സുനീത് ചോപ്ര, വിപ്ലവത്തെ ഉളിമൂർച്ചയുള്ള വാക്കുകളിൽ സ്വപ്നം കണ്ട ഒരാൾ

സുനീത് ചോപ്ര, വിപ്ലവത്തെ ഉളിമൂർച്ചയുള്ള വാക്കുകളിൽ സ്വപ്നം കണ്ട ഒരാൾ
Summary

ചുവപ്പു നിറം പെയിന്റിങ്ങിൽ ഉണ്ടെങ്കിൽ സുനീത് ചോപ്ര ആവേശം കൊള്ളുമായിരുന്നു എന്നൊരു തമാശ പ്രചരിച്ചിരുന്നു. എന്നാൽ അത് വെറും തമാശയായിരുന്നില്ല. അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വല്ലാതെ സ്വാധീനിച്ചിരുന്നു.

സി.പി.ഐ(എം) മുൻ കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കർഷക തൊഴിലാളിയുണിയൻ നേതാവും കലാവിമർശകനുമായ സുനീത് ചോപ്രയെക്കുറിച്ച് ജോണി. എം.എൽ എഴുതുന്നു

വിവാൻ സുന്ദരത്തിന്റെ മരണം കലാരംഗത്ത് പടർത്തിയ ദുഃഖം മാറുന്നതിനു മുൻപ് മറ്റൊരു മരണം കൂടി വന്നുചേർന്നിരിക്കുന്നു. പ്രശസ്ത കർഷകത്തൊഴിലാളി സംഘടനാ നേതാവും കലാവിമർശകനുമായ സുനീത് ചോപ്ര അന്തരിച്ചു. ഡൽഹിയിൽ നടക്കാനിരിക്കുന്ന അഖിലേന്ത്യാ കർഷക യൂണിയന്റെ സംഘടനാപരമായ കാര്യങ്ങൾക്കായി ഓഫീസിലേക്ക് പോകും വഴി മെട്രോയിൽ വെച്ച് കുഴഞ്ഞുവീണായിരുന്നു അന്ത്യം. എൺപത്തിയൊന്നു വയസ്സായിരുന്നു. ഒന്നോർത്താൽ സുനീത് ചോപ്ര ആഗ്രഹിച്ചിരുന്ന തരത്തിലുള്ളതാകണം ഈ വിടവാങ്ങൽ; എക്കാലത്തും ജനങ്ങൾക്കിടയിൽ നിൽക്കാൻ ആഗ്രഹിച്ച ഒരാളായിരുന്നു സുനീത് ചോപ്ര.

പരുക്കൻ ഖാദിയിൽ തയ്ച്ച ജുബ്ബയും വെളുത്ത പൈജാമയും കറുത്ത ഫ്രെയിം ഉള്ള കണ്ണടയും കൈയിൽ ഒരുപിടി പത്രങ്ങളും മാസികകളും ഫയലുകളും കാറ്റലോഗുകളുമായി ഗ്യാലറികൾക്കുള്ളിലേക്ക് കടന്നു വരുന്ന സുനീത് ചോപ്രയെ ആണ് ആദ്യമായി ഞാൻ കാണുന്നത്. തൊണ്ണൂറുകളുടെ നടുമദ്ധ്യം. കനത്തു കറുപ്പും വെളുപ്പും കലർന്ന താടിയ്ക്കുള്ളിൽ വിടർന്നു നിൽക്കുന്ന ചിരി. ശബ്ദം മുഴക്കമുള്ളത്. അതുകൊണ്ടു തന്നെ സുനീത് ചോപ്ര വരുന്നതിനു മുൻപേ അദ്ദേഹത്തിന്റെ ശബ്ദം ഗ്യാലറിക്കുള്ളിൽ എത്തും. എല്ലാവരെയും തന്നോട് അടുപ്പിച്ചു കൊണ്ടാണ് സംസാരം. കലാവിമർശകർ പൊതുവെ ടച് മി നോട്ട് നിലപാട് ഉള്ളവരായിരുന്നു. പക്ഷെ സുനീത് ചോപ്ര എല്ലാവരെയും തൊട്ടു; തോളിലും ഹൃദയത്തിലും.

