പേടിച്ച് നിൽക്കില്ല, ഞാൻ സംസാരിക്കും. ദീപികാ സുശീലൻ അഭിമുഖം

പേടിച്ച് നിൽക്കില്ല, ഞാൻ സംസാരിക്കും.

ദീപികാ സുശീലൻ അഭിമുഖം
Summary

സംസാരിച്ചാൽ ഒരു സ്ത്രീ എന്ന രീതിയിൽ ഒരുപാട് കുത്ത് വാക്കുകൾ വീണ്ടും കേൾക്കേണ്ടി വരും. പേടിച്ച് നിൽക്കില്ല. ഞാൻ സംസാരിക്കും. ചലച്ചിത്ര അക്കാദമി ആർട്ടിസ്റ്റിക് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ ദീപികാ സുശീലൻ ദ ക്യുവിനു നൽകിയ അഭിമുഖം.

Q

ദീപിക സുശീലൻ ചലച്ചിത്ര അക്കാദമി ആർട്ടിസ്റ്റിക് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു എന്ന വാർത്തകൾ പുറത്ത് വരുന്നു. എന്താണ് യാഥാർഥ്യം? എങ്ങനെയാണു പ്രതികരിക്കുന്നത്?

A

ഈ വർഷത്തെ ഫെസ്റ്റിവൽ കഴിഞ്ഞ് മൂന്നു നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ ഞാൻ പൂർണ്ണമായും ഫെസ്റ്റിവൽ ചുമതലകളിൽ നിന്ന് വിട്ടിരുന്നു. പക്ഷെ പബ്ലിക്കിൽ ഞാൻ ഒന്നും പറഞ്ഞിരുന്നില്ല. ഇത് കോൺട്രാക്ട് തീർന്ന് അവസാനിപ്പിച്ചു എന്ന രീതിയിൽ തന്നെ പുറത്തേക്കറിഞ്ഞാൽ മതി എന്ന് കരുതിയിട്ടാണ്. ഈ സിസ്റ്റത്തിനകത്ത് സംസാരിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സംസാരിച്ചാൽ ഒരു സ്ത്രീ എന്ന രീതിയിൽ ഒരുപാട് കുത്ത് വാക്കുകൾ വീണ്ടും കേൾക്കേണ്ടി വരും. കുറെ കാലമായി നമ്മൾ ഇത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത തരത്തിലുള്ള വിവേചനമാണ് എനിക്ക് അക്കാദമിയിൽ നിന്ന് അനുഭവിക്കേണ്ടി വന്നത്. ഞാൻ ഡിസംബർ 19 നാണ് അക്കാദമിയുമായി അവസാനമായി അസ്സോസിയേറ്റ് ചെയ്തത്. അതിനു ശേഷം ഞാൻ അക്കാദമിയിൽ ഇല്ലാതിരുന്നിട്ടും ഒരു തരത്തിലും ആരും എന്നെ ബന്ധപ്പെടുകയോ എന്തായിരുന്നു വിഷയം എന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല. പലരും ചേർന്നെടുത്ത തീരുമാനത്തിന്റെ പുറത്ത് നടന്ന വിവേചനമാണ് ഇതെന്നാണ് കരുതുന്നത്. ഞാൻ ഒരുപാട് ആസ്വദിക്കുന്ന ഒരു കാര്യമാണ് പ്രോഗ്രാമിങ്. അപ്പോൾ തീർച്ചയായും ഒരു നല്ല ടീമിന്റെ കൂടെ പ്രവർത്തിക്കുക എന്നത് അത്യാവശ്യമാണ്. സാങ്കേതികമായി എന്റെ കോൺട്രാക്ട് ഫെബ്രുവരി 22 ന് അവസാനിച്ചു. ഓഗസ്റ്റ് 22 നാണു ഞാൻ ജോയിൻ ചെയ്യുന്നത്. പക്ഷെ അക്കാദമി അതിനു മുമ്പ് തന്നെ എനിക്ക് ശമ്പളം തരുന്നത് അവസാനിപ്പിച്ചിരുന്നു. ശമ്പളം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചിട്ടില്ല. എനിക്ക് അറ്റെൻഡൻസ് ഉണ്ടായിരുന്നില്ല. മുഴുവൻ സമയവും പ്രവർത്തിക്കുന്ന രീതിയിലാണ് ഒരു ആർട്ടിസ്റ്റിക് ഡയറക്ടറുടെ ജോലി. അപ്പൊ അറ്റെൻഡൻസ് അടിസ്ഥാനത്തിലാണ് ശമ്പളം നൽകുന്നത് എന്ന് അക്കാദമിക്ക് ഒരിക്കലും പറയാൻ കഴിയില്ല. എന്താണ് തരാത്തത് എന്നതിനെ കുറിച്ച് ഇതുവരെ പ്രത്യേകിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

