കുമാരനാശാനെ അപഹരിക്കാന്‍ അനുവദിക്കില്ല

കുമാരനാശാനെ അപഹരിക്കാന്‍ അനുവദിക്കില്ല
Summary

മലബാര്‍ കലാപത്തിന് ശേഷം 1922ലാണ് കുമാരനാശാന്‍ 'ദുരവസ്ഥ' എഴുതിയത്. അടുത്ത വര്‍ഷം ആ കവിതയ്ക്ക് നൂറു വയസ്സ് തികയും. ഹിന്ദുസമുദായത്തിലെ ജാതി വ്യവസ്ഥയെ അതിനിശിതമായി വിമര്‍ശിച്ച മലയാളത്തിലെ ആദ്യകൃതിയാണിത്. കവിതയുടെ കാതലായ ആ വസ്തുതയെ തമസ്‌കരിച്ച് ആശാന്റെ ചില പ്രയോഗങ്ങളെമാത്രം മുന്‍നിര്‍ത്തി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് സംഘപരിവാറും അനുകൂലികളും. കുമാരനാശാനെ നുണകളുടെ ബോട്ടപകടത്തില്‍ പെടുത്തി വീണ്ടും കൊല്ലാ നുള്ള ശ്രമത്തെ തുറന്നുകാട്ടുകയും ദുരവസ്ഥയെ പുനര്‍വായിക്കുകയുമാണ് പുതിയകാലത്തെ പ്രശസ്തനായ മറ്റൊരു കവി. പി.എന്‍ ഗോപികൃഷ്ണനുമായി എസ്. ഗോപാലകൃഷ്ണന്‍ സംസാരിച്ചത്‌

Q

കുമാരനാശാന്റെ കവിതയെ ഓര്‍മ വെച്ചനാള്‍ മുതല്‍ സ്‌നേഹിക്കുകയും കൊണ്ടുനടക്കുകയും ചെയ്യുന്നവരാണ് നാം. ആ കവിയെ മനസ്സിലാക്കുന്ന കാര്യത്തില്‍ കേരളത്തിലെ ഒരു വിഭാഗം പരാജയപ്പെടുകയാണോ? വല്ലാത്ത നിസ്സഹായത തോന്നുന്നു, ആശാനെപ്പോലൊരാളെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നത് കാണുമ്പോള്‍. 1921 ലെ മലബാര്‍ കലാപത്തിന് 100 വര്‍ഷം തികയുകയാണ്. അടുത്ത വര്‍ഷമാകുമ്പോള്‍ കുമാരനാശാന്റെ 'ദുരവസ്ഥ' എന്ന കവിതയ്ക്കും 100 വര്‍ഷം തികയും. 'ദുരവസ്ഥ'യെ രാഷ്ട്രീയദുഷ്ടലാക്കോടെ ഉപയോഗിക്കുകയാണ് ചിലര്‍. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ഇറക്കിയ പോസ്റ്ററില്‍നിന്ന് നെഹ്‌റുവിനെ പുറത്താക്കി സവര്‍ക്കറുടെ ഫോട്ടോ ഉള്‍പ്പെടുത്തുന്ന ചരിത്ര ദശാസന്ധിയിലാണ് ആശാന്‍ എന്ന കവിയെയും ദുരുപയോഗിക്കുന്നത്. ആശാനെ തെറ്റായി വായിക്കപ്പെടുന്ന പ്രവണതയെക്കുറിച്ച് ഒരു കവി എന്ന നിലയില്‍ പി.എന്‍ ഗോപീകൃഷ്ണന്റെ അഭിപ്രായം എന്താണ്?

A

മറ്റൊരു ദുരവസ്ഥയിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സംസ്‌കാരം രായ്ക്ക് രാമാനം കൊള്ളയടിച്ച് കൊണ്ടുപോകാന്‍ പറ്റുന്ന ഒരു മുതലാണെന്ന് ചില ആളുകള്‍ കണക്കാക്കുന്നു. അത്തരമൊരു കാലത്ത് എങ്ങനെ കുമാരനാശാനെപോലൊരു കവിയെ വായിക്കണം എന്നാണ് നാം ആലോചിക്കേണ്ടത്. എന്റെ അച്ഛന്റെ അമ്മ 96-ാം വയസ്സിലാണ് മരിച്ചത്. അവര്‍ ചെറുപ്പത്തിലേ വീടിന്റെ അരമതിലിലെ തൂണില്‍ ചാരിയിരുന്നു ചൊല്ലിക്കേട്ടാണ് ആശാനെ ഞാന്‍ ആദ്യം കേള്‍ക്കുന്നത്. അക്ഷരാഭ്യാസമുണ്ടായിരുന്ന ആളായിരുന്നില്ല അവര്‍. അവര്‍ എവിടുന്നോ കേട്ട് പഠിച്ച കവിതയാണ് ചൊല്ലിക്കൊണ്ടിരിക്കുന്നത്.

''പടുരാക്ഷസ ചക്രവര്‍ത്തിയെന്നുടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ...?''എന്ന 'ചിന്താവിഷ്ടയായ സീത'യിലെ വരികള്‍ കേട്ടിട്ടാണ് ഞങ്ങള്‍ വളരുന്നത്. അതിന്റെ അര്‍ത്ഥമൊന്നും മനസ്സിലായിട്ടില്ല. പക്ഷേ ഒരു വഴി കാണിച്ചുതരികയായിരുന്നു ആ കവിത. പിന്നീട് അതിന്റെ അര്‍ത്ഥമൊക്കെ മനസ്സിലായപ്പോള്‍ അന്തംവിട്ടുപോയിട്ടുണ്ട്. ആദ്യമായി കടല്‍ കാണുന്നതുപോലെയായിരുന്നു ആശാനെ വായിച്ച് അതിന്റെ അര്‍ത്ഥമൊക്കെ എന്തെങ്കിലും മനസ്സിലാക്കിയപ്പോഴുളള അനുഭൂതി. ഇത്രയും അനുഭൂതി തന്നിട്ടുള്ള കവികള്‍ മലയാളത്തില്‍ അപൂര്‍വമാണ്. കഴിഞ്ഞ വര്‍ഷമാണ് 'ചിന്തായവിഷ്ടയായ സീത'യ്ക്ക് നൂറു വര്‍ഷം തികഞ്ഞത്. അടുത്ത വര്‍ഷം ദുരവസ്ഥയ്ക്ക് 100 തികയും. അതായത് നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വളരെ ആധുനികമായ വിചാരങ്ങള്‍കൊണ്ട് നിറഞ്ഞ അതേ സമയം അനുഭൂതിപ്രദാനമായ കവിതകള്‍ ആശാന്‍ എഴുതുന്നത്. മലയാളത്തിലെ ഏറ്റവും മഹാനായ കവിയാരെന്ന ചോദ്യത്തിന് ആശാനാണെന്ന് ഉത്തരം പറഞ്ഞാല്‍ ആരും എതിര്‍ക്കാന്‍ സാധ്യതയില്ല. അത്രയ്ക്ക് സമ്മതി നേടിയെടുത്ത കവിയാണ് ആശാന്‍.

