യുകെയിൽ പോയാൽ 'പണി' കിട്ടുമോ ?

യുകെയിൽ പോയാൽ 'പണി' കിട്ടുമോ ?

യു കെ യിലെ ആരോഗ്യമേഖലയിൽ കാലാകാലങ്ങളായി വിദേശത്ത് നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ ലഭിച്ചപ്പോൾ അതിൻറെ നേട്ടം ഫിലിപ്പീൻസ്, ഇന്ത്യ എന്നിങ്ങനെ നിരവധി രാജ്യങ്ങൾക്ക് ലഭിച്ചു എന്ന് വേണം പറയാൻ. Health and Care മേഖലയിലെ ലൈസൻസുള്ള തൊഴിൽ ദാദാക്കൾ നൽകുന്ന ദീർക്കകാല skilled work visa, ഇന്ത്യയിൽ നിന്നും, അതിൽ പ്രത്യേകിച്ച് കേരളത്തിൽ നിന്നുമുള്ള അഭ്യസ്തവിദ്യരെ യു.കെ യിലേക്ക് ആകർഷിച്ചു. നഴ്സിംഗ്-പരാമെഡിക്കൽ തുടങ്ങിയ വിഭാഗങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ഈ അവസരങ്ങൾ ബ്രെക്സിറ്റിനുശേഷം ഉണ്ടായ തൊഴിലാളി ക്ഷാമത്താൽ കെയർ മേഖലയിൽ വലിയ അവസരങ്ങളാണ് തുറന്നു തന്നത്.

2020 ഡിസംബർ 20ന് സീനിയർ കെയർ വർക്കർ, 2022 ഫെബ്രുവരി 15ന് കെയർ വർക്കർ എന്നീ തൊഴിൽ വിഭാഗങ്ങളെ Skilled Worker Visaക്ക് യു.കെ യിൽ യോഗ്യതയുള്ളവയാക്കി. വലിയ തോതിലുള്ള കെയർ വർക്കർ വിസയിലൂടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള വരവാണ് ഉണ്ടായത്. 2020 ജൂണിൽ 12,300 പേരാണ് ഈ മേഖലയിൽ വന്നതെങ്കിൽ, 2023 ജൂണാകുമ്പോഴേക്കും 77,700 ആയി ഈ തൊഴിൽ കുടിയേറ്റം ഉയർന്നു എന്നാണ് ഔദ്യോഗിക കണക്കുകൾ.

യൂറോപ്പിലേക്ക്, പ്രത്യേകിച്ച്‌ യുകെയിലേക്ക്‌ കെയർ ജോലിക്കായി വരുന്നവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഗുരുതരമായ വിസ തട്ടിപ്പിന്‍റെയും, തൊഴിൽ അവകാശ ലംഘനങ്ങളുടെയും കഥകളാണ് ചുരുളഴിയുകയാണ്.

ഗൾഫ് സ്വപ്നങ്ങളുടെ എൺപതുകൾ താണ്ടി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നിൽക്കുമ്പോൾ, കേരളത്തിലെ യുവത്വത്തിന്‍റെ വിദേശ സ്വപനങ്ങളിൽ ബ്രിട്ടൻ, കാനഡ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾക്ക് അഭേദ്യമായ സ്ഥാനം ലഭിച്ചിരിക്കുന്നു. മികച്ച തൊഴിലവസരങ്ങളും, മെച്ചപ്പെട്ട വേതനവും, ജീവിത നിലവാരവും സ്വപ്നം കണ്ടുകൊണ്ട് യുകെ പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ അഭ്യസ്തവിദ്യരായ നിരവധി പേരാണ് ഇന്ത്യയിൽ നിന്നും എത്തുന്നത്.

