ആം ആദ്മിക്ക് കേരളത്തില്‍ വലിയ സാധ്യത-കേരള കണ്‍വീനര്‍ പി.സി സിറിയക്ക് അഭിമുഖം

ആം ആദ്മിക്ക് കേരളത്തില്‍ വലിയ സാധ്യത-കേരള കണ്‍വീനര്‍ പി.സി സിറിയക്ക് അഭിമുഖം
Q

പഞ്ചാബിന് ശേഷം കേരളമാണ്‌ ആം ആദ്മിയുടെ ലക്ഷ്യം എന്ന് പറയുന്നു. ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ സാധ്യതകളുണ്ടോ?

A

ആം ആദ്മി പാര്‍ട്ടിക്ക് ഒരുപാട് സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. പഞ്ചാബിലേതിന് സമാനമായ ഒരുപാട് കാര്യങ്ങള്‍ കേരളത്തിലുമുണ്ട്. ഉദാഹരണത്തിന്, പഞ്ചാബില്‍ രണ്ട് പാര്‍ട്ടികള്‍ 40 കൊല്ലം മാറി മാറി ഭരിച്ചു. അകാലിദളും കോണ്‍ഗ്രസും മാറി മാറി ഭരിച്ചതിന്റെ ഭാഗമായി പഞ്ചാബിന് അധഃപതനം സംഭവിച്ചു. ഇതുപോലെ കേരളവും രണ്ട് പാര്‍ട്ടികളാണ് ഭരിക്കുന്നത്. യു.ഡി.എഫും എല്‍.ഡി.എഫും അമ്പത് കൊല്ലം മാറി ഭരിച്ചത് കേരളത്തിനും അപചയം ഉണ്ടാക്കി. 1980ല്‍ പഞ്ചാബായിരുന്നു പെര്‍കാപിറ്റ ഇന്‍കത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. പിന്നെ അവര്‍ പിറകോട്ട് പോയി. മയക്കുമരുന്ന്, കള്ളക്കടത്ത്, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പഞ്ചാബില്‍ ഒരുപാടുണ്ടായി. കാര്‍ഷിക മേഖലയില്‍ മിനിമം സപ്പോര്‍ട്ട് പ്രൈസ് ഉള്ളത് കൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടായില്ല. കേരളത്തില്‍ എല്ലാ മേഖലകളിലും തകര്‍ച്ചയാണ്. കൃഷി, വ്യവസായം, തൊഴില്‍ എന്നീ മേഖലകളൊക്കെ എടുത്ത് നോക്കിയാല്‍ അത് വ്യക്തമാണ്. ചെറുപ്പക്കാര്‍ക്ക് തൊഴിലില്ല. വിദ്യാഭ്യാസ നിലവാരം വളരെ മോശമാണ്. ഉന്നതവിദ്യാഭ്യാസത്തിനായി എല്ലാവരും പുറത്തോട്ട് പോകാന്‍ നോക്കുകയാണ്. മയക്കുമരുന്നും, കള്ളക്കടത്തും ഇവിടെ ഇഷ്ടം പോലെയുണ്ട്. ചുരുക്കത്തില്‍ പഞ്ചാബിലെ പോലെ അധഃപതനം കേരളവും നേരിടുന്നു. മൂന്നാമതൊരു ബദല്‍ ഇല്ലാത്തത് കൊണ്ടാണ് ജനങ്ങള്‍ ഇവരെ മാറി മാറി പരീക്ഷിക്കുന്നത്. മൂന്നാമതൊരു ബദലായി ആം ആദ്മി പാര്‍ട്ടിക്ക് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റിയാല്‍ ഉടനെ തന്നെ മാറ്റം സംഭവിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഞങ്ങള്‍ അതിനുള്ള ശ്രമത്തിലാണ്. ഇനിയും ഒരുപാട് വര്‍ക്ക് ചെയ്യേണ്ടതുണ്ട്. കേരളത്തിലെ ജനങ്ങള്‍ മഠയന്‍മാരല്ല. അവരെ ബോധ്യപ്പെടുത്തണം. ശക്തിയും ആത്മാര്‍ത്ഥതയുമുള്ള പാര്‍ട്ടിയാണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കേണ്ടിയിരിക്കുന്നു. കഠിനാധ്വാനം ചെയ്താല്‍ ഫലം കിട്ടും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

Q

എന്തുകൊണ്ടാണ് കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഇതുവരെ സ്വീകാര്യത കിട്ടാത്തത്?

