വർത്തമാന ഇന്ത്യൻ രാഷ്ട്രീയമാണ് 'ജനഗണമന'യുടെ റഫറൻസ്

വർത്തമാന ഇന്ത്യൻ രാഷ്ട്രീയമാണ് 'ജനഗണമന'യുടെ റഫറൻസ്
Summary

വർത്തമാന ഇന്ത്യൻ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വികാസ പരിണാമങ്ങളും അതുൽപ്പാദിപ്പിക്കുന്ന സാമൂഹിക സംഘർഷങ്ങളും ഈ സിനിമയുടെ റഫറൻസുകളായി നിറയുന്നു.

'ജനഗണമന' എന്ന സിനിമയുടെ രാഷ്ട്രീയ വായന, രാജ്യസഭാംഗമായ എ.എ.റഹീം എഴുതുന്നു

വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയം ഉത്പാദിപ്പിക്കുകയും വിനിമയം ചെയുകയും ചെയ്യുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തോട് നിര്‍ഭയമായി കലഹിക്കുന്ന ചലച്ചിത്രപരീക്ഷണം എന്ന നിലയില്‍ ജനഗണമന എന്ന സിനിമ കൂടുതല്‍ ആഘോഷിക്കപ്പെടേണ്ടതുണ്ട്‌. വിശേഷിച്ച് ഭരണകൂടയുക്തികള്‍ പുനരവതരിപ്പിക്കുന്ന കശ്മീര്‍ ഫയല്‍സ് പോലെയുള്ള അസത്യനിര്‍മ്മിതികള്‍ നമ്മുടെ കാഴ്ച്ചയുടെ മണ്ഡലത്തിലേക്ക് ഇരച്ചുകയറുന്ന ഈ കാലത്ത് ശരിയുടെയും നീതിയുടെയും ഭരണഘടനാധാർമികതയുടെയും പക്ഷത്തു സ്വയം പ്രതിഷ്ഠിക്കുന്ന ഇത്തരം ചിത്രങ്ങൾ രാഷ്ട്രീയ നിലപാടുറപ്പിന്റെ സിംഫണിയായി മനസിലാക്കുകയും കൊണ്ടാടുകയും വേണം. ജനഗണമന നിർഭയം ധീരതയോടെ ജനഗണമന ഇന്ത്യ കടന്നുപോകുന്ന വിഭജനത്തിന്റെയും അനീതികളുടെയും രാഷ്ട്രീയം പറയുന്നു.

'കണ്ടാൽ തന്നെ അറിയില്ലേ അവർ ക്രിമിനലുകളെന്ന്?'

വർത്തമാന ഇന്ത്യൻ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വികാസ പരിണാമങ്ങളും അതുൽപ്പാദിപ്പിക്കുന്ന സാമൂഹിക സംഘർഷങ്ങളും ഈ സിനിമയുടെ റഫറൻസുകളായി നിറയുന്നു. ഇത്തരം ഒരു സിനിമാപരീക്ഷണം മലയാളത്തിൽ ആദ്യമാണെന്ന് പറയാം. പൗരത്വനിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്ത മനുഷ്യരെ വസ്ത്രം നോക്കി ദേശവിരുദ്ധരും ക്രിമിനലുകളുമായി മുദ്രകുത്താനുള്ള രാഷ്ട്രീയ അജണ്ടകൾക്ക് നേതൃത്വം നൽകിയത് ഇന്ത്യൻ പ്രധാനമന്ത്രിയാണ് എന്നോർക്കണം. അദ്ദേഹം പറഞ്ഞ വാചകം വിമര്‍ശനാത്മകമായി ഉപയോഗിച്ചുകൊണ്ട് നിറവും വസ്ത്രവും നോക്കി പൗരനെ ചാപ്പകുത്തുന്ന അധമ രാഷ്ട്രീയത്തിനെതിരെ കലാപമുയർത്തുന്നു ജനഗണമന. 2014 മുതൽ ഇന്ത്യൻ രാഷ്ട്രീയം കടന്നുപോയ ഓരോ വഴിത്തിരിവുകളെയും വിഭജനയുക്തികളെയും സിനിമ വിമർശനാത്മകമായി അടയാളപ്പെടുത്തുന്നു. ഈ രാജ്യത്ത് ശക്തിപ്പെടുന്ന മതത്തിന്റെ പേരിലുള്ള വിഭജനം, ഇന്ത്യൻ പൊതുമണ്ഡലത്തിലും അക്കാദമിക്ക് മണ്ഡലത്തിലും ശക്തിപ്പെടുന്ന ജാതി, ഇന്ത്യൻ ജുഡീഷ്യറിയിൽ പോലും പ്രബലമാകുന്ന നീതിരാഹിത്യവും ജാതി വിഭജനവും, കാമ്പസുകൾ സമരമായി വിരിഞ്ഞതും സൈന്യത്തെ അടക്കം ഉപയോഗിച്ച് കൊണ്ട് സമരക്കാരെ ഭരണകൂടം നേരിട്ടതും എൻകൗണ്ടർ കില്ലിംഗ് എന്ന പ്രതിഭാസത്തിനു കൈയടിക്കുന്ന ആൾക്കൂട്ട മനോഭാവവും ഇൻസ്റ്റന്റ് നീതി എന്ന പുതിയ വൈകാരികയുക്തിയിലേക്ക് രാജ്യം ചുരുക്കപ്പെട്ടതും എങ്ങനെയാണു മാധ്യമങ്ങൾ പ്രതീതി യാഥാർഥ്യങ്ങളെ ഉപയോഗിച്ച് കൊണ്ട് സമ്മതിയും പൊതുബോധവു സൃഷ്ടിക്കുകയും മാറ്റി മറിക്കുകയും ചെയ്യുന്നത് തുടങ്ങി അനവധി രാഷ്ട്രീയ അനുഭവങ്ങളെ വിമർശനാത്മകമായി ബോധ്യപെടുത്തുന്നുണ്ട് ജനഗണമന.

