നൂറ്റാണ്ടിലേറെയായി തുടരുന്ന പലസ്തീൻ - ഇസ്രയേൽ സംഘർഷം

നൂറ്റാണ്ടിലേറെയായി തുടരുന്ന പലസ്തീൻ - ഇസ്രയേൽ സംഘർഷം
Summary

പശ്ചിമേഷ്യയിലെ പുതിയ സംഘർഷങ്ങൾ കൃത്യമായി പറഞ്ഞാൽ ഒക്ടോബർ ആദ്യവാരമാണ് ഇസ്രായേലിലെ അഷ്‌തോത് അശ്കലോൺ നെഗേവ് എന്നീ മൂന്ന് സ്ഥലങ്ങളിൽ ഹമാസ് ആക്രമണം നടത്തുന്നത്. ഓപ്പറേഷൻ അൽ അക്സ തുഫാൻ എന്നാണ് ഈ ആക്രമണത്തിന് ഹമാസ് നൽകിയ പേര്. ഇതിന് പ്രത്യാഘാതമായി ഇസ്രായേൽ ഓപ്പറേഷൻ അയൺ സ്വോർഡ്‌ എന്ന പേരിൽ പ്രത്യാക്രമണ ക്യാമ്പയിൻ തുടങ്ങി കഴിഞ്ഞു. ഈ ആക്രമണങ്ങളുടെ ഫലമായി ഗാസയിൽ മാത്രം 2600 ന് മുകളിൽ ആളുകൾ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അര മില്യൺ മനുഷ്യരെങ്കിലും ഉത്തര ഗാസയിൽ നിന്ന് ദക്ഷിണ ഗാസയിലേക്ക്‌ പലായനം ചെയ്യുന്നതായി ഇസ്രായേൽ അവകാശപ്പെടുന്നു. വിഷയത്തിൽ ഇടെപെടൽ നടത്താൻ ഈജിപ്ത് അടക്കമുള്ള രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. ഇസ്രായേൽ പലസ്തീൻ വിഷയത്തിൽ ചർച്ചകൾ നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും ഒരുമിച്ചു ചേരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവിൽ ലോകം രണ്ട് ചേരിയിലായി നിലയുറപ്പിക്കുമ്പോൾ നമ്മൾ ആരുടെ പക്ഷം നിൽക്കണം എന്ന ചോദ്യത്തെ അഭിമുഖീകരിക്കേണ്ടതായി വരുന്നു. എന്താണ് നിലവിലെ പ്രശ്നങ്ങളിലേക്ക് വഴി തെളിച്ചത് ? ആരാണ് ഉത്തരവാദികൾ ? എന്താണ് ഇതിനൊരു പരിഹാരം ? അലൻ പോൾ വർഗീസ് എഴുതുന്നു

അന്താരാഷ്ട്ര രാഷ്ട്രീയ വിദഗ്ധൻ ജിനു സഖറിയ ഉമ്മൻ വിവിധ വാർത്ത ചാനലുകളിലെ ചർച്ചയിൽ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധയർഹിക്കുന്നവയാണ്. ഹമാസ് സംഘടനയുടെ അക്രമ രീതികൾ പൊതുവെ രണ്ട് തരത്തിലാണ്. ഒന്ന് ചാവേർ അക്രമണം. രണ്ട് ഗറില്ല രീതിയിലുള്ള അക്രമണം. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായ ഒരു അക്രമ ശൈലിയാണ് ഹമാസ് ഓപ്പറേഷൻ അൽ അഖ്സ തുഫാനിൽ സ്വീകരിച്ചത് എന്ന് ജിനു സഖറിയ നിരീക്ഷിക്കുന്നു. സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചും സൈനിക തലവന്മാരെയും ഇസ്രയേലികളെയും ബന്ദിയാക്കുന്ന രീതിയുമാണ് ഹമാസ് അവലംബിച്ചിട്ടുള്ളത്. എന്ത് കൊണ്ട് ഓപ്പറേഷൻ അൽ അഖ്സ തുഫാൻ എന്ന പേര് ഹമാസ് ഇതിന് നൽകി എന്ന് മനസിലാക്കിയാൽ ഈ ആക്രമണങ്ങളുടെ കാരണവും പശ്ചാത്തലവും നമുക്ക് മനസിലാക്കാൻ സാധിക്കും. മക്കയ്ക്ക് ശേഷം മുസ്ലിമുകളുടെ ഏറ്റവും പ്രധാനപ്പെട്ട പള്ളിയാണ് അൽ അഖ്സ.

