കോണ്‍ഗ്രസിന്റെ വലിയ തിരിച്ചു വരവിന്റെ തുടക്കം

കോണ്‍ഗ്രസിന്റെ വലിയ തിരിച്ചു വരവിന്റെ തുടക്കം
Summary

കൃത്യമായ ലക്ഷ്യത്തോടുകൂടി ഒറ്റക്കെട്ടായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ കൂടെ നില്‍ക്കും എന്നുള്ളതിന്റെ ഒരു തെളിവ് കൂടിയാണ് കര്‍ണാടകയിലെ വിജയം. ദേശീയതലത്തില്‍ ബി.ജെ.പിയെ താഴെയിറക്കാന്‍ ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാണ് എന്ന ദേശിയ ചിത്രം കൂടുതല്‍ തിളക്കമാര്‍ന്ന രീതിയില്‍ മാറിയിരിക്കുന്നു- വി.ടി ബല്‍റാം എഴുതുന്നു

ഐതിഹാസികമായ വിജയമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് കൈവരിച്ചിരിക്കുന്നത്. ഈ വിജയത്തോടുകൂടി തെക്കേ ഇന്ത്യയില്‍ ബി.ജെ.പി തുടച്ചു നീക്കപ്പെടുന്ന ഒരു സാഹചര്യം ഇവിടെ സംജാതമായിരിക്കുകയാണ്. കോണ്‍ഗ്രസ്സ് മുക്ത് ഭാരത് എന്നതാണ് ബി.ജെ.പി യുടെ മുദ്രാവാക്യമായിരുന്നത് എങ്കില്‍ ബി.ജെ.പി മുക്ത് ദക്ഷിണ ഭാരത് എന്ന അവസ്ഥയിലേക്ക് നമ്മുക്ക് ഇതിനോടകം എത്തിച്ചേരാന്‍ സാധിച്ചു. ഇനി വരാനിരിക്കുന്ന മധ്യപ്രദേശ്, ചണ്ഡീഗഡ്, രാജസ്ഥാന്‍, തെലങ്കാനാ തെരെഞ്ഞെടുപ്പുകളിലും ഇതേ രീതിയിലുള്ള മതനിരപേക്ഷ ശക്തികളുടെ വലിയ വിജയം ഉണ്ടാകുമെന്നാണ് നമ്മുടെ പ്രതീക്ഷ. അങ്ങനെ 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനു മുന്‍പ് ഇന്ത്യയിലെ മതനിരപേക്ഷ ചേരിക്ക് വലിയ ആവേശവും ഊര്‍ജസ്വലതയും പകരാന്‍ കഴിയുന്ന തരത്തിലുള്ള ഒരു വിജയകുതുപ്പിന്റെ തുടക്കമാണ് നമ്മുക്ക് കര്‍ണാടകയില്‍ കാണാനാവുന്നത്.