കെയർ തൊഴിൽ മേഖല ഇതിൽ ഈ അടുത്ത കാലത്തായി നിരവധി അവസരങ്ങളും നൽകി. എന്നാൽ കുറച്ച്‌ നാളുകളായി ഒറ്റപ്പെട്ട ചില സംഭവങ്ങളിൽ തുടങ്ങി. ഇന്ന് തട്ടിപ്പിന്‍റെയും കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെയും, മാനസിക സംഘർഷങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇവിടേയ്ക്ക് കെയർ ഹോമുകളിലെ 'കെയറർ' എന്ന തൊഴിലിനായി ഇന്ത്യയിൽ നിന്നും, പ്രത്യേകിച്ച് കേരളത്തിൽ നിന്നും വന്നവർ പങ്കുവച്ചുകൊണ്ടിരിക്കുന്നത്.

യുകെയിലെ കെയർ ഹോം മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പുരോഗമന സാംസകാരിക സംഘടനയായ കൈരളി യുകെ (Kairali UK) ഈ കഴിഞ്ഞ ഓഗസ്റ്റ് 19 നു ഒരു ഓൺലൈൻ ഓപ്പൺ ഫോറം നടത്തുകയുണ്ടായി (https://fb.watch/mJsTgH7Ixd/ ). ആരോഗ്യ മേഖലയിലെ വിദഗ്ധരെയും നിയമോപദേശകരെയും മാധ്യമപ്രവർത്തകരെയും മറ്റ് സംഘടനകളെയും ഒന്നിച്ചു കോർത്തിണക്കി നടത്തിയ ചർച്ചയിൽ പുറത്തു വന്നത് യൂറോപ്പിലേക്ക്, പ്രത്യേകിച്ച്‌ യുകെയിലേക്ക്‌ കെയർ ജോലിക്കായി വരുന്നവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

യുകെയിൽ കെയർ ഹോമുകളിലെ കെയറർമാർക്ക് സൗജന്യമായി ലഭിക്കുന്ന ട്രെയിനിങ്ങുകൾ എജൻസികൾ നാട്ടിൽ തന്നെ വിസ ലഭിക്കും മുൻപ് ലക്ഷങ്ങൾ വാങ്ങി ഓൺലൈനായും മറ്റും നടത്തി കാട്ടുകൊള്ളയാണ് നടത്തുന്നത്.

നിരവധിയാളുകൾ തങ്ങൾ അനുഭവിക്കുന്ന ചൂഷണങ്ങൾ അറിയിക്കാൻ തുടങ്ങിയപ്പോഴാണ് ഇതിന്‍റെ വാസ്തവം എന്തെന്നറിയാൻ കൈരളി യുകെ ഒരു ചർച്ച നടത്തിയത്. ഇവിടെ ലഭിച്ച പരാതികളിലേറെയും കെയർ ഹോം മേഖലയെ സംബന്ധിച്ചതായതിനാൽ, ഈ മേഖലയിലെ തന്നെ വിദഗ്ധരെയും, നിയമ വിദഗ്ധരെയും മറ്റും ഉൾപ്പെടുത്തി നടത്തിയ ചർച്ചയിൽ ഗുരുതരമായ വിസ തട്ടിപ്പിന്‍റെയും, തൊഴിൽ അവകാശ ലംഘനങ്ങളുടെയും ചുരുളഴിയുകയായിരുന്നു.

