പൊലീസുകാരില്‍ നിന്ന് നേരിട്ട ദുരനുഭവം കേരളത്തെക്കുറിച്ചുള്ള അഭിപ്രായം മാറ്റി

പൊലീസുകാരില്‍ നിന്ന് നേരിട്ട ദുരനുഭവം കേരളത്തെക്കുറിച്ചുള്ള അഭിപ്രായം മാറ്റി

പുതുവര്‍ഷ തലേന്ന് കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവം കേരളത്തില്‍ വലിയ വിവാദമാണ് ഉണ്ടാക്കിയത്. സംഭവത്തില്‍ ഇടപെട്ട പൊലീസുകാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. മന്ത്രി വി. ശിവന്‍കുട്ടി സ്റ്റീഫന്‍ ആസ്ബര്‍ഗുമായി കൂടിക്കാഴ്ചയും നടത്തി.

കോവളത്തിനടുത്ത് വെള്ളാറില്‍ ഹോം സ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ബീവറേജസില്‍ നിന്നും മദ്യം വാങ്ങി വരുമ്പോഴാണ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് സ്റ്റീഫന്‍ മദ്യം ഒഴുക്കി കളയുകയായിരുന്നു.

സര്‍ക്കാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എതിര്‍പ്പ് ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം പാലിക്കുകയാണ് എസ്.ഐ ചെയ്തതെന്നാണ് സംഘടന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. അതേസമയം പൊലീസില്‍ നിന്ന് നേരിട്ട ദുരനുഭവം കേരളത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അഭിപ്രായവും മാറ്റിയെന്ന് പറയുകാണ് സ്റ്റീഫന്‍ ആസ്ബര്‍ഗ്

കേരളത്തെക്കുറിച്ചുള്ള അഭിപ്രായം മാറ്റി

ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് ഞാന്‍ കേരളത്തിലെത്തിയത്. ഇപ്പോള്‍ നാലു വര്‍ഷമായി ഇവിടെ താമസിക്കുന്നു. ഇതാദ്യമായാണ് ഇത്തരം ഒരു അനുഭവം നേരിടുന്നത്. പൊലീസുകാരില്‍ നിന്ന് നേരിട്ട അനുഭവം കേരളത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ ഒരുപാട് മാറ്റിയെന്നത് സത്യമാണ്.

എന്റെ അഭിപ്രായവും മാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ ഇത്തരമൊരു പ്രശ്‌നം ഉണ്ടായപ്പോള്‍ തന്നെ പെട്ടെന്ന് ഇടപെട്ടുവെന്നത് വളരെ നല്ല കാര്യമാണ്. ഇത്ര പെട്ടെന്ന് വിഷയത്തില്‍ ഒരു നടപടി പ്രതീക്ഷിച്ചിരുന്നില്ല. അത് സ്വാഗതാര്‍ഹം തന്നെയാണ്.

പക്ഷേ പൊലീസുകാര്‍ക്ക് വിഷയം കുറച്ചു കൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്.

ഈ നാല് വര്‍ഷത്തില്‍ വിസ പുതുക്കേണ്ടതിന്റെയും ഡ്രൈവിങ്ങ് ലൈസന്‍സിന്റെയും കാര്യത്തിന് വേണ്ടി ഞാന്‍ സ്വീഡനില്‍ പോയിട്ടുണ്ട്.

2011 മുതല്‍ ഞാന്‍ കേരളത്തില്‍ പണം ഇന്‍വെസ്റ്റ് ചെയ്യുന്നുണ്ട്. പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട ചില കേസുകളുമായി ബന്ധപ്പെട്ട് വലിയ പ്രയാസം നിറഞ്ഞ സമയത്തിലൂടെ കടന്നു പോകുന്നത്.

