പൗരന്മാരെ ഇടിമുറികളിലേക്കും കൊലയറകളിലേക്കും പൊലീസ് തൂക്കിയെടുത്തെറിയുമ്പോള്‍ എവിടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ?

പൗരന്മാരെ  ഇടിമുറികളിലേക്കും കൊലയറകളിലേക്കും പൊലീസ് തൂക്കിയെടുത്തെറിയുമ്പോള്‍ എവിടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ?
Summary

സ്വന്തം വകുപ്പിന് കീഴില്‍ നടക്കുന്ന ഇത്തരം മനുഷ്യാവകാശലംഘനങ്ങളും നിയമവാഴ്ചയുടെ ലംഘനങ്ങളും നിത്യേന നടക്കുമ്പോള്‍ എവിടെയാണ് മുഖ്യമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രി? എന്താണയാള്‍ മിണ്ടാതിരിക്കുന്നത്?

പ്രമോദ് പുഴങ്കര എഴുതിയത്

കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന, നിരപരാധികളായ രണ്ടു ചെറുപ്പക്കാരെ അതിഭീകരമായി മര്‍ദ്ദിച്ച സംഭവം അതിന്റെ നാള്‍വഴികളും നികൃഷ്ടമായ തിരക്കഥയും വെളിപ്പെടുന്തോറും കേരളത്തില്‍ നിലനില്‍ക്കുന്ന മുഖ്യമന്ത്രി/ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊലീസ് ഭീകരതയുടെ ജനാധിപത്യവിരുദ്ധക്രൗര്യം വെളിപ്പെടുത്തുകയാണ്. ഒപ്പം ഇത്രയൊക്കെ പരസ്യമായൊരു മനുഷ്യാവകാശ ലംഘനത്തിനോട് എത്ര കൗശലപൂര്‍വ്വമായ തട്ടിപ്പിലൂടെയാണ് ആഭ്യന്തരവകുപ്പ് പ്രതികരിക്കുന്നതെന്നുമാണ് കാണുന്നത്. മര്‍ദ്ദനത്തിനിരയായ സഹോദരങ്ങളിലൊരാള്‍ ആക്രമിച്ചപ്പോള്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള ഒരു പൊലീസുകാരന്‍ തിരിച്ചടിച്ചു എന്നാണ് സസ്പെന്‍ഷന്‍ ഉത്തരവിലെ സാഹിത്യം! തീര്‍ന്നില്ല എസ് ഐയും സി ഐയും അടക്കമുള്ളവര്‍ മര്‍ദ്ദിച്ചതായോ എന്തെങ്കിലും കുറ്റകൃത്യം ചെയ്തതായോ ഒരു വിവരവും ആഭ്യന്തര വകുപ്പിനില്ല, മറിച്ച് അവര്‍ ഈ അടികലശല്‍ തടയാന്‍ നടപടിയെടുത്തില്ല എന്നാണ്, അങ്ങനെ പൊലീസ് സേനയ്ക്ക് മാനക്കേടുണ്ടാക്കി പോലും! ആഹാ ! അപ്പോള്‍ തങ്ങളെ മര്‍ദ്ദിച്ചവരുടെ പേരുകളും അതിനൊപ്പം നിങ്ങള്‍ക്കത് കിട്ടേണ്ടത് തന്നെയെന്നു പറഞ്ഞുകൊണ്ട് അതിന് കൂട്ടുനിന്നവരുമായ എല്ലാ പോലീസുകാരേയും മാനനഷ്ടത്തിലൊതുക്കിക്കളഞ്ഞു.

നിരപരാധിയായൊരു ബാങ്ക് ജീവനക്കാരനെ വ്യാജപരാതിയില്‍ അതിഭീകരമായി മര്‍ദ്ദിച്ച കേസില്‍ 18 ലക്ഷം രൂപ കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കിയ നിശാന്തിനി IPS എന്ന ഉദ്യോഗസ്ഥയാണ് ഈ മര്‍ദ്ദനക്കേസ് അന്വേഷിക്കുന്നത്. അവര്‍ക്കെതിരെ ഒരു നടപടിയും ഇന്നുവരെ സര്‍ക്കാര്‍ എടുത്തുമില്ല. ഈ വകുപ്പിന് പിണറായി വിജയനെക്കാള്‍ നല്ല മന്ത്രിയെ കിട്ടാനില്ല!