ഡൽഹിയിൽ ഒരു യുവ വിമർശകനായും ക്യൂറേറ്ററായും കോളമിസ്റ്റായും ഒക്കെ പ്രവർത്തിച്ചു തുടങ്ങുമ്പോൾ സുനീത് ചോപ്രയായിരുന്നു എല്ലായിടത്തും നിറഞ്ഞു നിന്നിരുന്ന ഒരു കലാവിമർശകൻ. സദാനന്ദ് മേനോൻ, രഞ്ജിനി രാജഗോപാൽ, എം രാമചന്ദ്രൻ, ഗായത്രി സിൻഹ, കേശവ് മാലിക്, സാന്തോ ദത്ത തുടങ്ങി മറ്റനേകം കലാവിമർശകർക്കിടയിൽ സുനീത് ചോപ്ര വ്യത്യസ്തനായി നിന്നു.

ജനകീയനും പ്രക്ഷോഭകനും പോളെമിസിസ്റ്റും ആയ സുനീത് ചോപ്ര, ക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ ഗ്യാലറികളിലേക്കും കടന്നുചെന്നു. പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഗ്യാലറികളെക്കാളേറെ ചെറുകിട ഗ്യാലറികളായിരുന്നു സുനീത് ചോപ്രയ്ക്ക് ഇഷ്ടം. പ്രദർശനോൽഘാടന വേളകളിൽ നൽകുന്നത് ചായ ആയിരുന്നാലും വൈൻ ആയിരുന്നാലും അദ്ദേഹത്തിന് ഒരു പോലായിരുന്നു.

ചുള്ളിക്കാടിന്റെ സഹശയനം എന്ന കവിതയിൽ പറഞ്ഞത് പോലെ, 'എത്ര വേഗം മടുക്കുന്നു വിരുന്നിലെ വിഡ്ഢിച്ചിരികൾ, മരിച്ച മൽസ്യങ്ങൾ പോൽ വാക്കുകൾ, പേരറിയാത്തവർ തമ്മിൽ ഹസ്തദാനങ്ങൾ, ഉടുപ്പുലയാതുള്ള കെട്ടിപ്പിടുത്തം, വഴുക്കുന്ന ചുംബനം', സുനീത് ചോപ്രയും ഇവയെല്ലാം തിരിച്ചറിഞ്ഞിരുന്നു. പ്രദർശനഹാളുകളിലേക്ക് ശബ്ദമായും നിറഞ്ഞ ചിരിയായും കടന്നു വരുന്ന സുനീത് ചോപ്ര പലപ്പോഴും അവിടെയുള്ളവരോട് സംസാരിച്ചിരുന്നത് രാഷ്ട്രീയവിഷയങ്ങളായിരുന്നു- താൻ അടുത്തിടെ നടത്തിയ ഒരു യാത്രയിൽ കണ്ടെത്തിയ ചില മനുഷ്യരെക്കുറിച്ച്, വിദേശയാത്രയിൽ നേരിട്ടറിയാൻ കഴിഞ്ഞ ചില സാമൂഹിക വികസന പരിപാടികളെക്കുറിച്ച്, കമ്യൂണിസ്റ്റ് വിപ്ലവം പരാജയപ്പെടാൻ ഒരിയ്ക്കലും സാധ്യതയില്ല എന്നതിനെക്കുറിച്ച്, ജനങ്ങളുടെ ശക്തിയെക്കുറിച്ച്, വളരുന്ന വലതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ച്.

