ഇത് സ്ത്രീ പ്രാതിനിധ്യത്തിന്റെ പ്രശ്‌നമല്ല, ഗ്ലാസ് സീലിങ്ങിന്റേതാണ്

ഇത് സ്ത്രീ പ്രാതിനിധ്യത്തിന്റെ പ്രശ്‌നമല്ല, ഗ്ലാസ് സീലിങ്ങിന്റേതാണ്

കെ കെ ഷൈലജയെ ഒഴിവാക്കുന്നത് അത്ര പ്രശ്‌നമല്ല, മറ്റു മൂന്നു സ്ത്രീകളുണ്ടല്ലോ, പിന്നെ ടീച്ചര്‍ എന്നും ആരോഗ്യ മന്ത്രി മാത്രമായിരുന്നാല്‍ മതിയോ, മാത്രമല്ല, യുവാക്കള്‍ക്ക് അവസരം കൊടുക്കേണ്ടതല്ലേ - ഇത്യാദി വാദങ്ങള്‍ ധാരാളം കാണുന്നു.

എനിക്കു പറയാനുള്ളത്, എന്തൊക്കെ പറഞ്ഞാലും ഇത് നീതികേടാണെന്നു തന്നെയാണ്. ഒന്നാമത്, ഇത് ഗ്‌ളാസ് സീലിങിന്റെ പ്രശ്‌നമാണ്, സ്ത്രീ പ്രതിനിധാനത്തിന്റേതല്ല. പൊതുവെ അധികാരപൂരിതമായ ശ്രേണീബന്ധങ്ങളുള്ള സ്ഥാപനങ്ങള്‍ക്കുള്ളില്‍ കഴിവു തെളിയിക്കുക എന്ന ഏകമാര്‍ഗമാണ് പലപ്പോഴും മുകളിലേക്കുയരാന്‍ സ്ത്രീകളുടെ മുന്നിലുള്ളത്.

കഴിവു തെളിയിച്ചാല്‍ കയറ്റം കൊടുക്കുക എന്നതാണ് അവിടങ്ങളില്‍ മര്യാദ -മെരിറ്റിനെ പിടിച്ച് ആണയിടുന്ന സ്ഥലങ്ങളില്‍. അതു നിഷേധിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കണ്ടേ എന്നു പറയുന്നത് പലപ്പോഴും അധികാരം നിഷേധിക്കാനുള്ള സൂത്രം തന്നെയാണ്.

ബിന്ദു, വീണ, ചിഞ്ചു എന്നിവരുടെ ഭരണപാടവത്തെപ്പറ്റി ഞാനധികമൊന്നും പറഞ്ഞു കേട്ടിട്ടില്ല. സമൂഹത്തെ ആകെ ബാധിച്ച ഏതെങ്കിലും ഗുരുതരമായ പ്രതിസന്ധിയില്‍ നേതൃത്വമേറ്റെടുത്ത് മുന്നില്‍ നിന്നു നയിച്ചതായി എനിക്ക് അറിയില്ല (അങ്ങനെയാണെങ്കില്‍ ശരി, സമ്മതിച്ചു- എന്റെ അറിവുകേടാകാം). ഷൈലജ ടീച്ചര്‍ ഏറ്റെടുത്ത അത്രയും വലിയ ഉത്തരവാദിത്വങ്ങളൊന്നും അവര്‍ സ്വയം ഏറ്റെടുത്തതായി കണ്ടിട്ടുമില്ല. മൂന്നു സ്ത്രീകള്‍ക്ക് മന്ത്രിസ്ഥാനം നല്‍കി അവര്‍ക്കു ഭരണപരിചയം ഉണ്ടാക്കാനുള്ള ശ്രമമാണിതെന്ന വാദത്തെ ഞാന്‍ പാടെ തള്ളിക്കളയുന്നില്ല. പക്ഷേ അത് ഷൈലജയെ ഒഴിവാക്കിയതിനു ന്യായീകരണമല്ല.

