ജയ് ഭീം കോമ്രേഡ്

jai bhim
jai bhim
Summary

സത്യാനന്തര കാലത്തെ അപനിർമ്മിക്കപ്പെട്ട വസ്‌തുതകളും മറവിയുടെ ചവറ്റു കൂടയിലേക്ക് മനഃപൂർവം വലിച്ചു മാറ്റുന്ന രാഷ്‌ട്രീയ ചരിത്രങ്ങളും തുറന്ന് അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ജയ്ഭീമിന്റെ പ്രസക്തി.

നിരൂപകന്‍ ജി.പി.രാമചന്ദ്രന്‍ എഴുതുന്നു

ഇതു അരസ ഭയങ്കരവാദപ്പേരവലം.

ചട്ടം-അത് വലിയവനൈ കണ്ടാൽ വളൈന്തു കൊടുക്കും.എളിയവനൈ കണ്ടാൽ ഏട്ടി ഉതൈക്കും.

ഇതു ചിരുത്തൈകളിൻ അരസിയൽ മുഴക്കം.

കാലം കാലമായ് വഞ്ചിക്കപ്പടും വതൈക്കപ്പടും പഴങ്കുടി മക്കളിൻ പാഴും വാഴ് വൈ പാഠമായ് വിവരിക്കും പടമേ‌ #ജയ്ഭീം.

ഇത് അരസ ഭയങ്കര വാദപ്പേരവലം

(ഇത് ഭരണകൂട ഭീകരതയുടെ ദുരവസ്ഥ.

വലിയവനെ കണ്ടാൽ വളഞ്ഞു കൊടുക്കുന്നതും എളിയവനെ കണ്ടാൽ ചവിട്ടിയരക്കുന്നതുമാണ് നിയമം.

ഇത് പുലികളുടെ രാഷ്ട്രീയ മുഴക്കം.

എത്രയോ കാലമായി വഞ്ചിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ടിരുന്ന ആദിവാസി ജനങ്ങളുടെ ദുരിത ജീവിതത്തെ പാഠമായി വിവരിക്കുന്ന സിനിമയാണ് ജയ് ഭീംഇത് ഭരണകൂട ഭീകരതയുടെ ദുരവസ്ഥ)

-- ഡോക്ടർ തൊൽ തിരുമാവളവൻ എം പി

ഡോക്ടർ തൊൽ തിരുമാവളവൻ എം പി
ഡോക്ടർ തൊൽ തിരുമാവളവൻ എം പി

ആനന്ദ് പട് വര്‍ദ്ധന്റെ പ്രസിദ്ധമായ ഡോക്കുമെന്ററിയുടെ പേരാണ് ജയ് ഭീം കോമ്രേഡ്(2011). എന്നാല്‍ ഈ ലേഖനം ആ ഡോക്കുമെന്ററിയെക്കുറിച്ചല്ല. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ സംബന്ധിച്ചും ദളിതര്‍ അനുഭവിക്കുന്ന അതികഠിനവും നിഷ്ഠൂരവുമായ പീഡനത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ജയ് ഭീം കോമ്രേഡ്, 1997ലെ രമാബായ് കോളനി കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍, ദളിത് ഗായകനും കവിയും ആക്റ്റിവിസ്റ്റുമായിരുന്ന വിലാസ് ഗോഗ്രെ ആത്മഹത്യ ചെയ്ത ദു:ഖാര്‍ദ്രമായ സംഭവം വിവരിക്കുന്നു. വിലാസ് ഗോഗ്രെ, ഒരേ സമയം അംബേദ്കറിസ്റ്റും ഇടതുപക്ഷക്കാരനുമായിരുന്നു. അതാണ് ജയ്ഭീം കോമ്രേഡ് എന്ന പ്രയോഗത്തിന്റെ പ്രസക്തി.

ഇപ്പോള്‍ ജയ് ഭീം എന്ന പേര് അന്തരീക്ഷത്തില്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നു. സൂപ്പര്‍ താരം സൂര്യ നായകനായി അഭിനയിച്ച തമിഴ് വാണിജ്യ സിനിമയായ ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ കഴിഞ്ഞ ദിവസം പ്രദര്‍ശനം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ പേരും അതിന്റെയും സിനിമയുടെയും രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടുന്നത്. അംബേദ്കറിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാ രഞ്ജിത്ത് (അട്ടക്കത്തി, മദ്രാസ്, കാല, കബാലി, സര്‍പ്പാട്ട പരമ്പരൈ) അദ്ദേഹത്തിന്റെ നീലം പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയ്ക്കു വേണ്ടി അവകാശം നേടി വെച്ചിരുന്ന ടൈറ്റിലായിരുന്നു ജയ് ഭീം. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ഈ സിനിമയ്ക്കു വേണ്ടി ആ ടൈറ്റില്‍ പാ രഞ്ജിത്ത് കൈമാറുകയായിരുന്നു എന്ന് സൂര്യ തന്നെ വെളിപ്പെടുത്തി. വാണിജ്യ ശക്തികള്‍, അംബേദ്കറിസ്റ്റ് രാഷ്ട്രീയത്തെ ചരക്കുവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ പേരിടല്‍ എന്നു വരെ വിമര്‍ശനമുയര്‍ന്നു. സിനിമയുടെ ദര്‍ശനവും നായകകഥാപാത്രത്തിന്റെ പ്രവര്‍ത്തന രാഷ്ട്രീയവും മാര്‍ക്‌സിസമായിരിക്കെ, ജയ് ഭീം എന്ന ശീര്‍ഷകം ഒരു ആശയാപഹരണം(ഹൈജാക്കിങ്ങ്) പോലുമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍, സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഇതിലും യുക്തമായ മറ്റൊരു പേര് ഈ സിനിമയ്ക്കിടാനില്ലെന്നാണ് നിരൂപകനായ രാജേഷ് രാജാമണി നിരീക്ഷിച്ചത്. ശീര്‍ഷകത്തിന്റെ അവകാശം കൈമാറ്റം ചെയ്ത പാ രഞ്ജിത്തും സിനിമയെ ഗാഢമായി പുണര്‍ന്നു കൊണ്ട് രംഗത്തു വന്നു. ജാതിയെ എതിര്‍ക്കുന്നതിനെയും ആദരിക്കുന്നതിനെയും ഒരേ പോലെ കാണുന്ന സമൂഹത്തിനു മുന്നില്‍ അവരുടെ കണ്‍ തുറപ്പിക്കുന്ന പ്രവര്‍ത്തനമാണ് ജയ് ഭീം നിര്‍വഹിക്കുന്നത്. മറയ്ക്കപ്പെട്ടതും മറന്നതുമായ രാജാക്കണ്ണിന്റെ കഥകള്‍ പോലെ നിരവധി കഥകള്‍ ഇനിയുള്ള കാലത്ത് പുറത്തു വരുമെന്നതിന്റെ സൂചനയാണ് ജയ്ഭീമിന്റെ വിജയം. ഈ തലമുറ കൊണ്ടുവന്ന മാറ്റമാണിതെന്നും പാ രഞ്ജിത്ത് അഭിമാനം കൊണ്ടു.

Jai Bhim Comrade documentary
Jai Bhim Comrade documentary

ദളിതരും അവരുടെ സാമുദായിക ഉണര്‍വു പ്രസ്ഥാനങ്ങളും അവരെ പിന്തുണക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ ആത്മാര്‍ത്ഥമായി ഏറ്റെടുക്കുകയും ചെയ്യുന്ന പുരോഗമന സംഘടനകളും ചേര്‍ന്ന് സൃഷ്ടിച്ചിട്ടുള്ള മുന്നേറ്റത്തിന്റെ അനുരണനങ്ങള്‍, പരിയേറും പെരുമാളില്‍ അങ്ങിങ്ങായും വിശേഷിച്ച് അവസാനത്തിലുള്ളതുമായ ശുഭാപ്തിവിശ്വാസത്തിലൂടെ പ്രകടിപ്പിക്കപ്പെടുന്നുണ്ട്. ദളിതന്‍ തന്നെയായ ലോ കോളേജ് പ്രിന്‍സിപ്പലിന്റെ ഇടപെടലുകളാണിക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത്. നീ ഇഷ്ടമുള്ളതു പോലെ പ്രതികരിക്ക്, ഇവിടെ തോറ്റുകൊടുത്താല്‍ നീ ഉദ്ദേശിച്ചതനുസരിച്ച് അംബേദ്ക്കറെ പോലെ ഒരു ഡോക്ടറാകാന്‍ നിനക്കാവില്ലെന്ന് അദ്ദേഹം പറയുന്നു.

ജയ് ഭീം എന്ന, തമിഴില്‍ പ്രാഥമികമായും ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലും കന്നടയിലും ഡബ്ബ് ചെയ്തും പുറത്തിറക്കിയ സിനിമയുടെ ഉള്ളടക്കം വിശദീകരിച്ചുകൊണ്ടുള്ള നിരവധി കുറിപ്പുകളും ലേഖനങ്ങളും ഇതിനകം തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. അതെല്ലാം തന്നെ ഇവിടെയും ആവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

പൊലീസ് വാഴ്ചയും അതിക്രമങ്ങളും, ജുഡീഷ്യറി, ജാതിവെറിയും അതിന്റെ അധികാരബലതന്ത്രങ്ങളും, കമ്യൂണിസ്റ്റ് രാഷ്ടീയം, തമിഴ് സിനിമ എന്നീ യാഥാര്‍ത്ഥ്യങ്ങളും ചരിത്ര-വര്‍ത്തമാനങ്ങളും ജയ് ഭീമിന്റെ പശ്ചാത്തലത്തില്‍ എപ്രകാരമാണ് അന്വേഷിക്കപ്പെടുകയും വിലയിരുത്തുകയും ചെയ്യുന്നത് അഥവാ ചെയ്യേണ്ടത്‌ എന്ന കാര്യമാണ് ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത്.

വിസാരണൈ(വെട്രിമാരന്‍), കാവല്‍ത്തുറൈ ഉങ്കള്‍ നന്‍പന്‍(രഞ്ജിത്ത് മണികണ്ഠന്‍)പോലുള്ള ഏതാനും സിനിമകളില്‍ പോലീസ് അതിക്രമവും നിരപരാധികളെ പീഡിപ്പിക്കുന്നതും കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍, ഈ മനോഭാവത്തോടുകൂടിയ സിനിമകള്‍ വിരലിലെണ്ണാവുന്നതേ ഉള്ളൂ. അതേ സമയം, പോലീസിനെ മഹത്വവത്ക്കരിക്കുന്ന നൂറു കണക്കിന് സിനിമകളാണ് ഇന്ത്യന്‍ സിനിമയിലാകെയും തമിഴ് സിനിമയില്‍ തന്നെയും ഇറങ്ങിയിട്ടുള്ളത്. സൂര്യ തന്നെ നായകനായഭിനയിച്ച സിങ്കം (ഒന്നും രണ്ടും) , കാക്ക കാക്ക എന്നിവ തന്നെ ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്. പോലീസും ജയിലധികാരികളും ചേര്‍ന്ന്, ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷവിഭാഗക്കാരെയും സ്ത്രീകളെയും ദരിദ്രരെയും തൊഴിലാളികളെയും മറ്റ് അധസ്ഥിത വിഭാഗക്കാരെയും പീഡിപ്പിക്കുന്നതും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും ലോക്കപ്പ് മര്‍ദ്ദനങ്ങളിലൂടെയും കൊലപ്പെടുത്തുന്നതും ആ കൊലകളെ മൂടി വെക്കുന്നതും ഇന്ത്യയിലെ കാക്കിയില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള ജാതിവെറിയുടെ പ്രകടനം തന്നെയാണ്.

