ഞങ്ങളുടെ പോരാട്ടം ഭരണഘടനാപരമായി കാപ്പന് ജോലിചെയ്യാനുള്ള അവകാശം സംരക്ഷിക്കാന്‍

ഞങ്ങളുടെ പോരാട്ടം ഭരണഘടനാപരമായി കാപ്പന് ജോലിചെയ്യാനുള്ള അവകാശം സംരക്ഷിക്കാന്‍
Summary

യൂണിയൻ എപ്പോഴും തൊഴിലാളിപക്ഷത്തു നിൽക്കണമെന്ന് ഓർമിപ്പിക്കുന്ന കേസാണിത്. അസംഘടിതരായ പത്രപ്രവർത്തകർ മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി നിർത്തി ഒരുമിച്ചു നിൽക്കണമെന്നാണ് ഈ കേസ് നമ്മളെ പഠിപ്പിക്കുന്നത്. കേരളാ പത്രപ്രവർത്തക യൂണിയൻ (KUWJ) ഡൽഹി ഘടകം മുൻ സെക്രട്ടറി പി.കെ മണികണ്ഠനുമായി നടത്തിയ അഭിമുഖം

സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ തടസമായി ഇപ്പോൾ നിലനിൽക്കുന്നത് ഇ.ഡി കേസ് ആണല്ലോ. അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന നാല്പത്തയ്യായിരം രൂപയുടെ ഉറവിടം സംബന്ധിച്ച് പല തരം ചർച്ചകൾ നടക്കുന്നുണ്ട്. പത്രപ്രവർത്തക യൂണിയന്റെ ഭാഗമായി സിദ്ദിഖ് കാപ്പൻ കേസിൽ ആദ്യാവസാനം ഉണ്ടായിരുന്ന ആളുകളിൽ ഒരാളെന്ന രീതിയിൽ പി.എം.എൽ.എ കേസിനെ എങ്ങനെയാണ് കാണുന്നത്?

സിദ്ദിഖ് കാപ്പന്റെ കയ്യിലുണ്ടായിരുന്ന നാല്പത്തയ്യായിരം രൂപയുമായി ബന്ധപ്പെട്ടാണ് യു.പി പോലീസ് ആരോപണമുന്നയിക്കുന്നത്. അത് പോപ്പുലർ ഫ്രണ്ട് നല്കിയതാണെന്നും അത് തീവ്വ്രവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു എന്നുള്ളതുമാണ് ഇപ്പോഴത്തെ ചർച്ച. കാപ്പൻ അയാൾ നൽകിയ റിജോയിൻഡറിൽ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, അയാളുടെ കയ്യിൽ ഇരുപതിനായിരം രൂപയായിരുന്നു ഉണ്ടായിരുന്നത്. അയാളുടെ വീടുപണി നടക്കുകയായിരുന്നു. ഇതിനോടൊപ്പം ആളുകളുടെ കയ്യിൽ നിന്ന് വാങ്ങിയ പൈസയും അയാളുടെ കയ്യിൽ ഉണ്ടായിരുന്നു. അങ്ങനെ രണ്ടുമാസമായി അയാളുടെ കയ്യിൽ ഇരുപത്തിനായിരവും ഇരുപത്തയ്യായിരവുമായി നാല്പത്തയ്യായിരമുണ്ടായിരുന്നു. അത് അയാൾ സ്വരൂപിച്ച പൈസയാണ്. അതാണ് തീവ്വ്രവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു എന്ന് പറയുന്നത്.

ഹത്രാസ് ബന്ധപ്പെട്ട് നൂറു കോടിയോളം രൂപ വിദേശ ഫണ്ട് വന്നിട്ടുണ്ട് എന്നാണല്ലോ ഇവർ പറയുന്നത്. അങ്ങനെ ഇവർ ബന്ധപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ വെറും നാല്പത്തയ്യായിരം രൂപയ്ക്ക് തീവ്രവാദ പ്രവർത്തനം നടത്തി എന്ന് പറയുന്നത് ശരിയാവില്ലല്ലോ. ഇയാൾക്ക് അഴിമുഖം പോർട്ടലിൽ ലഭിക്കുന്ന വരുമാനം ഇരുപത്തയ്യായിരം രൂപയാണ്. അതിന്റെ വിവരങ്ങൾ അഴിമുഖം പുറത്തുവിട്ടിട്ടുണ്ട്.