അങ്ങനെയൊരു കവിയെ അദ്ദേഹം മുസ്‌ലിംകള്‍ക്ക് എതിരാണെന്ന് പ്രചരിപ്പിച്ച് ഹിന്ദുത്വവാദികള്‍ തട്ടിക്കൊണ്ടുപോകുന്നത്. 'ദുരവസ്ഥ'യിലെ ചില വരികള്‍ മാത്രം കാണിച്ചാണ് തട്ടിക്കൊണ്ടുപോകുന്നത്.

ഇതിനിടയില്‍ മറ്റൊരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. മലയാളസാഹിത്യത്തില്‍ ആദ്യമായി 'നബി' എന്ന പേര് പ്രത്യക്ഷപ്പെടുന്നത് ആശാന്റെ ഗുരുവായ ശ്രീനാരായണഗുരുവിന്റെ രചനയിലാണ്. യേശുവും ആ രചനയില്‍ വരുന്നുണ്ട്.

'പുരുഷാകൃതി പൂണ്ട ദൈവമോ?

നരദിവ്യാകൃതി പൂണ്ട ധര്‍മമോ?

പരമേശപവിത്രപുത്രനോ?

കരുണാവാന്‍ നബി മുത്തുരത്‌നമോ?

ജ്വര മാറ്റി വിഭൂതികൊണ്ടു മു

ന്നരിതാം വേലകള്‍ ചെയ്ത മൂര്‍ത്തിയോ?

അരുതാതെ വലഞ്ഞു പാടിയൗ

ദരമാം നോവു കെടുത്ത സിദ്ധനോ?...'

സംഘപരിവാറുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഹിന്ദുസംന്യാസി'യായ നാരായണഗുരു എഴുതിയ 'അനുകമ്പാദശക'ത്തിലെ വരികളാണിത്. നബി എന്ന നാമമില്ലെങ്കില്‍ അത് മുഴുവന്‍ പരമേശ്വനെക്കുറിച്ചാണ് എന്ന് വ്യാഖ്യാനിച്ചേനെ. അത്തരം വ്യാഖ്യാനങ്ങളുടെയും കൊള്ളയടികളുടെയും കാലത്താണ് നാം ജീവിക്കുന്നത്. ആയതിനാല്‍ 'ദുരവസ്ഥ'യെക്കുറിച്ച് പഠിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

ആശാന്റെ പ്രധാനപ്പെട്ട വിചാരതന്തു ജാതിവിമര്‍ശനമായിരുന്നു, ജാതി വിരുദ്ധതയായിരുന്നു. ഇത് തുടര്‍ച്ചയായി നടത്തിയിട്ടുണ്ട് ആശാനും അദ്ദേഹത്തിന്റെ ഗുരുവായ ശ്രീനാരായണഗുരുവും. നാം തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഒരു പ്രത്യേകധാരയുടെ തുടര്‍ച്ചയാണ് ഇതെന്ന് കാണാം. ഭക്തിപ്രസ്ഥാനകവികള്‍ എന്ന് പറയുന്ന കീഴാള കവികള്‍ ഈ വിമര്‍ശം ഉന്നയിച്ചിട്ടുണ്ട്, കര്‍ണ്ണാടകത്തിലെ ബസവണ്ണയും അക്കാമഹാദേവിയുമടങ്ങുന്ന വചനകവികള്‍ ചെയ്തിട്ടുണ്ട്. ഈയിടെ അന്തരിച്ച ഗെയില്‍ ഓംവെതിന്റെ(ഏമശഹ ഛാ്‌ലറ)േ സീക്കിംങ് ബീഗംപുര(ടലലസശിഴ ആലഴൗാുൗൃമ) എന്ന കൃതിയില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ഭക്തിപ്രസ്ഥാനം പോലെയുള്ള അരികുപ്രസ്ഥാനങ്ങളില്‍ മുഴുകിയിട്ടുള്ളവര്‍ ഉണ്ടാക്കിയ കീഴാള ചരിത്രത്തെക്കുറിച്ച് പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഹിന്ദുമതത്തിനകത്തുനിന്ന് ഇത്തരക്കാര്‍ നടത്തിയ കലാപം, ആന്തരികവിമര്‍ശനം എന്നിവയെക്കുറിച്ചാണതില്‍ ഉള്ളത്. അക്കാലത്ത് നമുക്ക് മതേതരപ്രസ്ഥാനങ്ങളോ ഗാന്ധിസമോ മാര്‍ക്‌സിസമോ ആധുനികമായ സ്ഥലരാശിയോ സാംസ്‌കാരിക രാശിയോ ഇല്ലായിരുന്നു. ആകെ ജനതയുടെ സ്വത്വം നില്‍ക്കുന്നത് മതത്തിലോ ജാതിയിലോ ആണ്. അതിനപ്പുറം ഒന്നും അന്ന് ലോകം പ്രദാനം ചെയ്തിരുന്നില്ല. മതത്തിന്റെയുള്ളില്‍നിന്ന് വലിയ വിമര്‍ശനത്തിന്റെ കെട്ടഴിച്ചുവിടുക എന്നതായിരുന്നു ഇന്ത്യയിലെ റാഡിക്കല്‍ ചിന്തയുടെ അടിസ്ഥാനം. ഇതിന്റെ തുടര്‍ച്ചയാണ് ആശാനും. അങ്ങനെ നോക്കുമ്പോള്‍ ജാതിവിമര്‍ശനത്തിന്റെ തലം ദളിത് വീക്ഷണത്തിലേക്ക് വ്യാപിപ്പിക്കുന്ന ആദ്യ മലയാള കവിതയാണ് ദുരവസ്ഥ. ഇതാണ് ആ കൃതിയുടെ പ്രാധാന്യവും. 99 കൊല്ലം പിന്നിടുമ്പോഴും ദുരവസ്ഥയുടെ കേന്ദ്രപ്രമേയം അങ്ങനെതന്നെ മാറ്റമില്ലാതെ നമുക്ക്ചുറ്റും നിലനില്‍ക്കുകയാണ്. ഇന്നും നമ്പൂതിരി സമുദായത്തില്‍ പെട്ടവരും ദളിത് സമുദായത്തില്‍ പെട്ടവരും തമ്മില്‍ വൈവാഹിക ബന്ധം അപൂര്‍വമാണ്. 0.1 % പോലും ഉണ്ടാകില്ല അത്തരം ബന്ധങ്ങള്‍. പഴയതിന് പല മാറ്റവും വന്നിട്ടുണ്ടെങ്കിലും ദുരവസ്ഥയില്‍ പറയുന്ന തലത്തിലേക്ക് നാം മാറിയിട്ടില്ല, വളര്‍ന്നിട്ടില്ല. നവോത്ഥാനത്തിന്റെ വളര്‍ച്ച അവിടംവരെ എത്തിയിട്ടില്ല.

