രമേശ് ചെന്നിത്തലയുടെ കംപാർട്മെന്റിൽ മാത്രം നില്‍ക്കുന്ന നേതാവല്ല ഞാന്‍- എം.ലിജു അഭിമുഖം

രമേശ് ചെന്നിത്തലയുടെ കംപാർട്മെന്റിൽ മാത്രം നില്‍ക്കുന്ന നേതാവല്ല ഞാന്‍- എം.ലിജു അഭിമുഖം
Q

രാജ്യസഭ സീറ്റില്‍ കെ.പി.സി.സി പ്രസിഡന്റ് നിര്‍ദേശിച്ച പേര് എന്നത് കൊണ്ട് തന്നെ കൂടുതല്‍ സാധ്യത ലിജുവിനുണ്ടായിരുന്നില്ലേ. ഇത്രയധികം എതിര്‍പ്പ് ലിജുവിനെതിരെ ഉയരാന്‍ കാരണമെന്താണ്?

A

രാജ്യസഭാ സീറ്റില്‍ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളുമായി ചര്‍ച്ച ചെയ്ത ഒരു പാനലാണ് എ.ഐ.സി.സിക്ക് കൈമാറിയത്. ഞാനും ആ പാനലിന്റെ ഭാഗമായിരുന്നുവെന്നതില്‍ അഭിമാനമുണ്ട്. പക്ഷേ ഒരു സീറ്റേയുള്ളു. നിരവധി നേതാക്കള്‍ ആ സീറ്റ് ആഗ്രഹിക്കുക എന്നത് സ്വാഭാവികമാണ്. പേര് സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളും വിയോജിപ്പുകളും ഉയര്‍ന്നു വരാം. ഞാനതിനെ സാധാരണ സംഭവമായാണ് കണക്കാക്കുന്നത്.

Q

മുമ്പ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവര്‍ വേണ്ടെന്ന് കെ.മുരളീധരന്‍ പരസ്യ നിലപാട് സ്വീകരിച്ചു. ഹൈക്കമാന്‍ഡിന് കത്തെഴുതി. ഇത് ലിജുവിന്റെ പേര് പരിഗണിക്കുന്നതില്‍ തിരിച്ചടിയായോ?

A

ഞാന്‍ ഇതിനെയെല്ലാം പോസിറ്റീവായി കാണുന്ന വ്യക്തിയാണ്. ഒരു പോസ്റ്റിലേക്ക് നിരവധി പേരുകള്‍ ഉയര്‍ന്ന് വരുമ്പോള്‍ സ്വാഭാവികമായും ഒരു മാനദണ്ഡം വേണമെന്ന് ആഗ്രഹിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. കെ.മുരളീധരന്‍ അത്തരമൊരു പരാമര്‍ശം നടത്തിയത് അതുകൊണ്ടായിരിക്കും. വ്യക്തപരമായിട്ടായിരിക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പറഞ്ഞതാകും. അദ്ദേഹം തന്നെ ആറ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നേതാവാണ്. കോഴിക്കോട് പരാജയപ്പെട്ടപ്പോള്‍ തൃശൂരിലേക്ക് മാറി. തൃശൂരില്‍ പരാജയപ്പെട്ടപ്പോള്‍ വടക്കാഞ്ചേരിക്ക് മാറി. അവിടെയും പരാജയപ്പെട്ടു. ഡി.ഐ.സിയിലായിരുന്നപ്പോള്‍ വയനാട്ടില്‍ മത്സരിച്ച് പരാജയപ്പെട്ടു. അത് തെറ്റല്ല. തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യങ്ങളാണ്. ഇത്രയും അധികം ആളുകള്‍ ഒരു സീറ്റിന് വേണ്ടി ശ്രമിച്ചപ്പോള്‍ അതില്‍ മാനദണ്ഡം കൊണ്ടുവരണമെന്നതായിരിക്കും അദ്ദേഹം അതില്‍ കണ്ടത്. ഞാന്‍ ഒട്ടും നിരാശനല്ല. ഒരു സ്ഥാനത്തേക്ക് അര്‍ഹതയുള്ള നിരവധി നേതാക്കള്‍ വരുമ്പോള്‍ അതില്‍ പലര്‍ക്കും കിട്ടണമെന്നില്ല. അതില്‍ നിരാശപ്പെടേണ്ടതുമില്ല. പൊതുപ്രവര്‍ത്തനം ഒരു കരിയറല്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം മാത്രമാണ്. സീറ്റ് കിട്ടുന്നതും കിട്ടാത്തതും എന്റെ സാമൂഹിക പ്രവര്‍ത്തനത്തെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും ബാധിക്കുന്ന കാര്യമല്ല.

