മുസ്ലിം ലീഗിനെ കൂട്ടേണ്ട സാഹചര്യമില്ല; തുടര്‍ഭരണത്തിന് ഭരണനേട്ടം മതി: കാനം രാജേന്ദ്രന്‍

മുസ്ലിം ലീഗിനെ കൂട്ടേണ്ട സാഹചര്യമില്ല; തുടര്‍ഭരണത്തിന് ഭരണനേട്ടം മതി: കാനം രാജേന്ദ്രന്‍
Q

ഇടത് സര്‍ക്കാരിന്റെ തുടര്‍ഭരണ സാധ്യതകള്‍ സി.പി.ഐ എങ്ങനെയാണ് വിലയിരുത്തുന്നത്?

A

നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തെ ആശ്രയിച്ചാണ് തുടര്‍ഭരണ സാധ്യത. നിലവിലുള്ള സാഹചര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. ഞങ്ങള്‍ ജനങ്ങളിലേക്ക് പോയി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞാല്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

ഒരു സര്‍ക്കാര്‍ അതിന്റെ പ്രകടന പത്രികയിലെ 90 ശതമാനം വാഗ്ദാനങ്ങളും നടപ്പാക്കിയത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. അങ്ങനെയൊരു സര്‍ക്കാര്‍ ജനങ്ങളിലേക്ക് പോകുമ്പോള്‍, അത് അനുഭവിച്ച ജനങ്ങള്‍ മറ്റെല്ലാ പ്രചരണങ്ങളെയും തള്ളിക്കളഞ്ഞ് കൊണ്ട് എല്‍.ഡി.എഫിനൊപ്പം നില്‍ക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Q

മാണി.സി.കാപ്പന്‍ പിടിച്ചെടുത്ത സീറ്റാണ് പാലായെന്ന് അവകാശപ്പെടുന്നു. ആ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുന്നതിനോട് സി.പി.ഐയുടെ നിലപാട് എന്താണ്

A

അടുത്ത ഏപ്രില്‍ മാസത്തില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ എല്‍.ഡി.എഫില്‍ ആരംഭിച്ചിട്ടില്ല. ഇതെല്ലാം മാധ്യമങ്ങള്‍ പറയുന്ന പേരുകളും കണക്കുകളുമാണ്. ഞങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പ്് എങ്ങനെ എല്‍.ഡി.എഫിന് അനുകൂലമാക്കാമെന്നാണ്. നിയമസഭ സീറ്റ് വിഭജനം ഇപ്പോള്‍ ഞങ്ങളുടെ അജണ്ടയിലില്ല.

Q

ഇടതുമുന്നണിയില്‍ ഘടക കക്ഷികള്‍ കൂടുമ്പോള്‍ പാര്‍ട്ടികളുടെ സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരുമല്ലോ? സി.പി.ഐ അതിന് തയ്യാറാണോ

A

ഞാന്‍ പറഞ്ഞല്ലോ നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ആലോചിച്ചിട്ടില്ല. പിന്നെ വിട്ടുകൊടുക്കുമോ വേണ്ടോ എന്ന കാര്യം പറയേണ്ട കാര്യമില്ലല്ലോ.

Q

ബാര്‍ക്കോഴ കേസില്‍ കെ.എം മാണിക്കെതിരെയുള്ള ഇടതുപക്ഷത്തിന്റെ പ്രതിഷേധം രാഷ്ട്രീയ സമരം മാത്രമായിരുന്നുവെന്നാണ് ജോസ്.കെ.മാണി പറയുന്നത്? കോണ്‍ഗ്രസിനായിരുന്നു വ്യക്തിവിരോധമെന്നും. ഇതിനെ സി.പി.ഐ എങ്ങനെ നോക്കിക്കാണുന്നു?

