ഹെട്രോസെക്ഷ്വല്‍സിനോട് ചോദിക്കാത്ത ചോദ്യങ്ങള്‍ ക്വീയര്‍ വ്യക്തികളോടും വേണ്ട: സുല്‍ഫത്ത് ലൈല

ഹെട്രോസെക്ഷ്വല്‍സിനോട് ചോദിക്കാത്ത ചോദ്യങ്ങള്‍ ക്വീയര്‍ വ്യക്തികളോടും വേണ്ട: സുല്‍ഫത്ത് ലൈല
Summary

ഒരു മുസ്ലിം ക്വിയര്‍ ഐഡന്റിന്റിയില്‍ നിന്നുകൊണ്ട് തന്നെ മുന്നോട്ട് പോകണമെന്ന തീരുമാനമെടുക്കുന്നത് ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടത് ആവശ്യമാണെന്ന തിരിച്ചറിവുണ്ടായപ്പോഴാണ്. താന്‍ എങ്ങനെ ക്വിയര്‍ ഐഡന്റിന്റി വെളിപ്പെടുത്തിയെന്നും, എന്തുകൊണ്ട് ക്വിയര്‍ മനുഷ്യര്‍ക്ക് വേണ്ടി സമൂഹത്തില്‍ നിരന്തരമായ ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകണം എന്നതിനെക്കുറിച്ചും തന്റെ അനുഭവങ്ങളിലൂടെ സംസാരിക്കുകയാണ് എഴുത്തുകാരിയും ക്വിയര്‍ ആക്ടിവിസ്റ്റും വനജ കളക്റ്റീവ് പ്രസിഡന്റുമായ സുല്‍ഫത്ത് ലൈല.

Q

താനൊരു അഭിമാനിയായ മുസ്ലിം ക്വിയര്‍ വ്യക്തിയാണെന്ന് സുല്‍ഫത്ത് തുറന്ന് പറഞ്ഞിട്ടുണ്ട്. ആ ഐഡന്റിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതും. ക്വിയര്‍ വ്യക്തിയാണെന്ന ഐഡന്റി വെളിപ്പെടുത്തണമെന്ന തീരുമാനം എടുക്കുന്നത് ഏത് ഘട്ടത്തിലാണ്?

A

എന്റേത് ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്നതുകൊണ്ട് തന്നെ എനിക്ക് ഇസ്ലാം വിരുദ്ധ സമീപനമുണ്ടായിരുന്നു. അത് കഴിഞ്ഞ് ഞാന്‍ പാര്‍ശ്വവത്കൃത സമൂഹങ്ങൾക്കൊപ്പം പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോഴാണ് ന്യൂനപക്ഷങ്ങള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്ന് മനസിലാക്കിയത്. പിന്നീട് മുസ്ലിം സ്ത്രീകളുമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്തതിന് ശേഷം ഞാന്‍ മുസ്ലിം ഐഡന്റിറ്റിയില്‍ തന്നെ നില്‍ക്കേണ്ടതുണ്ടെന്ന് മനസിലാക്കി. അതുകൊണ്ടാണ് മുസ്ലിം ക്വിയര്‍ വ്യക്തിയാണെന്ന് തുറന്ന് പറയാന്‍ തീരുമാനിക്കുന്നത്.

Q

ക്വിയര്‍ ഐഡന്റിറ്റി വെളിപ്പെടുത്തിയപ്പോള്‍ കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമുള്ള പ്രതികരണം എങ്ങനെയായിരുന്നു? എന്തൊക്കെ വെല്ലുവിളികള്‍ ആണ് അതുമായി ബന്ധപ്പെട്ട് നേരിട്ടത്?

A

ഞാന്‍ നാല് വര്‍ഷം മുമ്പ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എന്റെ ക്വിയര്‍ ഐഡന്റിറ്റി എനിക്ക് വലിയൊരു പ്രശ്‌നമായി തോന്നിയിട്ടില്ല, കാരണം എന്റെ വീട്ടില്‍ ആര്‍ക്കും ക്വിയര്‍ എന്താണെന്നുള്ള ശരിയായ ധാരണയില്ല. അതുകൊണ്ട് വീട്ടില്‍ പ്രേത്യേകം കം ഔട്ട് ഒന്നും ചെയ്തിട്ടില്ല. മറ്റു സമ്മര്‍ദ്ദങ്ങള്‍ മൂലം ആണ് വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരുന്നത്.