ഇപ്പോൾ ഇസ്രായേൽ ഭരിക്കുന്ന ലികുഡ് പാർട്ടിയുടെ പ്രധാന രാഷ്ട്രീയ ആയുധമായി അൽ അഖ്‌സ പള്ളിയെ 2000 മുതൽ ഉപയോഗിച്ച് വരികയാണ്. ഓസ്ലോ കരാർ പാലിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ട ശേഷം ആസന്നമായ തിരഞ്ഞെടുപ്പിൽ ലികുഡ് പാർട്ടി നേതാവ് ഏരിയൽ ഷാരോൺ ജൂത - പലസ്തീൻ സംഘർഷം മൂർച്ഛിക്കാൻ കണ്ടെത്തിയ മാർഗ്ഗം അൽ അഖ്സ പള്ളി സന്ദർശിച്ച് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഇതേ മാർഗ്ഗം തന്നെയാണ് ഷാരോണിന്റെ പിൻഗാമി ബെഞ്ചമിൻ നെതന്യാഹു പിന്തുടർന്നത്. 2021 ലും 22 ലുമായി ഇസ്രായേൽ സൈന്യം അൽ അഖ്സയിലുണ്ടാക്കിയ സംഘർഷത്തിൽ മരിച്ചത് മൂന്നൂറിനടുത്ത് പാലസ്തീനിയരാണ്. കഴിഞ്ഞ മൂന്നാല് കൊല്ലമായി തീവ്ര പലസ്തീൻ വിരുദ്ധത ആളികത്തിച്ചാണ് അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും വീണു കിടക്കുന്ന ബെഞ്ചമിൻ നെതന്യാഹുവും ലിക്കുഡ് പാർട്ടിയും രാഷ്ട്രീയമായി പിടിച്ചു നിൽക്കുന്നത്.

അത് പോലെ തന്നെ ഇസ്രായേലിൽ താമസിക്കുന്ന അറബ് പൗരന്മാരെ അപരവത്കരിക്കാനും അവരെ പൊതു ശത്രുവാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തുറന്ന ജയിലാണ് ഗാസ മുനമ്പ്. കൊടിയ ക്രൂരതയാണ് ഇസ്രായേൽ ഗാസയിൽ ജീവിക്കുന്ന പലസ്തീനിയരോട് ചെയ്യുന്നത്.

ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റെലിജെൻസ് പരാജയമാണ് ഇപ്പോൾ സംഭവിച്ചത്. ഹമാസ് നടത്താൻ പോകുന്ന ആക്രമണത്തെ കുറിച്ച് വളരെ മുൻപേ തന്നെ ഈജിപ്ത് സൂചന നൽകിയിരുന്നു. എന്നാൽ കൊട്ടിഘോഷിക്കപ്പെട്ട മൊസാദ് , അമാൻ , ഷിൻബെറ്റ് തുടങ്ങിയ ഇസ്രയേലിന്റെ രഹസ്യാന്വേഷണ സംഘടനകളുടെയും ആകാശ കവചമായ അയൺ ഡോമിന്റെയും പരാജയവും കനത്ത ആഘാതമാണ് ഇസ്രായേലിന് നൽകിയത്

കഴിഞ്ഞ കുറെ കൊല്ലമായി ഗാസയിൽ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. വ്യവസ്ഥാപരമായ വംശീയതയിലൂടെ പലസ്തീനിയരെ രണ്ടാം കിട പൗരന്മാരാക്കിയും അവരുടെ സ്വത്തുക്കൾ തട്ടിയെടുത്തും ഒരു വംശഹത്യ പ്രക്രിയ ഇസ്രായേൽ ഇവിടെ ചലിപ്പിക്കുന്നുണ്ട്. ഇത്തമാർ ബെൻ ഗവിർ പോലെയുള്ള തീവ്ര സയോണിസ്റ്റുകളെ തന്റെ മന്ത്രിസഭയിൽ നെതന്യാഹു ഭാഗമാക്കിയത് ഇതിന് വേണ്ടിയാണ്. ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് 2023 ൽ ഇസ്രായേൽ പാർലിമെന്റായ നെസറ്റിൽ ലികുഡ് പാർട്ടി നയിക്കുന്ന മുന്നണി പാസാക്കിയ രണ്ട് നിയമങ്ങൾ. ഒന്നാമത്തെ നിയമം വഴി സുപ്രീം കോടതിയെ എക്സിക്യൂട്ടീവിന് കീഴിൽ കൊണ്ട് വരാനാണ് ബിബി എന്നറിയപ്പെടുന്ന ബെഞ്ചമിൻ നെതന്യാഹു ശ്രമിച്ചത്.