Q

കായംകുളം, അമ്പലപ്പുഴ തുടങ്ങിയ സീറ്റുകളിലാണല്ലോ മത്സരിച്ചിരുന്നത്. ജയസാധ്യതയില്ലാത്ത സീറ്റുകളാണ് പാര്‍ട്ടി നല്‍കിയതെന്ന പരാതി ലിജുവിനുണ്ടോ?

A

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോള്‍ 31മാത്തെ വയസ്സിലാണ് പാര്‍ട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് ജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെടാമായിരുന്നു. അന്ന് എന്നോടൊപ്പമുണ്ടായിരുന്ന നേതാക്കള്‍ അവര്‍ സേഫായിരിക്കുന്ന സീറ്റുകളാണ് ആവശ്യപ്പെട്ടത്. അന്ന് ഏറ്റവും പോപ്പുലറായിരുന്ന മന്ത്രിയായിരുന്ന ജി.സുധാകരനെതിരെ മത്സരിക്കാനാണ് എന്നോട് പാര്‍ട്ടി പറഞ്ഞത്. മത്സരിക്കുമ്പോള്‍ തന്നെ വിജയസാധ്യത വളരെ കുറവാണെന്ന് എല്ലാവര്‍ക്കും അറിയാം. കാരണം ജി.സുധാകരന്‍ അന്ന് അത്ര പോപ്പുലറായിരുന്നു. ഞാന്‍ മത്സരിച്ചു. കാരണം അതിനെ കണ്ടത് പാര്‍ട്ടി നല്‍കിയ നിയോഗമായിട്ടാണ്. പാര്‍ട്ടി തരുന്ന സീറ്റില്‍ മത്സരിച്ച് തോറ്റാലും ആളുകളും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവരും വളരെ പോസിറ്റീവായി കാണുമെന്നാണ് അന്ന് ചെറുപ്പത്തിന്റെ ബലത്തില്‍ കരുതിയത്. ചെറുപ്പക്കാര്‍ ്അത്തരം പോരാട്ടത്തിന് ഇറങ്ങുന്നതില്‍ പ്രശ്‌നമില്ലെന്നായിരുന്നു അന്ന് നിലപാട്. അവിടെ ഞാന്‍ പരാജയപ്പെട്ടു. അതിന് ശേഷം ആ മണ്ഡലത്തില്‍ അവിടെ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.