പക്ഷെ പിന്നീട് ക്വിയര്‍ മുസ്ലിം എന്ന ഐഡന്റിറ്റിയില്‍ ജീവിച്ച് തുടങ്ങിയപ്പോള്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പ്രശ്‌നങ്ങളുണ്ടായിരുന്നു. അവിടെയും ഇവിടെയും പെടാത്തതുകൊണ്ടുള്ള പല പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ആ സമയത്ത് ഞാന്‍ മുസ്ലിങ്ങളെ തള്ളി പറഞ്ഞു എന്ന് പറഞ്ഞ് കുറച്ച് ആണുങ്ങള്‍ വീട്ടിലേക്ക് വന്ന് ബഹളം വെക്കുകയും എന്നെ വീട്ടില്‍ നിന്നും ഇറക്കിവിടുകയും ചെയ്തിരുന്നു. പക്ഷെ മറ്റൊരു വശത്ത് ഞാന്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയും പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും മുസ്ലിങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ രണ്ട് സ്ഥലത്തും പൂര്‍ണമായി ഉള്‍പ്പെടുന്നില്ല എന്ന് പലര്‍ക്കും തോന്നിയിട്ടുണ്. അതാണ് ഏറ്റവും വലിയ പ്രശ്‌നമായി എനിക്ക് തോന്നിയിട്ടുള്ളത്.

ഒരു മുസ്ലിം ക്വിയര്‍ സ്ത്രീയെന്നതുകൊണ്ട് ഞാന്‍ പലയിടങ്ങളിലും ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. എന്റെ വസ്ത്രത്തില്‍ ഞാന്‍ മുസ്ലിം ആണെന്നുള്ളതിന്റെ അടയാളങ്ങളൊന്നുമില്ല, പ്രത്യക്ഷത്തില്‍ മുസ്ലിം ആയി തോന്നാത്തതുകൊണ്ട് പല തെറ്റിദ്ധാരണകളും മുന്‍ധാരണയോടെയുള്ള പെരുമാറ്റവും ഉണ്ടായിട്ടുണ്ട്. വസ്ത്രത്തില്‍ അതില്ലെങ്കിലും എന്റെ വിശ്വാസം കൊണ്ട് ഞാന്‍ ഒരു മുസ്ലിം ആണ്.

Q

തന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് ഉമ്മയാണ് എന്ന് ഒരു എഴുത്തില്‍ പറഞ്ഞിരുന്നു. ഉമ്മയുമായുള്ള ബന്ധമെങ്ങനെയായിരുന്നു? ഉമ്മ എങ്ങനെയാണ് തന്റെ ക്വിയര്‍ ഐഡന്റിറ്റിയെ സ്വീകരിച്ചത്?

A

എന്റെ കുടുംബത്തില്‍ ഞാന്‍ ഉമ്മിയായിട്ടാണ് കൂടുതല്‍ കൂട്ട്. ഉമ്മിയും ഞാനും, അമ്മയും മകളും പോലെ ആയിരുന്നില്ല മറിച്ച് സുഹൃത്തുക്കളെ പോലെയായിരുന്നു. ഞാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയ സമയത്ത് ഉമ്മി എന്നെ വിളിച്ച് പറഞ്ഞത്, ' നീ ഇവിടെനിന്ന് പോയത് നന്നായി, നീയെങ്കിലും പോയി രക്ഷപ്പെട്' എന്നായിരുന്നു. ഉമ്മി തന്റെ ഇരുപതുകളില്‍ പല പാട്രിയാര്‍ക്കല്‍ പ്രശ്‌നങ്ങളും സഹിക്കാന്‍ പറ്റാതെ വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ ശ്രമിച്ചയാളാണ്. പക്ഷെ നാട്ടുകാരും വീട്ടുകാരും കൂടി പിടിച്ചുകൊണ്ടുവന്നതാണ്.

പിന്നീട് ഓരോ തവണയും ഞാന്‍ ഉമ്മി വിശ്വസിക്കുന്ന നിയമങ്ങള്‍ തെറ്റിക്കുമ്പോഴും, 'നീ നിന്റെ സുരക്ഷ ശ്രദ്ധിച്ചാല്‍ മതി', എന്നായിരുന്നു ഉമ്മി പറയുന്നത്. അങ്ങനെയൊന്നും ചെയ്യരുതെന്ന് എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല. ഞാന്‍ സന്തോഷമായിരിക്കണം എന്ന് മാത്രമാണ് ഉമ്മിയുടെ ആഗ്രഹം.

Q

ഐഡന്റിറ്റി വെളിപ്പെടുത്തിയതിന് മുന്‍പും ശേഷവും ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണ്?