ജാതിയുടെ ഭാഷ അനീതിയുടെയും

കേന്ദ്ര സർവകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലനിൽക്കുന്ന ജാതിവിവേചനത്തെ യാഥാർഥ്യബോധ്യത്തോടെ ജനഗണമന തുറന്നുകാട്ടുന്നു. ഇന്ത്യൻ കാമ്പസുകളിലും പൊതു മണ്ഡലത്തിലും രൂഢമൂലമായ ജാതി അതിന്റെ കരാളതകൾ എങ്ങനെ ആവിഷ്ക്കരിക്കുന്നു എന്നതിന്റെ തെളിവുകൾ ഈ സിനിമ അന്വേഷിക്കുന്നു. രോഹിത്ത് വെമുലയുടെ ജീവിതം ഈ സിനിമയുടെ റഫറൻസാണ്. നക്ഷത്രങ്ങളിൽ നിന്ന് കൊളുത്തിയ അഗ്നിയുമായി പറന്നുയരാൻ വെമ്പിയ ദളിത് വിദ്യാർത്ഥിയായ വെമുലയുടെ ചിറകുകൾ ഇന്ത്യൻ ഭരണകൂടം തന്നെ സ്പോൺസർ ചെയ്യുന്ന ജാതിവരേണ്യതയുടെ മൂർച്ചയിൽ അരിഞ്ഞെറിഞ്ഞത് വർത്തമാന ഇന്ത്യൻ യാഥാർഥ്യമാണ്. രോഹിത് വെമുലയുടെ മരണത്തിനു പിന്നിലെ രാഷ്ട്രീയം ഈ സിനിമയുടെ കേന്ദ്രപ്രമേയമായി വരുന്നു. പീഡനകേസുകളിൽ കൗണ്ടർ കില്ലിങ്ങുകളിൽ ദളിതരും കോളനിവാസികളും മാത്രം കൊല്ലപ്പെടുന്നത് എങ്ങനെയാണ്?ന്യായം വിധിക്കേണ്ട ജഡ്ജിമാർ പോലും നിറം നോക്കി മനുഷ്യർ ക്രിമിനലുകളാണ് എന്ന വിധി പ്രസ്‌താവിക്കുന്നതിന്റെ രാഷ്ട്രീയ ഉള്ളടക്കം എന്താണ്? ഇത്തരം ധീരമായ ചോദ്യങ്ങൾ സിനിമ ഉയർത്തുന്നു. ഉത്തരം തേടുന്നു.

