കൊറോണ: ലോകാവസ്ഥയും വിശ്വാസികളുടെ പ്രതികരണവും;ഇസ്ലാം മതചരിത്രത്തെ മുൻനിർത്തി ഒരു ആലോചന

കൊറോണ: ലോകാവസ്ഥയും വിശ്വാസികളുടെ പ്രതികരണവും;ഇസ്ലാം മതചരിത്രത്തെ മുൻനിർത്തി ഒരു ആലോചന

Summary

ഇസ്‌ലാം മതഗവേഷകനും ദയാപുരം വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രത്തിന്റെ പേട്രണുമായ സി ടി അബ്ദുറഹീമുമായി ഡൽഹി സെയിന്റ് സ്റ്റീഫൻസ് കോളേജ് ഇംഗ്ലീഷ് അധ്യാപകനായ എൻ പി ആഷ്‌ലി നടത്തിയ സംഭാഷണം

Q

കൊറോണ പ്രതിസന്ധി നമ്മുടെ ലോകക്രമത്തെ ആകെ മാറ്റിമറിക്കും എന്നാണു മനസ്സിലാവുന്നത്. ഇത് മതാചാരങ്ങളെ എങ്ങിനെ ബാധിക്കും എന്നാണു വിചാരിക്കുന്നത്?

A

എങ്ങിനെ ബാധിക്കും എന്ന് ചോദിക്കേണ്ടതില്ല. ബാധിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച ജുമുഅ ഇല്ലാത്ത അവസ്ഥ എന്റെ ഓര്മയിലില്ല. മനുഷ്യവംശം നേരിടുന്ന മഹാവിപത്ത് തിരിച്ചറിഞ്ഞു അങ്ങിനെയൊരു തീരുമാനം കൈക്കൊള്ളാൻ മിക്കവാറും എല്ലാ പള്ളിക്കമ്മിറ്റികൾക്കും സാധിച്ചു എന്നത് ഒരു നല്ല കാര്യമാണ്. അതിലവരെ അഭിനന്ദിക്കേണ്ടതുമുണ്ട്.

ഇതിൽ നിന്ന് മനസ്സിലാക്കേണ്ട വസ്തുത ആചാരങ്ങളുടെ സത്ത തിരിച്ചറിഞ്ഞു ഓരോ കാലത്തും ദേശത്തും നാം പെരുമാറേണ്ടതുണ്ട് എന്ന് തന്നെയാണ്. തങ്ങളുടെ മതം എല്ലാക്കാലത്തും എല്ലാ ദേശത്തും എല്ലാ നിലക്കും ഒരു പോലെതന്നെ എന്ത് വന്നാലും അനുഷ്ഠിച്ചിരിക്കും എന്ന സിദ്ധാന്ത ശാഠ്യം ഒരിക്കലും നല്ലതല്ല. അവരവർക്കു ഗുണമാവുന്നതു മറ്റുള്ളവർക്കും ഗുണമാവണം എന്നതാണല്ലോ മതങ്ങളുടെ അടിസ്ഥാനപരമായ ധാർമിക സത്ത. അത് മുഹമ്മദ് നബിയും പറഞ്ഞിട്ടുണ്ട്. അതുൾക്കൊണ്ടുകൊണ്ടുള്ള മാറ്റങ്ങൾ വരുത്താൻ മതനേതാക്കൾ എപ്പോഴും തയാറാവണം.

Q

കൊറോണ മഹാമാരി മതവിശ്വാസത്തിന്റെ അടിസ്ഥാനത്തെത്തന്നെ ചോദ്യം ചെയ്യുന്നു എന്ന് വിചാരിക്കുന്നുണ്ടോ?