A

മറ്റു പല പ്രശ്‌നങ്ങള്‍ നേരത്തെ നേരിട്ടതുകൊണ്ടാകും എനിക്ക് കം ഔട്ട് ചെയ്തതിന് ശേഷം പ്രേത്യേകിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. വീട്ടില്‍ നിന്ന് ഇറങ്ങിയതിന് ശേഷം രണ്ടുവര്‍ഷമായി, വളരെ സുഖകരമായി എന്റെ കമ്മ്യൂണിറ്റിയിലുള്ള ആളുകള്‍ക്കിടയില്‍ ആണ് ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ടായിരിക്കും ക്വിയറായി പുറത്ത് വന്നതിനു ശേഷം ജീവിതം അത്ര അധികം വെല്ലുവിളിയാണെന്ന് തോന്നിയിട്ടില്ല. ഞാന്‍ കം ഔട്ട് ചെയ്യുന്നതും എന്റെ കമ്മ്യൂണിറ്റിയില്‍ നിന്നുകൊണ്ട് തന്നെയായിരുന്നു.

Q

ഹെട്രോ സെക്ഷ്വല്‍ ആളുകളെ അപേക്ഷിച്ച് താന്‍ ക്വിയര്‍ ആണെന്ന് പ്രേത്യേകം പറയേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ട് അതെന്തുകൊണ്ടാണെന്നാണ് തോന്നുന്നത്?

A

നമ്മള്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ ആയിട്ടുള്ള ഒരു കമ്മ്യൂണിറ്റിയില്‍ നിന്നാണെങ്കില്‍, ഇവിടെ അങ്ങനെ അടിച്ചമര്‍ത്തുന്ന സവര്‍ണരെ പോലെയുള്ളവരെ നമ്മള്‍ ഇപ്പോഴും എഡ്യുക്കേറ്റ് ചെയ്ത് കൊണ്ടേയിരിക്കണം. നമ്മുടെ അടിച്ചമര്‍ത്തല്‍ എന്താണെന്നും, നമ്മള്‍ എന്തൊക്കെയാണ് അനുഭവിക്കുന്നതെന്നും എല്ലാം നമ്മള്‍ നിരന്തരം പഠിപ്പിച്ചുകൊണ്ടിരിക്കേണ്ട അവസ്ഥയാണ്. ഞാന്‍ കം ഔട്ട് ചെയ്ത സമയത്ത് കോളേജുകളില്‍ പോയി സംസാരിക്കുകയും ക്വിയര്‍ വ്യക്തികളെ പ്രതിനിധീകരിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

അടിസ്ഥാനപരമായ ഈ വിവരങ്ങള്‍ ഗൂഗിള്‍ ചെയ്താല്‍ മനസിലാക്കാവുന്നതാണ്. ഇത്രയും കാലത്തിന് ശേഷവും ലെസ്ബിയനും ബൈ സെക്ഷ്വലും എന്താണെന്നും ചോദിച്ച് എനിക്ക് പലരും മെസ്സേജ് അയക്കാറുണ്ട്. ഗൂഗിള്‍ ചെയ്യാന്‍ പറ്റുന്നതായിട്ടും എന്തുകൊണ്ടാണ് ഇത് ഞങ്ങളോട് ചോദിക്കുന്നത് എന്ന ഒരു വിഷയമുണ്ട്. ഇവരുടെ ക്യൂരിയോസിറ്റി നമ്മുടെയടുത്തേക്ക് തന്നെയാണല്ലോ അവര്‍ എടുക്കുന്നത്. അത് ഹെട്രോസെക്ഷ്വലായ ഒരാളുടെയടുത്ത് അവര്‍ ഒരിക്കലും ചോദിക്കില്ല.

കോളേജില്‍ പഠിച്ചിരുന്ന കാലഘട്ടത്തില്‍ ഞാനും എന്റെ അന്നത്തെ പാർട്ട്ണറും നല്‍കിയ അഭിമുഖങ്ങളില്‍ ഞങ്ങളോട് ചോദിച്ചിരുന്നത്, 'നിങ്ങള്‍ തമ്മില്‍ എങ്ങനെയാണ് സെക്ഷ്വല്‍ ബന്ധങ്ങള്‍ നടക്കുന്നത്?', 'നിങ്ങളില്‍ ആരാണ് ആണ്, ആരാണ് പെണ്ണ്?', എന്നൊക്കെയായിരുന്നു. ഇത്തരം ചോദ്യങ്ങളൊന്നും ഹെട്രോസെക്ഷ്വല്‍ ആയിട്ടുള്ളവരോട് ചോദിക്കില്ലല്ലോ അതുപോലെ തന്നെ ക്വിയര്‍ ആയിട്ടുള്ളവരോടും ചോദിക്കേണ്ട.