ഒരാളെ മര്‍ദ്ദിക്കുകയും ശാരീരികമായി ആക്രമിക്കുകയുമൊക്കെ ചെയ്താല്‍ ഈ നാട്ടില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചുള്ള കുറ്റം ചുമത്തി കേസെടുക്കണം. എന്നാല്‍ കേരള പൊലീസില്‍ അതൊന്നുമില്ല. ആളുകള്‍ ബഹളം കൂട്ടിയാല്‍ അവരൊരു തട്ടിപ്പന്വേഷണം നടത്തും , കുറച്ചുകാലം കഴിഞ്ഞാല്‍ ആചാരവെടിയോടെ കുറ്റാരോപിതരെ തിരിച്ചെടുക്കും. എന്തുകൊണ്ടാണ് കിളികൊല്ലൂര്‍ സംഭവത്തില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളനുസരിച്ച് കേസെടുക്കാത്തത്? ഔദ്യോഗികാധികാരം ദുരുപയോഗം ചെയ്ത നിരപരാധികളായ പൗരന്മാരെ കള്ളക്കേസില്‍ കുടുക്കി, അതിഭീകരമായി മര്‍ദ്ദിക്കുകയും ആക്രമിക്കുകയും ചെയ്ത പൊലീസുകാരെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാത്തത്? പൊലീസുകാരല്ല ഇത്തരമൊരു സംഭവത്തില്‍ കുറ്റാരോപിതരെങ്കില്‍ ഇങ്ങനെയാണോ പൊലീസ് അതിനെ സമീപിക്കുക? സ്വന്തം വകുപ്പിന് കീഴില്‍ നടക്കുന്ന ഇത്തരം മനുഷ്യാവകാശലംഘനങ്ങളും നിയമവാഴ്ചയുടെ ലംഘനങ്ങളും നിത്യേന നടക്കുമ്പോള്‍ എവിടെയാണ് മുഖ്യമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രി? എന്താണയാള്‍ മിണ്ടാതിരിക്കുന്നത്?

എത്ര ദയനീയമാണ് കേരളത്തിലെ സി പി എം എന്ന കക്ഷിയുടേയും DYFI പോലുള്ള സംഘടനകളുടേയും അധികാരവിധേയത്വ പരിണാമം എന്നതിന്റെ അമ്പരപ്പിക്കുന്ന സാക്ഷ്യമാണ് ഈ സംഭവം. ആഗസ്റ്റ് 25-നു നടന്ന ഈ സംഭവത്തില്‍ ഇത്രയും ഭീകരമായ മര്‍ദ്ദനത്തിനിരയായ സ്വന്തം പാര്‍ടി സഖാവ് പറഞ്ഞത് മനസിലാക്കാന്‍ പോലും ശ്രമിക്കാതെ പൊലീസ് നല്‍കിയ കള്ളക്കഥ കേട്ട് വാലും ചുരുട്ടി പോയി അവര്‍. ഏതാണ്ട് രണ്ടു മാസം കഴിഞ്ഞിട്ടിപ്പോള്‍ വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഈ വിഷയം വെളിച്ചത്തുവരികയും പ്രതിഷേധം ഉയരുകയും ചെയ്തപ്പോഴാണ് ചെറിയ മൂളക്കം പോലും അവിടെനിന്നും കേള്‍ക്കുന്നത്.

