ബിജെപി തകരും, ഇടത് ശക്തിപ്പെട്ടാലേ രാജ്യത്തെ പ്രതിസന്ധിയെ മറികടക്കാനാകൂ: പി.സന്തോഷ് കുമാര്‍ അഭിമുഖം

ബിജെപി തകരും, ഇടത് ശക്തിപ്പെട്ടാലേ രാജ്യത്തെ പ്രതിസന്ധിയെ മറികടക്കാനാകൂ: പി.സന്തോഷ് കുമാര്‍ അഭിമുഖം
Q

കണ്ണൂരില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സി.പി.ഐ ഒരു നേതാവിനെ രാജ്യസഭയിലേക്ക് അയക്കുന്നത്. എന്‍.ഇ ബല്‍റാമിന്റെ പിന്‍തുടര്‍ച്ചക്കാരനാകുന്നതില്‍ എന്ത് തോന്നുന്നു?

A

സ്ഥാനാര്‍ത്ഥിയാണെന്നത് എന്നെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അങ്ങനെയൊരു കാര്യത്തെക്കുറിച്ച് എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നതാണ് വസ്തുത. സാധാരണഗതിയില്‍ സി.പി.ഐക്ക് പാര്‍ലമെന്ററി രംഗത്ത് സാന്നിധ്യമുണ്ടാക്കാന്‍ കഴിയുന്ന സ്ഥലമല്ല കണ്ണൂര്‍ ജില്ല. ആപൂര്‍വമായി മാത്രമേ അങ്ങനെ സംഭവിച്ചിട്ടുള്ളു. സഖാവ് എന്‍.ഇ ബല്‍റാമാണ് നേരത്തെ ജില്ലക്കാരനായ ഒരാള്‍ രാജ്യസഭയിലേക്ക് പോയത്. ആ പേരും ഈ പേരും തമ്മില്‍ യാതൊരു താരതമ്യവുമില്ല. യാദൃശ്ചികമായി സംഭവിച്ചുവെന്നേയുള്ളു. എന്തായാലും അപ്രതീക്ഷിതവും ആഹ്ലാദകരവുമാണ്.

ദീര്‍ഘകാലം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി പുതിയ തലമുറയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടിരിക്കുന്ന സമയമാണ്. ആ ചിന്തയുടെയൊക്കെ ഭാഗമായിട്ടായിരിക്കാം സ്ഥാനാര്‍ത്ഥിയാക്കിയത്. സത്യത്തില്‍ ഒട്ടുമേ പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു ഇത്. എല്ലാ പാര്‍ട്ടികളും യുവതലമുറയെ പരിഗണിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തന്നെ ഇക്കാര്യത്തില്‍ വലിയ പ്രാധാന്യം കൊടുത്തിരുന്നു. സംഘടന രംഗത്തും പാര്‍ട്ടി ഒട്ടേറെ യുവാക്കളെ നിശ്ചയിച്ചിട്ടുണ്ട്. കേരളാ ഘടകം അക്കാര്യത്തില്‍ മുന്നില്‍ തന്നെയുണ്ട്. പാര്‍ലമെന്ററി രംഗത്ത് അങ്ങനെ ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ കഴിയാറില്ല. കാരണം കിട്ടുന്ന സീറ്റുകളുടെ എണ്ണമൊക്കെ പരിമിതമാണ്. സാധാരണഗതിയില്‍ മുതിര്‍ന്ന സഖാക്കളെയാണ് പരിഗണിക്കാറുള്ളത്. ഇത്തവണ താരതമ്യേന പ്രായം കുറഞ്ഞവരെയും പരിഗണിച്ചു. മന്ത്രിമാരെ നിശ്ചയിക്കുന്നതിലും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരെ നിശ്ചയിച്ചപ്പോഴും ഇക്കാര്യം കാണാം. ആ നല്ല പ്രവണത എന്ന് തോന്നുന്ന കാര്യം ഇക്കാര്യത്തിലും സംഭവിച്ചുവെന്നാണ് തോന്നുന്നത്. എന്തുകൊണ്ടാണ് ഒരാളെ നിശ്ചയിക്കുന്നത് എന്നതിന് നേതൃത്വത്തിന് കാഴ്ചപ്പാടുണ്ടായിരിക്കാം.

