എന്റെ ജീവിതം തന്നെയാണ് ഭരണകൂടമില്ലാതാക്കിയത്: റെയ്ഹാനത്ത് സിദ്ദീഖ് കാപ്പൻ

എന്റെ ജീവിതം തന്നെയാണ് ഭരണകൂടമില്ലാതാക്കിയത്: റെയ്ഹാനത്ത് സിദ്ദീഖ് കാപ്പൻ
Summary

റെയ്ഹാനത്ത് സിദ്ദീഖ് കാപ്പൻ സംസാരിക്കുന്നു

Q

സിദ്ദിഖ് കാപ്പനില്ലാത്ത രണ്ടു വർഷവും നാല് മാസവുമാണ് കടന്നു പോയത്. നിങ്ങളും കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളു. വലിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ സിദ്ദിഖ് കാപ്പൻ തിരിച്ചു വരികയാണ്. എന്താണ് ഇപ്പോൾ തോന്നുന്നത്?

A

ഇപ്പോൾ ഞാൻ വളരെ സന്തോഷത്തിലാണ്. ഒന്നും അവസാനിച്ചിട്ടൊന്നുമില്ല. നിയമപരമായി ഇനിയും മുന്നോട്ടു പോകാനുണ്ട്. ചെറിയ കേസൊന്നുമല്ലല്ലോ, യു.എ.പി.എ കേസ് ആയിരുന്നല്ലോ ചാർത്തിയത്. അതിൽ നിന്ന് ജാമ്യം നേടി പുറത്തേക്കു വരിക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരിക്കൽ നമ്മൾ അതിൽ പെട്ട് കഴിഞ്ഞാൽ പിന്നെ പുറത്തുവരൽ ബുദ്ധിമുട്ടാണ്. അദ്ദേഹം തെറ്റുകാരനല്ലാത്തതു കൊണ്ട് തന്നെയാണ് ഈ പോരാട്ടങ്ങൾക്കെല്ലാമൊടുവിൽ അദ്ദേഹത്തിന് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്. ഇപ്പൊ കാപ്പൻ അടുത്തുണ്ട് എന്ന സന്തോഷത്തിലും സമാധാനത്തിലുമാണ്.

Q

വളരെ സാധാരണമായ ഒരു ജീവിതം നയിക്കുന്ന ഒരാളെ സംബന്ധിച്ച് ഡൽഹിയിലും യു.പിയിലും പോയി കേസ് നടത്തുക എന്നത് വലിയ വെല്ലുവിളിയും, ഭയവും ഒക്കെ ഉണ്ടാക്കാൻ സാധ്യതയുണ്ടല്ലോ. കാപ്പൻ പെട്ടന്നൊരു ദിവസം ജയിലിലേക്ക് പോകുന്നതോടെ മുഴുവൻ ഫൈറ്റും നിങ്ങൾ നേരിട്ട് നടത്തുകയാണല്ലോ. അതിനെ എങ്ങനെയാണ് ഓർത്തെടുക്കുന്നത്?

A

ഞാൻ മലപ്പുറത്ത് ഒരു തനി ഗ്രാമപ്രദേശത്ത് ജീവിക്കുന്ന വ്യക്തിയാണ്, എന്റെ വീട്, കാപ്പന്റെ വീട്, ഉമ്മ, കുട്ടികൾ, കാപ്പൻ. ഇതിനപ്പുറത്ത് ഒരു ലോകം എനിക്കില്ലായിരുന്നു. അതിനർത്ഥം എനിക്ക് പുറംലോകവുമായി ഒരു ബന്ധവുമില്ല എന്നല്ല. ഞാൻ പത്രങ്ങൾ വായിക്കാറുണ്ട്. ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയുന്നുണ്ട്. കാര്യങ്ങളറിയാം എന്നതിനപ്പുറം പുറം ലോകവുമായി വലിയ ബന്ധങ്ങളൊന്നും എനിക്കില്ല. പക്ഷെ ഇത്രയും വലിയൊരു നീതികേടു കാണിക്കുമ്പോൾ, അതും എന്റെ ജീവിതം തന്നെയാണ് ഇല്ലാതാക്കിയത്. കരഞ്ഞിരുന്നത്കൊണ്ടൊന്നും ഒരു കാര്യവുമില്ല. കരയാനാണെങ്കിൽ ഞാൻ കരഞ്ഞുകൊണ്ടേയിരിക്കും, പക്ഷെ കരഞ്ഞിരുന്നിട്ട് ഒരു കാര്യവുമില്ല എന്നെനിക്ക് മനസിലാവുകയായിരുന്നു.