നമ്മൾ അനുഭവിക്കുന്ന തെറ്റായ മാധ്യമശീലങ്ങളെ ജനഗണമന നിർദയം വിചാരണ ചെയ്യുന്നു. മാധ്യമങ്ങളിലൂടെ സൃഷ്ടിക്കുന്ന വ്യാജമായ പൊതുബോധം എത്രമേൽ പ്രഹരശേഷി കൈവരിക്കുന്നുവെന്നും സാധാരണ ജനങ്ങളെമാത്രമല്ല നീതിപീഠങ്ങൾ പോലും തെറ്റിദ്ധരിക്കപ്പെടുന്നുവെന്നും സിനിമ പറഞ്ഞുവെക്കുന്നു. മാധ്യമങ്ങൾ നുണകളെ വർത്തകളാക്കുകയും അർദ്ധസത്യങ്ങളെ വൈകാരികമായി ഉപയോഗിക്കുകയും ജനതയുടെ പൊതുബോധത്തെ ഹൈജാക്ക് ചെയുകയും ചെയ്യുന്നതെങ്ങനെയെന്ന് സിനിമ പറയുന്നു. നാടിനെ ഇളക്കി മറിക്കാൻ, ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഒരൊറ്റ ഹെഡ്ലൈൻ കൊണ്ടോ ബ്രേക്കിങ് ന്യൂസ് കൊണ്ടോ കഴിയുന്ന വൈകാരികതയുടെ ലോകത്ത് വ്യാജമുൻഗണനകൾ സൃഷ്ടിച്ചു മാധ്യമങ്ങൾ പൊതുബോധത്തിന്റെ വ്യാജനിർമിതി നടത്തുന്നത് എത്രയോ കാലമായി തുടരുന്നു.!

രാജ്യത്ത് മതവിദ്വേഷത്തിന്റെയും ജാതിവിവേചനത്തിന്റെയും പ്രചാരകരായ സംഘ്പരിവാറിനെതിരെ നിർഭയം സംസാരിക്കുന്ന ജനഗണമന ഒരു പ്രതീക്ഷയാണ്. ചലച്ചിത്രത്തിന്റെ രാഷ്ട്രീയഭാഷ എങ്ങനെയാവണം എന്നതിന്റെ ഉറപ്പുള്ള ദൃഷ്ടാന്തമാണ് ഈ സിനിമ.

ജനഗണമന അസാധാരണ കാലത്തെ സാധാരണ മനുഷ്യരുടെ ശബ്ദമാണ്. ഈ രാജ്യത്തിന്‍റെ ഹിംസാത്മകമായ രാഷ്ട്രീയവും അതുൽപ്പാദിപ്പിക്കുന്ന അനീതിയുമാണ് ഈ സിനിമയുടെ റഫറൻസ്. അതാണ് ഈ സിനിമയുടെ ധീരസൗന്ദര്യവും.

എ.എ.റഹീം, രാജ്യസഭാംഗം

ഇവർ മലയാളത്തിന്റെ അഭിമാനമാണ്

സുരാജ് വെഞ്ഞാറമൂട് എന്ന അതുല്യനായ നടന്റെ അത്രമേൽ കൃത്യമായ പ്രകടനമാണ് വളരെ സങ്കീർണമായ ഈ കഥയെ അവസാനം വരെ വിജയകരമായി നയിക്കുന്നത്. സുരാജ് അണ്ണന്റെ കരിയറിലെ മികച്ച ക്യാരക്ടറുകളിൽ ഒന്നായി എസിപി സജ്ജൻകുമാർ സ്മരിക്കപ്പെടും. ആദ്യപകുതിയിൽ എവിടെയെങ്കിലും സുരാജിന് അൽപം പിഴച്ചിരുന്നെങ്കിൽ സിനിമയെ അത് പ്രതികൂലമായി ബാധിച്ചേനെ. കയ്യടക്കത്തോടെ അദ്ദേഹം തന്റെ ചുമതല നിര്‍വഹിച്ചു.

പൃഥ്വീരാജിന്റെ പ്രകടനവും തകര്‍പ്പനായിരുന്നു. പല തവണ കയ്യടിയും ആരവവും മുഴക്കി വരവേറ്റ ഡയലോഗ് ഡെലിവറി. കോടതിമുറിയിൽ വ്യവസ്ഥിതിക്കെതിരെ മുഴങ്ങുന്ന ജനങ്ങളുടെ ശബ്ദമായി അരവിന്ദ് സ്വാമിനാഥൻ മാറുന്നു. പൃഥ്വീരാജിന്റെ ഈ കഥാപാത്രത്തിന് ജനം കയ്യടിച്ചത് അവർ പറയാൻ ആഗ്രഹിച്ചത് അയാളിൽ നിന്നു കേട്ടത് കൊണ്ടാണ്.