കോണ്‍ഗ്രസ്സ് സമീപകാലത്ത് നടത്തിയ വലിയ ആഴത്തിലുള്ള ഇടപെടലുകള്‍ ഇന്ത്യയില്‍ ഉടനീളമുണ്ട്. ഏകദേശം 130 ഓളം ദിവസങ്ങള്‍ നീണ്ടുനിന്ന ഭാരത് ജോടോ യാത്ര രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പദയാത്രയായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോയപ്പോള്‍ അത് ഇന്ത്യയില്‍ ഉണ്ടാക്കിയ ഒരു വലിയ ചലനമുണ്ട്. ആ യാത്ര ഏറ്റവും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചത്, വലിയ ആവേശം സൃഷ്ടിച്ചത് കര്‍ണാടകയില്‍ ആയിരുന്നുവെന്നും കാണാന്‍ കഴിയും. അന്ന് മുതല്‍ ആരംഭിച്ച കോണ്‍ഗ്രസ്സിന്റെ വലിയ തിരിച്ചുവരവിന്റെ തുടക്കം തന്നെയാണ് നമ്മള്‍ ഇവിടെ കാണുന്നതും. അതോടൊപ്പം കര്‍ണാടകക്കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒരു തെരെഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നു വന്നിരിക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാറും മുന്‍ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായ സിദ്ധരാമയ്യയും ഒരുമിച്ചു ചേര്‍ന്ന് ടീം ആയി നടത്തിയ പ്രവര്‍ത്തനത്തിന്റെ വിജയം കൂടിയാണിത്. കൃത്യമായ ലക്ഷ്യത്തോടുകൂടി ഒറ്റക്കെട്ടായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ കൂടെ നില്‍ക്കും എന്നുള്ളതിന്റെ ഒരു തെളിവ് കൂടിയാണ് ഈ വിജയം. ഈ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍, കോണ്‍ഗ്രസ്സ് തെരെഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിയ കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന തരത്തിലുള്ള വിഷയങ്ങളായിരുന്നു എന്നുള്ളതാണ് ഇതിനെ ഒരു രാഷ്ട്രീയ വിജയമാക്കി മാറ്റിയത്. ഒരു ഭാഗത്ത് ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതി. 40 ശതമാനം കമ്മീഷന്‍ പറ്റുന്ന സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തെ ഫലപ്രദമായി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു. എന്ത് കാര്യം നടക്കണമെങ്കിലും ബി.ജെ.പി യുടെ പ്രാദേശികതലം തൊട്ട് മന്ത്രിമാര്‍ വരെയുള്ളവര്‍ക്ക് കൈക്കൂലി കൊടുത്താല്‍ അല്ലാതെ ജനങ്ങളുടെ ഒരു കാര്യവും നടക്കില്ല എന്നത് ജനങ്ങളുടെ അനുഭവമായിരുന്നു കാലങ്ങളായി. അതിനെതിരെയുള്ള ശക്തമായ ജനവികാരം കോണ്‍ഗ്രസ്സിന് അനുകൂലമായി ഉയര്‍ത്തുവാന്‍ ഇത്തവണ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. ബജ്രംഗ് ദളിന്റെ നിരോധനവുമായി ബന്ധപ്പെട്ട് അടക്കം ഉണ്ടാക്കിയ ബി.ജെ.പി യുടെ വര്‍ഗീയപ്രചരണങ്ങള്‍ , പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടിറങ്ങി ദിവസങ്ങളോളം തമ്പടിച്ചു നടത്തിയ വിദ്വേഷ പ്രചരണങ്ങള്‍ ഇവയെല്ലാം അതിജീവിക്കാന്‍ കോണ്‍ഗ്രസ്സ് നടത്തിയ ജനപക്ഷ നിലപാടുകള്‍ക്ക് സാധിച്ചു. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ അടക്കം സാധാരണക്കാരെ ബാധിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ്സ് മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു. ദേശീയതലത്തില്‍ ബി.ജെ.പിയെ താഴെയിറക്കാന്‍ ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാണ് എന്ന ദേശിയ ചിത്രം കൂടുതല്‍ തിളക്കമാര്‍ന്ന രീതിയില്‍ മാറിയിരിക്കുന്നു. ഇന്ത്യയില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വം ആര്‍ക്ക് എന്ന ചോദ്യം കഴിഞ്ഞ കാലങ്ങളായി അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. ആ ചോദ്യത്തിന്റെ ഏക ഉത്തരം കോണ്‍ഗ്രസ്സ് എന്ന് തന്നെയാണ്. ആ ഉത്തരത്തിനു കുറച്ചുകൂടി ശക്തമായി അടിവര ഇടുന്നതിനു തരത്തിലുള്ള തിളക്കമാര്‍ന്ന വിജയമാണ് കോണ്‍ഗ്രസ്സ് ഒറ്റയ്ക്ക് ബി.ജെ.പിയെ പരാജയപ്പെടുത്തി സ്വന്തം നിലയില്‍ തന്നെ ഭൂരിപക്ഷം നേടി കര്‍ണാടകയില്‍ അധികാരമുറപ്പിക്കുന്നത്.

84 ശതമാനം ഹിന്ദുക്കള്‍ വസിക്കുന്ന ഒരു സംസ്ഥാനമാണ് കര്‍ണാടക. ഹിന്ദുക്കള്‍ക്ക് മഹാഭൂരിപക്ഷം ഉള്ള ഒരു സംസ്ഥാനമാണ് ബി.ജെ.പിയെ താഴെയിറക്കി കോണ്‍ഗ്രസ്സിനെ പിന്തുണച്ചത്. ഇവിടുത്തെ ഹിന്ദുക്കളില്‍ അടക്കം മഹാഭൂരിപക്ഷവും ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ തിരസ്‌കരിച്ചു. ജനകീയ വിഷയങ്ങളാണ് അവര്‍ പോലും പ്രധാനമായി കാണുന്നത്. വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ല. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞതുപോലെ 'വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കൊച്ചുപൂക്കടകളാണ് ഇനിയും തുറക്കാന്‍ ഇരിക്കുന്നത്' എന്നുള്ള വലിയ ആവേശകരമായ അനുഭവം കൂടിയാണ് ഈ തെരെഞ്ഞെടുപ്പ് വിജയം മുന്നോട്ട് വെക്കുന്നത്.

ഹിന്ദുക്കള്‍ക്കിടയില്‍ കോണ്‍ഗ്രസ്സ് വിരുദ്ധ നിലപാട് ഉണ്ടാക്കുന്നതിനു വേണ്ടി ബി.ജെ.പി ഉയര്‍ത്തിക്കൊണ്ട് വന്ന ബുര്‍ഖ- ഹിജാബ് വിവാദം, കണ്‍വെര്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ , മുസ്ലിങ്ങളുടെ സംവരണം എടുത്ത് കളയുന്ന കാര്യങ്ങള്‍, ഏറ്റവും ഒടുവില്‍ ബജ്രംഗ് ദളിന്റെ നിരോധനത്തില്‍ പ്രധാന മന്ത്രി തന്നെ വര്‍ഗീയ വല്‍കരിച്ചു കൊണ്ട് നടത്തിയ പ്രചരണങ്ങള്‍ , ഇവയൊക്കെ ബഹുഭൂരിഭാഗം ഹിന്ദുക്കള്‍ ഉള്ള ഒരു സംസ്ഥാനം തള്ളിക്കളഞ്ഞിരിക്കുന്നു എന്നുള്ളത് ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് ഇനിയും അധിക കാലം മുന്നോട്ട് പോകാന്‍ കഴിയില്ല എന്നുള്ള കൃത്യമായ ഓര്മപെടുതലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in