നന്ദിനി വന്നതുകൊണ്ട് മിൽമയ്ക്ക് ഒന്നും സംഭവിക്കില്ല; മിൽമ ചെയർമാൻ കെ.എസ് മണിയുമായി അഭിമുഖം

നന്ദിനി വന്നതുകൊണ്ട് മിൽമയ്ക്ക് ഒന്നും സംഭവിക്കില്ല; മിൽമ ചെയർമാൻ കെ.എസ് മണിയുമായി അഭിമുഖം
Summary

ശരിക്കും നമ്മളെക്കാളും വില കുറച്ച് കൊടുക്കാൻ കഴിയുന്ന നന്ദിനി, മാധ്യമങ്ങളിലൂടെ അങ്ങനെ ഒരു പൊതു ബോധമുണ്ടാക്കുകയും, നമ്മളെക്കാൾ വില കൂട്ടി വിൽക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. നന്ദിനി വന്നാൽ മിൽമ വിറച്ച് പോകും എന്നൊക്കെ പറയുന്നത് വെറുതെയാണ്. അങ്ങനെ ഒരു വിറയലും നമുക്കില്ല. മിൽമ ചെയർമാൻ കെ.എസ് മണിയുമായി അഭിമുഖം

Q

മിൽമ-നന്ദിനി പ്രശ്നം വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. കർണാടക തെരഞ്ഞെടുപ്പിന്റെ സമയത്ത് വളരെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട കാര്യമാണ് നന്ദിനിയും അമുലും തമ്മിലുള്ള പ്രശ്നം. ഒരു സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനം എന്ന നിലയിൽ എല്ലാവരും അന്ന് നന്ദിനിയോടൊപ്പമായിരുന്നു. കേരളത്തിലേക്ക് ഇപ്പോൾ നന്ദിനി കടന്നു വരികയാണ്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് നമ്മൾ നന്ദിനിയെ എതിർക്കുന്നത്?

A

രാജ്യത്ത് ക്ഷീര മേഖലയിലെ സഹകരണ പ്രസ്ഥാനം ഡോ. വർഗീസ് കുര്യൻ വിഭാവനം ചെയ്ത സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി നമ്മൾ വലിയ ഉല്പാദന വർധനവാണ് രാജ്യത്തുണ്ടായിട്ടുള്ളത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി നമ്മൾ മാറിയിട്ടുണ്ട്. ഇത്തരം എല്ലാ സംഘങ്ങളും പ്രവർത്തിക്കുന്നത് സഹകരണ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതിനു മൂന്നു തട്ടുകളുണ്ട്. ആദ്യത്തേത് പ്രാഥമിക ക്ഷീര സംഘങ്ങളാണ്. അതിലൂടെയാണ് പാൽ സംഭരിക്കുന്നത്. അതിനു മുകളിൽ യൂണിയനുകളാണ്, റെവെന്യു ജില്ലകൾ ചേരുന്ന യൂണിയനുകൾ. ആ യൂണിയനുകളുടെ മുകളിലാണ് ഫെഡറേഷൻ. ഈ മൂന്നു സംവിധാനങ്ങളും സഹകരണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുകയാണ്. ഈ മൂന്നു സംവിധാനങ്ങൾക്കും ഓരോ പ്രവർത്തന പരിധികളുണ്ട്. രണ്ടു വാർഡുകൾക്കാണ് ഒരു ക്ഷീര സംഘം. കൃത്യമായ പ്രവർത്തന പരിധി നിശ്ചയിച്ചിട്ടാണ് അവയ്ക്കു ലൈസൻസ് നൽകുന്നത്. യൂണിയനുകളും സമാനമായി തന്നെയാണ് പ്രവർത്തിക്കുന്നത്. മലബാർ യൂണിയൻ പ്രവർത്തിക്കുന്നത് പാലക്കാട് മുതലുള്ള ആറ് ജില്ലകൾ ഉൾപ്പെടുത്തിക്കൊണ്ടാണ്. എറണാകുളം യൂണിയനിലും തിരുവനന്തപുരം യൂണിയനിലും നാല് ജില്ലകൾ വീതമാണുള്ളത്. ഫെഡറേഷൻ പ്രവർത്തിക്കുന്നത് സംസ്ഥാനങ്ങളുടെ അധികാര പരിധിക്കുള്ളിലാണ്. ഇങ്ങനെ കൃത്യമായി പരിധി നിശ്ചയിച്ച് പ്രവർത്തിക്കുക എന്നതാണ് സഹകരണ നിയമങ്ങളുടെ അടിസ്ഥാനം. ഇതാണ് എതിർപ്പിന്റെ ആദ്യ കാരണം. ഫെഡറേഷനുകൾ പ്രവർത്തിക്കുന്നത് അതാത് സംസ്ഥാനത്തെ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ്. മറ്റൊരു കാരണം, കർണാടകത്തിലേക്ക് അമൂൽ വരുമ്പോൾ നന്ദിനി എതിർക്കുകയും ഇപ്പോൾ കേരളത്തിലേക്ക് സമാനമായി കടന്നുവരാൻ ശ്രമിക്കുന്നതുമാണ്. ഇതൊക്കെയാണ് എതിർക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ.

