവടനാടകങ്ങളുടെ സാമ്പ്രദായിക ചട്ടക്കൂടിൽ അകപ്പെട്ടുപോകാതെയുള്ള സ്വാഭാവികാഭിനയ ശൈലി, പ്രത്യേകിച്ച് ആ തനി നാടൻ സംഭാഷണരീതി തങ്കരാജിനെ വേറിട്ടുനിറുത്തി. കാമ്പും കാര്യഗൗരവവുമുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ തങ്കരാജ് അരങ്ങത്ത് കസറും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് എസ്എൽ പുരം ഗോവിന്ദനെ അവതരിപ്പിക്കാൻ ആ നടൻ തന്നെ വേണമെന്ന് വാശിപിടിച്ചത്.

കെ പിഎസി-യിൽ എത്തിയപ്പോഴോ? അഭിനേതാവിന്റെ യഥാർത്ഥ പ്രതിഭ കണ്ടറിഞ്ഞ് അയാളുടേതായ തനതു ശൈലിയെ തട്ടിയുണർത്തി പ്രോത്സാഹിപ്പിച്ച്‌, വ്യത്യസ്തങ്ങളായ അഭിനയവഴികളിലൂടെ അയാളെ കൈപിടിച്ചു നടത്തി കഥാപാത്രങ്ങളുടെ ആത്മാവിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന തോപ്പിൽ ഭാസിയുടെ സംവിധാനശൈലിയാണ് അവിടെ തങ്കരാജിനെ കാത്തിരിപ്പുണ്ടായിരുന്നത്.

തങ്കരാജ് കെ പിഎസി-യിലഭിനയിച്ച അടുത്ത നാടകം തോപ്പിൽ ഭാസി തന്നെ രചനയും സംവിധാനവും നിർവഹിച്ച 'സൂക്ഷിക്കുക ഇടതുവശം പോകുക' ആയിരുന്നു. ഒരു ഡാം പണിയുടെ പശ്ചാത്തലത്തിൽ മത, വർഗീയരാഷ്ട്രീയ ശക്തികളെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന ദുരന്തങ്ങളും സംഘടിത തൊഴിലാളിവർഗത്തിന്റെ തിരിച്ചറിവുകളുമൊക്കെ ചേർന്നതായിരുന്നു തീം. വില്ലനിയുടെ കടുപ്പമിത്തിരി കൂടിയ ഒരു കോൺട്രാക്ടറുടെ വേഷമാണ് തങ്കരാജ് അഭിനയിച്ചതെന്ന് ഞാനോർക്കുന്നു. നാടകത്തിൽ നായകനും നായികയുമൊക്കെ വേറെ ഉണ്ടായിരുന്നെങ്കിലും ഒന്നാം രംഗം തൊട്ടുതന്നെ പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്തത് വളരെ flexible ആയ അഭിനയം കാഴ്ച്ചവെച്ച തങ്കരാജ് തന്നെയായിരുന്നു.

ഇതിനിടയിൽ കെപിഎസി-യുടെ ചില പഴയ നാടകങ്ങളുടെ പുനരവതരണത്തിലും തങ്കരാജ് മിന്നിത്തിളങ്ങി. ആദ്യം പ്രതിഭാ ആർട്‌സ് ക്ലബ്ബും പിന്നീട് കെപിഎസി -യും രംഗത്ത് കൊണ്ടുവന്ന തോപ്പിൽ ഭാസിയുടെ മൂലധനത്തിലെ മാട്ടറപ്പുകാരൻ അസ്സനാര് കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നു. പ്രതിഭയുടെ നാടകത്തിൽ ശങ്കരാടിയും കെ പിഎസിയ്ക്ക് വേണ്ടി കെ പി ഉമ്മറും ഗംഭീരമാക്കിയ ആ വേഷത്തിൽ തങ്കരാജ് തന്റേതായ ആ പ്രത്യേക ശൈലിയിലൂടെ തകർത്തഭിനയിച്ചു.

കെപിഎസി എനിക്ക് ഗുരുകുലമാണ്.നാടകകലയുടെ ശാസ്ത്രീയപാഠങ്ങൾ ഞാൻ കെപി എസി-യിൽ വെച്ചാണ് കൈവശപ്പെടുത്തുന്നത്." ഒരിക്കൽ തങ്കരാജ് പറഞ്ഞു. കെ പിഎസി യുടെ കൺവീനറായി പ്രവർത്തിച്ചിട്ടുള്ള തങ്കരാജ് സമിതിയിൽ നിന്ന് വിട പറഞ്ഞപ്പോൾ ഭാസി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഗംഭീര യാത്രയയപ്പ് നൽകിയാണ് പറഞ്ഞയച്ചതെന്ന് കേട്ടിട്ടുണ്ട്.