A

മതത്തെ നിങ്ങൾ എങ്ങിനെ മനസ്സിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. മതത്തെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള ഒറ്റമൂലി ആയി കാണുന്നവരുണ്ട്. അവർക്കു മതം ഭരണമടക്കം ചെറുതും വലുതുമായ എല്ലാ ജീവിത സാഹചര്യങ്ങൾക്കുമുള്ള ഒരു സമഗ്രപദ്ധതിയാണ്. മതവിശ്വാസത്തെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള കാരണമായി കാണുന്ന മതവിരോധവാദികളുമുണ്ട്. ഈ രണ്ടു നിലപാടും ചരിത്ര വിരുദ്ധമാണ്.  മതത്തെ ആത്മീയ-ധാർമിക സഞ്ചയമായാണ് മനസ്സിലാക്കേണ്ടത്. ഏതൊരാവസ്ഥക്കും വ്യക്തിപരവും സാമൂഹികവും ആയ തലങ്ങളുണ്ടല്ലോ. ആത്മീയമായി പ്രാർത്ഥനാ സംസ്കൃതമായ മനസ്സ് ഒരുക്കുക എന്നതാണ്  മതത്തിന്റെ അടിസ്ഥാനം.

സി.ടി അബ്ദുറഹീം 
സി.ടി അബ്ദുറഹീം 
Q

“നിങ്ങള്ക്ക് ഒരിക്കലും ഒരു കളവു പ്രാർത്ഥിക്കാൻ കഴിയില്ല” എന്ന് ഹക്കിൾബറി ഫിന്നിൽ പറയുന്നുണ്ട്. ആ അർത്ഥത്തിലാണോ?

A

തീർച്ചയായും പ്രാർത്ഥനയിൽ സംശുദ്ധീകരണത്തിന്റെ ഒരംശമുണ്ട്. അത് മറ്റുള്ളവർക്കും ലോകത്തിനും വേണ്ടി കൂടിയാവണം. സെയിന്റ് ബസിലിക്കയിൽ മാർപാപ്പ ഒറ്റയ്ക്ക് പ്രാർത്ഥിക്കുന്ന ചിത്രം കണ്ടപ്പോൾ എനിക്ക് അതാണ് ഓർമയായത്. അത് പോലെത്തന്നെ മതത്തിന്റെ ധാർമികവശം ഒരു തീരുമാനത്തിന്റെ ശരിയും തെറ്റും മനസ്സിലാക്കാൻ സഹായിക്കുക എന്നതാണ്. ഇത്തരം ചോദ്യങ്ങൾ പലപ്പോഴും അമൂർത്തമാവും. അതുകൊണ്ടു തന്നെ പ്രാവർത്തികമാക്കാൻ പ്രയാസമുള്ളതും. ആ അമൂർത്തത ഒഴിവാക്കുക, ആളുകൾക്ക് മൂർത്തമായ സാഹചര്യങ്ങളിൽ ക്രമത്തിൽ ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുക എന്നിവയൊക്കെയാണ് മറ്റു കാര്യങ്ങൾ. കൂട്ടായ്മകൾക്ക് മതത്തെ മഹാമാരിയുടെ കാലത്തും അതിനു ശേഷവും വേണ്ടിവരും. അത് പക്ഷെ ഭീതിയുടെയും സംശയത്തിന്റെയും വിദ്വേഷത്തിന്റെയും തലത്തിൽ ഇനി നിലനിൽക്കുവാൻ പാടില്ല എന്നാണു എനിക്ക് തോന്നുന്നത്.

Q

പലയിടത്തും മതസമ്മേളനങ്ങൾ കോറോണയുടെ വ്യാപനത്തിന് കാരണമായിട്ടുണ്ട്. സൗത്ത് കൊറിയയിലെ ഷിൻചെയൺജി ചർച് ഓഫ് ജീസസ്, മലേഷ്യയിലെ തബ്ലീഗ് ജമാഅത് സമ്മേളനം, ഫ്രാൻസിലെ  മൽഹൌസ് സിറ്റിയിലെ ഇവാൻജെലിക്കൽ സമ്മേളനം തുടങ്ങി ഏറ്റവും അവസാനം ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനം വരെ അതിനു ഉദാഹരണങ്ങളാണ്. വൈദ്യശാസ്ത്രം പറയുന്നതല്ല; മതം പറയുന്നതാണ് കേൾക്കേണ്ടത് എന്ന ധാരണ കൊണ്ടാണോ ഇത് സംഭവിക്കുന്നത്?

