അച്ഛൻ തന്നു, കള്ളിന്റെ സർട്ടിഫിക്കറ്റ്; എൻ.എൽ. ബാലകൃഷ്ണൻ പറഞ്ഞ ജീവിതം

അച്ഛൻ തന്നു, കള്ളിന്റെ സർട്ടിഫിക്കറ്റ്; എൻ.എൽ. ബാലകൃഷ്ണൻ പറഞ്ഞ ജീവിതം
Summary

''കാശുവാങ്ങി ഒരു മുതലാളിക്കുവേണ്ടിയും ഞാൻ സിനിമയെടുക്കില്ല.''

ആ പ്രഖ്യാപനത്തിൽ നിന്ന് മരണംവരെ ജോൺ പിൻവാങ്ങിയിട്ടില്ല.

പ്രശസ്ത നടനും സ്റ്റിൽ ഫോട്ടോ​ഗ്രാഫറുമായ എൻ.എൽ ബാലകൃഷ്ണന്റെ അനുഭവങ്ങളും ഓർമ്മക്കുറിപ്പുകളും ഉൾക്കൊള്ളിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രമേഷ് പുതിയമഠം തയ്യാറാക്കിയ ഒറ്റ ഫ്രെയിമിൽ ഒതുങ്ങാതെ- സിനിമയും ജീവിതവും എന്ന പുസ്തകത്തിൽ നിന്ന്

കുടുംബത്തിൽ തടി കൂടുതൽ അമ്മയ്ക്കായിരുന്നു. പക്ഷെ മെലിഞ്ഞിട്ടായിരുന്നു അച്ഛൻ. കൃഷിപ്പണിയുമായി നടന്നിരുന്ന കാലത്താണ് അച്ഛനെ കൂലിപ്പട്ടാളത്തിലെടുത്തത്. ഒന്നേകാൽ കൊല്ലം റങ്കൂണിലും ബർമ്മയിലുമായിരുന്നു ജോലി. അതു കഴിഞ്ഞ് പൗഡിക്കോണത്ത് തിരിച്ചെത്തിയപ്പോൾ പോസ്റ്റ്ഓഫീസിലേക്ക് വിളിപ്പിച്ചതാണ്. പക്ഷേ പ്രാഥമിക വിദ്യാഭ്യാസമില്ലാത്തതിനാൽ ജോലി കിട്ടിയില്ല. വീണ്ടും പാണാട്ടുവിളയിലെ നാലേക്കർ സ്ഥലത്തെ കൃഷിക്കാരനായി നാരായണൻ എന്നുപേരുള്ള എന്റെയച്ഛൻ.

ഒറ്റ മകനായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം ഏറെയുണ്ടായിരുന്നു. സ്‌കൂളിൽ പോകുന്നതിനു മുമ്പുതന്നെ ഞാൻ തടിയനായിരുന്നു. എന്തു ഭക്ഷണം കൊണ്ടുവച്ചാലും അതിനൊപ്പം മുട്ടയുമുണ്ടാവും. അതായിരുന്നു അമ്മയുടെ സ്‌പെഷൽ. രാവിലെയും വൈകുന്നേരവും രാത്രിയും മുട്ട ശീലിച്ചതോടെ എന്റെ വളർച്ച വേഗത്തിലായി. ആദ്യമെത്തിയ ദിവസം തന്നെ കരിയം പ്രൈമറി സ്‌കൂളിലെ കുട്ടികൾ സ്‌നേഹത്തോടെ എനിക്കൊരു പേരിട്ടു-തടിയൻ ബാലൻ.

സ്‌കൂൾ വിട്ട് വീട്ടിലെത്തിയാൽ ബാറിട്ടുകെട്ടിയ പുസ്തകങ്ങൾ മേശപ്പുറത്തേക്ക് വലിച്ചൊരേറാണ്. പിന്നെ എന്നെ കാണണമെങ്കിൽ മുക്കിൽക്കടയിലെ ഏതെങ്കിലും കുളക്കരയിൽ വരണം. കൂട്ടുകാർക്കൊപ്പം നീന്തിത്തിമർത്ത് വീട്ടിലെത്തുമ്പോഴേക്കും പലപ്പോഴും രാത്രി എട്ടുമണി കഴിഞ്ഞിരിക്കും.

