അരി തിന്ന് ആനയ്ക്ക് ജീവിക്കാനാവില്ല, കാട്ടാനയ്ക്ക് പേരിടുന്നത് മോശം ട്രെന്‍ഡാണ്: പി.എസ് ഈസ അഭിമുഖം

അരി തിന്ന് ആനയ്ക്ക് ജീവിക്കാനാവില്ല, കാട്ടാനയ്ക്ക് പേരിടുന്നത് മോശം ട്രെന്‍ഡാണ്: പി.എസ് ഈസ അഭിമുഖം

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയെങ്കിലും വിവാദങ്ങളും വിമര്‍ശനങ്ങളും ചര്‍ച്ചകളും തുടരുകയാണ്. വന്യജീവി ഗവേഷകന്‍ ഡോക്ടര്‍ പി.എസ് ഈസ സംസാരിക്കുന്നു.

Q

പെരിയാര്‍ കടുവ സങ്കേതത്തിലാണല്ലോ അരികൊമ്പനെ വിട്ടിരിക്കുന്നത്. അവിടെ ആ ആനയ്ക്ക് അതിജീവിക്കാനാകില്ലെന്ന അഭിപ്രായം പലരും ഉയര്‍ത്തുന്നു. അത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ?

A

പെരിയാര്‍ കടുവ റിസേര്‍വില്‍ ആനകള്‍ക്ക് ജീവിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എവിടെയാണ് ജീവിക്കുക. അത്ര നല്ല എന്‍വയോണ്‍മെന്റാണ്. പുതിയ സ്ഥലത്ത് കൊണ്ടു വിടുമ്പോള്‍ ആ സ്ഥലവുമായി പരിചയപ്പെട്ട് താദാത്മ്യം പ്രാപിക്കാന്‍ ഏത് ജീവിയാണെങ്കിലും കുറച്ച് സമയം എടുക്കും. അത് പ്രതീക്ഷിക്കുന്നു. ആന തിരിച്ച് പോകാനുള്ള സാധ്യതയാണ് പിന്നെയുള്ളത്. ഹോമിംഗ് ഇന്‍സ്റ്റിങ്ക്റ്റ കാരണം ചിലപ്പോള്‍ പോയേക്കാം. ഇവിടെ അതിനുള്ള സാധ്യത വളരെ കുറവാണ്. നഗരങ്ങളും റോഡുകളും വാഹനങ്ങളുമുള്ളതിനാല്‍ അവിടെ നിന്നും തിരിച്ച് പോകാന്‍ പ്രയാസമാണെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. മറ്റ് ആനകള്‍ വന്ന് ഓടിക്കില്ലേയെന്നൊക്കെ ആളുകള്‍ ചോദിക്കുന്നത് കണ്ടു. എന്തൊരു വിഡ്ഢിത്തമാണ്. അങ്ങനെ സംഭവിക്കണമെങ്കില്‍ ആ ഏരിയയില്‍ മദം പൊട്ടിയ ആന ഉണ്ടാവണം. ആ ആനയുടെ അടുത്തേക്ക് ഈ ആന ചെല്ലണം. അതിനുള്ള സാധ്യത വളരെ കുറവാണ്. ഈ സ്ഥലം ഒരിക്കല്‍ പോലും കാണാത്തവര്‍ വിദഗ്ധരായി ഓരോന്ന് പറയുന്നു. ഒരിക്കല്‍ ആനയെ കണ്ടവരും ആന വിദഗ്ധരാണ്. അഞ്ച് വെടിവെച്ചുവെന്ന് ചാനലില്‍ പറയുന്ന് കേട്ടാല്‍ കൊല്ലാന്‍ വേണ്ടി മയക്കുവെടി വെക്കുയാണെന്ന് തോന്നും. മയക്കാനുള്ളതാണ്. അതിനുള്ള വിദഗ്ധരാണ് സംഘത്തിലുള്ളത്. മനുഷ്യരെ മയക്കുമ്പോള്‍ അത് എത്ര വേണമെന്ന് അനസ്തെറ്റിസ്റ്റിനോട് നമ്മള്‍ പറയാറില്ലല്ലോ.

Q

അരികൊമ്പന്‍ അതിന്റെ കുടുംബത്തില്‍ നിന്നും പിരിഞ്ഞ് ജീവിക്കേണ്ടി വരുന്നുവെന്നതാണ് ചിലര്‍ ഉന്നയിക്കുന്നത്. ആനയുടെ കുടുംബം എന്നത് എങ്ങനെയാണ്?