പലപ്പോഴും പാലസ്തീനിയരെ കുടിയൊഴിപ്പിക്കുന്നത് തടയുന്നത് കോടതിയാണ്. രണ്ട് കൊല്ലം മുൻപ് ഷെയ്ഖ് ജെറയിൽ നടന്ന കുടിയൊഴിപ്പിക്കൽ ശ്രമത്തിന് കോടതി സ്റ്റേ ഉത്തരവ് നൽകിയിരുന്നു. തനിക്ക് എതിരെ നടക്കുന്ന അഴിമതി കേസുകൾ അട്ടിമറിക്കാനും മന്ത്രിസഭയിലെ തീവ്ര സയോണിസ്റ്റുകൾക്ക് യഥേഷ്ടം പലസ്തീൻ ഭൂമി കയ്യേറാനും കോടതി ഒരു തടസ്സമായത് കൊണ്ടാണ് ഈ നിയമം കൊണ്ട് വന്നത് എന്നാണ് നിയമ വിദഗ്‌ദ്ധർ വിലയിരുത്തുന്നത്. എന്നാൽ ഈ നിയമത്തിനെതിരെ ഇസ്രായേലിൽ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നു വരാനാരംഭിച്ചു. ലികുഡ് പാർട്ടി നയിക്കുന്ന കൂട്ടുകക്ഷി സർക്കാരിൽ നിന്ന് പല കക്ഷികളും പിന്മാറി. ഇങ്ങനെയൊക്കെയാണെങ്കിലും യാഥാസ്ഥിക സയോണിസ്റ്റു വിഭാഗങ്ങൾ ഈ നിയമത്തെ ചെറുതായി പിന്തുണയ്‌ക്കുന്നുണ്ട്‌. ജനങ്ങൾ രണ്ട് തട്ടിലായത് കൊണ്ട് തന്നെ എഴുതപ്പെട്ട ഭരണഘടനയില്ലാത്ത രാജ്യമെങ്കിലും ഇസ്രായേലിൽ ഭരണഘടന പ്രതിസന്ധി സംജാതമായി. ഇതിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടേണ്ടത് ലികുഡ് പാർട്ടിയുടെ ആവശ്യമായിരുന്നു. മറ്റൊരു നിയമം അധികമാരും ശ്രദ്ധിക്കാതെ പോയ ഒന്നാണ്.

Sexual Terrorism Law എന്നറിയപ്പെടുന്ന ഈ നിയമം പ്രകാരം സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളിൽ പ്രതി ജൂതനാണെങ്കിൽ കുറഞ്ഞ ശിക്ഷയും പാലസ്തീനിയനാണെങ്കിൽ 16 കൊല്ലം വരെ ശിക്ഷയും നൽകപ്പെടും. അന്വേഷണത്തിൽ " nationalistic motive " ഉണ്ടെന്ന് പോലീസിനോ ഭരണകൂടത്തിനോ തോന്നിയാൽ ഈ നിയമം ഉപയോഗിക്കപ്പെടുമെന്നാണ് ഹാരെറ്റ്‌സ് അടക്കമുള്ള ഇസ്രായേലി പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇസ്രായേൽ പാർലിമെന്റിൽ ഏഴിനെതിരെ മുപ്പത്തി ഒൻപത് വോട്ടോടെ ബിൽ പാസായി. ഭരണ മുന്നണിയുടെ ഭാഗമായ ജൂയിഷ് പവർ പാർട്ടിയും പ്രതിപക്ഷത്തുള്ള യിസ്രായേൽ ബെയ്ത്ന്യു എന്ന പാർട്ടിയുമാണ് ഈ നിയമ നിർമാണത്തിലേക്ക് കൂടുതൽ സംഭാവനകൾ നൽകിയത്. പവർ പാർട്ടിയുടെ ലിമെർ സോൺ ഹാർ മലേക്കും യിസ്രായേൽ ബെയ്ന്റുവിന്റെ യൂലിന മലിനോവ്‌സ്‌കിയും മാധ്യമങ്ങളോട് പറഞ്ഞത് വെസ്റ്റ് ബാങ്കിലും മറ്റും വ്യാപകമായ " ദേശീയ തീവ്രവാദത്തെ " നേരിടാനുള്ള നിയമം കൂടിയാണ് ഇതെന്നാണ്. ഈ വരികളിൽ നിന്ന് തന്നെ ഉദ്ദേശ്യം വ്യക്തമാണ്.