പ്രതിഷേധ ശ്രമങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതും വിമത സ്വരങ്ങള്‍ നിശ്ശബ്ദമാക്കപ്പെട്ടതും കലാപങ്ങള്‍ തുടച്ചു നീക്കപ്പെട്ടതുമായ ഒരു 'ക്ഷേമ/വിശുദ്ധ' രാഷ്ട്രത്തെയാണ്, ജനാധിപത്യ-ഭരണഘടനാനിബദ്ധമായ രീതീകളില്‍ കൂടി കടന്നു വന്നവരാണെങ്കില്‍ പോലും അമിതാധികാരത്തിലേക്ക് പന പോലെ വളരുന്ന ഏതു ഭരണകൂടവും നിര്‍മ്മിച്ചെടുക്കാനായി വെമ്പുന്നതും സ്വയം വിഭാവനം ചെയ്യുന്നതും. അപ്പപ്പോള്‍ പുതുക്കപ്പെടുന്നതും സന്ദര്‍ഭമനുസരിച്ച് വളച്ചൊടിച്ച് വിശദീകരിക്കപ്പെടുന്നതും ആയ നിയമങ്ങളും നിയമഭേദഗതികളും ഉത്തരവുകളും അനുസരിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്തു കൊണ്ട്; ലാത്തിച്ചാര്‍ജുകള്‍, വെടിവെപ്പുകള്‍, വ്യാജവും അവ്യാജവുമായ ഏറ്റുമുട്ടല്‍ കൊലകള്‍, ലോക്കപ്പുകള്‍, ലോക്കപ്പുമര്‍ദനങ്ങളും അതിക്രമങ്ങളും, മാനസിക പീഡനങ്ങളും ബലാത്സംഗങ്ങളും, കസ്റ്റഡിക്കൊലകള്‍, താല്‍ക്കാലികവും സ്ഥിരവുമായ തടവറകള്‍, അവിടങ്ങളിലെ വിചിത്രവും അങ്ങേയറ്റം മനുഷ്യത്വരഹിതവുമായ നിയമങ്ങളും കീഴ്‌വഴക്കങ്ങളും, ചോദ്യം ചെയ്യലുകളുടെയും അന്വേഷണങ്ങളുടെയും മറവിലുള്ള മര്‍ദനമുറകള്‍, നിയമവ്യാഖ്യാനങ്ങളിലൂടെയും കോടതി നടപടികളിലൂടെയുമുള്ള സാധൂകരണങ്ങള്‍, ശത്രുവായി പ്രഖ്യാപിക്കപ്പെട്ടവരുടെ മേലുള്ള കടന്നുകയറ്റങ്ങള്‍, നിയമം കയ്യിലെടുക്കലുകളും ലംഘിക്കലുകളും മറികടക്കലുകളും എന്നിങ്ങനെ പൗരസമൂഹത്തിനു മേല്‍ പടര്‍ന്നു പന്തലിച്ചതും താഴെ വേരുകളായി ആണ്ടിറങ്ങിയതുമായ വ്യവസ്ഥയായി പൊലീസും പട്ടാളവും അര്‍ദ്ധസൈനികരും ആണ് രാഷ്ട്രം എന്ന മാറ്റപ്പേരില്‍ മിക്കപ്പോഴും നാം ആന്തരീകരിക്കുന്ന സാമാന്യബോധം. ഈ ബലതന്ത്രത്തെ സൗന്ദര്യത്തിന്റെയും ജനപ്രിയതയുടെയും മഹാഖ്യാനങ്ങളിലേക്ക് ലയിപ്പിക്കുന്നത് മുഖ്യധാരാസിനിമയുടെ എക്കാലത്തെയും എളുപ്പങ്ങളില്‍ പ്രധാനപ്പെട്ട മാര്‍ഗമാണ്. ചീത്ത പൊലീസിനെ തകര്‍ത്തടിക്കുന്ന രോഷാകുലനായ യുവനായകന്മാര്‍ മുതല്‍ നല്ല പൊലീസിന്റെയും മഹാന്മാരായ പട്ടാളക്കാരുടെയും മാതൃകാനായകത്വങ്ങള്‍ വരെ വിവിധ കാലങ്ങളില്‍ വിവിധ രീതികളില്‍ ഈ സ്ഥിരീകരണം നമ്മുടെ ഇഷ്ടങ്ങളും മനോനിലകളും ആയി തന്നെ ഉറപ്പിക്കപ്പെട്ടിരിക്കുന്നു.

വിസാരണൈ
വിസാരണൈ

സാമി, (അതിന്റെ റീമേക്കുകളായ പോലീസ് ഗിരി/ഹിന്ദി, അയ്യാ/കന്നട, ലക്ഷ്മി നരസിംഗ/തെലുങ്ക, ബറൂദ്/ബംഗാളി ), സിങ്കം, സിങ്കം 2, കാക്ക കാക്ക,, ഭീഷ്മര്‍, ഗംഭീരം, ആഞ്ജനേയ, ചിരുത്തൈ, ഒസ്തി, വേട്ടയാട് വിളയാട്, ധ്രുവം, ആര്യന്‍, എഫ് ഐ ആര്‍, കമ്മീഷണര്‍, ഭരത് ചന്ദ്രന്‍ ഐ പി എസ്, കീര്‍ത്തിചക്ര, കുരുക്ഷേത്ര, ഡബാംഗ് ഒന്നും രണ്ടും, എന്നിവ പൊലീസിനെയോ പട്ടാളത്തെയോ മഹത്വവത്ക്കരിക്കുന്ന സിനിമകളില്‍ ചിലതു മാത്രമാണ്.

രാഷ്ട്രത്തിന്റെ ജനാധിപത്യവത്ക്കരണപ്രക്രിയയെയും നിയമ-നീതി-ന്യായ വ്യവസ്ഥകളെയും മനുഷ്യാവകാശങ്ങളെയും ചവിട്ടിമെതിക്കുന്ന, നിയമം കയ്യിലെടുത്ത് പെരുമാറുന്ന പൊലീസ് അതിക്രമങ്ങളെയാണ് ശരാശരി അല്ലെങ്കില്‍ മാതൃകാ പോലീസ് ആയി ഇന്ത്യന്‍ സിനിമ അവതരിപ്പിക്കുന്നത്. അമിതമായ ബലപ്രയോഗവും അശ്ലീലം കുത്തി നിറച്ച സംഭാഷണശൈലിയും ശാരീരിക മര്‍ദനങ്ങളും മാനസിക പീഡനങ്ങളും നിയമവിരുദ്ധ തടവും എല്ലാം കുറ്റം തെളിയിക്കുന്നതിനും അന്വേഷണത്തിനും അത്യന്താപേക്ഷിതമാണെന്ന തോന്നലാണ് പൊതുബോധത്തിനുമുള്ളത്. ഈ പൊതുബോധത്തെ മുതലെടുത്തുകൊണ്ട്, കുറ്റവാളിയെന്ന് താന്‍ നിശ്ചയിക്കുന്ന ആളെ കോടതിയിലെത്തിക്കാതെ സ്വയം കൊലപ്പെടുത്തുന്ന രീതികളാണ് സിനിമാ പൊലീസ് നായകന്മാര്‍ അനുവര്‍ത്തിക്കുന്നത്. പൈശാചികതയെ മഹത്വവത്ക്കരിക്കുന്നതിലൂടെ ഉരുത്തിരിയിച്ചെടുക്കുന്ന സൗന്ദര്യവും ജനപ്രിയതയുമാണ് ഇത്തരം സിനിമകളുടെ വാണിജ്യ-വിജയ ഘടകങ്ങള്‍. ജനാധിപത്യത്തെയും മാനവികതയെയും അപഹസിക്കുകയും നിരാകരിക്കുകയും, പകരം പൊലീസും പൊലീസിംഗുമാണ് സമൂഹത്തിന്റെ ശാന്തിക്കും മനുഷ്യരുടെ പുരോഗതിക്കും അനിവാര്യമായത് എന്ന ഫാസിസ്റ്റ് ആശയമാണ് ഈ സിനിമകള്‍ മുന്നോട്ടു വെക്കുന്നത്.

കാക്കിമാഹാത്മ്യ സിനിമാ പ്രളയത്തിന്റെ അന്തമില്ലാത്ത ദൃശ്യാഖ്യാനത്തിനുള്ള ഒരു മറുപുറമെന്നോണമാണ് വിസാരണൈയും ജയ്ഭീമും പ്രസക്തമാകുന്നത് എന്നതാണ് പ്രധാനം.

വാര്‍ദ്ധക്യത്തിലേക്ക് കടന്ന മറാഠി ദളിത് നാടോടി ഗായകനും കവിയുമായ നാരായണ്‍ കാംബ്ലേ, വളരെ വിചിത്രവും അവിശ്വസനീയവുമായ ഒരു സാഹചര്യത്തിലും കുറ്റാരോപണത്തിലും കുടുക്കപ്പെട്ട് പൊലീസ് കസ്റ്റഡിയിലാവുന്നതും അത് കോടതി കൈകാര്യം ചെയ്യുന്നതുമാണ് ചൈതന്യ ധമാനെയുടെ കോര്‍ട്ട് എന്ന സിനിമയിലുള്ളത്. ത്രസിപ്പിക്കുന്ന വക്കീല്‍ വാചാടോപങ്ങളും, സസ്‌പെന്‍സും സങ്കീര്‍ണമായ അന്തര്‍യാത്രകളും ഒന്നും ഈ കേസിനില്ല. നഗരത്തിലെ ഒരു മാന്‍ഹോള്‍ ശുചീകരണത്തൊഴിലാളി അഴുക്കുചാലിലെ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടത്, ആത്മഹത്യയാണെന്നും അത് കവിയായ കാംബ്ലേയാല്‍ പ്രേരിപ്പിക്കപ്പെട്ടതാണെന്നുമുള്ള വാദമാണ് പ്രോസിക്യൂഷന്‍ മുന്നോട്ടു വെക്കുന്നത്. കേസിന്റെ ഗതിവിഗതികളെന്നതു പോലെ, ന്യായാധിപന്റെ സ്വകാര്യ ജീവിത മുന്‍ഗണനകളും കോര്‍ട്ട് സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. എവിടെയാണ് ജാത്യഹങ്കാരം, വംശീയ പരിശുദ്ധി മനോഭാവം എന്നെല്ലാമാണ് സിനിമ അന്വേഷിച്ചു വെളിപ്പെടുത്തുന്നത്.