A

കുടുംബത്തെ വിട്ടു പോയതിന്റെ പ്രശ്നം ചെറിയ തോതില്‍ ഉണ്ടാകും.ആന സോഷ്യല്‍ ലൈഫുള്ള ഫാമിലിയായി ജീവിക്കുന്ന ജീവിയാണ്. ആണും പെണ്ണും കുട്ടികളുമൊക്കെ അടങ്ങുന്ന കുടുംബമാണ്. പത്ത് വയസ്സൊക്കെയാകുമ്പോള്‍ ആണാനകള്‍ പുറത്തേക്ക് പോകും. മറ്റ് ആനകളുമായി കൂട്ടുചേരും. കുടുംബത്തിനകത്ത് തന്നെ ഇണ ചേരാതിരിക്കാനുള്ള പ്രകൃതിയുടെ രീതിയാണിത്. ഒരേ കുടുംബത്തില്‍ നിന്ന് ഇണ ചേരുമ്പോഴുള്ള ജനറ്റിക്കായ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണിത്. ചിന്നക്കനാല്‍ ക്ലോസ്ഡ് പോപ്പുലേഷനാണ്. ആ ആനകള്‍ക്ക് വളരെ ദൂരമൊന്നും പോകാനാകില്ല. 150 ചതുരശ്ര കിലോമീറ്ററാണ് ഒരു ആനക്കൂട്ടം സഞ്ചരിക്കുക. വേനല്‍ക്കാലത്ത് ഇത് കുറയും. വെള്ളത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും ഈ കാലത്ത് സഞ്ചരിക്കുക. ചിന്നക്കനാലില്‍ സഞ്ചരിക്കാന്‍ സ്ഥലമില്ല. പുറത്തേക്ക് പോകണമെന്ന് ആഗ്രഹിച്ചാലും നടക്കില്ല. ഇതിനൊരു കാരണം ടൂറിസമാണ്. റെസ്പോണ്‍സിബിള്‍ ടൂറിസം എന്ന് പറഞ്ഞ് നടക്കുന്നത് ഇറസ്പോണ്‍സിബിള്‍ ടൂറിസമാണ്. ആനയെ പ്രകോപിപ്പിച്ച് ഫോട്ടെയെടുത്ത് ഫേസ്ബുക്കില്‍ ഇടുകയാണ്. ഫോട്ടോ ഇടാന്‍ ചിലപ്പോള്‍ ആ ആള്‍ ജീവനോടെ ഉണ്ടാകണമെന്നില്ല.

Q

അഞ്ച് തവണ മയക്കുവെടി വെച്ചത് സംബന്ധിച്ചാണ് മറ്റൊരു ചര്‍ച്ച നടക്കുന്നത്?

A

വിദഗ്ധരെന്ന് പറയുന്നവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണിത്. മൃഗത്തിന്റെ ഭാരവും, ശാരീരികാവസ്ഥ എന്നിവയൊക്കെ മനസിലാക്കിയാണ് മയക്കുവെടി വെക്കുന്നത്. ആനയെ കാണുമ്പോള്‍ അതിന്റെ ഉയരവും ഭാരവും മനസിലാക്കി അതിന് അനുസരിച്ച് മയക്കാന്‍ ഇത്ര മരുന്ന് നല്‍കണമെന്ന കണക്കുണ്ട്. കിടത്തിയിട്ടല്ല നിര്‍ത്തിയിട്ടാണ് മയക്കുന്നത്. കൊണ്ടുപോകേണ്ടത് കൊണ്ടാണിത്. കിടക്കുകയാണെങ്കിലും പൊസിഷന്‍ പ്രധാനമാണ്. വശത്തേക്ക് ചരിഞ്ഞ് കിടക്കണം. കുങ്കി അടുത്തുണ്ടാകണം. അഞ്ച് പ്രാവശ്യം ചെയ്തു എന്നതില്‍ വലിയ പ്രശ്നമില്ല. ആദ്യം വളരെ കുറഞ്ഞ് ഡോസായിരിക്കാം നല്‍കിയത്. പോയി നേരെ ഇഞ്ചക്ഷനായി കൊടുത്തിരുന്നെങ്കില്‍ ആരും പ്രശ്നമുണ്ടാക്കില്ലായിരുന്നല്ലോ. അത് ഇതില്‍ സാധ്യമാകില്ലല്ലോ. പരിശീലനം തരുമ്പോഴും പറയാറുള്ളത് പത്ത് ശതമാനം മോര്‍ട്ടാലിറ്റി പ്രതീക്ഷിക്കണമെന്നാണ്. വന്യമൃഗത്തിന്റെ ശാരീരികാവസ്ഥയൊക്കെ നമ്മള്‍ ദൂരെ നിന്നാണ് നിരീക്ഷിക്കുകയും മനസിലാക്കുകയും ചെയ്യുന്നത്. അല്ലാത്ത എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ നമ്മള്‍ അറിയില്ല. രോഗിയുടെ ഹിസ്റ്ററി അറിഞ്ഞാണ് ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നതും സര്‍ജറി ചെയ്യുന്നതും. ഇവിടെ നമുക്ക് അത് അറിയില്ല. കൃത്യമായ ഭാരമോ ശാരീരികാവസ്ഥയോ അറിയാത്തതിനാല്‍ മുന്നൊരുക്കങ്ങളെല്ലാം നടത്തും. ചിലപ്പോള്‍ മറിച്ച് സംഭവിച്ചാല്‍ ആരെയും കുറ്റപ്പെടുത്താനാകില്ല. മനുഷ്യരുടെ കാര്യത്തിലും പ്രതീക്ഷിക്കാത്ത ചിലത് സംഭവിക്കാറുണ്ടല്ലോ.

