വായനയിൽ ഭാഷയുടെ റിഥം പ്രധാനമാണ്, എം.ടി യും അതാണ് പറഞ്ഞത്

വായനയിൽ ഭാഷയുടെ റിഥം പ്രധാനമാണ്, എം.ടി യും അതാണ് പറഞ്ഞത്
Summary

ഇംഗ്ലീഷ് സമൃദ്ധമായി, താളമറിഞ്ഞു വായിക്കുന്ന ഒരാൾക്ക്, വിജയനും ബഷീറും, എം ടിയും ആനന്ദും, പി കെ ബാലകൃഷ്‌ണനും ഒക്കെ ഇഷ്ട എഴുത്തുകാരേയാക്കാം. ആ പട്ടികയിലേക്ക് ചേർക്കാൻ സമകാലിക മലയാള എഴുത്തുകാരിൽ വളരേ കുറവേ ഉള്ളൂവെന്നത് ദുഃഖസത്യമാണ്. ആ വാസ്തവമാണ് മാതൃഭൂമി അഭിമുഖത്തിൽ എം.ടി പരാമർശിച്ചതും. എം ലുഖ്മാൻ എഴുതുന്നു

കുട്ടികൃഷ്ണ മാരാർ വായനക്കാരോട് ഒരു അഭ്യർത്ഥന നടത്തുന്നുണ്ട്. എന്നോട് ആർക്കെങ്കിലും സ്നേഹമുണ്ടെങ്കിൽ നാലപ്പാട്ട്‌ നാരായണ മേനോൻ വിവർത്തനം ചെയ്ത, വിക്ടർ ഹ്യുഗോയുടെ 'പാവങ്ങൾ' ഒരാവർത്തി വായിക്കണമെന്ന്. ചെറുപ്പം തൊട്ടേ സംസ്കൃതം പഠിച്ച മാരാര്, ഗദ്യത്തിന്റെ അസാമാന്യ സാധ്യതയെക്കുറിച്ചു മനസ്സിലാക്കുന്നത് ഈ നോവലിലൂടെയാണ്. നാലപ്പാട്ടിന്റെ സഹായിയായി പ്രവർത്തിച്ചുവരുന്ന കാലത്ത്, ഈ നോവൽ രണ്ടോ മൂന്നോ തവണ എഡിറ്റ് ചെയ്തതും മാരാരായിരുന്നു. മാരാരുടെ തന്നെ മലയാള ഗദ്യശൈലിയെ നിർണ്ണയിക്കുന്നതിൽ, പ്രധാനപ്പെട്ട പങ്ക് ഈ പുസ്തകത്തിനുണ്ട്. ഇംഗ്ലീഷ് വശമില്ലാതിരുന്ന മാരാർ, ഈയൊരൊറ്റ ഗ്രന്ഥത്തിലൂടെ വിദേശ ഭാഷയിൽ നിന്ന് വരുന്ന ഗ്രന്ഥങ്ങളുടെ കരുത്തു തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ പ്രശസ്തമായ 'മലയാള ശൈലി' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിരിക്കുന്ന അനേകം ഉദാഹരണങ്ങൾ 'പാവങ്ങളി'ൽ നിന്നുള്ളതാണ്. മലയാളികളെ വിദേശ സാഹിത്യവുമായി അടുപ്പിക്കുന്നതിലും പാവങ്ങൾക്ക് നിർണ്ണായക പങ്കുണ്ട്. മുപ്പതുകൾക്ക് ശേഷം വന്ന പല എഴുത്തുകാരെയും ആ ശൈലി സ്വാധീനിച്ചിട്ടും ഉണ്ട്.

അനന്യസാധാരണമായി ദി ന്യൂയോർക്കർ ഇംഗ്ലീഷിനെ പുനർനിർമ്മിച്ചു.