ദൂരെ നിന്ന് അച്ഛന്റെ പാട്ടുകേൾക്കാം. എല്ലുമുറിയെ പണിയെടുക്കുന്ന അച്ഛന് വൈകിട്ട് അഞ്ചര കഴിഞ്ഞാൽ ചെറുതായി ഒന്നു 'മിനുങ്ങണം'. മൂന്നു നാലു സുഹൃത്തുക്കളുണ്ട്, അച്ഛന്. വീട്ടിൽവച്ചുതന്നെ ചാരായം വാറ്റുന്നവർ. അന്ന് ഇത്ര റെയ്‌ഡൊന്നുമില്ല. ആറുമണി കഴിഞ്ഞാൽ അവർ വെളുത്ത കുപ്പികളിൽ വാറ്റുചാരായവുമായി വീട്ടിലെത്തും. പിന്നീടുള്ള രണ്ടു മണിക്കൂർ നേരം സംസാരവും പാട്ടുമാണ്. കൂട്ടുകാർ കൊണ്ടുവന്നില്ലെങ്കിലും അച്ഛന്റെ കൈയിൽ 'സാധനം' സ്‌റ്റോക്കുണ്ടാവും. അച്ഛന്റെ അനുജൻ മൃത്യുഞ്ജയന് ചാരായക്കച്ചവടമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ പൊടിയും കലക്കും ചേർന്നതല്ല, അന്നത്തെ ചാരായം. നല്ല സ്വയമ്പൻ സാധനം. അച്ഛന് മദ്യം നിർബന്ധമൊന്നുമല്ലെങ്കിലും കൂട്ടുകാർ വന്നാൽ കഴിക്കും. ഇന്നത്തെ ബിവറേജസിനു പകരം അന്ന് ചാരായഷാപ്പുകളായിരുന്നു. 'വിദേശി' വേണമെങ്കിൽ ആരെങ്കിലും പട്ടാളത്തിൽ നിന്നു വരുന്നതുവരെ കാത്തിരിക്കണം.

കൂട്ടുകാരില്ലെങ്കിൽ ഒറ്റയ്ക്കിരുന്നും അച്ഛൻ കഴിക്കും. ആ സമയത്ത് ഞാനും അടുത്തുപോയിരിക്കും. നല്ലിളംകള്ള് ചില്ലിൻഗ്ല ാസിലൊഴിച്ച് കുടിച്ച് തലകുലുക്കുമ്പോൾ ഞാൻ അച്ഛന്റെ മുഖത്തേക്കൊന്നു സൂക്ഷിച്ചുനോക്കും. ഒരഞ്ചുവയസുകാരന്റെ കൗതുകം. ഒരു ദിവസം കുടിച്ചുകൊണ്ടിരിക്കെ, എന്റെ മുഖത്തേക്കുനോക്കി അച്ഛൻ ചോദിച്ചു.

''എന്താ രുചി അറിയണോ?''

ചിരിച്ചുകൊണ്ട് തലകുലുക്കിയപ്പോൾ ഗ്ലാസിൽ അവശേഷിച്ച കള്ള് എന്റെ നാവിലേക്ക് ആരുംകാണാതെ ഇറ്റിച്ചുതന്നു. കള്ളു കുടിക്കാനുള്ള ലൈസൻസിൽ ആദ്യം ഒപ്പിട്ടുതന്നത് അന്നാണ്. കള്ള് അത്ര മോശം പാനീയമല്ലെന്ന തിരിച്ചറിവുണ്ടായതും അന്നു മുതലാണ്. മുതിർന്നപ്പോൾ ചിലപ്പോഴൊക്കെ കഴിച്ചുതുടങ്ങി. എന്നുവച്ച് സ്ഥിരം മദ്യപാനിയായി മാറിയതുമില്ല. മുതിർന്നപ്പോൾ അച്ഛനോടൊന്നിച്ച് ഒരുപാടു തവണ കഴിച്ചിട്ടുണ്ട്. നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങൾ.

ജോൺ എബ്രഹാം എത്ര കഴിച്ചാലും ഫിറ്റാവില്ല. ഏതു പാതിരായ്ക്ക് വിളിച്ചെഴുന്നേൽപ്പിച്ചാലും സിനിമയെക്കുറിച്ച് ആധികാരികമായിത്തന്നെ സംസാരിക്കും. അവസാനകാലത്ത് ജോണിന് നല്ലൊരു നിർമ്മാതാവിനെ കിട്ടിയിട്ടില്ല. ഒരിക്കൽ രവി മുതലാളി (അച്ചാണി രവി) ഒരു സിനിമയെടുക്കാമെന്ന ഓഫറുമായി ജോണിനെ സമീപിച്ചു. എന്നാൽ ജോൺ സമ്മതിച്ചില്ല.

''കാശുവാങ്ങി ഒരു മുതലാളിക്കുവേണ്ടിയും ഞാൻ സിനിമയെടുക്കില്ല.''

ആ പ്രഖ്യാപനത്തിൽ നിന്ന് മരണംവരെ ജോൺ പിൻവാങ്ങിയിട്ടില്ല.

