സമൂഹത്തോട് സത്യം ബോധിപ്പിക്കേണ്ട ബാധ്യത ഏഷ്യാനെറ്റിനുണ്ട്; ധാർമ്മിക ഉത്തരവാദിത്തം എഡിറ്ററുടേത് കൂടിയാണ്

സമൂഹത്തോട് സത്യം ബോധിപ്പിക്കേണ്ട ബാധ്യത ഏഷ്യാനെറ്റിനുണ്ട്; ധാർമ്മിക ഉത്തരവാദിത്തം എഡിറ്ററുടേത് കൂടിയാണ്
Summary

ലഹരി ഉപയോ​ഗത്തിനെതിരായ അന്വേഷണ പരമ്പരയിൽ പ്രായപൂർത്തിയായ പെൺകുട്ടിയെ ഉൾപ്പെടുത്തി വ്യാജ വീഡിയോ നിർമ്മിച്ചെന്ന വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസ് മുൻ എക്സിക്യൂട്ടീവ് എഡിറ്ററും, ദ ഐഡം ചീഫ് എഡിറ്ററുമായ സി.എൽ തോമസ് സംസാരിക്കുന്നു.

വ്യാജവാർത്ത വിവാദത്തിൽ പൂർണ്ണ ഉത്തരവാദിത്തം റിപ്പോർട്ടറുടെ മേലിട്ട് കൈകഴുകാൻ ഏഷ്യാനെറ്റിന് കഴിയില്ല. റേറ്റിം​ഗിന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ റേറ്റിം​ഗ് കൂട്ടാനുള്ള സമ്മർദ്ദം സ്ഥാപനങ്ങൾ റിപ്പോർട്ടർമാരിലേക്ക് അടിച്ചേൽപ്പിക്കുമ്പോഴാണ് ഇത്തരം അധാർമ്മിക പ്രവർത്തനങ്ങളിലേക്ക് റിപ്പോർട്ടർമാർ പോകുന്നത്. അപ്പോൾ ഇത്തരം വ്യാജ വാർത്തകളിൽ മീഡിയ ഹൗസുകൾക്ക് കൂടി ഉത്തരവാദിത്തമുണ്ട്.

എഡിറ്റർക്കും സ്ഥാപനത്തിനും പങ്കുണ്ട്

ലഹരി ഉപയോ​ഗത്തിനെതിരായ അന്വേഷണ പരമ്പരയിൽ വ്യാജമായി വീഡിയോ നിർമ്മിക്കാൻ തീരുമാനിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ഒരിക്കലും മാധ്യമ പ്രവർത്തകനാകാൻ യോ​ഗ്യനല്ല എന്നാണ് എന്റെ അഭിപ്രായം. എന്നാൽ‌ അവിടംകൊണ്ട് ഈ പ്രശ്നം തീരുന്നില്ല. ഈ വിഷയത്തിലെ പൂർണ്ണ ഉത്തരവാദിത്തം റിപ്പോർട്ടറുടെ മേലിട്ട് കൈകഴുകാൻ ഏഷ്യാനെറ്റ് ന്യൂസിന് കഴിയില്ല.

ചാനലുകളെ സംബന്ധിച്ചടുത്തോളം പരസ്യവരുമാനം ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെ റേറ്റിം​ഗിന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ റേറ്റിം​ഗ് കൂട്ടാനുള്ള സമ്മർദ്ദം സ്ഥാപനങ്ങൾ റിപ്പോർട്ടർമാരിലേക്ക് അടിച്ചേൽപ്പിക്കുമ്പോഴാണ് ഇത്തരം അധാർമ്മിക പ്രവർത്തനങ്ങളിലേക്ക് റിപ്പോർട്ടർമാർ പോകുന്നത്. മറച്ചുവെക്കപ്പെട്ടിരിക്കുന്ന സത്യമായ വാർത്തകൾ റിപ്പോർട്ട് ചെയ്യലാണ് റിപ്പോർട്ടർമാരുടെ പണി. അല്ലാതെ വാർത്തകൾക്ക് സംഭവങ്ങൾ ഉണ്ടാക്കുന്നത് ജേർണലിസമല്ല. അപ്പോൾ ഇത്തരം വ്യാജ വാർത്തകളിൽ മീഡിയ ഹൗസുകൾക്ക് കൂടി ഉത്തരവാദിത്തമുണ്ട്.