Q

അരിക്കൊമ്പനെ പിടിക്കാന്‍ ശ്രമിക്കുമ്പോഴും മയക്കുവെടി വെക്കുന്ന സമയത്തും ചക്കക്കൊമ്പന്‍ അടുത്ത് വന്നു എന്നാണ് ചാനലുകളില്‍ കാണിച്ചിരുന്നത്. ആനകള്‍ക്കിടയിലെ സൗഹൃദമായൊക്കെ അതിനെ വ്യാഖ്യാനിച്ചു. അത്തരം ഗാഢ സൗഹൃദം ആനകള്‍ക്കിടയിലുണ്ടോ?

A

ആനകളുടെ കമ്യൂണിക്കേഷന്‍ സങ്കീര്‍ണ്ണമാണ്. ആനകള്‍ക്ക് ഇന്‍ഫ്രാ സൗണ്ട് കമ്യൂണിക്കേഷനുണ്ട്. മനുഷ്യരുടെ ശബ്ദവീചികള്‍ക്ക് താഴെയുള്ളതായതിനാല്‍ നമുക്ക് കേള്‍ക്കാന്‍ കഴിയില്ല. ആ കമ്യൂണിക്കേഷന്‍ ഉള്ളിടത്തോളം കാലം ഇതൊക്കെ നടക്കുമോയെന്ന് പറയാന്‍ കഴിയില്ല. ആഫ്രിക്കയിലാണ് ഇത് സംബന്ധിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടുള്ളത്. വൈല്‍ഡ് ലൈഫ് കോണ്‍ഫ്ളിക്ട് പരിഹരിക്കാനുള്ള അവസാന മാര്‍ഗ്ഗമാണ് പിടിച്ച് കൂട്ടിലാക്കുകയെന്നത്. ആദ്യം തന്നെ അത് ചെയ്യില്ല.

Q

ഒരു ആനയെ മാത്രമാണ് ചിന്നക്കനാലില്‍ നിന്നും കഴിഞ്ഞ ദിവസം മാറ്റിയത്. കൂട്ടമായിട്ടായിരുന്നു ഇവയെ കണ്ടത്. ഒരു ആനയെ മാറ്റിയത് കൊണ്ട് അവിടെയുള്ള ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമോ?

