ഇനി ബി.ജെ.പി ചേരിയിലേക്കില്ല, കേരളാ കോണ്‍ഗ്രസിലേക്ക് മടങ്ങിയത് അദ്വാനി പറഞ്ഞിട്ട്: പി.സി തോമസ് അഭിമുഖം

ഇനി ബി.ജെ.പി ചേരിയിലേക്കില്ല, കേരളാ കോണ്‍ഗ്രസിലേക്ക് മടങ്ങിയത് അദ്വാനി പറഞ്ഞിട്ട്: പി.സി തോമസ് അഭിമുഖം

എന്‍.ഡി.എയുടെ ഭാഗമായി വാജ്‌പേയ് സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു പി.സി തോമസ്. ക്രിസ്ത്യാന്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബി.ജെ.പി രാഷ്ട്രീയ നീക്കം നടത്തുമ്പോള്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയാണ് കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനായ പി.സി തോമസ്.

Q

ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു. പിളര്‍പ്പും വഴിപിരിയലും കൂടിച്ചേരലും കേരളാ കോണ്‍ഗ്രസിന് പുതുമയുള്ള കാര്യമല്ലെങ്കിലും ക്രൈസ്തവ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് ബി.ജെ.പി രാഷ്ട്രീയ നീക്കം നടത്തുന്നതിനിടെ ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടതാണ് ചര്‍ച്ചയാകുന്നത്. കേരളാ കോണ്‍ഗ്രസ് ഇതിനെ എങ്ങനെയാണ് കാണുന്നത്?

A

ജോണി നെല്ലൂരിന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ട്. ജോണി നെല്ലൂരിന്റെ സ്വന്തം സ്ഥലം മൂവാറ്റുപുഴയാണ്. അവിടെ കോണ്‍ഗ്രസ് വിജയിച്ചതാണ്. സിറ്റിംഗ് സീറ്റ് വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ല. കോതമംഗലം സീറ്റ് കിട്ടിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. അവിടെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ജില്ലാ പ്രസിഡന്റിനാണ് കഴിഞ്ഞ തവണ നല്‍കിയത്. അദ്ദേഹം അവിടെ കാര്യമായി വര്‍ക്ക് ചെയ്ത് കൊണ്ടിരിക്കുകയാണ്. അതും കിട്ടില്ലെന്ന തോന്നല്‍ ജോണി നെല്ലൂരിന് വന്നിട്ടുണ്ടാകാം. കേരളാ കോണ്‍ഗ്രസില്‍ നിന്നാല്‍ ഉദ്ദേശിക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ കഴിയില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ വലിയ പ്രശ്‌നം എന്നാണ് എനിക്ക് ബോധ്യമായിട്ടുള്ളത്. മാത്യു സ്റ്റീഫനും നേരത്തെ എം.എല്‍.എ ആയിട്ടുള്ള ആളാണ്. ഇടുക്കി സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. കഴിഞ്ഞ തവണ ഫ്രാന്‍സിസ് ജോര്‍ജ് മത്സരിച്ച സീറ്റ് അടുത്ത തവണ തനിക്ക് കിട്ടില്ലെന്ന തോന്നല്‍ മാത്യു സ്റ്റീഫനുണ്ടായിരുന്നു. അദ്ദേഹത്തിന് ആ സീറ്റ് കൊടുക്കാന്‍ ഒരു സാധ്യതയുമില്ലായിരുന്നു. അതുകൊണ്ടാണ് ജോണി നെല്ലൂരിനെ പോലെ പാര്‍ട്ടി വിട്ടത്.