ഈ നിയമം ചെക്ക്‌പോസ്റ്റുകളിൽ ഫലസ്തീൻ സ്ത്രീകളെ ശല്യപ്പെടുത്തുന്ന ഇസ്രായേലി ഉദ്യോഗസ്ഥരെയോ ചോദ്യം ചെയ്യലിനിടെ അവരെ ശല്യപ്പെടുത്തുന്ന ഷിൻ ബെറ്റ് ഉദ്യോഗസ്ഥരെയോ ചോദ്യം പ്രോസിക്യൂട്ട് ചെയ്യില്ല. ഇത് അറബികൾക്കെതിരെ ഉപയോഗിക്കുന്നതിന് മാത്രമുണ്ടാക്കിയ നിയമമാണ് എന്ന് ഇടതുപക്ഷ പാർട്ടിയായ ഹദാഷിന്റെ നെസ്സ്റ്റ് അംഗം ഐദാ ടോമ സുലൈന്മാൻ അഭിപ്രായപ്പെട്ടിരുന്നു. പലസ്തീനിയർ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് സമഗ്രമായ റിപ്പോർട്ട് Committee on the Elimination of Discrimination against Women 2005 ൽ തയ്യാറാക്കിയിരുന്നു. 2023 ൽ Save The Children എന്ന ബാലാവകാശ പ്രവർത്തന സംഘടന പുറത്തിറക്കിയ റിപ്പോർട്ടിലും എങ്ങനെയാണ് ഇസ്രായേലി പോലീസും സൈന്യവും പലസ്തീനിയരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് എന്ന് പ്രതിപാദിക്കുന്നുണ്ട്.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഹമാസിന്റെ അക്രമം നടക്കുന്നത്. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റെലിജെൻസ് പരാജയമാണ് ഇപ്പോൾ സംഭവിച്ചത്. ഹമാസ് നടത്താൻ പോകുന്ന ആക്രമണത്തെ കുറിച്ച് വളരെ മുൻപേ തന്നെ ഈജിപ്ത് സൂചന നൽകിയിരുന്നു. എന്നാൽ കൊട്ടിഘോഷിക്കപ്പെട്ട മൊസാദ് , അമാൻ , ഷിൻബെറ്റ് തുടങ്ങിയ ഇസ്രയേലിന്റെ രഹസ്യാന്വേഷണ സംഘടനകളുടെയും ആകാശ കവചമായ അയൺ ഡോമിന്റെയും പരാജയവും കനത്ത ആഘാതമാണ് ഇസ്രായേലിന് നൽകിയത്.