സമൂഹത്തില്‍ സ്വവര്‍ഗരതി നോര്‍മലൈസ്ഡ് ആകാത്തതുകൊണ്ടാണ് അങ്ങനെയൊരു സാഹചര്യം വരുന്നത്. പക്ഷെ ഇവിടെ മാറ്റം വരുക എന്ന രീതിയില്‍ നമ്മള്‍ ഇതിനെ കുറിച്ച് സംസാരിക്കേണ്ട ആവശ്യം കുറച്ച്കാലം കൂടിയുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എന്റെ വീട്ടിലുള്ള ആളുകള്‍ക്ക് പോലും ഈ കാര്യങ്ങളില്‍ ബേസിക് വിദ്യാഭ്യാസം ഇല്ല. ഞാന്‍ മനസ്സിലാക്കിയിടത്തോളം എന്റെ ഉമ്മിയെ പറഞ്ഞ് മനസിലാക്കാന്‍ എനിക്ക് സാധിച്ചാല്‍ അതെനിക്ക് വളരെയധികം സന്തോഷം നല്‍കും.

ഉമ്മി ഇപ്പോള്‍ എന്നോടുള്ള സ്‌നേഹം കാരണം ആണ് ഇതൊക്കെ സ്വീകരിക്കുന്നത്, പക്ഷെ മനസിലാക്കി സ്വീകരിക്കുന്നതിലും സ്‌നേഹം കൊണ്ട് സ്വീകരിക്കുന്നതിലും വലിയ വ്യത്യാസമുണ്ടല്ലോ?

, 'നിങ്ങളില്‍ ആരാണ് ആണ്, ആരാണ് പെണ്ണ്?', എന്നൊക്കെയായിരുന്നു. ഇത്തരം ചോദ്യങ്ങളൊന്നും ഹെട്രോസെക്ഷ്വല്‍ ആയിട്ടുള്ളവരോട് ചോദിക്കില്ലല്ലോ അതുപോലെ തന്നെ ക്വിയര്‍ ആയിട്ടുള്ളവരോടും ചോദിക്കേണ്ട.സമൂഹത്തില്‍ സ്വവര്‍ഗരതി നോര്‍മലൈസ്ഡ് ആകാത്തതുകൊണ്ടാണ് അങ്ങനെയൊരു സാഹചര്യം വരുന്നത്. പക്ഷെ ഇവിടെ മാറ്റം വരുക എന്ന രീതിയില്‍ നമ്മള്‍ ഇതിനെ കുറിച്ച് സംസാരിക്കേണ്ട ആവശ്യം കുറച്ച്കാലം കൂടിയുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
Q

മുസ്ലിം കമ്മ്യൂണിറ്റിയില്‍ നിന്ന് കൂടുതല്‍ കം ഔട്ടുകള്‍ വരുന്നുണ്ടല്ലോ. അത് കുറച്ചു കൂടി ഈസിയാകുന്ന ഒരു സാഹചര്യം ഉണ്ടോ? മുന്നത്തേക്കാള്‍ കുറേ കൂടി മെച്ചൂരിറ്റിയോട് കൂടി ഐഡന്റിന്റി ആളുകള്‍ സ്വീകരിക്കുന്ന സ്റ്റേജിലേക്ക് എത്തിയിട്ടുണ്ടോ?

A

ഞാന്‍ ഒരു കളക്ടീവിലാണല്ലോ ജോലി ചെയ്യുന്നത്, പ്രധാനമായി ക്വിയര്‍ കമ്മ്യൂണിറ്റിയുമായാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് ക്വിയര്‍ ആയ നോണ്‍ ബൈനറി ആയി ഐഡന്റിഫൈ ചെയ്യുന്ന ഒരാളെ വീട്ടുകാര്‍ കണ്‍വെര്‍ഷന്‍ തെറാപ്പിക്ക് കൊണ്ടുപോയി. ഞങ്ങള്‍ കേസ് കൊടുത്ത് പൊലീസ് സ്റ്റേഷനില്‍ സമരം ഇരുന്നിട്ടും പൊലീസുകാര്‍ അടക്കമുള്ളവര്‍ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയ ഒരു സാഹചര്യമുണ്ടായിരുന്നു.