'മനുഷ്യാനാം മനുഷ്യത്വം' എന്ന ഔന്നത്യത്തിലേക്ക് എത്തിയിട്ടില്ല. എന്തുകൊണ്ടാണ് നമ്പൂതിരി കുലത്തില്‍ പെട്ടൊരാള്‍ക്കും ദളിത് കുലത്തില്‍പെട്ടൊരാള്‍ക്കും പരസ്പരം വിവാഹം കഴിക്കാനോ ഒന്നിച്ചുജീവിക്കാനോ കഴിയാത്തത്?

100 കൊല്ലത്തെ ചരിത്രത്തിനിടയില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും ജാതിയുടെ കാര്യത്തില്‍ ഒരു കോട്ടവും തട്ടിയിട്ടില്ല. ഇതാണ് ഈ കൃതിയിലൂടെ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. പക്ഷേ ഇവിടെ 'ക്രൂരമുഹമ്മദര്‍' എന്ന വാക്കില്‍ പിടിച്ചാണ് ചര്‍ച്ച നടക്കുന്നത്.

എന്തുകൊണ്ട് ഈ പ്രയോഗം നടത്തി എന്നതിലേക്ക് നമുക്ക് കടക്കാം. കൃതിയുടെ തുടക്കത്തില്‍ തന്നെ 'അനാചാര ഛത്രത്തിന്റെ കീഴില്‍ കഴിയുന്ന നമ്പൂരാര്‍' ഭരിക്കുന്ന കേരളത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്

'മുമ്പോട്ടു കാലം കടന്നുപോയീടാതെ

മുമ്പേ സ്മൃതികളാല്‍ കോട്ട കെട്ടി

വമ്പാര്‍ന്നനാചാരമണ്ഡച്ഛത്രരായ്

നമ്പൂരാര്‍ വാണരുളുന്ന നാട്ടില്‍,

കേരളജില്ലയില്‍ കേദാരവും കാടു

മൂരും മലകളുമാര്‍ന്ന ദിക്കില്‍..'

ഏറനാടിന്റെ അധികാരി ആരാണെന്ന ചിത്രം ഈ വരികളില്‍നിന്ന് വ്യക്തമാണ്. മുഹമ്മദരെ ക്രൂരര്‍ എന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ച് പറയുമ്പോള്‍ എങ്ങനെയാണ് പബ്ലിക് മെമ്മറിയില്‍ അക്കാലത്തെ കലാപം പതിഞ്ഞത് എന്ന ചോദ്യം വരേണ്ടതുണ്ട്. ഏറനാടിലെ ഏല്ലാവിധ പ്രിവിലേജസും അനുഭവിച്ചുപോന്നിരുന്ന സവര്‍ണരുടെ പബ്ലിക് മെമ്മറിയെക്കുറിച്ചാണ് ഉദ്ദേശിച്ചത്. ഹിന്ദു സവര്‍ണ ജന്മിമാര്‍.

ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയ പ്രകാരം മലബാര്‍ മാപ്പിള റിബല്യന്‍ ഒരു സായുധ സമരമായിരുന്നു. സായുധ സമരം എങ്ങനെയായാലും നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ലോകത്തെ ഏത് സായുധസമരത്തിലും ഇതാണ് സ്ഥിതി. മലബാര്‍ കലാപത്തിലും അത്തരം ദുരനുഭവങ്ങള്‍ ഒത്തിരിയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മലബാര്‍ കലാപത്തിന്റെ ഏറ്റവും വലിയ ഇരകള്‍ മുസ്‌ലിംകള്‍തന്നെയാണ്. കലാപത്തിന്റെ അവസാനം അവരുടെ നേതാക്കളെ മിക്കവരെയും വെടിവെച്ചുകൊല്ലുകയോ നാടുകടത്തുകയോ ജയിലിലടക്കുകയോ ചെയ്തിരുന്നു. വാഗന്‍ ട്രാജഡിപോലെ വലിയൊരു ദുരന്തം ഉണ്ടായി. ഏറനാടന്‍ മാപ്പിളമാര്‍ക്ക് അവരുടെ ജീവിതം തിരിച്ചുപിടിക്കാന്‍ എത്ര കാലമെടുത്തിട്ടുണ്ടാകും എന്ന്

നാം ഓര്‍ക്കണം. കലാപത്തിനുശേഷം ഏറ്റവും കൊടിയ ജീവിതാവസ്ഥയിലേക്ക് പോയ ആദ്യത്തെ കൂട്ടര്‍ ഏറനാട്ടിലെ മാപ്പിളമാര്‍തന്നെയാണ്.

ജന്മിമാര്‍ക്കും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാരണം കലാപം അവര്‍ക്കെതിരായിരുന്നു.അന്നത്തെ സമൂഹ്യഘടന അട്ടിമറിക്കുക എന്നാല്‍ ജന്മിമാരുടെ മുന്‍ഗണനകള്‍ ഇല്ലാതാക്കുക എന്നതാണല്ലോ. അത് കൊണ്ട് തന്നെ അത് ബ്രിട്ടീഷ് വിരുദ്ധകലാപവുമായിരുന്നു. ജന്മിമാര്‍ക്കെതിരായ കലാപത്തില്‍ അവരവരുടെ വ്യക്തിപരമായ ദുരനുഭവങ്ങള്‍ ഉണ്ടാകും. ഏത് സായുധ കലാപത്തിന്റെയും അനിവാര്യ ഫലം മാത്രമായിട്ടേ അതിനെ കാണേണ്ടതുള്ളൂ. അത് കൊണ്ട് ജന്മിമാരുടെ പബ്ലിക് മെമ്മറിയില്‍ ഈ കലാപം ഭീകരമായ ഒന്നാണ്. ഇന്നലെ വരെ അവര്‍ അനുഭവിച്ചിരുന്ന സൗഭാഗ്യങ്ങളില്‍ നിന്നുള്ള വീഴ്ചയുടെ ഓര്‍മ ആണത്. ആ പബ്ലിക് മെമ്മറിയെ ആശാന്‍ കടമെടുത്തിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷേ അതേ 'ദുരവസ്ഥ'യുടെ പ്രത്യേകഘട്ടത്തില്‍ എത്തുമ്പോള്‍ ആശാന്‍ വ്യക്തമായി പറയുന്നുണ്ട്, എന്തുകൊണ്ടാണ് ഈ പക/ കലാപം ഉണ്ടാകാന്‍ കാരണമെന്ന്.