ബെഞ്ചമിൻ നെതന്യാഹു മനഃപൂർവം ഈജിപ്തിന്റെ അപായ സൂചന അവഗണിച്ചുവെന്ന തോന്നൽ ഇസ്രായലിലെ ജനങ്ങൾക്ക് ഇടയിൽ തന്നെ ശക്തമാണ്. പൊതുവെ ഇസ്രായേൽ അതിശക്തമായ ഒരു രാജ്യമാണ് എന്നും അജയ്യമാണ് എന്നും ഒരു ധാരണ ഉണ്ട്. എന്നാൽ ഏതൊരു രാജ്യത്തെയും പോലെ ഇസ്രായേലിന് ജയ പരാജയങ്ങൾ ബാധകമാണ് എന്ന് യോം കിപ്പുർ യുദ്ധത്തിൽ തിരിച്ചടി നേരിട്ട് 1978 ലെ ക്യാമ്പ് ഡേവിഡ്‌ ഉടമ്പടി പ്രകാരം സീനായ് ഉപദ്വീപ് ഈജിപ്തിന് തിരിച്ചു നല്കിയപ്പോഴും 2006 ൽ ലെബനൻ യുദ്ധത്തിൽ പരാജയപ്പെട്ടപ്പോഴും തെളിഞ്ഞതാണ്. എന്നിരുന്നാലും അയൺ ഡോം തുടങ്ങിയ യുദ്ധ സാങ്കേതിക വിദ്യകൾക്ക് ധാരാളം ആരാധകർ ലോകത്തുണ്ട്. എന്നാൽ അത്രമേൽ ശക്തമായ സംവിധാനം അല്ല ഈ ആകാശ കവചമെന്ന് ഈയടുത്ത കാലങ്ങളിൽ തെളിയിക്കപ്പെട്ടു. Jewish Institute for National Security of America യിലെ റിസേർച്ച് ഫെല്ലോയായ കേണൽ ജെഫ്രി കോൺ ഇതിനെ കുറിച്ചു ഏപ്രിൽ 2023 ൽ തന്നെ എഴുതിയിരുന്നു.

YOM KIPPUR WAR
YOM KIPPUR WAR

നയതന്ത്ര പ്രതികരണങ്ങളും ജിയോപൊളിറ്റിക്‌സും ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയും യൂറോപ്യൻ യൂണിയനും ഗ്ലോബൽ നോർത്തും ആദ്യമേ തന്നെ വന്നു. എന്നാൽ പലരെയും അതിശയിപ്പിച്ചത് ഇന്ത്യ നൽകിയ പെട്ടെന്നുള്ള പിന്തുണയാണ്. അമേരിക്ക ഇസ്രായേലിന് ആവശ്യമുള്ള ആയുധങ്ങൾ നൽകി വരുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിൽ റഷ്യയും ചൈനയും ഇറാനും ചേർന്നുണ്ടാക്കിയ പുതിയ സ്വാധീനങ്ങൾ പിന്നീടുള്ള പ്രതികരണങ്ങളിൽ നമുക്ക് കാണാൻ കഴിയും. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ സ്ഥാപക പ്രോസിക്യൂട്ടർ ആയ ലൂയിസ് മൊറേനോ ഒൻക്യാമ്പോ പറഞ്ഞത് ഗാസയുടെ മേൽ പൂർണ്ണ ഉപരോധം ചുമത്തിയാൽ അത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായും വംശഹത്യയായും കണക്കാക്കാമെന്നും ഇത് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് അന്വേഷിക്കാവുന്നതാണ് എന്നുമാണ്. ഏതാനും മണിക്കൂറുകൾ മുൻപ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് ഗാസ മുൻപ് കീഴടക്കാൻ ഇസ്രായേൽ ശ്രമിച്ചാൽ അത് ചരിത്രപരമായ തെറ്റാകുമെന്നാണ്. ഹമാസ് എന്നാൽ മുഴുവൻ പലസ്തീനിയൻ ജനതയാണ് എന്ന് കരുതരുത് എന്ന് ബൈഡൻ ഇസ്രയേലിനെ ഓർമപ്പെടുത്തി. ഇപ്പോൾ നടക്കുന്ന സംഘർഷങ്ങളെ കുറിച്ചു അഭിപ്രായ രൂപീകരണം നടത്താൻ സൗദിയിൽ പോയ അമേരിക്കൻ വിദേശ കാര്യ മന്ത്രി ആന്റണി ബ്ലിങ്കനെ കാണാൻ ആദ്യ രണ്ട് ദിവസങ്ങളിൽ മുഹമ്മദ് ബിൻ സൽമാൻ തയ്യാറായില്ല. അറബ് രാജ്യങ്ങളുടെ അതൃപ്തി അമേരിക്കയ്ക്ക് മനസിലായത് ഈ പ്രവർത്തിയിലൂടെയാണ്. ഇറാനും ഈജിപ്തും സിറിയയും ഇസ്രായേലിന് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഹിസ്ബുള്ള സേന ഹമാസിന് പിന്തുണ നൽകിയിട്ടുള്ളത് കൊണ്ട് തന്നെ ഒരു ജിയോപൊളിറ്റിക്കൽ യുദ്ധം സംഭവിക്കുമോ എന്ന് ആശങ്കയുണ്ട്.