Q

ദിവസങ്ങൾക്ക് മുമ്പ് മന്ത്രി ജെ. ചിഞ്ചുറാണി നന്ദിനിയുടെ കടന്നുവരവ് നിയമവിരുദ്ധമാണെന്നും, മര്യാദകേടാണെന്നും പറഞ്ഞിരുന്നു. അതേ സമയം കർണാടകയിലെ മന്ത്രി ചോദിക്കുന്നത് ഒരു സ്ഥാപനത്തിന് അവരുടെ ഉൽപ്പന്നം രാജ്യത്ത് എവിടെവേണമെങ്കിലും വിൽക്കാനുള്ള അവകാശമില്ലേ എന്നാണ്. നിയമപരമായി ഇതിന് ഒരു വ്യക്തതയുണ്ടോ?

A

നമ്മൾ മനസിലാക്കുന്നതനുസരിച്ച് ഉൽപ്പാദനത്തിനും വിതരണത്തിനും സംസ്കരണത്തിനും നിയമപ്രകാരം പരിധികളുണ്ടെങ്കിലും, കഴിഞ്ഞ കുറേ കാലമായി എല്ലാ സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങൾ രാജ്യത്ത് എല്ലായിടത്തും വിൽക്കുന്നത് നമ്മൾ കാണുന്നുണ്ട്. ഇപ്പോൾ അമൂൽ അവരുടെ ഉൽപ്പന്നങ്ങൾ രാജ്യമെമ്പാടും വിൽക്കുന്നുണ്ട്. നന്ദിനി അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ഔട്‍ലെറ്റുകൾ എവിടെ തുടങ്ങുന്നതിനും നമുക്ക് പരാതിയില്ല, സഹകരണ നിയമപ്രകാരം സംസ്ഥാനത്തു നിന്ന് പാല് സംഭരിക്കാനുള്ള ഫെഡറേഷന്റെ അവകാശമില്ലാതാക്കി മറ്റുള്ളവർ പാൽ സംഭരിക്കുന്നത് ശരിയല്ല എന്ന കാര്യം മാത്രമേ നമ്മൾ പറയുന്നുള്ളൂ. നേരത്തെ സൂചിപ്പിച്ചപോലെ അമൂൽ വന്നപ്പോൾ നന്ദിനി എതിർത്തല്ലോ. അതേസമയത്ത് അവർ കേരളത്തിലേക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ വരുന്നതിലെ പ്രശ്നം നമ്മൾ പറഞ്ഞല്ലോ, എന്നാൽ കേരളത്തിലെ മിൽമ യൂണിയനുകൾ കേരളത്തിന് പുറത്ത് പാലോ ഉല്പന്നങ്ങളോ വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശനമായ നടപടി നമ്മൾ സ്വീകരിക്കാറുണ്ട്. അങ്ങനെ തത്വാധിഷ്ഠിത നിലപാടെടുക്കുന്ന മിൽമയ്ക്ക് അവരെന്തെങ്കിലും ചെയ്യട്ടെ എന്ന് കരുതി വിടാൻ കഴിയില്ല. നമ്മുടെ സഹോദര സ്ഥാപനങ്ങൾ സഹകരണ നിയമങ്ങൾ പരിഗണിക്കാതെ മുന്നോട്ട് പോകുമ്പോൾ അവരോട് ഉപദേശരൂപേണ പറയുക മാത്രമാണ് നമ്മൾ ചെയ്യുന്നത്.