മയക്കുമരുന്ന് കേസില്‍ നിന്നെയും കഞ്ചാവ് വീട്ടില്‍ നിന്നും എടുത്തെന്ന് കാണിച്ച് നിന്റെ അമ്മയേയും വരെ അകത്തിടുമെന്നാണ് മര്‍ദ്ദിക്കവേ ഒരു പൊലീസുകാരന്‍ ഭീഷണിപ്പെടുത്തിയത് എന്നാണ് പറയുന്നത്. കേരളം മുഴുവന്‍ മയക്കുമരുന്ന് വേട്ടയ്ക്കും ലഹരിവിരുദ്ധ വേട്ടയ്ക്കുമിറക്കിയ പൊലീസ് സേനയാണിതെന്നോര്‍ക്കണം. ഇതൊക്കെ നടക്കുമ്പോള്‍ എവിടെയാണ് പിണറായി വിജയനെന്ന ദുരധികാരിയെ ഇപ്പണിക്ക് നിയോഗിച്ച പാര്‍ടി? എന്തുകൊണ്ടാണ് പാര്‍ടി ഇതിലിടപെടാത്തത്? കോവിഡ് കാലത്ത് ജനങ്ങളുടെ നിത്യജീവിതത്തിനു മുകളില്‍ അഴിഞ്ഞാടാന്‍ വേട്ടപ്പട്ടികളെപ്പോലെ ഇറക്കിവിട്ട പോലീസ് പിന്നെയങ്ങോട്ട് തിരികെക്കയറിയിട്ടില്ല. ഒരു പൊതുജനാരോഗ്യപ്രശ്‌നത്തെ നേരിടാന്‍ പോലീസിനെ നിയോഗിക്കുന്ന നടപടി ആ സര്‍ക്കാര്‍ എത്രമാത്രം ജനാധിപത്യവിരുദ്ധമായാണ് കാര്യങ്ങളെ സമീപിക്കുന്നത് എന്നതിന്റെ തെളിവായിരുന്നു. എന്നിട്ടും പോലീസിന്റെ ത്യാഗകഥകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞെളിഞ്ഞുനിന്നു. അയാള്‍ക്ക് ചുറ്റും വളര്‍ത്തിയെടുത്ത അധികാരസൗഭാഗ്യങ്ങളുടെയും അഴിമതിയുടെയും പെറുക്കിത്തീനികളും പാര്‍ട്ടിക്കകത്തും പുറത്തുമായി നടത്തുന്ന പ്രചാരണവാഴ്ത്തുകളിലും തിരുവായ്ക്കെതിര്‍വായില്ലാത്ത വിധത്തില്‍ എന്തെങ്കിലും നൊട്ടിനുണയാന്‍ എവിടെയെങ്കിലും തങ്ങള്‍ക്കും കിട്ടുമെന്ന ഉറപ്പും പ്രതീക്ഷയുമുള്ള തൊമ്മികളെ നിറച്ചുവെച്ച പാര്‍ടികമ്മറ്റികളിലും ജനവിരുദ്ധതയുടെ പൊലീസ് ഭീകരതയും അതിന്റെ നടത്തിപ്പുകാരനായ വിജയനും സാധൂകരിക്കപ്പെട്ടു.

കേരളത്തിലെ പൗരന്മാരെ തെരുവുകളില്‍ നിന്നും ഇടിമുറികളിലേക്കും കൊലയറകളിലേക്കും പൊലീസ് തൂക്കിയെടുത്തെറിയുമ്പോള്‍ എവിടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി ?

പോലീസിനെ മാറ്റാന്‍ പറ്റില്ല, അയ്യോ ആവോ ഇതൊരു ബൂര്‍ഷ്വാ ഭരണഘടനയല്ലേ എന്നൊക്കെയുള്ള പതിവ് അളിഞ്ഞ ന്യായങ്ങള്‍ വിജയന്റെ കടന്നല്‍ PR സംഘങ്ങള്‍ ഇറക്കുന്നുണ്ട്. പൊലീസിന്റെ ജനാധിപത്യവത്ക്കരണം ഒരു ഇടതുപക്ഷ അജണ്ടയാണ്. സാമാന്യമായി പൗരാവകാശങ്ങളെ ബഹുമാനിക്കുന്നൊരു പൊലീസിനെ സൃഷ്ടിക്കാന്‍ വിപ്ലവമൊന്നും ഉണ്ടാകേണ്ടതില്ല. പൊലീസ് പരിപൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിഷയമാണ്. പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനും സ്റ്റേഷന്‍ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏതുസമയത്തും ലഭ്യമാക്കാനും വേണ്ട സംവിധാനമുണ്ടാക്കാത്തത് സംസ്ഥാന സര്‍ക്കാര്‍ അതിനു തയ്യാറാകാത്തതുകൊണ്ടാണ്? കേരള പോലീസിനെ ജനാധിപത്യവത്ക്കരിക്കാനുള്ള എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് ഇടതുമുന്നണിക്ക് വിശിഷ്യാ സി പി എമ്മിനുള്ളത്? അതില്‍ ഏതൊക്കെ നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയാത്തത്? എന്തൊക്കെ നടപടികള്‍ ഇക്കാര്യത്തില്‍ ചെയ്യാനാകും എന്നതു പരിശോധിക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനും പൊതുജനാഭിപ്രായമടക്കം ക്ഷണിച്ചുകൊണ്ടുള്ള എന്തെങ്കിലും പദ്ധതി സര്‍ക്കാരിനോ മുന്നണിക്കോ ഉണ്ടോ? ഇതൊന്നും ചെയ്യാതെ വെറുതെ പായാരം പറയുന്നത് ശുദ്ധ തട്ടിപ്പാണ്.