ഭാഷയോട് ധ്യാനാത്മകമായ സമീപനമായിരുന്നു നമ്മുടെ പഴയ എഴുത്തുകാർക്ക്. പിന്തുടരാൻ പറ്റിയ മനോഹര ശൈലിയിലേക്ക് മലയാളം വികസിച്ചിട്ടില്ലാത്ത കാലം ആയതിനാൽ, ഓരോ എഴുത്തുകാരും അവരുടെ ഭാഷയെ നിർമ്മിക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. ഓരോരുത്തരും അവരുടെ താളം കണ്ടെത്തി. വി.ടി ഭട്ടതിരിപ്പാടിന്റെ ഭാഷ എന്തുമാത്രം രസകരമാണ്. മാരാർ അദ്ദേഹത്തിന്റെ അനന്യസാധാരണമായ ഗദ്യ ശൈലി വികസിപ്പിച്ചു. ബഷീർ സാധരണ മനുഷ്യന്റെ ഭാഷക്ക് അസാമാന്യ അഴക് നൽകി സ്വന്തമായ ഭാഷ വികസിപ്പിച്ചു. പിൽക്കാലത്ത് വന്ന എം.ടിയും വിജയനുമെല്ലാം സ്വന്തമായ ഭാഷ തന്നെ നിർമിച്ചു.

ആത്മകഥാംശമുള്ള 'ഇതിഹാസത്തിന്റെ ഇതിഹാസ'ത്തിൽ ഒ.വി വിജയൻ വിവരിക്കുന്നുണ്ട്, വർഷങ്ങളെടുത്തുള്ള 'ഖസാക്കിന്റെ ഇതിഹാസത്തിന്റെ' രൂപപ്പെടുത്തലിനെപ്പറ്റി. മലയാളത്തിലെ മികച്ച നോവലുകളിൽ ഒന്നായി അത് മാറുന്നതിനു പിന്നിൽ, വിജയനെന്ന അസാമാന്യ പ്രതിഭാശാലിയായ എഴുത്തുകാരന്റെ നിരന്തര അധ്വാനങ്ങളുണ്ടായിരുന്നു. എങ്ങനെയാണ് വിജയൻ ഭാഷ നിർമിക്കുന്നത് എന്നതറിയാനുള്ള കൗതുകമാണ് അദ്ദേഹത്തെ വായിച്ചപ്പോൾ നിരന്തരം പിന്തുടർന്ന ഒന്ന്. മലയാളത്തിന്റെ ഏറ്റവും വലിയൊരു നഷ്ടം ഒ.വി വിജയൻ ആത്മകഥ എഴുതിയില്ല എന്നതാകണം. വിജയൻറെ രൂപപ്പെടലുകൾ, വായനകൾ, പ്രമേയങ്ങളിലേക്കുള്ള സഞ്ചാരങ്ങൾ, സവിശേഷമായ ഭാഷശൈലിയുടെ നിർമ്മാണം എന്നതൊക്കെ വിവരിക്കപ്പെട്ടിരുന്നുവെങ്കിൽ എന്നാശിച്ചു പോയിട്ടുണ്ട്. വിജയനെ അടയാളപ്പെടുത്താൻ സത്യത്തിൽ ആത്മകഥയേ ആവശ്യമുണ്ടായിരുന്നില്ലല്ലോ. ഖസാഖിന്റെ ഇതിഹാസമോ, പ്രവാചകൻറെ വഴികളോ ലേശം വായിച്ചാൽ മാത്രം മതി. സ്തംഭിച്ചുപോകും പലപ്പോഴും.വായനക്കാരനെ നിശ്ചലമാക്കുന്ന എഴുത്തുകൾ നല്ല എഴുത്തുകളാണെന്ന് എം ടി വാസുദേവൻ നായർ പറഞ്ഞത് എത്ര കൃത്യമാണ്.

വിജയനിലും എം ടിയിലും ബഷീറിലുമെല്ലാം മലയാളത്തിന് പുറത്തുള്ള സ്വാധീനങ്ങൾ ധാരാളമായി കാണാം. അവരുടെ വായനകളും ഓരോ കാലത്തും അങ്ങനെ വികസിച്ചിട്ടുമുണ്ട്. വിജയനും എം ടിയും അവരുടെ പുസ്തകങ്ങളിൽ ദി ന്യൂയോർക്കർ മാഗസിനെക്കുറിച്ചു പരാമർശിക്കുന്നത് കാണാം. 1925 മുതൽ ഇംഗ്ലീഷ് സാഹിത്യത്തിൽ വിപ്ലവകരമായ പുതുമകൾ കൊണ്ടുവന്ന മാഗസിനായിരുന്നുവല്ലോ ദി ന്യൂയോർക്കർ. ലിറ്റററി ജേണലിസമായിരുന്നു അവരുടെ രീതി. അനന്യസാധാരണമായി ദി ന്യൂയോർക്കർ ഇംഗ്ലീഷിനെ പുനർനിർമ്മിച്ചു. കാതറിൻ വൈറ്റിനെയും ഇ.ബി വൈറ്റിനെയും പോലുള്ള ഇംഗ്ലീഷ് എഴുത്തുകാർ ഗദ്യഭാഷക്ക് പുതുനിർവ്വചനം നൽകി.