A

പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് ജനങ്ങളുടെ പിന്തുണ കിട്ടാതിരുന്നത്. ഈ പാര്‍ട്ടിക്കകത്തുള്ളവര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് പ്രവര്‍ത്തിച്ചില്ല. അതെല്ലാം മാറണം. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണം. ശരിയായ സമയം വരുമ്പോള്‍ എല്ലാം ഒത്തുവരും. കാര്യങ്ങള്‍ നടക്കും.

Q

ഡല്‍ഹിയിലും പഞ്ചാബിലും ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തിട്ടാണല്ലോ ആം ആദ്മി പാര്‍ട്ടിയെ ജനങ്ങള്‍ പിന്തുണച്ചതും അധികാരത്തിലെത്തിയതും. കേരളത്തില്‍ അത്തരം വിഷയങ്ങളൊന്നും ഏറ്റെടുക്കുന്നതായി കാണുന്നില്ലല്ലോ. ചാനല്‍ ചര്‍ച്ചകളില്‍ മാത്രമാണ് നേതാക്കളെ കാണുന്നത്?

A

ചാനല്‍ ചര്‍ച്ചകളിലെങ്കിലും ഞങ്ങളെ കാണാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്. ഇത്രയും നാളും ചാനല്‍ ചര്‍ച്ചകളില്‍ ഞങ്ങളെ അവഗണിക്കുകയായിരുന്നു. ജനകീയ വിഷയങ്ങള്‍ ഞങ്ങള്‍ ഏറ്റെടുത്ത് തുടങ്ങിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും നടത്തുന്നത് പോലെ അക്രമ സമരത്തിലല്ല ആം ആദ്മി പാര്‍ട്ടി വിശ്വസിക്കുന്നത്. സമാധാനപരമായി പ്രശ്‌നങ്ങള്‍ പഠിച്ച് അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുന്നു. ഉദാഹരണത്തിന്, കെ റെയില്‍ പദ്ധതിയെ എല്ലാവരും എതിര്‍ക്കുകയാണ്. പകരം റോഡ് മതിയെന്നാണ് അവര്‍ മുന്നോട്ട് വെയ്ക്കുന്നത്. ഞങ്ങള്‍ പറയുന്നത് അത് ശരിയല്ലെന്നാണ്. കേരളത്തില്‍ മൊബിലിറ്റിയുടെ ചാലക ശക്തിയായി നില്‍ക്കേണ്ടത് റോഡല്ല, റെയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ഞങ്ങള്‍ ശരിവെക്കുന്നു. റെയില്‍ വികസിക്കണം. അതിനായി അദ്ദേഹം മുന്നോട്ട് വെച്ച കെ റെയില്‍ എന്ന പദ്ധതി ശരിയല്ല. ആ പദ്ധതി കൊണ്ട് പ്രയോജനമില്ല. തിരുവനന്തപുരം- മംഗലാപുരം റെയില്‍ പാത ശക്തമാക്കണമെന്നാണ് ഞങ്ങളുടെ നിര്‍ദേശം. പാത ഇരട്ടിപ്പിക്കല്‍ അവസാന ഘട്ടത്തിലാണ്. സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്തുകയും വളവുകള്‍ നേരയാക്കുകയും ചെയ്താല്‍ പ്രശ്‌നത്തിന് പരിഹാരമാകും. കെ റെയിലിനായി പറയുന്ന ചിലവിന്റെ പത്തിലൊന്ന് തുക ഉപയോഗിച്ച് രണ്ട് വര്‍ഷം കൊണ്ട് പദ്ധതി നടപ്പിലാക്കാം. കേരളത്തില്‍ ഓടുന്ന 75 ട്രെയിനുകളും അതിവേഗ ട്രെയിനുകളായി മാറ്റാന്‍ ഇതിലൂടെ കഴിയും. ക്രിയാത്മകമായ പരിഹാരങ്ങള്‍ നിര്‍ദേശിച്ച് കൊണ്ടാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. അത് അന്തമായ എതിര്‍പ്പല്ല. അതാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രത്യേകത. ഏത് വിഷയത്തിലും പരിഹാര മാര്‍ഗ്ഗം പഠിച്ച് നിര്‍ദേശിക്കും.