The Hindu
Q

അവസാനിപ്പിക്കാം എന്ന് തീരുമാനിക്കുന്നതിന് എന്തെങ്കിലും പ്രത്യേക സംഭവങ്ങൾ കാരണമായിട്ടുണ്ടോ?

A

സത്യം പറഞ്ഞാൽ ഉണ്ടായിട്ടുണ്ട്. ഫെസ്റ്റിവൽ കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ വലിയൊരു സംഭവം നടന്നിരുന്നു. ആ സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോൾ പറയാൻ ബുദ്ധിമുട്ടുണ്ട്. ഔദ്യോഗികമായി ചില വ്യക്തതകൾ കൂടി എനിക്ക് ഈ വിഷയത്തിൽ ലഭിക്കേണ്ടതുണ്ട്, അതിനു ശേഷം ആ സംഭവത്തെ കുറിച്ച് വിശദമായി സംസാരിക്കാം.

Q

കഴിഞ്ഞ ഫെസ്റ്റിവലിന്റെ സമയത്ത് ഡെലിഗേറ്റ്സിന്റെ ഭാഗത്ത് നിന്ന് ഒരുപാട് പരാതികൾ ഉയർന്നിരുന്നു. അക്കാദമിയിൽ ഇതുമായൊക്കെ ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത് എങ്ങനെയാണ്? ഒരു ജനാധിപത്യപരമായ ചർച്ച നടക്കാറുണ്ടോ?