ശരിക്കും നമ്മളെക്കാളും വില കുറച്ച് കൊടുക്കാൻ കഴിയുന്ന നന്ദിനി, മാധ്യമങ്ങളിലൂടെ അങ്ങനെ ഒരു പൊതു ബോധമുണ്ടാക്കുകയും, നമ്മളെക്കാൾ വില കൂട്ടി വിൽക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്.
Q

നന്ദിനിയുടെ ഗുണമേന്മയുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നിരുന്നു. മിൽമയുമായി താരതമ്യം ചെയ്യുമ്പോൾ നന്ദിനിക്ക് വില കുറവാണു എന്ന കാര്യമുണ്ട്. എന്ത് മാനദണ്ഡങ്ങളുടെ പുറത്തായിരിക്കും നന്ദിനിക്ക് ഗുണമേന്മയില്ല എന്ന ചർച്ച നടക്കുന്നത്? എങ്ങനെയാണ് മിൽമയെക്കാൾ വില കുറച്ച് നന്ദിനിക്ക് പാൽ വിൽക്കാൻ സാധിക്കുന്നത്?

A

നന്ദിനി പാലിന് ഗുണനിലവാരമില്ല എന്ന് മിൽമ ഒരിക്കലും പറയില്ല. അത് ഞങ്ങളുടെ എത്തിക്സിന്റെ ഭാഗമാണ്. നന്ദിനി എന്നല്ല നമ്മളോട് മത്സരിക്കുന്ന ഏത് സ്ഥാപനത്തിന്റെയും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് നമ്മൾ ഒന്നും പറയില്ല. മാത്രമല്ല രാജ്യത്ത് നിലവിലുള്ള എല്ലാ ക്ഷീര സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങളും നിലവാരമുള്ളതാണ് എന്ന് തന്നെയാണ് നമ്മുടെ അഭിപ്രായം. സഹകരണ സ്ഥാപനങ്ങൾ കർഷകരുടെ സ്ഥാപനങ്ങളാണ്. നിലവാരം നോക്കാതെ ലാഭമുണ്ടാക്കാൻ ഒരിക്കലും അത്തരം സഹകരണ സ്ഥാപനങ്ങൾ ശ്രമിക്കില്ല. നമ്മുടെ ഉദ്ദേശം എന്ന് പറയുന്നത് നമ്മുടെ ഉൽപ്പന്നങ്ങളുടെ ഉപഭോഗ്താക്കൾക്ക് ഏറ്റവും നിലവാരമുള്ള ഉത്പന്നങ്ങൾ നൽകി കച്ചവടം വർധിപ്പിച്ച് ലാഭമുണ്ടാക്കി അത് കര്ഷകരിലേക്കെത്തിക്കുക എന്നതാണ്. പക്ഷെ കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ രാജ്യത്ത് ഏറ്റവും നിലവാരമുള്ള പാൽ നമ്മുടേതാണ് എന്ന് പറഞ്ഞാൽ നമ്മൾ അത് ജനങ്ങളോട് പറയും. ഒന്നാം സ്ഥാനത്ത് നമ്മളാണ് എന്നതിനർത്ഥം അതിനു താഴെ രണ്ടും മൂന്നും സ്ഥാനത്തുള്ളവർ മോശമാണ് എന്നല്ല.