എണീറ്റ് നിൽക്കണമായിരുന്നു. മക്കളുണ്ട്, അന്ന് കാപ്പന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ട് അവരുടെ എല്ലാം മുന്നിൽ ഞാൻ എണീറ്റ് നിന്നെ മതിയാകുമായിരുന്നുള്ളു. ഞാൻ തളർന്നിരുന്നാൽ ആരാണ് അവരുടെ കാര്യങ്ങൾ നോക്കാൻ? ഞാൻ എണീറ്റ് നിന്നാൽ മാത്രമേ ബാക്കിയുള്ളവരും എണീക്കൂ എന്നെനിക്ക് അറിയാമായിരുന്നു. കാപ്പന് വേണ്ടി ഫൈറ്റ് ചെയ്യണം. എല്ലാം മറ്റൊരാളെ ഏല്പിച്ചിട്ട് കാര്യമില്ല, ഞാനാണല്ലോ ഇത് ചെയ്യേണ്ടത്. എനിക്ക് ഇങ്ങനെ ഇതിനു പുറകെ ഓടാൻ കഴിയുന്നതിന് ഒരു കാരണമേ ഉള്ളു. അത് കാപ്പൻ നിരപരാധിയാണെന്നുള്ള ഉറച്ച ബോധമാണ്.

ഞാൻ പറയുന്നതിലൊന്നും ഒരു വ്യത്യാസവുമില്ല. അന്ന് പറഞ്ഞത് തന്നെയാണ് ഞാൻ ഇന്നും പറയുന്നത്. കാപ്പൻ നിരപരാധിയാണ്. ഒരു മാധ്യമപ്രവർത്തകനാണ്. ആ സാധുവിനെ ജയിലിലടയ്ക്കുമ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ല. കോടതിയും നിയമവും ഒന്നും എന്താണെന്നെനിക്കറിയില്ലായിരുന്നു. വേങ്ങരയാണ് ഞാൻ താമസിക്കുന്നത്. വേങ്ങര പോലീസ് സ്റ്റേഷനിൽ പോലും ഞാൻ കയറിയിട്ടില്ലായിരുന്നു. പക്ഷെ ഇവിടെ ഞാൻ കേസ് പഠിച്ചു കൊണ്ടേ ഇരുന്നു. അതിന്റെ പിന്നാലെ ഓടിക്കൊണ്ടേ ഇരുന്നു. ഏതു സംസ്ഥാനമാണെന്നോ ഏതു ഭാഷയാണെന്നോ ഒന്നും നോക്കിയിട്ടില്ല. എന്റെ ജീവനാണ് ജയിലിൽ കിടക്കുന്നത്.

Q

രണ്ടുവർഷം മാറി നിന്നതിനു ശേഷം മടങ്ങി വരുന്ന സിദ്ദിഖ് കാപ്പന്റെ ആരോഗ്യത്തിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന് പല റിപ്പോർട്ടുകളിൽ പറഞ്ഞുകൊണ്ടിരുന്നു. മടങ്ങി വന്ന സിദ്ദിഖ് കാപ്പൻ ആരോഗ്യവാനാണോ?

A

കാപ്പൻ ആരോഗ്യവാനാണോന്ന് ചോദിച്ചാൽ കാപ്പന്റെ മനസിന്റെ ധൈര്യം കൊണ്ട് അയാൾ എണീറ്റ് നിൽക്കുന്നുണ്ട്. കാപ്പൻ ഒരുപാട് ചെറുതിലേ പ്രമേഹരോഗിയാണ്. കൊളസ്ട്രോളുമുണ്ടായിരുന്നു. അദ്ദേഹം ജയിലിൽ വച്ച് കോവിഡ് വന്നു, അതിനു ശേഷം വീണു. ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ജയിലിലായതിനു ശേഷം ഒരു ചികിത്സയുമില്ലാതെയാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. പോരാത്തതിന് ഷുഗറിന്റെ മരുന്ന് പോലും കഴിച്ചിരുന്നില്ല. ഞാൻ അയച്ചു കൊടുത്തിരുന്ന മരുന്ന് അവർ കൊടുത്തിരുന്നില്ല. അവിടെ നിന്ന് കൊടുക്കുന്ന മരുന്ന് മാത്രമേ കഴിക്കാൻ കഴിയുമായിരുന്നുള്ളൂ. അവിടെ ചിലപ്പോൾ മരുന്ന് കൊടുക്കുന്നത് ജയിൽ പുള്ളികൾ തന്നെയായിരിക്കും. അവർക്ക് എന്ത് മരുന്നാണിത് എന്നൊന്നും അറിയുമായിരിക്കില്ല. പലപ്പോഴും പ്രമേഹത്തിനു പാരസെറ്റാമോൾ ഗുളികകളായിരുന്നു അദ്ദേഹത്തിന് കൊടുത്തിരുന്നത്. കൊടുക്കുന്നവർക്ക് ഇതൊന്നും വായിച്ച് മനസിലാക്കാൻ കഴിയുമായിരുന്നില്ല. നമുക്ക് അത് വായിക്കാനറിയുന്നതുകൊണ്ട് അത് വാങ്ങി കഴിക്കാതിരിക്കും. കൃത്യമായ ചെക്ക് അപ്പ് നടത്തിയാൽ മാത്രമേ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നമുക്ക് അറിയാൻ കഴിയൂ.