അയാൾ അറസ്റ്റ് ചെയ്യപ്പെട്ട മാസം ഒഴികെ മറ്റെല്ലാ മാസവും അയാൾക്ക് ശമ്പളം നൽകിയതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ശമ്പളം കൊണ്ടാണ് അയാൾ ഡൽഹിയിൽ ജീവിച്ചിരുന്നതും, കുടുംബം നോക്കിയതും. പതുക്കെ സ്വരൂപിച്ച പൈസ പലപ്പോഴായി അയച്ചുകൊടുത്ത് വീടുപണി തീർക്കാൻ ശ്രമിക്കുകയായിരുന്നു. അങ്ങനെയുള്ള പൈസയാണത് എന്ന് കാപ്പന്റെ റിജോയിൻഡർ അഫിഡവിറ്റിൽ തന്നെ പറയുന്നുണ്ട്. ഏതെങ്കിലും വിധത്തിൽ കാപ്പനെ പി.എഫ്.ഐ യുമായി ബന്ധപ്പെടുത്താൻ പോലീസ് ഉണ്ടാക്കിയ കഥയാണിത്.

മലയാള മനോരമയിലെ മാധ്യമപ്രവർത്തകനാണ് സിദ്ദിഖ് കാപ്പനെതിരെ സാക്ഷി പറഞ്ഞിട്ടുള്ളത് എന്ന വിവരം പുറത്തു വന്നിരുന്നു. ആ മാധ്യമ പ്രവർത്തകനെതിരെ ഭീഷണിയുണ്ടെന്നും യു.പി പോലീസ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ടല്ലോ. സിദ്ദിഖ് കാപ്പന്റെ ഭാര്യയടക്കം അയാൾക്കെതിരെയുള്ള വാർത്തകൾ പ്രചരിപ്പിക്കാൻ നേതൃത്വം നൽകി എന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എങ്ങനെയാണ് ഇതിനെ കാണുന്നത്?

ഞാൻ അയാൾക്കെതിരെ വ്യക്തിപരമായി ആരോപണം ഉന്നയിക്കാൻ ഉദ്ദേശിക്കുന്നില്ല, വസ്തുനിഷ്ഠമായ മറ്റൊരു വശമാണ് പറയുന്നത്, സിദ്ദിഖ് കാപ്പൻ അറസ്റ്റിലായതിനു ശേഷം അതിന്റെ നിയമപരമായ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആദ്യം നമ്മൾ സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ആയിരുന്നു ഫയൽ ചെയ്തിരുന്നത്. അത് സെറ്റിൽ ആകാൻ ആറുമാസത്തോളം സമയമെടുത്തു. അതിനു ശേഷം മാത്രമേ കീഴ് കോടതിയിൽ ജാമ്യാപേക്ഷയുമായി പോകാൻ നമുക്ക് സാധിച്ചിട്ടുള്ളു. അതൊന്നും നമ്മുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയല്ല, നടപടിക്രമങ്ങൾ പൂർത്തിയാകാൻ അത്രയും സമയമെടുത്തു എന്നതുകൊണ്ടാണ്.

എതിർ ശബ്ദം ഉന്നയിക്കുന്നവരെ കുരുക്കാനായി സിസ്റ്റം നടത്തുന്ന ശ്രമത്തെ സുപ്രീം കോടതി തുറന്നുകാട്ടുകയാണ് ചെയ്തത്.

ജാമ്യ ഹർജി വിചാരണ കോടതിയിൽ കൊടുത്തു. സ്വാഭാവികമായും, കോടതി അത് തള്ളി. അപ്പോൾ നമ്മൾ സമീപിക്കേണ്ടത് സുപ്രീം കോടതിയെ തന്നെയാണ്. അന്ന് ഉണ്ടായിരുന്ന ഒരു പ്രശ്നം, നമുക്ക് ചാർജ് ഷീറ്റ് ലഭിച്ചിരുന്നില്ല എന്നതാണ്. ചാർജ് ഷീറ്റ് ലഭിച്ചാൽ മാത്രമേ അതിനെ ചലഞ്ച് ചെയ്യാൻ കഴിയു. നമ്മൾ ചാർജ് ഷീറ്റിനു വേണ്ടി മഥുര കോടതിയിൽ പ്രത്യേകം അപേക്ഷ നൽകേണ്ടി വന്നു. നിങ്ങൾ സ്വയം ചാർജ് ഷീറ്റ് സംഘടിപ്പിച്ചോളു എന്ന രീതിയിലുള്ള നിർദേശമാണ് അവിടെ നിന്നും ഉണ്ടായത്. അങ്ങനെ പലസ്ഥലങ്ങളിൽ നിന്നായി കിട്ടിയ ചാർജ് ഷീറ്റ് വച്ചാണ് ഹൈക്കോടതിയിൽ പോകുന്നത്. അപ്പോഴാണ് ന്യൂസ് ലോണ്ടറി എന്ന വെബ് പോർട്ടൽ അവർക്കു ലഭിച്ച ചാർജ് ഷീറ്റിലെ വിവരങ്ങൾ വച്ചുകൊണ്ട് സീരീസ് ആയി വാർത്തകൾ ചെയ്തത്. വി വി ബിനു എന്ന നേരത്തെ പറഞ്ഞ മാധ്യമ പ്രവർത്തകൻ യു.പി പോലീസിന് നൽകിയ പരാതിയുടെ വിവരങ്ങൾ ചാർജ് ഷീറ്റിലുണ്ടായിരുന്നു. അതിന്റെ വിവരങ്ങൾ ഈ വാർത്തകളിലൂടെ പുറത്തു വന്നു.