അവർക്ക് വില കുറച്ച് നൽകാൻ കഴിയും. അതിന് ഒരു കാരണം അവർ പാൽ സംഭരിക്കുമ്പോൾ കർഷകർക്ക് നമ്മൾ നൽകുന്നതിനേക്കാൾ ചെറിയ തുകയാണ് നൽകുന്നത്. രണ്ടാമത്തെ കാര്യം, കർണാടക സർക്കാർ പാലിന് ഇൻസെന്റീവും നൽകുന്നുണ്ട്. ഈ രണ്ടു കാരണങ്ങൾ കൊണ്ട് തന്നെ നമ്മൾ നൽകുന്നതിനേക്കാൾ വില കുറച്ച് അവർക്ക് പാല് നൽകാൻ കഴിയും. ഒരു ലിറ്റർ പാല് നമ്മളെക്കാൾ 12 രൂപ കുറച്ച് നന്ദിനിക്ക് കൊടുക്കാൻ കഴിയും എന്നാണ് ആദ്യം വന്ന മാധ്യമ വാർത്തകൾ. എന്നാൽ നമ്മൾ ഇവിടെ 26 രൂപയ്ക്കു നൽകുന്ന നീല കവർ പാല് അവര് വിൽക്കുന്നത് 27 രൂപയ്ക്കാണ്. അപ്പോൾ നമ്മളേക്കാളും വില കുറച്ചാണ് നന്ദിനി പാൽ വിൽക്കുന്നത് എന്നത് പൂർണ്ണമായും ശരിയല്ല എന്ന് മനസിലാക്കാം. സംഭരിക്കുമ്പോൾ നമ്മളാണ് കർഷകർക്ക് ഏറ്റവും കൂടുതൽ തുക നൽകുന്നത് എന്ന് പറയുമ്പോൾ, ഈ തുക ഏകദേശം എത്രയായിരിക്കും? കർണാടകയിലെയും കേരളത്തിലെയും കർഷകർക്ക് ലഭിക്കുന്ന തുകയിൽ വലിയ അന്തരവുണ്ടോ?

കേരളത്തിൽ നമ്മുടെ പാൽ വിറ്റുവരവിന്റെ 83 ശതമാനവും കർഷകർക്കാണ് നൽകുന്നത്. എന്നാൽ ദേശീയ തലത്തിൽ നോക്കിയാൽ ഏറ്റവും കൂടിയ നിരക്ക് 75 മുതൽ 80 ശതമാനം വരെയാണ്. അതുകൊണ്ടാണ് ഏറ്റവും മികച്ച പാൽ വിലയാണ് നമ്മൾ കർഷകർക്ക് കൊടുക്കുന്നത് എന്ന് പറയുന്നത്. ഇപ്പോഴുള്ള ഏറ്റവും പുതിയ കണക്കുകൾ കയ്യിലില്ല എന്നാലും തമിഴ്‌നാടും കർണാടകയും തമ്മിൽ ഏറ്റവും കുറഞ്ഞത് 10 രൂപയുടെ വ്യത്യാസമുണ്ട്. നമ്മളെക്കാൾ ചെറിയ തുകയ്ക്ക് സംഭരിക്കുന്ന പാല് ആദ്യം വില കുറച്ച് വിൽക്കുന്നു എന്ന വാർത്തകൾ വന്നെങ്കിലും ഇപ്പോൾ മനസിലാക്കുന്നത് നമ്മളെക്കാൾ ഒരു രൂപ അധികമാണ് അവർ ഈടാക്കുന്നത് എന്നാണ്. ശരിക്കും നമ്മളെക്കാളും വില കുറച്ച് കൊടുക്കാൻ കഴിയുന്ന നന്ദിനി, മാധ്യമങ്ങളിലൂടെ അങ്ങനെ ഒരു പൊതു ബോധമുണ്ടാക്കുകയും, നമ്മളെക്കാൾ വില കൂട്ടി വിൽക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ കഴിയുമോ?

നന്ദിനി വന്നാൽ മിൽമ വിറച്ച് പോകും എന്നൊക്കെ പറയുന്നത് വെറുതെയാണ്. അങ്ങനെ ഒരു വിറയലും നമുക്കില്ല.
Q

പാൽ സൊസൈറ്റികളിൽ കർഷകർക്ക് പൈസ നൽകുന്നത് പാലിന്റെ അളവും അതിന്റെ കൊഴുപ്പും നോക്കിയിട്ടാണ്. പക്ഷെ ഒരു കർഷകൻ യാൾക്ക് ലഭിക്കുന്ന പൈസയും ഒരു പാക്കറ്റ് പാലിന്റെ പൈസയും തമ്മിൽ തട്ടിച്ച് നോക്കാൻ സാധ്യതയുണ്ട്. അത് തമ്മിൽ വലിയ വ്യത്യാസമില്ലേ? ആ അന്തരവ് കുറയ്ക്കാൻ സാധിക്കുമോ? പാൽ സൊസൈറ്റികളിൽ പോയി പാല് വാങ്ങുന്ന സാധാരണക്കാരും ഈ കൊഴുപ്പ് അനുസരിച്ച് ഒന്നും അല്ലല്ലോ പൈസ കൊടുക്കുന്നത്. അവര് എത്ര കൊഴുപ്പുള്ള പാലിനും ഒരു ലിറ്ററിന് നിശ്ചിത പൈസയാണ് കൊടുക്കുന്നത്.

