മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ് ചിത്രമായ മോഹൻലാലിന്റെ പുലിമുരുകൻ എന്ന ചിത്രം നിർമാതാവ് ടോമിച്ചൻ മുളകുപ്പാടത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും സിനിമക്ക് വേണ്ടിയെടുത്ത കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ തിരിച്ചടച്ചില്ലെന്നുമുള്ള ടോമിൻ തച്ചങ്കരിയുടെ പരാമർശത്തിൽ പ്രതികരണവുമായി ടോമിച്ചൻ മുളകുപാടം.
മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ മലയാളം ഇൻഡസ്ട്രിയിൽ ആദ്യമായി 100 കോടി ഗ്രോസ് നേടുന്ന ചിത്രമായി മാറിയിരുന്നു. ചിത്രത്തെക്കുറിച്ച് മുൻ ഡിജിപിയും കേരള ഫിനാൻഷ്യൽ കോർപറേഷന്റെ എംഡിയുമായിരുന്ന ടോമിൻ തച്ചങ്കരി നടത്തിയ പ്രസ്താവന വലിയ വിവാദമായിക്കൊണ്ടിരിക്കുകയാണ്. പുലിമുരുകന് വേണ്ടി കെഎഫ്സിയിൽ നിന്നെടുത്ത ലോൺ നിർമാതാവ് ഇതുവരെയും തിരിച്ചടച്ചില്ലെന്നും ചിത്രത്തിന് വലിയ ലാഭമുണ്ടാക്കാനായിട്ടില്ലെന്നുമാണ് ജനം ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ടോമിൻ തച്ചങ്കരി പറഞ്ഞത്. മലയാളം ഇൻഡസ്ട്രിയുടെ കളക്ഷൻ കണക്കിൽ നിർണ്ണായക സ്ഥാനമുള്ള പുലിമുരുകനെ കുറിച്ച് നടത്തിയ പരാമർശത്തിൽ ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടം ക്യു സ്റ്റുഡിയോയോട് പ്രതികരിക്കുന്നു.
പുലിമുരുകന് വേണ്ടി എടുത്ത ലോൺ തിരിച്ചടച്ചു
2015 ൽ ഞാൻ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് ലോണെടുക്കുമ്പോൾ ടോമിൻ തച്ചങ്കരി അവിടത്തെ എംഡിയല്ല. 2015 ലോണെടുത്ത് 2016 ഡിസംബറിൽ തന്നെ ഞാൻ അത് തിരിച്ചടച്ചിട്ടുമുണ്ട്. അവിടെ സിനിമയുടെ ലോണിന്റെ പേരിൽ പൈസ ഇനി അടക്കാനില്ല. പതിനെട്ടാമത്തെ ദിവസം 100 കോടി ക്ലബ്ബിൽ കയറിയ ചിത്രമാണ് പുലിമുരുകൻ. 100 കോടി എന്ന് പറയുമ്പോൾ നിർമാതാവിന് കിട്ടുന്ന തുകയല്ല 100 കോടി. സിനിമയുടെ ഗ്രോസ് കളക്ഷനാണ് അത്. അന്നത്തെ ടിക്കറ്റ് ചാർജ് ഇന്നത്തെതിന്റെ പകുതി പോലുമില്ല. 3 കോടി രൂപയോളം ആ സിനിമയ്ക്കുവേണ്ടി മാത്രം ഇൻകംടാക്സ് അടച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് സിനിമയെക്കുറിച്ച് അങ്ങനെ സംസാരിച്ചതെന്ന് അറിയില്ല.
