

കടപുഴകി വീഴുമ്പോള്‍ ഓരോ മലയാളി മനസ്സിലും വേരറുന്നതിന്റെ വേദനയുണ്ടാക്കുന്ന ഒരു വൃക്ഷമേ കേരളത്തിലുള്ളൂ. അത് യേശുദാസാണ്. ഇളംവെയിലിന്റെ നിറമാണ് യേശുദാസിന്റെ ശബ്ദത്തിനെന്ന് ഞാനെഴുതിയിട്ടുണ്ട്. എന്റെ ഹൃദയത്തിന്റെ 'മെമ്മറി'യില്‍ നിന്ന് യേശുദാസ് എന്ന പദം 'ഡീലിറ്റ്' ചെയ്യപ്പെടുമ്പോള്‍ ഇളംവെയിലും 'ഡീലിറ്റ്' ചെയ്യപ്പെടാം. യേശുദാസിന്റെ ശബ്ദം ഒരുപാടനുഭവങ്ങളായി ഓരോ മലയാളി മനസ്സിലും കെട്ടുപിണഞ്ഞ് കിടക്കുന്നു. അയാള്‍ പാടിയ പാട്ടുകള്‍ ആശ്വാസങ്ങളായവര്‍, സംശയങ്ങളായവര്‍, തത്ത്വചിന്തയായവര്‍, പ്രേമലേഖനമായവര്‍, വാത്സല്യമായവര്‍, ഭക്തിയായവര്‍ ആണ് മലയാളികള്‍. ഇളംവെയില്‍ പോലെയോ, നറുനിലാവ് പോലെയോ ഉള്ള ശബ്ദത്തില്‍ അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്ക് വെള്ളമോ, ഹൃദയമുരുകി നീ കരയില്ലെങ്കിലോ, ഹൃദയത്തിന്‍ രോമാഞ്ചമോ, പ്രാണസഖിയോ, താമസമെന്തേ വരുവാനോ കേള്‍ക്കുന്നൊരു പ്രവാസി ഓര്‍മ്മിക്കുന്നിടത്തോളം മലയാള യൗവ്വനം ആരോര്‍ക്കുന്നു! ആ ഓരോ പാട്ടിലും പിന്‍ചെയ്തു വെച്ചിട്ടുണ്ട് അയാളുടെ രഹസ്യമോ പരസ്യമോ ആയ അനുരാഗ ജീവിതം. ആന്തരിക ജീവിതം.
അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന നാള്‍ വരുമെന്ന് പറഞ്ഞ എഴുത്തുകാരന്‍ ഒരു വിപ്ലവപ്പാടകലെയാണ് ആ സമത്വഭൂമി എന്ന് പറയുമ്പോഴും ഇപ്പഴേ നാം സാക്ഷാത്കരിച്ചുകഴിഞ്ഞ ഒരു സമത്വഭൂമിയെക്കുറിച്ച് ആദരവോടെ സൂചിപ്പിക്കുന്നുണ്ട്. സംഗീത ലോകത്തില്‍ ആ സമത്വം കൈവരിയ്ക്കപ്പെട്ടിരിക്കുന്നു എന്ന്. ഗായകന്റെ ലോകം ലൗകീകമായ പരിമിതികള്‍ക്കതീതമാണ് എന്ന്. ഒരു നാള്‍ വൈകല്ല്യങ്ങള്‍ക്കതീതരായിത്തീരും സകലരും എന്നതിനര്‍ത്ഥം എല്ലാവരും യേശുദാസായിത്തീരുന്ന നാള്‍ വരും എന്നാണ്.