മന്ത്രിമാര്‍ എന്താണ് പറഞ്ഞത്

വിദ്യാഭ്യാസ മന്ത്രി പൊലീസുകാരെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞിട്ടില്ല. നിങ്ങള്‍ ഞങ്ങളുടെ അതിഥിയാണ്. നിങ്ങള്‍ പേടിക്കേണ്ടതില്ല, ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് മന്ത്രി പറഞ്ഞത്. ടൂറിസം മന്ത്രി വിളിച്ചിട്ടില്ല. അദ്ദേഹം വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് ഇന്നറിഞ്ഞു. എന്റെ പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മന്ത്രിമാരുമായി നേരത്തെയും സംസാരിച്ചിരുന്നു. വിഷയം കോടതിയില്‍ ആയതുകൊണ്ട് തന്നെ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു അന്ന് പറഞ്ഞത്. ഇത്തവണ ചെറിയൊരു പ്രതീക്ഷയുണ്ട്.

ഇപ്പോള്‍ എനിക്ക് കേരളത്തില്‍ നിന്ന് നല്ല പിന്തുണ കിട്ടുന്നുണ്ട്. ഇവിടെയുള്ള ആളുകളും, മാധ്യമങ്ങളുമെല്ലാം എന്നെ പിന്തുണക്കുന്നുണ്ട്.

പൊലീസുകാര്‍ക്ക് അന്നത്തെ കാര്യം കുറച്ചുകൂടി നല്ല നിലയ്ക്ക് കൈകാര്യം ചെയ്യാമായിരുന്നു. അവരന്ന് എന്നോട് മദ്യം കളയാന്‍ തന്നെയാണ് പറഞ്ഞത്.

എന്റെ കൈവശം റസീപ്റ്റ് ഉണ്ടായിരുന്നില്ല. പിന്നീട് തിരികെ പോയാണ് റസിപ്റ്റ് എടുത്തത്. പൊലീസുകാര്‍ മോശമായാണ് പെരുമാറിയത്. ഞാന്‍ സത്യത്തില്‍ വളരെ ക്ഷിണിതനായിരുന്നു.

കേരളം കൂടുതല്‍ വെല്‍ക്കമിങ്ങ് ആകണം

വിദേശികളുടെ ഇടയില്‍ നിന്ന് അനാവശ്യമായി പണം പിഴിഞ്ഞെടുക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. എല്ലാ ആളുകളുമല്ല, അടച്ചാക്ഷേപിച്ച് പറയുന്നതുമല്ല.

പക്ഷേ അത്തരം അനുഭവങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും എനിക്ക് വളരെ ശ്രദ്ധിച്ച് ഇടപെടേണ്ടി വന്നിട്ടുണ്ട്. ഒരു തരത്തില്‍ കേരളം കുറച്ചുകൂടി വെല്‍ക്കമിങ്ങ് ആകേണ്ടതുണ്ട് എന്ന് തോന്നിയിട്ടുണ്ട്.

വേസ്റ്റ് മാനേജ്‌മെന്റ് പ്രശ്‌നമാണ്

കേരളത്തിലെ വേസ്റ്റ് മാനേജ്‌മെന്റ് വലിയൊരു പ്രശ്‌നമായി തോന്നിയിട്ടുണ്ട്. ആളുകള്‍ എല്ലായിടത്തും വേസ്റ്റ് വലിച്ചെറിയുകയാണ്. അതില്‍ കൂറേ കൂടി ശ്രദ്ധിക്കണമെന്നും കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാകണമെന്നും തോന്നിയിട്ടുണ്ട്.

വേസ്റ്റ് മാനേജ്‌മെന്റ് കാര്യങ്ങളില്‍ ശ്രദ്ധ വളരെ കുറവാണ്. പൊലീസ് അത്തരം കാര്യങ്ങളില്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. നടപ്പാതകളും, റോഡുകളും നന്നാക്കണം. ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഫലപ്രദമായ ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടാകേണ്ടതുണ്ട്.

വിദേശത്ത് നിന്ന് വന്ന ആളുകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ കുറച്ചു കൂടി കാര്യക്ഷമമായ സംവിധാനങ്ങളും ആവശ്യമാണ്. ഒരുപാട് പണം ചെലവാക്കിയാണ് പലരും കേരളത്തിലേക്ക് എത്തുന്നത്.

The Cue
www.thecue.in