A

അവരെന്നെ കണ്ടിരുന്നത് ഫെസ്റ്റിവലിൽ വരുന്ന സിനിമകളുടെയും ഗെസ്റ്റുകളുടെയും ഉത്തരവാദിത്വമുള്ള ഒരാളായി മാത്രമാണ്. അക്കാദമിയുടെ ഔദ്യോഗിക കാര്യങ്ങളിലൊന്നും ഞാൻ ഭാഗമല്ല. സിനിമകൾ നോക്കുക തെരഞ്ഞെടുക്കുക. ആളുകളെ പങ്കെടുപ്പിക്കുക എന്നത് മാത്രമായിരുന്നു എന്റെ ഉത്തരവാദിത്വം. ഒരുദാഹരണം പറയുകയാണെങ്കിൽ എന്റെ അഭിപ്രായത്തിൽ ഫിലിം ഫെസ്റ്റിവലുകൾ കൾച്ചറൽ പരിപാടികൾക്കുള്ള സ്ഥലമല്ല എന്നാണ് ഞാൻ കരുതുന്നത്. അതിനു പല അഭിപ്രായങ്ങളുണ്ടാകും. ആർട്ടിസ്റ്റിക് ഡയറക്ടർ എന്ന രീതിയിൽ ഒരു തിയേറ്റർ സ്പേസിൽ അതുപോലൊരു പരിപാടി സംഘടിപ്പിക്കുന്നതിനെതിരാണ് ഞാൻ. അത്തരം വിഷയത്തിലേക്കെത്തുമ്പോൾ അതിൽ നിങ്ങൾ ഇടപെടേണ്ടതില്ല എന്ന അഭിപ്രായമായിരുന്നു എല്ലാവർക്കും. അതിൽ നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല എന്നതായിരുന്നു അക്കാദമിയുടെ സമീപനം. നൂറു ശതമാനം റിസെർവഷന്റെ കാര്യത്തിലും ഞാൻ വിയയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഡെലിഗേറ്റ് റിസർവേഷൻ തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ സീറ്റുകൾ തീരുന്ന അവസ്ഥയുണ്ട്, സാങ്കേതികമായി അത്രയും ധാരണയുള്ളവർക്കും ചെറുപ്പക്കാർക്കും മാത്രമേ ആ സമയത്ത് റിസേർവ് ചെയ്യാൻ സാധിക്കുന്നുള്ളൂ. സീനിയർ സിറ്റിസൺ എന്ന വിഭാഗം പൂർണ്ണമായും തിരസ്കരിക്കപ്പെടുകയാണ്. അത് മാത്രമല്ല യുവാക്കളിൽ തന്നെ അത്രത്തോളം സാങ്കേതികമായ ധാരണയില്ലാത്തവരും ബുദ്ധിമുട്ടനുഭവിക്കുന്നവരുമുണ്ട്. ഇതെല്ലാം നമ്മൾ പറയുമ്പോഴും, അതിൽ അഭിപ്രായം വേണ്ട എന്ന രീതിയിലാണ് മറുപടി ലഭിച്ചിട്ടുള്ളത്. ഫെസ്റ്റിവലിന്റെ പ്രോഗ്രാമർ എന്ന രീതിയിൽ നമ്മുടെ അഭിപ്രായം കൂടി പരിഗണിക്കാമല്ലോ. സിനിമ തെരഞ്ഞെടുക്കുക, ഗെസ്റ്റിനെ ക്ഷണിക്കുക എന്നത് മാത്രമല്ലല്ലോ നമ്മുടെ ജോലി. പുറത്ത് നിന്ന് കാണുന്നവർക്ക് എന്റെ കൂടെ പിന്തുണയിലാണ് ഇതെല്ലാം നടക്കുന്നത് എന്ന ധാരണയല്ലേ ഉണ്ടാകുന്നത്? അങ്ങനെ ഒരു അഭിപ്രായം പറയാൻ ഇടമില്ലാത്തിടത്ത് തുടരുന്നതുകൊണ്ട് കാര്യമില്ല. എന്നെ ഒരുതരത്തിലും വളരാൻ അനുവദിക്കാത്ത തരത്തിൽ ആളുകൾ പെരുമാറിയിട്ടുണ്ട്. ഞാൻ ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ ആകാൻ പോകുന്ന സമയത്ത്, നീ അത് ചെയ്യേണ്ട എന്ന് മുറിയിൽ വിളിപ്പിച്ച് പറയാൻ ആളുകൾ ഉണ്ടായിരുന്നു. നിങ്ങൾ അപ്ലൈ ചെയ്താലും കിട്ടില്ല എന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാൻ നേരത്തെ ഐ.എഫ്.എഫ്.കെ വിട്ട് ഐ.എഫ്.എഫ്.ഐ യിൽ പോകുന്നത്. മുന്നോട്ടുള്ള യാത്ര ഇങ്ങനെയൊക്കെ മതി എന്ന് മറ്റു പലരും തീരുമാനിക്കുന്ന അവസരത്തിലാണ് നമ്മൾ മറ്റൊരു സ്ഥലത്തേക്ക് പോകുന്നത്. അതെല്ലാം കഴിഞ്ഞ് നമ്മൾ തിരിച്ചു വരുന്നു. എന്റെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു ഞാൻ ആർട്ടിസ്റ്റിക് ഡയറക്ടർ സ്ഥാനത്ത് എത്തണമെന്നുള്ളത്. എന്റെ ബുദ്ധിമുട്ടുകൾ കണ്ട ആളാണ് അമ്മ. ഞാൻ ഒരുപാട് വിഷമിച്ചിട്ടാണ് അക്കാദമിയിൽ നിന്ന് രാജിവച്ച് ഡൽഹിക്കു പോയത്. മൂന്നു വർഷങ്ങൾക്കു ശേഷം തിരിച്ചു വന്നപ്പോൾ അമ്മയ്ക്ക് ക്യാൻസർ ബാധിച്ചിരുന്നു. അമ്മയുടെ അവസാനത്തെ ആഗ്രഹമായിരുന്നു എന്നെ ഈ സ്ഥാനത്ത് കാണുക എന്നുള്ളത്. അതുകൊണ്ടു കൂടിയാണ് ഞാൻ തിരിച്ചു വന്നത്. അമ്പതാമത് ഐ.എഫ്.എഫ്.ഐ ചെയ്തത് ഞാനായിരുന്നു. എന്നിട്ടും മുന്നിൽ പോയി നിന്ന് ഞാൻ ഇവിടെ ഉണ്ടെന്നും എന്നെ പരിഗണിക്കണമെന്നും പറയേണ്ടി വരുന്ന അവസ്ഥ കഷ്ടമാണ്.