Q

നേരത്തെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സാറാ ജോസഫ്, എം.എന്‍ കാരശ്ശേരി, സി.ആര്‍ നീലകണ്ഠന്‍ എന്നിവരെല്ലാം ഉണ്ടായിരുന്നല്ലോ. പിന്നീട് അവര്‍ പാര്‍ട്ടി വിട്ടു. കേരളത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി അവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടോ?

A

അരെല്ലാം നേതൃത്വത്തിലുണ്ടായിരുന്ന സമയത്ത് ഞാന്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് പുറത്ത് പോയതെന്ന് എനിക്ക് പറയാന്‍ കഴിയില്ല. അവരെല്ലാം ശരിയായ സമയത്ത് പാര്‍ട്ടിയിലേക്ക് തിരിച്ചുവരും. പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടായിരുന്നു. അച്ചടക്കത്തിന്റെ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴും അതൊക്കെ കുറച്ചുണ്ട്. പാര്‍ട്ടി മുന്നോട്ട് പോകണമെങ്കില്‍ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കണം. അതിനായി ശക്തമായ നിലപാട് ഞങ്ങള്‍ സ്വീകരിക്കും.

Q

അവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നോ

A

ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. അച്ചടക്കമൊക്കെ വരട്ടെ. അവരെല്ലാം തിരിച്ചെത്തും.

Q

ഉയര്‍ത്തുന്ന മുദ്രാവക്യങ്ങള്‍ പോലെ തന്നെ പ്രധാനമാണല്ലോ നയിക്കാന്‍ ശക്തമായ നേതൃത്വമെന്നത്. കേരളത്തില്‍ അത്തരമൊരു നേതൃനിരയില്ല. ഇടതു-വലത് മുന്നണികളിലെ പാര്‍ട്ടികളുടെ നേതാക്കളെ ആം ആദ്മിയിലേക്ക് കൊണ്ടുവരാന്‍ ആലോചനയുണ്ടോ

A

ഇല്ല. അംഗത്വ വികസന ക്യാപെയിന്‍ നടക്കുകയാണ്. കൂടുതല്‍ ആളുകള്‍ ഇതിലൂടെ പാര്‍ട്ടിയിലെത്തും. അതില്‍ നിന്നും നേതാക്കളെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കും. അല്ലാതെ മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ആം ആദ്മിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കില്ല.

Q

അഴിമതിയാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന മുദ്രാവാക്യം. കേരളത്തില്‍ ആ മുദ്രാവാക്യത്തിന് എത്രത്തോളം സാധ്യതയുണ്ട്?

A

കേരളത്തിലും ഒരുപാട് അഴിമതികളുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരുകാര്യം നടക്കണമെങ്കില്‍ അത്ര എളുപ്പമല്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ അഴിമതിയെന്നാണ് ഒന്നാമത്തെ ഉത്തരം. കുറെ പേര്‍ മനഃപൂര്‍വ്വം ജോലി ചെയ്യാതിരിക്കുന്നു. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയുണ്ട്. നടപടി ക്രമങ്ങള്‍ ലഘൂകരിക്കണം. സിസ്റ്റത്തെക്കുറിച്ച് പഠിച്ച് മാറ്റങ്ങള്‍ കൊണ്ടുവരണം. സിസ്റ്റം മെച്ചപ്പെടുമ്പോള്‍ കാര്യങ്ങളെല്ലാം സുഗമമാകും. സര്‍ക്കാര്‍ ഓഫീസുകളിലെ വര്‍ക്കുകള്‍ക്ക് വേഗത വരികയും ജനങ്ങളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കപ്പെടുകയും ചെയ്യും.