Q

നിലവിലുള്ള ദേശീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നതാണ് സി.പി.ഐക്ക് സീറ്റ് നല്‍കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കാരണമായി പറഞ്ഞിരിക്കുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഘടകകക്ഷികള്‍ സീറ്റില്‍ അവകാശവാദമുന്നയിച്ചിരുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

A

സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വം കൂട്ടായിട്ടും അതിന് മുമ്പ് ഉഭയകക്ഷി ചര്‍ച്ചകളിലൂടെയുമാണ് പൂര്‍ത്തികരിക്കുന്നത്. ആ ഘട്ടത്തിലെല്ലാം ഓരോ കക്ഷിക്കും സീറ്റ് നല്‍കുന്നതിനുള്ള കാരണങ്ങള്‍ നേതൃത്വം ചര്‍ച്ചയായിട്ടുണ്ടാകും. ആ കാരണങ്ങള്‍ ഭംഗിയായി വിശദീകരിക്കാന്‍ കഴിയുക സഖാവ് കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കള്‍ക്കാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ കുറെക്കൂടി ശക്തിപ്പെട്ടാല്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂ എന്ന ഉറച്ച ധാരണയാണ് ഞങ്ങള്‍ക്കെല്ലാം ഉള്ളത്. ഇടതുപക്ഷത്തിന്റെ സാന്നിധ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. ഒരുഭാഗത്ത് ബി.ജെ.പിയും സംഘപരിവാറും ശക്തിപ്പെട്ടു വരുന്നു. രാജ്യസഭയില്‍ പോലും അവര്‍ ഭൂരിപക്ഷം വരുന്ന സാഹചര്യം ഉണ്ടാകുന്നു. ഇടതുപക്ഷം അതിന്റെ പരമ്പരാഗത കേന്ദ്രങ്ങളില്‍ നിന്നും പുറകോട്ട് പോയി ദുര്‍ബലപ്പെട്ടതും വസ്തുതയാണ്. അതിനെ അതിജീവിക്കാന്‍ നമുക്ക് കഴിയണം. അഖിലേന്താടിസ്ഥാനത്തിലെ സ്ഥിതി കുറച്ച് നിരാശാജനകമാണെങ്കിലും അതിനെ അതിജീവിക്കാന്‍ നമുക്ക് സാധിക്കണം. അതില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപങ്ക് വഹിക്കാന്‍ കഴിയും. അത് മാത്രമല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ അതിന് കരുത്ത് പകരും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വെച്ച കാഴ്ചപ്പാട് വളരെ ശരിയാണ്. അതിന്റെ വിശദാംശങ്ങളോ മുന്നണിയിലെയും പാര്‍ട്ടികള്‍ക്കിടയിലെയും ധാരണകളും വ്യക്തമാക്കേണ്ടത് നേതൃത്വമാണ്.

Q

എ.ഐ.വൈ.എഫിന്റെ ദേശീയ നേതൃത്വത്തിലുണ്ടായിരുന്നത് രാജ്യസഭയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്രത്തോളം കരുത്ത് പകരുമെന്നാണ് കരുതുന്നത്?

A

എ.ഐ.വൈ.എഫിന്റെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച എട്ട് കൊല്ലം എന്നത് അവിസ്മരണീയമായ കാലമാണ്. സംഘടന പ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടവും അങ്ങനെ തന്നെയാണ്. പക്ഷേ ദില്ലിയിലെ ജീവിതവും അവിടുത്തെ പ്രവര്‍ത്തനങ്ങളും ബന്ധങ്ങളും എന്നെ തന്നെ മാറ്റിമറച്ചിട്ടുണ്ട്. കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. രാജ്യത്തിന്റെ മിക്കയിടങ്ങളിലും സഞ്ചരിച്ചു. സംസ്ഥാനങ്ങളുടെ ഉള്‍നാടുകളില്‍ പോയി പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. ദില്ലി കേന്ദ്രീകരിച്ച് തന്നെ 60 ഓളം മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. ഇറ്റാലിയന്‍ നാവീകര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ഘട്ടത്തില്‍ എംബസിയിലേക്ക് മാര്‍ച്ച് നടത്തി. അതുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളില്‍ ഇടപെട്ടു. സംഘടനാപരമായി പല സംസ്ഥാനങ്ങളിലും മുന്നേറ്റമുണ്ടാക്കാനായി എന്നാണ് എന്റെ വിശ്വാസം. കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ക്ക് വിസ്മയകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിച്ച കാലമാണ് ഈ എട്ടുവര്‍ഷങ്ങള്‍.

