നികുതി ഭീകരതയുടെ റീമിക്‌സ് ബജറ്റ് : കെ.എസ്. ശബരീനാഥന്‍

നികുതി ഭീകരതയുടെ റീമിക്‌സ്  ബജറ്റ് : കെ.എസ്. ശബരീനാഥന്‍

ബജറ്റ് ദിവസം രാവിലെ മുഖ്യധാരാ ദിനപത്രത്തിന്റെ തിരുവനന്തപുരം എഡിഷന്‍ തുറന്നപ്പോള്‍ അഞ്ചാം പേജില്‍ ബജറ്റിലെ വികസന പ്രതീക്ഷകളെ കുറിച്ച് തിരുവനന്തപുരം ജില്ലയിലെ 14 എംഎല്‍എ മാരുടെ അഭിപ്രായം ചോദിച്ചിരിക്കുകയാണ്. എന്നെ ആശ്ചര്യപ്പെടുത്തിയത് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ എംഎല്‍എ മാരും പറഞ്ഞത് ഫണ്ടിന്റെ ലഭ്യതക്കുറവിനെ കുറിച്ചായിരുന്നു. എല്ലാവരും അവരുടെ നിയോജകമണ്ഡലത്തില്‍ നടക്കാതെ പോകുന്ന പദ്ധതികള്‍ ഉദ്ധരിച്ചു പൊതുജനത്തിന്റെ മുന്നില്‍ നിസ്സഹായാവസ്ഥ തുറന്നുകാട്ടുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ധനകാര്യസ്ഥിതി ഭദ്രമാണെന്നും ഇവിടെ കുഴപ്പമില്ലയെന്നും മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയും ഇപ്പോഴുള്ള മന്ത്രിയും പറഞ്ഞിരുന്നപ്പോൾ മറുവശത്ത് എല്‍ഡിഎഫ് യോഗത്തില്‍ ഘടകകക്ഷി എം.എല്‍.എ ഉള്‍പ്പെടെ ധനകാര്യപ്രതിസന്ധിക്കെതിരെ പ്രതികരിക്കുന്നു .

ബജറ്റ് പ്രഖ്യാപനം കഴിഞ്ഞതോടുകൂടി ഇടതുപക്ഷ ജനപ്രതിനിധികള്‍ മാത്രമല്ല ഇവിടുത്തെ മൂന്നര കോടി ജനങ്ങളും അമര്‍ഷത്തോടെ പ്രതികരിക്കുന്നത് കേരള സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്രയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയ ഒരു ബജറ്റ് സമീപകാലത്ത് ഉണ്ടായിട്ടില്ല. കുറെയേറെ വിശകലനം ചെയ്യാനുണ്ടെങ്കിലും ചില പ്രധാന കാര്യങ്ങൾ ഇവിടെ പരാമർശിക്കാം.

നികുതി ഭീകരത

ബജറ്റുകള്‍ സര്‍വ്വതല സ്പര്‍ശികളായി ജനങ്ങളെ അനുഗ്രഹിക്കുന്നത് നമ്മള്‍ സാധാരണ കാണുന്നതാണ്. പക്ഷേ ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട മേഖലകളിലും നികുതി ഭീകരതയിലൂടെ ഇതുപോലെ വിലക്കയറ്റം ഉണ്ടാക്കുവാന്‍ പോകുന്ന മറ്റൊരു ബജറ്റ് ഉണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 70,000 കോടി രൂപയുടെ നികുതി വൻകിടക്കാരിൽ നിന്ന് പിരിച്ചെടുക്കാൻ കഴിയാത്ത സർക്കാർ ഇപ്പോൾ പൊതുജനത്തിന്റെ മുകളിൽ നികുതി ഭാരം ചുമത്തുകയാണ്,

പെട്രോളിനും ഡീസലിനും രണ്ടു രൂപ നിരക്കില്‍ സാമൂഹിക സുരക്ഷാ സെസ് ,

ഇതോടെ ഇന്ധനവില മാത്രമല്ല, പഴം, പച്ചക്കറി ഉൾപ്പെടെ അവശ്യവസ്തുക്കളുടെ വില കൂടും.

