സൈബര്‍ ആക്രമണത്തിനുള്ള ചികിത്സ ഫെമിനിസം

സൈബര്‍ ആക്രമണത്തിനുള്ള ചികിത്സ ഫെമിനിസം

നിലപാടുള്ള, സംസാരിക്കുന്ന, വിസിബിലിറ്റിയുള്ള സ്ത്രീകളെ കണ്ടു പരിചയമില്ലാത്ത കേരളത്തിലെ ആണ്‍കോയ്മ സമൂഹത്തിന്റെ പ്രതിസന്ധിയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ കാണുന്നത്. സ്മൃതി പരുത്തിക്കാടോ ആര്യാ രാജേന്ദ്രനോ കെ.കെ രമയോ സൈബര്‍ ആക്രമണത്തിന്റെ പേരില്‍ പൊതുഇടത്തില്‍ നിന്നും പിന്‍മാറില്ല. ഈ സ്ത്രീകളൊക്കെ ഇവിടെ തന്നെയുണ്ടാകും. ഇങ്ങനെയൊക്കെ അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യും.

വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് സച്ചിന്‍ ദേവും ആര്യാ രാജേന്ദ്രനുമാണെങ്കിലും ചോദ്യങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിടുന്നത് ആര്യാ രാജേന്ദ്രനാണ്. മീഡിയവണ്ണില്‍ ആദ്യമായി പോയ ആളല്ല സ്മൃതി പരുത്തിക്കാട്. സ്മൃതി മീഡിയവണ്ണില്‍ ജോലിയില്‍ പ്രവേശിച്ചതിന് തൊട്ടുമുമ്പായാണ് പ്രമോദ് രാമന്‍ അവിടെ എത്തുന്നത്. വൃത്തികെട്ട ആക്രമണം കൂടുതലായും നേരിടേണ്ടി വരുന്നത് സ്മൃതിയാണ്.

അവനവന്റെ അസ്ഥിത്വത്തെക്കുറിച്ച് ആശങ്കയുള്ള, തലയുയര്‍ത്തി സംസാരിക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ സ്വന്തം മേധാവിത്തവും അധികാരവും തകര്‍ന്ന് പോകുമോയെന്ന് ഭയക്കുന്ന കേരളത്തിലെ ആണ്‍സമൂഹത്തിന്റെ പ്രതികരണങ്ങളാണ് ഈ കാണുന്നതൊക്കെ. ഞാനതിന് വളരെ സഹതാപത്തോടെയാണ് നോക്കി കാണുന്നത്.
<div class="paragraphs"><p>ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവും </p></div>

ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവും

സ്ത്രീകളെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണ്. സി.പി.എമ്മില്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകളുള്ള സ്ത്രീകളെ ആ പാര്‍ട്ടിയിലെ ആണ്‍കൂട്ടം ആക്രമിക്കുന്നു. തിരിച്ച് സി.പി.എമ്മുകാരായ സ്ത്രീകളെ മറ്റ് പാര്‍ട്ടികളിലെ പുരുഷന്‍മാരും ആക്രമിക്കും. ഇതില്‍ രാഷ്ട്രീയ വ്യത്യാസമൊന്നുമില്ല.

<div class="paragraphs"><p>സ്മൃതി പരുത്തിക്കാട്</p></div>

സ്മൃതി പരുത്തിക്കാട്

സൈബര്‍ ആക്രമണം ചികിത്സ ആവശ്യമുള്ള രോഗം

സ്മൃതിയടക്കമുള്ള സ്ത്രീകള്‍ സൈബര്‍ ആക്രമണത്തിനെതിരെ കേസുമായി മുന്നോട്ട് പോകണം. ചികിത്സ ആവശ്യമുള്ള രോഗമാണ്. മനോരോഗ വിദഗ്ധര്‍ക്ക് നല്‍കാന്‍ കഴിയുന്ന ചികിത്സയല്ല. രാഷ്ട്രീയമാണ് ഇതിനുള്ള ചികിത്സ. പാട്രിയാര്‍ക്കിക്കെതിരെയുള്ള രാഷ്ട്രീയം ഉയര്‍ന്ന് വരണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഫെമിനിസമാണ് ഇതിനുള്ള ചികിത്സ.