ജേർണലിസത്തിൽ എഡിറ്റർമാർ അപ്രസക്തമാകുന്ന കാലമെന്ന വാദമൊക്കെ ഉണ്ടെങ്കിലും എഡിറ്ററുടെ സാന്നിധ്യമുള്ള വാർത്താ മാധ്യമങ്ങളിലാണ് എന്റെ വിശ്വാസം. അതുകൊണ്ട് എഡിറ്റോറിയൽ പോളിസിയുള്ള ഒരു സ്ഥാപനത്തിന് സംഭവിച്ചുപോയ ഇത്രയും വലിയ തെറ്റിൽ റിപ്പോർട്ടറെ മാത്രം കുറ്റം പറയാൻ കഴിയില്ല. വിഷയത്തിൽ ധാർമ്മികമായ ഉത്തരവാദിത്തം എഡിറ്റർക്ക് കൂടിയുണ്ട്.

വാർത്തകളിൽ പിഴവ് സംഭവിച്ചതിന്റെ പേരിൽ കേരളത്തിൽ എത്രയോ ജേർണലിസ്റ്റുകൾ രാജിവെച്ചു പോയ ചരിത്രമുണ്ട്. അപ്പോഴാണ് ഇത്തരത്തിൽ വ്യാജവാർത്ത കെട്ടിച്ചമക്കുന്നത്. പ്രേക്ഷകരെ കബളിപ്പിക്കുക കൂടിയാണ് ഈ റിപ്പോർ‌ട്ടിലൂടെ അവർ ചെയ്തത്. റിപ്പോർട്ടർ നൽകിയ വാർത്തയുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് എഡിറ്ററുടെ ഉത്തരവാദിത്തമാണ്.

സംഘടിത അതിക്രമമല്ല പ്രതിഷേധം

വ്യാജവാർത്ത നൽകി സമൂഹത്തെയാകെ കബളിപ്പിക്കാൻ ശ്രമിച്ച നടപടിയിൽ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. എന്നാൽ സംഘടിതമായി അതിക്രമിച്ച് കയറുകയല്ല അതിന് ചെയ്യേണ്ടത്. ജനാധിപത്യ സമൂഹത്തിൽ നിയമപരമായ വഴികൾ തേടുകയാണ് പ്രശ്നങ്ങൾക്കുള്ള പ്രതിവിധി. ഏഷ്യാനെറ്റിന്റെ ഓഫീസിലേക്ക് അതിക്രമിച്ച് കയറാനുള്ള അവകാശം ആർക്കുമില്ല. കുറച്ചുകൂടി വിശാലമായ ജനാധിപത്യ ബോധം എല്ലാവർക്കും ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ട് ഓഫീസിൽ അതിക്രമിച്ച് കയറിയ എസ്.എഫ്.ഐ നേതാക്കൾക്കെതിരെയും കൃത്യമായ നിയമനടപടി കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണം.

അലി അക്ബർ ഷായോട് സംസാരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസിനെതിരായ വ്യാജവാർത്താ വിവാദം: മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്

പി.വി. അൻവർ എം.എൽ.എയുടെ ചോദ്യം

മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്ത 'നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സ് എന്ന റോവിംഗ് റിപ്പോർട്ടർ പരമ്പര ശ്രദ്ധയിൽപ്പെട്ടിരുന്നോ? ഈ പരമ്പരയിലെ ഏതെങ്കിലും വാർത്തകളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിൽ ഏതെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ,?

മുഖ്യമന്ത്രിയുടെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ചാനൽ 10.11.2022 തീയതി സംപ്രേഷണം ചെയ്തു "നർക്കോട്ടിക്ക് ഈസ് എ ഡേർട്ടി ബിസിനസ്സ്' എന്ന റോവിംഗ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ ഇൻറർവ്യൂവിൽ 14 വയസ്സുള്ള പെൺകുട്ടിയുടേതായി ചിത്രീകരിച്ചിരിക്കുന്ന അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് ഇത്തരത്തിൽ വ്യാജവാർത്ത ചമച്ച് പ്രചരിപ്പിച്ചവർക്കെതിരെ പോക്സോ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ട്. പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി വരുന്നു.