പക്ഷെ രണ്ടുകൊല്ലത്തിനിപ്പുറം അതുപോലെ തന്നെ സാമ്യമുള്ള കേസില്‍ അവര്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള കോടതി വിധി വന്ന സാഹചര്യമുണ്ടായി. അത്തരത്തിലുള്ള മാറ്റങ്ങള്‍ വരുന്നുണ്ടെന്നും സമൂഹം ഒരുപാട് മാറിയിട്ടുണ്ടെന്നും ഇനിയും മാറ്റങ്ങള്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

Q

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം നടക്കുമ്പോള്‍ പലരും പ്രതികരിക്കാറുണ്ട്, എന്നാല്‍ എല്‍ജിബിടിക്യു വിരുദ്ധ പരാമര്‍ശങ്ങള്‍ വരുമ്പോള്‍ അതിനോടുള്ള സമീപനം വളരെ വ്യത്യാസമുള്ളതാണ്. എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നത്?

A

നൂറ്റാണ്ടുകളായി പുരുഷാധിപത്യ സമൂഹം ആയതുകൊണ്ട് തന്നെ ഇപ്പോഴത്തെ കാലഘട്ടത്തില്‍ സ്ത്രീവിരുദ്ധതയെ തുറന്നുകാട്ടുകയും സ്ത്രീകള്‍ തന്നെ അത് മനസിലാക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഒരു പരിധിവരെയെങ്കിലും ഉണ്ട്. പക്ഷെ ക്വിയറായിട്ടുള്ള ആളുകള്‍ക്ക് നമ്മുടെ നാട്ടില്‍ വിസിബിലിറ്റി കിട്ടിത്തുടങ്ങുന്നതേയുള്ളു.

ഞാന്‍ എനിക്ക് വെല്ലുവിളികള്‍ കുറവാണ് എന്ന് പറയുമ്പോഴും അത് ഞാന്‍ പ്രിവിലേജ്ഡ് ആയതുകൊണ്ടും കുറച്ച് കംഫര്‍ട്ടബിള്‍ ആയി ജീവിക്കുന്നതും കൊണ്ടാണ്. എന്റെ അത്ര പ്രിവിലേജുകള്‍ ഇല്ലാത്തവര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഞാന്‍ സിസ് ജെന്റർ ആയതിന്റെ പ്രിവിലേജ് ഉണ്ടെനിക്ക്, ഒരു ട്രാന്‍സ് ജെന്റർ ആയ ആള്‍ക്ക് ഇവിടെ അങ്ങനെയൊരു പ്രിവിലേജില്ല.

ഈ ക്വിയര്‍ കമ്മ്യൂണിറ്റിയില്‍ തന്നെ ട്രിപ്പിള്‍ ഒപ്രസ്ഡ് ആയിട്ടുള്ളവരും അതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉള്ളവരും ഉണ്ട്. ഓരോരുത്തരുടെ ജീവിതം പല രീതിയിലാണ് മാറിയിട്ടുള്ളത്. ഞാന്‍ ബൈ സെക്ഷ്വലും ജെന്‍ഡര്‍ ഫ്ളൂയിഡും ആയതുകൊണ്ട് എന്റെ ഐഡന്റിറ്റി പ്രത്യക്ഷത്തില്‍ വ്യക്തമല്ല.

അങ്ങനെയല്ലാത്തവര്‍ക്ക് വളരെയധികം പ്രശ്‌നങ്ങളുണ്ട്. പക്ഷെ ഒരു ട്രാന്‍സ് വ്യക്തിയെ സംബന്ധിച്ചിടത്തോളം അവരുടെ ഐഡന്റിന്റി ശരീരത്തിലും വസ്ത്രത്തിലുമെല്ലാം പ്രകടമാണ്.

ആളുകള്‍ക്കു ട്രാന്‍സ് സ്ത്രീകളെ കുറിച്ച് സിനിമയില്‍ നിന്നും അല്ലാതെയും അറിയാം എന്നാല്‍ ട്രാന്‍സ് പുരുഷന്മാരെ കുറിച്ച് വലിയ ധാരണയില്ല. രണ്ടുവര്‍ഷം മുന്നേ വരെ കോഴിക്കോട് രണ്ട് ട്രാന്‍സ് പുരുഷന്മാര്‍ മാത്രമാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ കുറച്ചുകൂടി ആളുകള്‍ മുന്നോട്ടുവരുന്നുണ്ട്. മാറ്റം ഉണ്ടാവും.

Q

LGBTQIA+ കമ്മ്യൂണിറ്റിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവനകളും സ്റ്റഡി ക്ലാസുകളും നടക്കുന്നുണ്ടല്ലോ. അതിനോടുള്ള പ്രതികരണം എങ്ങനെയാണ്?