പ്രണയത്തില്‍ നിന്നും പിന്‍മാറുന്ന സ്ത്രീകളെക്കുറിച്ചാണ് മുമ്പ് തേപ്പ് എന്ന് പറഞ്ഞിരുന്നത്. ഇപ്പോള്‍ എല്ലാ തരത്തിലും അത് പ്രയോഗിക്കുന്നു. ഒരു സ്ഥാപനം വിട്ട് മറ്റൊരിടത്തേക്ക് പോകുന്നതിനെ പോലും കണക്ട് ചെയ്യുന്നത് ഈ വാക്ക് കൊണ്ടാണ്. ടോക്‌സിക് ആയിട്ടുള്ള വയലന്‍സാണ് തേപ്പ് എന്ന വാക്കും അതിന്റെ പ്രയോഗവും. ഇതിനെ മറികടന്ന് സ്ത്രീകള്‍ മുന്നോട്ട് പോകും. സമൂഹത്തിലുണ്ടാക്കുന്ന വെര്‍ബല്‍ വയലന്‍സ് കേരള സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനെ മന്ദഗതിയിലാക്കും എന്നതാണ് പ്രശ്‌നം. പല തരത്തിലുള്ള പ്രതികരണങ്ങള്‍ കൊണ്ടാണ് ഇതിനെ പ്രതിരോധിക്കേണ്ടത്. കേസ് കൊടുത്തും രൂക്ഷമായി പ്രതികരിച്ചും സമ്പൂര്‍ണമായി അവഗണിച്ചും നേരിടേണ്ടി വരും. അങ്ങനെ തന്നെ സ്ത്രീകള്‍ മുന്നോട്ട് പോകും.

പ്രായം കുറഞ്ഞ ആര്യാ രാജേന്ദ്രന്‍ മേയറായപ്പോഴും സച്ചിന്‍ ദേവ് എം.എല്‍.എയായപ്പോഴുമുള്ള പ്രതികരണങ്ങള്‍ താരതമ്യം ചെയ്ത് നോക്കൂ. സച്ചിന്‍ ദേവ് എം.എല്‍.എയായപ്പോള്‍ എല്ലായിടത്ത് നിന്നും വലിയ അഭിനന്ദനമായിരുന്നു. ആര്യ മേയറായപ്പോള്‍ അവരുടെ കപ്പാസിറ്റിയെക്കുറിച്ചായിരുന്നു സംശയം. ആര്യ സ്ത്രീയായത് കൊണ്ടാണിത്. സച്ചിന്‍ദേവിന്റെ കഴിവിലോ നേതൃപാടവത്തിലോ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ചെറിയ പയ്യനെ പിടിച്ച് എന്തിനാണ് നിയമസഭയിലേക്ക് അയക്കുന്നതെന്ന് ആരും ചോദിച്ചിട്ടില്ല. ഈ രോഗം ചികിത്സിച്ച് മാറ്റുന്ന കാലം വരും. പുതിയ തലമുറയിലെ പെണ്‍കുട്ടികളൊന്നും സ്വന്തം കാര്യങ്ങള്‍ സ്വയം തീരുമാനിച്ച് മുന്നോട്ട് പോകാന്‍ കഴിവുള്ളവരാണ്. അത്തരത്തിലുള്ള പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നുണ്ട്. ജീവിതത്തില്‍ എടുത്ത തീരുമാനങ്ങള്‍ തെറ്റായിപ്പോയെന്ന് തോന്നുമ്പോള്‍ അത് തിരുത്തി മുന്നോട്ട് പോകാനുള്ള സാഹചര്യം പെണ്‍കുട്ടികള്‍ തന്നെ സൃഷ്ടിക്കുന്നുണ്ട്. അത് പോസിറ്റീവാണ്. സ്മൃതിക്കും ആര്യക്കുമെതിരെയുള്ള ആക്രമണം പരിശോധിക്കുമ്പോള്‍ ആണ്‍ വയലന്‍സും മാനിപ്പുലേഷനും എന്താണെന്ന എന്ന് കൃത്യമായി പെണ്‍കുട്ടികള്‍ക്ക് മനസിലാകാന്‍ സഹായിക്കും. പെണ്‍കുട്ടികളുടെ മുന്നോട്ടേക്കുള്ള യാത്രയ്ക്ക് ഇതൊക്കെ സംഭാവന ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in