ചൂഷണത്തിന് വിധേയരായ നൂറോളം പേരാണ് ഇതിൽ പങ്കെടുക്കാനെത്തിയത്. അതിൽ ഭൂരിഭാഗം പേരും തങ്ങളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ ഭയക്കുന്നു എന്ന് തുറന്നു പറയുകയായിരുന്നു. തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയാൽ 'Recruitment Agents' ഏതു രീതിയിൽ പ്രതികരിക്കും എന്ന് ഭയപ്പെടുന്നു എന്നാണ് ഇവരെല്ലാവരും പറയുന്നത്. എത്രമാത്രം സംഘടിതമായ ഒരു ചൂഷണമാണ് കേരളത്തിലും ഇവിടെയുമുള്ള ചില കെയർ Recruitment Agencyകൾ നടത്തുന്നത് എന്നതിന്‍റെ നേർ സാക്ഷ്യമാണ് ഈ ഇരകളുടെ ഭയം. ഒറ്റപ്പെട്ട നിലയിൽ, യാതൊരു നിയമസഹായങ്ങളും ലഭിക്കാതെ, മാനസികമായി തകർന്ന് ആത്മഹത്യയുടെ വക്കിലെത്തിയവർ മുതൽ നീണ്ട നിയമ പോരാട്ടങ്ങളിലൂടെയും തുറന്ന പ്രതികരണങ്ങളിലൂടെയും കടന്ന് പോകുന്നവർ വരെയുള്ള നിരവധി മലയാളികളാണ് ആദ്യമായി കെയർ മേഖലയിലെ ചൂഷണങ്ങൾ വെളിപ്പെടുത്തിയത്.

കടുത്ത ചൂഷണത്തിന്‍റെ മറുപുറം

ഇംഗ്ലണ്ടിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയായ Kings Fund രേഖപ്പെടുത്തുന്നത്, ഫെബ്രുവരി 2022 ലെ കണക്കുകൾ പ്രകാരം 2020/21 നും 2021/22 നുമിടയിൽ യുകെ സോഷ്യൽ കെയർ മേഖലയിലെ തൊഴിൽ സാധ്യത 7.0% നിന്ന് 10.7% ലേക്ക് കുതിച്ചുവെന്നാണ്. അതായത് 110,000 ഒഴിവുകളിൽ നിന്ന് 165,000 ലേക്ക് ഒഴിവുകളുടെ സംഖ്യ ഉയർന്നു. ഇത്രയും വലിയ തോതിലുള്ള തൊഴിലവസരങ്ങൾ യു.കെ കെയർ മേഖലയിൽ ഉയർന്നുവന്ന സാഹചര്യത്തിൽ അതിനോടൊപ്പംതന്നെ വമ്പൻ തുക അനധികൃതമായ Agency Fee ഈടാക്കുന്ന, അക്ഷരാർത്ഥത്തിൽ അടിമക്കരാറുകൾക്ക് സമാനമായ തൊഴിൽ വ്യവസ്ഥകൾ നടപ്പിലാക്കുന്ന ഭീമൻ ‘recruitment’ തട്ടിപ്പുകളാണ് ഇവിടെ ഇപ്പോൾ നടന്നതും, നടന്നുകൊണ്ടിരിക്കുന്നതും.

സാമ്പത്തികമായി നേരിടുന്ന ചൂഷണങ്ങൾ പ്രധാനമായും കണക്കിൽ എടുത്താൽ അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് അവരുടെ സി.ഒ.എസ്സിനായി (കമ്പനിയുടെ ഓഫർ ലെറ്റർ) വാങ്ങുന്ന വമ്പിച്ച അനധികൃതമായ ഫീസാണ്. പതിനഞ്ച് മുതൽ ഇരുപത്തിയഞ്ച്‌ ലക്ഷം രൂപ വരെയാണു ജോലിക്ക് വേണ്ട നിർബന്ധിത പരിശീലനങ്ങൾക്കും ഡി.ബി.എസ് ചെക്കിങ്ങിനും വേണ്ടി അനധികൃതമായി ഏജൻസികൾ ഈടാക്കുന്നത്. ഏജൻസികളുടെ ഇന്ത്യയിലെ പേഴ്സണൽ അക്കൗണ്ടുകളിൽ പല ഘട്ടങ്ങളായി ഈ തുക കൈ പറ്റുന്നു. ഇത് കമ്പനി അക്കൗണ്ടുകളിലല്ല കൈമാറപ്പെടുന്നത് എന്നതുകൊണ്ടു തന്നെ യാതൊരുവിധ ഉത്തരവാദിത്തവും പിന്നീട് ഇരകൾ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ ഏജൻസികൾ കാണിക്കുകയുമില്ല.