A

ആ വ്യത്യാസമുണ്ട്. നമ്മൾ പ്രോസസ്സ് ചെയ്ത് വിൽക്കുന്ന അതേ വിലയ്ക്ക് തന്നെയാണ് സൊസൈറ്റികൾ പാല് വിൽക്കുന്നത്. അതിനകത്ത് ഒരു നിയന്ത്രണവും മിൽമയ്ക്കില്ല. അത് പൂർണ്ണമായും ക്ഷീരവികസന വകുപ്പാണ് നിയന്ത്രിക്കുന്നത്. നമ്മളെ സംബന്ധിച്ച് നമ്മൾ സംഭരിക്കുന്ന പാല് ഇവിടെ വന്ന് കൃത്യമായി കൊഴുപ്പും കൊഴുപ്പിതര വസ്തുക്കളുമായി മാറ്റി, 83 ശതമാനം കർഷകർക്ക് നൽകികൊണ്ട് ബാക്കി 17 ശതമാനത്തിൽ നിന്നാണ് ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ, വില്പനക്കാർക്കുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ളവ നൽകുന്നത്. മിൽമയിലെ ജീവനക്കാർക്കുള്ള ശമ്പളം. അതുപോലെ പാക്കിങ് സാധനങ്ങൾ വാങ്ങാനുള്ള ചെലവ്. ഇലക്ട്രിസിറ്റി ചെലവ്. ഉൽപ്പന്നങ്ങൾ പല സ്ഥലത്തും റോഡ് മാർഗം എത്തിക്കാനുള്ള ചെലവ് ഇതെല്ലാം ഈ 17 ശതമാനത്തിൽ നിന്നാണ് കണ്ടെത്തുന്നത്. നമ്മൾ ഇപ്പോൾ ഉണ്ടാക്കുന്ന ലാഭം എന്ന് പറയുന്നത്, പാലിൽ നിന്ന് നമ്മളുണ്ടാക്കുന്ന മറ്റ് ഉത്പന്നങ്ങളിൽ നിന്നാണ്. അതിന്റെ ഗുണം സ്വാഭാവികമായിട്ടും കർഷകരിലേക്ക് കാലിത്തീറ്റ സബ്സിഡിയുൾപ്പെടെയുള്ള വഴികളിലൂടെ എത്തിക്കുകയാണ്. കഴിഞ്ഞ വർഷം ഏകദേശം 35 കോടി രൂപയാണ് ഇങ്ങനെ അധിക വിലയും കാലിത്തീറ്റ സബ്‌സിഡിയും എല്ലാമായി നമ്മൾ കർഷകർക്ക് കൊടുത്തത്. അത് കൂടാതെ ബഡ്ജറ്റിൽ വെക്കുന്ന 18 കോടി രൂപയുടെ ആനുകൂല്യങ്ങളും നമ്മൾ കർഷകർക്ക് നൽകുന്നുണ്ട്. അങ്ങനെ നോക്കിയാൽ 53 കോടിയിലധികം രൂപ മലബാർ മേഖലയിലെ 6 ജില്ലകളിലായി നൽകിയിട്ടുണ്ട്. അപ്പോഴാണ് മിൽമ കർഷകരെയും ഉപഭോക്താക്കളെയും ചൂഷണം ചെയ്യുകയാണ് എന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നത്. എന്താണ് എന്ന് അക്കമിട്ട് പറഞ്ഞാൽ മറുപടി പറയാൻ നമ്മൾ തയ്യാറാണ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പാൽവില കൊടുക്കുന്ന സംസ്ഥാനം എന്ന് പറയുമ്പോൾ അവിടെ കർഷകരെ ചൂഷണം ചെയ്യുന്നു എന്ന് പറയുന്നതിൽ പൊരുത്തക്കേടുണ്ട്. ഇത് കേരളത്തിലെ ക്ഷീര രംഗത്തെ തകർക്കാനുള്ള ശ്രമമാണ്. മിൽമ, ക്ഷീര കർഷകരുടെ പ്രസ്ഥാനമാണ്. അത് തകർന്നു കാണാനുള്ള ചിലരുടെ അത്യുത്സാഹമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നമ്മൾ കാണുന്നത്. പാല് ആര് വിൽക്കുന്നതിനും ഞങ്ങൾ എതിരല്ല. എത്ര സ്ഥാപനങ്ങൾ കേരളത്തിൽ പാൽ വിൽക്കുന്നുണ്ട്?