Jonny Best
Jonny Best
Q

കഴിഞ്ഞ ഫെസ്റ്റിവലിൽ ലൈവ് ബാക്ക്ഗ്രൗണ്ട് പെർഫോമൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പുതുതായി ഉണ്ടായിരുന്നല്ലോ, അത്തരം കാര്യങ്ങൾക്ക് അക്കാദമിയിൽ നിന്നുണ്ടായിരുന്ന പിന്തുണ ഏതു തരത്തിലായിരുന്നു? അതിനോടുള്ള പ്രതികരണങ്ങൾ എങ്ങനെയായിരുന്നു?

A

ഫെസ്റ്റിവൽ കഴിഞ്ഞതിനു ശേഷം, ഡിസംബർ 18 വരെ അക്കാദമിയുടെ ഭാഗത്ത് നിന്ന് വളരെ വലിയ രീതിയിൽ പിന്തുണയുണ്ടായിരുന്നു. എന്നാൽ ഡെപ്യൂട്ടി ഡയറക്ടർ ഒരു സോഷ്യൽ ബട്ടർഫ്ലൈ ആയി പറന്നു നടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പ്രത്യേകിച്ച് ഒരു കോൺട്രിബ്യൂഷനും ഉണ്ടായിട്ടില്ല. ബീന മാമിനോപ്പം ഞാനുണ്ടായിരുന്നു. ഞാൻ പോയതിനു ശേഷം മാധവി, ടോണി എന്നിങ്ങനെ രണ്ടുപേരുണ്ടായിരുന്നു. അവർക്ക് മൂന്നു വർഷത്തോളം ഫെസ്റ്റിവലിൽ പ്രവർത്തിച്ചു പരിചയമുണ്ടായിരുന്നു. അവർ ബീന മാം പോയതിനു പിന്നാലെ രാജി വച്ച് പോയി. ഞാൻ ചെല്ലുമ്പോൾ എന്നെ അസിസ്റ്റ് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. 'ഇങ്ങനെയൊരു സിനിമയുണ്ട്, അത് നമ്മൾ‌ ഉൾപ്പെടുത്തുന്നുണ്ടോ' എന്ന് ചോദിക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. രണ്ടരമാസം കൊണ്ടാണ് ഈ ഫെസ്റ്റിവൽ പ്രോഗ്രാം ചെയ്യുന്നത്. ആദ്യം വലിയ പിന്തുണ ആളുകളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. പ്രത്യേകിച്ച് സ്ക്രീനിംഗ് ഫീയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ. പല പ്രധനപ്പെട്ട ഫിലിം മേക്കേഴ്‌സിനടുത്തും നമുക്ക് വിലപേശാനാവില്ല. അത്തരം സമയങ്ങളിൽ 'ദീപികാ, എല്ലാ കാര്യത്തിലും ദീപികയോടൊപ്പമുണ്ട്' എന്ന് പറയുകയും പിന്നീട് നമ്മളെ തള്ളി പറയുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. ലൈവ് ആയി ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്ത ജോണി ബെസ്റ്റുമായി ഞാൻ രണ്ടു തവണ മുമ്പ് ഒരുമിച്ച് വർക്ക് ചെയ്തിട്ടുള്ളതാണ്. അത് പറഞ്ഞുകൊണ്ട് തന്നെയാണ് ഇത് അനൗൺസ്‌ ചെയ്തത്. എന്നാൽ ജനറൽ കൗൺസിൽ മീറ്റിംഗിൽ അക്കാദമി സെക്രട്ടറി പറയുന്നത് അദ്ദേഹം ആദ്യമായല്ല പെർഫോം ചെയ്യുന്നത് എന്നാണ്. നേരത്തെ തന്നെ പറഞ്ഞതാണ് ഞാൻ മുമ്പ് രണ്ടു തവണ അദ്ദേഹവുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട് എന്ന്.