യുകെയിൽ കെയർ ഹോമുകളിലെ കെയർമാർക്ക് സൗജന്യമായി ലഭിക്കുന്ന ട്രെയിനിങ്ങുകൾ എജൻസികൾ നാട്ടിൽ തന്നെ വിസ ലഭിക്കും മുൻപ് ലക്ഷങ്ങൾ വാങ്ങി ഓൺലൈനായും മറ്റും നടത്തി കാട്ടുകൊള്ളയാണ് നടത്തുന്നത് എന്ന് ചിലർ വെളിപ്പെടുത്തി. ഇതുപോലെ പല വിധ സാമ്പത്തിക ചൂഷണങ്ങളിപ്പോഴും പുതിയതായി കെയർ വിസ കാതിരിക്കുന്ന കേരളത്തിലെ യുവതി-യുവാക്കൾ അനുഭവിക്കുന്നു (അവർ അതറിയുന്നത് ഇവിടെ എത്തിയ ശേഷമായിരിക്കും എന്ന് മാത്രം).

ചൂഷണത്തിനിരയായ ഒരാൾ പറഞ്ഞത് ഇങ്ങനെയാണ്:-

'ഞാൻ വന്ന ഏജൻസിയിലൂടെ ഇന്ത്യയിൽ നിന്നെത്തിയ ഏകദേശം നാനൂറോളം പേരാണ് ചതിക്കപ്പെട്ടത്. ഇവിടെ എത്താൻ ലക്ഷങ്ങളാണ് കൊടുത്തത്. ഇപ്പോൾ ജോലിയില്ല എന്ന സ്ഥിതിയാണ്. ഏജൻസി വാങ്ങിയ തുക തിരികെ കിട്ടിയാൽ മാത്രമേ മറ്റേതെങ്കിലുമൊരു തൊഴിലിനിവിടെ ശ്രമിക്കാൻ കഴിയുള്ളു. എന്ത് ചെയ്യണമെന്ന് അറിയില്ല'

തൊഴിലില്ലാത്ത തൊഴിൽ വിസകൾ

ഒരു ഞെട്ടിപ്പിക്കുന്ന വസ്തുത എന്തെന്നാൽ, ഇവിടെയ്ക്ക് തൊഴിലിനായി കൊണ്ട് വന്ന ശേഷം കെയർ ഹോമിലെ തൊഴിലാളികളുടെയിടയിൽ തള്ളുകയല്ലാതെ, തൊഴിൽ നിലവിൽ ഉണ്ടോ ഇല്ലയോ എന്നുപോലും വ്യക്തമാക്കാത്ത ഏജൻസിളുണ്ട് എന്നതാണ്. ചിലർ കുടുംബവും കുട്ടികളുമായി ഇവിടെ എത്തി മൂന്നും നാലും മാസങ്ങളായിട്ടും ജോലിക്കു പ്രവേശിക്കാൻ കഴിയാതെ, ശമ്പളം ലഭിക്കാതെ വാടകവീടുകളിൽ വലിയ സാമ്പത്തിക ബാധ്യതയിൽ കഴിയുന്നുണ്ട്. ഇവിടേക്ക് കൊണ്ടുവന്ന ഏജൻസികളെ ഇവർ സമീപിക്കുമ്പോൾ മറ്റൊരിടത്തേക്ക് താമസം മാറ്റുകയോ, വീണ്ടും ലക്ഷങ്ങൾ ചോദിച്ചുകൊണ്ട് അടുത്ത തൊഴിൽ വാഗ്ദാനം കൊടുക്കുകയുമാണ് ചെയ്യുന്നത്.