PARAMVIR SINGH SAINI vs. BALJIT SINGH [SLP (CRIMINAL) NO.3543 of 2020] കേസില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് നല്‍കിയ നിര്‍ദ്ദേശം എല്ലാ പോലീസ് സ്റ്റേഷനുകളിലും CCTV ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ്. എന്തുകൊണ്ടാണ് കേരള സര്‍ക്കാര്‍ ഇത് നടപ്പിലാക്കാത്തത്? സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ തടസം ബ്രിട്ടീഷ് കൊളോണിയല്‍ ഭരണമോ ഇന്ത്യന്‍ ഭരണഘടനയോ ആണോ? കമ്മ്യൂണിസവും മാര്‍ക്‌സിസവും പോയിട്ട് ലിബറല്‍ ജനാധിപത്യത്തിന്റെ പ്രതിബദ്ധത പോലും ജനങ്ങളോടില്ലാത്ത സമഗ്രാധിപത്യ കാമിയായൊരു ദുരധികാരവൃന്ദമാണ് വിജയനും അയാള്‍ക്ക് ചുറ്റുമുള്ള സംഘവും എന്നതുകൊണ്ടാണ് ഇതൊന്നും നടപ്പാക്കാത്തത്.

പോലീസ് സ്റ്റേഷനുകളിലെ മര്‍ദ്ദനം തടയാനുള്ള കൃത്യമായ നീക്കമായാണ് CCTV ക്യാമറവെക്കാനുള്ള ഉത്തരവില്‍ കോടതി എണ്ണിപ്പറഞ്ഞു വ്യക്തമാക്കിയത്. സുപ്രീം കോടതി അതിനുള്ള നിര്‍ദേശങ്ങള്‍ ഇങ്ങനെ നല്‍കുന്നു; 1) പോലീസ് സ്റ്റേഷന്റെ ലോക്കപ്പ് അടക്കമുള്ള എല്ലാ ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടണം. കെട്ടിടവും അതിന്റെ വളപ്പുമടക്കം ഒരു ഭാഗം പോലും ഇതില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ല. 2) രാത്രി ദൃശ്യങ്ങള്‍ record ചെയ്യാന്‍ കഴിയുന്ന night vision ക്യാമറകള്‍ വെക്കണം. ഇതിലെല്ലാം തെളിച്ചമുള്ള ദൃശ്യവും ശബ്ദവും പതിയുന്നുവെന്ന് ഉറപ്പാക്കണം. 3) ഇത്തരത്തില്‍ record ചെയ്ത ദൃശ്യങ്ങള്‍ ചുരുങ്ങിയത് 18 മാസമെങ്കിലും സൂക്ഷിക്കണം. 4) ഈ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ചുമതല SHO-വിനാണ്. 5) ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഇതിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ഉന്നതതല സമിതികളുണ്ടാകണം. ഇതില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി, വനിതാ കമീഷന്‍ അധ്യക്ഷ, ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് അധ്യക്ഷ, മേയര്‍, മുനിസിപ്പല്‍/പഞ്ചായത് അധ്യക്ഷ എന്നിവര്‍ അംഗങ്ങളായിരിക്കണം.

പറയൂ, ഇത് നടപ്പിലാക്കാന്‍ വിജയന് തടസം നില്‍ക്കുന്ന സാമ്രാജ്യത്വശക്തികളെക്കുറിച്ചും ഇന്ത്യന്‍ ഭരണഘടനയുടെ പരിമിതികളെയും കുറിച്ച് പറയൂ.

പൊലീസ് ഭീകരത ഭരിക്കുന്നവരുടെ രാഷ്ട്രീയ നിലപാടിനെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. കേരളത്തിലെ പോലീസ് ഭീകരത അത്തരത്തിലൊരു നിലപാടിന്റെ, വലതുപക്ഷ ഹിംസയുടെ രാഷ്ട്രീയ യുക്തിയെ, സമഗ്രാധിപത്യ ഭരണകൂടത്തെ ഇടതുപക്ഷനേതൃത്വത്തിലേക്ക് സംക്രമിപ്പിച്ച പിണറായി വിജയന്‍ പ്രതീകവത്കരിക്കുന്ന നേതൃത്വത്തിന്റെ നിലപാടുകൂടിയാണ്. ഈ കടുംകെട്ടിനേയും പാര്‍ട്ടിയെ വിഴുങ്ങിനില്‍ക്കുന്ന ഈ അധികാരവൃന്ദത്തെയും സാധ്യമാക്കുന്നതിന് അവര്‍ക്ക് ഇത്തരത്തിലുള്ള പൊലീസ് കൂടിയേ തീരൂ എന്നാണ് വാസ്തവം.

