മസ്തിഷ്‌ക മരണത്തിലൂടെയുള്ള അവയവദാനം കുറഞ്ഞു; വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ പത്ത് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും

മസ്തിഷ്‌ക മരണത്തിലൂടെയുള്ള അവയവദാനം കുറഞ്ഞു; 
വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ പത്ത് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും
Summary

അവയവം മാറ്റിവെക്കുന്നതിനായി കാത്തിരിക്കുന്നവരുടെ എണ്ണം കേരളത്തില്‍ കൂടി വരികയാണ്. മസ്തിഷ്‌ക മരണാനന്തര അവയവ ദാനമാണ് ഇതിനുള്ള പരിഹാരം. എന്നാല്‍ ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസഷന്‍ (കെസോട്ടോ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ നോബിള്‍ ഗ്രീഷ്യസ് സംസാരിക്കുന്നു.

കേരളത്തില്‍ അവയവത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നു

കേരളത്തില്‍ അവയവത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. അവയവം കിട്ടാനുള്ള പ്രയാസമാണ് ഇതിന് കാരണം. ബന്ധുക്കള്‍ നല്‍കുന്നതായാലും ബന്ധുവേതര അവയവദാനമായാലും മസ്തിഷ്‌ക മരണം വഴിയുള്ളതായാലും അനുയോജ്യമായ അവയവം ലഭിക്കണം. കിട്ടുന്ന അവയവം രോഗിയുടെ ശരീരം തിരസ്‌കരിക്കാത്തതായിരിക്കണം. അതില്ലാത്തതാണ് അവയവത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണം.

മൂന്ന് തരത്തിലാണ് അവയവ ദാനം നടക്കുന്നത്. രക്ത ബന്ധുക്കള്‍, സുഹൃത്തുക്കളോ ലാഭേച്ഛയില്ലാതെയോ തയ്യാറാകുന്നവര്‍, മസ്തിഷ്‌ക മരണം വഴിയുള്ളത്. കേരളത്തില്‍ കൂടുതലും അണുകുടുംബങ്ങളാണ്. അതില്‍ ഒന്നോ രണ്ടോ മക്കളും അച്ഛനും അമ്മയും കാണും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്നത് പ്രമേഹത്തിനെ തുടര്‍ന്നുള്ള വൃക്ക രോഗമാണ്. അത് മിക്കവാറും പാരമ്പര്യമായി കിട്ടുന്ന രോഗമാണ്. ആ കുടുംബത്തില്‍ നിന്നും ഒരാള്‍ വൃക്ക രോഗിയായാല്‍ അവയവം നല്‍കാന്‍ കഴിയുന്നവര്‍ കുടുംബത്തില്‍ വളരെ കുറവായിരിക്കും. രക്ത ഗ്രൂപ്പ് യോജിക്കുകയും വേണം. അതും ശരിയായില്ലെങ്കില്‍ പിന്നെ ബന്ധുക്കളല്ലാത്ത ഒരാളെ കണ്ടെത്തേണ്ടി വരും.

ലാഭേച്ഛയില്ലാത്ത അവയവദാനം എത്രത്തോളം നടക്കുന്നുണ്ടെന്ന് പറയാന്‍ കഴിയില്ല. ബന്ധുക്കളല്ലാത്തവരുടെ അവയവ ദാനം നടക്കണമെങ്കില്‍ അവര്‍ ഓതറൈസേഷന്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരായി ഈ അവയവ കൈമാറ്റത്തില്‍ ഡോണര്‍ക്ക് യാതൊരു വിധത്തിലുള്ള സാമ്പത്തിക ലാഭവുമില്ലെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും സ്വീകര്‍ത്താവും ദാതാവും തമ്മില്‍ സൗഹൃദമോ പരിചയമോ ഉണ്ടെന്ന് വ്യക്തമാകുന്ന സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. അത് ഓതറൈസേഷന്‍ കമ്മിറ്റിക്ക് ബോധ്യപ്പെട്ടില്ലെങ്കില്‍, സ്വീകര്‍ത്താവ് വലിയ സാമ്പത്തിക നിലയിലുള്ള ആളും ദാതാവ് പാവപ്പെട്ട ആളുമാണെങ്കില്‍ ഇതില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നും.