ബി.ജെ.പി പലരെയും പിടിക്കാന്‍ ശ്രമിക്കുന്നുണ്ടാകാം. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് കിട്ടില്ലെന്ന തോന്നലിലാണ് പാര്‍ട്ടി വിട്ടതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ബി.ജെ.പി ഓഫര്‍ നല്‍കിയിട്ടുണ്ടാകില്ലേയെന്ന് ആങ്കര്‍ ചോദിച്ചു. ജോണി നെല്ലൂര്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ ഒരാളുമായി നടത്തിയ ഫോണ്‍ സംഭാഷണം കേള്‍പ്പിച്ചു. ബി.ജെ.പി എന്തു വേണമെങ്കിലും തരുമെന്നും കോര്‍പ്പറേഷന്‍ തരും, കാര്‍ കിട്ടുന്ന ഒരുപാട് അവസരം കിട്ടുമെന്നൊക്കെ ജോണി നെല്ലൂര്‍ പറയുന്നുണ്ടായിരുന്നു. നേരിട്ട് അറിയാത്തതിനാല്‍ അതിനെക്കുറിച്ച് പ്രതികരിക്കാനാകില്ലെന്ന് ആ ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞു. എന്നാല്‍ സീറ്റിന്റെ കാര്യം എനിക്ക് നേരിട്ട് അറിയാവുന്നത് കൊണ്ടാണ് പറയുന്നത്. അസംതൃപ്തിയും പാര്‍ട്ടി മാറിയാല്‍ സ്ഥാനങ്ങള്‍ കിട്ടുമെന്ന തോന്നലും കൊണ്ടാവാം പോയത്. അല്ലാതെ കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായിട്ടില്ല. ജോണി നെല്ലൂരിനൊപ്പം പാര്‍ട്ടിയിലേക്ക് വന്ന ആരും കൂടെ പോയിട്ടില്ല. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ജോണി നെല്ലൂരിന്റെ സ്ഥലം അവിടെ ആയതിനാലാണ് മൂവാറ്റുപുഴയില്‍ തന്നെ യോഗം വിളിച്ചത്. ജോണി നെല്ലൂരിനൊപ്പം പാര്‍ട്ടിയില്‍ വന്നവരെല്ലാം ആ യോഗത്തില്‍ പങ്കെടുക്കുക മാത്രമല്ല, ഒപ്പം പോകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ജോണി നെല്ലൂര്‍ പോയത് പാര്‍ട്ടിയെ ഒരുതരത്തിലും ബാധിക്കില്ല. ക്രിസ്തീയ സഭയും ഏതെങ്കിലും തരത്തില്‍ ഇങ്ങനെ ചിന്തിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ബിഷപ്പുമാരില്‍ പല താല്‍പര്യമുള്ളവരുണ്ടാകാം.

ബി.ജെ.പിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാകാം. കഴിഞ്ഞ ദിവസം ഒരു ബിഷപ്പും വൈദികരും രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കിയതായി വാര്‍ത്ത കണ്ടിരുന്നു. 168 പള്ളികള്‍ നശിപ്പിച്ചിട്ടും ക്രിസ്ത്യാനികളെ കൊന്നിട്ടും നടപടിയുണ്ടാകുന്നില്ലെന്ന പരാതിയുമായാണ് രാഷ്ട്രപതിക്ക് മുന്നില്‍ അവരെയെത്തിയത്. അതുകൊണ്ട് തന്നെ ക്രിസ്ത്യന്‍ സഭകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി നിന്നു കൊടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ നില്‍ക്കേണ്ട കാര്യവുമില്ല.
Q

നേരത്തെ ബി.ജെ.പിയോട് യോജിച്ച് പ്രവര്‍ത്തിച്ച നേതാവാണ് താങ്കള്‍. ക്രിസ്ത്യന്‍ കമ്യൂണിറ്റിയിലേക്ക് കടന്നു വരാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ താങ്കളുടെ പേരും ഉയരുന്നുണ്ട്. അത്തരം ആലോചനയോ ചര്‍ച്ചയോ നടക്കുന്നുണ്ടോ?

A

എന്റെ പേര് ആരെങ്കിലും പറഞ്ഞെങ്കില്‍ ഞാനത് പൂര്‍ണമായും നിഷേധിക്കുന്നു. കേരളാ കോണ്‍ഗ്രസ് എന്ന 1964 രൂപീകരിച്ച പാര്‍ട്ടിയുണ്ട്. ബ്രാക്കറ്റില്‍ ഒന്നുമില്ലാത്ത പാര്‍ട്ടി. അങ്ങനെ ഒരു പാര്‍ട്ടിയെ ഉള്ളൂ. അതിന്റെ ചെയര്‍മാന്‍ പി.ജെ ജോസഫാണ്. വളരെ ദീര്‍ഘവീക്ഷണത്തോടെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി പോരാടാന്‍ കഴിയുമെന്ന് തെളിയിച്ചിട്ടുള്ള നേതാവാണ്. അദ്ദേഹത്തിന്റെ നേതൃത്വം പാര്‍ട്ടിക്ക് ഒരു അനുഗ്രഹമാണ്. പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ മുന്നോട്ട് പോകും. അതില്‍ നിന്നും അണുവിട ചലിക്കാന്‍ ഞാനോ എന്റെ സഹപ്രവര്‍ത്തകരോ തയ്യാറാവില്ല. കേരളാ കോണ്‍ഗ്രസില്‍ ഒരുപാട് ക്രിസ്ത്യാനികളുണ്ടെന്നത് നേരാണ്. അതിന്റെ ശക്തിക്കൊന്നും ഒരു കോട്ടവും സംഭവിക്കില്ല.