എന്ന് ജോലിയിൽ പ്രവേശിക്കാൻ കഴിയുമെന്നു പോലും കൃത്യമായി ധാരണയില്ലാതെ നാട്ടിൽ നിന്ന് വന്ന മനുഷ്യർ ഇവിടെ പലവിധ ചാരിറ്റി സംഘടനകളുടെയും ഫുഡ് ബാങ്കുകളുടെയും ഔദാര്യത്തിൽ മാത്രം ജീവിച്ചു പോവുകയാണ്. എന്തിന് ഇവിടെ വന്നതിന് ശേഷം തങ്ങളുടെ തൊഴിൽ ദാദാവിന്റെ ലൈസൻസ് നഷ്ടപ്പെട്ടു എന്ന ഞെട്ടിക്കുന്ന സത്യം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു ഡിപ്പോർട്ട് ചെയ്യപെടുന്ന നിമിഷം കാത്തിരിക്കുന്നവർ വരെയുണ്ട്. ഇവർക്ക് നേരിട്ട കനത്ത സാമ്പത്തിക മാനസിക ആഘാതങ്ങൾക്ക് കൃത്യമായ പരിഹാരം പോലും കാണാതെ തിരിച്ചു പോകാനോ മറ്റു ജോലി കണ്ട് പിടിക്കാനോ പറഞ്ഞ് തടി തപ്പുന്ന കാഴ്ചയാണ് ഏജൻസികളുടെ ഭാഗത്തുനിന്ന് കാണാൻ കഴിയുന്നത്.

കൂടുതലും വളരെ പിന്നാക്കസാഹചര്യത്തിൽ നിന്നും എത്തുന്നവരാണ് ഇത്തരം ഏജൻസികളുടെ തട്ടിപ്പുകളിൽ വീഴുന്നത്. നാട്ടിൽ വീട് പണയം വച്ചോ കടം വാങ്ങിയോ യുകെയിലേക്ക് പോരുന്ന ഇത്തരക്കാർ ഇവിടെ വന്നതും നാട്ടിലെ ബാധ്യതകൾ കൊണ്ട് എന്ത് നിലയിലും ചൂഷണം ചെയ്യപെടാവുന്ന നിലയിലേക്ക് എത്തിപ്പെടുന്നു. ഇവിടെ യുകെയിലെ ഉയർന്ന ജീവിതചിലവുകൾ കൂടിയാകുമ്പോൾ അവരുടെ അവസ്ഥ ദയനീയമാകുന്നു. പലരും ഫുഡ് ബാങ്കുകളെ ആശ്രയിച്ചും ഇന്ത്യൻ സമൂഹത്തിന്‍റെ സഹായങ്ങളിലും തുടരുന്ന സാഹചര്യമാണുള്ളത്. നാട്ടിലെ ബാധ്യതകൾ കാരണം അവർക്ക് തിരിച്ചു പോകാനോ, ഏജസികളുടെ സഹായമോ ഒന്നും ലഭിക്കുന്നുമില്ല. ചില ഏജസികൾ പരാതിയുമായി ഇരകൾ പോകാതിരിക്കാൻ ഭീഷണിപ്പെടുത്തുന്നുമുണ്ട്.