അഞ്ച് വര്‍ഷം അവിടുത്തെ ജനങ്ങള്‍ക്കിടയിലായിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് പാര്‍ട്ടി നേതൃത്വം പറഞ്ഞത് അമ്പലപ്പുഴയില്‍ നിന്നും മാറണമെന്നായിരുന്നു. അതൊക്കെ പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങളാണ്. അമ്പലപ്പുഴയില്‍ നിന്നും മാറി കായംകുളത്ത് മത്സരിക്കാന്‍ പറഞ്ഞു. അഞ്ച് വര്‍ഷം നിയോജക മണ്ഡലമെന്ന നിലയില്‍ പ്രവര്‍ത്തിച്ച അമ്പലപ്പുഴ വിട്ട് കായംകുളത്ത് മത്സരിക്കണം. കായംകുളം പൊതുവെ സി.പി.എമ്മിന്റെ മണ്ഡലമാണ്. മണ്ഡല പുനനിര്‍ണയത്തിന് ശേഷം കോണ്‍ഗ്രസ് അനുകൂല പഞ്ചായത്തുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോയി കൂടുതല്‍ സി.പി.എം വോട്ടുകള്‍ വന്ന് ചേര്‍ന്നതോടെ സി.പി.എം കോട്ടയായി മാറിയിരുന്നു. കെ.സി വേണുഗോപാല്‍ പാര്‍ലമെന്റില്‍ മത്സരിച്ച് വിജയിക്കുമ്പോഴും കായംകുളത്ത് എപ്പോഴും ആയിരക്കണക്കിന് വോട്ടിന് പിന്നിലായിരുന്നു. അവിടെയാണ് എന്നോട് പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി പറഞ്ഞത് കൊണ്ട് ഞാനത് ഏറ്റെടുത്തു. അന്ന് ബി.ഡി.ജെ.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉണ്ടായിട്ടും പതിനോരായിരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പരാജയത്തില്‍ മനംമടുത്ത് മാറുകയല്ല ഞാന്‍ ചെയ്തത്. ആ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടര്‍ന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെല്ലാം ശക്തമായി ഇടപെട്ടു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പെട്ടെന്നൊരു മാനദണ്ഡം പ്രഖ്യാപിക്കപ്പെട്ടു. രണ്ട് തവണ തുടര്‍ച്ചയായി പരാജയപ്പെട്ടവര്‍ക്ക് സീറ്റില്ലെന്ന്. മാധ്യമങ്ങള്‍ എന്നോട് വന്ന് ചോദിച്ചപ്പോള്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് ശരിയെന്നും സീറ്റില്ലെങ്കില്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കി. അവിടെ പുതിയ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ വന്നു. അവര്‍ അവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. അപ്പോഴും ഞാന്‍ കരുതി എനിക്ക് സീറ്റില്ലെന്ന്. അവസാന സമയം അമ്പലപ്പുഴയിലേക്ക് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. അവര്‍ക്ക് അമ്പലപ്പുഴയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും വിജയസാധ്യതയില്ലെന്നും പരാതി വന്നപ്പോള്‍ ഇങ്ങോട്ട് വിളിച്ച് പറഞ്ഞു അമ്പലപ്പുഴയില്‍ മത്സരിക്കാന്‍.

അമ്പലപ്പുഴയില്‍ ഒരു ഹോംവര്‍ക്കും ചെയ്തിട്ടില്ലെന്ന് നേതൃത്വത്തോട് പറഞ്ഞു. മത്സരിക്കുന്നുണ്ടെങ്കില്‍ കായംകുളത്താണ് താല്‍പര്യമെന്ന് അറിയിച്ചു. അവിടെ സ്ഥാനാര്‍ത്ഥി രംഗത്തിറങ്ങിയെന്ന് നേതൃത്വം പറഞ്ഞു. പാര്‍ട്ടിയെ അനുസരിച്ച് ജി.സുധാകരന്‍ 22000 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചു. പതിനായിരത്തോളം വോട്ടുകള്‍ ഇത്തവണ വര്‍ദ്ധിപ്പിച്ചു. എനിക്ക് ഒരു മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടില്ല. തെറ്റായി കണക്കാക്കുകയല്ല. പാര്‍ട്ടി പറയുന്ന സ്ഥലത്ത്, കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് കിട്ടാത്ത മണ്ഡലത്തില്‍ പോയി മത്സരിക്കാന്‍ പറഞ്ഞാല്‍ പോലും എനിക്ക് മടിയില്ല. അരൂരില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ എന്നോട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. അന്ന് ആ മണ്ഡലത്തില്‍ ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാനാണെന്ന് ഞാന്‍ പറഞ്ഞു. എന്നെ സംബന്ധിച്ച് പാര്‍ട്ട് നല്‍കുന്ന നിയോഗമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നത്. അതില്‍ പരാജയപ്പെട്ടു എന്നത് പിന്നീട് മാനദണ്ഡമാക്കുന്നതില്‍ എനിക്ക് പരിഭവമില്ല. പരാജയങ്ങള്‍ക്ക് പിന്നില്‍ ഇങ്ങനെയും ചില യാഥാര്‍ത്ഥ്യങ്ങളുണ്ടെന്ന് സൂചിപ്പിക്കുകയാണ്.

രാജ്യസഭയിലേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിച്ചു എന്നത് സത്യമാണ്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ആളാണ്. പോകാന്‍ ഒരു അവസരം കിട്ടിയാല്‍ പഠിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്നുള്ളത് കൊണ്ടായിരുന്നു. ഭാഷയും അക്കാദമിക് രംഗത്ത് മികവുമുള്ള ആളാണ്. എസ്.എസ്.എല്‍.സിക്ക് ഡിസ്റ്റിങ്ഷനോട് പാസായതാണ്. എല്‍.എല്‍.ബിയും എല്‍.എല്‍.എമ്മും പൂര്‍ത്തിയാക്കിയ ആളാണ്. നിയമപരമായുള്ള അറിവും എനിക്കുണ്ട്. ജനറല്‍ സെക്രട്ടറിയായിരുന്ന ഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിച്ച ആത്മവിശ്വാസമുണ്ട്. രാജ്യസഭയിലേക്ക് പോകേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ ആ തീരുമാനത്തിനൊപ്പമാണ് ഞാന്‍.