Q

ബി.ജെ.പി വലിയ വാഗ്ദാനം നല്‍കിയാണോ മറ്റ് പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ അടര്‍ത്തിയെടുക്കുന്നത്. താങ്കളോടുള്ള സമീപനം എങ്ങനെയായിരുന്നു?

A

ഞാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ എം.പി.യായിരുന്നു. ആ സമയത്ത് മാണി സാര്‍ തെറ്റായ കാരണങ്ങളുണ്ടാക്കി പുറത്താക്കി. അദ്ദേഹത്തിന്റെ മകന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെടുത്തതെന്ന് അന്ന് പറയപ്പെട്ടു. ഒറ്റയാന്‍മാരായ ഒമ്പത് എം.പിമാര്‍ ലോക്‌സഭയില്‍ കൂടുതല്‍ സമയം കിട്ടുന്നതിനായി രാഷ്ട്രീയമില്ലാത്ത ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. പാര്‍ട്ടിയുടെ അനുവാദത്തോടെയായിരുന്നു അങ്ങനെ ചെയ്തത്. ഞാന്‍ ആ ഗ്രൂപ്പിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു. എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയപ്പോള്‍ ഗ്രൂപ്പില്‍പ്പെട്ട ഞാനുള്‍പ്പെടെയുള്ള അഞ്ച് പേര്‍ ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. മൂന്ന് പേര്‍ ബീഹാറില്‍ നിന്നും ഒരാള്‍ കാശ്മീരില്‍ നിന്നുമുള്ളതായിരുന്നു. ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചു. ഫെഡറലിസം കേരളാ കോണ്‍ഗ്രസിന്റെ തന്നെ ആശയമാണ്. അതിന് ദേശീയതലത്തില്‍ പ്രചാരണം കൊടുക്കുന്നതിനായിട്ടായിരുന്നു നീക്കം. ആ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വാജ്‌പേയ് മന്ത്രിസഭയോട് യോജിച്ച് നില്‍ക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിയിലെ അംഗങ്ങള്‍ തീരുമാനിക്കുന്നത്. വാജ്‌പേയിയുടെ ക്ഷണം സ്വീകരിച്ചാണ് എന്‍.ഡി.എയുടെ ഭാഗമാകുന്നത്. അഞ്ച് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഞാന്‍ ആറാമത്തെ തെരഞ്ഞെടുപ്പില്‍ 2004ല്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മൂവാറ്റുപുഴയില്‍ മത്സരിച്ചു. രണ്ട് മുന്നണികളോട് ഏറ്റുമുട്ടി കേരളത്തില്‍ ജയിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ചെറിയ ഭൂരിപക്ഷത്തില്‍ ഞാന്‍ വിജയിച്ചു. പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ തെരഞ്ഞെടുപ്പ് സമയമായപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ പേരിലല്ല മത്സരിച്ചത്. അവരുടെ സംസ്ഥാനങ്ങളില്‍ ജയിക്കാന്‍ സാധ്യതയുള്ള രീതിയില്‍ മത്സരിക്കേണ്ടി വന്നു. അങ്ങനെയായപ്പോള്‍ ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു. പി.ജെ. ജോസഫ് ചെയര്‍മാനായിട്ടുള്ള കേരളാ കോണ്‍ഗ്രസ് ബ്രാക്കറ്റില്ലാത്ത പാര്‍ട്ടി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ക്ഷണിച്ചു. അന്നത്തെ ബി.ജെ.പി അധ്യക്ഷന്‍ എല്‍.