കൈനകരി തങ്കരാജ്

കെപിഎസി-ക്ക് മുമ്പും അതിനുശേഷവും ധാരാളം നാടകസമിതികളിൽ പ്രവർത്തിച്ചു. ഒന്നിനോടൊന്ന് വേറിട്ടുനിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതിനൊക്കെ ശേഷമാണ് സിനിമയിലേക്കുള്ള വരവ്.എന്നാൽ 1970 കളിൽ തന്നെ ഉദയായുടെ ആനപ്പാച്ചൻ, അച്ചാരം അമ്മിണി ഓശാരം ഓമന തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ തങ്കരാജ് അഭിനയിക്കുന്നത് നന്നായി ഓർമ്മിക്കുന്നു.

പിന്നീട് അരങ്ങത്തേക്ക് മടങ്ങിപ്പോയ തങ്കരാജിനെ മലയാളസിനിമാ പ്രേക്ഷകർ വീണ്ടും കാണുന്നത് അണ്ണൻ തമ്പി എന്ന സിനിമയിലൂടെയാണെന്നു തോന്നുന്നു.തുടർന്ന് ആമേൻ വന്നു.എന്നാൽ പ്രേക്ഷകർ നെഞ്ചോടു ചേർത്ത പ്രകടനം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 'ഈ.മ.യൗ' എന്ന ചിത്രത്തിലെ വാവച്ചൻ."ഇത്രയും കാലം ഇതെവിടെയായിരുന്നു?" എന്ന് ചോദിക്കാൻ അതുവരേക്കും നാടകത്തിലോ സിനിമയിലോ ഒന്നും തങ്കരാജിനെ കാണാൻ അവസരം കിട്ടിയിട്ടില്ലാത്ത പുതിയ തലമുറയെ പ്രചോദിപ്പിച്ച പ്രകടനം. അസൂയ ജനിപ്പിക്കുന്ന ആ അഭിനയപാടവത്തെ നേരാംവണ്ണം ഉപയോഗപ്പെടുത്തുന്ന അവസരങ്ങളൊന്നുമുണ്ടാകാൻ വിധി അനുവദിച്ചുമില്ല.


കൈനകരി തങ്കരാജ്, 'ഈമയൗ' എന്ന ചിത്രത്തില്‍ നിന്ന്
കൈനകരി തങ്കരാജ്, 'ഈമയൗ' എന്ന ചിത്രത്തില്‍ നിന്ന്

മലയാള നാടകവേദി സിനിമയ്ക്ക് സമ്മാനിച്ച അസാമാന്യ പ്രതിഭകൾ ഏറെപ്പേരുണ്ട്. മലയാളത്തിലെ ആദ്യത്തെ സൂപ്പർതാരമായ തിക്കുറിശ്ശി സുകുമാരൻ നായർ മുതൽ എം.ജി.സോമൻ വരെ. ആറന്മുള പൊന്നമ്മ മുതൽ കെ പി എ സി.ലളിത വരെ.സത്യനും നസീറും മധുവും ഉമ്മറും ഭാസിയും ബഹദൂറും മുത്തയ്യയും കവിയൂർ പൊന്നമ്മയും എന്നുവേണ്ട ഒരുകാലത്ത് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന നടന്മാരും നടിമാരുമൊന്നടങ്കം അരങ്ങത്ത് പിച്ചവെച്ചു തുടങ്ങിയവരായിരുന്നു. അതിൽ ചിലരൊക്കെ അവിടെ ഒരു വലിയ ഇന്നിംഗ്സ് പൂർത്തിയാക്കിയതിനു ശേഷമാണ് അഭ്രപാളികളിൽ ഭാഗ്യം പരീക്ഷിക്കാനെത്തിയത്. അങ്ങനെ നമുക്കൊരു കൊട്ടാരക്കര ശ്രീധരൻ നായരെയും പി ജെ ആന്റണിയെയും ശങ്കരാടിയെയും തിലകനെയും നെടുമുടി വേണുവിനെയും മുരളിയെയും ഒടുവിൽ ഉണ്ണികൃഷ്ണനെയും രാജൻ പി. ദേവിനെയും ലളിതയെയും കിട്ടി. എന്നാൽ അഭിനയശേഷി മാത്രമല്ല അവരെ തുണച്ചത് എന്നതും സത്യം. ഏറ്റവും അനുയോജ്യമായ സമയത്ത് അവരെ തേടിച്ചെന്ന അവസരങ്ങൾ, ' ഓരോരുത്തരുടെയും കഴിവ് കണ്ടറിഞ്ഞ് കൈപിടിച്ചുയർത്തിയ സുമനസ്സുകൾ, എല്ലാത്തിനുമപ്പുറം സിനിമാക്കാർ എപ്പോഴുമെടുത്തെടുത്തു പറയുന്ന ഭാഗ്യം എന്ന ഘടകം. ഈ കാര്യങ്ങൾ ഒന്നും പിന്തുണയ്ക്കാനെത്താത്ത എത്രയെത്ര പ്രതിഭാശാലികളുണ്ട്, ചലച്ചിത്രരംഗത്തേക്ക് പ്രവേശനം കിട്ടാതെയോ കിട്ടിയ അവസരങ്ങളിൽ വിചാരിച്ചതുപോലെ വെട്ടി ത്തിളങ്ങാനാകാതെയോ അരങ്ങത്തു തന്നെ ആയുഷ്ക്കാലം മുഴുവൻ ഒതുങ്ങി കൂടേണ്ടി വന്നവരായി? സ്റ്റേജ് അഭിനയത്തിന്റെ സഹജഭാവങ്ങളായ മെലോഡ്രാമയും ലൗഡ് ആക്ടിംഗുമൊക്കെയായിരിക്കാം അവർക്ക് രൂപത്തിലും ഭാവത്തിലുമൊക്കെ ഏറെ മാറിപ്പോയ പുതിയ സിനിമയിലേക്ക് വലതുകാൽ വെച്ചു കയറാൻ വിലങ്ങുതടിയായത്. പക്ഷെ അതിനെക്കാളും അവർക്ക് പ്രതികൂലമായത് ഭാഗ്യമെന്ന ആ ഒരു ഘടകം തന്നെയാണെന്നു തോന്നുന്നു.

