ലുല തോല്‍പ്പിച്ചത് ബിജെപിയുടെയും നരേന്ദ്രമോദിയുടെയും ഉറ്റമിത്രം കൂടിയായ ബോള്‍സനാരോയെ

ലുല തോല്‍പ്പിച്ചത് ബിജെപിയുടെയും നരേന്ദ്രമോദിയുടെയും ഉറ്റമിത്രം കൂടിയായ  ബോള്‍സനാരോയെ
Summary

മന്ത്രി എം.ബി.രാജേഷ്‌ എഴുതിയത്‌

ഒടുവില്‍ ബ്രസിലില്‍ നിന്നുകൂടി ആ ആവേശകരമായ വാര്‍ത്ത വന്നിരിക്കുന്നു. ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ തീവ്രവലതുപക്ഷക്കാരൻ ജെയര്‍ ബോൾസനാരോയെ പരാജയപ്പെടുത്തി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇതോടെ ലാറ്റിനമേരിക്കയിലെ കൊളംബിയ, ചിലെ, ഹോണ്ടുറാസ്, നിക്വരാഗ്വ, ബൊളീവിയ, പെറു, മെക്സിക്കോ, അര്‍ജന്‍റീന, വെനസ്വേല, ക്യൂബ തുടങ്ങി പതിനൊന്നിലധികം രാജ്യങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിരിക്കുകയാണ്. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് ബ്രസീല്‍, ആഗോള തലത്തിലെ പ്രധാന സമ്പദ്ഘടനകളിലൊന്ന്. ബ്രസീലിലെ ഇടതുപക്ഷ വിജയം അതിനാല്‍ തന്നെ സുപ്രധാനവും നിര്‍ണായകവുമാണ്.

ലുല തോല്‍പ്പിച്ച ബോള്‍സനാരോയെ അറിയില്ലേ? ഇന്ത്യയിലെ ബിജെപി സര്‍ക്കാരിന്‍റെയും നരേന്ദ്രമോദിയുടെയും ഉറ്റമിത്രം. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യ അതിഥിയായി വിളിച്ച് ആദരിച്ച തീവ്രവലതുപക്ഷക്കാരനായ പ്രസിഡന്‍റ്. ഒട്ടേറെ സമാനതകള്‍ ബോള്‍സനാരോയുടെയും നരേന്ദ്രമോദിയുടെയും സര്‍ക്കാരുകള്‍ തമ്മിലുണ്ട്. സാമ്പത്തിക നയത്തിന്‍റെ കാര്യത്തില്‍, വംശീയവും വര്‍ഗീയവുമായ രാഷ്ട്രീയത്തിന്‍റെ കാര്യത്തില്‍, പ്രതിലോമ ആശയങ്ങളുടെ കാര്യത്തില്‍, അങ്ങനെ സമാനതകള്‍ ഏറെയാണ്. ബോള്‍സനാരോ സ്വയം ഫാസിസ്റ്റാണെന്ന് പ്രഖ്യാപിച്ചയാളാണ്. ബ്രസീലിലെ പട്ടാള ഏകാധിപത്യത്തിന്‍റെ പേരില്‍ ഊറ്റം കൊള്ളുകയും, അതില്‍ തനിക്കുള്ള അഭിമാനം മറച്ചുവെക്കാതിരിക്കുകയും ചെയ്ത പട്ടാള ഓഫീസറാണ്. അധികാരത്തില്‍ വന്നയുടൻ പ്രതിപക്ഷത്തെയാകെ വേട്ടയാടി, നേരത്തെ പ്രസിഡന്‍റായിരുന്ന ലുലയെ വ്യാജ അഴിമതി ആരോപണമുന്നയിച്ച് ജയിലിലടച്ചു. ലുലയെ ശിക്ഷിച്ച് വിധി പ്രഖ്യാപിച്ച ജ‍ഡ്ജിയെ പിന്നീട് നിയമമന്ത്രിയാക്കി പ്രതിഫലം നല്‍കി. കോവിഡ് കാലത്ത് പതിനായിരങ്ങള്‍ മരിച്ചുവീണപ്പോള്‍ നിഷ്ക്രിയനായി നില്‍ക്കുക മാത്രമല്ല, കോവിഡിനെ നിസാരവത്കരിക്കുകയും ചെയ്തു. ബോള്‍സനാരോയുടെ ഭരണത്തിന്‍റെ തണലിലാണ് ആമസോൺ കാടുകള്‍ വലിയ തോതില്‍ കത്തിയത്. ആമസോൺ കാടുകള്‍ കത്തുന്നതിനെതിരായ വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍, പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനാണ് ബോള്‍സനാരോ ശ്രമിച്ചത്. ആഗോള വലതുപക്ഷ അച്ചുതണ്ടില്‍ മോദിയും തുര്‍ക്കിയിലെ എര്‍ദോഗാനും ട്രംപിനുമെല്ലാമൊപ്പമുള്ള പ്രമുഖനായിരുന്നു ബോള്‍സനാരോ.

