പരസ്യം ചുമക്കാനുള്ളതല്ല സാഹിത്യം

പരസ്യം ചുമക്കാനുള്ളതല്ല സാഹിത്യം

കേരള സാഹിത്യ അക്കാദമി അവർ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കവറിൽ കേരള സർക്കാരിൻ്റെ പരസ്യം അച്ചടിച്ചു വെച്ചിരിക്കുന്നു. " രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷിക കരുത്തോടെ " എന്ന വാചകത്തോടെയാണ് പുതിയ ചില പുസ്തകങ്ങൾ വായനക്കാരനിലെത്തുന്നത്. ഈ അശ്ലീലം അറിയുമ്പോൾ എനിക്കോർമ്മ വന്നത് അരുന്ധതി റോയ് 2021-ൽ പറഞ്ഞ ഒരു കാര്യമാണ്. അതിപ്രകാരമായിരുന്നു:

" പശ്ചിമ ബംഗാളിലേതുപോലെ കേരളത്തിൽ സി.പി.എം പുറത്തു പോകാത്തത് കേരളത്തിലെ ജനങ്ങൾ അവരെ അതിനനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണ്. ഓരോ അഞ്ചു വർഷം കഴിയുന്തോറും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി, ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേർവരയിൽ നിർത്തുകയായിരുന്നു ജനങ്ങൾ ഇതുവരെ. അങ്ങനെത്തന്നെയാണ് ചെയ്യേണ്ടതും. പക്ഷേ, ഇപ്രാവശ്യം, ആ ചാക്രികമായ മാറ്റം മുറിഞ്ഞിരിക്കുന്നു. അതെന്നെ കുറച്ച് അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വെറൊന്നിനുമല്ല, സി പി.എമ്മിൻ്റെ ഗുണത്തെക്കരുതി ത്തന്നെ. തുടച്ചയായി അധികാരത്തിൽ ഇരിക്കുക എന്നത് തീർച്ചയായും സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള ഒരു വഴിയാണ്."

അരുന്ധതി റോയിയുടെ പ്രവചനസ്വാഭാവമുള്ള ആ താക്കീത് സത്യമാവുകയാണോ എന്ന് സംശയിക്കേണ്ടുന്ന ഒരു സാഹചര്യം കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. അതിൻ്റെ ഏറ്റവു ഒടുവിലത്തെ ദൃഷ്ടാന്തമാണ് സാഹിത്യ അക്കാദമിയിൽ നിന്നുള്ള മുകളിൽ സൂചിപ്പിച്ച നടപടി. ഇത്രയും വിവേകശൂന്യമായ ഒരിടപെടൽ, അതും സാഹിത്യത്തിൻ്റെ മേഖലയിൽ സി.പി.എമ്മിൻ്റെ ഭാഗത്തുനിന്ന് മുമ്പൊന്നും ഉണ്ടായിട്ടില്ല. ഇതിനെ കേരളത്തിൻ്റെ സാംസ്കാരിക സമൂഹം ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രതിരോധം സൃഷ്ടിക്കേണ്ടതുണ്ട്. പരാജയപ്പെടുത്തേണ്ടതുണ്ട്.

അക്കാദമിയുടെ ഭാഗത്തുനിന്നുണ്ടായത് ഒരു ബോധപൂർവ്വമായ ഇടപെടലായി വേണം വായിച്ചെടുക്കാൻ. അങ്ങനെയല്ലെന്ന വിശദീകരണം, ഒദ്യോഗികമായി വരാനിടയുണ്ട്. അധികാരത്തിൻ്റെ മ്ലേച്ഛമായ ഈ ഇടപെടൽ കേരളത്തിന് അപമാനകരമാണെന്ന് തിരിച്ചറിയണം. അതൊന്നും അറിയാത്തവരല്ല ഇപ്പോൾ സാഹിത്യ അക്കാദമിയെ നിയന്ത്രിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം.