A

ഒരു കോളേജില്‍ നടന്ന സംഭവത്തെകുറിച്ച് എന്നോട് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. പ്രൈഡ് മാസത്തിന്റെ ഭാഗമായി അവിടെ നടത്തിയ ഒരു പരിപാടിയില്‍ ക്വിയര്‍ അലൈ ആയവര്‍ക്കെതിരെ 'ഞങ്ങള്‍ എല്‍ബിജിബിടിക്യുവിനെതിരെയാണ്' എന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ ഒത്തുചേര്‍ന്നിരുന്നു എന്ന് കേട്ടിരുന്നു. എന്തുകൊണ്ടാണ് ആളുകള്‍ക്ക് അങ്ങനെയൊരു വികാരമുണ്ടാവുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇപ്പോഴും പലര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്നതിനും അപ്പുറം ആണ് ക്വിയര്‍നെസ്സ് എന്നും അത് മനുഷ്യ വിരുദ്ധമാണെന്നും എനിക്ക് തോന്നിയിട്ടുണ്ട്.

Q

വനജ കളക്ടീവിന്റെ പ്രസിഡന്റ് ആണ് സുല്‍ഫത്ത്. എന്താണ് വനജ കളക്ടീവിന്റെ പ്രധാന ലക്ഷ്യങ്ങള്‍? എങ്ങെനെയുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് ?

A

ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ ഒരു കുട്ടിയെ കണ്‍വേര്‍ഷന്‍ തെറാപ്പിക്ക് വിധേയമാക്കിയതിനെ തുടര്‍ന്നാണ് വനജ കളക്റ്റീവ് രൂപീകരിക്കുന്നത്. ഇതില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ ഒന്നിച്ചുകൂടിയാല്‍ മാത്രമേ മാറ്റമുണ്ടാകുവെന്ന് വിശ്വസിക്കുന്നവരാണ്. സവര്‍ണ പുരുഷരല്ലാത്ത എല്ലാ വിഭാഗത്തില്‍ നിന്നുമുള്ളവരെ പ്രതിനിധീകരിക്കുന്ന ആളുകള്‍ ഉണ്ട് ഞങ്ങള്‍ക്കിടയില്‍.

സ്ത്രീകള്‍, LGBTQIA+, ഡിസേബിൾഡ് എന്നിവര്‍ അടങ്ങുന്ന കൂട്ടം ആണ് വനജ കളക്റ്റീവ്. മറ്റ് എന്‍.ജി.ഒകളുമായും സഹകരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കാറുണ്ട്.

കമ്മ്യുണിറ്റിയുടെ ഉള്ളില്‍ നിന്നും പുറത്തു നിന്നും പലരും ട്രാന്‍സ് ആളുകളെ കുറ്റം പറയാറുണ്ട്. അവര്‍ ഇപ്പോഴും പരമ്പരാഗതമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും. കമ്മ്യുണിറ്റിയുടെ ഉള്ളില്‍ ബോഡി ഷെയ്മിങ്ങും വര്‍ണവിവേചനവും ഉണ്ടെന്നും പലരും പറയാറുണ്ട്. പക്ഷെ അതില്‍ മാറ്റം വരുത്താന്‍ അവര്‍ക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് ബോധ്യമുണ്ടാവുകയും ലൈംഗിക വിദ്യാഭ്യാസം നല്‍കുകയും ചെയ്യണം. അങ്ങനെയൊരു പരിപാടി ഞങ്ങള്‍ മറ്റൊരു എന്‍.ജി.ഒയുമായി സഹകരിച്ച് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.

അടിച്ചമര്‍ത്തപ്പെട്ടവരോട് കുറേകൂടി ദയയോട് കൂടിയും സഹാനുഭൂതിയോടുകൂടിയും ആളുകള്‍ പെരുമാറണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അങ്ങനെ അടിസ്ഥാനമായ ചെറിയ മാറ്റങ്ങളിലൂടെ ഇനിയും മാറ്റങ്ങള്‍ കൊണ്ടുവരണം എന്നാണ് ലക്ഷ്യം.

Q

ആദില നൂറ പ്രശ്നം നടക്കുന്ന സമയത്ത് ഒരു ഫണ്ട്‌റെയ്‌സിംഗ് വിവാദമായിരുന്നു, വനജ കളക്റ്റീവിനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക?