ഈജിപ്ത് , വെനിസ്വേല , കൊളമ്പിയ, ചൈന ,ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കുവാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇസ്രയേലിലേയ്ക്ക് ആയുധങ്ങൾ അയക്കുവാനുള്ള തീരുമാനത്തിൽ നിന്ന് ജർമ്മൻ ചാൻസിലർ ഷോൾസ് പിന്മാറി. സ്‌പെയിനിലെ ആരോഗ്യ മന്ത്രി മുതൽ ക്യാബിനറ്റ് റാങ്കിൽ ഉള്ളവർ വരെ പരസ്യമായി ഇസ്രയേലിനെ വിമർശിച്ചു. ഇന്ത്യ ആദ്യ ഘട്ടത്തിൽ ഞെട്ടൽ പ്രകടിപ്പിക്കുകയും മോദി നെതന്യാഹുവിനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. എന്നാൽ വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പലസ്തീൻ സ്വതന്ത്ര രാഷ്ട്രമാകണം എന്ന നിലപാട് വീണ്ടും ആവർത്തിച്ചു.

ഇതൊരു മതപരമായ പ്രശ്നമല്ല. മറിച്ച് മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ചിലി അടക്കമുള്ള രാജ്യങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങിയതായി കാണാം

1992 ന് ശേഷം ഇപ്പോഴാണ് ഒരു ഞാണിന്മേൽ കളി ഇസ്രായേൽ പലസ്തീൻ വിഷയത്തിൽ ഇന്ത്യ നോക്കിയത്. ബിജെപിയുടെ ഔദ്യോദിക നിലപാട് ഇസ്രയേലിനൊപ്പം ആകുമ്പോഴും ഇന്ത്യയുടെ ചരിത്ര നിലപാടിനെ പരിപൂർണമായും തള്ളി കളയാൻ എളുപ്പമല്ല. പലസ്തീൻ അനുകൂല നിലപാടിലേക്ക് വിദേശ കാര്യവകുപ്പിനെ തിരിച്ചു നടത്തിയത് ബ്രിക്സ് രാജ്യങ്ങളിൽ ഒറ്റപെടുമോ എന്ന ആശങ്കയാകും. ഗ്ലോബൽ സൗത്തിൽ നിന്ന് കൊണ്ട് പലസ്തീനിനെ തള്ളി പറയുക ബുദ്ധിമുട്ടാണ്. എന്നാൽ കൃഷി അടക്കമുള്ള മേഖലയിൽ ഇസ്രയേലുമായി സഹകരിക്കാൻ ബ്രസീലും ഇന്ത്യയും ശ്രമിക്കുന്നുണ്ട്. പക്ഷെ ഇസ്രയേലിനോട് അധികം ചായുന്ന നിലപാടുകൾ തിരിച്ചടികൾ വിളിച്ചു വരുത്തും.