കേരള ഡി ജി പി-യായും ജോലി ചെയ്ത എന്‍. സി. ആസ്താന (ഇത് ആസ്താനയുടെ മറ്റ് വിഷയങ്ങളിലേ നിലപാടുകളോടുള്ള endorsement അല്ല) എഴുതുന്നു, ' ...'നിങ്ങളെ ഭരിക്കുന്നവരെ അറിയുക, ഭരിക്കുന്നവരുടെ താത്പര്യം സംരക്ഷിക്കുക, അവരുടെ ശത്രുക്കളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുക, പാവപ്പെട്ടവരേയും അധികാരരഹിതരായ നിസ്സഹായരെയും എക്കാലത്തും അടിച്ചമര്‍ത്തിനിര്‍ത്താനായി ക്രൂരമായി വേട്ടയാടുക' എന്നതാണ് ഇന്ത്യയിലെ പൊലീസ് സമ്പ്രദായം. അക്രമികളോ ക്രൂരന്മാരായ പീഡകരോ ആക്കുന്ന സങ്കീര്‍ണ്ണമായ ഒന്നും പൊലീസിന്റെ പണിയിലില്ല. ഭരണാധികാരികളുമായുള്ള ഒട്ടിച്ചേരലും അധികാരത്തോടും പണത്തോടുമുള്ള അതിയായ ആഗ്രഹവും, ഈ അഭിന്നമായ ബന്ധത്തില്‍നിന്നും ലഭിക്കുന്ന അധാര്‍മ്മികതയ്റ്റും അഴിമതിയുടെയും ഒഴുക്കും അവരുടെ ഉപബോധത്തിലുള്ള എല്ലാ വൈകൃതങ്ങളെയും പുറത്തുകൊണ്ടുവരുന്നു. ഈ ഘടകങ്ങള്‍ തുടരുന്നിടത്തോളം പീഡനവും മര്‍ദ്ദനവും പൊലീസ് സേനയുടെ അവിഭാജ്യ ഭാഗങ്ങളായി തുടരും.'

അതായത് വിനായകനെന്ന ദളിത് യുവാവിനെ മുടിനീട്ടിവളര്‍ത്തിയതിന് മര്‍ദ്ദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട, കസ്റ്റഡിയിലെടുത്ത മനുഷ്യരെ മര്‍ദ്ദിച്ചു കൊല്ലുന്ന, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ വമ്പു പറയുന്ന, അടിമുടി അഴിമതിയില്‍ മുങ്ങിയ ഈ ജനാധിപത്യവിരുദ്ധ പൊലീസ് സംവിധാനത്തെ സാധ്യമാക്കുന്നത് ഭരണനേതൃത്വമാണ്.

മുഖ്യമന്ത്രിയുടെ മകളുടെയും പേരക്കുട്ടിയുടെയും സർക്കാർ അകമ്പടികളോടെയുള്ള ഉല്ലാസയാത്രക്ക് ന്യായം ചമയ്ക്കാൻ വിധിക്കപ്പെട്ടവരേ, പിണറായി വിജയൻറെ കുടുംബത്തിന് നേരെ ആക്രമണമെന്ന് നിലവിളിച്ചുകൊണ്ട് സായാഹ്‌നധർണ്ണയ്ക്ക് തിടുക്കപ്പെട്ടോടിയ സകല വിധേയന്മാരും അറിയണം, കേരളത്തിലെ തെരുവുകളിൽ വലിച്ചിഴക്കപ്പെട്ട മലയാളിയുടെ പൗരാവകാശങ്ങളും ആത്മാഭിമാനവും പോലീസ് സ്റ്റേഷനുകളിലെ ഇടിമുറികളിലും ഇടനാഴികളിലും ഇടികൊണ്ട് തുപ്പിയ അവരുടെ ചോരയും നിങ്ങളുടെ മുഖത്തേക്ക് തെറിക്കുന്നുണ്ട്. വാഴ്ത്തുപാട്ടുകാർക്കും അധികാരസൗഭാഗ്യങ്ങളുടെ പെറുക്കിത്തീനികൾക്കും സൗജന്യമായി കിട്ടുന്ന തൂവാലകളും വാസനത്തൈലങ്ങളുംകൊണ്ട് എത്രയൊക്കെ അമർത്തിത്തുടച്ചാലും ഈ കണക്കുകൾ കേരളം നിങ്ങളോട് തീർക്കുകതന്നെ ചെയ്യും. അതിനി എത്രകാലം വേണ്ടിവന്നാലും.

Related Stories

No stories found.
logo
The Cue
www.thecue.in