സിദ്ദിഖ് കാപ്പൻ തീവ്രവാദിയാണെന്നും, ഡൽഹി കലാപവുമായി ബന്ധപ്പെട്ട വാർത്തകൾ ഭരണകൂടത്തിനെതിരായി മാറ്റാൻ സിദ്ദിഖ് കാപ്പൻ ശ്രമിച്ചു എന്നുമുള്ള ആരോപണങ്ങളായിരുന്നു ആ പരാതിയിൽ. ഒരു മലയാളി മാധ്യമപ്രവർത്തകന്റെ വ്യാജ പരാതി എങ്ങനെ സിദ്ദിഖ് കാപ്പനെ ജയിലിലടക്കാൻ സഹായകമായി എന്നാണ് ന്യൂസ് ലോണ്ടറി നടത്തിയ അനാലിസിസ് സ്റ്റോറിയിൽ പറയുന്നത്. പൂർണ്ണമായും വസ്തുതാപരമായ സ്റ്റോറിയായിരുന്നു അവർ ചെയ്തത്. ആ സ്റ്റോറി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഒരുപാട് പ്രചരിക്കപ്പെട്ടു. അതാണ് ഇപ്പോൾ വി.വി ബിനു അയാളെ അപകീർത്തിപ്പെടുത്താൻ വേണ്ടി ഉപയോഗിച്ചു എന്ന് പറയുന്നത്. ന്യൂസ് ലോണ്ടറിയുടെ റിപ്പോർട്ടറായ ആകാംഷ, ന്യൂസ് മിനുട് ന്റെ എഡിറ്റർ ധന്യ രാജേന്ദ്രൻ, ഇവരെല്ലാം ഇതുമായി ബന്ധപ്പെട്ട സ്റ്റോറികൾ ചെയ്തിട്ടുള്ളതാണ്. ഇവർക്കെല്ലാമെതിരെയാണ് അയാൾ ആരോപണമുന്നയിച്ചത്. ഈ വാർത്തകൾ പിന്നീട് ദേശാഭിമാനിയിൽ വന്നിരുന്നു. അതിനു പിന്നിൽ ദേശാഭിമാനിയുടെ ഡൽഹി റിപ്പോർട്ടറും KUWJ മുൻ സെക്രട്ടറിയുമായിരുന്ന എം. പ്രശാന്താണെന്നും, അയാൾക്കെതിരെ കേസെടുക്കണമെന്നും ബിനു പറഞ്ഞു. ഞാൻ ഇത് സംബന്ധിച്ച് ഒരു വാർത്ത പോലും ചെയ്തിട്ടില്ല. എന്നിട്ടും എനിക്കെതിരെയും പ്രശാന്തിനെതിരെയും കേസെടുക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ഇയാളുടെ പരാതി വന്നത്.

ഇത് മലയാളി ജേർണലിസ്റ്റുകളെ മാത്രം താക്കീതു ചെയ്യാൻ വേണ്ടിയല്ല, ഇന്ത്യയിലെ മുഴുവൻ ജേർണലിസ്റ്റുകളെയും പേടിപ്പെടുത്താൻ വേണ്ടിയുള്ള കേസാണ്.