A

അങ്ങനെയൊരു വിവാദമുണ്ടായി എന്നത് വാസ്തവം തന്നെയായിരുന്നു. ഞങ്ങള്‍ അവരുടെ ഫോട്ടോ ഫണ്ട്‌റെയ്സിങ്ങിന് ഉപയോഗിച്ചതിനെതിരെ അവര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. ഞങ്ങള്‍ മാപ്പ് പറഞ്ഞെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല. അവര്‍ ഫേസ്ബുക് ലൈവില്‍ ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. പിന്നീട് ഞങ്ങള്‍ അവരോട് മാപ്പ് പറയുകയും അവര്‍ അത് അംഗീകരിക്കുകയും ചെയ്തു. ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് തന്നെയായിരുന്നു അത്. നിലവില്‍ പ്രശ്‌നമൊന്നുമില്ല.

Q

പവി ശങ്കറിനെതിരെ ഭദ്രയും സുല്‍ഫത്തും ഒരു വീഡിയോ ചെയ്തിരുന്നു. അന്ന് റിലേഷന്‍ഷിപ്പില്‍ അയാള്‍ ഇമോഷണലി അബ്യൂസ് ചെയ്തു എന്ന് പറഞ്ഞിരുന്നു. ഒരു ക്വിയര്‍ വ്യക്തി അബ്യൂസ് നടന്നുവെന്ന് പറയുമ്പോള്‍ അതിനെ സമൂഹം എടുക്കുന്ന ഒരു രീതിയില്‍ വ്യത്യാസം ഇണ്ടെന്ന് തോന്നിയിട്ടുണ്ടോ?

A

പവി ശങ്കറുമായിട്ടുള്ള വിഷയം ഞാന്‍ എന്റെ ക്വിയര്‍ ഐഡന്റിറ്റി വെളിപ്പെടുത്തിയതിനു മുന്‍പേ സംഭവിച്ചതായിരുന്നു. അത് ഞാന്‍ ക്വിയര്‍ വ്യക്തി എന്ന നിയലയില്‍ അല്ല മറിച്ച് ഒരു സ്ത്രീ ആയതുകൊണ്ട് നേരിട്ട പ്രശ്‌നമായിരുന്നു. ഭദ്രയാണെങ്കിലും ഞാന്‍ ആണെങ്കിലും നേരിട്ട പ്രശ്‌നങ്ങള്‍, സിവിക് ചന്ദ്രനെതിരെ മീറ്റൂ പറഞ്ഞ സ്ത്രീയും, വിജയ് ബാബുവിനെതിരെ മീറ്റൂ പറഞ്ഞ സ്ത്രീയും അനുഭവിക്കുന്നത് പോലെ ഇവിടെ ഏതൊരു മീറ്റൂ പറയുന്ന സ്ത്രീയും നേരിടുന്ന പ്രശ്‌നങ്ങളാണ്.

എന്റെ അടുത്ത സുഹൃത്ത് വലയത്തിലെ തന്നെ പലരും പവി ശങ്കറിന്റെ വരകള്‍ ഇപ്പോഴും ഷെയര്‍ ചെയ്യുകയും അയാള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഗസ്റ്റായും പോകുന്നുണ്ട്. ഇപ്പോഴും അയാള്‍ക്ക് ആരാധകരുണ്ട്. ഇവിടെ സ്ത്രീകള്‍ എല്ലാവരും ഇതുതന്നെയാണ് അനുഭവിക്കുന്നത്. പിന്നെ തീര്‍ച്ചയായിട്ടും ഇവിടെ LGBTQIA+ കമ്മ്യൂണിറ്റിയില്‍ ആളുകള്‍ ചൂഷണം നേരിടുമ്പോള്‍ അവരെ സ്വീകരിക്കുക കുറവാണ്.

എനിക്ക് പവി ശങ്കറുമായുണ്ടായ പ്രശ്‌നം രണ്ട് വര്‍ഷം മുന്നേ സംഭവിച്ചതാണ്. നേരിട്ട പ്രശ്‌നങ്ങള്‍ ഞാന്‍ വളരെ എളുപ്പത്തോടെ കൈകാര്യം ചെയ്തുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നീട് ഭദ്രയും മറ്റു പെണ്‍കുട്ടികളുമായി സംസാരിച്ചപ്പോള്‍ ആണ് അവരോടൊപ്പം നില്‍ക്കേണ്ടത് ഞാന്‍ ചെയ്യേണ്ട മര്യാദയാണെന്ന് എനിക്ക് മനസിലായത്. അതിന് ശേഷമാണ് ഞാനും ഭദ്രയും വീഡിയോ ചെയ്യാന്‍ തീരുമാനിച്ചത്. പിന്നീട് ഭവാനിയെ പോലെയുള്ള ഒരുപാട് ആളുകള്‍ ഞങ്ങളെ പിന്തുണച്ചെങ്കിലും അത് ഞാന്‍ നേരത്തെ പറഞ്ഞ പോലെ എനിക്ക് ചുറ്റുമുള്ളവര്‍ എനിക്കൊന്നും സംഭവിക്കാന്‍ അനുവദിക്കില്ല എന്ന ഒരു പ്രിവിലേജ് ആണ്. അതിന് സാധിക്കാത്ത പലരും ഉണ്ട്.