ഇതിലെ സാവിത്രി വരേണ്യവിഭാഗക്കാരിയാണെങ്കിലും ചാത്തനെപ്പോലെതന്നെ നിരക്ഷരത്വം ബാധിച്ചവളാണ്. ഇല്ലത്തിന്റെ അകത്ത് കഴിയുന്നവളാണ്. പുറത്ത് എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് ഒന്നുമറിയില്ല. ആയതിനാല്‍ ചാത്തനോട് സാവിത്രി ചോദിക്കുന്നുണ്ട് എന്തുകൊണ്ടാണ് ഇന്നലെവരെ ഞങ്ങളുടെ കുടിയാന്മാരായവര്‍തന്നെ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞത്. അവര്‍ക്കെന്തുകൊണ്ട് ഇത്തരത്തില്‍ പകയുണ്ടാകാന്‍ കാരണം എന്ന്. പിന്നീട് ആശാന്‍തന്നെ നേരിട്ട് കവിതയില്‍ പറയുന്ന വരികള്‍ ശ്രദ്ധിക്കണം.

'ഹന്ത! നായന്മാര്‍ തുടങ്ങിക്കീഴ്

പോട്ടുള്ള ഹിന്ദുക്കളായുമിരുന്നോരത്രേ,

ആട്ടും, വിലക്കും, വഴിയാട്ടും, മറ്റുമിക്കൂട്ടര്‍

സഹിച്ചു പൊറുതിമുട്ടി

വിട്ടതാം ഹിന്ദുമതം ജാതിയാല്‍ താനെ

കെട്ടുകഴിഞ്ഞ നമ്പൂരിമതം...'

അതായത് ആശാന്റെ നോട്ടത്തില്‍ ഈ പറയുന്ന മനുഷ്യരെല്ലാം ഒരിക്കല്‍ ഹിന്ദുക്കളായിരുന്നു. പിന്നീട് മതം മാറിയവരായിരുന്നു എന്നും പറയുന്നു. ആട്ടും തുപ്പും സഹിച്ച് ഹിന്ദുമതം വിട്ടുപോയവരുടെ പകയാണിതെന്നും പറയുന്നു.

'എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടോ

രേഴച്ചെറുമന്‍ പോയ് തൊപ്പിയിട്ടാല്‍

ചിത്രമവനെത്തിച്ചാരത്തിരുന്നിടാം

ചെറ്റും പേടിക്കേണ്ട നമ്പൂരാരെ

ഇത്ര സുലഭവുമാശ്ചര്യവുമായി-

സ്സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കില്‍

ബുദ്ധിയുള്ളോരിങ്ങാശ്രേയസ്സുപേക്ഷിച്ചു

ബന്ധരായ് മേവുമോ ജാതിജയിലില്‍....' എന്നാണ് ആശാന്‍ ചോദിക്കുന്നത്

മറ്റൊരു ദുരവസ്ഥയിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സംസ്‌കാരം രായ്ക്ക് രാമാനം കൊള്ളയടിച്ച് കൊണ്ടുപോകാന്‍ പറ്റുന്ന ഒരു മുതലാണെന്ന് ചില ആളുകള്‍ കണക്കാക്കുന്നു. അത്തരമൊരു കാലത്ത് എങ്ങനെ കുമാര നാശാനെപോലൊരു കവിയെ വായിക്കണം എന്നാണ് നാം ആലോചിക്കേണ്ടത്. എന്റെ അച്ഛന്റെ അമ്മ 96-ാം വയസ്സിലാണ് മരിച്ചത്. അവര്‍ ചെറുപ്പ ത്തിലേ വീടിന്റെ അരമതിലിലെ തൂണില്‍ ചാരിയിരുന്നു ചൊല്ലിക്കേട്ടാണ് ആശാനെ ഞാന്‍ ആദ്യം കേള്‍ക്കുന്നത്. അക്ഷരാഭ്യാസമുണ്ടായിരുന്ന ആളായിരുന്നില്ല അവര്‍. അവര്‍ എവിടുന്നോ കേട്ട് പഠിച്ച കവിതയാണ് ചൊല്ലിക്കൊണ്ടിരിക്കുന്നത്‌
Q

ആശാന്‍ 49 വയസ്സില്‍ ദുരവസ്ഥ എഴുതുന്ന സമയത്ത് ശ്രീനാരായണഗുരു 64 വയസ്സോടെ ജീവിച്ചിരിപ്പുണ്ട്. 'കരുണാവാന്‍ നബി മുത്തുരത്‌നമോ' എന്ന് ഗുരു എഴുതി കുറച്ചുകഴിയുമ്പോഴാണ് ആശാന്‍ ദുരവസ്ഥ എഴുതുന്നത്. ഒരേ കാലത്ത് നടക്കുന്നതാണെന്ന് പറയാം. ദുരവസ്ഥയിലെ ജാതിജയിലിലുള്ളവരായ നായര് മുതല്‍ ഈഴവര്‍ വരെയുള്ളവര്‍ സ്വതന്ത്രരാകാനായി തൊപ്പിയിട്ടാല്‍ അവരെ കുറ്റം പറയാനാകുമോ എന്ന് ആശാന്‍ ചോദിക്കുമ്പോള്‍ ആ ചോദ്യത്തിന് ശ്രീനാരാണഗുരുവിന്റെ സമ്മതമുണ്ടെന്ന് സംഘപരിവാറുകാര്‍ മനസ്സിലാക്കണം.