Q

ബി.ജെ.പി നിയമസഭ-ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ വര്‍ഷങ്ങളായി കേരളത്തില്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ തവണ നിയമസഭയില്‍ ഒരു സീറ്റ് കിട്ടിയെങ്കിലും ഇത്തവണ അതും നഷ്ടപ്പെട്ടു. ഇടതും വലതും മാത്രമാണ് ജയിക്കുന്നത്. മറ്റൊരു കക്ഷിക്ക് ഇവിടെ ജനങ്ങളുടെ അംഗീകാരം കിട്ടുക എളുപ്പമാണോ?

A

ബി.ജെ.പിയുടെ മത വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കലാണ് ജനങ്ങളെ അകറ്റുന്നത്. വിഭാഗീയത സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. കേരളത്തിലെ ജനങ്ങള്‍ അഴിമതിയെയും എല്ലാ കാര്യങ്ങളിലും അധഃപതനം വരുന്നത് മാറ്റാനും ആഗ്രഹിക്കുന്നു. അതേ സമയം ബി.ജെ.പിയെയും ഇഷ്ടപ്പെടുന്നില്ല. ആം ആദ്മി പാര്‍ട്ടി വിഭാഗീയ ചിന്തകളില്ലാത്ത പാര്‍ട്ടിയാണ്. മതേതര തത്വങ്ങളില്‍ വിശ്വസിച്ച്, എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന നിലപാട് സ്വീകരിക്കുന്നു. സത്യസന്ധമായും ആത്മാര്‍ത്ഥമായും പ്രശ്‌നങ്ങളെ സമീപിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ തീര്‍ച്ചയായും ആകര്‍ഷിക്കപ്പെടും. വോട്ട് ചെയ്യും.

Q

ആം ആദ്മി പാര്‍ട്ടി ബി.ജെ.പിയുടെ ബി ടീമാണെന്ന് വിമര്‍ശനമുണ്ടല്ലോ. ഹൈന്ദവ വോട്ടുകള്‍ ലക്ഷ്യമിട്ട് വിശ്വാസത്തെ കൂട്ടുപിടിക്കുന്നുവെന്നുവെന്ന്. അങ്ങനെയൊരു പാര്‍ട്ടി എങ്ങനെയാണ് ബി.ജെ.പിയെ എതിര്‍ക്കുക. കൂടാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ആം ആദ്മി പിടിക്കുന്നതെന്ന വിമര്‍ശനവുമുണ്ടല്ലോ?

A

അതൊക്കെ വെറുതെ പറയുന്നതാണ്. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ മൂന്ന് തവണ കോണ്‍ഗ്രസുകാര്‍ അധികാരത്തിലുണ്ടായിരുന്നു. ബി.ജെ.പിയും ഭരിച്ചു. ആം ആദ്മിക്ക് 27 സീറ്റ് കിട്ടിയ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായിരുന്നു കൂടുതല്‍ സീറ്റുകള്‍. കോണ്‍ഗ്രസ് പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരിച്ചു. 49 ദിവസത്തെ ഭരണം കഴിഞ്ഞ് രാജിവെച്ച് ഇറങ്ങി. പിന്നീടെല്ലാം ചരിത്രമാണ്. കോണ്‍ഗ്രസിനെയല്ല ഡല്‍ഹിയില്‍ അധികാരത്തില്‍ നിന്നും മാറ്റിയത്, ബി.ജെ.പിയെയാണ്. പഞ്ചാബിലും ആം ആദ്മി കയറി. ഗുജാറാത്തില്‍ നോക്കിക്കോളൂ ബി.ജെ.പിക്കെതിരെയായിരിക്കും പ്രവര്‍ത്തിക്കുക. മോദിക്കെതിരെ കെജ്‌റിവാള്‍പോയി മത്സരിച്ചത്. അതുകൊണ്ട് ബി ടീം എന്നൊന്നും പറയരുത്. ആ വിചാരമൊന്നും ശരിയല്ല. കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരെ നില്‍ക്കുന്നുവെന്നതാണ് സത്യം.