ഇതില്‍ വേദനാജനകമായ ഒന്ന് അലൈ ആയിട്ടുള്ളവരില്‍ നിന്ന് തന്നെ എനിക്കും ഭദ്രക്കും തിരിച്ചടി കിട്ടിയിട്ടുണ്ട് എന്നതാണ്. സുഹൃത്തുക്കള്‍ അയാളുടെ ആര്‍ട്ട് വര്‍ക്ക് ഷെയര്‍ ചെയ്യുന്നത് കണ്ടപ്പോള്‍ ഇത് ഒരു തരത്തില്‍ ഉള്ള വയലന്‍സ് ആണെന്നാണ് ഞാന്‍ മനസിലാക്കിയത്. ഇയാള്‍ ഇങ്ങനെയൊരു വ്യക്തിയാണെന്നറിഞ്ഞിട്ടും അയാള്‍ ചെയ്തതെന്തെന്നറിഞ്ഞിട്ടും അയാളുടെ കല പങ്കുവെക്കുന്നത് അതിജീവിതര്‍ക്കെതിരെ നില്‍ക്കുന്ന രീതിയില്‍ ആണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

Q

ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങളാണോ സമാനമായ സാഹചര്യങ്ങളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നു പോകുന്നവരെ സഹായിക്കണമെന്ന തീരുമാനത്തിലെത്തിക്കുന്നത്?

A

നമ്മള്‍ക്ക് സഹാനുഭൂതിയുള്ളതുകൊണ്ട് ആണ് നമ്മള്‍ ഒരാള്‍ക്കൊപ്പം നില്‍ക്കുന്നത്. സ്ത്രീകള്‍ പലയിടത്തുനിന്നും മാനസികമായി ചൂഷണം നേരിട്ടവരാവാം. എന്നാല്‍ മിക്ക സ്ത്രീകളും അവരുടെ ജീവിതത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സെക്ഷ്വല്‍ അബ്യൂസ് നേരിട്ടിട്ടുണ്ടാവും. അതുകൊണ്ട് തന്നെ സ്ത്രീകളോ ക്വിയര്‍ വ്യക്തികളോ ഇങ്ങനെയുള്ള അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ റിലേറ്റ് ചെയ്യാന്‍ എളുപ്പമാണെന്ന് തോന്നിയിട്ടുണ്ട്. പിന്നെ സഹാനുഭൂതി ഉള്ളതുകൊണ്ട് തന്നെയാണ് ഞാന്‍ അവരെ സഹായിക്കാന്‍ തീരുമാനിച്ചത്.

Q

എല്ലാത്തിനുമുപരി സുല്‍ഫത്ത് ഒരു എഴുത്തുകാരിയാണ്. എങ്ങനെയാണ് എഴുത്തിലേക്കെത്തുന്നത്? തന്റെ എഴുത്തിലൂടെ പറയാന്‍ ആഗ്രഹിക്കുന്നതെന്താണ്?

A

ഞാന്‍ ചെറുതായിരുന്നപ്പോള്‍ വീട്ടില്‍ ഉമ്മിയുമായിട്ടായിരുന്നു കൂട്ടെങ്കിലും ഉമ്മി പല ആവശ്യങ്ങള്‍ക്കായി പുറത്ത് പോകുമ്പോളും കോളേജ് ജീവിതത്തിലും ഞാന്‍ അനുഭവിച്ച ഏകാന്തതയെ നേരിടാന്‍ ആണ് എഴുത്തും വായനയും തുടങ്ങിയത്. അത് ഒരു കോപ്പിംഗ് മെക്കാനിസം ആയാണ് തുടങ്ങിയത്. രാഷ്ട്രീയപരമായി ഞാന്‍ എഴുതുന്നത് വളരെ കുറവാണ്, ഞാന്‍ ഫിക്ഷന്‍ ആണ് എഴുതുന്നത്. അതില്‍ രാഷ്ട്രീയം വരാറുണ്ടെങ്കിലും ഞാന്‍ അതിനെ കൂടുതല്‍ പ്രൊജക്റ്റ് ചെയ്യാറില്ല.

Related Stories

No stories found.
logo
The Cue
www.thecue.in