വിഖ്യാത ചലച്ചിത്രകാരൻ ബലാതാർ ഫെസ്റ്റിവലിന് വന്നപ്പോൾ പൂനെ എഫ്.ടി.ഐ യിൽ പോയത് അക്കാദമിക്കുള്ളിൽ വലിയ അസ്വാരസ്യങ്ങളുണ്ടാക്കിയിട്ടുണ്ട്. ഞാൻ വഴിയാണ് അദ്ദേഹം എഫ്.ടി.ഐ യിൽ പോയത് എന്ന രീതിയിലാണ് ചർച്ചകൾ നടന്നത്. എന്നാൽ അതിൽ എനിക്ക് ഒരു പങ്കും ഇല്ല. അദ്ദേഹത്തെ അറിയാം എന്നതുകൊണ്ടാണ് ഞാൻ ക്ഷണിച്ചപ്പോൾ അദ്ദേഹം വന്നത്. എന്നാൽ അദ്ദേഹം എവിടെ പോകുന്നു, എന്ത് ചെയ്യുന്നു എന്നത് ഞാനല്ല തീരുമാനിക്കുന്നത്. അദ്ദേഹത്തെ കിട്ടുമോ എന്ന് ചോദിച്ച് എഫ്.ടി.ഐ യിൽ നിന്ന് എനിക്ക് ഒരു വാട്സാപ്പ് മെസേജ് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി നല്ലതല്ലാതിരുന്നത് കൊണ്ട് വരാൻ കഴിയുമായിരിക്കില്ല എന്ന് മറുപടി കൊടുത്തു. ക്ലോസിങ് സെറിമണിയുടെ ദിവസം അദ്ദേഹത്തെ കണ്ടപ്പോൾ എഫ്.ടി.ഐ യിലേക്ക് പോവുകയാണ് എന്ന് പറഞ്ഞു. അതേ ദിവസം എഫ്.ടി.ഐ യിൽ നിന്നും നേരത്തെ ബന്ധപ്പെട്ട വ്യക്തി വീണ്ടും മെസേജ് അയച്ചു, 'ദീപികാ ബലാതാറിനെ കിട്ടി. അക്കാദമിയിലെ ഷാജി ഹംസ വഴിയാണ് കിട്ടിയത്, താങ്ക് യു' എന്നൊക്കെ പറഞ്ഞു. അവരെ ആരാണ് സഹായിച്ചത് എന്ന് അവരെന്നോട് കൃത്യമായി പറഞ്ഞിട്ടുണ്ട്. ചലച്ചിത്ര അക്കാദമി തന്നെയാണ് അദ്ദേഹത്തിന് പൂനെക്കുള്ള ടിക്കറ്റ് നൽകുന്നത്. അതിലും ഞാൻ ഉൾപ്പെട്ടിട്ടില്ല. എന്നാൽ എല്ലാം ഞാൻ വഴി നടന്നതുപോലെയായിരുന്നു ചിത്രീകരിച്ചത്. ഇത് എന്നെ കുറ്റപ്പെടുത്താൻ മറ്റു പലരും ചേർന്ന് ചെയ്തതായാണ് എനിക്ക് തോന്നുന്നത്. ഞാൻ ഇത് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യുകയും അതിനു സഹായിച്ച ആളിൽ നിന്നും എനിക്ക് വിശദീകരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോൾ. അത് ചോദിക്കാം എന്ന് ഉറപ്പു തന്നതിന് ശേഷമാണ്, ജനറൽ കൗൺസിൽ മീറ്റിങ്ങിൽ ദീപിക ബലാതാറിനെ പൂനെക്ക് പറഞ്ഞു വിട്ടു എന്ന് പറഞ്ഞത്. ഇത്രയും നെഗറ്റീവ് ആയ ഒരു സ്ഥലത്ത് എന്നെപ്പോലൊരാൾക്ക് നിലനിന്നു പോകാൻ കഴിയില്ല.