A

പ്രശ്നങ്ങള്‍ മാറുന്നില്ലെന്ന് അവര്‍ തന്നെ പറയുന്നുണ്ടല്ലോ. ആനയിറങ്കലില്‍ ആനയുണ്ടെന്നും ഇവിടുത്തെ ആനയെന്നുമാണ് അവര്‍ പറയുന്നു. സാധാരണ അങ്ങനെ പറയാന്‍ കഴിയില്ല. കാരണം ആനകള്‍ സഞ്ചരിച്ച് കൊണ്ടിരിക്കും. കറങ്ങാന്‍ സ്ഥലം കുറവായതിനാല്‍ ഈ ആന അവിടെ തന്നെ നില്‍ക്കുകയായിരുന്നു. പ്രശ്നം തീരുമെന്ന് തോന്നുന്നില്ല. തീരണമെങ്കില്‍ ആളുകളുടെ സമീപനം മാറണം. ആനകളോടും വൈല്‍ഡ് ലൈഫിനോട് താദാത്മ്യം പ്രാപിച്ച് ജീവിക്കുന്ന സാഹചര്യം ഉണ്ടാകണം. ആനയുടെ സ്വഭാവം മാറ്റാനാകില്ല. ഹിമാലയത്തില്‍ പോകുന്നവര്‍ അവിടുത്തെ തണുപ്പ് കുറയ്ക്കാന്‍ ഐസ് ഉരുക്കണമെന്ന് പറയാറില്ല. അതുമായി ചേര്‍ന്ന് ജീവിക്കുകയാണ്.

Q

ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണോ പോംവഴി?

A

പലതരം പോംവഴികളുണ്ടാകാം. മാറ്റിപ്പാര്‍പ്പിക്കാം, താദാത്മ്യം പ്രാപിക്കാം. ആളുകള്‍ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് മാത്രമാണ് ചര്‍ച്ച. അപ്പുറത്ത് റിസോര്‍ട്ടുകള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളുണ്ട്. ആനകളുടെ വഴികള്‍ റിസോര്‍ട്ടുകള്‍ തടയുന്നുണ്ട്.

Q

അരി ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നത് കൊണ്ട് അരിക്കൊമ്പനെന്നാണ് നാട്ടുകാര്‍ ഈ ആനയെ വിളിക്കുന്നത്. ആനകളുടെ ഭക്ഷണ രീതികളില്‍ മാറ്റമുണ്ടാകുന്നുണ്ടോ? നേരത്തെ പറഞ്ഞത് പോലെ പ്രത്യേക പ്രദേശത്ത് അകപ്പെട്ട് പോകുന്നത് കൊണ്ട് അവിടെ ലഭ്യമായ ഭക്ഷണത്തിലേക്ക് മാറുകയാണോ?