Q

കണ്ണൂര്‍ സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള ജില്ലയാണ്. അവിടെ സി.പി.ഐയുടെ ജില്ലാ സെക്രട്ടറിയായിരിക്കുക എന്നത് എത്രത്തോളം വെല്ലുവിളിയായിരുന്നു. ആ വര്‍ഷങ്ങളിലെ സി.പി.ഐ- സി.പി.എം ബന്ധത്തെ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്? വെല്ലുവിളി നേരിടേണ്ടി വന്നിട്ടുണ്ടോ

A

സി.പി.ഐയുടെ ആ കാലത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് വിലയിരുത്തി മറുപടി പറയേണ്ടത് താങ്കളെ പോലുള്ള മാധ്യമ പ്രവര്‍ത്തകരാണ്. നിങ്ങള്‍ക്ക് സ്വതന്ത്രമായി വിലയിരുത്താന്‍ സാധിക്കുമല്ലോ. ഈകാലയളവില്‍ സി.പി.ഐ ശ്രദ്ധേയമായ പാര്‍ട്ടിയായി മാറിയല്ലോയെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ അടുത്തയിടെ ചോദിച്ചു. അത് വളരെ പ്രസക്തമാണെന്ന് തോന്നുകയാണ്. കണ്ണൂരിലെ സി.പി.ഐ എല്ലാ കാലത്തും ശ്രദ്ധേയമായ പാര്‍ട്ടിയാണ്. കാരണം രാജ്യത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ അഭിമാനത്തോടെ കൊണ്ടുനടക്കുന്ന കരിവെള്ളൂര്‍, കാവുമ്പായി, തില്ലങ്കേരി എന്നിങ്ങനെ ഒട്ടേറെ സമരങ്ങള്‍ നടന്ന, പ്രസ്ഥാനത്തിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ സമരങ്ങളെല്ലാം നടത്തിയ പാര്‍ട്ടിയാണ് സി.പി.ഐ. ആ പാര്‍ട്ടി എപ്പോഴും എപ്പോഴും ശ്രദ്ധാ കേന്ദ്രമായിരുന്നു. സ്വാഭാവികമായ മാറ്റങ്ങളുണ്ടായി. സി.പി.ഐ കൂടുതല്‍ ദുര്‍ബലപ്പെട്ടുവെന്ന് പറയാം. ശ്രമകരമായ പ്രവര്‍ത്തനത്തിലൂടെയാണ് പാര്‍ട്ടിയിലുള്ളവരും നേതൃത്വത്തിലേക്ക് വന്നവരും അതിജീവിക്കാന്‍ ശ്രമിച്ചത്. അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കുറെ മാറ്റങ്ങള്‍ സംഭവിച്ചു. സി.പി.ഐയിലേക്ക് വരുന്നതില്‍ തടസ്സങ്ങളൊന്നുമില്ലാതെ സ്വീകാര്യതയുള്ള പാര്‍ട്ടിയായി മാറിയിട്ടുണ്ട്. സി.പി.എം- സി.പി.ഐ ബന്ധം ചില സുഹൃത്തുക്കള്‍ കരുതുന്നത് പോലെ മോശമായിരുന്നില്ല. പല കാര്യങ്ങളിലും ഞങ്ങള്‍ക്കുള്ള നിലപാടുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് വ്യക്തികളുടെ നിലപാടല്ല. പാര്‍ട്ടിയുടെ നിലപാടാണ്. അതില്‍ പിശകുണ്ടെങ്കില്‍ ഞങ്ങള്‍ അത് തിരുത്തും. ആ സമീപനം സ്വീകരിച്ചിട്ടുണ്ട്. സി.പി.ഐയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും കൊണ്ടുവരാനും കഴിഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സി.പി.എം ഘടകമാണ് കണ്ണൂരിലേതെന്നത് ഒരു തടസ്സമേയല്ല. സി.പി.എമ്മുമായി അനാവശ്യമായ തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ കണ്ണൂരില്‍ ഉണ്ടായിരുന്നില്ല. പല കാര്യങ്ങളിലും യോജിപ്പുണ്ട്. സി.പി.ഐയിലേക്ക് പല പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ വന്നിട്ടുണ്ട്. രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ടെങ്കിലും പാര്‍ട്ടിയുടെ ഭാഗമാകാത്ത പല ആളുകളുമുണ്ടാകും. അത്തരം ധാരാളം ആളുകളെ എത്തിക്കാന്‍ കഴിഞ്ഞിരുന്നു. സി.പി.എമ്മില്‍ നിന്നും ആളുകള്‍ സി.പി.ഐയിലേക്ക് വരുന്നുവെന്നതായിരുന്നു ഇരുപാര്‍ട്ടികള്‍ക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന ചോദ്യം മാധ്യമസുഹൃത്തുക്കള്‍ ചോദിക്കുന്നത്. സി.പി.ഐലേക്ക് ആര്‍ക്കും കടന്നുവരാം. ആ അപ്രോച്ചാണ് അവിടെ സ്വീകരിച്ചത്.