കെ അദ്വാനിയും ഇതിന് സമ്മതം നല്‍കി. ബി.ജെ.പിക്ക് വലിയ സാധ്യതയില്ലാത്ത മേഖലയായതിനാല്‍ കേരളാ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതാണ് നല്ലതെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മൂവാറ്റുപുഴയില്‍ വിജയ സാധ്യതയില്ലെന്നും വടക്കന്‍ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും സീറ്റ് നല്‍കാമെന്നും അവര്‍ പറഞ്ഞിരുന്നു. മൂവാറ്റുപുഴയില്‍ തന്നെ മത്സരിക്കണമെന്നും തോറ്റാലും പ്രശ്‌നമില്ലെന്നും ഞാന്‍ അറിയിക്കുകയായിരുന്നു. 45000 വോട്ടാണ് ബി.ജെ.പിക്ക് അതിന് മുമ്പത്തെ തെരഞ്ഞെടുപ്പില്‍ ആ മണ്ഡലത്തില്‍ ലഭിച്ചത്. ജയിക്കാന്‍ എത്ര വോട്ട് വേണമെന്ന് അദ്വാനി ചോദിച്ചപ്പോള്‍ രണ്ടര ലക്ഷം വോട്ട് വേണമെന്നും അറിയിച്ചിരുന്നു. മത്സരിച്ച് ജയിച്ചു. അതിനെ ശേഷം പി.ജെ. ജോസഫ് പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് അദ്വാനിജിക്ക് മനസിലായപ്പോള്‍ കേരളാ കോണ്‍ഗ്രസ് എന്ന നിങ്ങളുടെ ഒറിജിനല്‍ പാര്‍ട്ടിയിലേക്ക് മടങ്ങി പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോള്‍ നമ്മുടെ മുന്നണി പോകില്ലെയെന്ന് ചോദിച്ചപ്പോള്‍ അത് സാരമില്ലെന്നും കേരളമല്ലേ, മുന്നണികളൊക്കെ മാറി മറയില്ലെയെന്നും എന്നോട് അദ്ദേഹം പറയുകയായിരുന്നു. ഞങ്ങളുടെ സംസാരത്തിന്റെ അടിസ്ഥാനത്തിലാണ് കേരളാ കോണ്‍ഗ്രസില്‍ പി.ജെ. ജോസഫിനൊപ്പം എത്തിയത്. പി.ജെ. ജോസഫ് ഇടതുപക്ഷത്തായിരുന്നതിനാല്‍ ഞങ്ങളും ആ മുന്നണിയില്‍ നില്‍ക്കുകയായിരുന്നു. പി.ജെ ജോസഫ് ഇടക്കാലത്ത് ചില പ്രശ്‌നങ്ങള്‍ കാരണം പാര്‍ട്ടി വിട്ട് കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് പോയിരുന്നു. ഞങ്ങള്‍ പാര്‍ട്ടിയുമായി മുന്നോട്ട് പോയി. പിന്നീട് കേരളാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്ന് പി.ജെ. ജോസഫ് അറിയച്ചു. പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ അദ്ദേഹത്തിനുള്ള കഴിവ് അറിയുന്നതിനാല്‍ ഞങ്ങളെല്ലാം തയ്യാറായി. ആ സമയത്ത് ബി.ജെ.പിയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് മത്സരിക്കാന്‍ ബി.ജെ.പി ആവശ്യപ്പെട്ടു. മകന് കാന്‍സറായിരുന്നതിനാല്‍ ഞാന്‍ തയ്യാറായില്ല. മകന്‍ ആ സമയത്ത് ഗുരുതരാവസ്ഥയിലായിരുന്നു. പിന്നീട് മരിച്ചു. പാലായില്‍ മത്സരിക്കാന്‍ ബി.ജെ.പി വല്ലാതെ നിര്‍ബന്ധിച്ചു. കേരളത്തിലെ നേതാക്കളായിരുന്നു അതിന് പിന്നില്‍. പാലായില്‍ മത്സരിച്ചിരുന്നുവെങ്കില്‍ ജയിക്കില്ലായിരുന്നു. ജയവും തോല്‍വിയും പ്രശ്‌നമായിരുന്നില്ല. പി.ജെ. ജോസഫുമായി ചേര്‍ന്ന് കേരളാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താമെന്നത് കൊണ്ട് തീരുമാനത്തിലെത്തി.