അക്കാദമി സെക്രട്ടറി എന്നെ ഇൻസൽറ്റ് ചെയ്തിട്ടുണ്ട്.. അത് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്, അവരുടെ ഭാഗം കൂടി അറിയണം. ബാക്കി എന്നിട്ട് പറയാം. കാര്യങ്ങൾ ചർച്ചചെയ്യാൻ സമയം നൽകാതെ ദീപിക മാധ്യമങ്ങളിൽ കാര്യങ്ങൾ പറഞ്ഞു എന്ന് അവർ പറയേണ്ട എന്ന് കരുതിയാണ് ഇപ്പോൾ കാര്യങ്ങൾ വിശദമായി പറയാത്തത്. അവർ പ്രതികരിക്കട്ടെ അതിനു ശേഷം പറയാം.

Deepika Susheelan with Béla Tarr
Deepika Susheelan with Béla Tarr
Q

ഫെസ്റ്റിവലിന്റെ ആർട്ടിസ്റ്റിക് ഡയറക്ടർ ആയി ചുമതലയേറ്റ സമയത്ത് ബീന പോളിന് ശേഷം വരുന്ന സ്ത്രീയായ, ചെറുപ്പക്കാരിയായ ഒരാൾ എന്ന രീതിയിൽ വലിയ സ്വീകാര്യതയും ചർച്ചയുമുണ്ടായിരുന്നില്ലേ?

A

എനിക്കറിയില്ല. എല്ലാ തവണയും ഫെസ്റ്റിവൽ കഴിയുമ്പോൾ, ഇത്തവണ എന്തൊക്കെ പ്രശനങ്ങൾ സംഭവിച്ചു, എന്തൊക്കെ മെച്ചപ്പെടുത്താമായിരുന്നു, നമ്മുടെ തീരുമാനങ്ങളിൽ ഏതൊക്കെയാണ് പിഴച്ചത്, എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഞാൻ പരിശോധിക്കാറുണ്ട്. എന്നാൽ ഇവിടെ അത് അസാധ്യമല്ല അതിനു പറ്റിയ അന്തരീക്ഷമില്ല. അങ്ങനെ ചിന്തിക്കാൻ കഴിയുമ്പോഴാണ് ആളുകൾ എന്തഭിപ്രായമാണ് പറഞ്ഞത്, എങ്ങനെയാണ് ജനങ്ങൾ ഫെസ്റ്റിവലിനെ സ്വീകരിച്ചത് എന്നൊക്കെ മനസിലാകുന്നത്. അത് ഇപ്പോൾ നോക്കാൻ കഴിയുന്നില്ല.

എന്തായാലും ഔദ്യോഗികമായി ലഭിക്കുന്ന വിശദീകരണം എന്താണെന്ന് നോക്കാം. ഇതിൽ ഒരുപാട് ശബ്ദമുയർത്താനുള്ള ഊർജ്ജം ഇപ്പോൾ എനിക്കില്ല. വ്യക്തിപരമായി ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പക്ഷെ എനിക്ക് പേടിയൊന്നുമില്ല. ഞാൻ ഇതിനെ കുറിച്ച് സംസാരിക്കും. യുവാക്കൾക്ക് ഇടപെടാൻ കഴിയുന്ന ഒരു സ്പേസ് ആയി ഇത് നിലനിൽക്കണം. ആരെങ്കിലും ഇത് സംസാരിക്കണമല്ലോ. ഞാൻ പേടിച്ച് നിൽക്കില്ല.

Related Stories

No stories found.
logo
The Cue
www.thecue.in