ദാതാവും സ്വീകര്‍ത്താവും തമ്മില്‍ ജിയോഗ്രഫിക്കലി വളരെ ദൂരമുണ്ടെങ്കിലും ഇവരുടെ പരിചയം സംബന്ധിച്ചുള്ള സംശയം ഉയരും. ഇത്തരം ചില റെഡ് സിഗ്നലുകള്‍ വെച്ചാണ് ഓതറൈസേഷന്‍ കമ്മിറ്റി അപേക്ഷ നിരസിക്കുന്നത്. പക്ഷേ കുറച്ച് പേരുടെയെങ്കിലും സത്യസന്ധത കണ്ട് കമ്മിറ്റി പാസാക്കി കൊടുക്കും. അവിടെയും സാമ്പത്തിക കൈമാറ്റം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള മെക്കാനിസം നമ്മള്‍ക്കില്ല.

വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ അവയവം കിട്ടാന്‍ ശരാശരി പത്ത് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും

മസ്തിഷ്‌ക മരണാനന്തര അവയവ ദാനമാണ് പിന്നെയുള്ള ഒരു മാര്‍ഗം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു വര്‍ഷം 20-25 എണ്ണമാണ് നടക്കുന്നത്. ആവശ്യക്കാരുടെ എണ്ണം രണ്ടായിരത്തിന് മുകളിലും. ഇങ്ങനെ പോകുകയാണെങ്കില്‍ അവയവം കിട്ടാന്‍ ശരാശരി പത്ത് വര്‍ഷമെങ്കിലും വെയിറ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കേണ്ടി വരും. വൃക്ക രോഗിയാണെങ്കിലും കരള്‍ രോഗിയാണെങ്കിലും ഇതിനിടയില്‍ മരണപ്പെടാനാണ് സാധ്യത. കാരണം ഡയാലിസിസിലൂടെയെല്ലാം പത്ത് വര്‍ഷമെല്ലാം ജീവിക്കുന്ന രോഗികളുടെ എണ്ണം വളരെ കുറവാണ്.

ഇത്തരം രോഗികളുടെ മോര്‍ട്ടാലിറ്റി റേറ്റ് വളരെ കൂടുതലാണ്. ദാതാവിന്റെ ദൗര്‍ലഭ്യം വികസ്വര രാജ്യങ്ങള്‍ മാനേജ് ചെയ്തത് മസ്തിഷ്‌ക മരണത്തെ കൈകാര്യം ചെയ്യാന്‍ മികച്ച സംവിധാനം ഉണ്ടാക്കിയിട്ടാണ്. ഐ.സി.യുവില്‍ കിടക്കുന്ന രോഗികള്‍ മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ അതൊരു സെന്‍ട്രല്‍ ഏജന്‍സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യും. അങ്ങനെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ആശുപത്രിക്കെതിരെ നടപടിയെടുക്കുന്നതിനായി നിയമനിര്‍മ്മാണം നടത്തിയ രാജ്യങ്ങള്‍ വരെയുണ്ട്. നാല് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം പരിശോധിച്ച് മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തി അവയവ ദാനത്തിന് പറ്റുന്ന ആളാണോയെന്ന് കണ്ടെത്തണം. എല്ലാ മസ്തിഷ്‌ക മരണത്തിലെയും ആളുകള്‍ അവയവ ദാതാവാകാന്‍ കഴിയുന്ന ആളായിരിക്കില്ല. അനുയോജ്യമായ സ്വീകര്‍ത്താവ് സംസ്ഥാനത്ത് എവിടെയാണുള്ളതെന്ന് കണ്ടെത്തി സമയബന്ധിതമായി അവയവ വിന്യാസം നടത്തണം.