ഒരിക്കൽ വീട്ടിൽവന്നപ്പോൾ ഞാനും ജോണും ഒന്നിച്ചു മദ്യപിച്ചു. ജോണിന്റെ സംസാരരീതികൾ ഇഷ്ടപ്പെട്ടപ്പോൾ അച്ഛനും ഞങ്ങൾക്കൊപ്പം ചേർന്നു. പിറ്റേന്നുമുതൽ ജോണിന്റെ കമ്പനി അച്ഛനായിരുന്നു. ഞാനില്ലാത്തപ്പോഴൊക്കെ ജോൺ നാടൻ ചാരായവുമായോ കള്ളുമായോ അച്ഛനെ കാണാൻ വരും. അവർ മണിക്കൂറുകളോളം ഒന്നിച്ചിരുന്ന് സംസാരിക്കും. പക്ഷെ അത് സിനിമയെക്കുറിച്ചായിരുന്നില്ല.

കൃഷിയായിരുന്നു ഇവർക്കിടയിലെ പ്രധാന വിഷയം. കൃഷി തീർന്നാൽ അച്ഛൻ പട്ടാളക്കഥകളുടെ കെട്ടഴിക്കും. ഒരു കൊച്ചുകുട്ടിയെപ്പോലെ ജോൺ അതുകേട്ട് തലകുലുക്കും. അച്ഛൻ പട്ടച്ചാരായമാണ് അധികവും കഴിക്കുക. ജോണാവട്ടെ വിദേശിയും. ജോൺ ഇംഗ്ലീഷ് പാട്ടുകൾ പാടും. അച്ഛൻ താളംപിടിക്കും. ജോൺ മരിച്ച ദിവസം അച്ഛൻ വലിയ സങ്കടത്തിലായിരുന്നു.

''എടാ, അവൻ ഇത്രയും വലിയ ആളാണെന്നും പ്രശസ്തനായ സംവിധായകൻ ആണെന്നും എനിക്കറിയില്ലായിരുന്നു. ഒരിക്കൽപോലും ഇക്കാര്യം എന്നോടു പറഞ്ഞതുമില്ല.''

അതായിരുന്നു ജോൺ. ജോൺ മരിച്ചതിനുശേഷം അച്ഛൻ ഇടയ്ക്കിടെ പറയും.

''എനിക്കൊരു നല്ല സഹകുടിയനായിരുന്നു അവൻ.''

ഒരിക്കലും സ്വയം പുകഴ്ത്തുന്നത് ജോണിന് ഇഷ്ടമായിരുന്നില്ല. അടൂർ ഗോപാലകൃഷ്ണന്റെ 'കൊടിയേറ്റ'ത്തിൽ ഒറ്റസീനിൽ അച്ഛൻ അഭിനയിച്ചിട്ടുണ്ട്. അടൂർ വലിയ സംവിധായകൻ ആണെന്നൊന്നും അഭിനയിക്കുന്ന സമയത്ത് അച്ഛന് അറിയില്ല. ഒരിക്കലും അച്ഛൻ ടെൻഷനടിക്കുന്നത് കണ്ടിട്ടില്ല. ആ പാതയാണ് ഞാനും പിന്തുടർന്നത്. മരിക്കുന്നതിന്റെ കുറച്ചുദിവസം മുമ്പ് ഒരു ദിവസം അച്ഛൻ എന്നെ അടുത്തേക്കു വിളിച്ചു.

'' ഞാൻ മരിച്ച് വായ്ക്കരിയിടുമ്പോൾ കൂടെ എനിക്കിഷ്ടപ്പെട്ട റമ്മും വയ്ക്കണം. മറ്റൊന്ന് എന്റെ കാലശേഷം നീ മദ്യം കഴിക്കരുത്. ''

രണ്ടാമത്തെ ഉപദേശം സ്വീകരിക്കാൻ എനിക്ക് കഴിയില്ലെന്ന് അറിയാമായിരുന്നെങ്കിലും ഞാൻ തലകുലുക്കിയതേയുള്ളൂ.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു. കർമ്മങ്ങൾ ചെയ്യാനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെ ഞാൻ അകത്തേക്കുപോയി. 'വാസ്തുഹാര'യുടെ ഷൂട്ടിംഗിന്റെ സമയത്ത് കൊണ്ടുവന്ന ഗംഗാജലം വീട്ടിലുണ്ടായിരുന്നു. കിണ്ടിയിൽ അതൊഴിച്ചതിനുശേഷം കൂടെ റമ്മും ഒഴിച്ചു. എന്നിട്ടാണ് കർമ്മം ചെയ്തത്. കണ്ടുനിന്നവരൊക്കെ വിമർശിച്ചെങ്കിലും ഞാനത് മുഖവിലയ്‌ക്കെടുത്തില്ല.

''അച്ഛന്റെ ആഗ്രഹം നടത്തേണ്ടത് മകന്റെ കടമയാണ്.''

കൂടിയിരിക്കുന്നവരോട് എനിക്കതേ പറയാനുണ്ടായിരുന്നുള്ളൂ. പിന്നീടാരും ഒരക്ഷരം മിണ്ടിയില്ല.

G Aravindan and John Abraham  ©  NL Balakrishnan
G Aravindan and John Abraham © NL BalakrishnanNL Balakrishnan

Related Stories

No stories found.
logo
The Cue
www.thecue.in