1960-കളിൽ കെപിഎസി നാടകങ്ങളിലൂടെ അരങ്ങു കീഴടക്കിയ ലീല എന്ന അഭിനേത്രി അതിനുദാഹരണമാണ്. തുലാഭാരം, കൂട്ടുകുടുംബം എന്നീ നാടകങ്ങളിൽ ലീല കാഴ്ച്ചവെച്ച അഭിനയപാടവത്തെ മറികടക്കാൻ അതേ വേഷങ്ങൾ സിനിമയിൽ അവതരിപ്പിച്ച ശാരദയ്ക്ക് സാധിച്ചില്ല. അന്ന് ലീലയുടെ സെക്കൻഡ് ഹീറോയിനായിരുന്ന ലളിത സിനിമയിൽ തിരക്കുള്ള നടിയായി മാറിയപ്പോൾ അവർക്ക് വളരെ മുൻപേ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ലീല അഭിനയത്തോട് തന്നെ വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. വർഷങ്ങൾക്ക് ശേഷം ജയരാജിന്റെ രൗദ്രം എന്ന ചിത്രത്തിലൂടെ സിനിമയിൽ മടങ്ങിയെത്തിയ ലീലയ്ക്ക് സൂക്ഷ്മാഭിനയത്തിന്റെ കാര്യത്തിൽ പ്രകടിപ്പിച്ച മികവിന്റെ പേരിൽ സംസ്ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചെങ്കിലും പ്രമുഖ സംവിധായകരാരും അവരെ ഇനിയും തേടിച്ചെന്നിട്ടില്ല.

കൈനകരി തങ്കരാജിന്റെ കാര്യവും ഏതാണ്ടതുപോലെയാണെന്ന് എനിക്കു തോന്നുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സ്വഭാവ നടന്മാരുടെ ഒരു വലിയ നിര തന്നെ ഒന്നടങ്കം മലയാളത്തിൽ നിന്ന് അരങ്ങൊഴിഞ്ഞു പോയതിനു ശേഷവും തങ്കരാജിനെപ്പോലെ ഒരൊന്നാന്തരം നടനെ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയാഞ്ഞത് ആരുടെ കുറ്റമാണ്? തിലകനൊക്കെ ചെയ്ത മാതിരിയുള്ള വേഷങ്ങൾ തങ്കരാജ് എത്ര സുന്ദരമായി, ഭാവദീപ്തിയോടെ അവതരിപ്പിച്ചേനെ? തന്റെ പിതാവിന്റെ ഒപ്പം നാടകം കളിച്ചുനടന്ന ആ പഴയ നടനപ്രതിഭയെ-വീണ്ടും ആ വാക്ക് തന്നെ പറയട്ടെ-നന്നായി ഉപയോഗപ്പെടുത്താൻ ലിജോ ജോസ് പെല്ലിശ്ശേരി കാണിച്ച ബ്രില്യൻസിന് നന്ദി.