കോര്‍ട്ട്
കോര്‍ട്ട്

കോര്‍ട്ടില്‍ നിന്നു വ്യത്യസ്തമായി ചന്ദ്രു എന്ന സാമൂഹിക പ്രതിബദ്ധതയും പുരോഗമനമനോഭാവവും കര്‍മ്മനിരതത്വവും ഉള്ള ഒരു വക്കീല്‍; അധികാരത്തിന്റെ ബലതന്ത്രങ്ങളെ മുറിച്ചു കടന്ന് നീതി നടപ്പിലാക്കാന്‍ പരിശ്രമിക്കുന്നതാണ് ജയ്ഭീമിന്റെ പ്രസക്തി. അയാളും അയാളുടെ കക്ഷിയായ ശെങ്കിനിയും മുഴുവനായി നന്മയുടെ പക്ഷത്തുള്ളവരും ശെങ്കിനിയുടെ ഭര്‍ത്താവ് രാജാക്കണ്ണിനെ ലോക്കപ്പില്‍ കൊലപ്പെടുത്തിയ പൊലീസ് അടക്കമുള്ളവര്‍ തിന്മയുടെ പക്ഷത്തുള്ളവരുമായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നും അവര്‍ക്കിടയിലുള്ള മതില്‍, യാഥാര്‍ത്ഥ്യവിരുദ്ധവുമാണെന്ന മട്ടിലുള്ള വിമര്‍ശനവും ചില പണ്ഡിത-നിരൂപക-നിരീക്ഷകര്‍ ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞിട്ടുമുണ്ട്.

ജാത്യഹങ്കാരത്തിന്റെ മര്‍ദനാധികാരം, തമിഴക ജീവിതത്തെ പല കാലഘട്ടങ്ങളായി അക്രമാസക്തമാം വിധം മനുഷ്യവിരുദ്ധമായ ഒന്നാക്കി മാറ്റിയിട്ടുണ്ട്. ഗ്രാമങ്ങള്‍ മാത്രമല്ല, നഗരങ്ങളും ഈ പ്രവണതയില്‍ നിന്ന് മുക്തമല്ല. പെരിയാര്‍ ഉഴുതു മറിച്ചിട്ട ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണില്‍ അയിത്തവും ജാതിവിവേചനവും പ്രത്യക്ഷമായി തന്നെ നിലനില്ക്കുന്നു എന്നത് തീര്‍ത്തും ലജ്ജാകരമായ യാഥാര്‍ത്ഥ്യമാണ്. അംബേദ്ക്കര്‍, മാര്‍ക്‌സ്, ലെനിന്‍, ജ്യോതിറാവ് ഫൂലെ എന്നീ നേതാക്കളുടെ ആശയങ്ങളെന്നതുപോലെ, പണ്ഡിറ്റ് അയോത്തിദാസിനെയും റൈട്ടമലൈ ശ്രീനിവാസനെയും പോലുള്ള പ്രക്ഷോഭ-ചിന്തകരുടെയും സ്വാധീനം തമിഴ്‌നാട്ടിലെ ദളിത് രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ദ്രാവിഡപ്രസ്ഥാനം ബ്രാഹ്മണ വിരുദ്ധമെന്നതിനേക്കാള്‍ ബ്രാഹ്മണേതരമാണെന്ന് ഡി കാര്‍ത്തികേയന്‍, സ്റ്റാലിന്‍ രാജാംഗം, ഹ്യൂഗോ ഗോറിഞ്ചെ എന്നിവരുടെ പഠനങ്ങള്‍ (മറ്റു പലരുടെയും) സമര്‍ത്ഥിക്കുന്നു. അതായത്, രാജഭരണകാലത്തെന്നതു പോലെ ബ്രിട്ടീഷുകാരുടെ കാലത്തും അധികാരമാളിയിരുന്നത് ബ്രാഹ്മണരായിരുന്നുവെങ്കില്‍; പിന്നോക്കക്കാരും ഇടനിലൈ ജാതിക്കാരും (ഇന്റര്‍മീഡിയറ്റ്) ചേര്‍ന്ന് കഴിഞ്ഞ ദശകങ്ങളില്‍ രാഷ്ട്രീയ-സാമ്പത്തികാധികാരവും ഭൂവുടമസ്ഥതയും കൈക്കലാക്കിയിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ദളിത് സമൂഹങ്ങള്‍ക്ക് ലഭിച്ച പഞ്ചമി നിലങ്ങള്‍ പോലും മേല്‍ജാതിക്കാര്‍ ഇതിനകം അധീനപ്പെടുത്തിക്കഴിഞ്ഞു. തേവര്‍, ഗൗണ്ടര്‍, നായ്ക്കര്‍, വണ്ണിയര്‍, നാടാര്‍ എന്നീ ജാതി സമുദായങ്ങളെല്ലാം അവരുടെ പ്രത്യേക സ്വാധീന മേഖലകള്‍ പല പ്രദേശങ്ങളിലായി വിപുലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാര്‍, എം എല്‍ എ മാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരും അംഗങ്ങളും, പോലീസ്, സര്‍ക്കാരുദ്യോഗസ്ഥന്മാര്‍, ജഡ്ജുമാര്‍ എന്നീ സ്ഥാനങ്ങളെല്ലാം ഈ സമുദായങ്ങള്‍ സാമര്‍ത്ഥ്യത്തോടെ നേടിയെടുക്കുന്നു.
രാമനാട് കലാപം(1957), കീഴ് വെണ്‍മണി കൂട്ടക്കൊല(1968), കൊടിയങ്കുളം ആക്രമണം(1995), മേലാവളവ് കൂട്ടക്കൊല(1997), താമിരഭരണി കൂട്ടക്കൊല(1999), പരമകുടി വെടിവെപ്പ്(2001), മരക്കാനം സംഘര്‍ഷം(2013), അരിയലൂര്‍ കൂട്ടബലാത്സംഗം(2016), എന്നിങ്ങനെ നിരവധി ആക്രമണങ്ങള്‍ തമിഴ്‌നാട്ടിലെ ദളിതര്‍ മേല്‍ജാതിക്കാരില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും നേരിട്ടിട്ടുണ്ട്.
1950കളോടെ തമിഴ് സിനിമകളില്‍ ബ്രാഹ്മണകഥാപാത്രങ്ങള്‍ പരിഹസിക്കപ്പെട്ടു തുടങ്ങി. ദ്രാവിഡ പ്രസ്ഥാന മുന്നേറ്റത്തിന്റെ ആദ്യ ഘട്ടങ്ങളായിരുന്നു അത്. പെരിയാറുടെ നേതൃത്വത്തിലുള്ള സുയ മരിയാദൈ ഇയക്കത്തിന്റെ (സ്വയമര്യാദാപ്രസ്ഥാനം) സ്വാധീനമനുസരിച്ച് ദേശം തന്നെയാണ് സിനിമ എന്ന ആശയം പ്രയോഗവത്ക്കരിക്കപ്പെട്ടു. ജാതിരഹിത നായകന്മാരും ജാതിരഹിത സിനിമകളും എന്നതായിരുന്നു അന്നത്തെ രീതി എന്ന് തിയദോര്‍ ഭാസ്‌ക്കരന്‍ നിരീക്ഷിക്കുന്നു. ഡി എം കെയുടെ സ്ഥാപകനേതാവായ സി എന്‍ അണ്ണാദുരൈ, നാടകകൃത്തും തിരക്കഥാ കൃത്തുമായിരുന്നു. കരുണാനിധി നിരവധ സിനിമകള്‍ക്ക് സംഭാഷണമെഴുതി. തമിഴ് സിനിമയിലെ മുടിചൂടാമന്നനായി മാറിയ എം ജി ആര്‍ ഡിഎംകെ നേതാവായിരുന്നു. പിന്നീട് അദ്ദേഹം പാര്‍ടി പിളര്‍ത്തി അണ്ണാ ഡി എം കെ രൂപീകരിക്കുകയും മുഖ്യമന്ത്രിയാവുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം അഭിനയിച്ച ജയലളിതയും പിന്നീട് പ്രമുഖ നേതാവും മുഖ്യമന്ത്രിയുമായി. ഈ രണ്ടു ദ്രാവിഡ പാര്‍ടികളും നാടകങ്ങള്‍, കവിതകള്‍, സാഹിത്യം, സംഗീതം എന്നിവയെല്ലാം രാഷ്ട്രീയ പ്രചാരണത്തിനു വേണ്ടി ഉപയോഗിച്ചു. സിനിമയിലൂടെ അവര്‍ തമിഴ് നാഗരികതയുടെയും സംസ്‌ക്കാരത്തിന്റെയും ഭാഷയുടെയും പ്രസക്തിയും ആഘോഷവും ബഹുജനങ്ങളിലെത്തിച്ചു. പെറ്റ്രാള്‍ താന്‍ പിള്ളൈയാ(1966), നം നാട് (1969), അടിമൈ പെണ്‍(1969) എന്നിങ്ങനെ നിരവധി സിനിമകള്‍, അണ്ണാദുരൈയെ ദക്ഷിണ ഗാന്ധിയായി വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ ചിത്രങ്ങളും ഡി എം കെ കൊടികളും ദൃശ്യപ്രതലത്തിലാകെ നിറയ്ക്കുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയകക്ഷി പ്രചാരണം മാത്രമല്ല ആ സിനിമകള്‍ നടത്തിയത്. കീഴാളരോട് തോളോട് തോള്‍ ചേര്‍ന്നു നിന്നു, ദരിദ്രര്‍ക്കു വേണ്ടി പോരാടി, സാമൂഹ്യ നീതിക്കു വേണ്ടി ഉച്ചത്തില്‍ സംസാരിച്ചു. ധനികര്‍ക്കെതിരെ ദരിദ്രര്‍; ബ്രാഹ്മണര്‍ക്കെതിരെ അബ്രാഹ്മണ-ജാതി രഹിതര്‍ എന്നതായിരുന്നു ദ്രാവിഡ സിനിമകളുടെ അടിസ്ഥാന സമവാക്യം. എന്നാലതേ 'ജാതിവിരുദ്ധ' സിനിമകളില്‍ കോമാളിക്കഥാപാത്രങ്ങളായി ദളിതര്‍ നിരന്തരം അപഹസിക്കപ്പെട്ടിരുന്നു എന്ന് ചിന്തകനും എഴുത്തുകാരനുമായ എ മാര്‍ക്‌സ് നിരീക്ഷിക്കുന്നു.