ജനങ്ങളിലും കർഷകരിലും ഇത്രയധികം വിശ്വാസം പുലർത്തിയിരുന്ന ഒരു മനുഷ്യൻ ഉണ്ടോ എന്ന് തോന്നിപ്പോകും, പ്രത്യേകിച്ച് കലാരംഗത്തുള്ള ഒരാൾക്ക്. ബംഗാളി കലാകാരരേയും മലയാളി കലാകാരരേയും സുനീത് ചോപ്ര സവിശേഷമായി ഇഷ്ടപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണം സാധ്യമാകുന്ന സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കലാകാരർ ഒക്കെയും കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ളവരാണെന്ന് ശിശുസഹജമായ നിഷ്കളങ്കതയോടെ സുനീത് ചോപ്ര വിശ്വസിച്ചിരുന്നു. പലപ്പോഴും എന്നോട് സംസാരിക്കുന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ചോ ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ നടക്കുന്ന കമ്മ്യൂണിസ്റ്റ് ചലനങ്ങളെക്കുറിച്ചോ ഇന്ത്യയിലെ കർഷകരുടെ പ്രതിസന്ധിയെക്കുറിച്ചോ ഒക്കെ ആയിരിക്കും. കൈയിൽ ചുവന്ന വീഞ്ഞ് നിറച്ച ഗ്ളാസ് ഉണ്ടെന്നത് ഈ വർത്തമാനങ്ങളിൽ ഒരു മുറിവേറ്റ പെരുവിരൽ പോലെ തള്ളിനിന്നിരുന്നെങ്കിലും സുനീത് ചോപ്രയുടെ ആവേശം ഒരിക്കലും ആർക്കും തടുക്കാൻ കഴിഞ്ഞിരുന്നില്ല.

നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളിൽ പലരും വെറും വേഷ നാടകക്കാരാണോ എന്ന് സംശയിക്കാൻ പോന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ കാണാറുണ്ട്. പണ്ടൊരിക്കൽ ഒരു ബ്രിട്ടീഷ് കമ്യൂണിസ്റ്റ് നേതാവും സൈദ്ധാന്തികനും ഒക്കെയായ ഒരാൾ ഡൽഹിയിൽ ഒരു സെമിനാറിന് വന്നു. അന്ന് വൈകുന്നേരം ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരു വിരുന്നുസൽക്കാരം ഉണ്ടായിരുന്നു.

പകൽ മുഴുവൻ സെമിനാറിൽ വിപ്ലവം പറഞ്ഞ മുതിർന്ന ഒരു കലാകാരൻ വൈകുന്നേരം വേഷമൊക്കെ മാറ്റി വിരുന്നു വസ്ത്രങ്ങളിൽ എത്തിയത് കണ്ട് ബ്രിട്ടീഷ് സൈദ്ധാന്തികൻ അത്ഭുതത്തോടെ ചോദിച്ചു, നിങ്ങൾ എങ്ങനെ ഇത്രയും ഫ്രഷ് ആയി കാണപ്പെടുന്നു, എങ്ങനെയാണ് വന്നത്? അപ്പോൾ ഇന്ത്യൻ കലാകാരൻ പറഞ്ഞത്രേ കാറും ഡ്രൈവറും ഉണ്ട്! നിങ്ങൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ഇങ്ങനെയാണോ വിപ്ലവം നടത്തുന്നത് എന്ന് അയാൾ ചോദിച്ചു എന്നാണ് കഥ.

സുനീത് ചോപ്ര ബ്രിട്ടനിൽ പഠിച്ചുവെങ്കിലും പാലസ്റ്റീൻ സമരത്തിൽ പങ്കെടുത്തുവെങ്കിലും ഇന്ത്യയിൽ വന്നു ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ വിദ്യാർഥിസംഘടനാ ഭരണഘടന എഴുതിയുണ്ടാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചെങ്കിലും ഡിവൈഎഫ്ഐ യുടെ സ്ഥാപകനേതാക്കളിൽ ഒരാളായെങ്കിലും കലാവിമർശകൻ ആയെങ്കിലും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകാരുടെ കാല്പനിക ദാരിദ്ര്യത്തെ പിൻപറ്റിയില്ല. സുനീത് ചോപ്ര വിദേശയാത്രകളിൽ കോട്ടും സൂട്ടും ഒക്കെ ധരിച്ചിട്ടുണ്ടാകണം.

