സ്‌ക്രീനില്‍ അംബേദ്കര്‍ എങ്ങനെയായിരിക്കണമെന്ന് മമ്മൂട്ടിയുടെ മനസില്‍ ഉണ്ടായിരുന്നു, ജബ്ബാര്‍ പട്ടേല്‍ | അഭിമുഖം

സ്‌ക്രീനില്‍ അംബേദ്കര്‍ എങ്ങനെയായിരിക്കണമെന്ന് മമ്മൂട്ടിയുടെ മനസില്‍ ഉണ്ടായിരുന്നു, ജബ്ബാര്‍ പട്ടേല്‍ | അഭിമുഖം

ഡോ. ബാബാസാഹേബ് അംബേദ്‌കർ സിനിമയുടെ സംവിധായകൻ ജബ്ബാർ പട്ടേൽ മമ്മൂട്ടിയെ കുറിച്ച്.

എന്തുകൊണ്ട് അംബേദ്കര്‍ ആയി മമ്മൂട്ടിയെ തെരഞ്ഞെടുത്തു?

ഞാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉള്ള അഭിനേതാക്കളെ അംബേദ്കര്‍ ആയി കാസ്റ്റ് ചെയ്യാന്‍ അന്വേഷിച്ചിരുന്നു. പക്ഷെ അംബേദ്കറിന്റെ ഡയലക്റ്റ് ഓക്‌സ്‌ഫോര്‍ഡ് ടച്ച് ഉള്ളതായിരുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിലും അമേരിക്കയിലും ഉള്ള അഭിനേതാക്കളെ ആലോചിച്ചു എങ്കിലും അവര്‍ക്ക് അംബേദ്കറിന്റെ രൂപ സാദൃശ്യം ഉണ്ടായിരുന്നില്ല. അപ്പോഴാണ് മമ്മൂട്ടിയും അംബേദ്ക്കറുമായുള്ള സാമ്യതകള്‍ ശ്രദ്ധയില്‍പെട്ടത്.

വ്യത്യസ്തമായൊരു കാലഘട്ടവും സംസ്‌കാരവും ആയതുകൊണ്ട് തന്നെ അംബേദ്കര്‍ ആകുവാന്‍ വളരെ ബുദ്ധിമുട്ട് ആയിരിക്കും എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. എങ്കിലും ഞാന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചുക്കൊണ്ട് ഇരുന്നു. അവസാനം എന്റെ സുഹൃത്ത് അടൂര്‍ ഗോപാലകൃഷ്ണനാണ് മമ്മൂട്ടിയെ അംബേദ്കര്‍ ആകുവാന്‍ പ്രേരിപ്പിച്ചത്. എനിക്ക് ഒരുപാട് സന്തോഷമുണ്ട് മമ്മൂട്ടി അവസാനം അംബേദ്കര്‍ ആയതില്‍.

അംബേദ്കറിന്റെ മാനസിക സംഘര്‍ഷങ്ങളും, രൂപഭാവങ്ങളും ഉള്‍ക്കൊണ്ട് മമ്മൂട്ടി അംബേദ്കര്‍ ആയി പകര്‍ന്നാടി. മമ്മൂട്ടി അംബേദ്കര്‍ ആയി മാറിയത് ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച വേഷപ്പകര്‍ച്ചയായിരുന്നു.

അംബേദ്കറിന്റെ ചലനങ്ങള്‍ പഠിക്കുവാന്‍ വിഡീയോ ഫുട്ടേജുകള്‍ ഉണ്ടായിരുന്നില്ല. പക്ഷെ എങ്ങനെയാണ് മമ്മൂട്ടി കൃത്യമായി അംബേദ്കര്‍ ആയി മാറിയത്?

അദ്ദേഹം സ്‌ക്രിപ്റ്റ് മനസിലാക്കി പഠിച്ചിരുന്നു. സ്‌ക്രിപ്റ്റുമായ് ബന്ധപ്പെട്ട റിസേര്‍ച്ചുകള്‍ എല്ലാം എന്റെ മനസ്സില്‍ വെക്കുവാന്‍ പറഞ്ഞു ഒരു സംവിധായകന്‍ എന്ന നിലയില്‍. അംബേദ്കറിന്റെ ജീവിതത്തെ സത്യസന്ധമായി ചിത്രീകരിക്കുന്നത്‌കൊണ്ട് തന്നെ മമ്മൂട്ടി സ്‌ക്രിപ്റ്റിനെ വളരെ സത്യസന്ധമായി സമീപിച്ചു.