കൈനകരി തങ്കരാജിനെ ഞാനാദ്യം കാണുന്നത് എഴുപത്തിരണ്ടിലോ മറ്റോ ചങ്ങനാശ്ശേരി ഗീഥാ ആർട്ട്സ് ക്ലബ്ബിന്റെ (?) ഒരു നാടകത്തിലാണെന്നാണ് ഓർമ്മ. അദ്ദേഹത്തിന്റെ അഭിനയത്തിലെ അനായാസതയും നർമ്മരംഗങ്ങളഭിനയിപ്പിക്കുമ്പോൾ കാണിച്ച അസാധ്യ 'ടൈമിംഗും' അന്നേ മനസിൽ പതിഞ്ഞതാണ്. പത്രപ്രവർത്തകനായ അച്ഛനോടൊപ്പം ഗ്രീൻ റൂമിൽ പോയി എല്ലാവരെയും പരിചയപ്പെട്ട കൂട്ടത്തിൽ ഇരുണ്ട നിറവും പൊടി മീശയുമുള്ള ഈ ചെറുപ്പക്കാരനേയും പരിചയപ്പെട്ടു. പിന്നീട് തിരുവനന്തപുരത്ത് നാടകം കളിക്കാൻ വരുമ്പോൾ പലപ്പോഴും അച്ഛനെ കാണാൻ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നതും ഓർമ്മകളിലുണ്ട്.

'സിംഹം ഉറങ്ങുന്ന കാട്' കളിക്കുന്ന സമയത്ത് ഉദ്ഘാടനത്തിന് ശേഷം കുറേ നാളുകൾ കഴിഞ്ഞ് "നാടകത്തിൽ കുറേ മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്, വന്നുകാണണം" എന്ന് എന്നെ വിളിച്ചു പറഞ്ഞു. അന്ന് വൈകിട്ട് തിരുവനന്തപുരം കാർത്തിക തിരുനാൾ തീയേറ്ററിൽ പാസുമായി എന്നെയും സുഹൃത്തുക്കളെയും തങ്കരാജ് ചേട്ടൻ കാത്തു നിന്നത് എനിക്ക് അല്പം 'ഗമ' പകർന്നു നൽകിയ അനുഭവമായി. കെപിഎസി -യിലുണ്ടായിരുന്ന നാളുകൾക്ക് ശേഷം നേരിട്ടോ നാടകത്തിലോ അങ്ങനെ കാണാൻ ഇടവന്നിട്ടില്ല. ആമേനും ഈമയൗവും കണ്ടപ്പോൾ സന്തോഷമായി. ശങ്കരാടിയും തിലകനും കെട്ടിയിരുന്ന വേഷങ്ങൾ ചെയ്യാൻ ഇതാ ഒരാൾ എന്നു കരുതിയെങ്കിലും അത് നടന്നില്ല.

ഞാൻ ദൂരദർശനിലുണ്ടായിരുന്നപ്പോൾ അദ്ദേഹത്തെ അതിഥിയായി ക്ഷണിച്ച് ഒരു നല്ല അഭിമുഖപരിപാടി നടത്തി എന്ന ചാരിതാർത്ഥ്യമുണ്ട്. അന്ന് തമ്മിൽ കാണാൻ സാധിക്കാഞ്ഞതുകൊണ്ട് ഫോണിൽ വിളിച്ച് ഒരുപാട് നേരം സംസാരിക്കുകയും ചെയ്തു. ഓർമ്മകൾക്ക് അല്പം മങ്ങലേറ്റിട്ടുണ്ടായിരുന്നെങ്കിലും എന്റെ അച്ഛനുമായി ഉണ്ടായിരുന്ന അടുപ്പത്തെ കുറിച്ചുമൊക്കെ കുറെ വാചാലനായി.

അഭിനയകലയുടെ ആഴം കണ്ട കുറെയധികം പ്രതിഭാധനരെക്കൊണ്ട് അനുഗൃഹീതമായിരുന്നു, ഒരിക്കൽ മലയാള സിനിമ. അവരാരും ഒരിക്കലും 'ടിപ്പിക്കൽ ഹീറോ മെറ്റീരിയൽ' ആയിരുന്നില്ല. പക്ഷേ, ഭാവാവിഷ്ക്കരണത്തിന്റെ കാര്യത്തിൽ അവർ നായകന്മാർക്കും അപ്പുറം നിൽക്കുന്നവരായിരുന്നു. അക്കൂട്ടത്തിൽ ഒരാളാകാൻ എല്ലാം കൊണ്ടു യോഗ്യതയുള്ള നടനായിരുന്നു കൈനകരി തങ്കരാജ്. നേരത്തെ പറഞ്ഞ ഭാഗ്യം എന്ന ആ ഘടകമുണ്ടല്ലോ, അതുണ്ടാകാതെ പോയത് നമ്മൾ പ്രേക്ഷകർക്കും മലയാള സിനിമയ്ക്കുമാണ്.

Related Stories

No stories found.
The Cue
www.thecue.in