തിരക്കഥയും പ്രത്യേക പരിഗണന അര്‍ഹിക്കുന്നു .അതിസങ്കീർണമായ നിരവധി പ്രശ്നങ്ങൾ, എവിടെയും പിഴയ്ക്കാതെ ഷാരിസ് മുഹമ്മദ് എന്ന തിരക്കഥാകൃത്തിനു അവതരിപ്പിക്കാനായി. നല്ല സൂക്ഷ്മമായ സാമൂഹ്യ രാഷ്ട്രീയ നിരീക്ഷണവും നിർഭയത്വവുമാണ് ഷാരിസിന്റെ എഴുത്തിന്റെ ശക്തി. തലകുനിക്കാത്ത ആ ധീരതയ്ക്കാണ് ജനം കയ്യടിക്കുന്നതും.

ഡിജോ ജോസ് ആന്റണി.. മലയാള സിനിമയ്ക്ക് ഈ പ്രതിഭയിൽ നിന്ന് ഇനിയും ഒട്ടേറെ നല്ല സിനിമകൾ പ്രതീക്ഷിക്കാം.നേരത്തെ സൂചിപ്പിച്ചതു പോലെ വളരെ സങ്കീർണമായ നിരവധി പ്രശ്നങ്ങൾ പ്രമേയമാകുമ്പോഴും അവ അതീവ സൂക്ഷ്മതയോടെ മനോഹരമായി സംവിധാനം ചെയ്യാൻ ഡിജോയ്ക്കു കഴിഞ്ഞു. ഓരോ കഥാപാത്രത്തെയും കൃത്യമായി അടയാളപ്പെടുത്തി. തിരക്കഥയുടെ ശക്തി ചോർന്നുപോകാതെ സെല്ലുലോയ്ഡിൽ പകർത്തി. കഥയുടെ ആദ്യവസാനം ഒരു ശില്പിയുടെ സൂക്ഷ്മതയോടെ ചലച്ചിത്രത്തെ വാർത്തെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു. രണ്ടാം ഭാഗത്തിനായി പ്രേക്ഷകരെ കാത്തിരിപ്പിക്കുന്ന ശക്തമായ ക്ളൈമാക്സിലേക്ക് എത്തിക്കാനായത് സംവിധായകന്റെ വിജയമാണ്.

കണ്ടത് മാത്രമല്ല ഇനിയും കാണാനുള്ളതിന്റെ കാത്തിരിപ്പ് കൂടിയാണ് തിയറ്റർ വിട്ടിറങ്ങുമ്പോൾ പ്രേക്ഷകമനസ്സിൽ ബാക്കിയാകുന്നത്.

അസാധാരണമായ ഒരുകാലത്താണ് ഓരോ ഇന്ത്യക്കാരനും ഇന്ന് ജീവിക്കുന്നത്. നിരാലംബരായ മനുഷ്യരുടെ സ്വപ്നങ്ങൾക്ക് മേൽ ഏകാധിപതിയുടെ ബുൾഡോസർ പായുന്നു. കോടതിയും വിചാരണയും വിധിയുമെല്ലാം ഭരിക്കുന്നവർ നേരിട്ട് നടപ്പിലാക്കുന്നു. വെടിയേറ്റുവീണ 'കുറ്റവാളികളെ' ചൂണ്ടി ജനം കയ്യടിക്കുന്നു. 'ബുൾഡോസർ ദാദമാർ' കോർപ്പറേറ്റ് മാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നു. നിർഭയമായി സംസാരിക്കാൻ പലരും മടിക്കുന്ന കാലത്ത് ഇങ്ങനെയൊരു സിനിമ തലയുയർത്തി, നട്ടെല്ല് നിവർത്തി നിൽക്കുന്നു.

ജനഗണമന അസാധാരണ കാലത്തെ സാധാരണ മനുഷ്യരുടെ ശബ്ദമാണ്. ഈ രാജ്യത്തിന്‍റെ ഹിംസാത്മകമായ രാഷ്ട്രീയവും അതുൽപ്പാദിപ്പിക്കുന്ന അനീതിയുമാണ് ഈ സിനിമയുടെ റഫറൻസ്. അതാണ് ഈ സിനിമയുടെ ധീരസൗന്ദര്യവും.

Related Stories

No stories found.
logo
The Cue
www.thecue.in