A

ഇതൊക്കെ യാദൃശ്ചികമായി സംഭവിക്കുന്നതാണ്. അല്ലാതെ അരി തിന്ന് ഒരു ആനയ്ക്ക് ജീവിക്കാനാവില്ല. നല്ല പുല്ല് തിന്നുന്നത് ചാനലുകളില്‍ കാണിക്കുന്നുണ്ടായിരുന്നില്ലേ. അരിയില്ലാതെയാണോ ഈ ഒരാഴ്ച ജീവിച്ചത്. ജീവികള്‍ക്ക് വട്ടപ്പേര് കൊടുക്കുന്ന മനുഷ്യ ശീലമാണ് ഇതിന് പിന്നിലുള്ളത്. ചക്ക തിന്നുന്ന ആന ആ സീസണ്‍ കഴിഞ്ഞാല്‍ എന്ത് കഴിക്കും. ചക്കക്കൊമ്പന്‍ പട്ടിണി കിടക്കുമോ? ഇങ്ങനെ പേരിടുന്നത് മോശം ട്രെന്‍ഡാണ്. ചില ചാനലുകള്‍ കൊലയാളി അരിക്കൊമ്പനെന്ന് വിളിച്ചിരുന്നു. പിന്നീട് നല്ല പിള്ളകളായി, അയ്യോ അരിക്കൊമ്പനെ നാടുകടത്തുന്നേ എന്നായി. മീഡിയ ഉള്‍പ്പെടെയുള്ള ഒപ്പീനിയന്‍ മേക്കോഴ്സ് കുറച്ച് കൂടി ജാഗ്രത കാണിക്കണം. ഇക്കാര്യത്തില്‍ അവര്‍ മോശം റോളാണ് നടത്തിയത്. ആനയെ പറമ്പിക്കുളത്ത് വിട്ടാല്‍ എന്തായിരുന്നു കുഴപ്പം. തമിഴ്നാട്ടില്‍ നിന്നുള്ള ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് ആനമല ടൈഗര്‍ റിസര്‍വില്‍ വിട്ടിരുന്നു. ഇവിടെ സമരം നടക്കുന്ന സമയത്ത് ആ ആന പറമ്പിക്കുളം ഏരിയയില്‍ കറങ്ങിയിട്ടും ആര്‍ക്കും പ്രശ്നവുമില്ല പരാതിയുമില്ല. ആരും അറിഞ്ഞതുമില്ല. പറമ്പിക്കുളത്ത് ഇവിടെയുള്ള ആനയെ വിടുന്നതിനെതിരെ തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ അവര്‍ സമരം ചെയുന്നു. ഇവിടെ സെലിബ്രേറ്റ് ചെയ്യുന്നതാണ് പ്രശ്നം. വയനാട്ടില്‍ കടുവയെ പിടിച്ചത് എന്തൊരു ആഘോഷമായിട്ടാണ്. നാട്ടുകാരും ചാനലുകളുമെല്ലാമായി വലിയ ബഹളമായിരുന്നു. കടുവയെ പിടിക്കാന്‍ പോകുന്നവര്‍ക്ക് ഏകാഗ്രത ലഭിക്കില്ല. തൊട്ടപ്പുറത്തുള്ള കര്‍ണാടകയിലെ കുട്ടയില്‍ അവിടുത്തെ വനംവകുപ്പ് വന്ന് കൂട് വെക്കുകയും കടുവയെ പിടിക്കുകയും പോകുകയും ചെയ്തു. ആരും അറിഞ്ഞില്ല. കര്‍ണാടകയിലെ ചാനലുകള്‍ ആഘോഷിച്ചില്ലല്ലോ. മറ്റ് വാര്‍ത്തകള്‍ ഇല്ലാത്തത് കൊണ്ടാണോ ഇവിടെ ആഘോഷമാക്കുന്നത് എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ഇതിന് ഒരു പരിധി വരെ വനംവകുപ്പിനും ഉത്തരവാദിത്തമുണ്ട്. പബ്ലിസിറ്റി അധികമായെന്നാണ് തോന്നുന്നത്. ചില കാര്യങ്ങള്‍ക്ക് ചില രീതികള്‍ പിന്‍തുടരണം നാട്ടുകാരെ മുഴുവന്‍ അറിയിച്ച് നടത്തേണ്ട ഓപ്പറേഷന്‍ അല്ല ഇത്. മയക്കുവെടി വെക്കുമ്പോള്‍ ശരീരത്തില്‍ കയറിയാല്‍ മനുഷ്യര്‍ ചത്ത് പോകും. ആള്‍ക്കൂട്ടം വലിയ പ്രശ്നമാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 144 പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അത് ചെയ്യണം. തിരുവനന്തപുരത്ത് കിണറില്‍ കരടി വീണപ്പോള്‍ വട്ടം കുറഞ്ഞ കിണറിന് ചുറ്റും ഇത്തരം അധികം ആളുകളും ക്യാമറയും നില്‍ക്കുമ്പോഴാണ് വനംവകുപ്പുകാര്‍ അതിനെ പിടിക്കേണ്ടത്. അടുത്ത ഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും അവര്‍. അത്തരമൊരു അവസ്ഥയില്‍ തീരുമാനമെടുക്കേണ്ടവര്‍ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടു പോകും.

Q

ജനവാസ മേഖലയില്‍ ഇറങ്ങി ഭീഷണിയുയര്‍ത്തുന്ന വന്യമൃഗങ്ങളെ പിടികൂടുന്നത് നേരത്തെയും ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വലിയ ബഹളമായി മാറുന്നു. ചാനലുകള്‍ക്ക് വലിയ റേറ്റിംഗ് ലഭിക്കുന്നു. ഇത് ആഘോഷിക്കപ്പെടാനുള്ള കാരണമാകുന്നില്ലേ?

A

കാഴ്ചക്കാരെ നമ്മള്‍ സൃഷ്ടിക്കുന്നതല്ലേ. തൃശൂര്‍ പൂരം കാണാന്‍ ചാനലുകള്‍ ഉണ്ടാകുന്നതിന് മുമ്പും ആളുകള്‍ കാണാന്‍ വരുമായിരുന്നു. ചാനലുകളിലൂടെയല്ലല്ലോ തൃശൂര്‍ പൂരം പ്രസിദ്ധമായത്. എറണാകുളത്തിന് അപ്പുറമുള്ള അരൂര്‍ക്കാരനായ ഞാന്‍ വരുമായിരുന്നല്ലോ പൂരം കാണാന്‍. കാഴ്ചക്കാര്‍ക്ക് വേണ്ടിയാണ് ഇത് കാണിക്കുന്നതെന്ന് പറയുന്നതില്‍ വലിയ കാര്യമില്ല. താല്‍പര്യമുള്ളത് മുഴുവന്‍ ചാനലുകള്‍ കൊടുക്കുന്നില്ലല്ലോ. അവരുടെ പോളിസിയുടെയും രാഷ്ട്രീയത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലല്ലേ വാര്‍ത്തകള്‍ നല്‍കുന്നത്.