അവയവ മാറ്റം എത്രത്തോളം വിജയകരമാണെന്നും രോഗി അതിന് ശേഷം എത്ര കാലം ജീവിച്ചുവെന്നും ഫോളോഅപ്പ് ചെയ്യണം. അവയവ മാറ്റത്തിന് ശേഷം രോഗികള്‍ അതിജീവിച്ചത് പരിശോധിച്ചിട്ടാണ് അവയവ മാറ്റത്തിന്റെ മറ്റ് നയങ്ങള്‍ ഇത്തരം രാജ്യങ്ങള്‍ തീരുമാനിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിക്കാണ് അവയവം നല്‍കുന്നതെങ്കില്‍ ആ രോഗി എത്ര നാള്‍ ജീവിച്ചുവെന്ന് പരിശോധിക്കും. അധിക കാലം ജീവിച്ചില്ലെങ്കില്‍ അത്തരം രോഗികള്‍ക്ക് ആദ്യം നല്‍കുന്ന പോളിസി പുനഃപരിശോധിക്കണം. അത്ര ഗുരുതരാവസ്ഥയിലല്ലാത്ത രോഗിക്ക് നല്‍കിയാല്‍ കുറച്ച് കൂടി പ്രയോജനപ്പെടുമെങ്കില്‍ അവര്‍ക്ക് നല്‍കണം. ഇങ്ങനെ നിരീക്ഷിച്ചിട്ടാണ് അവയവ വിന്യാസത്തിന്റെ പോളിസി തീരുമാനിക്കുന്നത്.

ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം റിപ്പോര്‍ട്ട് ചെയ്യുന്നില്ല

ഐ.സി.യുവില്‍ കിടക്കുന്ന രോഗികളുടെ മസ്തിഷ്‌ക മരണ നിര്‍ണയം കേരളത്തില്‍ നടക്കുന്നില്ല. ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അങ്ങനെ മരണം റിപ്പോര്‍ട്ട് ചെയ്താല്‍ വിദഗ്ധ സമിതി രൂപീകരിച്ച് സാക്ഷ്യപ്പെടുത്തേണ്ടത് ആശുപത്രികളുടെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം ആശുപത്രികളും ഏറ്റെടുക്കുന്നില്ല. വിദഗ്ധ സമിതി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ഇക്കാര്യം ബന്ധുക്കളെ അറിയിക്കണം. അവയവം ദാനം ചെയ്യണോ അതോ വെന്റിലേറ്ററില്‍ നിന്ന് മാറ്റണോ എന്നത് ബന്ധുക്കള്‍ തീരുമാനിക്കണം.

അവയവ ദാനം ചെയ്യാനുള്ള തീരുമാനം എടുക്കുന്നതിനായി ബന്ധുക്കള്‍ക്ക് നല്ല കൗണ്‍സിലിംഗ് നല്‍കണം. മസ്തിഷ്‌ക മരണം എന്താണെന്നും അതെങ്ങനെയാണ് നിര്‍ണയിക്കുന്നതെന്നുമുള്ള ശാസ്ത്രീയ വശങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുക്കണം. അവയവ ദാനത്തിനുള്ള വിമുഖതയുണ്ടാകാം. അതിനെ മറികടക്കാന്‍ അവരെ സഹായിക്കുകയാണ് ചെയ്യേണ്ടത്.

അവയവം ദാനം ചെയ്യാന്‍ കുടുംബങ്ങള്‍ തയ്യാറായാല്‍ ദാതാവിന്റെ ഹൃദയം നിന്നു പോകാതിരിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കി സര്‍ജറിക്കുള്ള ഒരുക്കങ്ങള്‍ നടത്തണം. തിയേറ്റര്‍ ഒരുക്കുന്നത് മുതല്‍ യോജിച്ച സ്വീകര്‍ത്താവിനെ കണ്ടെത്തുന്നത് വരെയുള്ള കാര്യങ്ങള്‍ ഇതിനിടെ നടക്കണം. ആശുപത്രികളില്‍ ഇക്കാര്യം അറിയിക്കണം. യോജിച്ച സ്വീകര്‍ത്താവിനെ കണ്ടെത്തിയാല്‍ അതിനുള്ള സര്‍ജറിക്കുള്ള സംവിധാനങ്ങളും ഒരുക്കണം. ദാതാവും സ്വീകര്‍ത്താവും തമ്മിലുള്ള ക്രോസ്മാച്ചിംഗ് ടെസ്റ്റ് നടത്തി യോജിച്ചതാണോയെന്ന് വ്യക്തമാകണം. അതിന് ശേഷം അവയവം എടുത്ത് മാറ്റി പാക്ക് ചെയ്ത് സ്വീകര്‍ത്താവുള്ള ആശുപത്രിയിലേക്ക് സമയബന്ധിതമായി എത്തിക്കണം. അതിനായി പോലീസിന്റെ സഹായം വേണം. ട്രാഫിക്കൊക്കെ ഒഴിവാക്കി കൊടുക്കുന്ന ഗ്രീന്‍ കോറിഡോര്‍ സിസ്റ്റം എന്ന് പറയും അതിനെ. മെഡിക്കോ- ലീഗല്‍ കേസാണെങ്കില്‍ അവയവം എടുത്ത് കഴിഞ്ഞാല്‍ മറ്റൊരു ഉത്തരവാദിത്തം കൂടിയുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്തി ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കണം. ഇതിനെല്ലാമുള്ള സംവിധാനം ഉണ്ടാവണം.

