സർവ്വകലാശാലകൾ പ്രശ്നങ്ങളുടെ മാത്രമല്ല, നേട്ടങ്ങളുടെകൂടി ഇടങ്ങളാണ്

സർവ്വകലാശാലകൾ പ്രശ്നങ്ങളുടെ മാത്രമല്ല, 
നേട്ടങ്ങളുടെകൂടി ഇടങ്ങളാണ്
Summary

ഇന്ത്യയിലെ കേന്ദ്രധനസഹായം ലഭിക്കുന്ന ഏത് സർവ്വകലാശാലകളുടെയടുത്തും കിടപിടിക്കുന്ന ഗുണനിലവാരം നമ്മുടെ സർവ്വകലാശാലകളിലുമുണ്ട്. കാലം ആവശ്യപ്പെടുന്നതും സമൂഹത്തിന് ഗുണപരവുമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പഠനഗവേഷണരംഗം മാറ്റേണ്ടതുണ്ട്. തൊഴിലധിഷ്ഠിതമായ കോഴ്‌സുകൾക്ക് മാത്രമേ കുട്ടികളെ ആകർഷിക്കുവാൻ കഴിയുകയുള്ളൂ. കൊച്ചി സർവ്വകലാശാല, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. അബേഷ് രഘുവരൻ എഴുതുന്നു

കേരളത്തിലെ സർവ്വകലാശാലകൾ മോശമെന്ന് വരുത്തിത്തീർക്കുവാനുള്ള ശ്രമങ്ങൾ പലവിധകോണുകളിൽ നിന്നും ഉയരുമ്പോഴും രണ്ടാഴ്ചമുമ്പ് പുറത്തുവന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രയിംവർക്ക് റിപ്പോർട്ടിൽ കേരളത്തിലെ സർവ്വകലാശാലകൾ നില മെച്ചപ്പെടുത്തിയത് നാം ആഘോഷിക്കുന്നില്ല എന്നത് വിരോധാഭാസമാണ്. ഇന്ത്യയിലെ ഏതൊരു ഭീമമായ കേന്ദ്രധനസഹായം ലഭിക്കുന്ന സർവ്വകലാശാലകളുടെയടുത്തും കിടപിടിക്കുന്ന ഗുണനിലവാരം നമ്മുടെ സർവ്വകലാശാലകളിലുമുണ്ട്. എന്നാൽ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഊതിപ്പെരുപ്പിച്ചുകൊണ്ട് ആ നേട്ടങ്ങളെ ഇകഴ്ത്തുവാനുള്ള ശ്രമങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഈയവസരത്തിൽ നമ്മുടെ നേട്ടങ്ങൾ കൂടി ചർച്ച ചെയ്യേണ്ടത് ആവശ്യമാണെന്ന് കരുതുന്നു.

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രകടനത്തെ വിലയിരുത്തുന്ന കേന്ദ്രസർക്കാരിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രയിംവർക്ക് (NIRF) അടുത്തിടെ പുറത്തിറക്കിയ റാങ്കിങ്ങിൽ കേരളത്തിലെ സർവ്വകലാശാലകളും, കലാലയങ്ങളും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. കേരള, കൊച്ചി സർവ്വകലാശാലകൾ റാങ്കിങ് നില മെച്ചപ്പെടുത്തിയപ്പോൾ (കേരള സർവ്വകലാശാല 40 ൽ നിന്നും 24, കൊച്ചി സർവ്വകലാശാല 41 ൽ നിന്നും 37) എം.ജി സർവ്വകലാശാലയും, കാലിക്കറ്റ് സർവ്വകലാശാലയും ഒരു റാങ്ക് പിന്നിലേക്ക് പോയി. എന്നിരുന്നാലും സ്വകാര്യ സർവ്വകലാശാലകൾ മുന്നോട്ടുവെക്കുന്ന കടുത്ത മത്സരത്തിനിടയിൽ സർക്കാർ മേഖലയിലെ സ്ഥാപനങ്ങളുടെ ഈ നേട്ടം ചെറുതല്ല. കോളേജുകളുടെ കാര്യത്തിലായാലും കേരളത്തിലെ 14 കലാലയങ്ങൾ ആദ്യത്തെ നൂറ് റാങ്കിൽ എത്തിയത് കേരളത്തെ സംബന്ധിച്ച് അഭിമാനകരമാണ്. സർവ്വകലാശാല വിഭാഗത്തിൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഒന്നാമതും, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ മുഴുവനായുള്ള വിഭാഗത്തിൽ മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തുടർച്ചയായ അഞ്ചാം തവണയും ഒന്നാമതായി എത്തുകയുണ്ടായി. എന്നാൽ മികച്ച ഫാർമസി, നിയമ രംഗത്തെ ഗവേഷണസ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിലെ ഒരു സ്ഥാപനംപോലും ഇടംപിടിച്ചില്ല എന്നത് പരിശോധിക്കേണ്ടതുണ്ട്.