A

മതവും ശാസ്ത്രവും തമ്മിൽ വൈരുധ്യമുണ്ടെന്നു തോന്നുന്നത് ഇതിൽ ഏതെങ്കിലും ഒന്ന് എല്ലാ അർത്ഥത്തിലും പൂർണമാണ് എന്ന് വിചാരിക്കുന്നത് കൊണ്ടാണ്. മതം ഒരു സമഗ്രസിദ്ധാന്തമാണെന്നും മതങ്ങൾക്ക്  എല്ലാ കാലത്തേക്കും ബാധകമായി  സാമ്പത്തികമോ സാങ്കേതികമോ ആയ നിർദ്ദിഷ്ഠ പദ്ധതി ഉണ്ടെന്നും വിചാരിക്കുന്നതിൻ്റെ ഫലമായി  ഉണ്ടാവുന്നതാണ് ഈ ആശയ കുഴപ്പം. മതത്തിനും ശാസ്ത്രത്തിനും തികച്ചും വ്യത്യസ്തമായ ഉത്തരവാദിത്തങ്ങൾ ആണെന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത് . ശാസ്ത്രവും സാങ്കേതികതയും മനുഷ്യജീവിതത്തെ എളുപ്പമാക്കിക്കൊടുക്കുമ്പോൾ, മഹാമാരിയെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ സർവമനസ്സാലെയും കൂടെ നിൽക്കുക മാത്രമാണ് വിശ്വാസികളുടെയും പണി.

കച്ചവടത്തിനോ രാഷ്ട്രീയതാല്പര്യങ്ങൾക്കോ ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുന്ന ഒരുപാട് സന്ദർഭങ്ങളുണ്ട്. അപ്പോൾ അതിനെ വിമർശിക്കാം. ശാസ്ത്രത്തെ ധാർമികമായി വിശകലനം ചെയ്യുന്നതും മതത്തെ ശാസ്ത്രത്തിനു ബദൽ ആണെന്ന് വിചാരിക്കുന്നതും രണ്ടു വ്യത്യസ്തമായ കാര്യങ്ങളാണ്. രണ്ടാമത്തേതു സാമൂഹികാർത്ഥത്തിൽ പൊതുജനാരോഗ്യത്തെത്തന്നെ തകർത്തേക്കാം. അത് കൊണ്ട് അത്തരം വാദങ്ങളോ പരീക്ഷണങ്ങളോ പോലും പാടില്ല. മറ്റുള്ളവരോട് ഉത്തരവാദിത്വമില്ലാത്ത എന്ത് പ്രാർത്ഥനയാണ്?

മറ്റിടങ്ങളിലെ കാര്യം അറിഞ്ഞു കൂടാ. തബ്ലീഗ് ജമാഅത്തിന്റെ കാര്യത്തിൽ നടന്നത് കൃത്യമായും നിരുത്തരവാദപരമാണ്. മാർച്ച് ആദ്യം തന്നെ അന്താരാഷ്ട്ര തലത്തിൽ കോവിഡ് വളരെ വലിയ ഒരു അപകടമാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. മാർച്ച് 5 ഇന് തന്നെ കഅബ അടച്ചു സാനിറ്റൈസ് ചെയ്യുകയും ഉംറ നിർത്തിവെക്കുകയും ചെയ്തിരുന്നുവല്ലോ. അതൊക്കെ കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു കോവിഡ് ബാധിത മേഖലകളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗത്തുനിന്നും ആളുകളെ ഉൾപ്പെടുത്തി ഒരു സമ്മേളനം, അതും ദിവസങ്ങൾ നീണ്ടു നിൽക്കുന്നത്, തീർച്ചയായും നടത്താൻ പാടിലായിരുന്നു. അത് കുറ്റകരമായ അലംഭാവം ആണ്. സാമൂഹ്യ ബോധം ഇല്ലാത്ത കാര്യമാണ്.