സംസ്ഥാനം അവയവ ദാന നയം ഉണ്ടാക്കി വെച്ചിട്ട് മാത്രം കാര്യമില്ല. ഓരോ ആശുപത്രിക്കും അവയവ ദാന നയവും ഉണ്ടാകണം. അതുപോലെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കേണ്ട ചുമതലയായിരിക്കണം കെ- സോട്ടോ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ ഉത്തരവാദിത്തം. ഇങ്ങനെയെല്ലാമുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് മസ്തിഷ്‌ക മരണാനന്തര അവയവ ദാനത്തില്‍ വിശ്വാസ്യത ഉണ്ടാകുകയുള്ളു.

കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ റോഡപകട മരണങ്ങള്‍ ഒരു വര്‍ഷം നാലായിരത്തോളമുണ്ടാകും. ഇതില്‍ ആയിരം പേരെങ്കിലും ആശുപത്രിയില്‍ കിടന്ന് മസ്തിഷ്‌ക മരണം എന്ന ഘട്ടത്തിലൂടെ കടന്നുപോയിട്ടാകും മരണം സംഭവിക്കുന്നത്. ഈ ആയിരം പേരില്‍ ഇരുന്നൂറ് പേരെങ്കിലും അവയവ ദാനം ചെയ്യാന്‍ പറ്റുന്നവരായിരിക്കും. അതിലൂടെ നാന്നൂറ് വൃക്ക ദാനം ചെയ്യാം കഴിയും. ലിസ്റ്റില്‍ പേര് ചേര്‍ത്ത് കാത്തിരിക്കുന്ന 2000 പേരില്‍ നാലിലൊന്ന് പേരുടെ ആവശ്യം ഒരു വര്‍ഷം കൊണ്ട് നിറവേറ്റാന്‍ കഴിയും.

അങ്ങനെ വരുമ്പോള്‍ ബന്ധുക്കളില്‍ നിന്നോ, സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവരെ പണമോ മറ്റ് പ്രലോഭനങ്ങളോ നല്‍കി വൃക്കയെടുക്കേണ്ട സാഹചര്യം ഇല്ലാതാക്കാം. ഇങ്ങനെ അവയവം എടുക്കുന്നവര്‍ പിന്നീടുള്ള കാലം ഒറ്റ വൃക്കയുമായി ജീവിക്കുന്നത് ഒഴിവാക്കാന്‍ കഴിയും. കേരളത്തില്‍ ഡയബറ്റിസ് ഉള്ളവരുടെ എണ്ണം കൂടുതലാണ്. ഇന്ത്യയുടെ ഡയബറ്റിസ് ക്യാപിറ്റല്‍ എന്നാണ് കേരളം അറിയപ്പെടുന്നത്. കരള്‍ രോഗവും

ഹൃദയ സംബന്ധമായ അസുഖങ്ങളും ഇവിടെ കൂടുതലാണ്. മസ്തിഷ്‌ക മരണത്തെത്തുടര്‍ന്നുള്ള അവയവ ദാനത്തിനാണ് കേരളം പ്രചരണം കൊടുക്കേണ്ടത്. അതോടൊപ്പം അതിനാവശ്യമായ നയങ്ങള്‍ രൂപീകരിക്കുകയും കൃത്യമായി നടപ്പിലാക്കുകയും വേണം. ഇതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in