Q

2016ല്‍ എന്‍.ഡി.എയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു കോതമംഗലത്ത് മത്സരിച്ചത്. ഇത് രാഷ്ട്രീയമായി ശരിയായ തീരുമാനമായിരുന്നോ?

A

ബി.ജെ.പി ചിഹ്നത്തില്ലല്ലോ മത്സരിച്ചത്. കര്‍ഷക സംഘടനയുടെ ഭാരവാഹി എന്ന നിലയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് തെരഞ്ഞെടുപ്പില്‍ നിന്നത്. ഇന്നും ഞാനതിന്റെ പ്രസിഡന്റാണ്. ബി.ജെ.പിക്ക് വേറെ സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ സ്വതന്ത്രനായ എന്നെ പിന്തുണച്ചു. നിരുപാധിക പിന്തുണ ആരെങ്കിലും വാഗ്ദാനം ചെയ്താല്‍ നിഷേധിക്കാന്‍ കഴിയില്ല. അങ്ങനെയാണ് ബി.ജെ.പിയുടെ പിന്തുണ സ്വീകരിച്ചത്. അന്നത്തെ സാഹചര്യത്തില്‍ അത് ശരിയായിരുന്നു. തെറ്റായി പോയെന്ന് കരുതുന്നില്ല. അതിലൂടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അന്ന് കരുതി. അത് നടന്നില്ല.

Q

കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുത്ത് പ്രവര്‍ത്തിച്ച താങ്കള്‍ പിന്നീട് ആം ആദ്മി പാര്‍ട്ടിയിലേക്ക് എത്തിയത് എങ്ങനെയാണ്?

A

അഴിമതിയില്ലാത്ത നല്ല ഭരണം എന്ന ആം ആദ്മിയുടെ മുദ്രാവാക്യമാണ് ഇതിലേക്ക് എത്താന്‍ കാരണം. 1957ല്‍ ഇ.എം.എസ് മുന്നോട്ട് വെച്ച മുദ്രാവാക്യമാണത്. ആ നല്ല ഭരണം കാഴ്ചവെക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ കഴിഞ്ഞിട്ടുണ്ട്.

Q

ഇടതുസര്‍ക്കാരിനെ എങ്ങനെ വിലയിരുത്തുന്നു?

A

വളരെ മോശം ഭരണമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. കെ റെയില്‍ പദ്ധതി, അഴിമതി, ക്രമസമാധാന പ്രശ്‌നങ്ങള്‍, മയക്കുമരുന്ന് എന്നിവയെല്ലാം തന്നെ. ഞങ്ങള്‍ ഇതിനെല്ലാം എതിരാണ്.

Q

ഏതെല്ലാം മേഖലകളില്‍ അഴിമതിയുണ്ടെന്ന് കൃത്യമായി പറയാന്‍ ആം ആദ്മി പാര്‍ട്ടിക്ക് ഇപ്പോള്‍ കഴിയുമോ?

A

ഒരുപാട് കാര്യങ്ങളിലുണ്ട്. അതെല്ലാം പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് നേരമാകും. അവരുടെ പല പദ്ധതികളുടെയും പിന്നില്‍ ഒരുപാട് അഴിമതി ആരോപണങ്ങള്‍ പൊന്തിവരുന്നുണ്ട്. അതൊല്ലം ശരിയാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. കാരണം സുതാര്യതയില്ല. കെ റെയിലിന്റെ കാര്യത്തിലൊക്കെ സുതാര്യതയുണ്ടായിരുന്നെങ്കില്‍ ചര്‍ച്ചകള്‍ നടത്തുമായിരുന്നു. അതില്ലല്ലോ.