കരുണാനിധി രചിച്ച പരാശക്തി(1952)യില്‍, ക്ഷേത്രത്തിനകത്തു വെച്ച് ബ്രാഹ്മണനായ പൂജാരി യുവതിയെ കടന്നു പിടിക്കുന്ന രംഗം ചിത്രീകരിച്ചിരുന്നു. നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ശിവാജി ഗണേശന്‍, അയാളെ പുഴുത്ത സമുദായത്തിന്റെ കൂത്താടി എന്നെല്ലാം വിളിച്ചാണ് തിരിച്ചടിക്കുന്നത്. ദ്രാവിഡ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് പരാശക്തി നിര്‍വഹിച്ചത്. കണ്ണദാസന്‍ എഴുതിയ മധുരൈവീരനി(1956)ല്‍ എം ജി ആര്‍ അഭിനയിക്കുന്ന നായകകഥാപാത്രം അരുന്ധതിയാര്‍ (ദളിത് ജാതി) സമുദായത്തില്‍ നിന്നാണെന്ന് പറയുന്നുണ്ട്. രാജകുമാരിയെ രക്ഷിക്കുന്നതിനിടെ അവരെ തൊട്ടതിന്റെ പേരില്‍ അദ്ദേഹത്തിന് അടി കിട്ടുന്നുണ്ട്. എംജിആര്‍ തമിഴകത്തിന്റെ മുടിചൂടാമന്നനായി മാറിയതിന് ഈ വേഷം വലിയ സഹായമാണ് ചെയ്തത്. പെണ്‍(1954), തായ്ക്കു പിന്‍ താരം(1956), തായില്ല പിള്ളൈ(1961) എന്നിവയെല്ലാം ജാതിപ്രശ്‌നത്തെ അഭിമുഖീകരിച്ച സിനിമകളാണ്. തായില്ല പിള്ളൈയും എഴുതിയത് കരുണാനിധിയാണ്. പിന്നീടും ഒന്നു രണ്ടു ദശകങ്ങള്‍ തമിഴ് സിനിമയുടെ സാമാന്യ പ്രത്യയശാസ്ത്രം ഏറെക്കൂറെ ഇതു തന്നെയായിരുന്നു. കരുണാനിധി 1987ലെഴുതി പുറത്തിറക്കിയ ഒരേ രത്തം എന്ന സിനിമയില്‍ മുഖ്യ കഥാപാത്രമായ ദളിത് യുവാവിനെ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ മു ക സ്റ്റാലിനാണ്. അതായത്, ജാതിരഹിത ദ്രാവിഡത്വത്തിന്റെ ആദ്യകാല പരാധീനതകളെ ചില ഘട്ടങ്ങളില്‍ പരിഹരിക്കാനും അതേ സിനിമ ശ്രമിച്ചിട്ടുണ്ടെന്നു ചുരുക്കം.

കാല
കാല

തൊണ്ണൂറുകളിലെ ആണ്‍നായകപ്രധാനമായ ഗ്രാമീണ കഥാസിനിമകളില്‍ പ്രത്യേക പദവിയുള്ള ജാതിയില്‍ പെട്ടയാളാണ് നായകന്‍ എെന്നപ്പോഴും സ്ഥാപിക്കപ്പെട്ടു. ആ കാരണത്താല്‍ അയാളെ, പോകുന്ന വഴിയിലെല്ലാം നാട്ടുകാര്‍ ആദരിക്കുന്ന ദൃശ്യങ്ങള്‍ പതിവായിരുന്നു. കീഴാള ജാതിയില്‍ പെട്ട വേലക്കാര്‍, ഈ മേല്‍ജാതി പ്രമാണിയ്ക്ക് കുട പിടിച്ചു കൊടുക്കുകയും മുറുക്കാന്‍ ചെല്ലം പിടിച്ചു കൊടുക്കുകയും ചെയ്യുന്നയാളുകളായിരിക്കും. കീഴാള ജാതിക്കാരും തൊഴിലാളികളുമായവരെ പരിഹസിക്കുന്നതിനു വേണ്ടി കവുണ്ടമണിയുടെ കോമഡി കഥാപാത്രങ്ങള്‍ പ്രയോജനപ്പെടുത്തപ്പെട്ടു. കല്ലര്‍(കള്ളര്‍), മറവര്‍, അഗമുടൈയര്‍ എന്നീ മൂന്നു ജാതിക്കാര്‍ സംയുക്തമായാണ് തങ്ങള്‍ തേവര്‍കള്‍ ആണ് എന്ന് സ്ഥാപിച്ചെടുത്തത്. ഇവര്‍ പടയാളികളാണെന്നും അതിനാല്‍ വീരപുരുഷന്മാരാണെന്നും സ്വയം അഹങ്കരിക്കുന്നു. ദ്രാവിഡപ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തിട്ടില്ലാത്ത ഈ വിഭാഗം, തെക്കന്‍ ജില്ലകളില്‍ ഭൂവുടമസ്ഥരും മധ്യ ജില്ലകളില്‍ കര്‍ഷകത്തൊഴിലാളികളുമാണ്. ദളിതരായ പല്ലരുമായാണ് ഇവരുടെ വൈരുദ്ധ്യവും സംഘര്‍ഷവും ഉരുത്തിരിയുന്നത്. മാനവും വീരവുമാണ് തമിഴ് സംസ്‌ക്കാരത്തിന്റെയും സിനിമയുടെയും അടിസ്ഥാന ധാര്‍മിക ഘടകങ്ങള്‍. നായകന്റെ വീരപുരുഷത്വവും നായികയുടെ ചാരിത്ര സംരക്ഷണവും സംരക്ഷിക്കുകയും ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന കഥാഖ്യാനമാണ് ഏറ്റവും ജനപ്രിയം. മധുരൈ ഫോര്‍മുല സിനിമകളെ മൂന്ന് എം സിനിമകള്‍ എന്നും വിളിക്കാമെന്ന് ഡി കാര്‍ത്തികേയനും ഹ്യൂഗോ ഗോറിഞ്ചെയും അഭിപ്രായപ്പെടുന്നു. Murder, Mayhem, Madurai(കൊല, തെമ്മാടിത്തം, മധുര) എന്നിവയാണീ മൂന്നു എം കള്‍. ഈ സിനിമകളില്‍ അരുവാള്‍ (അരിവാള്‍) ഉപയോഗിക്കുന്നതു കണ്ട്, മധുരൈക്കാരന്‍ എന്നാല്‍ അയാളുടെ കയ്യിലെപ്പോഴും ഒരരുവാളുണ്ടാകും എന്നാണ് മറ്റുള്ളവരുടെ ധാരണ എന്ന് മധുരൈയില്‍ നിന്നുള്ള എംഎല്‍എയായിരുന്ന, അടുത്ത ദിവസം മരണപ്പെട്ട എന്‍ നന്മാരന്‍ പറയുകയുണ്ടായി.

ഇത്തരത്തില്‍, സിനിമയ്ക്കകത്തെ ദളിതത്വത്തെ രൂക്ഷമായി എതിര്‍ത്തു വന്നിരുന്ന മേല്‍ജാത്യഹങ്കാര പ്രകടനത്തിന് തടസ്സം നേരിട്ടത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ, പാ രഞ്ജിത് സംവിധായകനായി വളര്‍ന്നു വന്നതിനു ശേഷമാണ്. 2016ലിറങ്ങിയ അദ്ദേഹത്തിന്റെ കബാലിയില്‍, രജനീ കാന്ത് അവതരിപ്പിക്കുന്ന നായക കഥാപാത്രം; അംബേദ്കറിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുന്ന ദളിത് ഹീറോയാണ്. സാധാരണ ദളിതര്‍ക്കിടയില്‍ പ്രചാരമുള്ള കബാലി എന്ന പേര് രജനീ കാന്ത് അഭിനയിക്കുന്ന നായകനു കൊടുക്കുന്നതിലൂടെ ആ പേരിനു തന്നെ സവിശേഷ പ്രാധാന്യം കൈവരുകയാണ്. ആരാണ് കബാലി എന്ന ചോദ്യത്തിന് ഈ സിനിമയിലെ കബാലി കൊടുക്കുന്ന മറുപടി ഇപ്രകാരമാണ്: പേരേ കേട്ട ഉടനെ തമിഴ് പടത്തില്‍ കിടൈക്കും മീശയേ മുറുക്കിക്കിട്ട് ലുങ്കിയേ കെട്ടിക്കിട്ട്, നമ്പ്യാര് ഹേ കബാലി അപ്പടിയേ ചൊന്ന ഉടനെ കുനിഞ്ഞ് ശൊല്ലുത് എജമാ അപ്പടി വന്ത നിക്കാരേ. അന്ത മാതിരി കബാലിയാന്ന് നെനച്ചാടാ. കബാലി ടാ. നാന്‍ വന്ത്‌ട്ടേന്ന് സൊല്ല്, തിരുമ്പി വന്ത്‌ട്ടേന്ന്. (ഞാന്‍ തമിഴ് സിനിമയില്‍ സാധാരണ കാണുന്ന കബാലിയാണെുന്ന വിചാരിച്ചോ? ലുങ്കിയും ചുറ്റി മുഖത്തൊരു കാക്കപ്പുള്ളിയും കുനിച്ചു വെച്ച മീശയുമായി? നമ്പ്യാര്‍ വിളിക്കുമ്പോള്‍, തലയും എജമാനേ എന്ന് മുഖം താഴ്ത്തി വിളി കേള്‍ക്കുന്ന വിധേയനാണെന്നു വിചാരിച്ചോ? കബാലി ടാ). (പശ്ചാത്തല സംഗീതം കൊഴുക്കുന്നു). മാത്രമല്ല ലോ ആംഗിളില്‍ ശക്തിമാനാണെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് കബാലിയെ അവതരിപ്പിക്കുന്നത്.

പാ രഞ്ജിത്തിന്റെ തന്നെ കാലയില്‍, അംബേദ്ക്കറിസവും പെരിയാറിസവും മാര്‍ക്‌സിസവും സംയോജിച്ചാല്‍ മാത്രമേ ഇന്ത്യയിലെ ദളിതരടക്കമുള്ള സാധാരണക്കാര്‍ക്ക് രക്ഷയുള്ളൂ എന്ന രാഷ്ട്രീയ പ്രസ്താവന മുഴക്കപ്പെടുന്നു. കാലയിലെ നാനാ പടേക്കറുടെ കഥാപാത്രം, ദളിതന്റെ വീട്ടില്‍ നിന്ന് വെള്ളം കുടിക്കാന്‍ മടിക്കുന്നു. കാല എന്നാല്‍ കറുപ്പ്, ഇരുട്ട് എന്നെല്ലാമാണ് അര്‍ത്ഥം. ഇന്ത്യന്‍ ജനപ്രിയ ആലോചനകളിലും യൂറോപ്യന്‍ ആലോചനകളിലും വെള്ളയാണ് മേന്മയുള്ളതെന്നും കറുപ്പ് അഴുക്കാണെന്നും സൗന്ദര്യമില്ലാത്തതാണെന്നും ഉറപ്പിക്കപ്പെട്ടിട്ടുള്ളതാണ്. ഈ ഉറപ്പുകളെയാണ് പാ രഞ്ജിത്തിന്റെ കാല പുഴക്കിയെറിയുന്നത്. ഹരിദാദ (പ്രതിനായകന്‍) ചോദിക്കുന്നു: കാല, അതെന്തു തരം പേരാണ്? കാലയുടെ മറുപടി. തൊഴിലിന്റെ നിറമാണ് കാല. കബാലിയെന്നതു പോലെ കാലയും, ഇന്ത്യന്‍/തമിഴ് മുഖ്യധാരാ സിനിമകളുടെ നിരന്തരാഖ്യാന പരിസരങ്ങള്‍ക്കെതിരായ പടയോട്ടങ്ങളുമാണ്. മുമ്പിറങ്ങിയ സിനിമകളെ അത് തല കുത്തനെ നിര്‍ത്തുന്നു. മുത്തുവില്‍, ഒരുവന്‍ ഒരുവന്‍ മുതലാളി, എന്നു പാടുമ്പോള്‍, കബാലി ഉലകം ഒരുവനുക്കാ (ലോകം ഒരാള്‍ക്കു മാത്രമായാണോ?) എന്നു ചോദിക്കുു. നായകന്‍ എന്ന സിനിമയില്‍ ധാരാവിയെക്കുറിച്ച് സൃഷ്ടിച്ച സവര്‍ണ-ബ്രാഹ്മണ കാഴ്ചയെയും വിലയിരുത്തലിനെയും മായ്ച്ചു കളയാനും മാറ്റിയെഴുതാനുമുള്ള ശ്രമമാണ് കാലയിലുള്ളതെന്ന് നിരൂപകനായ രാജേഷ് രാജാമണി നിരീക്ഷിക്കുന്നു. നായകനില്‍ കമലാഹാസന്റെ കഥാപാത്രം വെള്ള വേഷങ്ങളാണണിയുന്നതെങ്കില്‍, കാലയില്‍ രജനിയുടെ കഥാപാത്രം കറുപ്പാണണിയുന്നത്. വില്ലനായ ഹരിദാദയാകട്ടെ വെളുപ്പാണണിയുത്. ജനപ്രിയ തമിഴ് സിനിമകളില്‍ ഉറപ്പിക്കപ്പെട്ട ഇമേജുകളെ കാല അപനിര്‍മ്മിക്കുകയാണെന്ന് മഞ്ജു എടച്ചിറ വിശദീകരിക്കുന്നു. കാലയും കബാലിയും മലേഷ്യയിലാണ് പ്രീമിയര്‍ ചെയ്തത്. കബാലി, വിദേശങ്ങളില്‍ നിന്ന് ഏറ്റവും വരുമാനം ലഭിച്ച തമിഴ് സിനിമകളിലൊന്നാണ്. വണ്ണിയര്‍ സമുദായക്കാര്‍ ദളിതര്‍ക്കെതിരെ തിരിഞ്ഞ 2012ലെ ധര്‍മ്മപുരി കലാപത്തിനുള്ള മറുപടിയാണ് കബാലിയെന്ന് സ്റ്റാലിന്‍ രാജാങ്കം കരുതുന്നു.