ചേർത്തുവെക്കേണ്ട അളവുകോലുകൾ?

മികച്ച അധ്യാപകർ, സർക്കാർ തലത്തിൽ മുന്തിയ പരിഗണന, പ്രതിഭാധനരായ വിദ്യാർഥികൾ, സ്‌കൂൾ തലങ്ങളിൽ ഉള്ള മികച്ച പഠനാന്തരീക്ഷങ്ങൾ എന്നിവയൊക്കെ ഉണ്ടെങ്കിലും എന്തുകൊണ്ട് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആദ്യത്തെ അഞ്ചോ പത്തോ റാങ്കിൽ എത്തിച്ചേരുവാൻ കഴിയുന്നില്ല? അമൃതയും, രാജഗിരിയും പോലെയുള്ള സ്വകാര്യരംഗത്തെ സ്ഥാപനങ്ങൾ മികച്ച റാങ്കുനേടുമ്പോൾ സർക്കാർ വിഭാഗത്തിലെ സർവ്വകലാശാലകൾ ഒന്നാമതായി എത്താത്തതെന്താണ്? സ്വകാര്യ വിദ്യാഭ്യാസരംഗത്തെ രീതികളെ അപേക്ഷിച്ച്, സർക്കാർ സ്ഥാപനങ്ങളിലെ രീതികൾ വ്യത്യസ്തമാണെങ്കിലും ശ്രമിച്ചാൽ ഗുണപരമായ ചില മാറ്റങ്ങൾ അവിടങ്ങളിൽ കൊണ്ടുവരാൻ കഴിയും എന്നകാര്യത്തിൽ സംശയമില്ല.

അധ്യാപന-പഠന വിഭവങ്ങൾ, ഗവേഷണം, പഠനഫലം, സമൂഹവ്യാപനം എന്നിങ്ങനെ വിവിധ അളവുകോലുകൾ ഓരോ റാങ്കിങ് സമ്പ്രദായത്തിനുപിന്നിലുണ്ട്. പ്രധാനമായും പരീക്ഷകളിൽ കുട്ടികളുടെ റിസൾട്ട്, ഗവേഷണ പ്രബന്ധങ്ങളുടെയും പേറ്റന്റുകളുടെയും എണ്ണവും ഗുണമേന്മയും, ഏറ്റെടുത്തുനടപ്പിലാക്കുന്ന ഗവേഷണ പ്രോജക്റ്റുകൾ, പുറത്തിറങ്ങിയ ഡോക്ടറേറ്റുകൾ എന്നിവയൊക്കെ പരിഗണിക്കും. നാക്, എൻ.ഐ.ആർ.എഫ് എന്നിവയിലെ മികവ് ഇന്ന് ഓരോ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും മുന്നോട്ടുപോകുവാൻ അത്യന്താപേക്ഷിതമാണ്. സർക്കാർ നൽകുന്ന ഗ്രാൻഡ്, പ്രോജക്റ്റുകൾ എന്നിവയൊക്കെ ഈ റാങ്കിങ്ങിലെ മികവിനെ ആശ്രയിച്ചിരിക്കുന്നു. ഓരോന്നിനും അതിന്റേതായ കൃത്യമായ അളവുകോലുകൾ നിഷ്കർഷിക്കുന്നുണ്ട്. സ്ഥാപനങ്ങളുടെ പ്രകടനങ്ങൾ അവയോരോന്നിലേക്കും കൃത്യമായി ചേർത്തുവെക്കുകയാണ് ആദ്യം വേണ്ടത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി
കാലിക്കറ്റ് യൂണിവേഴ്സിറ്റി

കാലോചിതമായി പരിഷ്കരിക്കുക

ഓരോ സ്ഥാപനത്തിന്റെയും പഠന, ഗവേഷണങ്ങൾ കാലോചിതമായി പരിഷ്കരിക്കുക എന്നതാണ് ആദ്യത്തെ കടമ്പ. കാലം ആവശ്യപ്പെടുന്നതും സമൂഹത്തിന് ഗുണപരവുമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പഠനഗവേഷണരംഗം മാറ്റേണ്ടതുണ്ട്. തൊഴിലധിഷ്ഠിതമായ കോഴ്‌സുകൾക്ക് മാത്രമേ കുട്ടികളെ ആകർഷിക്കുവാൻ കഴിയുകയുള്ളൂ.

കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ

സർവ്വകലാശാലകളിലെ മുതിർന്ന അധ്യാപകർക്ക് നാക്, എൻ.ഐ.ആർ.എഫ് തുടങ്ങിയവയുടെ മാർഗ്ഗനിർദ്ദേശങ്ങളെപ്പറ്റി ധാരണയുണ്ടെങ്കിലും പുതുതായി ജോലിയിൽ പ്രവേശിച്ച അധ്യാപർക്ക് അതുണ്ടാവണമെന്നില്ല. പല സർവ്വകലാശാലകളിലെ അധ്യാപകരെ നിയമിക്കുന്നത് വിവിധ സമയങ്ങളിൽ ആണെന്നതിനാൽ അവർക്ക് ഇത്തരം കാര്യങ്ങൾ ഒരുമിച്ചു പകർന്നുകൊടുക്കാൻ കഴിയാതെ പോകുകയും ചെയ്യുന്നു. പലയിടങ്ങളിലും ഒരുമിച്ചു ട്രെയിനിങ് കൊടുക്കാറുണ്ടെങ്കിലും ദേശീയ, അന്താരാഷ്‌ട്ര ഏജൻസികളുടെ റാങ്കിങ്, അതെങ്ങനെ നേടണമെന്നുള്ള ട്രെയിനിങ് എന്നിവയെക്കുറിച്ചെല്ലാം അധ്യാപകർക്കും, സ്ഥാപനവുമായി ബന്ധപ്പെട്ട് തൊഴിൽചെയ്യുന്ന ഓരോരുത്തർക്കും നൽകേണ്ടതുണ്ട്. അതിനായി സെമിനാറുകളും, ട്രെയിനിങ്ങുകളും സംഘടിപ്പിക്കാം. കൃത്യമായ ഒരു ചട്ടക്കൂടിൽ ക്രിയാത്മകമായി ജോലിചെയ്യാൻ കഴിഞ്ഞാൽ നമ്മുടെ ഓരോ പ്രയത്നവും അളക്കുവാനും അത് റാങ്കിങ്ങുമായി ബന്ധപ്പെടുത്തുവാനും കഴിയും.

ഡോക്യുമെന്റേഷൻ

നാക് അക്രഡിറ്റേഷൻ സാധാരണയായി അഞ്ചുവർഷങ്ങളിലേക്കാണ് നൽകുന്നത്. എൻ.ഐ.ആർ.എഫ് ആവട്ടെ ഓരോ വർഷവും റാങ്കിങ് പ്രസിദ്ധപ്പെടുത്താറുണ്ട്. അന്താരാഷ്‌ട്ര തലത്തിലെ റാങ്കിങ്ങുകളും പല കാലയളവുകളിലാണ് റിപ്പോർട്ടുകൾ പുറത്തുവിടുന്നത്. പല സർവ്വകലാശാലകളും അവരുടെ ഡോക്യൂമെന്റഷൻ കുറ്റമറ്റതാക്കുന്നതുവഴി മികച്ച നിലയിൽ എത്താറുണ്ട്. ചിലരാകട്ടെ മികച്ച പ്രകടനം നടത്തുമ്പോഴും അവ കൃത്യമായി ഡോക്യൂമെന്റേഷൻ നടത്താത്തതുമൂലം അർഹതപ്പെട്ട റാങ്കിങ് ലഭിക്കാത്തവരുമുണ്ട്.

ഡോക്യൂമെന്റേഷൻ സ്ഥാപനത്തിന്റെ ആകമാനമുള്ള നിലയിൽ നടത്തേണ്ടതാണെങ്കിലും അത് ഓരോരോ അധ്യാപകരുടെയും സംഭാവനകളുടെ ആകെത്തുകയാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരിലും നിന്നുമാണ് ഡോക്യൂമെന്റേഷൻ ആരംഭിക്കേണ്ടത്. ഓരോ സ്ഥാപനങ്ങളുടെയും റാങ്കിങ് രീതികൾ ആഴത്തിൽ പഠിച്ചുകൊണ്ട്, അതാവശ്യപ്പെടുന്ന തരത്തിൽ കൂടി അധ്യാപനവും ഗവേഷണവും ക്രമീകരിക്കേണ്ടതായുണ്ട്. ഓരോ നേട്ടങ്ങളും കൃത്യമായി അടയാളപ്പെടുത്തുകയും, മുൻപന്തിയിലുള്ള മറ്റു സർവ്വകലാശാലകളുമായി താരതമ്യവുമാവാം. കൃത്യമായി ഡോക്യുമെന്റ് ചെയ്യുകവഴി ഓരോ വർഷവും കൂടുതൽ മികവോടെ കാര്യങ്ങൾ ചെയ്യുവാനും അധ്യാപകർക്ക് കഴിയും.