A

2011ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ എ.കെ രാമാനുജന്റെ ലേഖനം(300 രാമായണങ്ങള്‍ 5 ഉദാഹരണങ്ങളും തര്‍ജമയെപ്പറ്റിയുള്ള 3 വിചാരങ്ങളും) സിലബസ്സില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി സമരം ചെയ്യുന്നു. വിഷയം പഠിക്കാനായി ചരിത്രപണ്ഡിതന്മാരുടെ കമ്മിറ്റിയെ നിയോഗിച്ചു. എം.ജി.എസ് നാരായണന്‍ അതിലുണ്ടായിരുന്നു. അവര്‍ പറഞ്ഞത് ഇത് പഠിച്ചില്ലെങ്കിലാണ് കുഴപ്പം എന്ന മട്ടിലാണ് . എന്നിട്ടും അവര്‍ ഭുജബലം ഉപയോഗിച്ച് അത് സിലബസ്സില്‍ നിന്ന് പിന്‍വലിപ്പിച്ചു.. ദുരവസ്ഥയ്ക്ക് ഒരു വര്‍ഷം മുന്‍പ് ആശാന്‍ 'ചിന്താവിഷ്ടയായ സീത' എഴുതുന്നുണ്ട്. കേരളത്തിലെ സംഘപരിവാര്‍ വക്താക്കള്‍ ആശാന്റെ സീത വായിച്ചിട്ടുണ്ടാകില്ലെന്ന് തോന്നുന്നു. ഉണ്ടെങ്കില്‍, മുന്നൂറ് രാമായണങ്ങള്‍ നിരോധിക്കാനായി അവര്‍ നിരത്തിയ കാരണങ്ങളുടെ ചുവടുപിടിച്ച് കേരളത്തില്‍ നിരോധിക്കാനായി അവര്‍ ആവശ്യപ്പെടുക ആ കൃതിയായിരുന്നേനെ.

'നെടുനാള്‍ വിപിനത്തില്‍ വാഴുവാ

നിടയായ് ഞങ്ങളതെന്റെ കുറ്റമോ?

പടുരാക്ഷസ ചക്രവര്‍ത്തിയെ

ന്നുടല്‍മോഹിച്ചതു ഞാന്‍ പിഴച്ചതോ?..'

ഇത് രാമനോടുള്ള സീതയുടെ ചോദ്യമാണ്. ഒരു കാലത്ത് ഒന്നും ചോദിക്കാതിരുന്ന സീത വിവേകിയായി പക്വതയോടെ രാമനോട് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. കാട്ടിലിങ്ങനെ കഴിയേണ്ടിവന്നതിന്റെ ഉത്തരവാദി ആരാണ്? എന്നെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ എന്റെ പിഴയാണോ. പില്‍ക്കാലത്ത് തനിക്കെതിരെ പിഴ ആരോപിച്ച രാമനെ ചോദ്യം ചെയ്യുകയാണ് സീത. ഈ വരികളെഴുതിയ ആശാനെ എന്തു ചെയ്യണം!?

തുടര്‍ച്ചയായി ഹിന്ദുമതത്തിനകത്തെ ജാതിശ്രേണിയെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുകയും അതേ സമയം അതിന്റെ ദാര്‍ശനിക വശത്തെ റാഡിക്കലൈസ് ചെയ്യുകയുമായിരുന്നു ആശാന്‍ ചെയ്തിരുന്നത്. ഇത് മനസ്സിലാക്കുകയാണ് വേണ്ടത്.

ഹിന്ദുമതത്തിനുള്ളിലെ സവര്‍ണരെയാണ് ആ കൃതി അഭിസംബോധന ചെയ്തത്. നവോത്ഥാനത്തിന്, പ്രത്യേകിച്ച് ശ്രീനാരാണഗുരുവിനെപ്പോലുള്ളവര്‍ സമൂഹത്തില്‍ ഇടപെടുന്നതി ന് പ്രത്യേക രീതിയുണ്ടായിരുന്നു. പരസ്പരം ശത്രുക്കളായി പൊ രുതുന്ന രീതിയിലല്ല അവര്‍ കാര്യങ്ങള്‍ അവതരിപ്പിക്കാറ്. ബ്ലാക്ക് ആന്റ ് വൈറ്റ് എന്ന ബൈനറിയിലായിരുന്നില്ല ഗുരുവും മറ്റും കാര്യങ്ങള്‍ പറഞ്ഞിരുന്നത്. ചൂഷണം നടത്തുന്നവര്‍ പോലും ഒരു സിസ്റ്റത്തിന്റെ ഇരകളാണെന്ന ബോധ്യത്തില്‍ അത്തരക്കാരെപ്പോലും മാറ്റിത്തീര്‍ക്കുന്ന രീതിയിലാണ് ഇടപെട്ടിരുന്നത്.
WS3
Q

'ദുരവസ്ഥ'യ്ക്ക് ആശാന്‍ എഴുതിയ മുഖവുരയില്‍ ഹിന്ദുമതം ഇന്നും ശൈശവാവസ്ഥയിലാണെന്ന് പ്രത്യേകം പറയുന്നുണ്ട്. രാഷ്ട്രീയാധികാരം ഉള്ളതുകൊണ്ട് അല്‍പചരിത്രബോധ്യത്തോടെ മുണ്ടുമടക്കിനിന്ന് ശ്രീനാരാണഗുരുവിനെപ്പോലെയുള്ള ആളുകളെ തീവ്രഹിന്ദുത്വ വക്താക്കളാക്കാനുള്ള സാംസ്‌കാരിക ഗുണ്ടായിസത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ശിഷ്യനായ ആശാനില്‍ കൈവെച്ചിരിക്കുന്നത്. ആശാന്‍ മലബാര്‍ കലാപത്തിന്റെ കാര്യത്തില്‍ മുസ്്‌ലിം വിരുദ്ധനിലപാടാണ് എടുത്തതെന്നും അതിന് ഗുരുവിന്റെ അനുമതി ഉണ്ടായിരുന്നുവെന്നും പറയുക വഴി ഈ സാംസ്‌കാരിക ഗുണ്ടായിസത്തിന്റെ വക്താക്കള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ ചെയ്യുന്നത് ഭക്തിപ്രസ്ഥാനത്തിലും അല്ലാതെയും തീവ്രഹിന്ദുത്വക്കെതിരെ നിലപാട് എടുത്ത സംന്യാസിവര്യന്മാരെയും കവികളെയുമൊക്കെ വേലിക്കകത്താക്കാനുള്ള ശ്രമമാണ്.

