അന്നുമിന്നും നാരായണിയെ മറ്റൊരാള്‍ക്കും ലളിതയോളം ഭംഗിയാക്കാനാകില്ല: അടൂര്‍ ഗോപാലകൃഷ്ണന്‍

adoor gopalakrishnan on kpac lalitha

adoor gopalakrishnan on kpac lalitha

നാരായണിയെ മറ്റൊരാള്‍ക്കും ലളിതയോളം ഭംഗിയാക്കാനാകില്ല

വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകള്‍' കഥ എന്ന നിലയ്ക്ക് തന്നെ വളരെ പ്രശസ്തമായിരുന്നു. അതുകൊണ്ട് 'മതിലുകള്‍' സിനിമയാക്കാന്‍ അന്ന് പല നിര്‍മ്മാതാക്കളും തയ്യാറായി. ചിലരൊക്കെ ബഷീറില്‍ നിന്ന് അവകാശം വരെ വാങ്ങിച്ചു. പക്ഷേ സ്‌ക്രിപ്റ്റ് ഒക്കെ എഴുതി പ്രൊഡക്ഷന്‍ ഘട്ടമെത്തിയപ്പോള്‍ അവര്‍ക്കെല്ലാം സംശയങ്ങളായി. സ്‌ക്രീനില്‍ ഒരു നായികയെ കാണിക്കാന്‍ ഇല്ലാതെ എങ്ങനെ സിനിമ ചെയ്യും എന്നതായിരുന്നു അവരെ അലട്ടിയത്. ആ ചോദ്യത്തിന്റെ മുന്‍പില്‍ അവര്‍ക്കൊരു ഉത്തരം ഇല്ലായിരുന്നു. അങ്ങനെ ഓരോരുത്തരായി മതിലുകള്‍ സിനിമ ആക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ചു.

1967ല്‍ മതിലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ തന്നെ ഞാന്‍ വായിച്ചിരുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട കഥയുമായിരുന്നു. സ്വന്തമായി കഥ എഴുതിയാണ് ഞാന്‍ പൊതുവേ സിനിമ എടുക്കാറ്. പക്ഷെ ആ സമയത്ത് എനിക്ക് തൃപ്തികരമായൊരു ആശയം ലഭിച്ചിരുന്നില്ല. അങ്ങനെ ഞാന്‍ മതിലുകള്‍ ഒന്നൂടെ എടുത്ത് വായിച്ചു നോക്കി. വായിച്ചു കഴിഞ്ഞപ്പോള്‍ അതില്‍ ഒരു വെല്ലുവിളി കാണാനായി. സ്ത്രീ കഥാപാത്രത്തെ കാണിക്കാതെ ഒരു സിനിമ ചെയ്യുക എന്ന വെല്ലുവിളി.

ജയില്‍ മതിലിനുള്ളില്‍ ബഷീര്‍ കഴിയുന്ന സമയത്ത് മതിലിനപ്പുറത്തെ സ്ത്രീകളുടെ വാര്‍ഡിലുള്ള നാരായണിയുമായി സംസാരിക്കുന്നത്. അതെനിക്ക് വളരെ രസകരമായൊരു സംഗതിയായി തോന്നി. അങ്ങനെയാണ് മതിലുകള്‍ സിനിമ ചെയ്യാനായി ഞാന്‍ തീരുമാനിക്കുന്നത്.

മതിലുകളുടെ അവകാശം വാങ്ങാന്‍ ഞാന്‍ ബഷീറിനെ കണ്ടു. 'ആരാണ് നാരയണിയായി അഭിനയിക്കുന്നത് എന്നാണ് ബഷീര്‍ എന്നോട് ചോദിച്ചത്. കുസൃതിച്ചോദ്യമായിരുന്നു അത്. 'സിനിമയില്‍ നാരായണിയെ കാണിക്കുന്നില്ല' എന്നായിരുന്നു എന്റെ മറുപടി. 'പടം നന്നാവുമല്ലോ' എന്നിയിരുന്നു ബഷീര്‍ അതിനോട് പ്രതികരിച്ചത്.

മതിലുകളില്‍ നാരായണി എന്ന് പറയുന്ന ആളുടെ ശബ്ദം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ആ ശബ്ദത്തിലൂടെ ഒരു കഥാപാത്രത്തെ പ്രേക്ഷകര്‍ ഉള്‍ക്കൊള്ളണം. ആ സ്ത്രീയെ നമ്മള്‍ കാണുന്നേയില്ല. ശബ്ദവുമായാണ് നമ്മള്‍ സംവദിക്കുന്നത്. അതുകൊണ്ട് നാരായണി സംസാരിക്കുന്ന രീതി, പറയുന്ന വിഷയം, എത്രമാത്രം കാര്യങ്ങള്‍ കൊള്ളിച്ച് പറയാം എന്നതൊക്കെ പ്രധാനമാണ്. മതിലിന് മറുവശത്ത് നില്‍ക്കുന്നത് ഒരു പുരുഷനാണ്, ഇരുവരും ഏകാന്തരാണ്. അവര്‍ക്കിടയില്‍ വെറും ആണും പെണ്ണും എന്ന നിലക്കുള്ള ഒരു സംസാരമായാണ് സംഭാഷണം പോകുന്നത്. ബഷീര്‍ വളരെ മനോഹരമായാണ് അത് എഴുതിയിരിക്കുന്നത്. അത്ര തന്നെ ഭംഗിയോട് കൂടി സിനിമയില്‍ അവതരിപ്പിക്കാന്‍ സാധിക്കണം. അതിനായിരുന്നു തുടര്‍ന്നുള്ള എന്റെ ശ്രമം.