പ്രബന്ധങ്ങൾ/പേറ്റന്റുകൾ

ഉന്നതവിദ്യാഭ്യാസ പഠന-ഗവേഷണ മികവിന്റെ അളവുകോൽ ആണ് പ്രബന്ധങ്ങളും, പേറ്റന്റുകളും. ഇവയുടെ എണ്ണമാണ് നിലവിലുള്ള റാങ്കിങ് ചട്ടക്കൂടിൽ ഏതൊരു ശാസ്ത്രജ്ഞന്റെയും, അധ്യാപകന്റെയും മികവിനെ സൂചിപ്പിക്കുന്നത്. ഗവേഷണഫലമായുള്ള കണ്ടുപിടുത്തങ്ങൾ ശാസ്ത്രലോകത്തെ അറിയിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതിന്റെ പ്രത്യേകതകൾ ലോകത്താകമാനമുള്ള ശാസ്ത്രകുതുകികൾക്ക് അറിയുവാനും, അവരുടെ ഗവേഷണങ്ങളിൽ ആ പ്രബന്ധങ്ങളുടെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്തുവാനും കഴിയുകവഴി ശാസ്ത്രം സാർവ്വത്രികമാകുന്നു. മാത്രമല്ല തങ്ങളുടെ ഗവേഷണ നേട്ടങ്ങളുടെ പേറ്റന്റ് നേടുകവഴി അവയുടെ വാണിജ്യഗുണങ്ങൾ കൂടി ഗവേഷകർക്ക് കൈവരുന്നു. ഇവ രണ്ടും നേടുക എന്നത് ഒരു ഗവേഷകനെ സംബന്ധിച്ച് അത്ര കഠിനമായ കാര്യമല്ലെങ്കിലും വർഷങ്ങൾ നീണ്ട ഗവേഷണത്തിനും, പരിശ്രമത്തിനും ശേഷം മാത്രമേ ഇവയൊക്കെ നേടാനുമാകൂ. തങ്ങളുടെ ഗവേഷണങ്ങളും, അധ്യയനവും ഈ ലക്ഷ്യങ്ങളുമായി ചേർത്തുവെക്കാൻ കഴിഞ്ഞാൽ ഇവ രണ്ടും സാധ്യമാക്കാവുന്നതേയുള്ളൂ.

മാറിയ ലോകം, മാറേണ്ട പാഠ്യരീതി

തിരുത്തേണ്ട ചില കാര്യങ്ങൾ ഉണ്ടെങ്കിലും ദേശീയ വിദ്യാഭ്യാസനയം പിന്തുടരാതെ ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മുന്നോട്ടുപോകുവാനാവില്ല. നാലുവർഷത്തെ ബിരുദം ഈ വർഷം തന്നെ തുടങ്ങുവാനാണ് സംസ്ഥാനസർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. അടുത്തവർഷം മുതൽ എൻ.ഐ.ആർ.എഫ് അത്തരത്തിലുള്ള പരിഷ്‌കാരങ്ങൾ കൂടി വിലയിരുത്തിയാവും റാങ്കിങ് നിശ്ചയിക്കുക. അതുകൊണ്ടുതന്നെ മാറിയ പാഠ്യപദ്ധതികളിൽ നിന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് പുറംതിരിഞ്ഞുനിൽക്കാനാവില്ല. ക്രിയാത്മകമായ മാറ്റങ്ങളെ കൃത്യമായി അഭിസംബോധന ചെയ്തെങ്കിൽ മാത്രമേ കുട്ടികളെയും ആകർഷിക്കുവാൻ കഴിയുകയുള്ളൂ. വിദ്യാർഥികളുടെ വിദേശത്തേക്കുള്ള കുത്തൊഴുക്ക് ഓരോ വർഷങ്ങളിലും കൂടിക്കൊണ്ടിരിക്കുകയാണ്. മേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കിയാൽ മാത്രമേ കുട്ടികൾ ഇവിടെ തുടരുകയുള്ളൂ. അതുകൊണ്ടുതന്നെ ഏതൊരു റാങ്കിങ്ങിനുമപ്പുറം നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖലയുടെ നിലനിൽപ്പുപോലും നമ്മുടെ നിലവാരത്തെ ചുറ്റിപ്പറ്റിയാണെന്ന് ചുരുക്കം.

Related Stories

No stories found.
logo
The Cue
www.thecue.in