അസംഘടിതരുടെ യുകെയിലെ കെയർ മേഖല

കെയർ ഹോമുകളിൽ തൊഴിൽ ചെയ്യുന്ന മലയാളികളിൽ നിന്നും കടുത്ത മാനസിക പീഡനങ്ങളുടെ വാർത്തയാണ് പുറത്തു വരുന്നത്. മാനേജർമാരിൽ നിന്നും, മാനേജ്മെന്റിൽ നിന്നും നിരന്തരം പിരിച്ചുവിടൽ ഭീഷണി നേരിട്ട് കൗൻലിങ്ങിന് വിധേയരാകുന്ന നിരവധി ആളുകളുണ്ട്. അതിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരും മലയാളി സ്ത്രീകളുമാണ്. ഇത്തരത്തിലെ പീഡനങ്ങൾ കണ്ടില്ല എന്ന് നടിക്കാനാണ് ഏജൻസികൽ ഭീഷണിപ്പെടുത്തുന്നത്. എന്നാൽ കോംപീറ്റൻസി ഇല്ല എന്ന് പറഞ്ഞ് ചില മാസങ്ങൾക്ക് ശേഷം മാത്രം പിരിച്ചു വിടപ്പെടുന്നവർക്ക് പരാതി പറയാനുള്ള മാനസികാവസ്ഥ പോലും ഇല്ലാതാകുന്നു. ഇവർ ഭൂരിഭാഗവും യുകെയിലെ തൊഴിലാളി യൂണിയൻ ആയ UNISON, RCN തുടങ്ങി അംഗത്വവും സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ യൂണിയനുകളിലേക്ക് സൗജന്യമായി നിയമസഹായമോ, ചർച്ചകളോ നടത്താൻ ഇരകൾക്ക് എത്തിപ്പെടാനും സാധിക്കുന്നില്ല. ഈ സാഹചര്യം, ചൂഷണത്തിൽ അകപ്പെട്ടവർക്ക് ഏതെങ്കിലും വിധത്തിലുള്ള നീതിയും ലഭിക്കാനുള്ള സാധ്യത കുറക്കുന്നു എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.

തങ്ങൾക്ക് ട്രെയിനിങ്‌ നൽകിയ മേഖലയിൽ നിന്ന് തികച്ചും വിരുദ്ധമായ ഇടങ്ങളിൽ തൊഴിൽ ചെയ്യേണ്ടി വരുന്ന അവസ്ഥയും കുറവല്ല. വൃദ്ധരുടെ ശുശ്രൂഷയ്ക്കായി ഇവിടെ കൊണ്ടുവന്ന ശേഷം ഓട്ടിസം, മാനസികരോഗം എന്നിങ്ങനെയുള്ള സ്പെഷ്യാലിറ്റി കെയർ വേണ്ടയിടങ്ങളിൽ തൊഴിൽ ചെയ്യാൻ നിർബന്ധിക്കുക എന്നിങ്ങനെയുള്ള അവസ്ഥകൾ പലരും പുറത്തു പറയാൻ കൂടി ഭയക്കുന്നു. Service Userന്‍റെ സുരക്ഷിതമായ സേവന ലഭ്യതക്ക് ഇത് തടസമുണ്ടാക്കാനും അതോടൊപ്പം 'Safeguarding' പ്രശ്നങ്ങൾക്ക് വരെ ഇത് വഴി വച്ചേക്കാം. കെയററിനെ സംബന്ധിച്ചു പ്രശ്നത്തിന്‍റെ ഗുരുതര സ്വഭാവമനുസരിച്ച് ഭാവിയിലെ തൊഴിലിനെ പോലും ഇത് ബാധിക്കും.

തങ്ങളുടെ വിസ സ്പോൺസർക്ക് വേണ്ടി മാത്രമല്ലാതെ 20 മണിക്കൂർ പുറത്ത് തൊഴിൽ ചെയ്യാനുള്ള നിയപരമായ അവകാശം ഉണ്ടെന്നിരിക്കെ, പല കെയർ ഹോമുകളും ആഴ്ചയിൽ ഒരു മണിക്കൂർ ജോലി കൊടുത്തില്ലെങ്കിലും, മറ്റൊരു ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. ഇതുകൊണ്ട് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇവിടെ ഈ തൊഴിലിന് മലയാളികൾ അനുഭവിക്കുന്നത്. Domiciliary Care മേഖലയിലാണ് ഈ പ്രവണത കൂടുതലായി കാണുന്നതും.