എന്നാൽ ഇന്ത്യയിൽ അദ്ദേഹത്തെ പരുക്കൻ ഖാദി വസ്ത്രങ്ങളിൽ അല്ലാതെ കാണാൻ കഴിയുമായിരുന്നില്ല. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ലാളിത്യം മുട്ടിനിന്നിരുന്ന മറ്റൊരു നേതാവ് എ ബി ബർദൻ ആയിരുന്നു. അത്തരം കമ്യൂണിസ്റ്റുകാരുടെ കാലം കഴിഞ്ഞു. ഇപ്പോൾ ബിസിനസ് ക്ലാസ്സിൽ ഇരുന്നു കൊണ്ട് എക്കണോമി ക്ലാസ്സിലേക്ക് നോക്കി കൈകൂപ്പുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ കാണാൻ തിരുവനന്തപുരത്തു നിന്നുള്ള എയർഇന്ത്യയിൽ യാത്ര ചെയ്‌താൽ മതി.

ഇന്ത്യൻ രാഷ്ട്രീയ സാംസ്‌കാരിക ജീവിതത്തിലെ പ്രമുഖ സാന്നിധ്യമായിരുന്ന ഖുശ്വന്ത്‌ സിങ് ഹിന്ദുസ്ഥാൻ ടൈംസിൽ ഒരു കോളം എഴുതിയിരുന്നു; വിത്ത് മാലിസ് റ്റുവാർഡ്‌സ് വൺ ആൻഡ് ഓൾ എന്നായിരുന്നു അതിന്റെ പേര്. ആരെയും വക വെയ്ക്കാതെ എല്ലാവരെയും തന്റെ നർമ്മം കൊണ്ട് ആക്രമിക്കുന്നതിൽ വിദഗ്ധനായിരുന്നു ഖുശ്വന്ത് സിങ്. അതേ ദിനപ്പത്രത്തിൽ സുനീത് ചോപ്രയും കലയുടെ ഒരു കോളം എഴുതിയിരുന്നു; ചിസൽ ടോക്ക്. ഉളി കൊണ്ടുള്ള സംസാരം. ഖുശ്വന്ത് സിംഗിനെപ്പോലെ ആരെയും മുഖം നോക്കാതെ വിമർശിക്കാൻ സുനീത് ചോപ്ര ഒരുമ്പെട്ടില്ല.

എന്നാൽ കേരളത്തിലെ ശൈലിയായ ആരോടും പരിഭവം ഇല്ലാതെ എന്ന ലൈനിലുമായിരുന്നില്ല സുനീത് ചോപ്രയുടെ വിമർശനം. വൻകിട ഗ്യാലറികളിൽ പ്രദർശനം നടത്തുന്ന മുഖ്യധാരാ കലാകാരന്മാരേക്കാൾ ചിസൽ ടോക്കിൽ ഇടം കണ്ടെത്തിയത് ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിന്നുവന്ന് ലളിത് കലാ അക്കാദമി ഗ്യാലറിയിലും സിരിഫോർട്ടിലെ അർപ്പണാ ഗ്യാലറിയിലും ഹോസ്‌ഖാസിലേയും മറ്റും ചെറിയ ഗ്യാലറികളിലും പ്രദർശനം നടത്തുന്ന കലാകാരന്മാരായിരുന്നു.

ചിസൽ ടോക്ക് പക്ഷെ വേണ്ടത്ര രീതിയിൽ വിലയിരുത്തപ്പെട്ടിട്ടില്ല. റിച്ചാർഡ് ബാർത്തലോമിയോ എന്ന കലാവിമർശകൻ നടത്തിയ മുഖം നോക്കാതുള്ള വിമർശനങ്ങൾ പുസ്തകരൂപത്തിൽ (ദി ക്രിട്ടിക്) വന്നപ്പോൾ അതൊരു കാലഘട്ടത്തിന്റെ ദർപ്പണമായി. ചിസൽ ടോക്ക് ആരെങ്കിലും കൃത്യമായി എഡിറ്റു ചെയ്ത് അവതരിപ്പിച്ചാൽ ഒരുപക്ഷെ സുനീത് ചോപ്ര നിലകൊണ്ടിരുന്നത് ഏതു കലയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹത്തിന്റെ വിമർശനത്തിലൂടെ അടയാളപ്പെടുത്തപ്പെട്ടത് കലയിലെ ഏതു കാലമാണെന്നും മനസ്സിലാകും.