Q

ആനകളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റം കൊണ്ടും ജനവാസ മേഖലയിലേക്ക് എത്തുന്നു എന്ന വാദമുണ്ടല്ലോ. ആ വാദത്തിന് എത്രത്തോളം ശാസ്ത്രീയമായ പിന്തുണയുണ്ട്.

A

ഇത് വാസ്തവത്തില്‍ അന്വേഷണത്തിന് സാധ്യതയുള്ള കാര്യമാണ്. രണ്ട് കാര്യങ്ങളുണ്ട്. മുണ്ടൂര്‍ ഭാഗത്ത് നിന്നും ഭാരതപ്പുഴ വരെ ആന രണ്ട് തവണ വന്നപ്പോള്‍ വനംവകുപ്പ് പ്രതിരോധ നടപടി സ്വീകരിച്ചു. പിന്നെ അതുണ്ടായില്ല. കാട്ടിനകത്ത് വെള്ളമില്ലാത്തത് കൊണ്ടാണെന്നായിരുന്നു ചിലര്‍ ഇതിന് കാരണമായി പറഞ്ഞത്. വലിയ റിസര്‍വോയര്‍ അതിനകത്ത് ഉണ്ടായിട്ടാണ് ഇങ്ങനെ പറയുന്നത്. കാടിനകത്ത് എന്തെങ്കിലും മാറ്റം സംഭവിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. താമരശ്ശേരി ചുരത്തില്‍ റോഡില്‍ കഴിഞ്ഞ ദിവസം ആന വന്നതായി റിപ്പോര്‍ട്ട് കണ്ടു. ഇവിടെ മുമ്പ് ആനയുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ ചില റോഡുകള്‍ നിര്‍മ്മിച്ചത് ആനത്താരയിലൂടെ നടന്നാണ്. ഛത്തീസ്ഗഡിലേക്ക് ജാര്‍ഖണ്ഡില്‍ നിന്നും ഒറീസയില്‍ നിന്നുമെല്ലാം നൂറ് വര്‍ഷത്തിന് ശേഷമാണ് ആന വന്നത്. മുഗളന്‍മാരൊക്കെ മുമ്പ് ആനകളെ പിടിച്ച സ്ഥലമാണിത്. ആന്ധ്രയിലേക്ക് ആന പോയെങ്കിലും പഴയ ചരിത്രത്തിലൊന്നും അവിടെ ആനയെ കണ്ടിട്ടില്ല. കര്‍ണാടകയില്‍ നിന്നാണ് പോയത്. ഗോവയിലേക്കും പോയി. അസാമില്‍ നിന്നും ബ്രഹ്‌മപുത്രയുടെ കരയിലൂടെ കാസിരംഗയ്ക്ക് അടുത്ത് വരെ എത്തി. വലിയ കൂട്ടമായും ഇങ്ങനെ മറ്റിടങ്ങളിലേക്ക് സഞ്ചരിക്കുന്നുണ്ട്. ആനകളുണ്ടായിരുന്നെന്ന് നമുക്ക് അറിയാത്ത ഇടങ്ങളിലേക്കും ഈ യാത്ര നടക്കുന്നു. പെണ്ണാനയാണ് കൂട്ടത്തിന്റെ തലവ. കൊമ്പനല്ല. ആനയുടെ ലീഡറുടെ ഓര്‍മ്മയില്‍ ഈ വഴികളുണ്ട്. വഴികളും ഭക്ഷണവും വെള്ളവും കിട്ടുന്ന സ്ഥലങ്ങളുമെല്ലാം തലയിലുണ്ട്. തലമുറകളായി തലയിലുണ്ട്. നേരത്തെ പറഞ്ഞ ഇന്‍ഫ്രാ സൗണ്ട് കമ്യൂണിക്കേഷനൊക്കെ വര്‍ക്ക് ചെയ്യുന്നുണ്ടാകാം. ഛത്തീസ്ഗഡില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നും ഒറീസയില്‍ നിന്നുമൊക്കെ എത്തുമ്പോള്‍ ഇത്തരം കമ്യൂണിക്കേഷന്‍ അവിടെ നടക്കാന്‍ സാധ്യതയുണ്ട്. നമുക്ക് ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in