Q

അമ്പലപ്പുഴയില്‍ ഇത്തവണ അനുകൂല സാഹചര്യമുണ്ടായിരുന്നില്ലേ. ഇടത് സ്ഥാനാര്‍ത്ഥി എച്ച്. സലാമിന് ജി സുധാകരന്റെ ഭാഗത്ത് നിന്നും പിന്തുണ കിട്ടിയില്ലെന്ന് സി.പി.എമ്മിനുള്ളില്‍ തന്നെ. അത്രയ്ക്ക് അനുകൂല സാഹചര്യം മുതലാക്കാന്‍ സാധിക്കാതിരുന്നത് ?

A

തെരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യം എന്ന് പറയുമ്പോഴും പുറത്ത് പറയാന്‍ കഴിയാത്ത കാര്യങ്ങളും ഉണ്ടാകും. വോട്ടിംഗ് പാറ്റേണ്‍ നോക്കിയാല്‍ ആ കാര്യം വ്യക്തമാകും. എന്നെ വര്‍ഗീയവാദിയായി ചിത്രീകരിച്ച് നിരവധി ബോര്‍ഡുകള്‍ വെച്ച നിരവധി കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കേണ്ട സാഹചര്യമുണ്ടായി. ഞാനതിനെക്കുറിച്ചൊന്നും അധികം പറയുന്നില്ല. എന്നും മതേതര നിലപാട് സ്വീകരിക്കുകയും മതന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്ത എന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ന്യൂനപക്ഷ മേഖലയില്‍ വര്‍ഗ്ഗീയവാദിയാണെന്ന ബോര്‍ഡുകള്‍ വെച്ചു. അതിന്റെ പേരില്‍ മുന്‍സിപ്പല്‍ ചെയര്‍മാനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടി വന്നു. സി.സി.ടി.വി ദൃശ്യങ്ങളെടുക്കുകയും പോലീസ് കേസാകുകയും ചെയതതിന് ശേഷമാണ് അവരെ പുറത്താക്കിയത്. അത്തരം സാഹതര്യമായിരുന്നു അവിടെ. മറ്റിടങ്ങളിലെ ഫലത്തിലൂടെയും പോളറൈസേഷന്‍ വ്യക്തമായിരുന്നല്ലോ. അത് അമ്പലപ്പുഴയിലും പ്രതിഫലിച്ചു.

Q

ആലപ്പുഴയില്‍ നിന്നുമുള്ള ലിജുവിനെ കെ.സി വേണുഗോപാല്‍ പിന്തുണയ്ക്കത്തത് എന്തുകൊണ്ടാണ്?