ആരാണ് ഹമാസ് ? മുസ്ലിം ബ്രദർഹുഡിന്റെ ഭാഗമായിരുന്ന സയ്ദ് യാസിൻ എന്ന പുരോഹിതൻ ആദ്യം ഒരു ഇസ്ലാമിക കേന്ദ്രമായും പിന്നീട്‌ ഇസ്ലാമിക് യുണിവേഴ്സിറ്റിയായും ശേഷം രാഷ്ട്രീയ പാർട്ടിയുമായി മാറിയ മുന്നേറ്റമാണ് ഹമാസ്. രണ്ടാം ഇന്തിഫാദയിലാണ് ഹമാസ് രാഷ്ട്രീയമായി മുന്നേറുന്നത്. ഓസ്ലോ കരാർ വഴി യാസർ അറഫാത്തും പി എൽ ഒയും പലസ്തീൻ ജനതയെ വഞ്ചിച്ചു എന്ന അഭിപ്രായമാണ് ഹമാസിന് ഉണ്ടായിരുന്നത് എങ്കിലും പിന്നീട്‌ ഫത്ത പാർട്ടിയുമായിട്ടുള്ള ചർച്ചകൾക്ക് ശേഷം രണ്ട് രാജ്യമെന്ന നിലപാട് സ്വീകരിച്ചു . ഗാസയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഹമാസ് ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു. ഈ ഹമാസിനെ ആദ്യ ഘട്ടത്തിൽ പ്രോത്സാഹിപ്പിച്ചത് ഇസ്രായേൽ തന്നെയാണ്. പി എൽ ഒ യെ തളർത്താൻ വേണ്ടിയാണ് മൊസാദ് പല രീതിയിലും ഹമാസിനെ സഹായിച്ചിരുന്നത്. മുൻ യു എസ് സെനറ്റർ റോൺ പോൾ അമേരിക്കൻ സെനറ്റിൽ ഈ കാര്യം ഒരു കുറ്റസമ്മതമെന്ന പോലെ പറയുന്നുണ്ട്. ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ മെഹ്ദി ഹസ്സൻ ദി ഇന്റർസെപ്റ്റിൽ ഇതേ വിഷയത്തിൽ രേഖകളുടെ അടിസ്ഥാനത്തിൽ ഒരു ലേഖനം എഴുതിയിരുന്നു. ചുരുക്കി പറഞ്ഞാൽ ഇസ്രായേൽ വിതച്ചത് തന്നെയാണ് കൊയ്യുന്നത്. ഹമാസിന്റെ പല പ്രവർത്തികളോട് വിയോജിക്കുമ്പോൾ തന്നെ ചരിത്രത്തെ നിഷേധിക്കാൻ നമുക്ക് സാധ്യമല്ല. ഹമാസിന്റെ പേരും പറഞ്ഞു പലസ്തീൻ ജനതയെ മുഴുവൻ ദ്രോഹിക്കുകയാണ് ഇസ്രായേൽ എന്ന് ബൈഡൻ അടക്കമുള്ളവരുടെ നിലപാടിൽ നിന്ന് നമുക്ക് മനസിലാക്കാം. അത് കൊണ്ട് തന്നെ ഇസ്രയേലിനോട് യോജിക്കാൻ സാധ്യമല്ല. ചരിത്രപരമായി ന്യായം പലസ്തീൻ ജനതയുടെ ഭാഗത്താണ്. ഇതൊരു മതപരമായ പ്രശ്നമല്ല. മറിച്ച് മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ചിലി അടക്കമുള്ള രാജ്യങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങിയതായി കാണാം. ഈ രാജ്യങ്ങളിലേക്കാണ് നഖ്‌ബയുടെ കാലത്ത് പലസ്തീൻ ക്രിസ്ത്യാനികൾ ( ലോകത്തിലെ ഏറ്റവും പ്രാചീന ക്രിസ്ത്യൻ സമൂഹങ്ങളിൽ ഒന്ന് ) പലായനം ചെയ്തത്. അമേരിക്ക , ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ , അയർലാൻഡ് , യൂറോപ്യൻ രാജ്യങ്ങളിൽ ഇസ്രയേലിന്റെ ക്രൂരതകൾക്ക് എതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പ്രത്യേകിച്ച് ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ. വംശീയതയ്ക്ക് എതിരായ പോരാട്ടം കൊണ്ട് പ്രശസ്തമായ ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രസ്ഥാനം ഒന്നടങ്കം ഇസ്രായലിനെതിരേയാണ് നിലകൊള്ളുന്നത്. പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ ഒരേയൊരു മാർഗ്ഗമേയുള്ളൂ ഒരു സ്വതന്ത്ര പലസ്തീൻ അവിടെ സ്ഥാപിതമാകണം. ഉടനടി സാധ്യമല്ലെങ്കിലും ഇതിനായിട്ടുള്ള പ്രവർത്തനങ്ങളിൽ രാജ്യങ്ങൾ സഹകരിക്കണം. പലസ്തീന്റെ സ്വാതന്ത്യത്തിലൂടെ മാത്രമേ ഈ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകൂ.

അലൻ പോൾ വർഗ്ഗീസ്

( ഡൽഹി യുണിവേഴ്സിറ്റിയിൽ എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയും എ ഐ എസ് എഫിന്റെ കേരള സംസ്ഥാന കമ്മിറ്റി അംഗവുമാണ് ലേഖകൻ )

Related Stories

No stories found.
logo
The Cue
www.thecue.in