999 രൂപവരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളില്‍ ഉള്ളവയ്ക്ക് 40 രൂപയും കൂടും.

ഇപ്പോൾ തന്നെ മദ്യത്തിൽ 251% നികുതിയാണ്.

ഫ്‌ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുമുള്ള മുദ്രവില 2 ശതമാനം കൂട്ടി

ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്ക് പ്രത്യേക നികുതി

ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി

ഭൂമി ന്യായവില 20% കൂട്ടി. 30% വരെ കൂട്ടുവാനുള്ള മേഖലകള്‍ കണ്ടെത്തും.

മൂന്നുമാസത്തിനകം വീണ്ടും ആധാരം നടത്തിയാല്‍ അധികനിരക്ക് ഒഴിവാക്കും

വൈദ്യുതിതീരുവ കൂട്ടി. വാണിജ്യ, വ്യവസായ മേഖലകളിലെ വൈദ്യുതി തീരുവ 5 ശതമാനമായി വര്‍ധിപ്പിച്ചു.

വെള്ളക്കരം യൂണിറ്റിന് 10 രൂപ കൂട്ടി. ഇതോടെ ഒരു മാസം 300-500 രൂപ വരെ ബാധ്യത കൂടും

2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് 2 % നികുതി കൂട്ടി. അഞ്ചു ലക്ഷം വരെ വിലയുള്ള കാറിന് 1% കൂട്ടും. അഞ്ചു മുതല്‍ 15 ലക്ഷം വരെ 2%.

പതിനഞ്ചു ലക്ഷത്തിനു മുകളില്‍ ഒരുശതമാനം കൂട്ടും

വാഹനങ്ങളുടെ ഒറ്റത്തവണ സെസ് കൂട്ടും. ബൈക്കിന് 100 രൂപയും കാര്‍ 200 രൂപയും.

കോര്‍ട്ട് ഫീ സ്റ്റാമ്പ് നിരക്ക് 1% കൂട്ടും.

മാനനനഷ്ടം തുടങ്ങിയ കേസുകളില്‍ 1% കോര്‍ട്ട് ഫീ നിജപ്പെടുത്തും.

പാവങ്ങളുടെ പേരില്‍ പകല്‍ക്കൊള്ള

പാവങ്ങളുടെ പേരിലാണ് ഈ പറഞ്ഞ നികുതിഭാരമെല്ലാം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് 2500 രൂപ വരെ എത്തും എന്നുള്ളതാണ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത് . എന്നാല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഈ വര്‍ഷവും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അതോടൊപ്പം സമാശ്വാസം പദ്ധതി, ആശ്വാസകിരണം, ഗോത്രസാരഥി, സ്നേഹപൂർവ്വം, LSS, USS സ്കോളർഷിപ്പ് തുടങ്ങിയ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ കുടിശ്ശിക എപ്പോള്‍ തീർക്കും എന്ന് മന്ത്രി പറയുന്നില്ല. ഭാരമേറ്റ് നടുവൊടിഞ്ഞിരുന്ന പാവങ്ങളുടെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിച്ചു സ്വന്തം തെറ്റുകളില്‍ നിന്ന് വഴി മാറി നടക്കാം എന്നാണ് ഈ ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്.

ലൈഫ് പദ്ധതിക്ക് തിരിച്ചടി

ലൈഫ് മിഷന് കഴിഞ്ഞ തവണ (2022-23) അനുവദിച്ച തുക 1871.82 കോടിയായിരുന്നു. ഈ ബഡ്ജറ്റിൽ 1436 കോടിയാണ്. കുറച്ചു. കേരളത്തിൽ ഒമ്പത് ലക്ഷം കുടുംബങ്ങൾ വീടിനായി കാത്തിരിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ

1,06,000 വീടുകള്‍ പണിയും എന്ന് പറഞ്ഞിരുന്നു. ഈ വർഷം വീടുകളില്‍ 71,860 ആയി കുറച്ചു.