പിന്നീടുള്ള പരാതി സിദ്ദിഖിന്റെ ഭാര്യ റൈഹാനത്തിനെതിരെയാണ്. റൈഹാനത് അങ്ങനെ ബിനുവിനെ ഭീഷണിപ്പെടുത്തുന്നതരത്തിൽ ഒരു അഭിപ്രായപ്രകടനവും നടത്തിയിട്ടില്ല. ആ വാർത്തയെക്കുറിച്ച് അവർ പ്രതികരിച്ചു എന്നതിനപ്പുറം ഒരു തരത്തിലുള്ള ഇടപെടലുകളും റൈഹാനത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ മറ്റുള്ളവർ ഇയാൾക്കെതിരെ കമന്റ് ചെയ്തു എന്നാണ് ഇയാൾ പറയുന്നത്. ഒരാൾ ഇടുന്ന പോസ്റ്റിൽ മറ്റുള്ളവർ കമന്റ് ചെയ്യുന്നതിന് പോസ്റ്റിട്ട ആൾക്ക് എങ്ങനെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയും? സോഷ്യൽ മീഡിയയിൽ ആളുകൾ വികാരപ്രകടനം നടത്തുന്നതിന് പോസ്റ്റ് ഇട്ടയാൾ മറുപടി പറയണമെന്ന് പറഞ്ഞാൽ എങ്ങനെ ശെരിയാകും? വ്യാജമായ ആരോപണങ്ങളാണിതെല്ലാം, സിദ്ദിഖ് കാപ്പൻ സ്ഥിരമായി ജയിലിൽ കിടക്കണം എന്ന ഉദ്ദേശത്തോടുകൂടി ചെയ്യുന്നത്. പത്രപ്രവർത്തകരുടെ കൂട്ടത്തിൽ നിന്ന് കൊണ്ട് തന്നെ ഒരാൾ പറയുന്നു, സിദ്ദിഖ് തീവ്രവാദിയാണെന്ന്. അയാളുടെ മൊഴിയും പരാതിയും മാത്രം അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ ഒരു കുരുക്കാണ് ഈ കേസ്. ഇത്രയും കാലം ഡൽഹിയിൽ ജോലിചെയ്തിട്ടും അയാൾക്കെതിരെ ഒരു കേസുപോലുമില്ല. എന്ത് അടിസ്ഥാനത്തിലാണ് നമ്മൾ സിദ്ദിഖ് കാപ്പനെ തീവ്രവാദിയെന്ന് വിളിക്കുന്നത്?

Whatsapp ചാറ്റുകളും ലഘുലേഖകളും ഉൾപ്പെടെ പോലീസ് സിദ്ദിഖ് കാപ്പനെതിരായി കണ്ടെത്തിയ തെളിവുകൾ കോടതിയിലെത്തിയപ്പോൾ എന്താണ് സംഭവിച്ചത്?

കാപ്പനെതിരെ കൂടെയുണ്ടായിരുന്നവർ മൊഴി നൽകിയിട്ടുണ്ട് എന്ന് വാദി ഭാഗം പറഞ്ഞപ്പോൾ, കൂട്ട് പ്രതിയായി കണക്കാക്കുന്ന ഒരാളുടെ മൊഴി തെളിവായി സ്വീകരിക്കാൻ കഴിയില്ല എന്ന് കോടതി പറഞ്ഞല്ലോ. കയ്യിൽ നിന്ന് പിടിച്ചെടുത്തു എന്ന് പറയുന്ന ലഘുലേഖയിൽ എന്താണ് പറയുന്നത്? "ഇന്ത്യയുടെ മകൾക്ക് നീതി ലഭിക്കണമെ"ന്നായിരുന്നു അത്. ഇരയായ ഒരു പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് പറയുന്നത് എങ്ങനെ ഭീകരപ്രവർത്തനമാകും എന്നും കോടതി ചോദിച്ചു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് എന്നും കോടതി കൃത്യമായി പറഞ്ഞു. നിർഭയ കൊല്ലപ്പെട്ട സമയത് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് സുപ്രീം കോടതി ഓർമ്മിപ്പിച്ചു. അത് പിന്നീട് നിയമങ്ങൾ വരെ നീതിയുക്തമായ രീതിയിൽ മാറ്റുന്നതിലേക്ക് നയിച്ചു. ഭീകരപ്രവർത്തനങ്ങൾക്കു വേണ്ടി പോയതാണെങ്കിൽ ഇവരുടെ കയ്യിൽ നിന്ന് എന്തെങ്കിലും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. എതിർ ശബ്ദം ഉന്നയിക്കുന്നവരെ കുരുക്കാനായി സിസ്റ്റം നടത്തുന്ന ശ്രമത്തെ സുപ്രീം കോടതി തുറന്നുകാട്ടുകയാണ് ചെയ്തത്.

ഭരണഘടനാപരമായി സിദ്ദിഖിന് ജോലിചെയ്യാനുള്ള അവകാശം സംരക്ഷിക്കുക അയാളുടെ ജീവനും ജീവിതവും സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

PK Manikantan
PK Manikantan

ഈ കേസുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ട പേരുകളെല്ലാം മലയാളി ജേർണലിസ്റ്റുകളുടേതാണ്. ഈ കേസിനെ മൊത്തത്തിൽ മലയാളി ജേർണലിസ്റ്റുകളെ താക്കീതു ചെയ്യാനുള്ള ഒരു കേസായി കാണാൻ കഴിയുമോ?