Q

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ആശ്വസിക്കാന്‍ കഴിയുന്ന വിധിയാണുണ്ടായത്. പാര്‍ലമെന്റിലും ബി.ജെ.പി ശക്തമാകുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലെ അനൈക്യം ബി.ജെ.പിയെ സഹായിക്കുന്നുവെന്നാണല്ലോ രാഷ്ട്രീയ വിലയിരുത്തല്‍?

A

ബി.ജെ.പി അധികാരത്തിലേക്ക് എത്തുന്നുണ്ടാകും. യു.പിയിലെ ഫലത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ബി.ജെ.പിയുടെ മന്ത്രിമാര്‍ ഉള്‍പ്പെടെ പരാജയപ്പെടുകയും സീറ്റുകള്‍ കുറയുകയും ചെയ്തു. സമാജ് വാദി പാര്‍ട്ടിയുടെ സീറ്റുകളില്‍ നല്ല മുന്നേറ്റമുണ്ടായി. ഇത് കുറേക്കൂടി മെച്ചപ്പെടുമായിരുന്നു. അതിനെ ഇല്ലാതാക്കിയത് മതേതര വോട്ടുകളിലുണ്ടായ ഭിന്നിപ്പാണ്. ബി.ജെ.പി ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ സഹായിക്കുന്ന സമീപമാണ് ഉവൈസിയുടെ പാര്‍ട്ടിയൊക്കെ ചെയ്തത്. അവര്‍ പിടിച്ച വോട്ടുകളാണ് ബി.ജെ.പിയെ സഹായിച്ചു. മാറ്റം സാധ്യമാണ്. അതിന് യോജിക്കാവുന്നവരുമായി സഖ്യമുണ്ടാകണം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കാഴ്ചപ്പാടില്ലായ്മ കൊണ്ടും അപക്വമായ സമീപനം കൊണ്ടും ഇതൊന്നും ഉപയോഗപ്പെടുത്താനാകുന്നില്ല. ചുരുക്കി പറഞ്ഞാല്‍ നാല് സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയെങ്കിലും ബി.ജെ.പിയുടെ അടിത്തറ ദുര്‍ബലമായി വരികയാണ്. ആം ആദ്മി പാര്‍ട്ടി കര്‍ഷക സമരത്തില്‍ എന്ത് പങ്കാണ് വഹിച്ചത്. എന്നിട്ടും അവര്‍ പഞ്ചാബില്‍ അധികാരത്തിലെത്തി. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്നതും സമരങ്ങളുമൊക്കെ ഘടകങ്ങളാകുന്നില്ലെന്നല്ല. വിതയ്ക്കുന്നവര്‍ തന്നെയായിരിക്കില്ല കൊയ്യുന്നത്. ബി.ജെ.പി ഒരിക്കലും തകര്‍ക്കാനാവാത്ത പാര്‍ട്ടിയല്ല. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം അഖിലേന്ത്യാടിസ്ഥാനത്തിലേക്ക് എത്തുമ്പോള്‍ ചിത്രം മാറുന്ന സാഹചര്യം നമ്മള്‍ കണ്ടിട്ടുണ്ട്. കര്‍ഷക സമരത്തിന്റെയൊക്കെ ഫലം ഇപ്പോള്‍ നമ്മള്‍ കണ്ടില്ലെന്ന് വരാം. ബി.ജെ.പി എന്തായാലും തകര്‍ക്കപ്പെടും.

Q

സീറ്റ് ലഭിക്കാത്തതില്‍ എല്‍.ജെ.ഡിക്ക് അതൃപ്തിയുണ്ടെന്നാണ് വാര്‍ത്തകള്‍. അത് എം.വി ശ്രേയാംസ്‌കുമാര്‍ പരസ്യമായി പ്രകടിപ്പിച്ചുണ്ട്. സി.പി.ഐ വിലപേശിയാണ് രാജ്യസഭാ സീറ്റ് നേടിയെടുത്തതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ആ ആരോപണത്തിന് എന്താണ് മറുപടി?

A

ഞാന്‍ ഉത്തരം പറയാന്‍ പാടില്ലാത്ത ചോദ്യമാണിത്. വലിയ അനുഭവ സമ്പത്തുള്ള നേതാക്കന്‍മാരാണ് ഈ ചര്‍ച്ചകളൊക്കെ നടത്തിയത്. അവര്‍ എന്താണ് ചര്‍ച്ചയില്‍ നിലപാട് എടുത്തതെന്നതിനെക്കുറിച്ചൊന്നും പറയാന്‍ എന്നെപോലെ സാധാരണക്കാരനായ ഒരുനേതാവിന് പറ്റില്ല.

Related Stories

No stories found.
logo
The Cue
www.thecue.in