പ്രോസോ, പോയട്രിയോ ആകട്ടെ, ഭാഷയുടെ റിഥം പ്രത്യേകിച്ച് ഇംഗ്ലീഷിൽ ഏറെ പ്രധാനമാണ്.

ഇംഗ്ലീഷിൽ മൗലികമായി വന്ന രചനകളും വിവർത്തനങ്ങളും എം.ടിയുടെ വായനകളിൽ കാര്യമായി വന്നതായി കാണാം. വിവർത്തനങ്ങൾ പോലും വളരെ ശ്രദ്ധയോടെ മാത്രമാണല്ലോ അതിൽ നടക്കാറ്. എഡിറ്റർ എന്നത് ഒളിപ്പിച്ചു വെക്കേണ്ട തൊഴിലല്ല; അഭിമാനമുള്ള സാഹിത്യ പ്രവർത്തനമാണ് എന്ന് ലോക സാഹിത്യത്തെ കഴിഞ്ഞ ഒരു നൂറ്റാണ്ടായി ശ്രദ്ധിക്കുന്നവർക്ക് അറിയാം. ലിറ്റററി എഡിറ്റർമാർ പലപ്പോഴും സാഹിത്യകാരന്മാരാകണം എന്ന് പോലുമില്ല. കാതറിൻ വൈറ്റ് എഴുതിയത് ആകെയൊരു പുസ്തകമാണ്, അതും പൂന്തോട്ട നിർമാണത്തെപ്പറ്റി. അതേസമയം അനേകം എഴുത്തുകാരുടെ ശൈലി കണ്ടെത്തുന്നതിലും വികസിപ്പിക്കുന്നതിലും അവർ നിർണ്ണായക പങ്കുവഹിച്ചു.

പ്രോസോ, പോയട്രിയോ ആകട്ടെ, ഭാഷയുടെ റിഥം പ്രത്യേകിച്ച് ഇംഗ്ലീഷിൽ ഏറെ പ്രധാനമാണ്. അതുമായി ബന്ധപ്പെട്ടു പുറത്തുവന്ന അനേകം പുസ്തകങ്ങൾ ഈ കുറിപ്പുകാരന്റെ കൈവശം തന്നെയുണ്ട്. അത്തരം, ഭാഷയെ ചലനാത്മകമാക്കുന്ന പഠനങ്ങളൊന്നും കാര്യമായി മലയാളത്തിൽ ഇല്ലായെന്നതും നമ്മുടെ കുറവാണ്. അതൊക്കെ നികത്തേണ്ടവരാണ് നമ്മുടെ ഭാഷാ ഗവേഷകരും, ഫിക്ഷൻ നോൺ-ഫിക്ഷൻ എഴുത്തുകാരും. സങ്കടകരം എന്ന് പറയാം, ഏറെ മെല്ലെയേ ആ വിഷയങ്ങളിലൊക്കെ മുന്നോട്ടു പോകുന്നുള്ളൂ. ഇംഗ്ലീഷ് സമൃദ്ധമായി, താളമറിഞ്ഞു വായിക്കുന്ന ഒരാൾക്ക്, വിജയനും ബഷീറും, എം ടിയും ആനന്ദും, പി കെ ബാലകൃഷ്‌ണനും ഒക്കെ ഇഷ്ട എഴുത്തുകാരേയാക്കാം. ആ പട്ടികയിലേക്ക് ചേർക്കാൻ സമകാലിക മലയാള എഴുത്തുകാരിൽ വളരേ കുറവേ ഉള്ളൂവെന്നത് ദുഃഖസത്യമാണ്. ആ വാസ്തവമാണ് മാതൃഭൂമി അഭിമുഖത്തിൽ എം.ടി പരാമർശിച്ചതും.

Related Stories

No stories found.
logo
The Cue
www.thecue.in