മറ്റൊരു മലയാളി വെളുപ്പെടുത്തിയത് ഇങ്ങനെയാണ്;

'ഞാൻ ജോലി ചെയ്ത കെയർ കമ്പനി എനിക്ക് ഷിഫ്റ്റ് തരാതെയായി. 20 മണിക്കൂർ ജോലി മറ്റൊരിടത്ത് കിട്ടിയപ്പോൾ അതിന് അവർ പോകാൻ അനുവദിച്ചില്ല. ഞാൻ ഇനി പുതിയ ക്ലൈൻറ്സിനെ കണ്ടെത്തിക്കൊടുത്താലേ എനിക്ക് ഒരു മണിക്കൂറെങ്കിലും ജോലി കിട്ടൂ എന്നാണ് ഇപ്പോൾ പറയുന്നത്. എന്താ ഇനി ചെയ്യുക? വാടക കൊടുക്കാനോ ഭക്ഷണം വാങ്ങാനോ പൈസ ഇല്ല. എന്നെ കൊണ്ടുവന്ന ഏജൻസിയെ വിളിച്ചപ്പോൾ അവർ ഇവിടെയും കേരളത്തിലും ഒരു സഹായവും ചെയ്യുന്നില്ല. അതുകൂടാതെ ഭീഷണിയുടെ സ്വരവും.’

താമസ സൗകര്യമൊരുക്കുന്നതിലും ചൂഷണം

മറ്റൊരു ചൂഷണം എന്തെന്നാൽ, ഇവിടെ വന്ന ശേഷം കിട്ടുന്ന താമസസൗകര്യങ്ങൾക്കായി ആറുമാസത്തെ വാടക മുൻകൂറായി വരുന്നവരുടെ കയ്യിൽ നിന്നും ഏജൻസികൾ കൈപ്പറ്റുന്നു. എന്നാൽ ഇവിടെ വന്നു കഴിഞ്ഞാൽ ഒരുപക്ഷേ അവർക്ക് കിട്ടുന്നത് മറ്റുള്ളവർക്ക് ഒപ്പമുള്ള ഷെയേർഡ് അക്കോമഡേഷനാകും. ഒരുപക്ഷേ വളരെ അപരിചിതരായ മനുഷ്യരുമായി മുറി പങ്കിടേണ്ട അവസ്ഥ വരെ വരുന്നുണ്ട്. കുടുംബമായി എത്തുന്നവർക്ക് സുരക്ഷിതമല്ലാത്ത ഒരു അവസ്ഥ ഇതിലുണ്ട്. എംപ്ലോയറുടെ ആവശ്യപ്രകാരം മൂന്നും നാലും തവണ താമസസൗകര്യം മാറേണ്ടി വരുന്ന ഇവർക്ക് പലപ്പോഴും കുട്ടികളെയും കൊണ്ടാണ് ഈ പ്രതിസന്ധിയിലൂടെ കടന്നു പോകേണ്ടി വരുന്നത്. ഇത്രയും കടുത്ത മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്ന ഇവർക്കിടയിൽ വിഷാദം, ആത്മഹത്യ പ്രവണത, ട്രോമ എന്നിവ വളരെ കൂടുതലാണ്. പലരും തങ്ങളുടെ ദയനീയത ഒന്ന് പുറത്തുപോലും പറയാനാകാതെ പേടിച്ചു കഴിയുന്ന അവസ്ഥയാണ് ഇവിടെ. അവരുടെ വിസകൾ പൂർണ്ണമായും എംപ്ലോയറുടെ കൈയിലായതിനാൽ അക്ഷരാർത്ഥത്തിൽ നിശബ്ദരാക്കപ്പെട്ട് എല്ലാം സഹിക്കുകയാണ് ഇവർ.