വെട്രിമാരന്റെ അസുരനി(2019)ല്‍ ധനുഷ് അവതരിപ്പിക്കു ശിവസാമി എന്ന കഥാപാത്രം രണ്ടു തരത്തിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഫ്‌ളാഷ്ബാക്കില്‍, സൂപ്പര്‍ ഹീറോയെപ്പോലെ എതിരാളികളെ അടിച്ചു തകര്‍ക്കുന്നവനാണെങ്കില്‍, നടപ്പു കാലത്ത് പരിക്ഷീണനും കുടുംബത്തെ സമാധാനപരമായി മുന്നോട്ടുകൊണ്ടു പോകാന്‍ വേണ്ടി തോറ്റു കൊടുക്കുന്നവനുമാണ്. മേല്‍ജാതിക്കാര്‍ താമസിക്കുന്ന ഊരിലെ (ദളിതര്‍ താമസിക്കുന്ന സ്ഥലത്തിന് ചേരി എന്നാണ് പറയുക) സകല വീടുകള്‍ക്കു മുമ്പിലും ചെന്നു നിന്ന് അവിടത്തെ ആണുങ്ങളുടെ മുമ്പാകെ (അതില്‍ കൊച്ചുകുട്ടികളും വരും) അയാള്‍ നിലത്തു കമിഴ്ന്നു കിടന്ന് സാഷ്ടാംഗം നമസ്‌കരിച്ച് മാപ്പു പറയുന്നു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് യഥാര്‍ത്ഥ തിരിച്ചറിവുണ്ടാകുമ്പോഴാണ് അവര്‍ ശിവസാമിയെപ്പോലെ, പോരാടാതെ നമുക്ക് എന്താണ് കിട്ടിയിട്ടുള്ളത്? (പോരാടാമാ നമക്കു എന്ന കെടച്ചിരുക്ക്) എന്നും നമുക്ക് ആവശ്യമുള്ളത് നമ്മള്‍ തന്നെ അടിച്ചു വാങ്ങണം (നമക്ക് തേവയാനതാ നാമ താന്‍ അടിച്ചു വാങ്ങണം) എന്നും പറയാനാവുക.

ശിവസാമി എന്ന അസുരന്‍, സവര്‍ണ പ്രത്യയശാസ്ത്രം പ്രതി-മനുഷ്യവത്ക്കരിച്ചിരുന്ന ദളിതരെ പുനര്‍ മനുഷ്യവത്ക്കരിക്കുന്നു. അനുതാപവും ഭയവും രോഷവുമുള്ള സാധാരണ മനുഷ്യര്‍ തെന്നയാണ് ദളിതര്‍ എന്ന് സ്ഥാപിക്കുകയാണ് ഈ സിനിമ. മുഖ്യധാരാ സിനിമയുടെ രൂപഭാവങ്ങളില്‍ സങ്കല്പിക്കപ്പെടുകയും നിര്‍വഹിക്കപ്പെടുകയും ചെയ്തിട്ടുള്ള സിനിമയാണ് അസുരന്‍. ദളിത് നിലപാടിനെ മുഖ്യധാരയുടെ കേന്ദസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ലാഭമുണ്ടാക്കുന്ന വാണിജ്യമായി പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്ന പ്രവൃത്തിയാണ് വാസ്തവത്തില്‍ വെട്രിമാരന്‍ നിര്‍വഹിച്ചിരിക്കുന്നത്. ശുദ്ധ ലാവണ്യബോധത്തിന്റെ പരിഗണനകളില്‍ തഴയപ്പെടുകയോ എതിര്‍ക്കപ്പെടുകയോ ചെയ്യുന്ന ഇത്തരം വാണിജ്യ വിജയങ്ങള്‍ പക്ഷെ, ദളിത് മുേറ്റത്തിന് അത്യന്താപേക്ഷിതമാണെതാണ് വാസ്തവം.

കര്‍ണന്‍, മാരി ശെല്‍വരാജ് സംവിധാനം ചെയ്ത് അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ്. ഒരു ഗ്രാമത്തിലെ അന്തേവാസികളെ മുഴുവന്‍, അവരവിടെയാണ് താമസിക്കുന്നത് എന്നതിനാലും അവര്‍ ദളിതരാണെന്നതിനാലും, പൊലീസും ഭരണകൂടവും കുറ്റവാളിവത്ക്കരിക്കുന്നു. ശാരീരികവും വൈകാരികവും മാനസികവും മനശ്ശാസ്ത്രപരവുമായ കൂട്ട മറുപടിയാണ് ആ ഗ്രാമീണര്‍/ദളിതര്‍ കൊടുക്കുന്നത് എന്നാണ് ബിശാല്‍ദേബ് ഹാല്‍ദര്‍ പറയുന്നത്. അവര്‍ക്ക് അവരുടെ തൊഴില്‍ശേഷിയും ആത്മാവും അല്ലാതെ ഒന്നും സ്വന്തമല്ല. എന്നാല്‍, രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെക്കാളും വൈകാരികതയും മാനസികോര്‍ജ്ജവുമാണ് ഈ പോരാട്ടത്തിലുള്ളത്. പൊടിയങ്കുളം എന്ന ഗ്രാമത്തിലെ മനുഷ്യര്‍ക്ക് അസ്തിത്വമോ അന്തസ്സോ മനുഷ്യര്‍ എന്ന നിലയോ ഇല്ല എന്നാണ് അയല്‍ഗ്രാമക്കാര്‍ വിധിക്കുന്നത്. ഇതു തന്നെയാണ് ഭരണകൂടത്തിന്റെയും നിലപാട്. അവിടെയുള്ളവര്‍ക്ക് കയറാനും ഇറങ്ങാനുമായി ഒരു ബസ് സ്റ്റോപ്പ് ഏര്‍പ്പെടുത്തേണ്ട ആവശ്യം പോലുമില്ലാത്ത വിധത്തില്‍ ഉപയോഗശൂന്യമായ (വെയിസ്റ്റ്) ഒരു സ്ഥലമാണതെന്ന ബസ് കണ്ടക്റ്റര്‍ ധാര്‍ഷ്ട്യത്തോടെ തുറന്നു പറയുന്നു.

കര്‍ണന്‍
കര്‍ണന്‍

കഴുത, കുതിര, കമ്പിളിപ്പുഴു, നായ, പട്ടികള്‍, മീന്‍, കന്നുകാലികള്‍, ഇരപിടിയന്‍ പരുന്ത് എന്നിങ്ങനെയുള്ള ജന്തുജാലങ്ങള്‍ക്കൊപ്പമാണ് പൊടിയങ്കുളം നിവാസികളുടെ ജീവിതം. യാഥാര്‍ത്ഥ്യമായിരിക്കെ തന്നെ പ്രതീകാത്മകവുമാണ് ഈ സഹവര്‍ത്തിത്വം എന്ന് ബിശാല്‍ദേബ് ഹാല്‍ദര്‍ നിരീക്ഷിക്കുന്നു. മനുഷ്യര്‍ എന്ന് പുറമെ നിന്ന് നോക്കുമ്പോള്‍ വിലയിരുത്താവുന്ന ജാത്യഹങ്കാരികളില്‍ നിെന്നതിനേക്കാളും ബാന്ധവം ഈ ജന്തുക്കളുമായുള്ള സഹവാസത്തില്‍ പൊടിയങ്കുളം കാര്‍ക്ക് ലഭിക്കുന്നു. ഒരു ജനസാമാന്യത്തെ തന്നെ കുറ്റാരോപിതരാക്കുക (പ്രോസിക്യൂട്ടിംഗ് ദ മള്‍ട്ടിറ്റിയൂഡ്) എന്ന രീതിയാണ് ഭരണകൂടം/പൊലീസ് ഇവിടെ നിര്‍വഹിക്കുന്ന മര്‍ദനരീതി. ഒരു പ്രദേശത്ത് ജീവിക്കുന്നവരാകെ കുറ്റവാളികള്‍ എന്ന നിലപാടാണ് ഭരണകൂടം കൈക്കൊള്ളുന്നത്. ലക്ഷദ്വീപിലുള്ളവര്‍ അടുത്ത കാലത്ത് നേരിട്ട അടിച്ചമര്‍ത്തല്‍ സമാനമാണ്. ഒറ്റ നായകനെ ചുറ്റിപ്പറ്റിയുള്ള സിനിമയെന്നതിനേക്കാള്‍, ഒരു ജനസമൂഹത്തെയാകെ സ്വഭാവവത്ക്കരിക്കുന്ന ആഖ്യാനമായി കര്‍ണന്‍ മാറുന്നുണ്ട്. എന്നാല്‍, മുഖ്യധാരാ സിനിമയുടെ സ്ഥിര രീതിയായ നായകന്‍ നേതൃത്വമേറ്റെടുക്കുന്ന രീതി ഇവിടെയും ആവര്‍ത്തിക്കുന്നുമുണ്ട്. ഗ്രാമീണവാസികള്‍ക്കിടയിലുള്ള ഐക്യം ദൃശ്യവത്ക്കരിക്കുകയും ആഖ്യാനവത്ക്കരിക്കുകയും ശബ്ദവത്ക്കരിക്കുകയും ചെയ്യുന്നുണ്ട് സംവിധായകന്‍. ഗ്രാമത്തിന്റെ നിരന്തരമായ വിശാല ദൃശ്യങ്ങള്‍, ഗ്രാമീണരുടെ സമഗ്ര ദൃശ്യങ്ങള്‍, നാട്ടുപഞ്ചായത്തിലുള്ള അവരുടെ മുഴുസാന്നിദ്ധ്യം, പൊതു നിരത്തിലേക്കു നീളുന്ന അവരുടെ ആഘോഷപ്പെരുപ്പം, ജനക്കൂട്ടത്തിലൊരുവനായി നായകന്‍ ലയിച്ചും തെളിഞ്ഞും നിലക്കൊള്ളുന്നത്, സ്ത്രീകളുടെ ആക്രോശങ്ങളും കരച്ചിലുകളും, തൊഴിലിലൂടെ അവരെ നിര്‍ണയിക്കുന്ന സാമ്പത്തികാവസ്ഥ എന്നിവയെല്ലാം ആഴത്തിലും പരപ്പിലും ജനസാമാന്യത്തെ ഉള്‍ക്കൊള്ളുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. നായകന്റേതെന്നതു പോലെ ഈ ജനസാമാന്യത്തിന്റെ വേദനകളും രോഷങ്ങളും സന്തോഷങ്ങളും വിജയപരാജയങ്ങളും നമ്മളൊന്നിച്ചനുഭവിക്കുന്നു.