പുലിമുരുകൻ 100 കോടി ഗ്രോസ് നേടുന്ന സമയത്ത് സിനിമയുടെ ഓവർസീസ് തുടങ്ങിയിട്ടില്ല. 30 ദിവസത്തിന് ശേഷമാണ് ഓവർസീസിൽ സിനിമ പ്രദർശിപ്പിക്കാൻ തുടങ്ങിയത്. ഇന്ത്യയിലെ മാത്രം കളക്ഷനാണ് 18 ദിവസം കൊണ്ട് 100 കോടി എന്നത്. ഇപ്പോഴത്തെ കളക്ഷൻ കണക്കുകൾ വരുന്നത് ഓൾ ഇന്ത്യയും ഓവർസീസും എല്ലാം പരിഗണിച്ചാണ്. അന്ന് മലയാളം പതിപ്പ് മാത്രം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ലഭിച്ച കളക്ഷനാണ് ഇത്. പുലിമുരുകനെക്കുറിച്ച് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. സിനിമയുടെ ലോണിനെ സംബന്ധിച്ച സ്റ്റേറ്റ്മെന്റ് ഞാൻ കൊടുത്തിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ഞാൻ വിളിച്ചു ചോദിച്ചിരുന്നു. മറുപടി ലഭിച്ചിട്ടില്ല.
നിർമാതാക്കളുടെ പ്രതിസന്ധിയെക്കുറിച്ച് അറിയില്ല
നിർമാതാക്കൾ ഇന്ന് നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് അറിവില്ല. മൂന്നു നാല് വർഷമായി ഞാൻ സിനിമ ചെയ്തിട്ടില്ല. ഇടവേളകൾ എടുത്ത് സിനിമ ചെയ്യുന്ന ഒരാളാണ് ഞാൻ. പോക്കിരി രാജയ്ക്ക് ശേഷം 6 വർഷം കഴിഞ്ഞാണ് പുലിമുരുകൻ ചെയ്യുന്നത്. ഞാൻ മറ്റൊരാളോടൊപ്പം പടം നിർമിക്കുന്ന വ്യക്തിയല്ല. സിനിമാ നിർമാണത്തിൽ ഒരു അസോസിയേഷൻ ഉണ്ടാകാറില്ല. അതിന്റെതായ ഒരു സമയം സിനിമയ്ക്കായി എടുക്കാറുണ്ട്. അങ്ങനെ ഒരു മികച്ച സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതും. പോക്കിരി രാജയും പുലിമുരുകന് ചെയ്തിരിക്കുന്നത് വൈശാഖ്, ഉദയ് എന്നിവരോടൊപ്പമാണ്. അങ്ങനെയുള്ള സിനിമകളാണ് ചെയ്യാറുള്ളത്. പുതിയ സിനിമകളുടെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
പുലിമുരുകൻ ടാർഗറ്റ് ചെയ്യപ്പെടുന്നുണ്ട്
ആദ്യം 100 കോടി ക്ലബ്ബിലെത്തിയ ചിത്രം ആയതുകൊണ്ട് തന്നെ പുലിമുരുകൻ ടാർഗെറ്റ് ചെയ്യപ്പെടുന്നുണ്ട്. ആരും പ്രതീക്ഷിക്കാതെയാണ് സിനിമ 100 കോടിയിലെത്തിയത്. അതുകൊണ്ട് തന്നെ പലരും സിനിമയെ ടാർഗറ്റ് ചെയ്യുന്നുണ്ട്. എന്ത് പ്രശ്‌നം വന്നാലും ആദ്യം എടുത്തിടുന്നത് പുലിമുരുകനാണ്. ഇത്രയും കാലം ഇതിനെക്കുറിച്ചെല്ലാം ഞാൻ മിണ്ടാതിരിക്കുകയായിരുന്നു. കഷ്ടപ്പെട്ട് ചെയ്ത സിനിമ തന്നെയാണ് പുലിമുരുകൻ. ചെറിയ സിനിമയല്ല. അതുപോലെ തന്നെ വലിയ കഷ്ടപ്പാട് സിനിമയ്ക്ക് പിന്നിലുണ്ട്. അതുകൊണ്ട് കൂടിയാണ് സിനിമയ്ക്ക് അത്രയും കളക്ഷൻ വന്നതും. ചില ആളുകൾ സിനിമയെ ടാർഗറ്റ് ചെയ്യുന്നുണ്ടെന്നാണ് ഇപ്പോൾ സംശയിക്കുന്നത്.