A

ചരിത്രശൂന്യരാണ് സംഘപരിവാറുകാര്‍ എന്നതാണ് സത്യം. 1921ല്‍ ഇവര്‍ പ്രതിനിധീകരിക്കുന്ന സംഘം എന്താണ് ചെയ്തുകൊണ്ടിരുന്നത്? ആര്‍ എസ് എസ് ഉണ്ടാകുന്നത് 1925 ലാണ്. എങ്കിലും 1920 മുതല്‍ ഹിന്ദുമഹാസഭയുണ്ട്. ഭാരത് മഹാധര്‍മ മണ്ഡല്‍, സാര്‍വ്വദേശിക് ഹിന്ദുസഭ തുടങ്ങി പല ഹിന്ദു സംഘടനകളും ഉണ്ട്. ഇതിലൊക്കെ പെട്ടവര്‍ സ്വാതന്ത്ര്യ സമരത്തിനോ പുരോഗമന ഇന്ത്യന്‍ ചരിത്രത്തിനോ എന്ത് തന്നു എന്ന് ചോദിച്ചാല്‍ പൂജ്യം എന്നാണ് ഉത്തരം. ഇപ്പോള്‍ മാത്രമാണ് ഇവര്‍ സവര്‍ക്കരുടെ പേര് പറയാന്‍ ധൈര്യപ്പെടുന്നത്. നേരത്തെ ഗാന്ധിവധത്തില്‍ ഉള്‍പെട്ടതിന് ശേഷം സവര്‍ക്കരെ കൊണ്ടാടിയിരുന്നില്ല. ഗാന്ധിവധത്തില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന സവര്‍ക്കര്‍ ഉപോദ്ബലക തെളിവുകളുടെ അഭാവത്തില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നു. എന്നാല്‍ പിന്നീട് ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്, ഗാന്ധിവധത്തില്‍ സവര്‍ക്കരും മറ്റും നടത്തിയ ഗൂഢാലോചനയെക്കുറിച്ച്. സവര്‍ക്കറും അനുയായികളുമാണ് ഈ വധത്തിന് പിന്നില്‍ എന്ന് വ്യക്തമായി ഈ സര്‍ക്കാര്‍ കമ്മീഷന്‍ കണ്ടുപിടിക്കുന്നുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരും മുമ്പ് സവര്‍ക്കര്‍ ലോകം വെടിഞ്ഞത് കൊണ്ട് നിയമ നടപടി നേരിടേണ്ടി വന്നില്ല എന്ന് മാത്രം. അന്നൊന്നും സവര്‍ക്കരെ പരിഗണിക്കാതിരുന്നവര്‍ ഇപ്പോള്‍ അധികാരമൊക്കെ കിട്ടിയപ്പോഴാണ് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ അദ്ദേഹത്തിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തത്.

പട്ടേലിനെപ്പോലൊരാളെ അവര്‍ അവരുടെ ആളാക്കിമാറ്റിയില്ലേ ഇപ്പോള്‍. എത്ര പണം ചെലവഴിച്ചാണ് അദ്ദേഹത്തിന്റെ പ്രതിമ ഉയര്‍ത്തിയത്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ആര്‍.എസ്.എസിനെ നിരോധിച്ച ആഭ്യന്തരമന്ത്രിയായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. ഗാന്ധിവധത്തിനു ശേഷമായിരുന്നു അത്. അന്ന് സര്‍സംഘ്ചാലക് ആയിരുന്ന ഗോള്‍വാര്‍ക്കര്‍ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. അതിന് പട്ടേല്‍ എഴുതിയ മറുപടിക്കത്ത് ഇപ്പോഴും ആര്‍ക്കൈവ്‌സിലുണ്ട്. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ ജനങ്ങളുടെ ഐക്യത്തെ ഭിന്നിപ്പിക്കുക എന്നതാണ് ആര്‍.എസ്.എസ് ചെയ്തുവന്നത് എന്ന് അതില്‍ പറയുന്നുണ്ട്. അവര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളൊക്കെ അതില്‍ ഉദ്ധരിക്കുന്നുണ്ട്. ഇത്തരമൊരാളെയാണ് അവരിപ്പോള്‍ അവരുടെ ആചാര്യനായി ആനയിക്കുന്നത്. ഇങ്ങനെ ഒരു തരത്തില്‍ ഇന്ത്യയുടെ നിര്‍മാണ ചരിത്രത്തില്‍ യാതൊരു റോളും വഹിക്കാത്തവരാണിവര്‍. അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല. ഏതെങ്കിലും തരത്തിലെ പുരോഗമനപ്രസ്ഥാനത്തില്‍ അവരെ കാണില്ല. ഇന്ത്യയിലെ ആഭ്യന്തര കലാപത്തിലോ വര്‍ഗീയ കലാപത്തിലോ മാത്രം ഏതെങ്കിലും ഒരു വശത്ത് ഇവരെ കാണാം. ചരിത്രശൂന്യരാണവര്‍. ആയതിനാല്‍ പുരാണങ്ങളെയും മതത്തെയുമൊക്കെ അവരുടേതാക്കി മാറ്റുകയാണ്. ഇന്ത്യന്‍ ചരിത്രം പരിശോധിച്ചാല്‍ മതഭാവന എന്നത് വലിയ ഒരു സാംസ്‌കാരിക സ്ഥലിയാണ്. മതഭാവനയുടെ തന്നെ സൃഷ്ടിയാണ് ഒരുപരിധിവരെ ഗാന്ധിയൊക്കെ. ഇങ്ങനെ എത്രയോ പേര്‍ മതഭാവനയിലൂടെ രൂപപ്പെട്ടിട്ടുണ്ട്. അത്തരം മനുഷ്യരെയൊക്കെ തട്ടിയെടുക്കുക, കൊള്ള ചെയ്ത് അവരുടെ ഭാഗമാക്കി അവരുടേതായ ഒരു പുതിയ ചരിത്രം നിര്‍മിക്കുക. ഇതാണിപ്പോള്‍ അവര്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.

എപ്പോഴും ഭൂതകാലത്തേയ്ക്ക് നമ്മെ വലിച്ചിഴച്ചുകൊണ്ടുപോകാനാണ് സംഘപരിവാര്‍ ശ്രമിക്കുക. ഇന്നത്തെ കാലത്ത് നിന്നല്ല അന്നത്തെ കാലത്തുനിന്നുതന്നെ ചര്‍ച്ച ചെയ്യാനാണ് അവര്‍ക്ക് താല്‍പര്യം. 1921 ലെ വിഷയം ചര്‍ച്ച ചെയ്യാന്‍ അവിടെച്ചെന്ന് നില്‍ക്കണം അവര്‍ക്ക്. അല്ലാതെ പുതിയകാലത്തുനിന്ന് ചര്‍ച്ച ചെയ്യാന്‍ സന്നദ്ധരല്ലവര്‍. ഒരുപാട് കാര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് ചരിത്രം. മലബാര്‍ കലാപത്തിനുശേഷം ഇന്ത്യയില്‍ത്തന്നെ എന്തെല്ലാം രാഷ്ട്രീയമാറ്റങ്ങളുണ്ടായി. ബ്രിട്ടീഷുകാര്‍ പോയി, ഇന്ത്യ വിഭജിക്കപ്പെട്ടു. അന്ന് മുസ്്‌ലിംകള്‍ക്കുവേണ്ടി ഒരു രാജ്യം ഉണ്ടാക്കിയപ്പോള്‍ അങ്ങോട്ട് പോകാതെ ഒരു മതേതര രാഷ്ട്രത്തില്‍ നില്‍ക്കാന്‍ തീരുമാനിച്ച മുസ്്‌ലിംകളെയാണ് ശത്രുക്കളായി അവര്‍ മുദ്ര കുത്തുന്നത്. ചരിത്രത്തില്‍ നിര്‍ണായകമായ ഒരു തീരുമാന