''ഓന്‍ വലിയ യേശുദാസാന്നാ വിചാരം'' എന്നതൊരു പക്ഷേ മലയാളത്തിലേറ്റവും വരിക്കാരുള്ള പരിഹാസോക്തിയാണ്. ഓരോ വീട്ടിലും പരിഹസിയ്ക്കപ്പെടുന്ന ഒരു യേശുദാസുണ്ട്. മിക്ക വീടുകളിലും ആദരിയ്ക്കപ്പെടുന്ന ഒരേകദേശ യേശുദാസുണ്ട്. ഓരോ സ്‌കൂളിലും ഓരോ കോളെജിലും ഒന്നോ അതിലധികമോ യേശുദാസുണ്ട്. ഓരോ ആരാധിയ്ക്കപ്പെടുന്ന യേശുദാസിലൂടെയും യഥാര്‍ത്ഥ യേശുദാസ് ആരാധിക്കപ്പെടുന്നുണ്ട്. മമ്മൂട്ടിയുടെയോ ലാലിന്റെയോ ഛായകള്‍ പരിഹസിയ്ക്കപ്പെടുമ്പോള്‍ യേശുദാസിന്റെ ഛായകള്‍ ആരാധിക്കപ്പെടുന്നു. ഓരോ കേരളീയ ഗ്രാമത്തിലും ചുരുങ്ങിയത് ഒരു ജൂനിയര്‍ യേശുദാസെങ്കിലുമുണ്ട്. ദൈവം കഴിഞ്ഞാല്‍ മലയാളികളേറ്റവും കൂടുതല്‍ അനുസ്മരിച്ച പദം യേശുദാസാണ്.
സിനിമയുടെ പ്രചാരണത്തോടെ സംഗീതം ചലച്ചിത്ര സംഗീതമായി. പാടൂ എന്ന് പറഞ്ഞാല്‍ മുമ്പാണെങ്കില്‍ ലജ്ജിച്ചും ഇന്നിപ്പോള്‍ സന്തോഷിച്ചും മലയാളിക്കുട്ടികള്‍ പാടുക ചലച്ചിത്രഗാനമാണ്. ജനതയുടെ പാട്ടാവാന്‍ നാടന്‍പാട്ടിനോ കഥകളിപ്പദങ്ങള്‍ക്കോ തുള്ളല്‍പ്പാട്ടിനോ കീര്‍ത്തനങ്ങള്‍ക്കോ കഴിഞ്ഞില്ല. 'നാട്ടിലെങ്ങും പാട്ടായി' എന്നിന്ന് പറയുമ്പോള്‍ നാട്ടിലെങ്ങും ചലച്ചിത്രഗാനങ്ങളായി എന്നേ അര്‍ത്ഥമുള്ളൂ. നാട്ടിലെങ്ങും അറിയപ്പെടും എന്നര്‍ത്ഥമുള്ള ഈ വാക്യത്തെ 'ഹിറ്റായ'ഒരു പരസ്യവാചകമാക്കാന്‍ അതിലെ ചലച്ചിത്രഗാന ധ്വനിക്ക് സാധിച്ചു. ഏറ്റവും ഹൃദ്യമായ പരസ്യം ഇതിനകം പാട്ടായിക്കഴിഞ്ഞിരുന്നല്ലോ. മലയാളിയുടെ ഉള്ള് എങ്ങും പരസ്യമായി ചലച്ചിത്രഗാനങ്ങളിലൂടെ നമ്മളിപ്പോള്‍ ദൂരമളക്കുന്നത് പോലും സിനിമാപ്പാട്ടിന്റെ അളവിലായി. റെയില്‍വേ സ്റ്റേഷനിലേക്ക് രണ്ട് പാട്ടിന്റെ ദൂരം, പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് പാട്ടിന്റെ ദൂരം, ഭര്‍ത്താവ് വരുവാന്‍ അഞ്ച് പാട്ടിന്റെ ദൂരം (പേടിക്കണ്ട), അവള്‍ വരാന്‍ ഒരു പല്ലവിയുടെ ദൂരം. ഇന്ന് മലയാളി കൈവീശി പാട്ടും പാടി ജയിച്ചുവരുമ്പോള്‍ പാടുന്ന പാട്ട് ചലച്ചിത്രഗാനം. ഇന്ന് മലയാളി പാട്ടിലാക്കുന്നത് ചലച്ചിത്രഗാനം പാടി, മിയ്ക്കവാറും യേശുദാസിന്റെ പാട്ട് പാടി.