ചുവപ്പു നിറം പെയിന്റിങ്ങിൽ ഉണ്ടെങ്കിൽ സുനീത് ചോപ്ര ആവേശം കൊള്ളുമായിരുന്നു എന്നൊരു തമാശ പ്രചരിച്ചിരുന്നു. എന്നാൽ അത് വെറും തമാശയായിരുന്നില്ല. അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വല്ലാതെ സ്വാധീനിച്ചിരുന്നു. അതിനാൽ ചുവന്ന നിറവും സോഷ്യൽ റിയലിസവും അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ പ്രതിനിധാനപരമായ ചിത്രങ്ങളും ശില്പങ്ങളും സുനീത് ചോപ്ര നല്ലതാണെന്നു കരുതുകയും അവയ്ക്ക് വേണ്ടത്ര പ്രാധാന്യം തന്റെ കോളത്തിൽ നൽകുകയും ചെയ്തു. എന്നാൽ അവയ്ക്ക് കാലത്തെ കടന്നു നിൽക്കാനുള്ള കഴിവിനെക്കുറിച്ചുള്ള സൗന്ദര്യശാസ്ത്രപരമായതോ ചരിത്രപരമായതോ ആയ വിശകലനങ്ങളിൽ ഏർപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞോ എന്ന കാര്യത്തിൽ സംശയമുണ്ട്. അദ്ദേഹത്തിന്റെ രചനകൾ പുനർവായനക്ക് വിധേയമാക്കുന്നതിലൂടെ മാത്രമേ ഇക്കാര്യത്തിൽ ഒരു തീർപ്പു കൽപ്പിക്കാൻ കഴിയൂ.

സുനീത് ചോപ്രയുമായി കുറെയധികം വേദികൾ ഞാൻ പങ്കിട്ടിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് അദ്ദേഹം ഉത്തരകൊറിയയെക്കുറിച്ചു വാചാലനാവുകയും വിപ്ലവസാധ്യതകൾ ഇനി അവിടെ നിന്നാണ് എന്ന് പറയുകയും ചെയ്തത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അമേരിക്കൻ സാമ്രാജ്യത്ത്വത്തിനെതിരെ നില്ക്കാൻ ശക്തിയുള്ള ഒരു രാജ്യമായി ഉത്തര കൊറിയയെ വാഴ്ത്തിയത് ഒരുപക്ഷെ ആ സമയത്ത് ആഗോള കമ്മ്യൂണിസ്റ്റ് നയങ്ങളുടെ ഭാഗമായിട്ടായിരുന്നിരിക്കാം.

എങ്കിലും അത് അത്ര സുഖമുള്ള ഒരു ഏർപ്പാടായി തോന്നിയില്ല. വിഷയം എന്തായിരുന്നാലും അതിനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി (പാർലമെന്ററി ജനാധിപത്യത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഭരണാധികാരം കൈയാളാൻ ശേഷിയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി) ബന്ധപ്പെടുത്തി സംസാരിക്കാൻ സുനീത് ചോപ്ര ശ്രമിച്ചിരുന്നു.

കഴിഞ്ഞ കുറെ നാളുകളായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ഈ അടുത്തിടെ കണ്ടപ്പോൾ തോന്നി. രണ്ടു ദിവസങ്ങൾക്ക് മുൻപ് ഡൽഹിയിലെ ലളിത് കലാ അക്കാദമി ഗ്യാലറിയിൽ നടക്കുന്ന വളരെ ചെറുപ്പക്കാരായ കലാകാരരുടെ പ്രദർശനത്തിൽ പങ്കെടുത്ത് അവരുമായി ആശയവിനിമയം നടത്തുന്ന സുനീത് ചോപ്രയെ കണ്ടിരുന്നു. അപ്പോഴും അദ്ദേഹം തന്റെ വർത്തമാനവും ചിരിയും മറന്നില്ല. മരണത്തിന്റെ നേർക്കും സുനീത് ചോപ്ര ചിരിച്ചിട്ടുണ്ടാകണം.

Related Stories

No stories found.
logo
The Cue
www.thecue.in