എഴുത്തുകാർ ഇതിനെ എങ്ങനെ നേരിടും എന്നതാണ് നോക്കിക്കാണേണ്ടത്. എഴുത്തുകാരോട്, അല്ലെങ്കിൽ പകർപ്പവകാശം കയ്യാളുന്നവരോട് പറയുവാനുള്ളത് അവരുടെ കൃതികൾ സാഹിത്യ അക്കാദമിയിൽ നിന്നും ഉടൻ പിൻവലിക്കണം എന്നാണ്.. ഭരണകൂടത്തിൻ്റെ പരസ്യത്തോടെ സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച രചനകളുടെ പ്രസിദ്ധീകരണ കരാർ റദ്ദ് ചെയ്ത് പുസ്തകം പിൻവലിക്കണം. തീർച്ചയായും സർക്കാരിന്റെ പരസ്യം ചുമന്നോളാമെന്ന് കരാറിൽ പറഞ്ഞിരിക്കാനിടയില്ലല്ലോ. അതിനാൽ ഇത് കരാറിന്റെ നഗ്നമായ ലംഘനമാണ്.

സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കൃതികൾ ധാരാളമായൊന്നും വിറ്റുപോകാറില്ലല്ലോ. അതെല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. അപ്പോൾ അവയുടെ കവർ ഒരു മെച്ചപ്പെട്ട പരസ്യ ഇടവുമല്ല. എന്നിട്ടും അവിടെ തന്നെ പരസ്യം കൊടുക്കണം എന്ന് തീരുമാനിച്ച യുക്തി കടന്നുകയറ്റത്തിന്റെതാണ്. എന്തുമാകാമെന്ന ഫാസിസ്റ്റ് ചിന്തയുടേത്. നിങ്ങൾ എഴുത്തുകാർക്ക് ഇത് മുളയിലേ നുള്ളാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ മറ്റാർക്ക് ? അതിനാൽ ആ പുസ്തകങ്ങൾ പിൻവലിച്ച് പ്രതിരോധിക്കണം, പ്രതിഷേധിക്കണം . ആ പരസ്യങ്ങൾ അക്കാദമി ഗോഡൗണിലെ ചിതലുകൾ മാത്രം ആസ്വദിച്ചാൽ മതി എന്നു തീരുമാനിക്കണം.

ഓർക്കുക, ഫാസിസം ഒരു പകർച്ചവ്യാധിയാണ്. അധികാരവുമായി എളുപ്പം പ്രണയത്തിലാവുന്ന ഒന്ന്. നിലപാടുകളിലൂടെ മാത്രമെ അതിനെ ചെറുത്തു തോല്പിക്കാനാവൂ. കേരളത്തിലെ പുരോഗമന സമൂഹത്തിന് അതു സാധിക്കേണ്ടതുണ്ട്. ഇടതുപക്ഷ മൂല്യങ്ങളിലേക്ക് തിരിച്ചു പോകാൻ സി.പിഎമ്മിനോട് ആവശ്യപ്പെടണം.

അല്ലാതെ വരുമ്പോഴുണ്ടാകുന്ന ശൂന്യതയിലേക്ക് സംഘപരിവാർ കടന്നു കയറും എന്നത് മറന്നുകൂട. സാഹിത്യത്തിൻ്റെ തുറന്ന ആകാശത്തെ അധികാര രാഷ്ട്രീയത്തിൻ്റെ കാര്‍മേഘങ്ങള്‍ കൊണ്ട് മൂടാനനുവദിക്കരുത്. പുരോഗമന സാഹിത്യത്തിന് വഴിതെളിച്ചവരാണ് ഇന്നിപ്പോൾ ഇത്രയും മോശപ്പെട്ട ഒരു നിലപാടിലേക്ക് വഴുതി വീണിരിക്കുന്നത് എന്നത് ഏറെ ദു:ഖിപ്പിക്കുന്നു. കേരളം അനുഭവിച്ചു കൊണ്ടിരുന്ന ജനാധിപത്യത്തിൻ്റെ ആ ചാക്രികത അനിവാര്യമാണ് എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. രണ്ടാംവരവ് ഇടതുപക്ഷത്തിന് ഗുണത്തേക്കാളെറെ ദോഷമായി എന്ന് ചരിത്രത്തെക്കൊണ്ട് പറയിപ്പിക്കരുത്. സാഹിത്യ അക്കാദമി ആ പുസ്തകങ്ങളുടെ കവറുകൾ പിൻവലിക്കണം. അല്ലെങ്കിൽ എഴുത്തുകാർ അവയെ ചിതലിൻ്റെ ഭക്ഷണമാകാനായി വിട്ടുകൊടുക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in