യേശുദാസ് കര്‍ണാടക സംഗീതം മാത്രമേ പാടിയിരുന്നുള്ളുവെങ്കില്‍ ഒന്നാംകിടക്കാരില്‍ ഒരാള്‍ മാത്രമേ ആകുമായിരുന്നുള്ളു. ചലച്ചിത്രഗാനം അദ്ദേഹത്തെ മലയാളിയുടെ മുഖ്യഗായകനാക്കി. ഗന്ധര്‍വ്വനാക്കി. മധുരമായ അശരീരിയാക്കി. ഗായകന്റെ രൂപം യേശുദാസിന്റെ രൂപമായി. രേഖാ ചിത്രകാരന്മാര്‍ ഗായകരെ വരച്ചപ്പോള്‍ അവരറിയാതെ അത് യേശുദാസിന്റെ രൂപമായി. യേശുദാസിന്റെ ഒരനുകര്‍ത്താവ് വെള്ള വസ്ത്രം ധരിച്ച്, ചുക്കുവെള്ളം കുടിച്ച്, വൈദിക ഭാഷ സംസാരിച്ച് ഭാര്യയെ പതിയെ പ്രഭേ എന്ന് വിളിച്ചതായി കഥയുണ്ട്. 'സല്ലാപം' എന്ന ചലച്ചിത്രത്തില്‍ യേശുദാസ്, ആശാരിയായി മാറിയത് കണ്ട് ചിരിച്ച് ചിരിച്ചാണ് മഞ്ജുവാര്യര്‍ ഒരു ബ്രേക്കായത്. രാവിലെ ഉണരുമ്പോള്‍ യേശുദാസിന്റെ ശബ്ദമായി മാറണമെന്ന് ആഗ്രഹിച്ച് ഉറങ്ങിയവര്‍ കുറവല്ല. പുലര്‍ച്ചെ എണീറ്റ് ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം ചുമച്ച് നോക്കി, യേശുദാസായിട്ടല്ല എന്ന് കണ്ട് വേദനിച്ചവരും കുറവല്ല. വശീകരിക്കുക, പ്രസിദ്ധമാകുക എന്നൊക്കെ വിവക്ഷകളുണ്ട് നമ്മുടെ നാട്ടില്‍ പാട്ടിന്. യേശുദാസിനെപ്പോലെ സാമാന്യ മലയാളിയെ വശീകരിച്ചവരില്ല, പ്രസിദ്ധപ്പെട്ടവരുമില്ല.
യേശുദാസ് ഉച്ചരിക്കുമ്പോള്‍ മലയാള പദങ്ങള്‍ക്ക് വരുന്ന സൗന്ദര്യ പരിണാമം അസാധാരണമാണ്. (മലയാള അക്ഷരമാല യേശുദാസിനെക്കൊണ്ട് ഉച്ചരിപ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കണമെന്ന് എനിക്ക് തോന്നാറുണ്ട്.) തളിരിട്ട കിനാക്കളോ, ഒരു പുഷ്പം മാത്രമോ, ഹൃദയസരസ്സിലോ ഒക്കെ യേശുദാസ് പാടുമ്പോള്‍ മലയാള ശബ്ദങ്ങള്‍ക്ക് നിര്‍വൃതി ഉണ്ടാവുന്നു. അതുണ്ടാക്കുന്ന ഓളങ്ങളടങ്ങാന്‍ സമയമെടുക്കുന്നു. വ്യക്തിപരമായിപ്പറഞ്ഞാല്‍ എന്റെ ഭൂതകാല സ്മൃതികളെ സംഗീത സാന്ദ്രമാക്കീ യേശുദാസ്. വിദ്യാര്‍ത്ഥി ജീവിതകാലത്തെ ഓരോ പ്രണയിനിയെക്കുറിച്ചുമുണ്ട് അക്കാലം കേട്ടുകൊണ്ടിരുന്ന യേശുദാസിന്റെ ശബ്ദത്തിലുള്ള ഓര്‍മ്മ. യേശുദാസ് പാവപ്പെട്ട മലയാളിക്ക് സാന്ത്വനം നല്‍കി, സ്വപ്നങ്ങള്‍ നല്‍കി, വൈകാരികത നല്‍കി, ഹൃദയവിസ്തൃതി നല്‍കി. അദ്ദേഹം എത്രയോ തലയിണകള്‍ നനച്ചു, എത്രയോ കൈകള്‍കൊണ്ട് ഇണകളെത്തഴുകി. ഒരേ സമയം പതിനാറായിരത്തെട്ടിന്റെ മണിയറയിലും കൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടു എന്ന വാക്യത്തിലെ അതിശയമൊക്കെ യേശുദാസ് നിഷ്പ്രഭമാക്കി. കേരളത്തിലെ ഓരോ വീട്ടിലും എത്രകാലമായീ യേശുദാസ്!
(കടപ്പാട്- ചന്ദ്രിക ആഴ്ചപ്പതിപ്പ്, 2011 സെപ്തംബര്‍ 3)