ജയ് ഭീം
ജയ് ഭീം

ദളിതരെ ഗ്രാമത്തോടൊപ്പം; ബഹിഷ്‌ക്കരിക്കുകയും അദൃശ്യവത്ക്കരിക്കുകയും ചെയ്യുന്ന മേല്‍ജാത്യഹങ്കാരത്താല്‍ നിര്‍ണീതമായ ഭരണകൂട യുക്തിയെയാണ് കര്‍ണന്‍ പൊളിച്ചടുക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകള്‍ കൊണ്ട് തമിഴ് സാമാന്യ സംസ്‌ക്കാരവും അതിന്റെ പ്രത്യക്ഷമായ തമിഴ് സിനിമയും നിര്‍മ്മിച്ചെടുത്ത ജാതിക്കോ'ട്ടകളും ജാതിമതിലുകളും തകര്‍ത്തു തരിപ്പണമാക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനം എന്ന പ്രഖ്യാപനമാണ് കര്‍ണനിലൂടെ മാരി ശെല്‍വരാജ് നടത്തുന്നത്.

പാ രഞ്ജിത്തിന്റെ പുതിയ സിനിമയായ സാര്‍പ്പട്ടാ പരമ്പരൈ; ചെന്നൈ നഗരത്തിലെ വടക്കന്‍ പ്രദേശത്താണ് (വടചെന്നൈ) അതിന്റെ ആഖ്യാനസ്ഥലത്തെ നിര്‍ണയിക്കുന്നത്. പുതുപ്പേട്ടൈ(സെല്‍വരാഘവന്‍), വടചെന്നൈ(വെട്രിമാരന്‍) തുടങ്ങിയ സിനിമകളും അതേ സ്ഥലത്തെയാണ് ആശ്രയിക്കുന്നതെങ്കിലും അവയെ അതിശയിച്ചു നില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെ കണ്ടെടുക്കുന്ന അപൂര്‍വതയാണ് സാര്‍പ്പട്ടാ പരമ്പരൈയിലുള്ളത്. പ്രാഥമികമായും തൊഴിലാളികളായ ജനങ്ങളുടെ ജീവിത രീതികളും ശൈലികളും കളികളുമാണ് സിനിമയുടെ അടിസ്ഥാനം. അവരില്‍ പല ജാതിക്കാരും പല മതക്കാരും രാഷ്ട്രീയക്കാരുമുണ്ട്. സാര്‍പ്പട്ട, ഇടിയപ്പാ എന്നിങ്ങനെ രണ്ടു സംഘ(പരമ്പരൈ/ക്ലാന്‍)ങ്ങളായി തിരിഞ്ഞ് അവര്‍ ബോക്‌സിംഗ് മത്സരത്തില്‍ വീറോടെയും വാശിയോടെയും ആത്മാഭിമാനത്തോടെയും ഏര്‍പ്പെടുന്നു. എഴുപതുകളിലെ കലുഷമായ നഗരജീവിതത്തെ; വിശദവും സൂക്ഷ്മവുമായ കലാ സംവിധാനത്തിലൂടെയും വസ്ത്ര ധാരണമികവിലൂടെയും പുനരാവിഷ്‌ക്കരിക്കുന്ന പാ രഞ്ജിത്തിന്റെ കയ്യടക്കം ഏറെ ശ്രദ്ധേയമാണ്. അടിയന്തിരാവസ്ഥ അടക്കമുള്ള എഴുപതുകളിലെ രാഷ്ട്രഭ്രംശങ്ങളെ സാര്‍പ്പട്ടാ അടയാളപ്പെടുത്തുന്നു.

ഇതു നമ്പ കാലം (ഇതു നമ്മളുടെ കാലം) എന്നതു പോലുള്ള സംഭാഷണങ്ങള്‍ പാ രഞ്ജിത്തിന്റെ രാഷ്ട്രീയ സ്ഥൈര്യത്ത രേഖപ്പെടുത്തുന്നു. വംശമെന്നതു പോലെ വര്‍ഗവും ഈ സിനിമയില്‍ പ്രധാനമാണ്. തൊഴിലാളി വര്‍ഗം ഒരു നഗരപ്രദേശത്തെയും അവിടത്തെ സാമാന്യ ജീവിതത്തെയും എത്ര ചടുലവും ജീവോത്സുകവുമാക്കുന്നുവെന്ന് സാര്‍പ്പട്ടാ പരമ്പരൈ സിനിമയിലുടനീളമുള്ള ഊര്‍ജ്ജസ്വലത കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. ക്രിക്കറ്റും കര്‍ണാടക ശാസ്ത്രീയ സംഗീതവും വ്യാകരണം കടുകിട തെറ്റാത്ത ഇംഗ്ലീഷും ഒക്കെയാണ് മദ്രാസ് എന്നാണ് ഉറപ്പിക്കപ്പെട്ട വിശ്വാസം. അതെല്ലാം മദ്രാസിന്റെ ബ്രാഹ്മണാലേഖനങ്ങളില്‍ വ്യക്തവുമാണ്. എന്നാല്‍ ആ ബ്രാഹ്മണ-മഹത്വവത്ക്കരണത്തില്‍ അദൃശ്യമാക്കപ്പെട്ട ദളിത്/തൊഴിലാളി ജീവിതത്തെയാണ് പാ രഞ്ജിത്ത് വീണ്ടെടുക്കുന്നത്. ബോക്‌സിംഗ് മാത്രമല്ല ഫുട്‌ബോളും കബഡിയും കളരി മുറകളുമെല്ലാം ചേര്‍ന്ന് തലമുറകളുടെ കായികാനന്ദ ചരിത്രം കൂടി മദ്രാസിനുണ്ടെന്നത് ഇനിയാര്‍ക്കും മറച്ചു വെക്കാനാവാത്ത വിധം ശബ്ദായമാനമായി സാര്‍പ്പട്ടാ പരമ്പരൈ തുറന്നട്ട' വാതായനങ്ങളിലൂടെ ചരിത്രം മാറ്റിയെഴുതപ്പെടുന്നു. ആടുകളത്തില്‍ നിന്ന് വ്യത്യസ്തമായി, ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രങ്ങള്‍ തൊഴിലാളി വര്‍ഗത്തില്‍ ലയിച്ചാണ് സാര്‍പ്പട്ടാ പരമ്പരൈയില്‍ സജീവമാകുന്നത്.

എതിര്‍ ക്ലബ്ബില്‍ നിന്നു മാത്രമല്ല, സ്വന്തം ക്ലബ്ബിനകത്തു നിന്നും കബിലന്‍ (ആര്യ) വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ജാതിയും പാരമ്പര്യവുമെല്ലാമാണതിന്റെ കാരണങ്ങള്‍. അയാളുടെ കുടുംബവും അയാളുടെ കായികാഭിമുഖ്യത്തിനെതിരാണ്. അവരുടെ മുന്നനുഭവങ്ങള്‍ മുതല്‍, നിത്യ ജീവിത പ്രതിസന്ധികള്‍ വരെ അതിനവരെ പ്രേരിപ്പിക്കുന്നു. എനിക്ക് വിശക്കുന്നുണ്ട്, വേഗം ഇവിടേക്ക് വന്ന് എനിക്ക് ഭക്ഷണം താ എന്ന് കബിലന്റെ ഭാര്യയായ മാരിയമ്മ (ദുഷറാ വിജയന്‍) അവനോട് പറയുതു പോലെ; സുതാര്യമായ നിത്യയാഥാര്‍ത്ഥ്യം സാര്‍പ്പട്ടായെ സത്യസന്ധമാക്കുന്നു.

എന്റെ ആശയ വിശ്വാസങ്ങളുടെയും ചരിത്ര ധാരണകളുടെയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയും ഒരനുബന്ധമാണ് എന്റെ സിനിമ എന്ന പാ രഞ്ജിത്തിന്റെ ഉച്ചത്തിലുള്ള പ്രസ്താവന, സാര്‍പ്പട്ടാ പരമ്പരൈയിലൂടെ വീണ്ടും സാധൂകരിക്കപ്പെട്ടിരിക്കുന്നു.സാര്‍പ്പട്ടാ പരമ്പരൈ വരെയുള്ള പുതുതമിഴ് സിനിമകളുടെ ശ്രേണിയില്‍ തന്നെയാണ് ജയ്ഭീമും പരിചരിക്കപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും.