ചിത്രം കടപ്പാട് അല്‍ജസീറ 
ചിത്രം കടപ്പാട് അല്‍ജസീറ 
Q

ലോകകാര്യങ്ങളിൽ ശ്രദ്ധിക്കാത്തവരാണ് തബ്‌ലീഗുകാർ. അത് കൊണ്ടാണ് ഇക്കാര്യം ഇവർ ശ്രദ്ധിക്കാത്തതു എന്ന് ഒരു വീക്ഷണം ഉണ്ട്.

A

മതത്തെ മനസ്സിനെ പരിഷ്‌ക്കരിക്കാനും അതിലൂടെ സമൂഹത്തെ പരിഷ്‌ക്കരിക്കാനും ഉള്ള വഴിയായായാണ് മുഹമ്മദ് നബി ഉപയോഗിച്ചത്. യുദ്ധം ചെയ്തും കൊള്ള ചെയ്തും കള്ളു കുടിച്ചും ജീവിച്ച ഒരു സമൂഹത്തോട് യുദ്ധത്തിന് നിയന്ത്രണം വെച്ചും കൊള്ളയെ നിരോധിച്ചും പടിപടി ആയി മദ്യം നിരോധിച്ചും ആണ് മുഹമ്മദ് നബി മാറ്റിയെടുത്തത്. ജീവിക്കുന്ന സമൂഹത്തെ, ചരിത്രസന്ദര്ഭത്തെകൂടി കണക്കിലെടുത്താവണം എന്തും ചെയ്യേണ്ടതെന്ന് മുഹമ്മദ് നബിക്കു നല്ല ധാരണയുണ്ടായിരുന്നു. സമൂഹത്തെപ്പറ്റിയും നാട്ടാചാരങ്ങളെപ്പറ്റിയും ഉള്ള ഈ ശ്രദ്ധ ഇസ്ലാം മറ്റിടങ്ങളിൽ പ്രബോധനം ചെയ്യപ്പെട്ടപ്പോഴോ ഭരണാധികാരികളിലൂടെ പ്രചരിച്ചപ്പോഴോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അതില്ലാതെ വരുമ്പോൾ മതം ചരിത്രബോധമില്ലാത്ത അനുകരണമായിപ്പോവുന്നു. പ്രാർത്ഥനകളുടെ സാമൂഹികവും ധാർമികവുമായ മാനം നഷ്ടപ്പെടുന്നു. പിന്നെ, ലോകകാര്യങ്ങളിൽ ശ്രദ്ധിക്കാതെ വിമാനം പിടിച്ചു വരാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ ഡൽഹിയിൽ കൊണ്ടുവന്നു കോൺഫറൻസ് നടത്താനും പറ്റില്ലല്ലോ.

Q

മദ്യം ഇസ്ലാം പടിപടി ആയാണ് നിരോധിച്ചത് എന്ന് പറഞ്ഞത് വിശദീകരിക്കാമോ?

A

അറബി ആണുങ്ങൾ വലിയ മദ്യപാനികൾ ആയിരുന്നു. മദ്യത്തെക്കുറിച്ചുള്ള ആദ്യ ഖുർആൻ വാക്യം അൽ ബഖറ (പശു) എന്ന അധ്യായത്തിലാണ്: “(നബിയെ), നിന്നോടവർ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക; അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങൾക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാൽ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തെക്കാൾ വലുത്...”. അന്നിസ എന്ന അധ്യായത്തിൽ “ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങൾ നമസ്കാരത്തെ സമീപിക്കരുത്” എന്ന്പറയുന്നുണ്ട് .പിന്നീട് അൽ മ ഇദ എന്ന അധ്യായത്തിലാണ് മദ്യത്തെ തീർത്തും വര്ജിക്കണമെന്നു പറയുന്നത്. ഇതിൽ നിന്ന് മനസ്സിലാക്കാനാവുന്നത് മനുഷ്യർ ഒരു സാമൂഹിക വ്യവസ്ഥയിലാണ് ജീവിക്കുന്നതെന്നും അത് കൂടി പരിഗണിച്ചാണ് എന്ത് നയവും അവതരിപ്പിക്കപ്പെടേണ്ടതെന്നുമല്ലേ?