കഴിഞ്ഞ ഡിസംബർ മുതലാണ് നന്ദിനി കേരളത്തിൽ പാൽ വില്പന ആരംഭിച്ചതായി നമ്മൾ മനസിലാക്കുന്നത്. ഡിസംബർ മുതൽ ഇങ്ങോട്ട് എല്ലാ മാസത്തേയും പാൽ വിൽപ്പന എടുത്ത് നോക്കിയാലും മിൽമയുടെ വിൽപ്പന വർധിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. അതുകൊണ്ട് നന്ദിനിയുടെ വിൽപ്പന മിൽമയെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ല എന്ന് മാത്രമല്ല വലിയ പുരോഗതിയുണ്ടായിട്ടുണ്ട് എന്നും മനസിലാകും. നന്ദിനി വന്നാൽ മിൽമ വിറച്ച് പോകും എന്നൊക്കെ പറയുന്നത് വെറുതെയാണ്. അങ്ങനെ ഒരു വിറയലും നമുക്കില്ല. കേന്ദ്ര സർക്കാർ വിദേശത്ത് നിന്നും പാലും പാലുൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ നന്ദിനിയും മിൽമയും അമുലുമെല്ലാം ഒരുമിച്ച് അതിനെതിരെ അണിനിരന്നില്ലേ? എന്താണ് അതിന്റെ കാരണം? അത് ക്ഷീര കർഷകരെ ബാധിക്കും എന്നുള്ളതുകൊണ്ടാണല്ലോ നമ്മൾ എതിർത്തത്. അതേ സമയത്ത് നമ്മൾ തന്നെ നമ്മുടെ കർഷകർക്കെതിരെ നിൽക്കുന്നത് ശരിയാണോ?

കെ.എസ് മണി
കെ.എസ് മണി
Q

വാർഷിക വരുമാനം നോക്കുകയാണെങ്കിൽ മിൽമ നന്ദിനിയെക്കാൾ ലാഭത്തിലാണോ? അങ്ങനെ ഒരു താരതമ്യം ചെയ്തിട്ടുണ്ടോ?

A

അങ്ങനെ ഒരു താരതമ്യം ചെയ്തിട്ടില്ല. എന്നാൽ 94 ലക്ഷം ലിറ്റർ പാലാണ് അവർ സംഭരിക്കുന്നതായി മനസിലാക്കുന്നത്. നമ്മൾ സംഭരിക്കുന്നത് 14 ലക്ഷം ലിറ്റർ മാത്രമാണ്. നമ്മുടെ ഏഴിരട്ടിയെങ്കിലും കാണും അത്. നമ്മുടെ വിറ്റുവരവ് 4000 കോടിയാണ്. നമ്മുടെ ഒപ്പം വിറ്റുവരവുണ്ടാകണമെങ്കിൽ അവർക്ക് ഏതാണ്ട് 30,000 കോടിയോളം വിറ്റുവരവുണ്ടാകണം. അതുണ്ടോ എന്ന് നിങ്ങൾ നോക്കു. നമ്മൾ അവരെക്കാളും ഒട്ടും മോശമല്ല എന്നെങ്കിലും ഇതിൽ നിന്ന് ബോധ്യമാകില്ലേ? അവരെക്കാളും മെച്ചപ്പെട്ടതാണെന്ന അവകാശവാദം ഞാൻ ഉന്നയിക്കുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in