കിഴക്കമ്പലത്ത് കണ്ടത് തൊഴിലാളികളെ തെറ്റിധരിപ്പിച്ചതിന്റെ ദാരുണ ഫലം

കിഴക്കമ്പലത്ത് കണ്ടത് തൊഴിലാളികളെ തെറ്റിധരിപ്പിച്ചതിന്റെ ദാരുണ ഫലം

കിറ്റക്‌സില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലെ ശോചനീയ അവസ്ഥ പുറത്ത് വന്നതിന് പിന്നാലെ മാസങ്ങള്‍ നീണ്ട് നിന്ന വിവാദങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കിറ്റക്‌സിന്റെ കിഴക്കമ്പലത്തെ ഓഫീസില്‍ നടത്തിയ റെയ്ഡിന് പിന്നാലെ കേരളം വ്യവസായ സൗഹൃദമല്ലെന്ന വലിയ പ്രചരണങ്ങള്‍ ഉണ്ടാകുകയും കിറ്റക്‌സ് എം.ഡി സാബു എം.ജേക്കബ് കേരളത്തില്‍ ഇനി നിക്ഷേപത്തിനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അന്ന് നടന്ന സംഭവങ്ങളുടെ തുടര്‍ച്ച തന്നെയാണ് ക്രിസ്മസ് രാത്രി ദിനത്തില്‍ നടന്ന സംഘര്‍ഷത്തിന് പിന്നിലെന്നും മാനേജ്‌മെന്റ് തൊഴിലാളികളെ വലിയ രീതിയില്‍ തെറ്റിധരിപ്പിച്ചെന്നും പറയുകയാണ് കുന്നത്ത്‌നാട് എം.എല്‍.എ പി.വി ശ്രീനിജന്‍.

മാനേജ്‌മെന്റിന്റെ ഭാഗത്ത് ഗുരതുര വീഴ്ച

കിറ്റക്‌സ് മാനേജ്‌മെന്റിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ട് എന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം. മൂന്ന് മാസം മുന്‍പ് സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ നിയമപ്രകാരമായിട്ടുള്ള പരിശോധനകള്‍ കിറ്റക്‌സില്‍ നടത്തിയപ്പോള്‍ ഇത്തരത്തിലുള്ള ഒട്ടനവധി വീഴ്ചകള്‍ കാണിച്ച് മാനേജ്‌മെന്റിന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് 74 ഓളം കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നോട്ടീസ് കൊടുത്തിട്ടുണ്ട്.

പക്ഷേ അന്ന് ഉന്നയിച്ച വീഴ്ചകളൊന്നും പരിഹരിക്കാനോ നിര്‍ദേശങ്ങള്‍ പാലിക്കാനോ മാനേജ്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. അതിന്റെ കൂടി പ്രശ്‌നമുണ്ട്.

കിഴക്കമ്പലത്ത് കണ്ടത് തൊഴിലാളികളെ തെറ്റിധരിപ്പിച്ചതിന്റെ ദാരുണ ഫലം
കിറ്റെക്സ്‌ ‘മഴു എറിഞ്ഞു’ ഉണ്ടാക്കി എടുത്ത ഒന്നല്ല കേരള ബ്രാന്‍ഡ്
കിഴക്കമ്പലത്ത് കണ്ടത് തൊഴിലാളികളെ തെറ്റിധരിപ്പിച്ചതിന്റെ ദാരുണ ഫലം
തൊഴുത്തിനേക്കാള്‍ മോശം, കുടുസുമുറിയും അഴുക്കും; മനുഷ്യത്വമില്ലായ്മയുടെ ദുര്‍ഗന്ധമുള്ള കിറ്റക്സിന്റെ മരുഭൂമി ക്വാര്‍ട്ടേഴ്സ്

ഇതര സംസ്ഥാന തൊഴിലാളികള്‍ പലരും പല ബാക്ക് ഗ്രൗണ്ടില്‍ നിന്ന് വരുന്നവരാണ്. അവിടെ നിയമപ്രകാരം വിവിധ തരം പരിശോധനകള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് മനസിലാക്കിയാല്‍ ഇത്തരം അക്രമ സംഭവങ്ങളൊന്നും ആവര്‍ത്തിക്കാന്‍ സാധ്യതയില്ല.

മാനേജ്‌മെന്റ് കൊടുത്ത തെറ്റായ സന്ദേശത്തിലൂടെ പൊലീസിനെ വരെ ആക്രമിക്കുന്ന തരത്തിലേക്ക് ആരാണ് ഇവര്‍ക്ക് ആത്മവിശ്വാസം നല്‍കിയത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പൊതുവികാരം പാടില്ല

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ഒരു പൊതുവികാരം ഇതിനകത്ത് ഉയര്‍ത്തിവിടാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ശരിയല്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്.

പക്ഷേ ഒറ്റപ്പെട്ട സംഭവമാണെന്ന് പറയുമ്പോള്‍ പോലും ശരിയായ രീതിയിലുള്ള പരിശോധനകള്‍ എല്ലാ സ്ഥലത്തും നടക്കണം. കേരളത്തില്‍ ഒട്ടനവധി അതിഥി തൊഴിലാളികള്‍ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും വരുന്നുണ്ട്. അവരെല്ലാം വളരെ മര്യാദക്ക് ജീവിക്കുന്നവരാണ്.