കര്‍ണന്‍
കര്‍ണന്‍

ജാതി വിരുദ്ധ സമരങ്ങളുടെ അതി ശക്തമായ പാരമ്പര്യമുള്ള തമിഴ് നാട്ടിൽ, ബ്രാഹ്മണ വിരുദ്ധ/ബ്രാഹ്മണേതര ദ്രാവിഡ പാർട്ടികളുടെ ഭരണത്തിൽ കീഴിൽ തന്നെയാണ് ഇന്നും ഏറ്റവും നികൃഷ്ടമായ ജാതി വിവേചനങ്ങൾ നടക്കുന്നത്.തമിഴ് നാട്ടിലെ ജാതി വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഏറ്റവും ശക്തമായ പോരാട്ടങ്ങൾ നടത്തിയ നടത്തി കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സി.പി.ഐ.(എം).തീണ്ടാമൈ ഒഴിപ്പു മുന്നണി (അയിത്തോച്ചാടനമുന്നണി) എന്ന ഒരു സംഘടന തന്നെ പാര്‍ട്ടിക്കു കീഴില്‍ കെട്ടിപ്പടുക്കപ്പെട്ടിട്ടുണ്ട്. ഉത്താപുരത്തെ ജാതിമതില്‍ പൊളിച്ചതടക്കമുള്ള നിരവധി വലുതും ചെറുതുമായ സമരങ്ങള്‍ കര്‍ഷകസംഘം, കര്‍ഷകത്തൊഴിലാളി യൂണിയന്‍, യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ തീണ്ടാമൈ ഒഴിപ്പുമുന്നണിയും പാര്‍ടിയും നടത്തിയിട്ടുണ്ട്.മധുരൈ ജില്ലയിലെ ഉത്താപുരത്ത്, അറുനുറോളം പിന്നോക്കക്കാരായ(ബിസി) പിള്ളജാതിക്കാരും നാനൂറോളം പള്ളര്‍ (ദളിത്) ജാതിക്കാരുമാണുള്ളത്. 1989ല്‍ ക്ഷേത്ര പ്രവേശനത്തിനായി ദളിതര്‍ ശ്രമിച്ചെങ്കിലും പിള്ള ജാതിക്കാര്‍ അനുവദിച്ചില്ല. സംഘര്‍ഷം പൊലീസ് വെടിവെപ്പില്‍ കലാശിച്ചു. ഇതിനെ തുടര്‍ന്നാണ് കോവിലിലേക്ക് ദളിതര്‍ കടന്നു വരാതിരിക്കാനായി പിള്ളമാര്‍ ഒരു മതില്‍ കെട്ടിയുയര്‍ത്തിയത്. ദളിതരുടെ ക്ഷേത്ര പ്രവേശനത്തിനെന്നതു പോലെ, അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനും ശുചീകരണസൗകര്യങ്ങളുണ്ടാക്കുന്നതിനും തീണ്ടാമൈ ഒഴിപ്പു മുന്നണി മുന്നിട്ടിറങ്ങി. ഈ പ്രവര്‍ത്തനമാണ് ജാതി മതില്‍ പൊളിക്കലിലെത്തിയത്. സഖാവ് പ്രകാശ് കാരാട്ട് തന്നെ ഈ സംഭവത്തിന് നേതൃത്വം നല്‍കാനെത്തുകയുണ്ടായി. 2019ല്‍ തിരുനെല്‍വേലിയില്‍ ഡി വൈഎഫ് ഐ നേതാവും പള്ളര്‍ (ദളിത്) ജാതിക്കാരനുമായ അശോക് കുമാര്‍ കൊല്ലപ്പെട്ടതും രാഷ്ട്രീയവും ജാത്യഹങ്കാരപരവുമായ കാരണങ്ങളാലാണ്. തമിഴ്‌നാട് മുര്‍പ്പോക്ക് എഴുത്താളര്‍ കലൈഞര്‍കള്‍ സംഘവും (പുരോഗമന സാഹിത്യ കലാ സംഘം) ജാതി വിരുദ്ധ സമരത്തിന് ആശയപരമായ പിന്തുണ നല്കുന്നു. ജാതിയറ്റ്ര തമിഴര്‍, കാവിയറ്റ്ര തമിഴകം (ജാതിയില്ലാത്ത തമിഴര്‍, കാവിയ്ക്കിടമില്ലാത്ത തമിഴകം )എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തമുഎകസയുടെ കഴിഞ്ഞ സംസ്ഥാന സമ്മേളനം പുതുച്ചേരിയില്‍ വെച്ച് നടന്നത്.ഈ സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ആവേശകരമായ അനുഭവമായിരുന്നു സമ്മേളനം. ത്രിപുര മുതല്‍ തമിഴകം വരെ പ്രതിമകള്‍ തകര്‍ക്കുന്ന ഫാസിസ്റ്റ് പ്രവണതയ്‌ക്കെതിരായി, മാര്‍ക്‌സ്, ലെനിന്‍, പെരിയാര്‍, അംബേദ്ക്കര്‍ എന്നിവരുടെ ശിലകള്‍(പ്രതിമകള്‍) സമ്മേളന വേദിയില്‍ ഉയര്‍ത്തുകയുണ്ടായി. ഇതില്‍ സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ എഴുത്തുകാരനായ സഖാവ് ആദവന്‍ ദീക്ഷണ്യ, തീണ്ടാമൈ ഒഴിപ്പുമുന്നണിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്. അദ്ദേഹമാണ് പാ രഞ്ജിത്തിന്റെ കാലയിലെ സംഭാഷണമെഴുതിയവരില്‍ ഒരാള്‍.
ജയ് ഭീം എന്ന ചിത്രത്തിൽ മുഴുനീളെ ഉയർന്നു പാറുന്ന അരിവാൾ ചുറ്റിക പതിപ്പിച്ച ചെങ്കൊടി കാണാം.ചുവരിൽ ഒരുമിച്ചു തൂങ്ങുന്ന മാർക്സ്,അംബേദ്കർ, പെരിയാർ ചിത്രങ്ങൾ കാണാം.ലെനിന്റെയും മാർക്സിന്റേയും പ്രതിമകൾ കാണാം.ചെങ്കൊടി പിടിച്ചു സമരം ചെയ്യുന്ന നായകനായ വക്കീലിനെ കാണാം.ചെങ്കൊടിക്ക് കീഴിൽ മുദ്രാവാക്യം മുഴക്കുന്ന അതി ദരിദ്ര ദളിത് തൊഴിലാളികളെ കാണാം.എല്ലാം യഥാര്‍ത്ഥ സംഭവങ്ങള്‍ തന്നെയാണെന്ന് ഇതിനകം വന്ന നൂറു കണക്കിന് അഭിമുഖങ്ങളും വാര്‍ത്തകളും കുറിപ്പുകളും വഴി തെളിയിക്കപ്പെട്ടു കഴിഞ്ഞു.


രാജക്കണ്ണ് എന്ന ആദിവാസി തൊഴിലാളി യുവാവിനെയും ബന്ധുക്കളെയും കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുന്നതും കസ്റ്റഡിയിൽ മർദിച്ചു കൊലപ്പെടുത്തുന്നതും പോലീസും,സ്റ്റേറ്റും ദളിത് - ആദിവാസി ജനതയ്ക്ക് നേരെ നടത്തുന്ന പൗരവകാശ ലംഘനങ്ങളിലൂടെയും പോകുന്ന സിനിമയിൽ ചന്ദ്രു എന്ന മുന്‍ സി.പി.ഐ.(എം) പ്രവർത്തകനും സഹയാത്രികനും ആയ അഡ്വക്കേറ്റിനെയാണ് സൂര്യ അവതരിപ്പിച്ചത്.1993-ൽ സി പി ഐ (എം) കമ്മപുരം ഏരിയ സെക്രട്ടറിയോട്, തന്റെ ഭർത്താവ് രാജാകണ്ണിന്റെ തിരോധനത്തെ പറ്റി പരാതി കൊടുക്കാൻ ഭാര്യ പാർവതി എത്തുന്നത് മുതലാണ് രാജാകണ്ണ് തിരോധാനകേസിന്റെ യഥാർത്ഥ ആരംഭം. കമ്മപുരം പോലീസ് സ്റ്റേഷനിൽ ഏരിയ സെക്രട്ടറിയായിരുന്ന സ:രാജാമോഹന്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിയ സമരങ്ങൾക്ക് ശേഷം തമിഴ് നാട് സ്റ്റേറ്റ് കമ്മറ്റി വിഷയം ഏറ്റെടുത്തു. യഥാര്‍ത്ഥത്തില്‍ പാര്‍വതി കുറവര്‍ സമുദായത്തില്‍ പെട്ടവരായിരുന്നു. എന്നാല്‍, ഇരുളര്‍ സമുദായക്കാരും സമാനമായ പീഡനവും അവഗണനയും ആണ് അനുഭവിക്കുന്നത് എന്നതിനാല്‍, സമുദായത്തെ സിനിമയ്ക്കായി മാറ്റിയതു കൊണ്ട് ജയ്ഭീമിന്റെ രാഷ്ട്രീയ മനോഭാവത്തില്‍ മാറ്റമൊന്നുമുണ്ടാവുന്നില്ല.
ഇരുളർ ആദിവാസി വിഭാഗത്തിൽ പെട്ട രാജാക്കണ്ണിന് നേരെ തമിഴ് നാട് പോലീസ് നടത്തിയ ക്രൂരതയ്‌ക്കെതിരെ, ഭാര്യ പാർവതിയുടെ നിശ്ചയാദാർഢ്യത്തോടെയുള്ള പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.കോടതിയ്ക്കകത്ത് സ:ചന്ദ്രുവും , കോടതിയ്ക്ക് പുറത്ത് സി.പി.ഐ(എം) ഉം നടത്തിയ ഇടപെടലിന്റെയും സമരങ്ങളുടെയും ഫലമായി നേടിയെടുത്ത നീതിയുടെ സിനിമാവിഷ്കാരമാണ് 'ജയ് ഭിം.'സഖാവ് ചന്ദ്രുവിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്,തമിഴ്‌നാട്ടിൽ എസ്.എഫ്.ഐ യുടെ സ്ഥാപക നേതാവായ, നിയമ പഠന കാലത്ത് അവകാശ പോരാട്ടങ്ങളും തൊഴിലാളി സമരങ്ങളിലും പങ്കെടുത്തു കോളേജിൽ നിന്ന് രണ്ട് തവണ പുറത്താക്കപ്പെട്ട,പാർട്ടിയുടെ സഹായത്തോടെ നിയമ പഠനം പൂർത്തിയാക്കി അധഃസ്ഥിത ജനതയ്ക്കായുള്ള നിയമ പോരാട്ടങ്ങൾക്കായി ജീവിതം രാഷ്‌ട്രീയമാക്കിയ പിന്നീട് ഹൈ കോടതി ജഡ്ജിയായി ചരിത്ര വിധികളിലൂടെ ഞെട്ടിച്ച ഇന്നും ജീവിച്ചിരിക്കുന്ന വിപ്ലവകാരി.
സത്യാനന്തര കാലത്തെ അപനിർമ്മിക്കപ്പെട്ട വസ്‌തുതകളും മറവിയുടെ ചവറ്റു കൂടയിലേക്ക് മനഃപൂർവം വലിച്ചു മാറ്റുന്ന രാഷ്‌ട്രീയ ചരിത്രങ്ങളും തുറന്ന് അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ജയ്ഭീമിന്റെ പ്രസക്തി.

ജസ്റ്റിസ് ചന്ദ്രുവും സൂര്യയും
ജസ്റ്റിസ് ചന്ദ്രുവും സൂര്യയും

ജയ് ഭീമിലെ നാല്‌ നിര്‍ണായക കഥാപാത്രങ്ങളെക്കുറിച്ച്കാട്ടുകടന്നല്‍ എഴുതുന്നു:

സഖാവ് ചന്ദ്രുവിനോളം തന്നെ കാണേണ്ട നാല് പേർ

1) സഖാവ് ഗോവിന്ദൻ

സഖാവ് ഗോവിന്ദൻ എന്ന സിപിഐ എം പ്രാദേശിക നേതാവാണ് ഈ വിഷയത്തിൽ ആദ്യത്തെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. കമ്മപുരം താലൂക്ക് കമ്മിറ്റി മെമ്പറായ സഖാവ് ഗോവിന്ദന് ലക്ഷക്കണക്കിന് രൂപയുടെ വാഗ്ദാനങ്ങൾ വന്നിട്ടും അദ്ദേഹം പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. തുടർന്നുണ്ടായ ശാരീരികമായ ആക്രമണങ്ങളെയും വധഭീഷണികളെയും അവഗണിച്ചുകൊണ്ടാണ് സഖാവ് പാർവതിക്കും രാജാക്കണ്ണിനുമായി നിലകൊണ്ടത്. ഈ കേസ് അവസാനിക്കുന്നതുവരെയും സ്വന്തമായി കുടുംബം പോലും വേണ്ടെന്ന് വച്ച സഖാവ് 13 വർഷങ്ങൾക്ക് ശേഷം കേസ് പൂർണമായും അവസാനിച്ചതിന് ശേഷമാണ് കല്യാണം പോലും കഴിക്കുന്നത്.(പോളിമര്‍ ന്യൂസില്‍ അദ്ദേഹത്തിന്റെ അഭിമുഖം കാണാം)
2) സഖാവ് രാജ്മോഹൻ

സഖാവ് രാജ്മോഹൻ സിപിഐ എം കമ്മപുരം താലൂക്കിൻ്റെ സെക്രട്ടറിയാണ്. സഖാവ് ഗോവിന്ദൻ ഇങ്ങനെയൊരു നിഷ്ഠൂര സംഭവം അറിയിച്ചതോടെ പാർടി താലൂക്ക് കമ്മിറ്റിയാണ് പോലീസ് സ്റ്റേഷന് മുന്നിലടക്കം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. വിഷയം ജില്ലാക്കമ്മിറ്റിയെ അറിയിക്കുന്നത് സഖാവ് രാജ്മോഹനാണ്. ജില്ലാക്കമ്മിറ്റി വിഷയത്തിൽ ഇടപെടുന്നതോടെയാണ് കേസ് ഫയൽ ചെയ്യപ്പെടുന്നത്.