Q

വല്ലാതെ കോവിഡ് പകരുന്നതിനു കാരണമായി എന്ന് പറയുന്ന ഗ്രൂപ്പുകൾ എല്ലാം ഒന്നുകിൽ പ്രബോധനസ്വഭാവമുള്ളവരാണ്. അവർക്കു നാട് മുഴുവൻ നിലനിൽക്കുന്ന നെറ്റ് വർക്കുകൾ ഉണ്ട്. അല്ലാത്ത സൗത്ത് കൊറിയയിലേതു ഒരു കൾട്ട് വിഭാഗവും. ഇത് കൗതുകകരമല്ലേ?

A

അതിന്റെ പിന്നാലെ പോവേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. വിശ്വാസത്തിന്റെ കാര്യങ്ങളല്ല, വിശ്വാസിയുടെ സാമൂഹിക ബാധ്യതകളാണ് നമ്മുടെ വിഷയം.

Q

തബ്ലീഗ് ജമാഅത്ത് കൊറോണ എപ്പിസോഡ് ഇതൊരു മനഃപൂർവമായുള്ള ആക്രമണമാണ് എന്ന നിലക്ക് പ്രചരിപ്പിക്കപ്പെട്ടതിനെപ്പറ്റി എന്ത് തോന്നുന്നു?

A

ആളുകൾക്ക് ദേഷ്യവും സങ്കടവും വരുന്നത് തീർച്ചയായും മനസ്സിലാക്കാവുന്നതാണ്. പക്ഷെ ഇത് പ്ലാൻ ചെയ്ത ആക്രമണമാണ് എന്നൊക്കെപ്പറയുന്ന ആളുകൾ  ഒരു വൈറസിനെപ്പറ്റിപ്പോലും ഒന്നും മനസ്സിലാക്കാത്തവരാണ്. ഇത് സ്വയം മാത്രമല്ല. ചുറ്റുപാടുമുള്ള എല്ലാ മനുഷ്യരെയും നശിപ്പിക്കില്ലേ? മാത്രവുമല്ല, ഇത്തരം ഹേറ്റ് കാമ്പയ്ൻ കൊണ്ട് ഉണ്ടാവുന്ന ഏക ഗുണം മീറ്റിംഗിൽ പങ്കെടുത്തവർ തന്നെ പുറത്തു പറയാൻ പേടിക്കുമെന്നതാണ്. അപ്പോൾ നമുക്ക് രോഗനിവാരണത്തിനുള്ള സ്ഥിതി ആണ് ഇല്ലാതാവുന്നത്. സംഘാടകരും സർക്കാരും പോലീസും വേണ്ട ജാഗ്രത പുലർത്താത്തതിന് പങ്കെടുത്തവരെ ചീത്ത പറഞ്ഞിട്ട് കാര്യമില്ല. അവരും ഇരകളാണല്ലോ. പിന്നെ രോഗിയെ വെറുക്കുകയോ പിടിക്കുകയോ ചെയ്യരുത്. നമുക്ക് രോഗം വരാത്തതും മറ്റൊരാൾക്ക് വന്നതും വിധി എന്ന ഒറ്റക്കാര്യം കൊണ്ടാണ്. അത് നമ്മുടെ മിടുക്കാണെന്നു കരുതരുത് എന്ന് പറഞ്ഞു വിനയമുണ്ടാക്കാൻ കൂടിയാണ് മതം.

Q

കൊറോണക്കാലത്തു ഏറ്റവും വലിയ പ്രതിസന്ധിയിൽ ആകാൻ പോകുന്നത് എന്താണ്?

A

പ്രകൃതിയെയും മനുഷ്യന്റെ അദ്ധ്വാനത്തെയും ചൂഷണം ചെയ്തു നിലനിൽക്കുന്ന മുതലാളിത്തവ്യവസ്ഥിതി. അത് മതരംഗത്തും മാറ്റങ്ങൾ ഉണ്ടാക്കും.