സ്ത്രീകളുടെ എണ്ണം കൂട്ടുന്നതാണ് രാഷ്ട്രീയത്തില്‍ ലിംഗസമത്വത്തിലേക്കുള്ള മാര്‍ഗമെന്ന ആശയം ഇന്ന് വളരെയേറെ ചോദ്യംചെയ്യപ്പെട്ടുമിരിക്കുന്നു. ഫിസിക്‌സില്‍ നിന്നു കടമെടുത്ത ക്രിട്ടിക്കല്‍ മാസ് എന്ന ആശയമനുസരിച്ച് ഒരു പ്രത്യേക ശതമാനം സ്ത്രീകള്‍ നിയമസഭകളിലെത്തിയാല്‍ അവിടെ രാഷ്ട്രീയവും തീരുമാനങ്ങളും കൂടുതല്‍ ലിംഗതുല്യതയിലേക്കു മാറും എന്നായിരുന്നു അവകാശവാദം. എന്നാല്‍ സ്ത്രീകളുടെ ക്രിട്ടിക്കല്‍ മാസ് അല്ല, മറിച്ച് അവരുടെ നിര്‍ണായക ചെയ്തികള്‍ - ക്രിട്ടിക്കല്‍ ആക്ട്‌സ് - ആണ് പ്രധാനം എന്ന പ്രബലമായ ഒരഭിപ്രായവും ഇന്നുണ്ട്. അങ്ങനെ നോക്കിയാല്‍ ഷൈലജ മുന്നില്‍ നിന്നു നയിച്ചത് ഒരു ക്രിട്ടിക്കല്‍ ആക്ട് തന്നെയായിരുന്നു, സ്ത്രീകളുടെ ഭരണപാടവത്തില്‍ പൊതു വിശ്വാസം വളര്‍ത്തിയ ഒന്ന്.

കേരളം ഇന്ന് എല്ലാ തലത്തിലും അരക്ഷിതപുരുഷന്മാരെക്കൊണ്ടു നിറഞ്ഞ ഖേദലോകമാണ്.

രണ്ട്, ആരോഗ്യമന്ത്രി സ്ഥാനം സ്‌ത്രൈണവത്കൃതമാണെന്നത് വാസ്തവം തന്നെ. പക്ഷേ മഹാമാരികളെയും സാംക്രമികരോഗങ്ങളെയും നിത്യവും നേരിടേണ്ടി വരുന്ന ഒരു സമൂഹത്തില്‍ (അടുത്ത അഞ്ചുവര്‍ഷത്തേയ്‌ക്കെങ്കിലും നാം അത്തരമൊരു സമൂഹമാണ്) ആ സ്ഥാനം മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമായി മാറിയിരിക്കുന്നു. അവിടെ ഷൈലജ ടീച്ചര്‍ ഇരിക്കുന്നത് ശരിക്കും പലര്‍ക്കും വലിയ ആശ്വാസവുമായിരുന്നു. ഭരണത്തുടര്‍ച്ച വേണം എന്നു പറഞ്ഞ് കിട്ടിയിരുന്ന ആശ്വാസത്തിന്റെ തുടര്‍ച്ച എന്നു മനസ്സിലാക്കാനുള്ള വിവേകം അധികാരികള്‍ക്ക് ഇല്ലാതെ പോയി. മറ്റുള്ളവരും അതു നല്‍കുമെന്ന മറുപടി പോര. ഇടര്‍ച്ച കഴിഞ്ഞുള്ള തുടര്‍ച്ചയ്ക്കല്ല, തുടര്‍ച്ചയ്ക്കു തന്നെയാണ് പലരും വോട്ടു ചെയ്തത്.

മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കണ്ടേ എന്ന വാദം മിക്കപ്പോഴും അനീതിയെ മറയ്ക്കാനാണ് ഉപയോഗിക്കപ്പെടുന്നത്, പ്രത്യേകിച്ച് അധികാരശൂന്യര്‍ ഇക്കണ്ട ദൂരമെല്ലാം ഓടിയെത്തി പ്രതിഫലം തേടുന്ന സമയങ്ങളില്‍. ഒരു ധാര്‍മ്മികഭാരം പെട്ടെന്ന് അടിച്ചേല്‍പ്പിച്ചുകൊണ്ട് നിങ്ങളെ നിശബ്ദമാക്കുന്ന തന്ത്രമാണിത്, അവസാനനിമിഷം മാത്രം പ്രയോഗിക്കപ്പെടുന്നത്.

താന്‍ അദ്ധ്വാനിച്ചതിനുള്ള അംഗീകാരമാണെന്നു കരുതി നാം കൈനീട്ടുന്നു, അപ്പോള്‍ അധികാരി പറയും, ആര്‍ത്തികാണിക്കല്ലേ, മറ്റുള്ളവര്‍ക്കും ആവശ്യങ്ങളുണ്ടെന്ന്. അതു വരെയുള്ള രാഷ്ട്രീയാധികാരക്കളിയില്‍ നേതൃത്വപാടവം കാട്ടിയവര്‍ക്ക് സ്ഥാനം എന്നാണ് അപ്രഖ്യാപിത സമ്മതമെങ്കില്‍ അവസാനനിമിഷം അത് ഇങ്ങനൊരു ധാര്‍മ്മികബാദ്ധ്യത കെട്ടിവച്ചുകൊണ്ട് അട്ടിമറിക്കെപ്പെടാം. അതിനെ ചോദ്യം ചെയ്താല്‍ ഷൈലജ ചെറുപ്പക്കാരികളുടെ വഴി തടയുന്ന കെളവിയാകും, അധികാരക്കൊതിമൂത്തവളാകും.

പിന്നെ പാര്‍ട്ടീയൗവ്വനങ്ങളെപ്പറ്റി ഒരു വാക്ക്. യുവത്വമെന്നാല്‍ പ്രായക്കുറവ് എന്ന അര്‍ത്ഥത്തിലാണ് ഇവിടെ. പുതുമയെ പേടിയില്ലാതിരിക്കുക, അതിനോടു തുറന്ന മനസ്സു കാട്ടുക, അപരിചിതമായതിനെ ഉടന്‍ ശത്രുസ്ഥാനത്തു പ്രതിഷ്ഠിക്കാതിരിക്കുക മുതലായവയെയാണ് youthful attitude ആയി കരുതുക. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ പലപ്പോഴും മുതുയാഥാസ്ഥിതികത്വം പറയുന്നതും ചെയ്യുന്നതും മുകളില്‍ നിന്നുള്ള സൂചന കിട്ടാതെ എന്തെങ്കിലും ചെയ്യാന്‍ ചങ്കുറപ്പുള്ളവരുമായവര്‍ വളരെ കുറവാണ്. ചെറുപ്പക്കാരിലും ഈ അധൈര്യം ശക്തമാണ് - അത്രത്തോളം വൃദ്ധരാണിവര്‍. അതുകൊണ്ട് പ്രായം കുറഞ്ഞവര്‍ അധികാരത്തിലെത്തിയാല്‍ അത് വിപ്‌ളവ കാഹളത്തിന്റെ മുന്നോടിയാണെന്നൊന്നും കരുതാനാവുന്നില്ല. മാത്രമല്ല, കേരളത്തില്‍ പ്രായം കുറഞ്ഞവര്‍ പ്രായം കൂടിയവര്‍ക്ക് വഴങ്ങിക്കൊള്ളണമെന്നത് വ്യാപകമായ സാമാന്യബോധവുമാണ് - മറക്കരുത്. ഇളപ്പക്കാരില്‍ നിന്നും കണക്കറ്റൊന്നും പ്രതീക്ഷിക്കരുത്. പക്ഷേ അവര്‍ ശരിക്കും യുവത്വം പ്രകടിപ്പിച്ചാല്‍ സന്തോഷിക്കാനും ആശ്വസിക്കാനും വകയുണ്ട്, തീര്‍ച്ച.

Related Stories

No stories found.
logo
The Cue
www.thecue.in