പി.ജെ ജോസഫ് ചെയര്‍മാനും ഞാന്‍ വര്‍ക്കിംഗ് ചെയര്‍മാനുമായി നില്‍ക്കുന്നു. യു.ഡി.എഫിനൊപ്പം നില്‍ക്കുന്നു. അതിനിടെ ചെറിയ ചില പ്രശ്‌നങ്ങളുടെ പേരില്‍ ആരെങ്കിലും പാര്‍ട്ടി വിട്ടാല്‍ അത് ഞങ്ങളെ ബാധിക്കില്ലെന്നാണ് എന്റെ ഉറച്ച വിശ്വാസം.
Q

രാഷ്ട്രീയ വിയോജിപ്പുകള്‍ കാരണമല്ല താങ്കള്‍ ബി.ജെ.പിയുമായി അകന്നത് ?

A

പ്രധാനപ്പെട്ട കാരണം പാലായില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ തയ്യാറാകാതിരുന്നതാണ്. അമിത് ഷായെ കൊണ്ട് എന്നെ വിളിപ്പിച്ചു. വന്ന് കണ്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് മനസിലായി. തിരിച്ച് ദില്ലിയില്‍ എത്തി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും വിളിപ്പിച്ചു. അവിടെ എത്തിയപ്പോള്‍ കേരളത്തിലെ പ്രധാന നേതാക്കള്‍ ഉണ്ട്. അവരുടെ നിര്‍ബന്ധം കൊണ്ടാണ് വീണ്ടും കാണാന്‍ ആവശ്യപ്പെട്ടതെന്ന് മനസിലായി. മകന് കാന്‍സറാണെന്നും ഗുരുതരാവസ്ഥയിലാണെന്നും മത്സരിക്കാനാകില്ലെന്നും ആവര്‍ത്തിപ്പ് പറഞ്ഞ് ഒഴിഞ്ഞ് മാറി. അത് കാരണം കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് ന്യായമായും എന്നോട് അടുപ്പം തീര്‍ത്തും പോയി. ആ സമയത്താണ് പി.ജെ. ജോസഫുമായി ചര്‍ച്ച ആരംഭിക്കുന്നതും കേരളാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ തീരുമാനിക്കുന്നതും. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കേരളാ കോണ്‍ഗ്രസ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏക പാര്‍ട്ടി ഇതാണ്. ഒറ്റക്കെട്ടായി ഞങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ പാര്‍ട്ടിയിലേക്ക് ധാരാളം ആളുകള്‍ വരുന്നുണ്ട്.

Q

ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ബി.ജെ.പിയുമായി സഹകരിക്കുന്ന മാതൃക താങ്കളുടേതാണ്. അത് തെറ്റായിപ്പോയെന്ന് തോന്നുണ്ടോ?

A

മുന്നണിയെന്ന നിലയിലുള്ള സഹകരണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അല്ലാതെ ബി.ജെ.പിയില്‍ ചേരുകയോ പാര്‍ട്ടിയെ അംഗീകരിക്കുകയോ ആയിരുന്നുമില്ല. നേരത്തെ പറഞ്ഞത് പോലെ ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് അവരുമായി സഹകരിച്ചത്. കേരളാ കോണ്‍ഗ്രസിന് ബി.ജെ.പിയുമായി ചേരാന്‍ പല പരിമിതികളുമുണ്ട്. അത് കേരളാ കോണ്‍ഗ്രസിലെ എല്ലാവര്‍ക്കും അറിയാം. ക്രിസ്ത്യന്‍ സമൂഹം ബി.ജെ.പിയുടെയും സംഘപരിവാരിന്റെയും പ്രവര്‍ത്തനങ്ങളെ നന്നായി വിലയിരുത്തുണ്ട്.

Q

റബ്ബറിന്റെ വിലയിലെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയാണ് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി ബി.ജെ.പി അനുകൂല നിലപാട് പരസ്യമാക്കുന്നത്. ബി.ജെ.പിക്കാര്‍ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. പാര്‍ലമെന്റില്‍ ഉള്‍പ്പെടെ റബ്ബര്‍ കര്‍ഷകരുടെ വിഷയം ഉന്നയിച്ചിട്ടുള്ള താങ്കള്‍ ഈ നീക്കത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

A

റബ്ബറിന്റെ വില വളരെ കുറവാണ്. അത് കൂട്ടാന്‍ വേണ്ടി അവര്‍ ഒന്നും ചെയ്തിട്ടില്ല. റബ്ബറിന് കിലോയ്ക്ക് മുന്നൂറ് രൂപ കിട്ടിയാല്‍ ബി.ജെ.പിക്ക് കര്‍ഷകര്‍ വോട്ട് ചെയ്യുമെന്ന തരത്തില്‍ തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. അത് പ്രായോഗികമല്ലെന്ന് അദ്ദേഹത്തിന് അറിയാം. കൃഷിക്കാര്‍ പോലും 250 രൂപയാണ് ചോദിക്കുന്നത്. 200 കിട്ടിയാല്‍ പോലും കൃഷിക്കാര്‍ക്ക് സന്തോഷമാകും. കര്‍ഷകര്‍ക്ക് വേണ്ടി ശക്തമായി ശബ്ദിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഞങ്ങള്‍ ശക്തമായ സമരം നടത്തിയിട്ടുണ്ട്. ബി.ജെ.പി ഇതില്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല. ബിഷപ്പ് പ്രസ്താവന നടത്തിയപ്പോള്‍ എല്ലാവരും വിചാരിച്ചത് ഇപ്പോള്‍ വില കൂട്ടുമെന്നാണ്. ഒരിക്കലും നടക്കാത്ത കാര്യമാണ്. മൂന്നൂറ് രൂപയാക്കുമ്പോള്‍ ചിലവ് മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ വഹിക്കേണ്ടി വരും. ഒരു കൃഷിക്ക് മാത്രമായി അങ്ങനെ ചെയ്യാന്‍ കഴിയില്ല. മറ്റുള്ളവര്‍ ബഹളമുണ്ടാക്കില്ലേ. റബ്ബറിന്റെ കാര്യത്തില്‍ ബി.ജെ.പി പരിപൂര്‍ണ പരാജയമാണ്.