Q

വിശ്വാസത്തെയും മുതലാളിത്തത്തെയും ബന്ധിപ്പിക്കുന്നത് എങ്ങിനെയാണ്?

A

ഇസ്ലാം മതത്തിന്റെ കാര്യം പറയാം. സമ്പത്ത് ദൈവത്തിന്റേതാണ് എന്നതാണല്ലോ അടിസ്ഥാനപരമായ ഒരു കാര്യം.  അത് തനിക്കു നല്കിയതിലുള്ള നന്ദി സൂചകമായിട്ടാണ് സകാത്ത് എന്ന നിര്ബന്ധദാനം ഇസ്ലാം മതം നിഷ്ക്കര്ഷിച്ചിട്ടുള്ളത്. അത് സമ്പത്തിന്റെ പുനർവിതരണത്തിനുള്ള ഒരു വഴി തന്നെയാണ്. ആവശ്യക്കാരുമായി പങ്കു വെക്കാതെ സമ്പത്ത് കൂട്ടി വെക്കുന്നത് അത് കൊണ്ട് തന്നെ തെറ്റാണ്.

Q

സക്കാത്തിലൂടെ തുല്യത എന്ന ആശയം ആവിഷ്‌ക്കരിക്കാൻ കഴിയുമെന്ന് വിചാരിക്കുന്നുണ്ടോ?

A

സാമ്പത്തിക പുനർവിതരണത്തിനുള്ള ഉള്ള ഒരു മാർഗമായി സകാത്തിനെ കണ്ടാൽ ആളുകൾക്ക് ഭക്ഷണവും വസ്ത്രവും മാത്രമല്ല, വിദ്യാഭ്യാസവും തൊഴിലും അവരുടെ ജന്മാവകാശമാണെന്നു ബോധ്യപ്പെടുത്തിക്കൊണ്ടു സക്കാത്തിന്റെ ഭാഗമായിത്തന്നെ നൽകാനാവും. അങ്ങിനെ സക്കാത്തിന്റെ അവകാശികളെ സക്കാത്തു കൊടുക്കുന്നവരായി മാറ്റാം.

Q

കോറോണയുടെ സാഹചര്യത്തിൽ സകാത്തിനെ എങ്ങിനെ ഉപയോഗപ്പെടുത്താം?

A

സക്കാത്ത് നൽകേണ്ട പണം ഉടൻ തന്നെ ജാതി മത ഭേദം നോക്കാതെ പാവപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കണം എന്നാണു എന്റെ അഭിപ്രായം. നോമ്പാവാൻ കാത്തിരിക്കരുത്. അത് കൊണ്ട് സമ്പത്തിന്റെ രണ്ടു ശതമാനമല്ല, കഴിയാവുന്നത് ഓരോരുത്തരും കൊടുക്കണം.കഴിവുണ്ടായിട്ടും സന്നദ്ധയില്ലാത്തവരിൽ നിന്ന് പിടിച്ചെടുത്തും വിതരണം ചെയ്യണം.

Q

സ്വകാര്യസ്വത്തു പിടിച്ചെടുത്തു പാവങ്ങൾക്ക് കൊടുക്കാൻ ഇസ്ലാം മതം അനുവദിക്കുന്നുണ്ടോ?