#LulaPresidente2022
#LulaPresidente2022

ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകരാഷ്ട്രീയം കൂടുതല്‍ വലത്തോട്ടുതിരിഞ്ഞതിന്‍റെ ഫലമായി ഒന്നിനുപുറമേ ഒന്നായി അധികാരത്തില്‍ വന്ന വലതുപക്ഷ ഗവൺമെന്‍റുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ബ്രസീലില്‍ ബോള്‍സനാരോയുടേത്. ലാറ്റിൻ അമേരിക്കയില്‍ അമേരിക്കൻ പിന്തുണയോടെ ബ്രസീലുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വലതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയിരുന്നു. ആ പ്രവണത, തിരുത്തപ്പെടുന്നതിന്‍റെ ലക്ഷണങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കാണപ്പെട്ടിരുന്നു. ചിലെയില്‍ അരനൂറ്റാണ്ടിന് ശേഷമാണ് ഗബ്രിയേല്‍ ബോറിക്കിലൂടെ ഇടതുപക്ഷം അധികാരത്തില്‍ തിരിച്ചെത്തിയത്. കൊളംബിയയുടെ ചരിത്രത്തിലാദ്യമായി ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഗുസ്താവോ പെട്രോയുടെ നേതൃത്വത്തില്‍ അധികാരമേറ്റു. ഹോണ്ടുറസില്‍ സിയോമാര കാസ്ട്രോയും പെറുവില്‍ പെഡ്രോ കാസ്റ്റില്ലോയും ബൊളീവിയയില്‍ ലൂയിസ് ആര്‍സും അര്‍ജന്‍റീനയില്‍ ആല്‍‍ബെര്‍ട്ടോ ഫെര്‍ണാണ്ടസും അധികാരത്തിലെത്തി. മെക്സിക്കോയുടെ 48 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ഇടതുപക്ഷ സ്ഥാനാര്‍ഥി, ആൻഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രദോറും ഭരണത്തിലേറി.

അതിനൊപ്പം ബ്രസീല്‍ കൂടിച്ചേരുമ്പോള്‍ ലാറ്റിൻ അമേരിക്ക വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ നിരന്തരം നടത്തുന്ന പോരാട്ടത്തില്‍ വിജയം കൈവരിക്കുകയാണ്. ബ്രസീല്‍ പോലൊരു പ്രധാന രാജ്യത്തെ ഇടതുപക്ഷത്തിന്‍റെ വിജയം, ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ ലോകം മുഴുവൻ അനുരണനങ്ങളുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങള്‍ ലോകമാകെ തൊഴിലില്ലായ്മയും പട്ടിണിയും വിലക്കയറ്റവും കറൻസി വിലയിടിവും ജീവിതദുരിതങ്ങളും വര്‍ധിപ്പിക്കുമ്പോളാണ്, ആ നയങ്ങളുടെ ശക്തരായ വക്താക്കളിലൊരാള്‍ പിഴുതെറിയപ്പെടുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഉറ്റമിത്രമായ ബോള്‍സനാരോയുടെ പതനം, ഇന്ത്യയ്ക്കും ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. താത്കാലികമായ വലതുപക്ഷ മുന്നേറ്റങ്ങള്‍ ചരിത്രത്തിന്‍റെ അന്ത്യമല്ല... ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയം താത്കാലിക തിരിച്ചടികളിലും പരാജയങ്ങളിലും അണഞ്ഞുപോകുന്നില്ലെന്നും ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു ബ്രസീലില്‍ ലുല ഡ സില്‍വയുടെ ഐതിഹാസിക ജയം

Related Stories

No stories found.
logo
The Cue
www.thecue.in