റീമിക്‌സ് ബജറ്റ്

ഈ ബഡ്ജറ്റിലെ പല വരികളും പഴയ പാട്ടുകള്‍ റീമിക്‌സ് ചെയ്യുന്നതുപോലെയാണ്. ശ്രീ തോമസ് ഐസക്കിന്റെ കാലം മുതല്‍ക്കേ കേള്‍ക്കുന്ന ധാരാളം പദങ്ങള്‍ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. ഇതൊക്കെ എന്ന് നടക്കും എന്നുള്ള, 2018 മുതല്‍ക്കുള്ള ചോദ്യം ഇവിടെ ആവര്‍ത്തിക്കുന്നു. 7500 കോടി രൂപയുടെ വയനാട് പാക്കേജ്, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2500 കോടിയുടെ കുട്ടനാട് പാക്കേജ്, 5000 കോടി രൂപ യുടെ തീരദേശ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കും എന്നായിരുന്നു കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ചത്.

കാസര്‍കോട് പാക്കേജിനുള്ള തുക വര്‍ദ്ധിപ്പിക്കും, മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹാരത്തിനു പ്രത്യേക പരിഗണന നല്‍കും എന്നായിരുന്നു കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ചത്. ഇതൊന്നും നടപ്പിലാക്കാതെയാണ് ഇപ്പോള്‍ തുക കൂട്ടിയിരിക്കുന്നത്.

ജനഹിതം മനസ്സിലാകാത്ത ബജറ്റ്

ഈയടുത്ത കാലത്തെ കേരളം കണ്ട പ്രധാനപ്പെട്ട സമരങ്ങളാണ് തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ സമരവും ബഫര്‍ സോണ്‍ സമരവും. അതുപോലെ വന്യജീവി ആക്രമണത്തിനെതിരെയുള്ള സമരവും. വിഴിഞ്ഞത് സമരത്തിനിരുന്ന മത്സ്യത്തൊഴിലാളികളുടെ പ്രധാനപ്പെട്ട ആവശ്യം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തീര്‍പ്പു കല്‍പ്പിച്ച പാക്കേജ് നടപ്പാക്കണം എന്നുള്ളതായിരുന്നു. 475 കോടി രൂപയുടെ പാക്കേജ് മുന്നോട്ട് പോയിരുന്നില്ല. ഇന്നും മത്സ്യ തൊഴിലാളികള്‍ ദുരിതത്തിലാണ്. ഇതിനെക്കുറിച്ച് പ്രത്യേകിച്ച് ഒരു പരാമര്‍ശവും ഇല്ല. മത്സ്യത്തൊഴിലാളി പാക്കേജ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കാളും കുറച്ചിരിക്കുകയാണ്. ബഫര്‍ സോണ്‍ മേഖലകളിലെ നിലപാട് സര്‍ക്കാര്‍ ശക്തമായി പറയാത്തതും സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരത്തിന് ഏകദേശം 8000-ത്തോളം ആളുകള്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇതിനുവേണ്ടി അനുവദിച്ചിരിക്കുന്ന തുക വളരെ തുച്ഛമാണ്. ഏഴു കോടി രൂപ കൊണ്ട് ഈ പറയുന്ന അപേക്ഷകളുടെ മൂന്നിലൊന്ന് പോലും പൂര്‍ത്തീകരിക്കുവാന്‍ കഴിയുകയില്ല ഈ സര്‍ക്കാരിന്.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്ന ജനങ്ങളെ വീണ്ടും ദുരിതത്തിലേക്ക് തള്ളിയിടുന്ന സംസ്ഥാന സര്‍ക്കാര്‍ കരുതലെന്ന വാക്ക് ഇനി ഉച്ചരിക്കാന്‍ അര്‍ഹരല്ല. തുടര്‍ഭരണത്തിന്റെ അഹന്തയില്‍ പാവങ്ങളെ പിഴിഞ്ഞ് തന്നിഷ്ടത്തോടെ മുന്നോട്ട് പോകുമെന്ന് ഈ ബജറ്റിലൂടെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇതിനെ കൈയും കെട്ടി നോക്കി നില്‍ക്കില്ല പ്രതിപക്ഷം. ശക്തമായ പ്രതിഷേധവുമായി സഭയിലും തെരുവിലും ഞങ്ങളുണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in