നാരായണിയാകാന്‍ പല ആളുകളെയും ഞാന്‍ ആദ്യം ഓഡിഷനെല്ലാം ചെയ്തു നോക്കി. ചിലരൊക്കെ നല്ല ശബ്ദമാണ്, പക്ഷെ റെന്‍ഡറിങ്ങ് ഒട്ടും ശരിയാകുന്നില്ല. മറ്റു ചിലര്‍ക്ക് റെന്‍ഡര്‍ ചെയ്യാന്‍ കഴിയുന്നുണ്ട് പക്ഷെ ശബ്ദം നല്ലതല്ല. അങ്ങനെ അവസാനം ഞാന്‍ ലളിതയോട് തന്നെ പറഞ്ഞു. ലളിത തന്നെ നാരായണിയാകുന്നതാകും നല്ലതെന്ന്. അങ്ങനെയാണ് ലളിതയെ കൊണ്ട് വരുന്നത്. ലളിത അത്യന്തം മനോഹരമായി നാരായണിയെ അവതരിപ്പിച്ചു. മലയാളത്തില്‍ ഉള്ള ആര്‍ക്കും നാരായണിയെ അത്രയും ഭംഗിയായി അവതരിപ്പിക്കാന്‍ സാധിക്കുകയില്ലെന്നത് എനിക്ക് തീര്‍ച്ചയാണ്. അന്നും സാധിക്കില്ല, ഇന്നും സാധിക്കില്ല. അങ്ങനെ ലളിതയിലൂടെ, വളരെ പ്രശസ്തമായി മാറുകയായിരുന്നു ആ ശബ്ദവും നാരായണിയും.

അതിഥിയല്ല, വീട്ടിലുള്ള ഒരാള്‍

ലളിത ഒരിക്കലും തിരക്കുള്ള ഒരു നടിയുടെ ഭാവങ്ങള്‍ സെറ്റില്‍ വരുമ്പോള്‍ കാണിച്ചിട്ടില്ല. അവര്‍ നമ്മുടെ യൂണിറ്റിലെ ഒരു അംഗമായി മാറും. അതുകൊണ്ട് നമുക്ക് ഒരിക്കലും ഒരു അതിഥി വന്നതായി തോന്നില്ല. വീട്ടില്‍ ഉള്ള ഒരാളായി മാത്രമേ എനിക്ക് ലളിതയെ തോന്നൂ. ബഹുമാനം കൊടുക്കേണ്ടവര്‍ക്ക് ബഹുമാനവും സ്‌നേഹം കൊടുക്കേണ്ടവര്‍ക്ക് സ്‌നേഹവും കൊടുക്കാന്‍ ലളിത മറക്കില്ല. അതുകൊണ്ട് തന്നെയാണ് ലളിതയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും നമ്മുടെ സ്വന്തം ആളായി തോന്നുന്നത്.

വ്യക്തിജീവിതത്തിലെ ദുരന്തങ്ങള്‍ സിനിമയില്‍ മുതല്‍ക്കൂട്ട്

പല അഭിനേതാക്കളുടെയും വ്യക്തിജീവിതത്തില്‍ ഒരുപാട് ദുരന്തങ്ങള്‍ ഉണ്ട്. ചാപ്ലിനെ പോലൊരു നടന്‍ എല്ലാവരെയും ചിരിപ്പിച്ച ആളാണ്. പക്ഷെ അദ്ദേഹത്തിന്റെ ബാല്യം അതിഭീകരമായിരുന്നു. വളരെ കഷ്ടതകളായിരുന്നു. ഏതാണ്ട് അനാഥ ജീവിതം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍ മനസിലാകും, ഹാസ്യത്തിന്റെ ഏറ്റവും അടിത്തട്ടില്‍ ദുഖങ്ങളായിരുന്നു ചാപ്ലിന്‍ പ്രതിനിധീകരിച്ചതെന്ന്. ഒരുപക്ഷെ വളരെ ദുഖകരമായ ഈ അനുഭവങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിന്റെ ശക്തി വര്‍ദ്ധിപ്പിക്കും. കലയോടുള്ള ആവേശവും, അഭിനേതാവായി നേട്ടമുണ്ടാക്കുനുള്ള ത്വരയും കൂട്ടും. അതുകൊണ്ട് ഇത്തരം ദുരനുഭവങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിന് വലിയ മുതല്‍ക്കൂട്ടായി മാറും. അങ്ങനെയൊരു ഭാഗമുണ്ട് മോശപ്പെട്ട അനുഭവങ്ങള്‍ക്ക്. ലളിതയ്ക്കും അത് അങ്ങനെ തന്നെ ആയിരുന്നിരിക്കണം.

ഓരോ കാലഘട്ടത്തില്‍ ഓരോ പ്രതിഭകള്‍

ഓരോ കാലഘട്ടത്തിലും ഇത്തരം ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാവും. അവര്‍ അവരുടെ സംഭാവനകള്‍ ചെയ്ത് മണ്‍മറഞ്ഞ് പോകും. എന്നാല്‍ മറ്റ് കലാകാരന്‍മാരില്‍ നിന്ന് ഇത്തരം അഭിനേതാക്കള്‍ക്ക് ഒരു വ്യത്യാസമുണ്ട്. അവരുടെ കല അവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാകും. അവര്‍ ഭേദപ്പെട്ട സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ ലോകാന്തരങ്ങളില്‍ തന്നെ അത് വാഴ്ത്തപ്പെടും.

പ്രിയങ്ക രവീന്ദ്രനോട് സംസാരിച്ചത്...

Related Stories

No stories found.
logo
The Cue
www.thecue.in