രണ്ടാം ചോദ്യം

2022 നവംബർ 10-ന് പരമ്പരയുടെ ഭാഗമായി സംപ്രേഷണം ചെയ്തു വാർത്താ റിപ്പോർട്ടിൽ യൂണിഫോം ധരിച്ച സ്കൂൾ വിദ്യാർത്ഥിനിയെ അവതാരകൻ ഇന്റർവ്യൂ ചെയ്യുമ്പോൾ സഹപാഠികൾ സെക്ഷ്വലി അബ്യൂസ് ചെയ്യാറുണ്ടെന്നും "മോർ മാൻ 10 ​ഗേൾസ് ആർ ട്രാപ്പ്ഡ് ലൈക്ക് ദിസ് "എന്നും സ്കൂൾ വിദ്യാർത്ഥിനി പറഞ്ഞത് പരിശോധിച്ചിട്ടുണ്ടോ;? മേൽ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് അന്വേഷണം നടത്തുകയോ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടുണ്ടോ, വിശദമാക്കാമോ;?

മുഖ്യമന്ത്രിയുടെ മറുപടി

പരിശോധിച്ചിട്ടുണ്ട്, മേൽ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പോലീസ് ജില്ലയിൽ അന്വേഷണം നടത്തിയിട്ടുണ്ട്. പ്രസ്തുത വിദ്യാർത്ഥിനി പഠിക്കുന്ന സ്കൂളിലെ കുട്ടികളെയും ഈ വിദ്യാർത്ഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് സംസാരിച്ചതിലും സ്കൂൾ അധികൃതരോടും മറ്റും അന്വേഷിച്ചതിലും വിദ്യാർത്ഥിനി പറഞ്ഞതുപോലെ മറ്റ് കുട്ടികൾ പീഡനത്തിന് ഇരയായതായി അറിവായിട്ടില്ല. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ സഹപാഠി പീഡിപ്പിച്ച കാര്യത്തിൽ വിദ്യാർത്ഥിനിയുടെ അച്ഛന്റെ പരാതി പ്രകാരം 28.07.2022-ൽ കണ്ണൂർ ടൗൺ പോലീസ് POSCO ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ബഹു. പ്രിൻസിപ്പൽ മജിസ്ട്രേറ്റ് തൂവൽ ജസ്റ്റിസ് ബോർഡ് തലശ്ശേരി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ചോദ്യം മൂന്ന്

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ ആയതിനാൽ സംഭവത്തിൽ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താവുന്നതാണോ.. വ്യക്തമാക്കാമോ..?

ഈ കാര്യത്തിൽ രേഖാ മൂലം പരാതി ലഭിച്ചാൽ അന്വേഷണത്തിന് ഉത്തരവിടുമോ വ്യക്തമാക്കാമോ.?

മുഖ്യമന്ത്രിയുടെ മറുപടി

പ്രായപൂർത്തിയാകാത്ത വിദ്യർത്ഥിനിയുടെ വെളിപ്പെടുത്തൽ ആയതിനാൽ സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത്

പോലീസിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താവുന്നതാണ്. നിലവിൽ കുട്ടിയുടെ അച്ഛന്റെ രേഖാമൂലമുള്ള പരാതി ലഭിച്ചത് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതാണ്.

ചോദ്യം നാല്

കുറ്റകൃത്യങ്ങളെ കുറിച്ച് തെളിവോടുകൂടിയ അറിവു ലഭിച്ചാലും പ്രായപൂർത്തിയാകാത്ത പെൺ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് ഇരയായ പെൺകുട്ടി തന്നെ വെളിപ്പെടുത്തിയാലും ഇക്കാര്യം പോലീസിൽ അറിയിക്കാതിരിക്കുന്നത് പോക്സോ വകുപ്പ് പ്രകാരം കുറ്റകരമാണോ; എങ്കിൽ ഏത് വകുപ്പാണ് ഈ കാര്യത്തിൽ ബാധകമാവുക എന്നും അറിയിക്കാമോ?

മുഖ്യമന്ത്രിയുടെ മറുപടി

കുറ്റകൃത്യങ്ങളെ കുറിച്ച് തെളിവോടുകൂടിയ അറിവ് ലഭിച്ചാലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് ഇരയായ പെൺകുട്ടി തന്നെ വെളിപ്പെടുത്തിയാലും ഇക്കാര്യം പോലീസിൽ അറിയിക്കാതിരിക്കുന്നത് പോക്സോ ആക്ട് 21/R/W/19 പ്രകാരം കുറ്റകരമാണ്.

ഏഷ്യാനെറ്റ് ന്യൂസ് നൽകുന്ന വിശദീകരണം

Related Stories

No stories found.
logo
The Cue
www.thecue.in