തൊഴിലെടുത്ത് കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് അവര്‍ നല്‍കുന്ന പങ്ക് നമുക്കാര്‍ക്കും തള്ളികളയാന്‍ കഴിയില്ല. പക്ഷേ അതില്‍ ഒരു വിഭാഗം ഇത്തരത്തില്‍ എന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ അത് പൊതുവായി ചിത്രികരിക്കേണ്ട കാര്യമില്ല.

അക്രമത്തിന് പിന്നില്‍ മാനേജ്‌മെന്റിന്റെ വ്യാജ പ്രചരണം

ഇവിടെ സംഭവിച്ചത് ശരിയായ രീതിയിലുള്ള പരിശോധനകള്‍ യഥാക്രമം നടത്തി കഴിഞ്ഞപ്പോള്‍ മാനേജ്‌മെന്റ് വ്യവസായ സൗഹ്യദ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്ന തരത്തില്‍ വലിയൊരു പ്രചരണം നടത്തി.

ഇനി ഇത്തരത്തിലുള്ള ഒരു പരിശോധനയും ഫാക്ടറിയുടെ അകത്തോ ഫാക്ടറി പ്രിമൈസസിലോ ഉണ്ടാകില്ലെന്നൊരു സന്ദേശം ഈ തൊഴിലാളികള്‍ക്ക് കൊടുത്തതിന്റെ ദുരന്തഫലമാണ് സത്യത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ദാരുണമായ സംഭവം.

അതുകൊണ്ട് തന്നെ സമയബന്ധിതമായും നിയമപ്രകാരമായിട്ടുള്ള പരിശോധനകള്‍ നടത്താന്‍ എല്ലാവരും തയ്യാറാകണം. അതിന് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും നമ്മളെ പോലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് ഇല്ല.

ഇവിടെ സമാധാനമായി ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അത് അതിഥി തൊഴിലാളികള്‍ക്കുമുണ്ട്. സമയബന്ധിതമായിട്ടും നിയമപ്രകാരമുള്ള പരിശോധനകളാവശ്യമാണ്. അതിനെ എല്ലാവരും അനുകൂലിക്കുകയാണ് വേണ്ടത്.

ട്വന്റി 20 നടപ്പിലാക്കുന്നത് പഴയ അയിത്തത്തിന്റെ പുതിയ രൂപം

പഴയ അയിത്തത്തിന്റെ പുതിയ രൂപമാണ് ട്വന്റി 20യും കിറ്റക്‌സ് മാനേജ്‌മെന്റും നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. അവര്‍ക്കിഷ്ടമില്ലാത്ത ആളുകളുടെ അടുത്ത് സഹകരിക്കാതിരിക്കുക, ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുക, വികസന പ്രശ്‌നങ്ങളില്‍ അവരുടേതായ നിലപാട്, മറ്റ് രാഷ്ട്രീയ കക്ഷികള്‍ക്കോ പൊതുപ്രവര്‍ത്തകര്‍ക്കോ എതിരായി വ്യാജമായ പ്രചരണങ്ങള്‍, ഇന്ന് അതെല്ലാം പൊതു സമൂഹത്തിന്റെ മുന്നില്‍ വലിയ ചര്‍ച്ചയാകുകയാണ്.

കഴിഞ്ഞ കൊവിഡ് സമയത്ത് സ്ത്രീ തൊഴിലാളികള്‍ വലിയ പ്രക്ഷോഭമുണ്ടാക്കി ഇറങ്ങി പോരുന്ന ഒരു വീഡിയോ എനിക്കിപ്പോളാണ് ഒരാള്‍ അയച്ചു തന്നത്.

ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പുറത്തു കൊണ്ടുവരാനുള്ള ധൈര്യം അവിടെ ജോലി ചെയ്യുന്നവരുള്‍പ്പെടെ കാണിച്ചുതുടങ്ങി. നേരത്തെ ഇവരെയാരും സംരക്ഷിക്കുന്നില്ല എന്നുള്ള പരാതി ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ഇപ്പോള്‍ അത്തരം പരാതികള്‍ അവര്‍ അയച്ചു തന്നുതുടങ്ങി.

പൊതുസമൂഹം തിരിച്ചറിഞ്ഞു തുടങ്ങി

പലപ്പോഴും പൊതുസമൂഹത്തിന്റെ മുമ്പില്‍ ഇവര്‍ മുന്നോട്ട് വെച്ച കുറച്ച് ഇല്ലാത്ത കാര്യങ്ങളുണ്ട്. അറിഞ്ഞോ അറിയാതെയോ പൊതുസമൂഹം അതൊക്കെ വിശ്വസിച്ചിരുന്ന സമയം ഉണ്ട്.

പക്ഷേ ഇപ്പോള്‍ അതിന് വിഭിന്നമായി ഒത്തിരി വാര്‍ത്തകള്‍ പുറത്തവന്നു. ഇന്ന് തന്നെ അവിടെ ജോലി ചെയ്ത ഒരാള്‍ എന്നെ വിളിച്ചു.

സാറേ ഞങ്ങള്‍ ഇത് പറഞ്ഞു കഴിഞ്ഞാല്‍ എന്ത് സംരക്ഷണമാണ് ഞങ്ങള്‍ക്ക് ലഭിക്കുക എന്നാണ് അവര്‍ ചോദിക്കുന്നത്. ഇപ്പോള്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മാത്രമാണ് അന്വേഷണം നടത്തിയിരിക്കുന്നത്. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റും ഇതില്‍ അന്വേഷണം നടത്തണം.

Related Stories

No stories found.
logo
The Cue
www.thecue.in