സിനിമയില്‍ അംബേദ്കര്‍ എങ്ങനെ ആയിരിക്കണം എന്ന് മമ്മൂട്ടിയുടെ മനസ്സിലുണ്ടായിരുന്നു. സ്‌ക്രിപ്റ്റായിരുന്നു സിനിമയുടെ അടിസ്ഥാനമെന്ന് മമ്മൂട്ടിക്ക് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടി സ്‌ക്രിപ്റ്റ് മനസ്സിലാക്കി പഠിച്ച് അംബേദ്കര്‍ ആയി മാറി. അംബേദ്കറിന്റെ മാനസിക സംഘര്‍ഷങ്ങളും, രൂപഭാവങ്ങളും ഉള്‍ക്കൊണ്ട് മമ്മൂട്ടി അംബേദ്കര്‍ ആയി പകര്‍ന്നാടി. മമ്മൂട്ടി അംബേദ്കര്‍ ആയി മാറിയത് ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച വേഷപ്പകര്‍ച്ചയായിരുന്നു.

അംബേദ്കര്‍ അല്ലാതെ മമ്മൂട്ടിയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍?

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത എല്ലാ മമ്മൂട്ടി കഥാപാത്രങ്ങളും പ്രിയപ്പെട്ടതാണ് പ്രത്യേകിച്ച് വിധേയനും മതിലുകളും. മമ്മൂട്ടി ഒരു തികഞ്ഞ അഭിനേതാവാണ്. വന്‍വിജയമായ വാണിജ്യ സിനിമകള്‍ ചെയ്യുന്നതിന്റെ ഒപ്പം എല്ലാവരും ഇഷ്ടപ്പെടുന്ന റൊമാന്റിക് ഇമേജും, ഫാമിലി മാന്‍ ഇമേജും സ്വന്തമാക്കി.

പക്ഷേ എനിക്ക് തോന്നുന്നത് മമ്മൂട്ടി അതിനുമപ്പുറമാണെന്നാണ്. മമ്മൂട്ടി മികവിന്റെ നടനാണ്. ഇന്ത്യയില്‍ ചുരുക്കം ചിലരെ അങ്ങനെയുള്ളു. അംബേദ്കറിന്റെ പ്രിവ്യൂ കണ്ടതിന് ശേഷം ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളായ ദിലീപ് കുമാര്‍ മമ്മൂട്ടിയെ കണ്ട് സംസാരിക്കണം എന്ന് പറഞ്ഞു.

അതിനുശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്, 'നിങ്ങള്‍ ലോകത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ്. അംബേദ്കര്‍ ആയി അഭിനയിക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്, അദ്ദേഹത്തിന്റെ ഇന്റലിജന്‍സ് ഡയലോഗിലൂടെ കൊണ്ട് വരാന്‍ സാധിക്കുമെങ്കിലും ശരീരഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും അംബേദ്കര്‍ ആകുവാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ മമ്മൂട്ടി വളരെ മികച്ചതായി തന്നെ അംബേദ്കറിനെ അവതരിപ്പിച്ചു'.

അംബേദ്കര്‍ മികച്ചതായതിന്റെ എല്ലാ ക്രെഡിറ്റും മമ്മൂട്ടിക്ക് അവകാശപ്പെട്ടതാണ്. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന രൂപപ്പെടുത്തിയ അംബേദ്കറിന്റെ ജീവിതം സിനിമയായപ്പോള്‍ മമ്മൂട്ടി കഥാപാത്രത്തിനോട് പൂര്‍ണമായും നീതി പുലര്‍ത്തി. ഇനിയും അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചചെയ്യുന്ന 5 കഥാപാത്രങ്ങള്‍ ഞങ്ങള്‍ക്ക് തരു മമ്മൂട്ടി.

Related Stories

No stories found.
logo
The Cue
www.thecue.in