Q

ഈ വിഷയത്തിൽ നേരത്തെ ഉണ്ടായിരുന്ന ആരോപണം, മലയാളി ജേർണലിസ്റ്റുകൾ തന്നെയാണ് കാപ്പനെതിരെ മൊഴിനൽകിയത് എന്നതായിരുന്നല്ലോ. പുറത്തിറങ്ങുന്ന ഈ സന്ദർഭത്തിൽ അവരെ കുറിച്ച് എന്താണ് പറയാനുള്ളത്.

A

അവരെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. അങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ അവർക്കറിയാമല്ലോ. അവർ ചിന്തിക്കുക. ആരെങ്കിലുമുണ്ടോ എന്ന് എനിക്കറിയില്ല. കാപ്പൻ ആരോടും ഒരു ശത്രുതയും ഉള്ള മനുഷ്യനല്ല. അത് ഡൽഹിയിൽ ആണെങ്കിലും ഇവിടെയാണെങ്കിലും. പത്രപ്രവർത്തകർക്കിടയിലും നല്ല സൗഹൃദം നിലനിർത്തുന്ന ആളാണ് കാപ്പൻ. ഇനി അങ്ങനെ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് അവർ മനസ്സിലാക്കട്ടെ.

Q

സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനോടൊപ്പം ചേർത്ത് തന്നെ പറയാൻ കഴിയുന്നതാണ്, ഭീമൻ കോരേഗാവ് കേസുമായി ബന്ധപ്പെട്ട് നിരവധി ജേർണലിസ്റ്റുകളും, എഴുത്തുകാരും അക്കാഡമീഷ്യന്മാരും ജയിലിൽ കിടക്കുന്നത്. അങ്ങനെ മനുഷ്യാവകാശം നിഷേധിക്കപ്പെട്ട മറ്റനേകം പേര് ജയിലിൽ കിടക്കുമ്പോഴാണല്ലോ സിദ്ദിഖ് കാപ്പൻ പുറത്തിറങ്ങുന്നത്. അതിനെ എങ്ങനെയാണു കാണുന്നത്?

A

ഒരാൾ പുറത്തിറങ്ങുമ്പോൾ ഇതുപോലെ നീതി നിഷേധിക്കപ്പെട്ട എത്രപേരാണ് അകത്ത് കിടക്കുന്നതെന്ന് ഞാൻ ഇപ്പോഴും ആലോചിക്കുന്ന കാര്യമാണ്. കാപ്പന്റെ കാര്യം മാത്രമല്ല. നിരപരാധികൾക്കുള്ളതല്ല ജയിൽ. നിരപരാധിയായ ഏതൊരു മനിഷ്യനും അകത്ത് കിടക്കുന്നത് നമുക്ക് വിഷമമുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഇവരെല്ലാവരും ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളുമുള്ള ആളുകളാണ്.

Q

745 ദിവസങ്ങൾക്ക് ശേഷം സിദ്ദിഖ് കാപ്പൻ പുറത്തിറങ്ങുമ്പോൾ, എല്ലാം അവസാനിക്കുകയല്ലല്ലോ, ഇനിയും ഒരുപാട് ഫൈറ്റ് മുന്നിലുണ്ടല്ലോ. പക്ഷെ ഇപ്പൊ ഒറ്റയ്ക്കല്ല, കാപ്പനും കൂടെയുണ്ട്. മുന്നോട്ട് നോക്കുമ്പോൾ എന്താണ് പ്രതീക്ഷകൾ

A

ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്റെകൂടെ ഇപ്പോൾ കാപ്പനുണ്ട് എന്നതാണ്. നിയമപരമായി മുന്നോട്ട് പോകും. അദ്ദേഹത്തിന്റെ നിരപരാധിത്വം പൂർണ്ണമായും മനസിലാക്കി അദ്ദേഹത്തെ കോടതി പൂർണ്ണമായും വെറുതെ വിടും എന്നാണ് പ്രതീക്ഷ. അത് വൈകാതെ സംഭവിക്കണം എന്നതാണ് പ്രധാനം. ജാമ്യം ലഭിച്ചത് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്, എന്റെ കൂടെ താങ്ങും തണലുമായി നിന്ന ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഒരുപാട് മാധ്യമപ്രവർത്തകർ, കപിൽ സിബൽ സർ, ഹാരിസ് ബീരാൻ സർ ഇവരോടൊന്നുമുള്ള നന്ദി പറഞ്ഞാൽ തീരില്ല. കപിൽ സിബൽ സാറൊക്കെ ഒരു രൂപ പോലും ഞങ്ങളുടെ കയ്യിൽ നിന്ന് വാങ്ങാതെയാണ് കേസ് വാദിച്ചത്. ഇനി കൊടുക്കണമെന്ന് കരുതിയാൽ തന്നെ ഞാൻ ഇവിടന്ന് എടുത്ത് കൊടുക്കും? ബാക്കി ചെലവുകൾക്ക് തന്നെ മറ്റു കുടുംബക്കാരെയാശ്രയിക്കുന്ന അവസ്ഥയാണ്. നമ്മളോട് ഐക്യപ്പെട്ട മുഴുവൻ ആളുകളോടും നന്ദിയുണ്ട്. ഐക്യപ്പെടാത്തവരെ കുറിച്ച് ഞാനിപ്പോൾ ചിന്തിക്കുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in