മെടുത്ത മനുഷ്യരെയാണ് ഇവര്‍ ഇങ്ങനെ ആക്ഷേപിക്കുന്നത്. ഒരു രാജ്യത്തിനുള്ളില്‍ രണ്ടു രാജ്യങ്ങളുണ്ട് അവരുടേതും അപരരുടേതും എന്ന മട്ടില്‍ കാര്യങ്ങളെ കാണാതെ സംഘപരിവാറുകാര്‍ക്ക് രാഷ്ട്രീയം പറയാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ശത്രുക്കളായി ഒരു കൂട്ടത്തെ നിര്‍മിച്ചെടുക്കണം. അത് മുസ്്‌ലിംകളാകാം, ലിബറലുകളാകാം, സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ചിന്താഗതിക്കാരാകാം, സ്വതന്ത്രചിന്താഗതിയുള്ളവരാകാം, ചോദ്യം ചോദിക്കുന്നവരാകാം, സമകാലിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരാകാം. പഴയകാലത്തെ, അതായത് ഭൂതത്തെ കൊള്ളയടിക്കുക എന്നത് ഫാഷിസ്റ്റുകളുടെ എക്കാലത്തെയും സാംസ്‌കാരിക പ്രവര്‍ത്തനമാണ്. ലോകത്ത് മുഴുവന്‍ അത് നടത്തിയിട്ടുണ്ട്. സ്വേച്ഛാധിപതികള്‍ എല്ലാം ഇത് ചെയ്തിട്ടുണ്ട്. അതിനെ എതിരിടാന്‍ ശ്രീനാരായണ ഗുരുവും ആശാനും അടക്കമുള്ള അക്കാലത്തെ മഹാന്മാര്‍ തന്നിട്ടുള്ള ഊര്‍ജം വിനിയോഗിക്കുകയാണ് നാം ചെയ്യേണ്ടത്.

WS3
Q

വീണ്ടും വീണ്ടും ഗാന്ധി വധിക്കപ്പെടുന്നു എന്ന് പറയുന്നതുപോലെ നുണകളുടെ ഒരു ബോട്ടപകടത്തില്‍ വീണ്ടും കുമാരനാശാനെ കൊല്ലാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് മറ്റൊരു തരത്തില്‍ കൊലപാതകം തന്നെയാണ്.

A

1921ല്‍ ഇന്നത്തെപോലെ കേരളത്തില്‍ പൊതുസമൂഹം എന്നൊന്നുണ്ടായിരുന്നില്ല. ചിലര്‍ക്ക് അമ്പലത്തില്‍ പോകാം. ചിലര്‍ക്ക് പറ്റില്ല. ചിലര്‍ക്ക് വഴി നടക്കാം. ചിലര്‍ക്ക് പറ്റില്ല. ചിലര്‍ക്ക് വിദ്യാഭ്യാസം എളുപ്പം കിട്ടും. ചിലര്‍ക്ക് കിട്ടുകയേ ഇല്ല. അങ്ങനെ പലതരത്തില്‍ ചിതറിയ മനുഷ്യര്‍ ചേര്‍ന്ന ചിതറിയ സമൂഹം ആയിരുന്നു ഉണ്ടായിരുന്നത്. ഈ അവസ്ഥയില്‍ പൊതു മണ്ഡലത്തിലെ എല്ലാ വിഭാഗക്കാരേയും അഭിസംബോധന ചെയ്യുന്ന ഒരു കവിത സാധ്യമല്ല. അതു കൊണ്ട് ദുരവസ്ഥ ശരിക്കും ആരെയാണ് അഭിസംബോധന ചെയ്യുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഹിന്ദുമതത്തിനുള്ളിലെ സവര്‍ണരെയാണ് ആ കൃതി അഭിസംബോധന ചെയ്തത്. നവോത്ഥാനത്തിന്, പ്രത്യേകിച്ച് ശ്രീനാരാണഗുരുവിനെപ്പോലുള്ളവര്‍ സമൂഹത്തില്‍ ഇടപെടുന്നതിന് പ്രത്യേക രീതിയുണ്ടായിരുന്നു. പരസ്പരം ശത്രുക്കളായി പൊരുതുന്ന രീതിയിലല്ല അവര്‍ കാര്യങ്ങള്‍ അവതരിപ്പിക്കാറ്. ബ്ലാക്ക് ആന്റ് വൈറ്റ് എന്ന ബൈനറിയിലായിരുന്നില്ല ഗുരുവും മറ്റും കാര്യങ്ങള്‍ പറഞ്ഞിരുന്നത്. ചൂഷണം നടത്തുന്നവര്‍ പോലും ഒരു സിസ്റ്റത്തിന്റെ ഇരകളാണെന്ന ബോധ്യത്തില്‍ അത്തരക്കാരെപ്പോലും മാറ്റിത്തീര്‍ക്കുന്ന രീതിയിലാണ് ഇടപെട്ടിരുന്നത്. ഇതൊരു സമ്പൂര്‍ണ വിപ്ലവമാണ്. ഏതെങ്കിലും ശത്രുവിനെ മുന്നില്‍ നിര്‍ത്തിയല്ല ഗുരു കാര്യങ്ങളെ അവതരിപ്പിച്ചിരുന്നത്. നിങ്ങളുടെ കൂടെനിന്ന് നിങ്ങളെ സ്പര്‍ശിച്ചുകൊണ്ട് നിങ്ങളെ എങ്ങനെ മാറ്റിയെടുക്കാം എന്നതാണ്. ആദ്യംതന്നെ നിങ്ങളെ പ്രകോപിപ്പിച്ച് നിങ്ങളെ ശത്രുപക്ഷത്താക്കി നിങ്ങളോട് കാര്യങ്ങള്‍ പറയില്ല. നടരാജ ഗുരു പറയുന്ന ഒരു കഥയുണ്ട്. സിലോണിലേക്കുള്ള കപ്പല്‍ യാത്രയില്‍ വലിയ കാറ്റും കോളും വന്ന് ഏവരും പരിഭ്രാന്തരാകുന്നു. അപകടമൊന്നുമില്ലാതെ എല്ലാം ശാന്തമായതിനുശേഷം ഒരാള്‍ വന്ന് ഗുരുവിനോട് പറയുന്നു. ''ഞാന്‍ വലിയ പരിഭ്രാന്തിയിലായിരുന്നു കപ്പല്‍ മറിയുമോ എന്ന് പേടിച്ചിരുന്നു.'' അതിന് മറുപടിയായി ഗുരുവും പറഞ്ഞു ''ശരിയാണ് ഞാനും അങ്ങനെതന്നെ വിചാരിച്ചു.''