‘കൈരളി പ്രധാനമായിട്ടും ഈ വിഷയത്തിൽ നാട്ടിൽ നിന്ന് വരുന്നവർക്ക് വേണ്ട ബോധവൽക്കരണം കൊടുക്കുക, ഇവിടെയെത്തി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുക, അനധികൃതമായിട്ട് ആളുകളെ ഇവിടെ എത്തിച്ച് ബുദ്ധിമുട്ടിലാക്കിയ ഏജന്റിൽ നിന്നും തൊഴിലുടമകളിൽ നിന്നും പ്രശ്ന പരിഹാരത്തിനുവേണ്ട സഹായങ്ങൾ നാട്ടിലെയും യുകെയിലെയും സർക്കാരുമായിട്ടും സംവിധാനങ്ങളുമായിട്ടും ചേർന്ന് നിന്ന് ഒരുക്കുക എന്നിവയാണ് ചെയ്യുന്നത്‌.' പ്രശ്നത്തിൽ ഇടപെട്ട കൈരളി യുകെയുടെ പ്രതിനിധിയും ദേശീയ സെക്രട്ടറിയുമായ കുര്യൻ ജേക്കബിന്റെ പ്രതികരണം.

ഇപ്പോൾ പൊലീസ്, പ്രാദേശിക എം.പി തുടങ്ങിയവർക്ക് ബാധിക്കപ്പെട്ടവർ പരാതിയുമായി മുന്നോട്ടു വരികയാണ്. ഈ വിഷയത്തിൽ ഈ മേഖലയിലെ റെഗുലേറ്ററി ബോഡി ആയ Care Quality Commission (CQC) ശക്തമായ ഇടപെടൽ ഈ തൊഴിൽ - മനുഷ്യാവകാശ ലംഘനത്തിൽ നടത്തും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഓക്സ്‌ഫോർഡ് സർവകലാശാലയിലെ പ്രൊഫസറും Migration Observatory യുടെ ഡയറക്ടറുമായ Dr. Madeleine Sumption ഓഗസ്റ്റ് 24, 2023 രേഖപ്പെടുത്തിയത് 'Care is a high-risk industry for labour abuses. We now see growing evidence that migrant workers on visas are being exploited in the sector and that the scale of the problem is stretching labour enforcement resources.”

ഇത്തരം ക്രൂരമായ തൊഴിൽ ചൂഷണങ്ങൾക്കെതിരെ സമഗ്രമായ ബോധവൽക്കരണവും UK സർക്കാരിൽ നിന്നുള്ള ശക്തമായ ഇടപെടലുകളും ഉടനടി വേണം. ഇന്ത്യയിലും കേരളത്തിലുമുള്ള ഇത്തരം തട്ടിപ്പ് Recruitment job ഏജൻസികളെ എത്രയും പെട്ടന്ന് കണ്ടെത്തി നിയന്ത്രിക്കുകയും, പണവും തൊഴിലും നഷ്ടമായവർക്ക് ഉടനടി നീതി നടപ്പിലാക്കാൻ ഒരു അന്വേഷണം പ്രഖ്യാപിക്കുകയുമാണ് വേണ്ടത്. ശക്തമായ റെഗുലേറ്ററി സംവിധാനം സർക്കാരുകൾ ഏർപ്പെടിത്തിയില്ലെങ്കിൽ ഇത്തരം നഗ്നമായ മനുഷ്യാവകാശലംഘനങ്ങൾ തുടർന്നുകൊണ്ട് ഇരിക്കും.

നിങ്ങൾക്ക്‌ ജോലി നൽകിയ കമ്പനി വിവരങ്ങൾ അറിയുവാൻ: https://www.gov.uk/get-information-about-a-company

നിങ്ങളുടെ കമ്പനിക്ക് സ്പോൺസർഷിപ്പ് ലൈസൻസ് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുവാൻ: https://www.gov.uk/government/publications/register-of-licensed-sponsors-workers

തയ്യാറാക്കിയത് : ഐശ്വര്യ കമല (ഹെൽത്ത് പ്രൊഫഷണൽ, NHS, Hertfordshire, England), വിശാൽ ഉഷ ഉദയകുമാർ (സോഷ്യൽ വർക്ക് വിദ്യാർത്ഥി, ബ്രൂണേൽ യൂണിവേഴ്സ്റ്റി, ലണ്ടൻ)

Related Stories

No stories found.
logo
The Cue
www.thecue.in