3) സഖാവ് കെ ബാലകൃഷ്ണൻ

ജയ് ഭീം സിനിമയിലെ പ്രധാനപ്പെട്ട പാർടിക്കാരനായി വരുന്ന സഖാവ് സത്യത്തിൽ അന്നത്തെ പാർടി വിരുധാചലം ജില്ലാ സെക്രട്ടറിയായ സഖാവ് കെ ബാലകൃഷ്ണനാണ്. സഖാവാണ് പ്രശ്നത്തിൽ പോലീസിനെതിരെ കേസിന് പോകാമെന്ന് പാർവതിയോടെ പറയുന്നതും കേസിനാവശ്യമായ ആദ്യ സഹായങ്ങൾ നൽകുന്നതും. തുടർന്ന് സഖാവ് തന്നെ വിഷയം സ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയിൽ ഈ വിഷയം പെടുത്തുകയും ചെയ്തു. സംസ്ഥാന കമ്മിറ്റി ഇടപെട്ടതോടെയാണ് രാജാക്കണ്ണിൻ്റെ ഭാര്യയായ പാർവതിക്ക് സഖാവ് ചന്ദ്രുവിനെ വക്കീലായി ലഭിക്കുന്നത്. അന്ന് ഈ വിഷയത്തിൽ ഇടപെട്ട സ. കെ ബാലകൃഷ്ണനാണ് ഇപ്പോൾ സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായി ഇരിക്കുന്നത്.

4) ടീച്ചർ

സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പാർടി നടപ്പിലാക്കിയ മാതൃകയിൽ നിരക്ഷരരായ ഗ്രാമവാസികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി തുടക്കം കുറിച്ച പ്രസ്ഥാനമാണ് അറിവൊളി ഇയക്കം. ഈ പ്രസ്ഥാനത്തിൻ്റെ ഭാഗമായി കമ്മപുരത്തിലെ ആദിവാസികളെ പഠിപ്പിക്കാനെത്തിയ സഖാവാണ് ഇതിൽ രെജിഷ വിജയൻ്റെ കഥാപാത്രം. ഈ കഥാപാത്രവും സിനിമക്കായി സൃഷ്ടിക്കപ്പെട്ട ഒന്നല്ല. എഴുത്തും വായനയും അറിയാത്ത ആദിവാസികളെ പഠിപ്പിക്കാനായി പാർടി കമ്മപുരത്തേക്കയച്ച ഈ ടീച്ചറും കേസുമായി ബന്ധപ്പെട്ട് നൽകിയ സംഭാവനകൾ മറക്കാൻ പറ്റാത്തതാണ്. സംസ്ഥാനത്തുടനീളം അറിവൊളി ഇയക്കം (സര്‍ക്കാര്‍ ആരംഭിച്ച സാക്ഷരതാപ്രസ്ഥാനം)പ്രസ്ഥാനത്തിലൂടെ ലക്ഷക്കണക്കിന് നിരക്ഷരരെ അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചുനൽകിയത് കമ്മ്യൂണിസ്റ്റ് പാർടിയാണ്. ഇപ്പോഴും തമിഴ്നാട് സയൻസ് ഫ്രണ്ട് എന്ന പേരിൽ ഈ പ്രസ്ഥാനം പ്രവർത്തിച്ചുവരുന്നു.


എന്റെ കേസ് ശ്രദ്ധിക്കൂ.

തമിഴ്‌നാട്ടിലെ കോടതികളെ സ്ത്രീകള്‍ സമീപിക്കുമ്പോള്‍ (Listen to My Case! When Women Approach the Courts of Tamil Nadu)എന്ന ജസ്റ്റീസ് കെ ചന്ദ്രുവിന്റെ പുസ്തകത്തില്‍ വിവരിച്ച പാര്‍വതി(സിനിമയില്‍ ശെങ്കിനി)യുടെ കേസിനെ പിന്തുടര്‍ന്നാണ് ജ്ഞാനവേല്‍ തിരക്കഥ തയ്യാറാക്കിയത്.
ഇത് അംബ്ദേക്കറെ മാര്‍ക്‌സിസ്റ്റുകള്‍ അവരുടെ ഇഷ്ടത്തിനൊത്ത് അപ്രോപ്പിയേറ്റ് ചെയ്യുന്ന ഒരു രീതിയാണെന്ന് താന്‍ കരുതുന്നില്ലെന്ന് ജസ്റ്റീസ് ചന്ദ്രു ചാര്‍മി ഹരികൃഷ്ണന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട് (ഇക്കണോമിക് ടൈംസ്). മാര്‍ക്‌സിസ്റ്റ് പാര്‍ടിയില്‍ നിന്നു പറുത്തു വന്നതിനു ശേഷം, താന്‍ പാര്‍ട്ടിയോടെന്നതു പോലെ അംബേദ്ക്കര്‍ പ്രസ്ഥാനങ്ങളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത് എന്നദ്ദേഹം പറഞ്ഞു. താന്‍ മാര്‍ക്‌സിസത്തില്‍ ഇപ്പോഴും വിശ്വസിക്കുന്നു. ലെനിന്റെയും മാര്‍ക്‌സിന്റെയും ചിത്രങ്ങളും പ്രതിമകളും ജയ്ഭീമില്‍ കാണുന്നതിന്റെ പ്രസക്തി അതാണ്.
കേസ് പാര്‍വതിയ്ക്ക് അനുകൂലമായി വിധിയായപ്പോള്‍, അവരില്‍ നിന്ന് ഞാന്‍ ഫീസൊന്നും മേടിച്ചിരുന്നില്ലെന്നും അത് ചോദിച്ചറിഞ്ഞ കോടതി അയ്യായിരം രൂപ ഫീസായി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാരിനോട് എനിക്ക് തരുവാന്‍ ഉത്തരവിട്ടു. രണ്ടു രണ്ടര വര്‍ഷം കഴിഞ്ഞാണ് ആ തുക കിട്ടിയത്. കിട്ടിയ ഉടനെ ആ ചെക്ക് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് സഖാവ് മൈഥിലി ശിവരാമനെ ഏല്‍പ്പിക്കുകയാണ് താന്‍ ചെയ്തത് എന്ന് കെ ചന്ദ്രു പറയുന്നു. അദ്ദേഹത്തിന്റെ Listen to My Case! When Women Approach the Courts of Tamil Nadu എന്ന പുസ്തകം സിപി ഐ എം ആഭിമുഖ്യത്തിലുള്ള ലെഫ്റ്റ് വേര്‍ഡ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നതും. തന്റെ മാര്‍ക്‌സിസ്റ്റ് പശ്ചാത്തലമാണ് തനിക്ക് അംബേദ്ക്കറെ നല്ല തോതില്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സഹായിച്ചതെന്നും ചന്ദ്രു പറയുന്നു.
ഹൈക്കോടതി പോലെ ഒരു വ്യവസ്ഥയില്‍, നിരവധി കാലം പോരാടിയ ആദിവാസി വനിത, തളരാതെ നിന്നതിന്റെയും കൈക്കൂലിയ്ക്കും ഭീഷണികള്‍ക്കും വഴങ്ങാത്തതിന്റെയും കൂടി ഗാംഭീര്യം ജയ്ഭീമിനുണ്ട്.



സിപിഐഎം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി ഓഫീസ്
സിപിഐഎം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി ഓഫീസ്

References:

1. Madurai Formula Films: Caste Pride and Politics in Tamil Cinema by Karthikeyan

Damodaran and Hugo Gorringe(South Asia Multidisciplinary Academic Journal-2017)

2.Dalit Political Imagination and Replication in Contemporary Tamil Nadu

by D Karthikeyan, Stalin Rajangam, Hugo Gorringe(Economic & Political Weekly-Sep8, 2012)

3.The Paradigm shifts in the Portrayal of Caste in Tamil Cinema and its impact on the Tamil Society by Antony SUSAIRAJ (Journal of the Nanzan Academic Society Humanities and Natural Sciences (20), 121􀊕138, 2020, June)

4. Anti-caste Aesthetics and Dalit Interventions in Indian Cinema by

Manju Edachira (Economic & Political Weekly -Sep 19,2020)


5.Fabric-Rendered Identity: A Study of Dalit Representation in Pa. Ranjith’s Attakathi, Madras and Kabali by Benson Rajan and Shreya Venkatraman(Artha-Journal of Social Sciences 2017, Vol. 16, No. 3,)

6. Failure of Dalit Renaissance: A semiotic analysis of Dalit and Non Dalit films by P. Viduthalai, A. K. Divakar, Dr. V. Natarajan(Periyar University, India)(Amity Journal of Media & Communication Studies- 2017, Vol. 7, No. 1)

7. Foregrounding the multitude: How Mari Selvaraj's Karnan attains a universality and humanity rarely seen on screen by Bishaldeb Halder(firstpost.com)

8. Karnan-Humanising the‘Other’ by Dr Shyaonti Talwar (feminismindia.com)

9. Representing Cast(e) in Tamil Cinema – Pride and Prejudice by Dr.V Geetha (researchgate.net)

10. Sarpatta Parambarai’ movie review: Packs a punch, but follows a predictable path by Srinivasa Ramanujam (The Hindu)

11. Sarpatta Parambarai' review: Pa Ranjith and Arya's sports film is a knock-out by Sowmya Rajendran(thenewsminute.com)

  1. The Eye of the Serpent: An introduction to Tamil cinema, by Theodore Bhaskaran -East West Books (1996)

  2. Meet Justice K Chandru, the inspiration behind Suriya’s ‘Jai Bhim’ Shubashree Desikan The Hindu)

14. Marxism helped me understand Ambedkar better': Justice (retd) K Chandru, real-life hero of Jai Bhim Charmy Harikrishnan (Economic Times)

15.പോരാട്ടത്തിന് തുണ രാഷ്ട്രീയാനുഭവം - നിഥിന്‍ നാഥ് (ദേശാഭിമാനി)

16. തമിഴ് സിനിമയിലെ ഇടിമുഴക്കങ്ങള്‍ - ജിപി രാമചന്ദ്രന്‍ (ചലച്ചിത്ര സമീക്ഷ)

17.(ശീകാന്ത് പി കെ, കാട്ടുകടന്നല്‍ അടക്കമുള്ള നിരവധി സഖാക്കളുടെ കുറിപ്പുകള്‍

Related Stories

No stories found.
logo
The Cue
www.thecue.in