വേറൊരാള്‍ പറഞ്ഞത് ''ഗുരുവൊക്കെ ഈ കപ്പലിലുണ്ടായിരുന്നതിനാല്‍ നമ്മള്‍ രക്ഷപ്പെടും എന്നുതന്നെയായിരുന്നു ഞാന്‍ കരുതിയത്.'' ഗുരു അതിനു മറുപടി പറഞ്ഞത് അയാള്‍ക്ക് അനുകൂലമായാണ്. ''ഞാനും അങ്ങനെ കരുതി. ഈശ്വരനുണ്ടല്ലോ നാം രക്ഷപ്പെടുമെന്ന് തന്നെയാണ് കരുതിയത്.''

ഇതൊക്കെ കണ്ടുകൊണ്ടിരുന്ന നടരാജഗുരു വിചാരിച്ചത് ഇയാളെന്ത് നുണയാണ് പറയുന്നതെന്നാണ്. എന്നാല്‍ പിന്നീടാണ് നടരാജഗരു നാരായണഗുരു ഇടപെടുന്ന രീതിയുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. നിങ്ങളുടെ അനുഭവത്തോടൊപ്പം നിന്ന് നിങ്ങളെ മാറ്റിയെടുക്കുക എന്ന വളരെ വിശാലമായ ശൈലിയായിരുന്നു ഗുരുവിന്റേത്. ഈ ശൈലിയെ പിന്‍തുടരുന്ന ആളാണ് ആശാന്‍. ദുരവസ്ഥയില്‍ അത് വ്യക്തമായി കാണാം. സവര്‍ണരോട് സംസാരിക്കുകയാണ്, അവര്‍ക്കൊപ്പം നിന്നുകൊണ്ട്. അങ്ങനെ ഒപ്പം നിന്നുകൊണ്ടാണ് പറയുന്നത് നിങ്ങള്‍ മാറേണ്ടതുണ്ട് എന്ന്. ദുരവസ്ഥ വന്ന് എത്രയോ കഴിഞ്ഞാണ് മുപ്പതുകളില്‍ വി.ടി ഭട്ടതിരിപ്പാടും മറ്റും നമ്പൂതിരി സമുദായത്തില്‍ പരിഷ്‌കരണകലാപം ഉയര്‍ത്തുന്നതെന്നോര്‍ക്കണം. 1921ലൊക്കെ നമ്പൂതിരി സമുദായം അനങ്ങാതെ നില്‍ക്കുകയാണെന്ന് കാണണം. അത്തരമൊരു വിഭാഗത്തെ അവരെ ചേര്‍ത്തുപിടിച്ച് വിമര്‍ശിക്കുകയാണ് ആശാന്‍ ചെയ്യുന്നത്.

പിന്നീട് ആശാന്‍ എഴുതുന്ന കൃതിയാണ് ചണ്ഡലാഭിക്ഷുകി. ജാതിക്കെതിരായി കുറേക്കൂടി ആഴത്തില്‍ ഇടപെടുന്നുണ്ട് അതില്‍.

'ഗര്‍വമായും ദ്വേഷമായും പിന്നെ സര്‍വമനോദോഷമായും

സ്വന്തം കുടുംബം പിരിക്കും

അതുബന്ധുക്കളെ വിഭജിക്കും.

ഹന്ത വര്‍ഗങ്ങള്‍ തിരിക്കും

പകച്ചന്ത്യമായി ലോകം മുടിക്കും...'

എന്ന് എഴുതുന്നുണ്ട്. ഇന്ന് ഹിന്ദുത്വ രാഷ്ട്രീയം ഉള്ളിലടക്കിയിട്ടുള്ള തനിയാഥാസ്ഥിതിക ആശയത്തിനെതിരെ ആ

ഞ്ഞു വെട്ടുകയല്ലേ ആശാന്‍ ഈ വരികളിലൂടെ. ഇങ്ങനെ പറഞ്ഞിട്ടുള്ള ആശാന്റെ സ്പിരിറ്റ് വീണ്ടെടുക്കുക എന്നതാണ് നാം ചെയ്യണ്ടത്.

ഒരു കവി എഴുതിയതെല്ലാം മുഴുവന്‍ ശരികളാണെന്ന തീരുമാനം ഇന്ന് ആരും എടുക്കില്ല. ആശാന്‍ വിമര്‍ശനം അര്‍ഹിക്കുന്നുണ്ട്. ഓരോ പുതിയ കവിത എഴുതുമ്പോഴും ഓരോ കവിയും ആശാനുമായി മല്ലിടുന്നുണ്ട്. 'കുമാരനാശാന്‍' എന്ന കവിത ഞാന്‍ എഴുതിയപ്പോള്‍ വാസവദത്ത എന്ന ആശാന്റെ കൃതിയെ വിമര്‍ശനബുദ്ധ്യാ സമീപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വാസവദത്ത കുമാരനാശാനോട് താങ്കള്‍ക്കെന്നെ മനസ്സിലായിട്ടില്ല എന്ന് പറയുന്ന കവിതയാണത്. . അത്തരം വിമര്‍ശനമെഴുത്തുപോലും ആ മഹാകവിയ്ക്ക് നല്‍കുന്ന ബിഗ്‌സല്യൂട്ടാണ്, സലാമാണ്. ആശാനെ സംഘപരിവാറുകാര്‍ക്ക് വിട്ടുകൊടുക്കുക എന്നു പറഞ്ഞാല്‍ കേരളത്തെ കടലില്‍ താഴ്ത്തുന്നതിന് തുല്യമാണ്. ഇത്തരം പൂര്‍വഗാമികളുടെ കരുത്താണ് നമ്മുടെ സിരകളിലൊഴുകുന്നത്. നമ്മുടെ ഞരമ്പ് മുറിച്ചു ചോര ഒഴുക്കിക്കളയുന്നതുപോലെയാണ് വിദ്വേഷത്തിന്റെ വക്താക്കള്‍ക്ക് ആശാനെയും മറ്റും വിട്ടുകൊടുക്കുന്നത്.

(എഴുത്ത്- പി.എം ജയന്‍

കടപ്പാട്- ചന്ദ്രിക ആഴ്ചപ്പതിപ്പ്)

Related Stories

No stories found.
logo
The Cue
www.thecue.in