A

ഞാന്‍ ഏതെങ്കിലും നേതാവിന്റെ തണലില്‍ വളര്‍ന്ന് വന്ന ആളല്ല. കെ.സി.വേണുഗോപാല്‍ പിന്തുണച്ചോ എതിര്‍ത്തോ എന്നൊന്നും എനിക്ക് അറിയില്ല. അതിന്റെ ആവശ്യവുമില്ല. നേതാക്കന്‍മാര്‍ ഏതെങ്കിലും ആളുകളെ പിന്തുണയ്‌ക്കേണ്ടതില്ല. കെ.എസ്.യുക്കാരനായി പ്രവര്‍ത്തനം തുടങ്ങിയ ആളാണ് ഞാന്‍. കാര്‍ത്തികപള്ളി സെന്റ് തോമസ് സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ കെ.എസ്.യു പതാക പിടിച്ചു തുടങ്ങിയ ആളാണ് ഞാന്‍. കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായിരുന്നു. കൗണ്‍സിലറായിരുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ ഞാനും വിഷ്ണുനാഥും മാത്യു കുഴല്‍നാടനും അടങ്ങുന്ന ടീമാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷം അവിടെ വിജയിപ്പിക്കുന്നത്. അവിടെ മാഗസീന്‍ എഡിറ്ററായി വിജയിച്ച ആളാണ്. കേരളാ സര്‍വകലാശാല സെനറ്റംഗമായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാക്കിയത് ഏതെങ്കിലും നേതാവിന്റെ പിന്തുണയോടെയല്ല. രാഹുല്‍ ഗാന്ധി നടത്തിയ ടാലന്റ് സെര്‍ച്ചിലൂടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ വിവിധ വിഷയങ്ങളിലുള്ള അറിവും മറ്റ് കാര്യങ്ങളും പരിഗണിച്ചാണ് സംസ്ഥാന പ്രസിഡന്റാക്കിയത്. അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയാകാനും എനിക്ക് ആരുടെയും ഔദാര്യം വേണ്ടി വന്നില്ല. അപ്പോള്‍ സ്വാഭാവികമായും ഞാന്‍ സെല്‍ഫ് മെയ്ഡ് പെളിറ്റീഷ്യനാണ്. നേതാക്കന്‍മാരുടെ പിന്തുണ കിട്ടിയിട്ടില്ലെന്നല്ല പറഞ്ഞത്. അവരുടെ വാത്സല്യവും പിന്തുണയും കിട്ടിയിട്ടുണ്ട്. ഞാനൊരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ആളാണ്. അച്ഛനൊരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ചെറിയ പ്രായം മുതല്‍ വായിച്ചും പ്രസ്ഥാനത്തെക്കുറിച്ച് അറിഞ്ഞും നാട്ടിലെ ബൂത്ത് തലത്തില്‍ പ്രവര്‍ത്തിച്ചും വളര്‍ന്ന് വന്ന ആളാണ്. ഒരാളുടെയും പ്രത്യേക പിന്തുണ ഞാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം പിന്തുണച്ചോ എതിര്‍ത്തോ എന്നതില്‍ അര്‍ത്ഥമില്ല. എനിക്കതറിയില്ല. കെ.സി വേണുഗോപാലിനൊപ്പം നിന്ന ഭാരവാഹികള്‍ കത്തയച്ചുവെന്ന് ചാനലുകളില്‍ കണ്ടു. എന്നെ എതിര്‍ക്കേണ്ട കാര്യമുണ്ടോയെന്ന് എനിക്കറിയില്ല. എതിര്‍ത്താലും അനുകൂലിച്ചാലും ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. നേതാക്കന്‍മാരുടെ ഔദാര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും പരാജയങ്ങളുണ്ടെങ്കില്‍ അത് തിരുത്തി ജനബന്ധം കൂടുതല്‍ ശക്തമാക്കി സുതാര്യവും അഴിമതിരഹിതവുമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. എനിക്ക് ഒരാളുടെയും ഔദാര്യം വേണ്ട.

Q

രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുന്ന നേതാവാണ് ലിജു. അങ്ങനെ നില്‍ക്കുന്നത് അര്‍ഹമായ പരിഗണന ലഭിക്കാതിരിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടോ?. ഹൈബി ഈഡനും ശബരിനാഥിനുമൊന്നും കിട്ടുന്ന പ്രധാന്യം പാര്‍ട്ടി വേദികളില്‍ ലഭിക്കുന്നില്ലെന്ന് തോന്നിയിരുന്നോ?