A

എല്ലാ സമരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യുന്ന സമരങ്ങളാണ്. അഴിമതിക്കെതിരായ ഉറച്ച നിലപാടാണ് അന്നും ഇന്നും എല്‍.ഡി.എഫിനുള്ളത്. കേരള കോണ്‍ഗ്രസ് എം ഇന്നലെ വരെ, എല്‍.ഡി.എഫിനോട് സ്വീകരിച്ച സമീപനത്തില്‍ മാറ്റം ഉണ്ടായി. അവര്‍ രാഷ്ട്രീയ നയം പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞത് കൃഷിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരാണ് ശരിയെന്ന് പറഞ്ഞു. അവര്‍ ഞങ്ങള്‍ ശരിയാണെന്ന് പറയുകയും എല്‍.ഡി.എഫിനോട് സഹകരിക്കാമെന്ന് പറയുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും അവരോടുള്ള ഞങ്ങളുടെ സമീപനത്തിലും മാറ്റമുണ്ടായി. ഞങ്ങള്‍ അവരെ എതിര്‍ത്ത് കൊണ്ടിരുന്നത് അവര്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോളാണ്. യു.ഡി.എഫ് വിട്ട് വന്ന് എല്‍.ഡി.എഫാണ് ശരിയെന്ന് പറയുമ്പോള്‍ ഞങ്ങള്‍ എന്തിനാണ് അവരെ എതിര്‍ക്കുന്നത്?

Q

എം. ശിവശങ്കറിന്റെ കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ? ഏത് പ്രധാനിയാണെങ്കിലും കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്

A

എം.ശിവശങ്കറും സര്‍ക്കാരുമായി ഒരുബന്ധവുമില്ല. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്നുവെന്നത് ശരിയാണ്. ഐ.ടി. വകുപ്പിന്റെ സെക്രട്ടറിയായിരുന്നു. ശിവശങ്കറിന്റെ ഭാഗത്ത് നിന്നും ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയില്‍ നിന്നും മാറ്റി, ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. സര്‍വീസ് റൂള്‍സ് പ്രകാരം അദ്ദേഹം ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. അങ്ങനെയൊരാള്‍ക്ക് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് സര്‍ക്കാര്‍ അതിന് മറുപടി പറയേണ്ട കാര്യവുമില്ല.

Q

പൗരത്വഭേദഗതി സമര സമയത്ത് ഇടതുപക്ഷത്തിനോട് അനുകൂല നിലപാട് മുസ്ലിം ലീഗിലെ ഒരുവിഭാഗം സ്വീകരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. മുസ്ലിം ലീഗിന് കൂടെ ചേര്‍ത്ത് ബി.ജെ.പിക്കെതിരെ വിശാല സഖ്യ സാധ്യതകള്‍ സമീപഭാവിയില്‍ ഇടതുപക്ഷം തേടുമോ?

A

കേരളത്തില്‍ അത്തരമൊരു സാഹചര്യം നിലവിലില്ല. എന്നാല്‍ ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായി എല്ലാ സമാനചിന്താഗതിക്കാരായ ജനാധിപത്യ-ഇടതുപക്ഷ പാര്‍ട്ടികളെ കൂട്ടിയോജിപ്പിച്ച് പോകേണ്ടത് ആവശ്യമാണ്. അതുകൊണ്ട് ഒരുഘട്ടത്തില്‍ 23 പാര്‍ട്ടികളുടെ വരെ ഐക്യം ഉണ്ടായതാണ്. പിന്നീട് അതില്‍ മാറ്റം വന്നു. ബി.ജെ.പിയുടെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് വലിയ യോജിപ്പ് വളര്‍ന്ന് വരികയാണ്. ബി.ജെ.പിക്കൊപ്പം നിന്നിരുന്ന ശിരോമണി അകാലിദള്‍ പോലുള്ള പാര്‍ട്ടികളും ഇപ്പോള്‍ കര്‍ഷകരുടെ പ്രക്ഷോഭത്തിന് ഒപ്പം ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ട് ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരായ വിശാലമായ ഐക്യം വളര്‍ന്ന് വരും. പക്ഷേ കേരളത്തിലെ സാഹചര്യത്തില്‍ അതിന്റെ ആവശ്യമില്ല. കാരണം ഒരുഭാഗത്ത് എല്‍.ഡി.എഫും മറുഭാഗത്ത് യു.ഡി.എഫുമാണ് തെരഞ്ഞെടുപ്പിലും മറ്റും മുന്നോട്ട് പോകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in