A

ഇന്നത്തെ അവസ്ഥ മനുഷ്യവംശത്തിന്റെ നിലനില്പിന്റേതാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും താൽപര്യങ്ങളിൽ സമൂഹത്തിന്റേതിന് മുൻഗണന കൊടുക്കണമെന്നതിൽ എന്താണ് തർക്കം. മഹാനായ ഖലീഫ ഉമർ പ്രവർത്തിച്ച് കാണിച്ച കാര്യമാണിത്. പൊതുജനാവശ്യത്തിന് ഒരു തോട് വെട്ടാൻ മുഹമ്മദ്ബിനു മസ്ലമ എന്ന പ്രവാചക അനുചരൻ തൻ്റെ സ്ഥലം  വിട്ടു നല്കാതിരുന്നപ്പോൾ “നിന്റെ നെഞ്ചിലോടെ ഞാനത് വെട്ടും “ എന്ന് ഭീഷണിപ്പെടുത്തിയതായി കാണാം. ആ തീരുമാനത്തിന്റെ സത്ത ഉൾക്കൊണ്ടാണ് നാം പെരുമാറേണ്ടത്. ഇവിടെ ആരും ഒന്നും കൂട്ടിവെക്കരുത്. ഒരു വംശമെന്ന നിലക്ക് നമുക്കൊരുമിച്ചു ഈ അവസ്ഥയെ നേരിടേണ്ടതുണ്ട്. ഇസ്ലാം മതം തീർച്ചയായും സ്വകാര്യ സ്വത്തിനെതിരല്ല. പക്ഷെ ചിലർ അവരുടെ സൗകര്യങ്ങൾ നോക്കുന്നതും ബാക്കിയുള്ളവരെ വിശപ്പിനും സഹനത്തിനും എറിഞ്ഞു കൊടുക്കുന്നതും വിശ്വാസപരമായി അംഗീകരിക്കാനാവില്ല. “അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷണം കഴിക്കുന്നവൻ നമ്മിൽപ്പെട്ടവനല്ല” എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. നമ്മുടെ ലോകത്തു അയൽവാസി എന്നുപറഞ്ഞാൽ അടുത്തുള്ള ലേബർ ക്യാമ്പും നമ്മുടെ ഭക്ഷണ വസ്തുകൾ നട്ടുണ്ടാക്കുന്ന അയൽസംസ്ഥാനത്തെ ഗ്രാമീണവാസിയും എല്ലാവരും പെടും.

Q

മുസ്ലിംകളിൽ ഒരു പാട് പേർ ബാങ്കിൽ നിന്ന് പലിശ വാങ്ങാറില്ലെന്നും അങ്ങിനെയുള്ള ധനം ഇപ്പോൾ ദുരിതാശ്വാനാസത്തിനായി ഉപയോഗിക്കണം എന്നും ഒരു അഭിപ്രായം ഷമീം റഹ്മാൻ എന്നൊരാൾ ഫേസ്ബുക്കിൽ പറഞ്ഞതായികണ്ടു. എന്താണഭിപ്രായം?

A

തീർച്ചയായും നല്ല നിർദ്ദേശമാണ്. ലോകത്തിലെ ഒരു പാട് സമ്പന്ന രാജ്യങ്ങൾ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ ആണെങ്കിലും അവിടങ്ങളിൽ “ഇസ്ലാമിക ബാങ്കിങ്” എന്ന പേരിൽ പലിശരഹിത ബാങ്കിങ് നിലനിൽക്കുന്നത് കൊണ്ട് ഇത്തരത്തിൽ ധനം ഉണ്ടാവുമോ എന്നറിയില്ല. ഏതായാലും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത്തരത്തിൽ ഒരുപാട് ധനം ബാങ്കുകളിൽ കുന്നു കൂടി കിടക്കുന്നുണ്ടാവും. അത് തീർച്ചയായും ഉപയോഗപ്പെടുത്താം.

