ജാതിവിവേചനം തുടരുന്ന ഐ.ഐ.ടി മദ്രാസ്, ഇപ്പോഴും ബ്രാഹ്‌മണാധിപത്യത്തിന് കീഴില്‍; എന്തുകൊണ്ട് വീണ്ടും രാജിയെന്ന് വിപിന്‍ പി. വീട്ടില്‍

ജാതിവിവേചനം തുടരുന്ന ഐ.ഐ.ടി മദ്രാസ്, ഇപ്പോഴും ബ്രാഹ്‌മണാധിപത്യത്തിന് കീഴില്‍;  എന്തുകൊണ്ട് വീണ്ടും രാജിയെന്ന് വിപിന്‍ പി. വീട്ടില്‍

ഐ.ഐ.ടികള്‍ ഇപ്പോഴും ബ്രാഹ്‌മണ ആധിപത്യത്തിന് കീഴിലാണെന്നും ജാതിവ്യവസ്ഥ വളരെ പ്രകടമാണെന്നും ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് രാജി വച്ച മലയാളി അധ്യാപകന്‍ വിപിന്‍ പി.വീട്ടീല്‍. ഐഐടി മദ്രാസില്‍ നേരിടേണ്ടി വന്ന ജാതിവിവേചനം ദേശീയ പിന്നാക്ക അവകാശ കമ്മീഷന്‍ അന്വേഷിക്കണമെന്നും ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്‍ഡ് പ്രൊഫസര്‍ കൂടിയായ വിപിന്‍ ദ ക്യു' വിനോട്. 2021 ജൂലായില്‍ വിപിന്‍ മദ്രാസ് ഐഐടിയിലെ ജാതിവിവേചനം ഉന്നയിച്ച് രാജിക്കത്ത് നല്‍കിയിരുന്നു.

അന്വേഷണം അട്ടിമറിക്കപ്പെട്ടു, ഇവിടെ താമസിക്കുന്നത് സുരക്ഷിതമല്ല

ഞാന്‍ 2021 ആഗസ്തില്‍ ദേശീയ പിന്നാക്കവകാശ കമ്മീഷന് ഐഐടി മദ്രാസിലെ ജാതിവിവേചനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. ഐഐടി മദ്രാസിലെ തന്നെ ഫാക്ട് ഫൈന്‍ഡിങ്ങ് കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്. പക്ഷേ അതില്‍ ഞാന്‍ തൃപ്തനല്ല.

അന്വേഷണം ഐഐടിയുടെ തന്നെ കയ്യില്‍ എത്തിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം തെറ്റായ റിപ്പോര്‍ട്ട് ഉണ്ടാക്കിയെടുത്ത് പരാതിയില്‍ കഴമ്പില്ലെന്ന് പറയുകയായിരുന്നു. അന്വേഷണം അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്.

ഇതിന് പിന്നാലെ ഐഐടിയില്‍ എനിക്ക് തുടരാന്‍ സാധിക്കാത്ത വിധം വളരെ മോശമായ ഒരു സാഹചര്യം ഉണ്ടാക്കിയെടുത്തു അവര്‍.

റിപ്പോര്‍ട്ട് വന്നതിന് ശേഷം വലിയ പീഡനങ്ങളും അവഹേളനങ്ങളുമാണ് നേരിട്ടത്. അവിടെ മൂന്ന് തലത്തിലുള്ള ജാതിവിവേചനമാണ് ഞാന്‍ നേരിട്ടത്. ഏറ്റവും ഒടുവിലായി പരാതിപ്പെട്ടവനെതിരെ വ്യാജ പരാതികള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

ഐഐടി മദ്രാസിലെ മുന്‍ ഡയറക്ടറും ഞാന്‍ പരാതിപ്പെട്ട വകുപ്പ് തലവനും എനിക്കെതിരായി നോട്ടീസുകള്‍ ഇറക്കാന്‍ തുടങ്ങി.

ഇനി അവിടെ താമസിക്കുന്നത് സുരക്ഷിതമായി തോന്നുന്നില്ല. ഐഐടിയില്‍ നിന്നുകൊണ്ട് എനിക്ക് എന്റെ റിസേര്‍ച്ച് മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയില്ല. അവരതിന് അനുവദിക്കില്ല. സമ്മര്‍ദ്ദം നിറഞ്ഞ ഒരു അന്തരീക്ഷം അവര്‍ ഉണ്ടാക്കും. എനിക്ക് ഐഐടി മദ്രാസില്‍ നേരിടേണ്ടി വന്ന ജാതിവിവേചനം എന്‍സിബിസി അന്വേഷിക്കണം.

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ സമീപിക്കും, സാമൂഹിക പ്രശ്‌നം

ഡിപ്പാര്‍ട്ട്‌മെന്റിലെ ഫീല്‍ഡ് എക്‌സ്‌പേര്‍ട്ട്‌സ് ദളിത് സ്റ്റഡീസ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി കൊണ്ടുവരണമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പരസ്യം ചെയ്തപ്പോള്‍ ഇത് നീക്കം ചെയ്യപ്പെടുകയും ' ഇന്ത്യന്‍ റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ്,' ആയി മാറുകയും ചെയ്തു.

ഐഐടി മദ്രാസിലെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റനെ കുറിച്ച് അന്വേഷിക്കാന്‍ ഒരു സ്‌പെഷ്യല്‍ കമ്മിറ്റി വേണമെന്നാണ് ഞാന്‍ ഉന്നയിക്കുന്നത്. ഇതാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ഞാന്‍ കത്തയച്ചിട്ടുണ്ട്.

എന്റെ വ്യക്തിപരമായ പ്രശ്‌നത്തിന് അപ്പുറത്തേക്ക് ഈ വിഷയം ഗൗരവതരമായി തന്നെ കണക്കാക്കി അന്വേഷിക്കണമെന്നാണ് ഞാന്‍ രണ്ടാമതായി ആവശ്യപ്പെടുന്നത്.

ഒരു സാമൂഹിക പ്രശ്‌നമായതുകൊണ്ട് തന്നെയാണ് ഐഐടിയില്‍ നിന്ന് വിട്ടതിന് ശേഷവും ഈ വിഷയവുമായി മുന്നോട്ട് പോകുന്നത്. തീര്‍ച്ചയായും ഇത് നിരാശപ്പെടുത്തുന്നത് തന്നെയാണ്. ഞാന്‍ ഐഐടിയില്‍ ഉണ്ടായിരുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്കും അതൊരു പിന്തുണയായിരുന്നു. അവര്‍ക്കതില്‍ വിഷമം ഉണ്ടാകും.

ഐഐടിക്ക് അകത്ത് തന്നെ നിന്ന് പോരാടിയിട്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഡയറക്ടര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കിയിരുന്നു. പക്ഷേ അതിന് മറുപടി പോലും തന്നിരുന്നില്ല കഴിഞ്ഞ ഡയറക്ടര്‍.

ഐ.ഐ.ടി പൊതുജനങ്ങളുടെ നികുതിപ്പണം കൂടി ഉപയോഗിച്ച് നടത്തുന്ന സ്ഥാപനമാണ്. സ്വകാര്യ സ്ഥാപനം അല്ലല്ലോ. ഒരു ചെറിയ ബിസ്‌കറ്റ് വാങ്ങുമ്പോള്‍ പോലും നമ്മള്‍ ടാക്‌സ് അടക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവര്‍ക്കും അവകാശമുണ്ട്. ഞാനിപ്പോഴും എന്റെ പരാതികള്‍ക്ക് പിന്നാലെ പോകുകയാണ്. നീതി നേടിയെടുക്കേണ്ടത് ആവശ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in