A

ചെറുപ്പം മുതല്‍ കണ്ട് വളര്‍ന്ന നേതാവാണ് രമേശ് ചെന്നിത്തല. എന്റെ കുടുംബത്തോട് അടുപ്പമുള്ള നേതാവാണ്. ചെറുപ്പം മുതല്‍ കണ്ട് വരുന്ന നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയോട് ഇഷ്ടമുണ്ട്. ഇതൊക്കെ കൊണ്ട് അദ്ദേഹത്തിനൊപ്പം നിലപാട് സ്വീകരിച്ചു. അതിന്റെ അര്‍ത്ഥം മറ്റ് നേതാക്കളോട് ബന്ധമില്ലെന്നോ രമേശ് ചെന്നിത്തലയുടെ കംപാര്‍ട്‌മെന്റില്‍ മാത്രം നില്‍ക്കുന്ന നേതാവാണെന്നോ അര്‍ത്ഥമല്ല. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുമ്പോള്‍ കൂടെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ പല നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സഹപാഠികളായിരുന്ന വിഷ്ണുനാഥ്, മാത്യു കുഴല്‍നാടന്‍, കമ്മിറ്റിയില്‍ ഒപ്പമുണ്ടായിരുന്ന അന്‍വര്‍ സാദത്ത് എന്നിവരുമായി നല്ല ബന്ധമാണ്. ഞാനൊരു കംപാര്‍ട്‌മെന്റില്‍ ഇരുന്ന മറ്റുള്ളവരെല്ലാം ശത്രുക്കളാണെന്ന് കരുതുന്ന ആളല്ല. എ.കെ ആന്റണിയാണ് എന്നെ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. അദ്ദേഹം എന്റെ ഗ്രൂപ്പാണോ. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണിത്. വി.എം സുധീരനുമായി അടുത്ത ബന്ധമാണ്. കരിമണല്‍ ഖനനം ഉള്‍പ്പെടെ വിവിധ സമരങ്ങളില്‍ ഒരുമിച്ച് നേതൃത്വം കൊടുത്തിട്ടുണ്ട്. വയലാര്‍ രവിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‌നമാണ്. എന്റെ വിഷയമല്ല.

Q

കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉണ്ടാകുന്നുവെന്ന് വാര്‍ത്തകളുണ്ടല്ലോ. വി.ഡി സതീശനും എ ഗ്രൂപ്പും ഒന്നിച്ച് നില്‍ക്കുന്നു. രമേശ് ചെന്നിത്തലയും കെ.സുധാകരനും സഹകരിച്ച് മുന്നോട്ട് നീങ്ങുന്നുവെന്ന്. ഇങ്ങനെ സംഭവിക്കുന്നുണ്ടോ?

A

എനിക്ക് അറിയില്ല. ഞാന്‍ പാര്‍ട്ടിക്കൊപ്പമാണ്. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ക്കൊപ്പമാണ്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഗ്രൂപ്പുണ്ടാക്കുന്നതായി എനിക്കറിയില്ല. പാര്‍ട്ടിയിലെ എല്ലാവരെയും ഉള്‍ക്കൊള്ളാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അല്ലാതെ ഏതെങ്കിലും വിഭാഗത്തെ ശക്തിപ്പെടുത്തുക എന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തിട്ടില്ല. എന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് അടുപ്പിച്ചത് അതാണ്. ഏതെങ്കിലും ഒരാള്‍ക്ക് വേണ്ടി പാര്‍ട്ടി പിടിച്ചു കൊടുക്കുക എന്ന ദൗത്യം കെ.സുധാകരന്‍ ഏറ്റെടുത്തിട്ടില്ല. അദ്ദേഹം പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകരുണ്ട്. അവരുടെ വേദനയ്‌ക്കൊപ്പമാണ് എന്നതാണ് കെ.സുധാകരനോട് അടുപ്പവും സ്‌നേഹവും കൂടെ പ്രവര്‍ത്തിക്കണമെന്നും തോന്നുന്നതിന് കാരണം. ഗ്രൂപ്പുണ്ടാക്കുന്നത് കൊണ്ടല്ല. മറ്റാരെങ്കിലും ഗ്രൂപ്പുണ്ടാക്കുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല. അതിന് അവരാണ് മറുപടി പറയേണ്ടത്.

Q

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു?

A

അങ്ങനെ ഞാന്‍ വിലയിരുത്തേണ്ട കാര്യമില്ല. ഓരോ നേതാക്കള്‍ക്കും ഓരോ ഓരോ പ്രവര്‍ത്തന ശൈലിയുണ്ട്. രമേശ് ചെന്നിത്തല കേരളം കണ്ട മിടുക്കനായ പ്രതിപക്ഷ നേതാവായിരുന്നു. വി.ഡി സതീശന്‍ മികച്ച പ്രതിപക്ഷ നേതാവാണ്. അദ്ദേഹത്തിന് ഇനിയും സമയമുണ്ട്. അവരെ ഞാന്‍ താരതമ്യം ചെയ്യേണ്ടതില്ല. അതിന്റെ ആവശ്യവും എനിക്കില്ല.

Related Stories

No stories found.
logo
The Cue
www.thecue.in