അപ്പോഴും ഒരാൾ ഈ പലിശ വാങ്ങിയിട്ടല്ലേ കൊടുക്കാൻ പറ്റൂ. അത് അനുവദനീയമാണോ എന്ന് ചിലർ ചോദിച്ചേക്കാം. അദ്ധ്വാനിക്കാതെ ധനം ഉണ്ടാക്കുന്നത് തെറ്റാണ് എന്ന ആലോചനയാണ് പലിശ നിഷിദ്ധമാക്കിയതിനു പിന്നിലെ പ്രാഥമികമായ ആശയം. നാട്ടിൽ കാണുന്ന വട്ടിപ്പലിശയില്ലേ, അത് മാത്രമാണ് അറേബ്യയിൽ ഉണ്ടായിരുന്നത്. ബാങ്കിലെ പലിശ നമ്മുടെ അക്കൗണ്ടിലുള്ള പണം കച്ചവടത്തിൽ ഉപയോഗിച്ച് അതിന്റെ ലാഭം നൽകുകയാണ്. തീർച്ചയായും ലോണിൽ നിന്ന് കിട്ടുന്ന പലിശയും ഉണ്ട്. സാമ്പത്തികരംഗം ആകെ മാറിക്കഴിഞ്ഞ ഈ കാലത്ത് ലോണുകൾ മിക്കവർക്കും അനിവാര്യമാണ്. അത് കൊണ്ട് സമ്പാദ്യത്തിൽ നിന്നുള്ള പലിശ   ഇന്ന് വരെ വാങ്ങി ഉപയോഗിച്ചിട്ടില്ലാത്ത മുസ്ലിംകൾ അത് വാങ്ങി വാങ്ങി കൊറോണ ദുരിതാശ്വാസത്തിനു വിതരണം ചെയ്യാൻ സർക്കാരിനോ സന്നദ്ധ സേവാസംഘങ്ങൾക്കോ നൽകണം.

Q

ഈ ഒരു ഇസ്ലാമിക സോഷ്യലിസത്തെ ചരിത്രപരമായി എങ്ങിനെ മനസിലാക്കാം?

A

തന്റെ പ്രജകൾ പട്ടിണി കിടക്കുന്നതിൽ ഏറ്റവും സങ്കടപ്പെട്ടിരുന്ന ഖലീഫ ഉമർ കഴിഞ്ഞാൽ, നബിയുടെ അനുയായിയായ അബൂദർറ് എന്ന ആളിലാണ് പാവപ്പെട്ടവരെക്കുറിച്ചും സമത്വവാദത്തെക്കുറിച്ചുമുള്ള ആഴത്തിലുള്ള കാഴ്ചപ്പാട് ഞാൻ ഏറ്റവും ശക്തമായി കാണുന്നത്. ഖജനാവ് ദൈവത്തിന്റെ സ്വത്തല്ല, ജനങ്ങളുടെ സ്വത്തു എന്ന് തന്നെ വിളിക്കപ്പെടണം എന്നദ്ദേഹം നിഷ്ക്കര്ഷിച്ചിരുന്നു. ഏകനും നിസ്വനുമായി മരിച്ചു പോയ അദ്ദേഹത്തിന്റെ  ആ ധാര സവിശേഷമായി ശ്രദ്ധിക്കപ്പെടേണ്ട  സമയമാണിത്.

Q

കൊറോണയുടെ ലോകാവസ്ഥയെ എങ്ങിനെ നേരിടണമെന്നാണ് തോന്നുന്നത്?

A

അങ്ങിനെ പറയാൻ എനിക്കറിഞ്ഞുകൂടാ. ആരോഗ്യവിദഗ്ധരും സർക്കാരുകളും പറയട്ടെ. വൈറസ് ആണ് ലോകകേന്ദ്രത്തിൽ. മനുഷ്യർ പൊരുതുന്നത് അടിസ്ഥാനപരമായ അതിജീവനത്തിനാണ്. അപ്പോൾ ആരെയും ദ്രോഹിക്കാതിരിക്കുക, എല്ലാവരോടും എല്ലാത്തിനോടും കാരുണ്യപൂർവം പെരുമാറുക, എല്ലാം-ഉള്ളതും ചെയ്യേണ്ടതും- എല്ലാം പങ്കുവെക്കുക, ചെടികൾ നാട്ടു വളര്ത്തുക- അങ്ങിനെ ഒരിക്കലും തെറ്റിപ്പോവാത്ത നല്ല കാര്യങ്ങൾ ചെയ്യുക. ചരിത്രത്തെയും സംസ്കാരത്തെയും അതിന്റെ വൈവിധ്യങ്ങളെയും മനസ്സിലാക്കുക. അപ്പോൾ കൊറോണകാലത്തും അത് കഴിഞ്ഞും നാം, മനുഷ്യർ കൂടുതൽ മെച്ചപ്പെട്ട ഒരു വംശമായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in