Q

ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി യു.ഡി.എഫിന്റെ വോ്ട്ട് ബാങ്കായാണ് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പിക്ക് അനുകൂലമായി ഒരു വിഭാഗം പുരോഹിതന്‍മാര്‍ നില്‍ക്കുന്നത് ആ വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാക്കുമോ?

A

ഒരു പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി അതിന് ശ്രമിക്കും. പാര്‍ട്ടിയെ വളര്‍ത്താനുള്ള നീക്കം അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകും. പ്രത്യേകിച്ചും കര്‍ണാടക തെരഞ്ഞെടുപ്പില്‍ അവര്‍ വലിയ ഭീഷണി നേരിടുന്നുവെന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യത്തില്‍. കര്‍ണാടകയില്‍ തോറ്റാല്‍ രാജ്യം മുഴുവന്‍ അത് ബാധിക്കുമെന്ന പേടി ബി.ജെ.പിക്കുണ്ട്. അതുകൊണ്ട് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അവര്‍ പല പരീക്ഷണങ്ങളും നടത്തും. എങ്ങനെയെങ്കിലും ക്രിസ്ത്യന്‍ വോട്ടുകള്‍ നേടണമെന്ന് അവര്‍ കരുതും. പക്ഷേ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ അവരോട് പല പ്രശ്‌നങ്ങളുമുണ്ട്. പലയിടത്തും പോയപ്പോള്‍ ഞാന്‍ നേരിട്ട് മനസിലാക്കിയ കാര്യങ്ങളുണ്ട്. അവരുണ്ടാക്കിയ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയാവുന്ന ക്രിസ്ത്യാനികള്‍ ബി.ജെ.പിയെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ആരെങ്കിലുമൊക്കെ പിന്തുണച്ചേക്കാം. അല്ലാതെ സഭകള്‍ ഒന്നായി പിന്തുണയ്ക്കില്ല.

പി.ജെ. ജോസഫ്
പി.ജെ. ജോസഫ്
Q

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ക്രിസ്ത്യന്‍ മത നേതാക്കളുമായി ചര്‍ച്ച നടത്തുന്നത് കമ്യൂണിറ്റിയില്‍ മാറ്റമുണ്ടാക്കുമോ?

A

അവര്‍ അതൊക്കെ നോക്കും. പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത് കൊണ്ട് സഭ ബി.ജെ.പിക്ക് അനുകൂലമാകുമെന്ന വിശ്വാസം എനിക്കില്ല.

Q

ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നീക്കം വിജയിക്കുമോയെന്ന ആശങ്കയുണ്ടോ?

A

അവര്‍ അവരുടെ പരിശ്രമം നടത്തിക്കോള്ളട്ടെ. അതേ വിജയിക്കുമെന്ന വിശ്വാസം എനിക്കില്ല.

Q

ജോണി നെല്ലൂര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് യു.ഡി.എഫില്‍ അസംതൃപ്തരാണോ?. അതോ യു.ഡി.എഫില്‍ ഉറച്ചു നില്‍ക്കുകയാണോ?

A

ഞങ്ങള്‍ അവിടെ ഉറച്ചു നില്‍ക്കും. ജോണി നെല്ലൂര്‍ കാണിച്ചത് വലിയ മണ്ടത്തരമാണ്. താല്‍ക്കാലിക ലാഭം കണ്ടുള്ള നീക്കമായിരിക്കാം. അതൊന്നും വിജയിക്കില്ല.

Related Stories

No stories found.
logo
The Cue
www.thecue.in