ഇത് മലയാളി ജേർണലിസ്റ്റുകളെ മാത്രം താക്കീതു ചെയ്യാൻ വേണ്ടിയല്ല, ഇന്ത്യയിലെ മുഴുവൻ ജേർണലിസ്റ്റുകളെയും പേടിപ്പെടുത്താൻ വേണ്ടിയുള്ള കേസാണ്. രാജ്യത്ത് പൊതുവിൽ പൗരാവകാശങ്ങൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നു. മാധ്യമങ്ങളെ നിയന്ത്രിക്കാൻ പലതരത്തിലുള്ള ശ്രമങ്ങൾ ഉണ്ടാകുന്നു. അതിൽ ഒരു ഭാഗത്ത് ഭരണകൂടമുണ്ട്, മറ്റൊരു ഭാഗത്ത് അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന രാഷ്ട്രീയ പാർട്ടിയുണ്ട്. ഈ അന്തരീക്ഷത്തിലാണ് സിദ്ദിഖ് കാപ്പന്റെ അറസ്റ്റ് നടക്കുന്നത്, അയാൾ ഫെയർ ജേർണലിസത്തിനു വേണ്ടി പോയ ആളാണ്, അയാൾക്ക് വേണമെങ്കിൽ ഡെൽഹിയിലിരുന്നും കിട്ടാവുന്ന തെളിവുകൾ വച്ച് വാർത്ത ചെയ്യാമായിരുന്നു. അതിനു പകരം നേരിട്ട് ഗ്രൗണ്ടിൽ പോയി റിപ്പോർട്ട് ചെയ്യുക എന്ന ഒരു ജേർണലിസ്റ്റിന്റെ ഉത്തരവാദിത്വത്തിന്റെ പുറത്താണ് അയാൾ ഹത്രാസിലേക്ക് പോകുന്നത്. നിങ്ങൾ അത്തരം ജോലികൾ ചെയ്യരുത്, ചെയ്താൽ ജയിലിൽ കിടക്കേണ്ടിവരും എന്നാണ് ഇവിടെ ഭരണകൂടം പറയാൻ ശ്രമിക്കുന്നത്.

ഒരു സതന്ത്ര മാധ്യമപ്രവർത്തകൻ എന്ന രീതിയിൽ സ്വന്തം ജോലി ചെയ്യാൻ കഴിയുന്നില്ല എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ വിഷയത്തിലൂന്നിയാണ് രണ്ടു വർഷമായി പത്രപ്രവർത്തക യൂണിയൻ സിദ്ദിഖിന്റെ കാര്യത്തിൽ ഇടപെട്ടിട്ടുള്ളത്. നിയമപരമായ സാദ്ധ്യതകൾ ഉപയോഗിച്ചുകൊണ്ടാണ് പോരാടിയിട്ടുള്ളത്. ഇത് ഒരു മാധ്യമപ്രവർത്തകന്റെ തൊഴിലുമായി ബന്ധപ്പെട്ട വിഷയമാണ്, സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരെയുള്ള ഭീഷണിയാണ്. അതുകൊണ്ടു തന്നെ ഞങ്ങളുടെ ഫൈറ്റ് ബി.ജെ.പി യോടോ യോഗി ആദിത്യനാഥിനോടോ അല്ല. ഭരണഘടനാപരമായി സിദ്ദിഖിന് ജോലിചെയ്യാനുള്ള അവകാശം സംരക്ഷിക്കുക അയാളുടെ ജീവനും ജീവിതവും സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. ഇന്ന് സിദ്ദിഖ് കാപ്പനാണെങ്കിൽ നാളെ നമ്മളിൽ ആരെങ്കിലുമായിരിക്കും എന്ന ബോധമാണ് ഇതിനെതിരെ അവസാനം വരെ പോരാടണം എന്ന് തീരുമാനിക്കാൻ കാരണം. യൂണിയൻ എപ്പോഴും തൊഴിലാളിപക്ഷത്തു നിൽക്കണമെന്ന് ഓർമിപ്പിക്കുന്ന കേസാണിത്. അസംഘടിതരായ പത്രപ്രവർത്തകർ മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി നിർത്തി ഒരുമിച്ചു നിൽക്കണമെന്നാണ് ഈ കേസ് നമ്മളെ പഠിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in